Saturday, February 28, 2009

ലോക്സഭാ തെരഞ്ഞെടുപ്പ്‌: കത്തോലിക്കരുടെ നിലപാട്‌ സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്ന്‌ കെ.സി.ബി.സി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സമുദായത്തിന്റെ നിലപാട്‌ സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്നു കെ.സി.ബി.സി. ഇന്നലെ പി.ഒ. സി.യില്‍ ചേര്‍ന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഏകദിന സമ്മേളനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ്‌ കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ തീരുമാനങ്ങള്‍ അറിയിച്ചത്‌.സംസ്ഥാന -കേന്ദ്ര തെരഞ്ഞെടുപ്പുകളെക്കുറിച്ച്‌ വിശ്വാസികളെയും കേരള സമൂഹത്തെയും ബോധവത്ക്കരിക്കാന്‍ കത്തോലിക്കാ സഭയ്ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. പൊതുവായി കത്തോലിക്കാ സഭ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച്‌ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി മാര്‍ഗരേഖ തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ്‌ തീരുമാനമെന്നും സഭയ്ക്ക്‌ കക്ഷിരാഷ്ട്രീയമില്ലെന്നും ധാര്‍മികതയിലൂന്നിയ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും കെസിബിസി വ്യക്തമാക്കി. നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ കത്തോലിക്കാ സഭയ്ക്ക്‌ സ്വീകാര്യമല്ല. രണ്ടു മക്കളില്‍ കൂടുതലുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുക, ദയാവധം അനുവദിക്കുക, ആത്മഹത്യ കുറ്റകരമല്ലാതാക്കുക, സഭാ സ്വത്തുക്കള്‍ക്ക്‌ ട്രസ്റ്റ്‌ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍, ക്രിസ്തീയ ദത്ത്‌, വിവാഹ നിയമം എന്നിവ കെസിബിസിക്ക്‌ അംഗീകരിക്കാനാവില്ല. സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകളെ കുറിച്ച്‌ മാര്‍ച്ച്‌ 21-ന്‌ രൂപതകളിലെ കാനോന്‍ നിയമ, നിയമ പണ്ഡിതന്‍മാരുടെ യോഗം വിളിച്ചു ചര്‍ച്ച നടത്തും. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയിലെ ഹ്യൂമാനിറ്റീസ്‌ പേപ്പറിലെ രണ്ടു ചോദ്യങ്ങള്‍ സഭയെ അധിക്ഷേപിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ മന:പൂര്‍വം തയാറാക്കിയതാണെന്ന്‌ വിലയിരുത്തിയ കെസിബിസി ഇക്കാര്യത്തില്‍ പ്രതിഷേധം വ്യക്തമാക്കി. പാഠപുസ്തക പരിഷ്കരണ ത്തിലൂടെ ഈശ്വര വിശ്വാസികള്‍ക്കെതിരേ ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങിവച്ച നീക്കത്തിന്റെ തുടര്‍ച്ചയാണിതെന്നു കെസിബിസി പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാനും കെസിബിസി തീരുമാനിച്ചു. മെറിറ്റടിസ്ഥാനത്തിലും സുതാര്യമായും പാവപ്പെട്ടവര്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ നല്‍കിയും നടത്തുന്ന ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍, കുട്ടികളുടെ പരീക്ഷ, പ്രമോഷന്‍, പുതിയ കോഴ്സുകള്‍ എന്നിവ തടയാന്‍ ചില യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ശ്രമങ്ങള്‍ നിര്‍ത്തണമെന്നു മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പിഎസ്സി നിയമനത്തില്‍ ക്രൈസ്തവര്‍ക്ക്‌ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. നിയമനങ്ങളിലെ പ്രാതിനിധ്യം, സാമൂഹ്യവശങ്ങള്‍ എന്നിവയെക്കുറിച്ച്‌ ശാസ്ത്രീയമായി പഠിക്കാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്ക്കലിനെ ചുമതലപ്പെടുത്തിയതായി കെ.സി. ബി.സി വ്യക്തമാക്കി. നാടാര്‍ സമുദായത്തിനും അവരുടെ ഉന്നമനത്തിനനുസൃതമായ സംവരണം നല്‍കണം. കെസിബിസി ജീസസ്‌ ഫ്രട്ടേര്‍ണിറ്റി സംസ്ഥാന ഡയറക്ടറായി എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ.സെബാസ്റ്റ്യന്‍ തേക്കാനത്തിനെ നിയമിച്ചു. കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ.)യുടെ പുനഃസംഘടന യെക്കുറിച്ചാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്തത്‌. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സിബിസിഐയെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ലത്തീന്‍, സീറോ മലബാര്‍, മലങ്കര എന്നീ വ്യക്തിഗത സഭകള്‍ക്ക്‌ അതീതമായ അജപാലന ശുശ്രൂഷകളില്‍ മാത്രം ദേശീയ, പ്രാദേശിക മെത്രാന്‍ സമിതികള്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന്‌ നിര്‍ദേശം വന്നതു പ്രകാരമാണ്‌ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പുനഃസംഘടിപ്പിക്കുന്നത്‌. കേരള കത്തോലിക്കാസഭയിലെ മുപ്പത്തിമൂന്ന്‌ മെത്രാന്മാര്‍ പങ്കെടുത്തു.

Friday, February 27, 2009

ആഹാരത്തോടൊപ്പം മദ്യം കഴിക്കണമെന്ന ഉപദേശം നാശത്തിന്‌: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

ആഹാരത്തോടൊപ്പം മദ്യവും കഴിക്കണമെന്ന ആഭാസപരമായ രാഷ്ട്രീയ ഉപദേശം സമൂഹത്തെ നാശത്തിലേക്ക്‌ നയിക്കുമെന്ന്‌ മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌.ഇന്നലെ കേരള മദ്യനിരോധന സമിതി നടത്തിയ നിയമസഭ മാര്‍ച്ച്‌ പാളയം രക്തസാക്ഷി മണ്ഡ പത്തിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശത്ത്‌ മദ്യഷാപ്പ്‌ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അവകാശം പുന:സ്ഥാപിക്കണമെന്ന ആവശ്യത്തോട്‌ അധികാരികള്‍ അവഗണന കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

Thursday, February 26, 2009

മലയോര ഹൈവ്‌: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം- മാര്‍ ജോര്‍ജ്‌ വലിയമറ്റം

മലയോര ജനതയുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ പണി തുടര്‍ന്നു നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്‌ തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. ഇതിനായി ബജറ്റില്‍ 40 കോടി രൂപ വകയിരുത്തിയത്‌ മലയോര ജനതയ്ക്ക്‌ നേട്ടമാണ്‌.മലയോര ഹൈവേയെന്നത്‌ ഇനിയും പ്രഖ്യാപനങ്ങളിലൊതുങ്ങാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇച്ഛാശക്തി ഗവണ്‍മെന്റിനുണ്ടാകണമെന്ന്‌ അദേഹം ആവശ്യപ്പെട്ടു. ഹൈവേ പണി തുടരുവാനുള്ള നടപടിക്ക്‌ മുന്‍കൈയെടുത്ത പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫിനെയും എംഎല്‍എമാരെയും നേതാക്കന്മാരെയും അദേഹം അഭിനന്ദിച്ചു.ഇടതുമുന്നണിയുടെ കഴിഞ്ഞ രണ്ട്‌ ബജറ്റുകളിലും മലയോര ഹൈവേയെ അവഗണിച്ചിരുന്നുവെങ്കിലും ഈ ബജറ്റിലെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്‌ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട്‌ വന്നിരിക്കുകയാണ്‌. മലയോര മേഖലയുടെ സമഗ്ര വികസനത്തിനും കക്ഷിരാഷ്ട്രീയത്തിനതീതമായ മുന്നേറ്റം അനിവാര്യമാണ്‌. ഭരണവും കക്ഷികളും മാറുമ്പോള്‍ മലയോരങ്ങളുടെ വികസനപദ്ധതിക്ക്‌ തടസം വരരുതെന്ന്‌ അദേഹം പറഞ്ഞു. രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കാര്‍ഷിക മേഖലയ്ക്കും മലയോര മേഖലയ്ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ഗവണ്‍മെന്റ്‌ നടപ്പാക്കണമെന്ന്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മദ്യനയം: ജനങ്ങളുടെ അവകാശം പുന:സ്ഥാപിക്കണം.

മദ്യത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ജനങ്ങളുടെ ആരോഗ്യവും സമ്പത്തും മാത്രമല്ല കുടുംബസമാധാനവും സാമൂഹ്യസുസ്ഥിതിയും അനിയന്ത്രിതമായ മദ്യപാനാസക്തിയിലൂടെ തകര്‍ച്ചയെ നേരിടുകയാണ്‌. ഇതിനെതിരേ മദ്യനിരോധനസമിതിപോലുള്ള സംഘടനകളും ഈ സാമൂഹിക തിന്മയ്ക്കെതിരേ അക്ഷീണം പോരാടുന്ന കുറേ പ്രവര്‍ത്തകരും സന്ധിയില്ലാത്ത സമരത്തിലാണ്‌. അവരുടെ സമരവും ബോധവത്കരണ പരിപാടികളും സമൂഹത്തിന്റെ നന്മയ്ക്കാണെന്ന്‌ മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ബാധ്യതയുണ്ട്‌. എന്നാല്‍, മദ്യപാനവും മദ്യക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചുപോരുന്നത്‌. ചാരായ നിരോധനത്തെത്തുടര്‍ന്ന്‌ ഉണ്ടായ മദ്യനിയന്ത്രണസംവിധാനങ്ങളെല്ലാം പിന്നീട്‌ ദുര്‍ബലമാവുന്ന കാഴ്ചയാണ്‌ നാം കണ്ടത്‌. വിദേശമദ്യ വില്‍പനയുടെ കുത്തക സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാരിന്‌ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ഒരു വകുപ്പായി അതുമാറി. ഓരോ വര്‍ഷവും മദ്യവില്‍പനയിലൂടെയുള്ള വരുമാനം വര്‍ധിച്ചുവരുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച്‌ മദ്യവില്‍പനയുടെ റിക്കാര്‍ഡ്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒരു പതിവു വിഭവമായി.നിരവധി ലഹരിവിരുദ്ധ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി മദ്യനിരോധനത്തിനായി ശക്തമായി രംഗത്തുണ്ട്‌. ഇക്കാലമത്രയും സമരങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ ഏറെ പ്രചാരണം നടത്തി ജനങ്ങളില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ ഈ പ്രസ്ഥാനനങ്ങള്‍ക്കെല്ലാം കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ മദ്യവ്യാപാര മേഖലയോടു കാട്ടുന്ന സൗഹൃദമനോഭാവം സമൂഹത്തില്‍ ദൂരവ്യാപകമായ ദോഷഫലങ്ങള്‍ക്ക്‌ കാരണമാവുകയാണ്‌. പഞ്ചായത്തീരാജ്‌-നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ പ്രാദേശിക മദ്യനിരോധനത്തിനുള്ള അധികാരം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മദ്യനിരോധനത്തിനും നിയന്ത്രണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ നേരിട്ട്‌ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും സാധിക്കുമായിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തും കേരളത്തിലെ എഴുപതിലേറെ നഗരസഭകളും പഞ്ചായത്തുകളും മദ്യനിരോധനത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, 1996-ല്‍ നായനാര്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ ഈ അധികാരം മരവിപ്പിച്ചു. ഇതിനെതിരേ കേരള മദ്യനിരോധന സമിതി കണ്ണൂരിലും മലപ്പുറത്തും സുദീര്‍ഘമായ സമരപരിപാടികള്‍ സംഘടിപ്പിച്ച്‌ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരാകട്ടെ താത്ത്വികമായി മദ്യനിരോധനത്തോട്‌ അനുഭാവം പ്രകടിപ്പിക്കുകയും പ്രത്യക്ഷമായും പരോക്ഷമായും മദ്യവ്യാപാരത്തേയും മദ്യമുതലാളിമാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ്‌ സ്വീകരിച്ചുപോരുന്നത്‌. ഭയപ്പെടുത്തുന്ന മദ്യപാനം എന്ന തലക്കെട്ടില്‍ സി. പി. എം മുഖപത്രം മുഖപ്രസംഗംവരെ എഴുതി. ചെറുപ്പക്കാര്‍ക്കിടയിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ മദ്യപാനം ഒരു ഘടകമാണെന്നും റോഡപകടങ്ങളിലെ പ്രധാന വില്ലന്‍ മദ്യമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ തലങ്ങളില്‍ അപകടകരമായ പ്രത്യാഘാതങ്ങളാണ്‌ മലയാളിയുടെ വര്‍ധിക്കുന്ന മദ്യപാനശീലം സൃഷ്ടിക്കുന്നതെന്നു പാര്‍ട്ടിപത്രം എഴുതിവച്ചു. അത്‌ പഴയ കഥ. ഇപ്പോള്‍ സി. പി. എമ്മിന്റെസമുന്നതനേതാക്കള്‍ പോലും പൊതുവേദികളില്‍ മദ്യപാനത്തിനനുകൂലമായി പരസ്യനിലപാടുകള്‍ പ്രഖ്യാപിക്കുന്നു. മദ്യം ആഹാരത്തിന്റെ ഭാഗമാകണമെന്നാണ്‌ സി.പി.എമ്മിന്റെ ഒരു കേന്ദ്ര കമ്മിറ്റി അംഗം കണ്ണൂരില്‍ അടുത്തകാലത്തുനടന്ന ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞത്‌. മദ്യപാനികള്‍ അതെക്കുറിച്ചുള്ള ലജ്ജ വെടിയണമെന്നും ആ മാന്യനേതാവ്‌ ആവശ്യപ്പെട്ടു. ഇതാണ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ സ്വീകരിക്കുന്നതെങ്കില്‍ കോട്ടയത്ത്‌ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ നടന്ന പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്‌ നവകേരള മാര്‍ച്ചിന്റെ സ്വീകരണയോഗങ്ങളില്‍ പാര്‍ട്ടി കര്‍ശന മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്നും പറയുന്നു. മദ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞു പോകുന്നതു തടയാന്‍ പാര്‍ട്ടി പിന്തുണയ്ക്കുന്ന മദ്യനയം പതിനായിരക്കണക്കിനു കുടുംബങ്ങളെയാണ്‌ നിത്യദുരിതത്തിലേക്ക്‌ തള്ളിവിടുന്നതെന്ന കാര്യം മറക്കരുത്‌. അങ്ങിനെ നശിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പാവങ്ങള്‍ തന്നെയാണുതാനും. കുടിച്ചു മയങ്ങുന്ന തലമുറയെ വാര്‍ത്തെടുക്കാനാണ്‌ ഭരണകൂടവും പാര്‍ട്ടിയും ശ്രമിക്കുന്നതെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടിവരും. പുതിയ മദ്യനയത്തിലും ഇത്തരം ദോഷകരമായ പല നിര്‍ദേശങ്ങളും അടങ്ങിയിട്ടുണ്ട്‌. കേരള മദ്യനിരോധന സമിതി ഇന്ന്‌ നടത്തുന്ന നിയമസഭാ മാര്‍ച്ച്‌ നിരന്തരമായ സമരങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ച ഒരു പ്രധാന കാര്യത്തിലൂന്നിയാണ്‌. ഒരു പ്രദേശത്ത്‌ മദ്യഷാപ്പ്‌ വേണമോ വേണ്ടയോ എന്ന്‌ അന്നാട്ടുകാര്‍ക്ക്‌ തീരുമാനിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കുക എന്നതാണ്‌ അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പഞ്ചായത്തീരാജ്‌-നഗരപാലികാ നിയമങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എഴുതിച്ചേര്‍ത്ത 232, 447 വകുപ്പുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. നായനാര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആ വകുപ്പുകള്‍ പുന:സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ ഗ്രാമത്തിനോ നഗരത്തിനോ ആവശ്യമായ ഒരു തീരുമാനം എടുക്കാനുള്ള ജനങ്ങളുടെ അവകാശമാണ്‌ അംഗീകരിക്കപ്പെടുന്നത്‌. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ അവകാശവുമാണത്‌.

കുരിശടി തകര്‍ത്ത സാമൂഹ്യവിരുദ്ധരെ പിടികൂടണം: ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

ആലപ്പുഴയില്‍ ഐ.എം.എസ്‌ ധ്യാനകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം അക്രമികള്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ കെസിബിസി വിദ്യാഭ്യാസ-ഐക്യ-ജാഗ്രതാ കമ്മീഷനുകളുടെ ചെയര്‍മാന്‍ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആലപ്പുഴയില്‍ തിരുസ്വരൂപങ്ങളും കുരിശടികളും നിരന്തരമായി തകര്‍ക്കപ്പെടുന്നതില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും തകര്‍ക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം തയാറാവണമെന്നു ബിഷപ്‌ അവശ്യപ്പെട്ടു.അക്രമികളെ കണ്ടുപിടിക്കുന്നതിലും മാതൃകാപരമായി ശിക്ഷിക്കുന്നതിലും ഭരണാധികാരികള്‍ കടുത്ത നിസംഗതയാണ്‌ പുലര്‍ത്തുന്നത്‌. ക്രൈസ്തവ ആരാധനാലയങ്ങളും കുരിശടികളും തകര്‍ക്കുന്നവരെ മാനസികരോഗികളാക്കി ചിത്രീകരിച്ച്‌ സംഭവത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കാനാണ്‌ പലപ്പോഴും ശ്രമങ്ങളുണ്ടാകുന്നത്‌. സാമൂഹ്യവിരുദ്ധരും മാനസിക രോഗികളും മാത്രമാണോ അക്രമത്തിനു പിന്നിലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ക്രൈസ്തവാരാധനാലയങ്ങളും കുരിശടികളും തകര്‍ത്ത ആരേയും ഇതുവരെയും ശിക്ഷിച്ചതായി കേട്ടിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ സ്നേഹത്തിലും സഹിഷ്ണുതയിലും കഴിയുന്ന സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സാമുദായിക സ്പര്‍ധയ്ക്കും അസഹിഷ്ണുതയ്ക്കും കാരണമാകും. അക്രമികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധികളില്‍ വിശ്വാസികള്‍ ആത്മധൈര്യം കൈവെടിയരുതെന്നും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളയാത്ര മദ്യവിപത്തിനെതിരേയാകണം: ബിഷപ്‌ ഡോ.തെക്കെത്തെച്ചേരില്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ കേരളയാത്രകള്‍ ജനക്ഷേമം ലക്ഷ്യമാക്കിയെങ്കില്‍ അത്‌ മദ്യവിപത്തിനെതിരേയാകണമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെ ത്തെച്ചേരില്‍.എറണാകുളം, തൃശൂര്‍, മലബാര്‍, തിരുവനന്തപുരം, കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ച്‌ മദ്യത്തിനെതിരേ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി രൂപീകരിച്ച മേഖലാ പരിപാടികള്‍ക്കായുള്ള കൊടികളും അദ്ദേഹം കൈമാറി. വിചാരണ-2009 എന്ന പേരില്‍ ഇതിനോടനുബന്ധിച്ച്‌ നടത്തുന്ന സംസ്ഥാനതല സമരപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.മദ്യപാനികള്‍ക്കും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഈശ്വര നിഷേധികള്‍ക്കും വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന്‌ അനുഗ്രഹ പ്രഭാഷണം നടത്തിയ വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരി പറഞ്ഞു.

Monday, February 23, 2009

മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ.അച്ചാരുപറമ്പില്‍

ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുണെ്ടന്നു വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.ഇന്ത്യന്‍ കത്തോലിക്‌ പ്രസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റുകളുടെ ദേശീയ സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യബന്ധങ്ങളെ ശാക്തീകരിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ വലുതാണ്‌. സമൂഹത്തെ ഏത്‌ രീതിയിലേക്ക്‌ നയിക്കുന്നതിലും മാധ്യമങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. ഭീകരവാദം എന്ന വിഷവിത്ത്‌ നാടുമുഴുവന്‍ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെ സന്ദേശം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. ബേബിച്ചന്‍ എഴുതിയ ജീവിതം പ്രതിസന്ധിയിലോ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്‌ ബിഷപ്‌ നിര്‍വഹിച്ചു.

നിയമപരിഷ്ക്കരണ സമിതി റിപ്പോര്‍ട്ട്‌ സ്വീകാര്യമല്ല : മാര്‍ വിതയത്തില്‍

നിയമപരിഷ്ക്കരണ സമിതി റിപ്പോര്‍ട്ട്‌ കത്തോലിക്കാ സഭയ്ക്ക്‌ സ്വീകാര്യമല്ലെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനവിഭാഗമായ റിസര്‍ച്ച്‌ സെന്ററും വിവാഹകോടതിയും അല്‍മായ കമ്മീഷനും സംയുക്തമായി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത്‌ പൊതു നന്മയേയും വ്യക്തികളുടേയും സമൂഹങ്ങളുടേയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്‌. ഇത്‌ ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ല. - കര്‍ദിനാള്‍ പറഞ്ഞു.എല്ലാ നിയമങ്ങളും അത്‌ സഭയുടേതായാലും സിവില്‍ ഗവണ്‍മെന്റിന്റേതായാലും ദൈവത്തിന്റെ സ്വാഭാവിക നിയമത്തിനും പൊതു നന്മയ്ക്കും പൊതുവായ ധാര്‍മികതയ്ക്കും വിരുദ്ധമാകാന്‍ പാടില്ല. ഭാരതത്തിലെ 99 ശതമാനം ആളുകളും ഈശ്വര വിശ്വാസികളാണെന്ന്‌ ഓര്‍ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ജീവനെ അമൂല്യമായി കാണുന്നതിനാലാണ്‌ കത്തോലിക്കാ സഭ ദയാവധം, ആത്മഹത്യ, ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ എതിര്‍ക്കുന്നത്‌. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ കാനോന്‍ നിയമത്തില്‍ വ്യക്തമായ അനുശാസനങ്ങളുണ്ട്‌. അതിനാല്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ നിയമങ്ങള്‍ക്ക്‌ ന്യായമില്ല. മറ്റു സംഘടനകളെ പോലെ തന്നെ കത്തോലിക്കാ സഭ എല്ലാ വരവു- ചെലവു കണക്കുകളും സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നുണ്ട്‌. അപ്പോള്‍ സഭയ്ക്ക്‌ ട്രസ്റ്റ്‌ രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ അര്‍ഥം മനസിലാകുന്നില്ല- കര്‍ദിനാള്‍ പറഞ്ഞു. ജനക്ഷേമമെന്ന വ്യാജേന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചില നടപടികള്‍ ഞെട്ടലുളവാക്കുന്നതാണെന്നു ചടങ്ങില്‍ പങ്കെടുത്ത ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. അധാര്‍മികവും ഹിംസാത്മകവും വ്യക്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതും മൂല്യനിരാസം വളര്‍ത്തുന്നതുമാണ്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിയമ പരിഷ്ക്കരണ സമിതി ശിപാര്‍ശകളെന്ന്‌ അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ വേദന തൊട്ടറിഞ്ഞ സമൂഹം എം.എസ്‌.ടി: മാര്‍ കല്ലറങ്ങാട്ട്‌

മാര്‍ തോമ്മാശ്ലീഹ ഈശോയുടെ തിരുമുറിവില്‍ തൊട്ടു ചൈതന്യം ഉള്‍ക്കൊണ്ടതു പോലെ മനുഷ്യരുടെ വേദന തൊട്ടറിഞ്ഞ്‌ അതില്‍ നിന്നു പ്രേഷിത ചൈതന്യം ഉള്‍ക്കൊണ്ട്‌ സമൂഹമാണ്‌ എം.എസ്‌.ടി സഭയെന്ന്‌ പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. എം.എസ്‌.ടി സഭയുടെ 41-ാ‍ം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വയലില്‍ പിതാവ്‌ പ്രാര്‍ഥിച്ചു കണെ്ടത്തിയ അമൂല്യ നിധിയാണ്‌ സെന്റ്‌ തോമസ്‌ മിഷനറി സൊസൈറ്റിയെന്നും അദ്ദേഹം പറഞ്ഞു.40 വര്‍ഷം കൊണ്ട്‌ ഇത്രയധികം വളര്‍ച്ച പ്രാപിച്ച മറ്റൊരു പ്രേഷിത സമൂഹം ഇല്ല. കേരളത്തിന്റെ വെളിയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ എം.എസ്‌.ടി സമൂഹം ചെയ്ത സേവനങ്ങള്‍ കേരള സഭയിലെ എല്ലാ മെത്രാന്‍മാരും അംഗീകരിക്കും. ഭാരതസഭയ്ക്ക്‌ എം.എസ്‌.ടി സമൂഹം നല്‍കിവരുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ദിവ്യബലിക്ക്‌ ശേഷം തോമ്മാശ്ലീഹായുടെ ഐക്കണും കലണ്ടറും പിതാവ്‌ പ്രകാശനം ചെയ്തു.

Friday, February 20, 2009

കുട്ടികള്‍ക്കു സ്വപ്നങ്ങള്‍ നല്‍കുക: ബിഷപ്‌ ഡോ. ചക്കാലക്കല്‍

രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്കു ആദ്യം നല്‍കേണ്ടത്‌ നന്നായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്ന സ്വപ്നങ്ങളാണെന്നു കണ്ണൂര്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍. സ്വപ്നങ്ങളില്ലാത്ത മനുഷ്യര്‍ തകര്‍ന്ന്‌ തരിപ്പണമാകും. അയല്‍ക്കാരെ സ്നേഹിക്കാനും നന്മയോടെ വളരാനുമുള്ള സ്വപ്നങ്ങളായിരിക്കണം കുട്ടികള്‍ക്കു നല്‍കേണ്ടതെന്നും ബിഷപ്‌ പറഞ്ഞു. തലശേരി സെന്റ്‌ ജോസഫ്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 87-ാ‍ം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി മക്കളെ വളര്‍ത്തിയെടുക്കണമെന്നും ബിഷപ്‌ പറഞ്ഞു.

ക്രിസ്തുവിലൂടെയുള്ള വീക്ഷണത്തില്‍ എക്യുമെനിക്കല്‍ ദര്‍ശനം പൂര്‍ണമാകും: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ

ലോകത്തെ ക്രിസ്തുവിന്റെ ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലൂടെയാണ്‌ എക്യുമെനിസം പൂര്‍ണമാകുന്നതെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മാരാമണ്‍ കണ്‍വന്‍ഷനില്‍ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നുവെന്നു പഠിപ്പിച്ച യേശുക്രിസ്തു ലോകത്തെ എങ്ങനെ കണ്ടുവോ അതേ വീക്ഷണത്തില്‍ മറ്റുള്ളവരെ കാണാന്‍ കഴിയുന്ന രൂപാന്തരീകരണത്തെ എക്യുമെനിസമെന്നു വിശേഷിപ്പിക്കാമെന്നു കാതോലിക്കാ ബാവ പറഞ്ഞു. പഴയ നിയമത്തില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കു നടുവിലും, ചെങ്കടല്‍ കടക്കുമ്പോഴുമൊക്കെ സാന്നിധ്യം അറിയിച്ച ദൈവം പുതിയ നിയമത്തില്‍ ആളുകളിലൂടെയാണ്‌ ലോകത്തില്‍ ഇടപെട്ടത്‌. ഈ ഘട്ടത്തിന്റെ അവസാനത്തില്‍ തന്റെ ഏകജാതനിലൂടെ സംസാരിക്കുകയും ചെയ്തു. ഇവിടെയെല്ലാം ബോധ്യമാകുന്നത്‌ ദൈവിക സാന്നിധ്യമാണ്‌. ദൈവം നമ്മോടുകൂടെയെന്ന സന്ദേശം പഴയനിയമ, പുതിയ നിയമ കാലഘട്ടങ്ങളില്‍ ലോകത്തിനു ബോധ്യപ്പെടുത്തി നല്‍കിയിരിക്കുന്നു.വ്യത്യസ്തതയിലും ഒന്നിച്ചു പോകാന്‍ കഴിയുന്ന നാനാത്വത്തില്‍ ഏകത്വമെന്ന സംസ്കാരത്തിനുടമകളാണ്‌ ഭാരതീയര്‍. ഇതേ സംസ്കാരം സഭകളും ഉള്‍ക്കൊള്ളാന്‍ തയാറാകണം. യേശുക്രിസ്തു കാട്ടിത്തന്ന ജീവിതത്തിനു വിരുദ്ധമായ സമീപനം ഒരു സഭയ്ക്കും സ്വീകരിക്കാന്‍ സാധ്യമല്ല. യുഗാന്ത്യത്തോളം ഞാന്‍ നിങ്ങളോടുകൂടെയുണെ്ടന്നുള്ളതാണ്‌ യേശു നല്‍കിയ സന്ദേശം. താന്‍ സ്നേഹമാകുന്നുവെന്നും പ്രഘോഷിക്കപ്പെടുന്നു. ലോകത്തെ ന്യായം വിധിക്കാനെത്തുന്നവന്‍ പറയുന്നതാകട്ടെ ധൈര്യപ്പെടുവീന്‍ ഞാന്‍ ലോകത്തെ ജയിച്ചുവെന്നതാണ്‌. ഈ ധൈര്യപ്പെടുത്തല്‍ സഭകളുടെ ഐക്യത്തിനും, അതുവഴി ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുന്നതിനും കാരണമാകേണ്ടതാണെന്ന്‌ അദ്ദേഹം പറഞ്ഞു.മനുഷ്യനിര്‍മിത മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ ഐക്യത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ സഭകള്‍ക്കു കഴിയണമെന്ന്‌ ദേശീയ സഭാ കൗണ്‍സില്‍ പ്രസിഡന്റ്‌ ബിഷപ്‌ താരാനാഥ്‌ എസ്‌.സാഗര്‍ മുഖ്യപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. യേശുക്രിസ്തുവില്‍ സഭാ മക്കള്‍ എല്ലാവരും ഒന്നാണെന്ന ബോധ്യം ഉണ്ടാക്കിയെടുക്കുക, ഇതിലൂടെ ദൈവം ഏല്‍പിച്ച കടമകള്‍ നിര്‍വഹിക്കുക. പ്രതിസന്ധികളെ കുരിശിലെ ആയുധമായ സ്നേഹം കൊണ്ട്‌ നേരിടുകയും ചെയ്യണം. സങ്കുചിതമായ താത്പര്യങ്ങള്‍ക്ക്‌ എക്യുമെനിസത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.

Tuesday, February 17, 2009

യുവജനങ്ങള്‍ സഭയെ നയിക്കണം: കര്‍ദിനാള്‍ മാര്‍ വിതയത്തില്‍

യുവത്വത്തിന്റെ വിശാലതയും ഊര്‍ജവും ധൈര്യവും നല്‍കിക്കൊണ്ട്‌ കത്തോലിക്കാ സഭയെ യുവജനങ്ങള്‍ നയിക്കണമെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനംചെയ്തു. കോട്ടയം അതിരൂപതയിലെ യുവജനസംഘടനയായ ക്നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 2009 വര്‍ഷത്തിലെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രയാണം -2009' പ്രകാശനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനപ്രഭയില്‍ ജ്വലിക്കും കുടുംബം എന്ന സംഘടനയുടെ പ്രവര്‍ത്തന മുദ്രാവാക്യം ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ പ്രസക്തമാണെന്നും മനോഹാരിത നഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ യുവജന സ്വാധീനത്തില്‍ പ്രഭ വിതറുവാന്‍ കഴിയണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുള്ള ബോധവത്കരണത്തിനു മുന്‍ഗണന നല്‍കണം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുള്ള ബോധവത്കരണവും പ്രചാരണവും നടപ്പിലാക്കുന്ന നയം രൂപീകരിക്കാന്‍ പുതിയ മദ്യനയത്തില്‍ വ്യവസ്ഥ ചെയ്യണമെന്നു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും എതിരേയുള്ള ബോധവത്കരണം എക്സൈസ്‌ വകുപ്പ്‌ ഏറ്റെടുക്കാതെ ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കുന്നതാണ്‌ ഉചിതം. ബോധവത്കരണം മദ്യം നല്‍കുന്നവര്‍ തന്നെ നല്‍കുന്നതു വിരോധാഭാസമാണ്‌. കാലങ്ങളായി മദ്യനയത്തില്‍ തുടരുന്ന ജനദ്രോഹ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25-ന്‌ എറണാകുളത്ത്‌ വിചാരണ-2009' എന്ന സമരപരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന്‌ മലബാര്‍-തൃശൂര്‍-കോട്ടയം-എറണാകുളം- തിരുവനന്തപുരം മേഖലകളിലും 29 അതിരൂപത-രൂപതകളിലും വിപുലമായ സമരപരിപാടികള്‍ നടക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ചു.

പി.ഒ.സിയുടെ സേവനങ്ങള്‍ മഹത്തരം: ബിഷപ്‌ ഡോ.ചേനപ്പറമ്പില്‍

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമെന്ന നിലയില്‍ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളെ ഐക്യത്തില്‍ നിലനിറുത്താന്‍ പി.ഒ.സി നിര്‍വഹിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന്‌ കെ.സി. ബി.സി. യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ രൂപത മുന്‍ മെത്രാനുമായ ബിഷപ്‌ പീറ്റര്‍ എം. ചേനപ്പറമ്പില്‍. പി.ഒ.സി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പോലെ കേരള കത്തോലിക്കാസഭയിലെ സിരാകേന്ദ്രമാണ്‌ പി.ഒ.സി 1968 മുതല്‍ കേരള കത്തോലിക്കാസഭയ്ക്ക്‌ ദിശാബോധവും അജപാലന നേതൃത്വവും നല്‍കിയ പി.ഒ.സി കത്തോലിക്കാ സഭയ്ക്കു മാത്രമല്ല കേരള സമൂഹത്തിന്‌ പൊതുവായും നിരവധി മേഖലകളില്‍ സേവനങ്ങള്‍ നല്‍കിയിട്ടുണെ്ടന്ന്‌ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയും പി.ഒ.സിയുടെ ഡയറക്ടറുമായ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. പി.ഒ.സിയുടെ 2008-ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌ ബുക്ക്‌ ചടങ്ങില്‍ ബിഷപ്‌ പ്രകാശനം ചെയ്തു. സത്യദീപം വാരിക ഏര്‍പ്പെടുത്തിയ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ മാധ്യമ അ വാര്‍ഡ്‌ ജേതാവായ ആന്റണി ചടയംമുറിയെ യോഗം അനുമോദിച്ചു.

Thursday, February 12, 2009

ക്രൂശിതരൂപത്തെ അപമാനിച്ച സിപിഎം മാപ്പുപറയണം: ആര്‍ച്ച്ബിഷപ്‌ മാര്‍ വലിയമറ്റം

നവകേരള മാര്‍ച്ചിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തില്‍ ക്രൂശിതരൂപത്തെ അപമാനിച്ച സിപിഎം ക്രൈസ്തവസമൂഹത്തോട്‌ മാപ്പു പറയണമെന്ന്‌ തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ആവശ്യപ്പെട്ടു. തളിപ്പറമ്പിലും തലശേരിയിലും നവകേരളയാത്രയ്ക്ക്‌ നല്‍കിയ സ്വീകരണങ്ങള്‍ക്കൊടുവില്‍ അവതരിപ്പിച്ച ക്ലാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു എന്ന ലഘുനാടകത്തിന്റെ പശ്ചാത്തലമായി ക്രൈസ്തവര്‍ ഏറ്റവും പൂജ്യമായി വണങ്ങുന്ന ക്രൂശിതരൂപത്തിന്റെ കൈയില്‍ ചെങ്കൊടി തൂക്കുകവഴി ക്രൈസ്തവസമൂഹത്തേയും വിശ്വാസത്തേയും പരസ്യമായി അവഹേളിച്ചിരിക്കുകയാണ്‌. നവകേരളമാര്‍ച്ചിലുടനീളം ന്യൂനപക്ഷ സമുദായങ്ങളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നെന്ന്‌ വീമ്പിളക്കിയ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ന്യൂനപക്ഷസ്നേഹം ഈ പ്രവൃത്തിയിലൂടെ പുറത്തുവന്നിരിക്കുകയാണ്‌. മതചിന്തകളേയും മതചിഹ്നങ്ങളേയും പൂര്‍ണമായും നിരാകരിച്ച്‌ നിരീശ്വരവാദത്തേയും ഭൗതികവാദത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടി ഏറ്റവും നിന്ദ്യമായ രീതിയില്‍ ഒരു മതവിഭാഗത്തിന്റെ ഏറ്റവും പൂജ്യമായ മതചിഹ്നത്തെ ഈ രീതിയില്‍ അവഹേളിക്കുന്നത്‌ ക്രൈസ്തവവിശ്വാസത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണ്‌.മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയിരിക്കുന്ന ചില വാര്‍ത്തകളില്‍നിന്നു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനായി നടത്തുന്ന വിലകുറഞ്ഞ നീക്കമായി കരുതി ഇതിനെ അവഗണിക്കാന്‍ പ്രബുദ്ധരായ ക്രൈസ്തവസമൂഹത്തിന്‌ സാധിക്കില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന്‌ വീമ്പിളക്കുകയും അതേസമയം, മതവിശ്വാസത്തെ അവഹേളിക്കാന്‍ സഭ്യതയുടെ ഏത്‌ അതിര്‍വരമ്പുകള്‍പോലും ലംഘിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരിച്ചറിഞ്ഞ്‌ അവയെ ഒറ്റപ്പെടുത്തണം: ആര്‍ച്ച്ബിഷപ്‌ പറഞ്ഞു.ക്രൂരവും നിന്ദ്യവുമായ ഈ അവഹേളനത്തിനെതിരെ ഇടവക-ഫൊറോനാതലങ്ങളില്‍ ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ ആഹ്വാനം ചെയ്തു. ഈ നിന്ദ്യമായ നടപടിക്കെതിരെ ഉയരുന്ന ക്രൈസ്തവസമൂഹത്തിന്റെ വേദനയും ഉത്കണ്ഠയും തിരിച്ചറിഞ്ഞ്‌ ഇത്തരം കുല്‍സിത നീക്കങ്ങളില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളെ നേരിടേണ്ടിവരും: ആര്‍ച്ച്ബിഷപ്‌ മുന്നറിയിപ്പു നല്‍കി.

ക്രൈസ്തവ സാക്ഷ്യം ആഘോഷങ്ങളേക്കാളുപരി പങ്കുവെക്കലിന്റേതാകണം: മാര്‍ ദിവന്നാസിയോസ്‌

ആഘോഷങ്ങളേക്കാളുപരി വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി വിഭവങ്ങളെ പങ്ക്‌ വെക്കാന്‍ തയാറാകുന്നതിലൂടെ മാത്രമേ ദരിദ്രരോട്‌ പക്ഷംചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുമെന്ന്‌ ബത്തേരി രൂപത ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. കഴിഞ്ഞ 50 വര്‍ഷങ്ങളിലൂടെ മൂലങ്കാവ്‌ ഇടവക നിര്‍മിച്ച്‌ നല്‍കിയ ഭവനങ്ങളും ഹരിതാ ഹോളോബ്രിക്സ്‌ ഫാക്ടറിയിലൂടെ നല്‍കിയ തൊഴില്‍ ദാനവും, മെഡിക്കല്‍ ക്യാമ്പുകളും ഏറെ പ്രയോജനപ്രദമായിരുന്നുവെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.ഇടവകയില്‍ വികാരിമാരായി സേവനമനുഷ്ടിച്ച വൈദികരേയും, സന്യാസിനികളേയും, അല്‍മായരേയും ബിഷപ്‌ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

Monday, February 9, 2009

മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സംഘടനകളെ നിരോധിക്കണം: കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍

ജനാധിപത്യരാജ്യത്ത്‌ മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും നിയമത്തെ കൈയിലെടുക്കുകയും ചെയ്യുന്ന രാമസേന പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന്‌ കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. മംഗലാപുരത്ത്‌ രാമസേന പ്രവര്‍ത്തകര്‍ സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍എ.യുടെ മകളെ തട്ടിക്കൊണ്ടു പോയതും അവരുടെ സഹപാഠിയുടെ സഹോദരനോട്‌ സംസാരിച്ചതിന്‌ അയാളെ ക്രൂരമായി മര്‍ദ്ദിച്ചതും വാലന്റൈന്‍ ദിനത്തില്‍ ബലമായി വിവാഹം നടത്തുമെന്ന പ്രഖ്യാപനവുമൊക്കെ മനുഷ്യന്റെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്‌. ഇത്തരം ഹീനപ്രവര്‍ത്തി നടത്തുന്നവരെ സാമൂഹ്യവിരുദ്ധരായും ജനാധിപത്യ വിരോധികളായും മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. രാമസേനപ്രവര്‍ത്തകരെ നിയന്ത്രിച്ചില്ലായെങ്കില്‍ വഴിയിലൂടെ നടന്നുപോകുന്ന സഹോദരീ സഹോദരന്മാരെ പോലും അവര്‍ ബലമായി വിവാഹം നടത്തുവാന്‍ സാധ്യതയുണ്ട്‌. മാത്രമല്ല ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ കാരണമാകും. ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്രമന്ത്രിസഭയും ഇടപെട്ടിട്ടുപോലും രാമസേനപ്രവര്‍ത്തകരെ നിയന്ത്രിക്കുവാന്‍ എന്തുകൊണ്ടാണ്‌ കര്‍ണാടക സര്‍ക്കാരിനു സാധിക്കാത്തത്‌? ആയതിനാല്‍ മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ കടന്നുകയറ്റം നടത്തുന്ന ജനാധിപത്യ വിരുദ്ധരെ നിരുത്സാഹപ്പെടുത്തുവാന്‍ സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍ മുന്നോട്ട്‌ വരണമെന്ന്‌ കമ്മീഷന്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.വ്യാഴാഴ്ച കോഴിക്കോടിനു സമീപം എരഞ്ഞിപ്പാലത്ത്‌ വെളിച്ചവും വായുവും കടക്കാത്ത കണ്ടെയ്നര്‍ ലോറിയില്‍ കൈകുഞ്ഞുങ്ങളും അമ്മമാരുമടക്കം 40 തൊഴിലാളികളെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്‌ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും മനുഷ്യാവകാശലംഘനവുമാണ്‌. സാമൂഹ്യനീതിക്കും സമത്വത്തിനും വിലകല്‍പിക്കുന്ന നമ്മുടെ സമൂഹത്തില്‍ മനുഷ്യജീവന്‌ യാതൊരു വിലയും കല്‍പിക്കാത്ത സംഭവമാണ്‌ നടന്നത്‌. കണ്ടെയ്നര്‍ ലോറിയില്‍ മനുഷ്യക്കടത്ത്‌ നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മാത്രമല്ല ഭരണാധികാരികള്‍ മനുഷ്യാവകാശ ലംഘനത്തിനെതിരേ കര്‍ശന നിലപാട്‌ സ്വീകരിക്കണം - കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

സി.പി.എം ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നു; കെസി.ബി.സി ജാഗ്രതാ കമ്മീഷന്‍

നവകേരള മാര്‍ച്ചിന്റെ ഭാഗമായി തളിപ്പറമ്പിലും തലശേരിയിലും സി.പി.എം നടത്തിയ നാടകം ക്രൈസ്തവ സമൂഹത്തെ അവഹേളിച്ചുവെന്ന്‌ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍. ഈ സംഭവത്തില്‍ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ക്രൂശിത രൂപത്തിന്റെ കയ്യില്‍ ചെങ്കൊടി തൂക്കുകവഴി ക്രൈസ്തവ വിശ്വാസത്തെ പരസ്യമായി സി.പി.എം അവഹേളിക്കുകയാണ്‌ ചെയ്തത്‌. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്ന്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

വിശ്വാസം ക്ലാസ്‌ മുറികളില്‍ ഒതുങ്ങരുത്‌: ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍

വിശ്വാസം ക്ലാസ്മുറികളില്‍ ഒതുങ്ങി നില്‍ക്കാതെ അനുദിന ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. വരാപ്പുഴ അതിരൂപത തിരുബാലസഖ്യമഹാസംഗമം എറണാകുളം പാപ്പാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മകള്‍ ചെയ്ത്‌ മുന്നേറാനാവണമെന്നും സ്വഭാവ രൂപീകരണത്തിന്‌ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെടുന്നവരെ പ്രത്യേകം സംരക്ഷിക്കുന്നവരായി മാറാന്‍ കുട്ടികള്‍ക്കാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച്‌ എറണാകുളം ഉണ്ണിമിശിഹാപള്ളി അങ്കണത്തില്‍ നിന്നു വര്‍ണാഭമായ റാലി നടത്തി. 9000-ഓളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി പതാക കൈമാറി.

രാഷ്ട്രീയക്കാരുടെചട്ടുകമായി തൊഴിലാളിപ്രസ്ഥാനങ്ങള്‍ മാറരുത്‌: മാര്‍ താഴത്ത്‌

രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചട്ടുകങ്ങളായി തൊഴിലാളിപ്രസ്ഥാനങ്ങള്‍ മാറരുതെന്നു കെ.സി.ബി.സി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. മൂല്യബോധത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്ത്തോമസ്‌ കോളജ്‌ മെഡ്ലിക്കോട്ട്‌ ഹാളില്‍ കേരള ലേബര്‍മൂവ്മെന്റ്‌ സംസ്ഥാന കണ്‍വന്‍ഷനും കാത്തലിക്‌ ലേബര്‍ അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒരു പ്രസ്ഥാനത്തില്‍ തളച്ചിട്ടാല്‍ അവന്‍ തൊഴിലാളിയാകില്ല. അങ്ങിനെ വന്നാല്‍ സമൂഹത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ ആകാതെ വരും. സ്വതന്ത്രമായും നിഷ്പക്ഷമായും തൊഴിലാളികള്‍ക്കായി വര്‍ത്തിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭയടക്കമുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്ന നന്മകളെ ഉള്‍ക്കൊള്ളുന്ന പോസിറ്റീവ്‌ സമീപനം, കേരളം സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ പറഞ്ഞു. പ്രശ്നപരിഹാരത്തിന്‌ ആത്മാര്‍ഥമായ സമീപനമാണുണ്ടാകേണ്ടത്‌. ചടങ്ങില്‍ കെ.സി.ബി.സി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം അധ്യക്ഷനായിരുന്നു

Thursday, February 5, 2009

ദൈവാനുഭവത്തില്‍ വളര്‍ന്ന്‌ പ്രലോഭനത്തെ അതിജീവിക്കണം: ഡോ. സൂസപാക്യം

ദൈവാനുഭവത്തിന്റെ മാധുര്യം നുകര്‍ന്ന്‌ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്ന്‌ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച്ബിഷപ്‌ ഡോ. എം. സൂസപാക്യം ഉദ്ബോധിപ്പിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച നാലാമത്‌ അനന്തപുരി കാത്തലിക്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവാനുഭവത്തിലേക്ക്‌ കടന്നുവരുന്നവര്‍ക്ക്‌ മാത്രമേ പിശാചിന്റെ പ്രലോഭനങ്ങളെ നേരിടാനുള്ള ശക്തി ലഭിക്കുകയുള്ളൂ.മാമ്മൂദീസയും, സ്ഥൈര്യലേപനവും സ്വീകരിച്ചു കൊണ്ട്‌ ക്രിസ്തു ശിഷ്യന്‍മാരായ നമ്മള്‍ ചെയ്ത വാഗ്ദാനം പാലിക്കേണ്ട സമയമാണിത്‌. വിശ്വാസവും പ്രാര്‍ഥനയും ഉപവാസവും ആയുധമായി ഉപയോഗിച്ച്‌ പിശാചിന്റെ പ്രലോഭനങ്ങളെ നേരിടാന്‍ സാധിക്കുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ വ്യക്തമാക്കി.ദൈവരാജ്യം സ്ഥാപിക്കാനാണ്‌ യേശു ലോകത്തിലേക്ക്‌ കടന്നുവന്നത്‌. സുവിശേഷം പ്രസംഗിച്ചും, പിശാചുക്കളെ ബഹിഷ്കരിച്ചും രോഗികളെ സുഖപ്പെടുത്തിയും യേശു ലോകത്തെ നന്മയിലേക്ക്‌ നയിച്ചു കൊണ്ട്‌ കടന്നു വന്നു. യേശുവിന്റെ ശിഷ്യന്‍മാരായ നമ്മളും ഈ ദൗത്യം ഏറ്റെടുത്ത്‌ പാലിക്കാന്‍ കടപ്പെട്ടരാണ്‌. നിങ്ങള്‍ ലോകത്തിലേക്ക്‌ പോകുവിന്‍. സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതായി അറിയിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ സുഖപ്പെടുത്തുകയും ചെയ്യുവിനെന്നാണ്‌ ക്രിസ്തു അരുളിചെയ്തത്‌-ആര്‍ച്ച്ബിഷപ്‌ അറിയിച്ചു. നമ്മുടെ നാട്‌ മദ്യത്തിന്റെ പ്രലോഭനത്തിലേക്ക്‌ ആഴ്‌ന്നു കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ഡിസംബറില്‍ അമ്പത്കോടിയുടെ മദ്യമാണ്‌ കേരളം കുടിച്ചത്‌. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത്‌ കോടി രൂപയുടെ കൂടുതലാണിത്‌. ഇതില്‍ ഒരു കോടി രൂപയുണ്ടായിരുന്നുവെങ്കില്‍ അമ്പത്‌ വീട്‌ വച്ച്‌ പാവപ്പെട്ടവര്‍ക്ക്‌ നല്‍കാമായിരുന്നു. 3500 കോടി രൂപയുടെ അരിയാണ്‌ ഒരു വര്‍ഷം നമ്മള്‍ ഭക്ഷിക്കുന്നത്‌. എന്നാല്‍ ഒരു വര്‍ഷം പതിനായിരം കോടിയുടെ മദ്യമാണ്‌ മലയാളി കുടിക്കുന്നത്‌. കോടികളുടെ വരുമാനം കാണുമ്പോള്‍ സര്‍ക്കാരിന്‌ സന്തോഷമാണ്‌. എന്നാല്‍ ഇതിനു പിന്നിലുള്ള മദ്യദുരന്തത്തെ കുറിച്ച്‌ നമ്മളും സര്‍ക്കാരും ചിന്തിക്കുന്നില്ല. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സന്തോഷിക്കുകയാണ്‌. നമ്മള്‍ നശിച്ചാലും ഖജനാവും പാര്‍ട്ടിയും രക്ഷപ്പെടണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ ഡോ.സൂസപാക്യം കുറ്റപ്പെടുത്തി. അഞ്ച്‌ പേരെയെങ്കിലും മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ ക്രിസ്തുവിനു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ക്രൈസ്തവരായ നമ്മള്‍ക്ക്‌ സാധിക്കും. മനുഷ്യനെ തിന്മയിലേക്ക്‌ നയിക്കുന്ന പിശാച്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ മദ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.വിശ്വാസമില്ലാത്തവരുടെ തലമുറയാണ്‌ ഇപ്പോള്‍ വളര്‍ന്നുവരുന്നത്‌. പിശാചിന്റെ തന്ത്രം തിരിച്ചറിയാന്‍ മനുഷ്യന്‌ സാധിക്കണം. സാത്താന്റെ പ്രലോഭനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടികാട്ടി.നന്മയില്‍ ഉറച്ചുനില്‍ക്കാനും സാത്താനെ ബഹിഷ്കരിക്കാനും വിശ്വാസികളായ നമ്മള്‍ക്ക്‌ കഴിയണം. പ്രാര്‍ഥനയും ഉപവാസവും വിശ്വാസവും കൊണ്ട്‌ ഇത്‌ സാധിക്കും. ദൈവീകശക്തി നേടി മാത്രമേ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ക്ക്‌ സാധിക്കൂവെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

മനുഷ്യ മനസുകള്‍ ദേവാലയങ്ങളാകണം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

മനുഷ്യമനസ്സുകള്‍ ദേവാലയങ്ങളാകുമ്പോഴാണ്‌ യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ദേവാലയത്തിന്റെ പരിശുദ്ധിയും സമാധാനാന്തരീക്ഷവും കുടികൊള്ളുന്ന മനസുകള്‍ക്കു മാത്രമേ അരൂപിയുടെ ഉത്തേജനമുണ്ടാകുകയുള്ളൂവെന്ന്‌ അദ്ദേഹം ഉത്ബോധിപ്പിച്ചു. പുതുതായി നിര്‍മിച്ച കുറ്റിപ്പുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയുടെ വെഞ്ചിരിപ്പും പ്രതിഷ്ഠയും നിര്‍വഹിച്ചുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.

വിദ്യാലയങ്ങള്‍ സമഗ്ര ജീവിതവീക്ഷണം നല്‍കണം: മാര്‍ പവ്വത്തില്‍

സമഗ്രമായ ജീവിതവീക്ഷണം നല്‍കുന്നവയാകണം വിദ്യാലയങ്ങളെന്ന്‌ ആര്‍ ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഒരു സമ്പ്രദായത്തില്‍ മാത്രമുള്ള വിദ്യാലയങ്ങള്‍ സമഗ്രാധിപത്യത്തിനു മാത്രമേ വഴിതെളിക്കുകയുള്ളൂ. സമഗ്രമായ വിദ്യാഭ്യാസം ഇതില്‍നിന്നും വ്യത്യസ്തമാണ്‌. നെടുങ്കുന്നം സെന്റ്‌ തെരേസാസ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍ നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടക്ക നടപടിക്ക്‌ വിധേയനായി പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുവാന്‍ സര്‍വകലാശാലകള്‍ പ്രമേയം പാസാക്കുന്നതും മനോഭാവത്തോടെ കലാലയങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ ശ്രമിക്കുന്നതും ഖേദകരമാണ്‌. വിഭാഗീയത വളര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ തിരിച്ചറിയണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tuesday, February 3, 2009

ജീസസ്‌ യൂത്ത്‌ സഭയ്ക്ക്‌ പ്രത്യാശ നല്‍കുന്നു: കര്‍ദിനാള്‍ മാര്‍ വിതയത്തില്‍

ജീസസ്‌ യൂത്ത്‌ സഭയ്ക്ക്‌ ഏറെ പ്രത്യാശ നല്‍കുന്നുവെന്ന്‌ സി.ബി.സി.ഐ പ്രസിഡന്റ്‌ സീ റോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ദേശീയ കത്തോലിക്കാ യുവജന മുന്നേറ്റമായി ജീസസ്‌ യൂത്തിനെ അംഗീകരിച്ചുകൊണ്ട്‌ സിബിസിഐയുടെ പ്രഖ്യാ പനം വന്ന ശേഷം കര്‍ദിനാളിനെ സന്ദര്‍ശിച്ച്‌ ജീസസ്‌ യൂത്ത്‌ അംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ പ്രതിബദ്ധതയുള്ള അല്‍മായ നേതൃത്വങ്ങളും ഊര്‍ജ്വസ്വലതയും ശുഭാപ്തി വിശ്വാസവും പ്രത്യാശയുള്ളവരുമായ യുവജനങ്ങള്‍ സഭയില്‍ അനിവാര്യമാണ്‌. ഇന്ന്‌ ഇത്തരത്തിലുള്ള യുവജനങ്ങളുടെ അഭാവമാണ്‌ സഭയും സമൂഹവും നേരിടുന്ന വെല്ലുവിളി. എന്നാല്‍, ജീസസ്‌ യൂത്തിന്റെ കടന്നുവരവ്‌ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ക്രിസ്തുവിനോടും സഭയോടും പ്രതിബദ്ധതയുള്ള ജീസസ്‌ യൂത്തിന്റെ മിഷണറി തീഷ്ണതയും പ്രവര്‍ത്തന ശൈലിയും ഏറെ പ്രശംസനീയമാണെന്നും കര്‍ദിനാള്‍ പറഞ്ഞു

കടപ്പാടുകള്‍ സ്മരിക്കാനുള്ള അവസരമാകണം ജൂബിലി: മാര്‍ ദിവന്നാസിയോസ്‌

കടപ്പാടുകള്‍ അനുസ്മരിക്കാനുള്ള അവസരവും, സ്നേഹവും, സന്തോഷവും പങ്കുവെക്കാനുള്ള സമയമാണ്‌ ജൂബിലി ആഘോഷമെന്ന്‌ ബത്തേരി രൂപത ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. പുല്‍പ്പള്ളി സെന്റ്‌ ജോര്‍ജ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.ഭൗതികമായ വളര്‍ച്ചയേക്കാള്‍ വലുതാണ്‌ ആത്മീയമായ വളര്‍ച്ച. ഓരോരുത്തര്‍ക്കും ആത്മീയ വളര്‍ച്ച ഉണ്ടാകുമ്പോള്‍ ഓരോ സമൂഹവും സ്നേഹക്കൂട്ടായ്മയിലേക്ക്‌ ഉയരും.വരും തലമുറക്ക്‌ വേണ്ടി നല്ല മൂല്യങ്ങള്‍ കരുതിവെക്കുമ്പോഴാണ്‌ കടന്നുപോയ തലമുറയോട്‌ നാം കൂറ്‌ പുലര്‍ത്തുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. ദൈവ കല്‍പ്പന അനുസരിച്ച്‌ ജീവിക്കുന്ന സമൂഹത്തിന്‌ ദൈവത്തിന്റെ രക്ഷ ഉറപ്പായിരിക്കുമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച ബത്തേരി രൂപത വികാരി ജനറാള്‍ മോണ്‍. എല്‍ദോ പുത്തന്‍കണ്ടത്തില്‍ പറഞ്ഞു.

എം.ജി സെനറ്റിന്റെ നീക്കം പ്രതിഷേധാര്‍ഹം: മാര്‍ പവ്വത്തില്‍

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നു കണെ്ടത്തി പുറത്താക്കിയ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ കോളജ്‌ അധ്യാപകനെ തിരിച്ചെടുക്കണമെന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിന്റെ ആവശ്യം പ്രതിഷേ ധാര്‍ഹമാണെന്നു ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു.ഗുരുതരമായ തെറ്റിനെപ്പോലും ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവും ഉന്നത വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കവുമായിട്ടാണ്‌ ഇതിനെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു അധ്യാപകരുടെ വളരെ ഗുരുതരമായ കൃത്യവിലോപത്തിനെപ്പോലും ന്യായീകരിക്കുകയും കോളജിന്റെ നടത്തിപ്പില്‍ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന യൂണിവേഴ്സിറ്റി സെനറ്റിന്റെ നീക്കത്തിനെതിരേ നാടിന്റെ നന്മയും വിദ്യാഭ്യാസരംഗത്തെ പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടുവരണം.കടുത്ത തിന്മയേയും അച്ചടക്ക ലംഘനത്തെയും രാഷ്ട്രീയ പ്രേരിതമായി ന്യായീകരിക്കുന്ന നയം തെറ്റു ചെയ്യുന്നതുപോലെതന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകന്റെ തേങ്ങലൊതുക്കാന്‍ സഭ പ്രവര്‍ത്തനസജ്ജം: മാര്‍ മാത്യു മൂലക്കാട്ട്‌

കര്‍ഷകന്റെ തേങ്ങലുകള്‍ തിരിച്ചറിയാനും അതിനു പരിഹാരം കണെ്ടത്താനും സഭ പരിശ്രമിക്കുമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തടിയമ്പാട്‌ ചൈതന്യ കാര്‍ഷിക നഴ്സറിയില്‍ സംഘടിപ്പിച്ച ഹൈറേഞ്ച്‌ മേഖല ഹരിതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ തേങ്ങലുകളില്‍ അവരോടൊപ്പം നില്‍ക്കുന്നത്‌ ഔദാര്യമായിട്ടായിരിക്കരുതെന്നും അത്‌ തങ്ങളുടെ കടമയാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈറേഞ്ചിലെ കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടുത്ത മൂന്നുവര്‍ഷത്തേക്കു കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചു കൃഷി രീതികള്‍ മാറ്റാനും ടൂറിസംപോലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താനും ഇടുക്കിയിലെ കര്‍ഷകര്‍ പരമാവധി പരിശ്രമിക്കണമെന്നും ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

Monday, February 2, 2009

മാതാപിതാക്കള്‍ പ്രതികരിക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വിശ്വാസസത്യങ്ങളെയും ധാര്‍മികമൂല്യങ്ങളെയും എതിര്‍ക്കുന്ന സംഘടിത ശക്തികള്‍ പ്രബലപ്പെട്ടുവരുന്നുകാലഘട്ടത്തില്‍ ഇതിനെതിരേ മാതാപിതാക്കള്‍ പ്രതികരിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പിതൃവേദി-മാതൃജ്യോതിസ്‌ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരേയും അനുമോദിച്ച്‌ പ്രസംഗിക്കുകയായിരുന്നുമാര്‍ പെരുന്തോട്ടം.അസമ്പ്ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജയിംസ്‌ കുന്നില്‍ അധ്യക്ഷതവഹിച്ചു.