Thursday, April 30, 2009

അര്‍ഹമായത്‌ സമാഹരിച്ച്‌ നല്‍കുന്നതാണ്‌ സാമൂഹ്യസേവനം: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ

ജീവിതത്തിന്റെ സമൃദ്ധിയില്‍ മനുഷ്യന്‍ ജീവിക്കണമെന്നും അര്‍ഹമായത്‌ അര്‍ഹിക്കുന്ന സമയത്ത്‌ സമാഹരിച്ച്‌ നല്‍കുകയാണ്‌ സാമൂഹ്യ പ്രവര്‍ത്തകന്റെ ദൗത്യമെന്നും സി.ബി.സി.ഐ വൈസ്‌ പ്രസിഡന്റ്‌ മാര്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ. കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച വികസന മാര്‍ഗരേഖ ശില്‍പശാലയുടെ സമാപനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹ്യ പ്രവര്‍ത്തനം ക്രിസ്തുവിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണെന്നും യുവതലമുറയ്ക്ക്‌ പ്രത്യേക ഊന്നല്‍ കൊടുക്കുന്ന ഒരു വികസന സമീപനം സഭയ്ക്ക്‌ ആവശ്യമുണെ്ടന്നും ബാവ കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സി ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമാപന സന്ദേശം നല്‍കി.

21 നൂതന പദ്ധതികളുമായി സഭയുടെ വികസന മാര്‍ഗരേഖ - കെ.സി. ബി.സി ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌ കമ്മീഷന്‍

പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുന്ന വികസന കാഴ്ചപ്പാടാണ്‌ സഭയുടെ സാമൂഹിക പ്രവര്‍ത്തന ദൗത്യമെന്ന്‌ കെ.സി. ബി.സി ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌ കമ്മീഷന്‍ കേരള വികസനത്തിനായി സമര്‍പ്പിച്ച സമഗ്ര വികസന മാര്‍ഗരേഖ.വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ എല്ലാ രൂപതകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത വികസന സെമിനാറില്‍ മാര്‍ മാത്യു അറയ്ക്കലാണ്‌ വികസന മാര്‍ഗരേഖ അവതരിപ്പിച്ചത്‌.ആഗോള സാമ്പത്തിക പാരിസ്ഥിതിക വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന്‌ പുതിയ വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ കേരളത്തിലെ 29 കത്തോലിക്ക രൂപതകളിലെ സാമൂഹിക വികസന സംഘടനകളുടെ സംസ്ഥാനതല ഏകോപന സമിതിയായ കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം തീരുമാനിച്ചു. സംസ്ഥാനത്തി ന്റെ വികസന പ്രക്രിയയില്‍ ക ത്തോലിക്ക സഭയ്ക്ക്‌ ഉത്തരവാദിത്വപൂര്‍ണമായ പങ്കാളിത്തം വഹിക്കാനുണെ്ടന്ന്‌ സമ്മേളനം വിലയിരുത്തി.സാമൂഹ്യ നീതിയിലും അവസര സ്ഥിതി സമത്വത്തിലും ഊന്നിയുള്ള വികസന സമീപനത്തിന്റെ അനിവാര്യത സമ്മേളനം അംഗീ കരിക്കുന്നു.അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കത്തോലിക്ക സഭ വിവിധ വികസന ദൗത്യങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌. ഉപജീവന സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുസ്ഥിര വികസന പദ്ധതികള്‍ ഏറ്റെടുക്കും. കാ ര്‍ഷിക - മത്സ്യബന്ധന സംരംഭകത്വ, സേവന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കും. ഈ പദ്ധതിയില്‍ 10 ലക്ഷം കുടുംബങ്ങളെയാണ്‌ പങ്കെടുപ്പിക്കുന്നത്‌.ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ ഇരുനൂറോളം ഗ്രാമങ്ങളില്‍ 10,000 കര്‍ഷകരെ സജ്ജരാക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനംകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറത്തിന്റെ അംഗ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള 50,000 സാമൂഹ്യാധിഷ്ഠിത സംഘടനകളിലൂടെയുള്ള ഫലപ്രദമായ ഇട പെടലുകള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും. വര്‍ധിച്ചുവരുന്ന കാര്‍ഷിക പ്രതിസന്ധിയും കടബാധ്യതയും ഫലപ്രദമായി നേരിടുന്നതിന്‌ ഉചിതമായ ഉത്പാദന സഹകരണ വിപണന മേഖലകളിലെ പങ്കാളിത്ത അധിഷ്ഠിത ഇടപെടലുകള്‍ക്ക്‌ നേതൃത്വം നല്‍കും.രൂക്ഷമായ പ്രതിസന്ധി നേരിടുന്ന വയനാട്‌, ഇടുക്കി, കുട്ടനാട്‌, തൃശൂര്‍ പ്രദേശങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള സമീപനം സ്വീകരിക്കും.ഭൂഗര്‍ഭ ജല ചൂഷണം നിയന്ത്രിക്കുന്നതിനും ജലസ്രോതസുകള്‍ പുനരുദ്ധരിക്കുന്നതിനുമുള്ള പരിപാടികള്‍ രൂപപ്പെടുത്തും. പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കും.സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനവും വിവേചനവും തൊഴില്‍രംഗത്തും പൊതു സമൂഹത്തിലും അനുഭവപ്പെടുന്ന ചൂഷണവും നേരിടുവാന്‍ ബോധവത്കരണവും നിയമപരമായ പിന്തുണയും നല്‍കും.മുതിര്‍ന്ന പൗരന്മാരുടെ അനുഭവവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കും തുടങ്ങിയ 21 പദ്ധതികളാണ്‌ മൂന്നു ദിവസം നീണ്ടു നിന്ന ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞത്‌.വികസന പര ി‍പ്രേഷിതത്വത്തിന്‌ തുടര്‍ നടപടികള്‍ക്കായി വിഷയാധിഷ്ഠിത വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കര്‍മസമിതികള്‍ക്കു രൂപം നല്‍കും.

വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി - ഭാഗം രണ്ട്‌

1. യേശുക്രിസ്തു എളിമയുടെ ജീവിതമാണ്‌ നയിച്ചത്‌. ക്രിസ്തു തന്റെ ശിഷ്യന്മാരോട്‌ എളിമയുടെയും സേവനത്തിന്റെയും മാര്‍ഗ്ഗം നയിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നു. യേശുവിന്റെ ശിഷ്യന്മാര്‍ എന്തുകൊണ്ടാണ്‌ ആര്‍ഭാടജീവിതം നയിക്കുന്നത്‌? എന്തുകൊണ്ടാണ്‌ അഭിവന്ദ്യ മെത്രാന്മാര്‍ ആഡംഭരജീവിതം നയിക്കുകയും ആഡംബരവാഹനങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്നത്‌?
ഇത്‌ വളരെ പ്രസക്തമായ ചോദ്യമാണ്‌. ബിഷപ്‌ താമസിക്കുന്ന സ്ഥലത്തെയാണ്‌ ബിഷപ്സ്‌ ഹൗസ്‌ എന്നു പറയുന്നത്‌. പലപ്പോഴും ബിഷപ്സ്‌ ഹൗസ്‌ സാമാന്യം വലിയ കെട്ടിടമാണ്‌. എന്നാല്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്‌. അതായത്‌ ബിഷപ്സ്‌ ഹൗസിനോട്‌ ചേര്‍ന്ന്‌ പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. നിങ്ങല്‍ കാണുന്ന ആ വലിയ കെട്ടിടത്തില്‍ ഒരു ചെറിയ മുറി മാത്രമേ ബിഷപ്‌ ഉപയോഗിക്കുന്നുളളൂ. അവരുടെ താമസമുറിയില്‍ ഒന്നു കയറി നോക്കുകയാണെങ്കില്‍ വളരെ ലളിതജീവിതം നയിക്കുന്നവരാണ്‌ അവരെന്ന്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ഏറ്റവും മിതമായ സൗകര്യം മാത്രമേ അവരുടെ മുറികളിലുള്ളൂ. അവരുടെ ഭക്ഷണം ഒട്ടും ആര്‍ഭാടമല്ല. കേരളത്തില്‍ വിവിധ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നവരാണ്‌ മെത്രാന്മാര്‍. അതുകൊണ്ടാണ്‌ യാത്രാ സൗകര്യത്തിനും ആരോഗ്യസംരക്ഷണത്തിനുമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നത്‌. നിങ്ങള്‍ പലരും ദൂരത്തുനിന്നുമാത്രമാണ്‌ മെത്രാന്മാരെ വീക്ഷിക്കുന്നത്‌. അടുത്തു വന്നു വീക്ഷിക്കൂ... അപ്പോള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ വിമര്‍ശനങ്ങള്‍ അല്ലാതാകും.
2. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ക്യാപ്പിറ്റേഷന്‍ ഫീസ്‌ വാങ്ങിക്കുന്നതിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക്‌ മറുപടി.
കേരളത്തില്‍ ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചതു പോലെ കത്തോലിക്കാ സഭയ്ക്ക്‌ 3 മെഡിക്കല്‍ കോളേജുകളും 10 എന്‍ജിനീയറിംഗ്‌ കോളേജുകളുമാണ്‌ ഉള്ളത്‌. കേരളത്തിലെ മറ്റ്‌ മെഡിക്കല്‍ കോളേജുകളും എന്‍ജിനീയറിംഗ്‌ കോളേജുകളും വാങ്ങിക്കുന്നതിലും കുറച്ചു ഫീസാണ്‌ കത്തോലിക്കാ സ്ഥാപനങ്ങളില്‍ വാങ്ങിക്കുന്നത്‌. ക്യാപ്പിറ്റേഷന്‍ ഫീസ്‌ ഒരു ലക്ഷം രൂപയാണ്‌ വാങ്ങുന്നത്‌. ഈ ഫീസ്‌ ഒരു വിദ്യാര്‍ത്ഥി തന്റെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കോളേജ്‌ ക്യാപ്പിറ്റേഷന്‍ ഫീസ്‌ മൊത്തമായി തിരിച്ചുകൊടുക്കുന്നു. ക്യാപ്പിറ്റേഷന്‍ ഫീസ്‌ അടയ്ക്കുവാന്‍ സാധിക്കാത്തവര്‍ക്ക്‌ കോളേജ്‌ തന്നെ ബാങ്കുകള്‍ വഴി അത്‌ ലഭ്യമാക്കികൊടുക്കുന്നു. മാത്രമല്ല പഠനം പൂര്‍യാക്കി കഴിയുമ്പോള്‍ ബാങ്കില്‍ നിന്നും എടുത്ത തുക പലിശയില്ലാതെ കോളേജ്‌ തന്നെ ബാങ്കില്‍ അടയ്ക്കുന്നു. വിദ്യാര്‍ത്ഥി, ബാങ്കില്‍ അടയ്ക്കേണ്ട പലിശ മാത്രം ഉണ്ടാക്കിയാല്‍ മതിയാവും. ഈ ക്യാപ്പിറ്റേഷന്‍ ഫീസ്‌ വാങ്ങിക്കുന്നത്‌ സര്‍ക്കാരിന്റെ അറിവോടെ മാത്രമാണ്‌.
3. അഭയക്കേസില്‍ സി.സി.ഐയുടെ പ്രവര്‍ത്തനം പാഴാണോ എന്ന ചോദ്യത്തിനുള്ള മറുപടി.
അഭയക്കേസില്‍ സത്യം തെളിയിക്കപ്പെടണമെന്ന്‌ തന്നെയാണ്‌ സഭയ്ക്ക്‌ പറയുവാനുള്ളത്‌. അഭയക്കേസ്സുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക്‌ ദിശ തെറ്റിയിട്ടില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസ്‌ ഹേമയുടെ ജാമ്യാപേക്ഷയിലുള്ള വിധി അതാണ്‌ സൂചിപ്പിക്കുന്നത്‌

Tuesday, April 28, 2009

നല്ല സമൂഹത്തെ സൃഷ്ടിക്കുകയാണ്‌ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം: മാര്‍ മാത്യു അറയ്ക്കല്‍

നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്‌ മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന്‌ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍.ഇമ്മാനുവേല്‍ സ്നേഹ സമൂഹത്തിന്റെ ദശവത്സരാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മദ്യ വിരുദ്ധ പ്രവര്‍ത്തനം ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തനമാണ്‌. പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും മനുഷ്യന്‌ പ്രത്യാശാബോധം വളര്‍ത്തുകയും ചെയ്യുക എന്നത്‌ ലോകത്തിനു ക്ഷേമകരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവിരുദ്ധ സമൂഹം സൃഷ്ടിക്കുന്നതില്‍ അമ്മമാരുടെ പങ്ക്‌ വളരെ വലുതാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ വ്യക്തമാക്കി. മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന അമ്മമാരെ ചടങ്ങില്‍ ഷീല്‍ഡ്‌ നല്‍കി ബിഷപ്‌ ആദരിച്ചു.

ആഡംബരവും സ്വാര്‍ഥതയും വിശ്വാസജീവിതത്തെ പ്രതിസന്ധിയിലേക്കു നയിക്കും: മാര്‍ പവ്വത്തില്‍

ആഡംബരഭ്രമവും സ്വാര്‍ഥതയും വിശ്വാസ ജീവിതത്തെ പ്രതിസന്ധിയിലേക്കു നയിക്കുമെന്നു ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. മനയ്ക്കച്ചിറ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു നടത്തപ്പെട്ട കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആസക്തി വര്‍ധിക്കുന്നിടത്തു വിശ്വാസം ക്ഷയിക്കും. ദൈവവിശ്വാസം നഷ്ടപ്പെടുകയാണെങ്കില്‍ കുടുംബജീവിതത്തിലെ ധാര്‍മിക മാനദണ്ഡങ്ങള്‍ നഷ്ടപ്പെടും. കുടുംബ ജീവിതത്തിലെ ഭദ്രത ഉറയ്ക്കണമെങ്കില്‍ വിശ്വാസം ഉറയ്ക്കണമെന്നു മാര്‍ പവ്വത്തില്‍ പറഞ്ഞു.

യുവജനങ്ങള്‍ മനുഷ്യ മനസാക്ഷിയറിഞ്ഞ്‌ മുന്നേറണം: ബിഷപ്‌ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍

ലോക സമൂഹത്തിന്റെ ഗതിവിഗതികളില്‍ നന്മയെ ഇല്ലാതാക്കുന്ന പ്രവണതകള്‍ കുമിഞ്ഞുകൂടുമ്പോള്‍ യുവജനങ്ങള്‍ മനുഷ്യമനസാക്ഷിയുടെ ആഴങ്ങള്‍ അറിഞ്ഞ്‌ നീതിക്കുവേണ്ടി മുന്നേറാന്‍ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആഹ്വാനം ചെയ്തു. യുവജ്യോതി- കെ.സി.വൈ.എം ആലപ്പുഴ രൂപതാ സമിതിയുടെ വാര്‍ഷിക ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പതിരുകളെ കാറ്റില്‍ പറത്തണമെന്ന്‌ ബിഷപ്‌ പറഞ്ഞു.

Monday, April 27, 2009

സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം ഉറപ്പാക്കണം: മാര്‍ വിതയത്തില്‍

സ്ത്രീക്കും പുരുഷനും തുല്യമഹത്വവും തുല്യപങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന്‌ സീ റോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ കേരളത്തിലെ വിവിധ രൂപതകളിലേയും സഭാസംഘടനകളിലെയും അല്‍മായ വനിതാപ്രതിനിധികളുടെ ദ്വിദിന നേതൃത്വസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന്‍ പരസ്പര ബഹുമാനവും സമത്വവും നല്‍കുമ്പോഴാണ്‌ ദൈവിക മനുഷ്യനായി മാറുന്നത്‌. നമ്മുടെ സമൂഹത്തില്‍ ഒരുപാട്‌ സ്ത്രീകള്‍ സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, സമൂഹത്തില്‍ സജീവ പങ്കാളിത്തം നേടിയെടുക്കാന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക്‌ പ്രത്യേക കടമയുണ്ട്‌. സഭയിലും സമൂഹത്തിലും പുരുഷനും സ്ത്രീക്കും ഒരേ മഹത്വവും തുല്യപങ്കാളിത്തവും ഉറപ്പുവരുത്തി ഒത്തൊരുമിച്ചുള്ള ഒരു പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

അമ്മമാര്‍ സംഘടനാ കൂട്ടായ്മയിലൂടെ ശക്തിയാര്‍ജിക്കണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സഹനത്തിന്റെ ത്യാഗത്തിന്റെയും ഉത്തമ മാതൃകകളായ അമ്മമാര്‍ സംഘടനാകൂട്ടായ്മയിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ച്‌ ദരിദ്രര്‍ക്കും വേദനയനുഭവിക്കുന്നവര്‍ക്കും താങ്ങും തണലുമായിത്തീരണമെന്ന്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന എറണാകുളം-അങ്കമാലി അതിരൂപത വിമണ്‍സെല്ലിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ നട്ടെല്ലായ വീട്ടമ്മമാരുടെ ശാക്തീകരണത്തിനുംസമുദായത്തോടും സമൂഹത്തോടും അവര്‍ക്കുള്ള ചുമതലകള്‍ ബോധ്യപ്പെടുത്തുന്നതിനുമായാണ്‌ സംഗമം സംഘടിപ്പിച്ചത്‌.ഉച്ചയ്ക്ക്‌ ശേഷം നടന്ന യോഗത്തില്‍ എറണാകുളം അങ്കമാലി- അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അനുഗ്രഹപ്രഭാഷണം നടത്തി. ആധുനീക കാലഘട്ടത്തില്‍ സ്തീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുടൂംബവും സമൂഹവും ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണെന്നും അവ തോളോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാലെ സമൂഹം മുന്നേറുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ഫാ.പോള്‍ കല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തിന്‌ വേണ്ടി സഭയും സമൂഹവും നിലകൊള്ളണമെന്ന്‌ അദ്ദേഹം പറഞ്ഞു.

Saturday, April 25, 2009

വിശ്വാസ വഴികളില്‍ ഇടര്‍ച്ചകളുണ്ടാകാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്‍

കത്തോലിക്കാ വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തില്‍ പുതുതായി രൂപം കൊള്ളുന്ന സെക്ടറുകളെക്കുറിച്ച്‌, കേരള കത്തോലിക്കാ മെത്രാന്മാര്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ വെളിച്ചത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ തയ്യാറാക്കിയ ലേഖനം വിശ്വാസ വഴികളില്‍ ഇടര്‍ച്ചകളുണ്ടാകാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദൈവത്തോടുള്ള ഏകാന്തമായ അര്‍ഥനയാണ്‌ പ്രാര്‍ഥന. പ്രാര്‍ഥനയില്‍ നമ്മുടെ മനസ്‌ വിമലീകരിക്കപ്പെടുന്നു. പ്രാര്‍ഥനിയില്‍ നാം അഹങ്കാരത്തിന്റെ പടവുകളിറങ്ങി വിനയത്തിന്റെ താഴ്‌ വരയിലൂടെ നടക്കുന്നു. എന്റെ ദൈവമേ എന്റെ ദൈവമേ എന്നുള്ള ഓരോ വിളിയിലും നാം കൂടുതല്‍ കൂടുതല്‍ വിനീതിരായിത്തീരുന്നു. നമ്മുടെ നിസഹായത നമുക്ക്‌ കൂടുതല്‍ ബോധ്യമാവുകയും നാം ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന നിമിഷത്തിലാണ്‌ ദൈവത്തിന്റെ പ്രസാദവരം നമ്മിലേക്ക്‌ പറന്നിറങ്ങുന്നത്‌. നാം ദൈവത്തിന്‌ കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നത്‌. പ്രാര്‍ഥനയിലാണ്‌ നാം കുടുതല്‍ സ്നേഹിക്കാന്‍ പഠിക്കുന്നത്‌. നമ്മേത്തന്നെയും നമ്മുടെ അയല്‍ക്കാരനെയും ഒരേ മനസോടെ സ്നേഹിക്കുന്ന സ്നേഹത്തിന്റെ സുവിശേഷം പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ അര്‍ഥനകള്‍ ദൈവമുമായി അദൃശ്യവീചികളാല്‍ നമ്മെ അടുപ്പിക്കുന്ന അവസരത്തിലാണ്‌ നമ്മുടെ പ്രാര്‍ഥന സഫലമാകുന്നത്‌. അപ്പോള്‍ പാപത്തിന്റെയും പാപചിന്തകളുടെയും അടരുകള്‍ നമ്മുടെ മനസില്‍ നിന്നും പൊഴിഞ്ഞുതുടങ്ങും. പ്രാര്‍ഥനയുടെ കൂട്ടായ്മയാണ്‌ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും കണ്‍വെന്‍ഷനുകളിലും സംഭവിക്കുന്നത്‌. അവിടെ കൂടിയിരിക്കുന്ന എല്ലാവരും തങ്ങളുടെ എല്ലാ പ്രവര്‍ത്തികളും മാറ്റിവെച്ചാണ്‌ പ്രാര്‍ഥനയ്ക്കായി ഒരുമിക്കുന്നത്‌. തങ്ങളുടെ മനസ്‌ ദൈവത്തിങ്കലേക്ക്‌ ഏകാഗ്രമാക്കി എല്ലാവരും പ്രാര്‍ഥിക്കുന്നു. കൂട്ടായ്മയുടെ ശക്തി ഇത്തരം പ്രാര്‍ഥനകളില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. എല്ലാവരും ചേര്‍ന്ന്‌ പാട്ടുപാടി ദൈവത്തെ സ്തുതിക്കുകയും പ്രാര്‍ഥനകള്‍ ഏറ്റുചൊല്ലുകയും വചനത്തില്‍ മനസ്‌ ഏകാഗ്രമാക്കുകയും ചെയ്യുമ്പോള്‍ ധ്യാനത്തിന്റെയോ ബൈബിള്‍ കണ്‍വെന്‍ഷന്റെയോ ഭാഗമായിട്ടുള്ള നിരവധി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ മനസ്‌ മേറ്റ്ല്ലാ ചിന്തകളില്‍ നിന്നും വിമുക്തമാക്കപ്പെട്ട്‌ ദൈവത്തിങ്കലേക്ക്‌ കൂടുതല്‍ അടുക്കുന്നു. നമ്മുടെ മനസ്‌ എത്രമാത്രം നിര്‍മലമാക്കി ദൈവത്തിന്‌ ഇരിപ്പിടമൊരുക്കുന്നുവോ അത്രത്തോളമാണ്‌ ദൈവം നമ്മില്‍ കൃപ ചൊരിയുന്നത്‌. അത്രത്തോളമാണ്‌ ദൈവത്തിന്‌ നമ്മള്‍ പ്രിയപ്പെട്ടവരാകുന്നത്‌. ക്രൈസ്തവജീവിതം വചനാധിഷ്ഠിതമായിരിക്കണം. ബൈബിള്‍ വായിക്കുക എന്നതു മാത്രമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വചനം മനനം ചെയ്യുകയും അതു ജീവിത ചര്യയായക്കി മാറ്റുകയും ചെയ്യണം. വചനാധിഷ്ഠിതമാണ്‌ കരിസ്മാറ്റിക്‌ പ്രാര്‍ഥന. ധ്യാനകേന്ദ്രത്തിലായാലും ബൈബിള്‍ കണ്‍വെന്‍ഷനിലായാലും പള്ളികളിലെ വാര്‍ഷികധ്യാനത്തിലായാലും വചനത്തെ അധിഷ്ഠിതമാക്കിയാണ്‌ ആത്മീയശുശ്രൂഷകള്‍ രൂപപ്പെടുത്തുന്നത്‌. ഒരു ബൈബിള്‍ വചനത്തിലൂടെ നമ്മുടെ ജീവിതത്തെ നവീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇടപെടാന്‍ ദൈവത്തിനു സാധിക്കുന്നു. ഇതു ദൈവത്തിനുമാത്രം സാധിക്കുന്ന കാര്യമാണ്‌. അജ്ഞത നിറഞ്ഞ നമ്മുടെ മനസിലെ വചനവെളിച്ചം നിറയ്ക്കാനും നമ്മേ വചനത്തിലൂടെ ദൈവസന്നിധിയിലേക്ക്‌ അടുപ്പിക്കാനും കരിസ്മാറ്റിക്‌ ധ്യാനത്തിന്‌ സാധിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു(1962-65) ശേഷം കത്തോലിക്കാസഭയില്‍ വിവിധങ്ങളായ ആത്മീയമുന്നേററങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അവയില്‍ ഒന്നാണു കരിസ്മാററിക്കു നവീകരണം. ഇതുവഴി സഭയില്‍ ഉണ്ടായിട്ടുളള ആത്മീയ ഉണര്‍വ്‌ വളരെ വലുതാണ്‌. കൂട്ടായ പ്രാര്‍ഥനിയിലൂടെ നിരവധി ആളുകള്‍ക്ക്‌ അനുഗ്രഹങ്ങള്‍ ലഭിക്കുകയും വ്യാകുലതകള്‍ മാറിക്കിട്ടുകയും ദീര്‍ഘനാളായുള്ള അസ്വസ്ഥതകള്‍ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്‌. ഇത്തരം സാക്ഷ്യങ്ങള്‍ ധാരാളമായി പ്രചരിച്ചതോടെ നിരവധി ധ്യാനകേന്ദ്രങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും കേരളത്തിലങ്ങോളമിങ്ങോളം ആരംഭിക്കപ്പെട്ടു. ഇതില്‍ പലതും സഭയുടെ അറിമോ സമ്മതമോ ഇല്ലാത്തവയയായിരുന്നു. ഇവിടെ നടത്തുന്ന പ്രാര്‍ഥനകളും കര്‍മങ്ങളും സഭയുടെ പ്രബോധനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിരുദ്ധമായിരുന്നു. പലതും തിരുസഭ എന്ന മഹാവൃഷത്തിന്റെ ശാഖകളും ഫലങ്ങളും നശിപ്പിക്കുന്നതുമായിരുന്നു. അതിനാല്‍ തന്നെ ഇത്തരം പ്രവണത കള്‍ക്കെതിരെ പ്രതികരിക്കുന്നതിനും അവയുടെ ചൂഷിത വലയത്തില്‍ നിന്ന്‌ സഭാവിശ്വാസികളെ രക്ഷിക്കുന്നതിനും വേണ്ടി സഭയ്ക്ക്‌ നേരിട്ടു ഇടപെടേണ്ടിവന്നു. എന്നാല്‍, യേശുവിന്റെ പ്രബോധനത്തിനും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനും ചേരാത്തതും കത്തോലിക്കാ കരിസ്മാറ്റിക്‌ നവീകരണത്തോട്‌ ബന്ധമില്ലാത്തതുമായ വളരെ അപകടകരങ്ങളായ പ്രവണതകളും ചിന്തകളും കരിസ്മാറ്റിക്‌ എന്ന പേരില്‍ രൂപപ്പെടുന്നുണ്ട്‌. അവയെ തിരുത്തേണ്ടത്‌ സഭയുടെ കര്‍ത്തവ്യവും അത്തരം അപകടങ്ങളില്‍പെട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ തെറ്റുതിരുത്തി ക്രിസ്തുവിന്റെ പാതിയിലേക്ക്‌ തിരികെ വരേണ്ടത്‌ ക്രൈസ്തവരുടെ കടമയുമാണ്‌. സഭയെപ്പററിയും ദൈവവചനത്തെപ്പററിയും നിരവധി തെററായ ചിന്തകളും പ്രബോധനങ്ങളൂം ഇന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവും ആണെന്ന വിശ്വാസം സഭയുടെ വിശുദ്ധ പാരമ്പര്യമാണ്‌. അതു ബൈബിളധിഷ്ഠിതവുമാണ്‌. വിശ്വാസപ്രമാണത്തില്‍ നാം അത്‌ ഏററുപറയുന്നു. യേശു ഒരു സഭ മാത്രമേ സ്ഥാപിച്ചിട്ടുളളൂ. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടതാണ്‌ ആ സഭ. ഈ അടിത്തറയുടെ മൂലക്കല്ലു ക്രിസ്തുവാണ്‌ (എഫേ 2.20). യേശുവിലൂടെ സാക്ഷാത്കരിക്കപ്പെട്ട രക്ഷാകരപ്രവര്‍ത്തനം തുടര്‍ന്നുപോകുന്നത്‌ ഈ സഭയിലൂടെയാണ്‌. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക്‌ ഇതു നിഷേധിക്കാനവുകയില്ല. കര്‍ത്താവുതന്നെ രൂപംകൊടുത്ത ഒരു ഘടനയാണിത്‌. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട ഈ സഭയുടെ പ്രധാന ചുമതലക്കാരന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിക്കപ്പെടുന്ന പരിശുദ്ധ മാര്‍പാപ്പയാണ്‌. മാര്‍പാപ്പയോടൊപ്പം സഭയെ നയിക്കുന്നതും പഠിപ്പിക്കുന്നതും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ സംഘമാണ്‌. ഇന്നത്തെ മെത്രാന്‍ സംഘത്തിന്റെ ആദിമരൂപം അപ്പസ്തോലഗണത്തിലാണു നമ്മള്‍ കാണുന്നത്‌. അവര്‍ക്കു നല്‍കപ്പെട്ട ആത്മീയ അധികാരാവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഇന്നത്തെ മെത്രാന്‍ സംഘത്തിനും ഉണ്ട്‌. അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ അപ്പസ്തോലഗണത്തിനു നല്‍കിയ ഉപദേശങ്ങള്‍, അവര്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍, അവരോടു ചെയ്ത വാഗ്ദാനങ്ങള്‍ തുടങ്ങിയവയെല്ലാം അവരുടെ അനുഗാമി കള്‍ക്കും കൂടിയുളളതാണ്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ എക്കാലവും സഭ അപ്പസ്തോലികമാണന്ന വസ്തുതയാണ്‌. ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷ അവകാശമാക്കാനുളള മാര്‍ഗം ഈ സഭയില്‍ അംഗമായിരിക്കുക എന്നതാണ്‌. തിരുസ്സഭയിലാണു യേശു സ്ഥാപിച്ച കൂദാശകളുടെ പരികര്‍മ്മം നടക്കുന്നത്‌. പൗരോഹിത്യശുശ്രൂയിലൂടെയാണല്ലോ കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌.ബൈബിളിനെ സംബന്ധിച്ചു പല തെററായ പ്രബോധനങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. വിശുദ്ധഗ്രന്ഥം രൂപപ്പെട്ടതു സഭയിലാണ്‌. അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളായ മെത്രാന്‍സംഘവുമാണ്‌ അതു വ്യാഖ്യാനിക്കാന്‍ അധികാരപ്പെട്ടവര്‍. ആത്മാവിന്റെ നിവേശനത്താല്‍ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയുടെ സത്യാവസ്ഥ തീരുമാനിക്കപ്പെടുന്നത്‌ അവരിലൂടെയാണ്‌. ഈ പാരമ്പര്യമനുസരിച്ചാണു സഭാ മക്കള്‍ ദൈവവചനത്തെയും ഇതര ആത്മീയസത്യങ്ങളെയും വേര്‍തിരിച്ചറിയുന്നതും അനുസരിക്കുന്നതും.അടുത്തകാലത്തു സഭയിലെ ചില അല്‍മായ പ്രഘോഷകര്‍ സ്വന്തം സുവിശേഷ ധ്യാനടീമുകളും പ്രാര്‍ഥനാ ഗ്രൂപ്പുകളും സ്ഥാപിക്കുകയും ക്രമേണ സഭാപ്രബോധനങ്ങളില്‍നിന്നും നിയന്ത്രണത്തില്‍നിന്നും അകന്നു സ്വന്തം നിലയില്‍ സെക്ടുകളായി മാറുകയും ചെയ്തിട്ടുണ്ട്‌. അവര്‍ നടത്തുന്ന ബൈബിള്‍ വ്യാഖ്യാനങ്ങള്‍ പലതും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനോ പ്രബോധനങ്ങള്‍ക്കോ സാമാന്യ ബുദ്ധിക്കോ നിരക്കാത്തവയാണ്‌. ലോകാവസാനം അധികം താമസിയാതെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നവരുടെ ചില കൂട്ടായ്മകളുണ്ട്‌. വിശുദ്ധഗ്രന്ഥത്തിലെ ചില വചനങ്ങളുടെ തെററായ വ്യാഖ്യാനമാണ്‌ അതിനു കാരണം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ബാഹ്യവസ്തുക്കളുടെ സ്വാധീനംമൂലം ഉണ്ടാകുന്നതാണന്നു പഠിപ്പിക്കുന്ന സുവിശേഷപ്രഘോഷകരുമുണ്ട്‌. ചില പുഷ്പങ്ങള്‍, ആന, മയില്‍ എന്നിവയുടെ ചിത്രങ്ങള്‍ ,താലി, നിലവിളക്കു തുടങ്ങിയവയൂടെ ഉപയോഗം എന്നിവയിലൂടെ ദുഷ്ടാരൂപി നമ്മിലേക്കു കടന്നുവരുമെന്നും മററും ഇവര്‍ പഠിപ്പിക്കുന്നു. വിശുദ്ധകുര്‍ബാനയ്ക്കിടയില്‍ സമാധാനാശംസ നല്‍കുമ്പോള്‍ അപരനിലെ ദുഷ്ടാരൂപി തങ്ങളിലേക്കു കടന്നുവരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഉപദേശിക്കുന്നവരുണ്ട്‌. ഇത്തരം പഠിപ്പിക്കലുകള്‍ക്കു പിന്‍ബലമായി ചില ബൈബിള്‍ വാചകങ്ങള്‍ അവര്‍ ഉദ്ധരിക്കുകയും ചെയ്യും. മററു മതവിശ്വാസികള്‍ പൂജ്യമായി കരുതുന്ന വസ്തുക്കളുടെ ഉപയോഗം മൂലം തിന്മ നമ്മിലേക്കു കടന്നുവരുമെന്ന ചിന്തയാണ്‌ അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. ഹൈന്ദവമതത്തോടു ളള വെറുപ്പാണ്‌ ഇതിലൂടെയെല്ലാം കാണിക്കുന്നത്‌. ബൈബിള്‍ മാത്രം മതി, അത്‌ ആര്‍ക്കും വായിച്ചു വ്യാഖ്യാനിക്കാന്‍ കഴിയും ഏന്ന ചിന്തയാണ്‍്‌ ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്‌. ഇക്കൂട്ടര്‍ സഭാപ്രബോധനങ്ങളും അപ്പസ്തോലപാരമ്പര്യങ്ങളും മനസ്സിലാക്കത്തവരോ അതു കണക്കിലെടുക്കാത്തവരോ ആണ്‌. എല്ലാം വെളിപ്പെടുത്തി കിട്ടുന്നുവെന്ന അവകാശവാദവും പലരും ഉന്നയിക്കുന്നു. അങ്ങനെ “പരിശുദ്ധാത്മാവുതന്നെ വെളിപ്പെടുത്തിക്കൊടുക്കുമ്പോള്‍ പിന്നെ സഭയുടെ ആവശ്യമെന്ത്‌” എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. ഇതിന്റെയൊക്കെ ഫലമായി സഭാകൂട്ടായ്മയില്‍നിന്നും അവര്‍ അകന്നുപോകുന്നു. ഇങ്ങനെയുണ്ടായിട്ടുളള സെക്ടുകളില്‍ കൂദാശകളുടെ പരികര്‍മ്മമുണ്ടാവുകയില്ല. അപ്പസ്തോലിക സ്വഭാവം നഷ്ടപ്പെടുന്ന അത്തരം ഗ്രൂപ്പുകള്‍ക്കു പൗരോഹിത്യ ശുശ്രൂഷയുടെ പ്രസക്തിയില്ലല്ലോ. യേശു സ്ഥാപിച്ച സഭയുമായുളള ബന്ധം അത്തരക്കാര്‍ വിച്ഛേദിക്കുകയാണു ചെയ്യുന്നത്‌.ബൈബിള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിനെ സംബന്ധിച്ചു സഭ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും ഇത്തരം ഗ്രൂപ്പുകള്‍ കണക്കിലെടുക്കുന്നില്ല. വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങളൊന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുളളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികബുദ്ധിയാല്‍ രൂപംകൊണ്ടതല്ല; മറിച്ച്‌, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്‌””(2 പത്രോ 1.20 -21). പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ഇവിടെയുണ്ട്‌. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എഴുതപ്പെട്ടതാണ്‌ ബൈബിള്‍. അതാണ്‌ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല്‌. ബൈബിള്‍ വചനത്തിലാണ്‌ സഭ പണിതുയര്‍ത്തിയിരിക്കുന്നത്‌. വിവിധ കൂദാശകര്‍മത്തിലൂടെയും പാപപരിഹാരത്തിലൂടെയും നവീകരിക്കപ്പെടുകയും പരിശുദ്ധമാക്കപ്പെടുകയും പാപത്തിന്റെ പഴയ വസ്ത്രം യൂറിഞ്ഞുമാറ്റപ്പെടുകയും ചെയ്യുന്നവരാണ്‌ ക്രൈസ്തവര്‍. സഭയുടെ അനുമതിയും വൈദികരുടെ സാന്നിധ്യവുമില്ലാതെ നടത്തപ്പെടുന്ന കരിസ്മാറ്റിക്‌ ധ്യാനപ്രഘോഷണങ്ങളില്‍ ഇത്തരം കൂദാശകര്‍മത്തിലൂടെ നവീകരിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും പുതിയ ജീവിതം തുടര്‍ന്നു നയിക്കുന്നതിനും സാധിക്കുന്നില്ല. പലപ്പോഴും നമ്മുടെ നിസ്സഹായാവസ്ഥയിലാണ്‌ നാം അവിശ്വാസത്തിന്റെ പോലും പാതിയിലൂടെ സഞ്ചരിക്കാന്‍ കാരണം. അപ്പോള്‍ സഭയുടെ വിലക്കുകളും ക്രിസ്തുവിന്റെ പ്രബോധന ങ്ങളും ബൈബിള്‍ വചനങ്ങളും എല്ലാം നാം മറന്നുപോകുന്നു. അത്തരത്തില്‍ എപ്പോഴെങ്കിലും നമ്മുടെ ബന്ധുക്കളില്‍ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ സ്നേഹബുദ്ധ്യാ അവരെ പിന്തിരിപ്പിക്കാനും ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക്‌ എത്തിക്കാനും നമുക്ക്‌ കടമയുണ്ട്‌. അതിനായി ഇടവക വൈദികന്റെയും മറ്റും സഹായം സ്വീകരിക്കണം. സഭയുടെ വിശ്വാസങ്ങളും പ്രബോധനങ്ങളും ദൈവജനത്തിനു കൂടതലായി വിശദികരിച്ചു കൊടുക്കാനും വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനുമുളള ശ്രമം ബഹുമാനപ്പെട്ട വികാരിമാരുടെ ഭാഗത്തുനിന്നുണ്ടാകണം. സെക്ടുകളില്‍ അകപ്പെട്ടുപോയവരെ സ്നേഹബുദ്ധ്യാ തിരുത്താന്‍ വികാരിമാര്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മയകളിലും കുടുംബയൂണിറ്റ്‌ പ്രവര്‍ത്തനങ്ങളിലും ഇടവക പള്ളിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നതിലൂടെ ക്രൈസ്തവന്‍ എന്ന നിലയിലുള്ള ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലാക്കാം. അതിലൂടെ നമ്മുടെ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുത്താനും സാധിക്കും. ഞായറാഴ്ചകളില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുകയും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും വേണം എന്നുള്ള തിരുസഭാ പ്രബോധനങ്ങള്‍ ക്രൈസ്തവരുടെ നിലനില്‍പിനും അവരുടെ വഴികളില്‍ ഇടര്‍ച്ച വരാതിരിക്കുന്നതിനും വേണ്ടിയാണ്‌ സഭ കല്‍പിച്ചിരിക്കുന്നത്‌ എന്നു മനസിലാക്കണം. കേരളത്തിലെ കരിസ്മാറ്റിക്‌ പ്രവര്‍ത്തനങ്ങളെ നയിക്കുന്നതിന്‌ കെ.സി.ബി.സി. കരിസ്മാറ്റിക്‌ കമ്മീഷന്‍ നിലവിലുണ്ട്‌. പ്രസ്തുത കമ്മീഷന്റെ സെക്രട്ടറിയേറ്റ്‌ കളമശ്ശേരിയിലെ എമ്മാവൂസ്‌ കേന്ദ്രമാണ്‌. കേരള സര്‍വ്വീസ്‌ ടീം (കെ.എസ്‌.ടി.) ആണ്‌ കേരളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്‌. കരിസ്മാറ്റിക്‌ നവീകരണത്തെ സംബന്ധിച്ച്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കു പ്രസ്തുത കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്‌. വിശ്വാസവഴികളില്‍ വന്ന ഇടര്‍ച്ചകള്‍ പശ്ചാത്താപവും പ്രായ്ശ്ചിത്തവും കൊണ്ട്‌ നമുക്ക്‌ ഇല്ലാതാക്കാം. വഴിതെറ്റിപ്പോകുന്ന കുഞ്ഞാടിനെ തേടി ആട്ടിന്‍കൂട്ടത്തെപ്പോലും ഉപേക്ഷിച്ച്‌ തേടിവരുന്നവനാണ്‌ നമ്മുടെ നല്ലടിയനായ ക്രിസ്തു എന്ന വിശ്വാസത്താല്‍ ക്രിസ്തുവചനത്തിലേക്കും ക്രിസ്തുവഴികളിലേക്കും നമുക്ക്‌ തിരികെ വരാം. ഇനിയും ഇടര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനായി ജാഗ്രത പാലിക്കാം.

Wednesday, April 22, 2009

പരിശുദ്ധ പിതാവിന്റെ ദൈവവിളിദിന സന്ദേശം


മെത്രാന്‍ പദവിയിലും പൗരോഹിത്യപദവിയിലുമുള്ള വന്ദ്യ സഹോദരരേ, പ്രിയമുള്ള സഹോദരീ സഹോദരന്‍മാരേ,പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേയ്ക്കും ധാരാളം ദൈവവിളികളുണ്ടാകുവാന്‍ വേണ്ടി സാര്‍വ്വത്രിക സഭ 2009 മെയ്‌ 3-ാ‍ം തീയതി ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന സന്ദര്‍ഭത്തില്‍ സഭാതനയരുടെ സജീവ പരിചിന്തനത്തിനായി താഴെപ്പറയുന്ന വിഷയം ഞാന്‍ നല്‍കുന്നു: ദൈവിക വിശ്വാസമാണു മുന്‍കൈ എടുക്കലിലുള്ള മാനുഷിക പ്രത്യുത്തരം. തന്റെ വിളഭൂമിയിലേയ്ക്ക്‌ വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോട്‌ പ്രാര്‍ത്ഥിക്കുവിന്‍ എന്ന ശിഷ്യരോടുള്ള യേശുനാഥന്റെ ഉദ്ബോധനം സഭയില്‍ നിരന്തരം നടക്കേണ്ടതാണ്‌. ദൈവവിളിക്കു വേണ്ടിയുള്ള യേശുനാഥന്റെ ഈ ആഹ്വാനം ഊന്നല്‍ നല്‍കുന്നത്‌ വിശ്വാസതീഷ്ണതയോടെയുള്ള നിരന്തരമായ പ്രാര്‍ത്ഥനയ്ക്കാണ്‌. പ്രാര്‍ത്ഥനയിലൂടെ സജീവമാകുന്ന ദൈവപരിപാലനയിലുള്ള പ്രത്യാശയും മഹത്തായ വിശ്വാസവുമാണ്‌ ക്രൈസ്തവ സമൂഹത്തിന്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കേണ്ടത്‌.പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളി സഭയ്ക്കുള്ള അവിടുത്തെ സവിശേഷമായ സമ്മാനമാണ്‌. അത്‌ സകല മാനവരാശിക്കുംവേണ്ടിയുള്ള ഉദാത്തമായ സ്നേഹത്തിന്റെയും രക്ഷയുടേയും പദ്ധതിയുടെ ഭാഗവുമാണ്‌. വിശുദ്ധ പൗലോസിന്റെ വര്‍ഷത്തില്‍ എഫേസോസുകാര്‍ക്കെഴുതിയ ലേഖന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്‌: "സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ. തന്റെ മുമ്പാകെ ദൈവത്തില്‍ പരിശുദ്ധരും നിഷ്ക്കളങ്കരുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിന്‌ മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു” (എഫേ: 1:3-4). വിശുദ്ധിയിലേയ്ക്കുള്ള ദൈവത്തിന്റെ സാര്‍വ്വത്രികമായ വിളി തന്റെ പുത്രനായ യേശുക്രിസ്തുവിനെ അടുത്ത്‌ അനുഗമിക്കുന്നതിനുള്ളതാണ്‌. അവിടുത്തെ അനുഗൃഹീത സേവകരും സാക്ഷികളുമായി ജീവിക്കുന്നതിനു ചിലരെ പ്രത്യേകമായി അവിടുന്ന്‌ തിരഞ്ഞെടുക്കുന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി ക്രിസ്തുനാഥന്‍ തന്റെ ശ്ലീഹന്മാരെ വിളിച്ചു (മര്‍ക്കോസ്‌ 3: 14-15). ശ്ലീഹന്മാരാകട്ടെ തങ്ങളുടെ ഈ ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ മറ്റുള്ളവരേയും തെരഞ്ഞെടുത്തു. ദൈവവിളിക്ക്‌ പ്രത്യുത്തരം നല്‍കിയും പരിശുദ്ധാത്മവിന്റെ പ്രചോദനങ്ങള്‍ക്ക്‌ വിധേയരായി ദൈവ വചനം പ്രഘോഷിച്ചും സഭാ സേവനത്തിനായി തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചും പുരോഹിത ശ്രേണിയില്‍ അംഗമായും അനേകര്‍ സഭയില്‍ സേവനം ചെയ്യുന്നു. നമുക്ക്‌ ദൈവത്തോട്‌ നന്ദിയുള്ളവരാകാം, അവിടുത്തെ മുന്തിരിത്തോപ്പിലേയ്ക്ക്‌ ഇന്നും നിരവധിവേലക്കരെ അവിടുന്ന്‌ വിളിച്ചുകൊണ്ടിരിക്കുന്നതിന്‌. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പുരോഹിതരുടെ എണ്ണം കുറയുന്നുവെന്നത്‌ അസ്വസ്ഥതാജനകമാണ്‌. എങ്കിലും സഭയെ വിവിധ കാലഘട്ടങ്ങളിലൂടെ നയിക്കുന്നതും സുനിശ്ചിതമായി ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതും ക്രിസ്തുനാഥനാണ്‌. യേശുക്രിസ്തു തന്റെ കരുണാര്‍ദ്രമായ സ്നേഹത്തിന്റെ നിഗൂഢമായ പദ്ധതികള്‍ പിന്‍തുടരുന്നതിന്‌ എല്ലാ പ്രായത്തിലും സംസ്കാരത്തിലും പെട്ടവരെ ക്ഷണിക്കുന്നു. അതിനാല്‍ നമ്മുടെ പ്രഥമകര്‍ത്തവ്യം കുടുംബങ്ങളിലും ഇടവകകളിലും ശ്ലൈഹികകൂട്ടായ്മകളിലും സന്യാസസമൂഹങ്ങളിലും എല്ലാ മേഖലകളിലും നിരന്തരമായ പ്രാര്‍ത്ഥനയോടെ ദൈവകരുതലിനായി സമര്‍പ്പിക്കുക എന്നതാണ്‌. എല്ലാ ക്രൈസ്തവരും ദൈവവിശ്വാസത്തില്‍ വളരുന്നതിന്‌ നമ്മള്‍ പ്രാര്‍ത്ഥിക്കണം. രക്ഷാകരദൗത്യത്തില്‍ തന്നോടുചേര്‍ന്ന്‌ സേവനം ചെയ്യുന്നതിന്‌ പൂര്‍ണ്ണമായി നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന്‌ വിളവിന്റെ നാഥന്‍ നിരന്തരമായി ആവശ്യപ്പെടുന്നു. ബന്ധശ്രദ്ധയും വിവേകം നിറഞ്ഞ ദീര്‍ഘദൃഷ്ടിയുമാണ്‌ വിളിക്കപ്പെട്ടവരില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. ദൈവിക പദ്ധതിയോട്‌ ഉദാരതയോടും പൂര്‍ണ്ണമനസ്സോടുംകൂടിയുള്ള സഹകരണവും ശിഷ്യത്വവും അവിടുന്ന്‌ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൗരോഹിത്യ സന്യാസജീവിത യാഥാര്‍ത്ഥ്യങ്ങളെ കാറ്റില്‍പ്പറത്താതെ സമര്‍പ്പണമായി കാണുവാന്‍ നമുക്ക്‌ കഴിയണം. ഉത്തരവാദിത്വത്തോടെയും ഉറച്ച ബോദ്ധ്യത്തോടെയും കൂടെ ഒരാള്‍ തന്റെ വിളിക്ക്പ്രത്യുത്തരം നല്‍കേണ്ടതാണ്‌.കത്തോലിക്കാസഭയുടെ മതബോധനം” നമ്മെ വസ്തുനിഷ്ഠമായി അനുസ്മരിപ്പിക്കുന്നത്്‌ ദൈവത്തിന്റെ സ്വതന്ത്രമായ മുന്‍കൈയെടുക്കലിന്‌ നമ്മുടെ സ്വതന്ത്രമായ പ്രത്യുത്തരം ആവശ്യമാണെന്നുള്ളതാണ്‌. നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയോട്‌ നാം ക്രിയാത്മകമായി പ്രതികരിക്കുകയും താദാത്മ്യം പ്രാപിക്കുകയും വേണം. ദൈവത്തിന്റെ സ്നേഹപൂര്‍ണ്ണമായ കരുതലിനോടുള്ള പ്രത്യുത്തരമാണിത്‌. വിളിക്കപ്പെട്ടവര്‍ക്ക്‌ ധാര്‍മ്മികതയുടെ ആജ്ഞാഭാവമുള്ള ഒരു കടപ്പെടുത്തല്‍ അത്‌ ഉള്‍ക്കൊള്ളുന്നു. ഇത്‌ ദൈവത്തിന്‌ നല്‍കപ്പെടുന്ന അംഗീകാരവും ആദരവും കൃതജ്ഞതയുടെ ആരാധനയുമാണ്‌. ദൈവം ചരിത്രത്തില്‍ തുടരുന്ന പദ്ധതിയോടുള്ള സഹകരണമാണിത്‌ (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്പര്‍ 2062).പരിശുദ്ധകുര്‍ബാനയുടെ രഹസ്യത്തെക്കുറിച്ച്‌ നമുക്ക്‌ അല്‍പനേരം ചിന്തിക്കാം. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പിതാവ്‌ തന്റെ ഏകജാതനെത്തന്നെ അത്യുദാത്ത സമ്മാനമായി നല്‍കി. ദൈവഹിതത്തിന്റെ കാസയില്‍നിന്ന്‌ അവസാനം വരെ കുടിക്കുന്നതിന്‌ സമ്പൂര്‍ണ്ണവും വിധേയത്വത്തോടെയുമുള്ള ക്രിസ്തുവിന്റെ സന്നദ്ധത നമുക്കൊരു മാതൃക നല്‍കുന്നു. ദൈവിക മുന്‍കൈ എടുക്കലിലുള്ള വിശ്വാസവും മാനുഷിക പ്രത്യുത്തരത്തിന്റെ മൂല്യവുമാണത്‌. ലോക രക്ഷക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ സ്നേഹമസൃണമായ പൂര്‍ത്തീകരണമാണ്‍്‌ പരിശുദ്ധ കുര്‍ബാനയില്‍ യേശു തന്നെത്തന്നെ സ്വതന്ത്രമായി വിട്ടുകൊടുക്കുന്നതില്‍ പ്രകടമാകുന്നത്‌. എന്റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയിട്ടുണ്ട്‌: “”തന്റെ നാഥനായ ക്രിസ്തുവില്‍നിന്ന്‌ സഭ സ്വീകരിച്ച സമ്മാനമാണ്‌ പരിശുദ്ധ കുര്‍ബാന - മറ്റ്‌ നിരവധിയായ സമ്മാനങ്ങള്‍ക്കിടയില്‍ അതിവിശിഷ്ടമായ സമ്മാനമാണിത്‌. തന്റെതന്നെയും തന്റെ പരിശുദ്ധമായ മനുഷ്യത്വത്തിന്റെയും രക്ഷാകര പ്രവൃത്തിയുടെയും സമ്മാനവുമാണിത്‌””(സഭയും വിശുദ്ധ കുര്‍ബാനയും).നൂറ്റാണ്ടുകളിലൂടെ ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ പുനരാഗമനം വരെ രക്ഷാകര രഹസ്യങ്ങള്‍ നിലനിറുത്തുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്‌ പുരോഹിതര്‍. അവര്‍ ദിവ്യകാരുണ്യനാഥനെ സൂഷ്മമായി ധ്യാനിക്കണം.“ദൈവവിളി സംവാദത്തിന്റെ ശ്രേഷ്ഠമായ മാതൃക പിതാവിന്റെ സ്വതന്ത്രമായ മുന്‍കൈയെടുക്കലിലും ക്രിസ്തുവിന്റെ വിശ്വസ്തതയുള്ള പ്രത്യുത്തരത്തിലുമാണ്‌ നാം കാണുന്നത്‌. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ താന്‍ തെരഞ്ഞെടുത്ത പുരോഹിതന്മാരില്‍ ക്രിസ്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബലഹീനതകള്‍ ഏറ്റവും സൂഷ്മമായി അനുഭവപ്പെടുമ്പോള്‍പോലും ഭയാശങ്കകളെ ദുരീകരിച്ചുകൊണ്ട്‌ വിശ്വസ്തതയുടേയും നന്ദിയുടേയും വലിയൊരു പ്രത്യുത്തരം അവരില്‍ വളര്‍ത്തുന്നതിന്‌ ക്രിസ്തു അവരെ സഹായിക്കുന്നു (റോമ 8:26-28). തെറ്റിദ്ധാരണയുടേയും പീഡനത്തിന്റേയും അനുഭവങ്ങള്‍ കഠോരമാകുമ്പോഴും ക്രിസ്തു അവരെ താങ്ങുന്നു (റോമ. 8: 35-39).സ്നേഹത്താലാണ്‌ തങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌ എന്ന അറിവ്‌ ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും വിശ്വാസികളില്‍ വിശിഷ്യ പുരോഹിതന്മാരില്‍ ക്രിസ്തു വളര്‍ത്തിയെടുക്കുന്നു. തന്റെ ജീവന്‍ നമുക്കായി നല്‍കിയ ക്രിസ്തുനാഥനിലുള്ള വിശ്വാസത്തിലധിഷ്ഠിതമായി ആത്മപരിത്യാഗം വളര്‍ത്താന്‍ ദിവ്യബലിക്കു കഴിയും. ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ ദാനം സ്വീകരിക്കുകയും ചെയ്യുന്നതുവഴി പുരോഹിതന്‍ രക്ഷാകര പദ്ധതിയോട്‌ ചേര്‍ന്നു നില്‍ക്കുന്നു. അങ്ങനെ വിളിക്കുന്ന നാഥന്റെ സ്നേഹവും, സ്നേഹത്തോടെ പ്രത്യുത്തരം നല്‍കുന്ന മര്‍ത്യന്റെ സ്വാതന്ത്ര്യവും തമ്മില്‍ നിഗൂഢമായ ഒരു കൂടിക്കാഴ്ച നടക്കുന്നു. "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ്‌ ചെയ്തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു””(യോഹന്നാന്‍ 15:16) എന്ന യേശുക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ ആത്മാവില്‍ പ്രതിധ്വനിക്കുന്നു.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വീക്ഷണത്തില്‍ ദൈവിക മുന്‍കൈ എടുക്കലിനുള്ള മാനുഷിക പ്രത്യുത്തരം സ്നേഹത്തില്‍ കെട്ടുപിരിഞ്ഞ്‌ കിടക്കുന്നത്‌ സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളിയില്‍ അത്ഭുതകരമായ രീതിയില്‍ കാണാം. സുവിശേഷഉപദേശങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ ആധാരമാക്കിയിരിക്കുന്നത്‌ ദിവ്യനാഥന്റെ വാക്കുകളിലും പ്രവൃത്തികളിലുമാണ്‌. അവ പില്‍ക്കാലത്ത്‌ അപ്പസ്തോലന്മാരും സഭാപിതാക്കന്മാരും, സഭാപാരംഗതന്മാരും, ആത്മീയ ഇടയന്മാരും കല്‍പിച്ചിട്ടുള്ളതാണ്‌. സഭ തന്റെ നാഥനില്‍നിന്ന്‌ സ്വീകരിക്കുകയും അവിടുത്തെ കൃപയുടെ സഹായത്താല്‍ എപ്പോഴും സംരക്ഷിക്കുകയും ചെയ്യുന്ന ഉപദേശങ്ങള്‍ ദൈവത്തിന്റെ ദാനമാണ്‌ (ജനതകളുടെ പ്രകാശം - 43).പിതാവിന്റെ തിരുഹിതത്തോട്‌ പരിപൂര്‍ണ്ണതയോടെയും വിശ്വസ്തതയോടെയും വിധേയപ്പെടുന്ന യേശുവിന്റെ മാത്യകയിലേക്കാണ്‌ എല്ലാ സമര്‍പ്പിതരും ഉറ്റു നോക്കേണ്ടത്‌. ക്രിസ്തുമതത്തിന്റെ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ യേശുക്രിസ്തുവിനാല്‍ ആകര്‍ഷിക്കപ്പെട്ട നിരവധി സ്ത്രീപുരുഷന്മാര്‍ വീട്‌, സമ്പത്ത്‌, ധനം തുടങ്ങി മനുഷ്യര്‍ അഭികാമ്യമായി കരുതുന്നവയെല്ലാം ഉപേക്ഷിച്ച്‌ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തയ്യാറായി. വിശുദ്ധിയില്‍ ആഴപ്പെടുകയും ചെയ്തു. സുവിശേഷപൂര്‍ണതഅഭിലഷിക്കുന്ന യാത്ര ഇന്നും പലരും നടത്തുകയും തങ്ങളുടെ ദൈവവിളി സുവിശേഷാനുസാരമായ ഉപദേശങ്ങളുടെ ദൗത്യമാണെന്ന്‌ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. ധ്യാനനിരതമായ ആശ്രമങ്ങളിലും സന്യാസഭവനങ്ങളിലും പ്രേഷിതസമൂഹങ്ങളിലുമുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുടെ സാക്ഷ്യം ദൈവജനത്തെ അനുസ്മരിപ്പിക്കുന്നു: "ചരിത്രത്തില്‍ പ്രവര്‍ത്തനനിരതമാണ്‌ ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍, അതിന്റെ പരിപൂര്‍ണ്ണമായ സാക്ഷാത്ക്കാരം സ്വര്‍ഗ്ഗത്തിലാണ്‌ നടക്കുന്നത്‌" (സമര്‍പ്പിത ജീവിതം - 1).പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌ തന്നെത്തന്നെ യോഗ്യനെന്ന്‌ കരുതി സമീപിക്കുവാന്‍ ആര്‍ക്കു കഴിയും? തന്റെ മാനുഷിക ശക്തികളില്‍ മാത്രം ആശ്രയിച്ചുകൊണ്ട്‌ സമര്‍പ്പിത ജീവിതം സ്വീകരിക്കുവാന്‍ ആര്‍ക്കാണ്‌ സാധിക്കുക? ദൈവമാണ്‌ തന്റെ രക്ഷാകര പദ്ധതികള്‍ക്ക്‌ മുന്‍കൈ എടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. ദൈവവിളിയോടുള്ള സ്ത്രീ പുരുഷന്മാരുടെ പ്രതികരണം ഒരിക്കലും ഭീരുവും സ്വാര്‍ത്ഥമോഹിയും വിലകെട്ടവനുമായ ഭൃത്യന്‍ ഭയം നിമിത്തം തന്നെ ഏല്‍പിച്ച താലന്ത്‌ മണ്ണില്‍ ഒളിച്ചുവച്ചതിനോട്‌ സമാനമല്ലായെന്ന്‌ ആവര്‍ത്തിച്ച്‌ പ്രസ്താവിക്കുന്നത്‌ ഗുണകരമാണ്‌ (മത്തായി 25: 14-30). യേശുനാഥന്റെ വിളിയോട്‌ വിധേയത്വം പുലര്‍ത്തിക്കൊണ്ട്‌ പെട്ടെന്ന്‌ പ്രത്യുത്തരം നല്‍കിയ പത്രോസിന്‌ സദൃശരാണ്‌ അവര്‍. രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒരു മത്സ്യം പോലും കിട്ടാതിരുന്നിട്ടും നാഥന്റെ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട്‌ ഒരിക്കല്‍കൂടി പത്രോസ്‌ കടലിലേക്ക്‌ വലയിറക്കി (ലൂക്കാ 5:5). വ്യക്തിപരമായ ഉത്തരവാദിത്വം യാതൊരര്‍ത്ഥത്തിലും തിരസ്കരിക്കാതെ ദൈവത്തോടുള്ള മനുഷ്യന്റെ സ്വതന്ത്രമായ പ്രത്യുത്തരം അങ്ങനെ സഹഉത്തരവാദിത്വമായി മാറി. ക്രിസ്തുവിലും, ക്രിസ്തുവിനോടൊത്തും, അവിടുത്തെ ആത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയുമുള്ള ഉത്തരവാദിത്വം ദൈവവുമായുള്ള സംസര്‍ഗ്ഗത്തിലൂടെ നമ്മെ കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാന്‍ പ്രാപ്തരാക്കുന്നു (യോഹ. 15:5).ദൈവത്തിന്റെ മുന്‍കൈ എടുക്കലില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട്‌ മനുഷ്യന്‍ പ്രതികരിച്ചതിന്റെ പ്രതീകമാണ്‌ നസ്രത്തിലെ കന്യകയുടെ വിനയാന്വിതവും നിര്‍ണ്ണായകവുമായ പ്രത്യുത്തരം. ദൈവത്തിന്റെ സന്ദേശവാഹകന്‌ ലഭിച്ച വിധേയത്വമുള്ള 'ആമ്മേന്‍' എന്ന മറുപടി (ലൂക്കാ 1: 38). അവളുടെ സമ്മതം അവളെ ദൈവത്തിന്റെയും രക്ഷകന്റേയും അമ്മയാക്കി. മറിയത്തിന്‌ തന്റെ സമ്മതം പലവട്ടം ആവര്‍ത്തിക്കേണ്ടിവന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ സമീപം നിന്നുകൊണ്ട്‌ അവള്‍ തന്റെ നിഷ്കളങ്കനായ പുത്രന്റെ ഭയാനകമായ പീഡകളില്‍ പങ്കുചേര്‍ന്നു. കുരിശിലെ മരണാസന്നവേളയിലാണ്‌ യേശു മറിയത്തെ നമുക്ക്‌ അമ്മയായും നമ്മെ അവള്‍ക്ക്‌ മക്കളായും നല്‍കിയത്‌ (യോഹ. 19: 26-27). മറിയം പ്രത്യേകമായി വൈദികരുടെയും സമര്‍പ്പിതരുടെയും അമ്മയാണ്‌. ദൈവത്തിന്റെ വിളിക്ക്‌ പ്രത്യുത്തരം നല്‍കിക്കൊണ്ട്‌ പുരോഹിത ശുശ്രൂഷയുടെയും സമര്‍പ്പിതജീവിതത്തിന്റെയും വഴിയെ യാത്ര തിരിക്കുന്ന എല്ലാവരെയും ഞാന്‍ പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു.പ്രിയ സ്നേഹിതരേ, പ്രശ്നങ്ങളും സംശയങ്ങളും അഭിമുഖീകരിക്കുമ്പോള്‍ നഷ്ടധൈര്യരാകരുത്‌. ദൈവത്തില്‍ വിശ്വസിക്കുക, യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുക. അപ്പോള്‍ അവിടുന്നുമായുള്ള ഉറ്റ ബന്ധത്തില്‍നിന്ന്‌ ഒഴുകിയെത്തുന്ന സന്തോഷത്തിന്റെ സാക്ഷികളാകാന്‍ നിങ്ങള്‍ക്ക്‌ കഴിയും. എല്ലാ ജനതകളും ഭാഗ്യവതി എന്ന്‌ പ്രകീര്‍ത്തിക്കുന്ന കന്യകാമറിയത്തെ അനുകരിച്ചുകൊണ്ട്‌, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രക്ഷാകരപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ ആത്മീയ ശക്തിയുമുപയോഗിച്ച്‌ നിങ്ങളെത്തന്നെ സമര്‍പ്പിക്കുക. മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന ശക്തനായവനെ ആരാധിക്കാനും അവനില്‍ ആശ്ചര്യപ്പെടാനും ഉള്ള കഴിവ്‌ അവളെപോലെ നിങ്ങളുടെ ഹൃദയത്തിലും പരിപോഷിപ്പിക്കുക. എന്തെന്നാല്‍, അവിടുത്തെ നാമം പരിശുദ്ധമാണ്‌ (ലൂക്കാ 1: 49).ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പാവത്തിക്കാന്‍, റോം

Friday, April 17, 2009

വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

പ്രിയ് സുഹൃത്തുക്കളെ,
അല്‍പം വൈകിയാണെങ്കിലും താങ്കളുടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1. അഭയക്കേസില്‍ സഭയുടെ നിലപാട്‌അഭയക്കേസില്‍ സഭയുടെ നിലപാട്‌ വളരെ വ്യക്തമാണ്‌. അഭയക്കേസുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതയും അവസാനിപ്പിക്കണം. അഭയക്കേസിലെ യഥാര്‍ത്ഥ സത്യം പുറത്തുവരണം. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന്‌ ആദ്യം വ്യക്തമാക്കണം. കൊലപാതകമാണെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. അഭയക്കേസില്‍ സഭ യാതൊരു ഇടപെടിലും നടത്തിയിട്ടില്ല. കുറ്റാരോപിതരായ രണ്ടു വൈദികരും ഒരു കന്യാസ്ത്രിയും നിരപരാധികളാണെന്ന്‌ സഭ വിശ്വസിക്കുന്നു. യഥാര്‍ത്ഥസത്യം പുറത്തുകൊണ്ടുവരണം. താങ്കളുടെ ഈ-മെയില്‍ ഐഡി തന്നാല്‍ സഭയുടെ എല്ലാ നിലപാടുകളും ജസ്റ്റിസ്‌ ഹേമയുടെ ജാമ്യാപേക്ഷയിലുള്ള വിധിയുമെല്ലാം ഞാന്‍ അയച്ചു തരാം. താങ്കള്‍ വിശ്വസിക്കുന്നതു പോലെ സഭ യാതൊന്നും ഒളിച്ചു വയ്ക്കുന്നില്ല. 65 ലക്ഷം കത്തോലിക്കരുള്ള, 29 രൂപതകളുള്ള സഭയ്ക്ക്‌ ആരേയും വെറുതെ സംരക്ഷിക്കേണ്ടതില്ല. ഒരു കാര്യം പറയട്ടെ, അഭയക്കേസില്‍ സഭ നേരിടുന്ന അവഹേളനം വളരെ വലുതാണ്‌. ഇനി കുറ്റവാളികള്‍ ആരുതന്നെയായാലും ഇന്നനുഭവിക്കുന്ന അവഹേളനത്തില്‍ അധികമാവില്ലത്‌. അതുകൊണ്ട്‌ സഭയ്ക്ക്‌ ഒന്നും മൂടിവയ്ക്കേണ്ട ആവശ്യമില്ല. താങ്കള്‍ മാധ്യമങ്ങളാല്‍ വളരെയധികം വശീകരിക്കപ്പെട്ട വ്യക്തിയാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഇതുപോലെ ധാരാളം ആളുകളുണ്ട്‌. യഥാര്‍ത്ഥ സത്യം പുറത്തുവരും, എല്ലാം നന്മയില്‍ അവസാനിക്കും നമുക്ക്‌ കാത്തിരുന്ന കാണാം. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക്‌ സത്യം അധികം താമസിയാതെ വെളിവാകും. ബാക്കിയെല്ലാം ഈമെയിലൂടെ പറയാം.
2. ബ്ലാക്ക്‌ മാസ്സ്‌ നടത്തിയ ബിഷപ്‌ തട്ടുങ്കലിനെ സഭയില്‍ നിന്നും പുറത്താക്കാത്തത്‌ എന്തുകൊണ്ട്‌? ബിഷപ്‌ തട്ടുങ്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മെത്രാന്മാരുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു ബിഷപ്പിനെ പുറത്താക്കുന്നത്‌ മാര്‍പ്പാപ്പയാണ്‌. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വരട്ടെ, നമുക്ക്‌ കാത്തിരിക്കാം.
3. സഭയിലെ ഒറ്റപ്പെട്ട പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച്‌ കാണിച്ച്‌ സഭയെ തേജോവധം ചെയ്യുന്നത്‌ നല്ലതല്ല. ഏത്‌ പ്രസ്ഥാനത്തിലാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷെ, അതിന്റെ പേരില്‍ സഭയെ മുഴുവന്‍ അവഹേളിക്കുന്നത്‌ നല്ലതല്ല. ഒറ്റപ്പെട്ട സംഭവങ്ങളെ തിരുത്തുവാന്‍ സഭ എന്നും ശ്രമിച്ചിട്ടുണ്ട്‌. ഇനിയും തുടരും.
4. സഭ അഡ്മിഷനില്‍ കോഴ വാങ്ങിക്കാറില്ല. ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌ വിജിലന്‍സിനെകൊണ്ട്‌ പിടിപ്പിക്കുന്നില്ല? ഇതുവരെയും സംസ്ഥാനത്ത്‌ കോഴ വാങ്ങന്നു എന്നപേരില്‍ ഒരു ക്രൈസ്തവ സ്ഥാപനവും കേസില്‍പ്പെട്ടിട്ടില്ല. നിയമം മുഴുവന്‍ താങ്കളുടെ കയ്യിലുള്ളപ്പോള്‍ എന്തിനാണ്‌ ഇങ്ങനെ ഇല്ലാവചനം പറയുന്നത്‌? താങ്കളുടെ ആവശ്യത്തിനനുസരിച്ച്‌ ഇടയലേഖനങ്ങളെ വളച്ചൊടിക്കുന്നത്‌ ശരിയല്ല.
5. സഭയ്ക്ക്‌ 3 മെഡിക്കല്‍ കോളേജുകളും 10 എന്‍ജിനീയറിംഗ്‌ കോളേജുകളും മാത്രമേ കേരളത്തിലുള്ളൂ. സഭയുടെ ആയിരക്കണക്കിന്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ താങ്കള്‍ എന്തേ മറക്കുന്നു? അഡ്മിഷനില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴ വാങ്ങിക്കുന്നുണ്ടെങ്കില്‍ തെളിവു നല്‍കുക. ഞാന്‍ നിയമ നടപടി സ്വീകരിക്കാം. ശരിയായ തെളിവു തരണം.
6. എല്ലാ മെഡിക്കല്‍ / എന്‍ജിനീയറിംഗ്‌ കോളേജുകളിലും 12 പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യവിദ്യാഭ്യാസം നല്‍കുന്നു. സഭയുടെ പ്രവര്‍ത്തനമെല്ലാം പാവങ്ങളെ കേന്ദ്രീകരിച്ചാണ്‌. സഭയെന്നും പാവങ്ങളുടെ പക്ഷത്താണ്‌.
7. സഭ ഒരിക്കലും ഒരു സര്‍ക്കാരിനും എതിരല്ല. സഭ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഘനിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ നന്മ ആഗ്രഹിക്കുന്ന സമുദായമെന്ന നിലയില്‍ തെറ്റു ചൂണ്ടിക്കാണിക്കുവാനും സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ക്ക്‌ സഭ മറുപടി നല്‍കിയിട്ടുണ്ട്‌. അതു തെറ്റാണോ?
8. കത്തോലിക്കാ സഭ പല സഭകളുടെ കൂട്ടായ്മയാണ്‌. കേരളത്തില്‍ തന്നെ മൂന്ന്‌ റീത്തുകളുണ്ട്‌. ഓരോ റീത്തിനും അതതിന്റെ ആരാധനാക്രമം പാലിക്കുവാന്‍ സ്വാതന്ത്ര്യമുണ്‌. അതുകൊണ്ട്‌ തിങ്കളാഴ്ച വേണോ ബുധനാഴ്ച വേണോ വിഭൂതിയെന്ന്‌ തീരുമാനിക്കേണ്ടത്‌ വ്യക്തിഗത സഭകളാണ്‌.
9. എപ്പോഴൊക്കെ വൈദികരും സന്യസ്തരും പീഡിപ്പിക്കപ്പെട്ടുവോ അപ്പോഴൊക്കെ സഭ സത്യം തെളിയിക്കുവാന്‍ നിവേദനങ്ങളും റാലികളുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്‌. ജോബച്ചന്റെ വധത്തിലാണെങ്കിലും സഭയുടെ നിലപാട്‌ വളരെ വ്യക്തമാണ്‌ - ഘാതകര്‍ ശിക്ഷിക്കപ്പെടണം.
10. കേരളത്തില്‍ നിരീശ്വര പ്രസ്ഥാനങ്ങള്‍ നടത്തുന്ന ധ്വംസനങ്ങള്‍ താങ്കള്‍ എന്തേ കണ്ടില്ലായെന്ന്‌ നടിക്കുന്നു? ഒറീസ്സയില്‍ ആര്‍.എസ്സ്‌.എസ്സുകാര്‍ ചെയ്തതുതന്നെയല്ലേ ഇന്‍ഡയറക്ട്‌ ആയി ഇവിടെയും നടപ്പാക്കികൊണ്ടിരിക്കുന്നത്‌. താങ്കളുടെ ഈമെയില്‍ ഐഡി തരുക ഞാന്‍ എല്ലാ വാര്‍ത്തകളും യാഥാര്‍ത്ഥ്യങ്ങളും അയച്ചുതരാം.
സുഹൃത്തെ, ഉത്തരം മുട്ടുന്നതുകൊണ്ടല്ല, തിരക്കായതുകൊണ്ടാണ്‌ മറുപടി വൈകുന്നത്‌. ഇനി മുതല്‍ കൃത്യമായും മറുപടി നല്‍കാം.

Wednesday, April 15, 2009

തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാം

ഏപ്രില്‍ 16-ന്‌ തെര ഞ്ഞെടുപ്പിനുളള വോട്ടെടുപ്പ്‌ സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്‌. തുടര്‍ച്ചയായി 10 മ ണിക്കൂര്‍ സമയമാണ്‌ വോട്ട്‌ രേഖപ്പെടുത്താന്‍ നല്‍കിയിട്ടുളളത്‌. പോളിംഗ്‌ സ്റ്റേഷനില്‍ സമ്മതിദായകനെ തിരിച്ചറിയാന്‍ വോട്ടര്‍ കാര്‍ഡിന്‌ പുറമേ 13 ഇനം രേഖകളെ കൂടി അംഗീകരിച്ചു. പാസ്പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍കാര്‍ഡ്‌, കേന്ദ്ര സംസ്ഥാന സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക്‌ നല്‍കുന്ന ഐ.ഡി കാര്‍ഡ്‌, പൊതുമേഖലാ ബാങ്കുകളും പോസ്റ്റ്‌ ഓഫീസുകളും നല്‍കുന്ന ഫോട്ടോ സഹിതമുളള പാസ്ബുക്ക്‌, കിസാന്‍ പാസ്ബുക്ക്‌, ഫോട്ടോ സഹിതമുളള പട്ടയങ്ങളും ആധാരങ്ങളും, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ്‌, കഴി ഞ്ഞ ഫെബ്രുവരി 28-നകം വാങ്ങിയ ഫോട്ടോ സഹിതമുളള അംഗീകൃത ജാതി സര്‍ട്ടിഫിക്കറ്റ്‌, ആയുധ ലൈസന്‍സ്‌, വികലാംഗത്വം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌, തൊഴിലുറപ്പു പദ്ധതി പ്രകാരമുളള തൊഴില്‍ കാര്‍ഡ്‌, ആരോഗ്യ സുരക്ഷാ പദ്ധതിയിലെ സ്മാര്‍ട്‌ കാര്‍ഡ്‌ എന്നിവയാണ്‌ രേഖകള്‍.

നിര്‍ഭയമായി വോട്ട്‌ രേഖപ്പെടുത്തുക

ജനാധി പത്യത്തില്‍ പൗരന്റെ ഏറ്റവും വലിയ അവകാശമായ വോട്ട്‌ പാഴാക്കരുത്‌. വോട്ട്‌ ചെയ്യുമ്പോള്‍ പിഴവുണ്ടാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ച്‌ ആദ്യം വോട്ടു ചെയ്യുന്നവരും പ്രായമുള്ളവരും സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രമാണ്‌ വോട്ടു രേഖപ്പെടുത്താന്‍ ക്രമീകരിച്ചിരിക്കുന്നത്‌.ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തില്‍ വോട്ട്‌ ചെയ്യേണ്ടതിങ്ങനെ - കണ്‍ട്രോള്‍ യൂണിറ്റ്‌, ബാലറ്റ്‌ യൂണിറ്റ്‌ എന്നിങ്ങനെ രണ്ടു ഘടകങ്ങളാണ്‌ വോട്ടിംഗ്‌ യന്ത്രത്തിനുള്ളത്‌. വോട്ടെടുപ്പ്‌ ആരംഭിച്ചാല്‍ പോളിംഗ്‌ ഓഫീസറുടെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റിലൂടെ, ബാലറ്റ്‌ യൂണിറ്റ്‌ വോട്ടിംഗിനു സജ്ജമാകും. ബാലറ്റ്‌ യൂണിറ്റിലാണ്‌ വോട്ടു രേഖപ്പെടുത്തേണ്ടത്‌. ഇതില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉണ്ടാകും. ബാലറ്റ്‌ മെഷീനില്‍ പച്ച വെളിച്ചം തെളിഞ്ഞാല്‍ വോട്ട്‌ ചെയ്യാം. വോട്ടു നല്‍കാന്‍ താത്പര്യപ്പെടുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ചുവന്ന വെളിച്ചം തെളിയുകയും ബീപ്‌ ശബ്ദം കേള്‍ക്കുകയും ചെയ്യും. വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നാണ്‌ ഇതിനര്‍ഥം. വോട്ട്‌ ചെയ്യുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടായാല്‍ പോളിംഗ്‌ ഓഫീസറോടു ചോദിച്ചു മനസിലാക്കാം. ഒരിക്കല്‍ വോട്ടു രേഖപ്പെടുത്തിയാല്‍ ക ണ്‍ട്രോള്‍ യൂണിറ്റുവഴി പോളിംഗ്‌ ഓഫീസര്‍ വീണ്ടും ബാലറ്റ്‌ മെഷീന്‍ സജ്ജമാക്കിയെങ്കില്‍ മാത്രമേ അടുത്തയാള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ പറ്റൂ. ഒന്നിലേറെ ബട്ടണുകളില്‍ ഒന്നിച്ചമര്‍ത്തിയാലും അസാധു വോട്ട്‌ യന്ത്രത്തിലുണ്ടാകില്ല. കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന വിരല്‍ പതിഞ്ഞിരിക്കുന്നിടത്ത്‌ വോട്ടു രേഖപ്പെടുത്തും.പോളിംഗ്‌ ബൂത്തില്‍ ചെല്ലുമ്പോള്‍ - വോട്ടര്‍മാരുടെ സൗകര്യത്തിനായി ബൂത്ത്‌ നമ്പറും സീരിയല്‍ നമ്പറും അടങ്ങിയ സ്ലിപ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ വിതരണം ചെയ്യാറുണ്ട്‌. ഈ സ്ലിപ്പിലെ സ്ഥാനാര്‍ഥിയുടെ പേര്‌, പാര്‍ട്ടി, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ ഭാഗം പോളിംഗ്‌ സ്റ്റേഷനില്‍ കൊണ്ടുപോകരുത്‌. സ്ലിപ്‌ ഇല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ പോളിംഗ്‌ ഉദ്യോഗസ്ഥനോടു പറഞ്ഞാലും മതി.വോട്ട്‌ ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തിരിച്ചറിയലിന്‌ പാസ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള 15 രേഖകള്‍ കൂടി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്‌. അവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി.സീരിയല്‍ നമ്പര്‍ പരിശോധിച്ചു തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ വോട്ടര്‍ പട്ടിക നോക്കി പേര്‌ വിളിക്കുകയും പട്ടികയില്‍ അടയാളപ്പെടുത്തുകയും ചെയ്യും. ഈ സമയം പോളിംഗ്‌ സ്റ്റേഷനിലുള്ള രാഷ്ട്രീയ കക്ഷികളുടെ പോളിംഗ്‌ എജന്റുമാരും വോട്ടര്‍ പട്ടികയില്‍ പേരിനുനേരെ അടയാളപ്പെടുത്തും. തുടര്‍ന്ന്‌ തൊട്ടടുത്ത പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ ഒപ്പ്‌ രേഖപ്പെടുത്തിയ ശേഷം സ്ലിപ്‌ നല്‍കുകയും ഇടതുകൈയുടെ ചൂണ്ടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തുകയും ചെയ്യും. വോട്ടര്‍ ഈ സ്ലിപ്‌ അടുത്ത പോളിംഗ്‌ ഓഫീസര്‍ക്കു നല്‍കുമ്പോള്‍ അദ്ദേഹം അത്‌ വാങ്ങിവച്ചശേഷം വോട്ടിംഗ്‌ യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്‌ പ്രവര്‍ത്തന സജ്ജമാക്കും. വോട്ട്‌ രേഖപ്പെടുത്താന്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്തു ക്രമീകരിച്ചിരിക്കുന്ന ബാലറ്റ്‌ യൂണിറ്റ്‌ ശ്രദ്ധാപൂര്‍വം പരിശോധിച്ച്‌ വോട്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും കണെ്ടത്തി അവിടെത്തന്നെ വിരല്‍ അമര്‍ത്തി വോട്ട്‌ ചെയ്യുക.

Tuesday, April 14, 2009

ക്രൈസ്തവ വിശ്വാസികള്‍ ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

രാജ്യത്തിന്റെ ഭദ്രതയും നന്മയും ലക്ഷ്യംവച്ച്‌ ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും ശരിയായ രീതിയില്‍ ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം.ഉയര്‍പ്പുഞ്ഞായറാഴ്ച ചങ്ങനാശേരി അതിരൂപതയിലെ ഇടവക ദൈവാലയങ്ങളില്‍ വായിച്ച സര്‍ക്കുലറിലാണു വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നു മെത്രാപ്പോലീത്ത നിര്‍ദേശം നല്‍കിയത്‌. ഇന്ത്യയുടെ നല്ല പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുമെന്ന്‌ ഉറപ്പുള്ളവരെയാകണം നേതാക്കളായി തെരഞ്ഞെടുക്കേണ്ടത്‌. വോട്ടു ചെയ്യുന്ന സ്ഥാനാര്‍ഥികള്‍ ഭരണഘടനയ്ക്ക്‌ അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണോ എന്നു വിലയിരുത്തുകയും വേണം. മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍, ധാര്‍മികത എന്നിവ സംരക്ഷിക്കുമെന്ന്‌ ഉറപ്പുള്ളവരെ നാം പിന്തുണക്കണമെന്നും മാര്‍ പെരുന്തോട്ടം സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സുപ്രീംകോടതിയുടെ അനുകൂല വിധികള്‍ ഉണ്ടായിട്ടുപോലും മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുന്നു. ദൈവനാമത്തില്‍ സത്യപ്രതി ജ്ഞ ചെയ്യുന്നതുപോ ലും അനുവദനീയമല്ലാത്ത അവസ്ഥ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുന്നതു മതേതരത്വത്തിനു ചേര്‍ന്നതാണോ എന്ന ചോദ്യവും സര്‍ക്കുലറില്‍ ഉയര്‍ത്തിയിട്ടുണ്ട്‌.ഇതിനെതിരേ ശക്തവും വ്യാപകവുമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിലപാടുകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം വരുത്താന്‍ തയാറാകാത്ത സര്‍ക്കാരിന്‌ എങ്ങനെ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാനാകുമെന്നും സര്‍ക്കുലറില്‍ ആര്‍ച്ച്‌ ബിഷപ്‌ അഭിപ്രായപ്പെട്ടു.ധാര്‍മികാടിത്തറ ഇല്ലാത്ത പ്രസ്ഥാനങ്ങളും സംസ്കാരങ്ങളും സാമ്രാജ്യങ്ങളും തകര്‍ന്നു വീണിട്ടുള്ള അനുഭവങ്ങളാണു ലോകചരിത്രത്തിലുള്ളത്‌. പുതിയൊരു സംസ്കാരത്തിനു നാന്ദികുറിക്കാമെന്ന്‌ അവകാശപ്പെട്ടു ജസ്റ്റീസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിയമപരിഷ്കരണ നിര്‍ദേശങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ധാര്‍മികാടിത്തറ തകര്‍ക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.ഈ സാഹചര്യങ്ങളില്‍ കാര്യഗൗരവം മനസിലാക്കി ഉചിതമായി പ്രതികരിക്കാനുള്ള സുവര്‍ണാവസരമാണ്‌ ഈ തെരഞ്ഞെടുപ്പെന്നും ആര്‍ച്ച്‌ ബിഷപ്‌ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌

Monday, April 6, 2009

Saturday, April 4, 2009

പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക്‌ എല്ലാം ഓര്‍മയുണ്ടായിരിക്കണം

പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക്‌ എല്ലാം ഓര്‍മയുണ്ടായിരിക്കണം
കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍
ക്രൈസ്തവസഭ സഭാമക്കളുടെ രാഷ്ട്രീയവിവേകം രൂപീകരിക്കുന്നതില്‍ തെറ്റുണ്ടോ? ഇടയലേഖനത്തില്‍ രാഷ്ട്രീയ നയരൂപീകരണം നടത്തുന്നത്‌ ശരിയാണോ? സഭയ്ക്ക്‌ ആത്മീയശുശ്രൂഷകളില്‍ ഇടപെട്ടുകൊണ്ട്‌ നിശബ്ദജീവിയായി കഴിഞ്ഞുപോരുന്ന രീതി തുടര്‍ന്നുകൂടേ? ഇത്തരം നിരവധി ചോദ്യങ്ങള്‍ അടുത്തകാലത്തായി പല വേദികളില്‍ നിന്നും ഉയര്‍ന്നുവരുന്നു. അതില്‍ അസഹിഷ്ണുതയുടെ സ്വരമാണ്‌ കൂടുതലും. രാഷ്ട്രീയവേദികളിലും മാധ്യമങ്ങളുടെ ചോദ്യത്തര വേദികളിലും ചര്‍ച്ചാവേദികളിലും ഈ ചോദ്യങ്ങളെല്ലാം സജീവമായിരുന്നു.
സഭയുടെ കര്‍ത്തവ്യങ്ങള്‍
സഭയില്‍ നിഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ എന്താണെന്ന്‌ ആദ്യം മനസിലാക്കണം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സഹവസിക്കുന്ന സമൂഹം- ക്രൈസ്തവ സഭ എന്ന്‌ ഒറ്റവാക്യത്തില്‍ വിവരിക്കാം. ക്രിസ്തുവചനങ്ങളാണ്‌ സഭയുടെ വഴിയും വെളിച്ചവും. ക്രിസ്തുവചനമായ ബൈബിളാണ്‌ ക്രൈസ്തവ സഭയുടെ ആധാരശില. ക്രിസ്തുവിന്റെ കല്‍പനകളിലും വചനങ്ങളിലും അതിരൂഢമായി വിശ്വസിക്കുന്ന ജനപഥത്തിന്റെ കൂട്ടായ്മയാണ്‌ ക്രൈസ്തവസമൂഹം. സമൂഹത്തിന്റെ വിശ്വാസത്തെ ഉറപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളും ആരാധാനാക്രമങ്ങളുമാണ്‌ സഭയുടെ കൂട്ടായ്മ ഊട്ടിവളര്‍ത്തുന്നത്‌. ഇത്തരം ആരാധനാക്രമങ്ങളിലൂടെ സഭാമക്കളുടെ ആത്മീയ ജീവിതത്തെ പ്രകാശപൂര്‍ണമാക്കുകയാണ്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള സഭാപ്രതിപുരുഷന്മാരുടെ കര്‍ത്തവ്യം. ക്രിസ്തുവിലുള്ള വിശ്വാസമാണ്‌ ക്രൈവസ്തര്‍ എന്നതിന്റെ ആധാരശില. ക്രിസ്തുവില്‍ വിശ്വാസമില്ലാത്തവര്‍ക്ക്‌ ക്രൈസ്തവനായിരിക്കുന്നതിനും സാധ്യമല്ല. അതിനാല്‍ തന്നെ സഭാമക്കളെ ക്രിസ്തുവിശ്വാസത്തിലും ക്രിസ്തുവചനങ്ങളിലും ഊട്ടിവളര്‍ത്തുക എന്നുള്ളതാണ്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള ആത്മീയപ്രതിപുരുഷന്മാരുടെ കടമ. ഇങ്ങനെ ഒരു ജനപഥമെന്ന തലത്തില്‍ ആത്മീയജിവിതത്തില്‍ കൂടുതല്‍ സത്യസന്ധരും കര്‍മനിരതരുമാക്കിത്തീര്‍ക്കുന്നതിന്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള സഭാപുരുഷന്മാര്‍ക്കു സാധിക്കുന്നു. ക്രിസ്തുവചനത്തിലൂന്നിയുള്ള സ്നേഹത്തിന്റെ സന്ദേശത്തിലൂടെയാണ്‌ ഇവര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്‌. നോമ്പാചരണങ്ങളും ദിവ്യബലിഉള്‍പ്പെടെയുള്ള നിരവധിയായ സഭാശുശ്രൂഷകളും തിരുസഭാ കല്‍പനകളും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സഭയെ നയിക്കേണ്ട വ്യക്തികള്‍ പുറപ്പെടുവിക്കുന്ന ശാസനങ്ങളും ഇടയലേഖനങ്ങളും നയരൂപീകരണ കുറിപ്പുകളും ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കുവേണ്ടിയുള്ളതാണ്‌.കെട്ടുറപ്പിനുവേണ്ടിയുള്ളതാണ്‌. ഇവയാല്‍ അനുനയിക്കപ്പെടുന്ന ജീവിതമാണ്‌ ക്രൈസ്തവരുടേത്‌.തന്റെ ഏക ആശ്രയമായി ക്രിസ്തുവിനെ കാണാന്‍ സാധിക്കുന്ന തരത്തിലേക്ക്‌ ക്രൈസ്തവന്റെ ജീവിതം പരിവര്‍ത്തനപ്പെടുമ്പോഴേ ഒരാള്‍ യഥാര്‍ഥ ക്രിസ്താനിയാവുന്നുള്ളൂ. ഇത്തരം ജീവിത്തില്‍ നിന്നുമാത്രമേ ക്രൈസ്തവന്‌ യഥാര്‍ഥമായ ശാന്തിയും സമാധാനവും ലഭിക്കൂ. ഇത്തരം അവസ്ഥയിലേക്ക്‌ നയിക്കുകയാണ്‌ സഭയും വൈദികരും സഭാശുശ്രൂഷകളും യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌. ആരായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടവര്‍ ?
തെരഞ്ഞെടുപ്പ്‌ എന്നാല്‍ ഏറ്റവും മികച്ച വ്യക്തിയെ കണ്ടെത്തുക എന്നാണ്‌. തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ ജീവിതത്തെ ആത്മീയവും ഭൗതികവുമായി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന ആളായിരിക്കണമെന്നും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ ആയിരിക്കേണ്ടതിനല്ലേ നാം ഒരു പ്രത്യേക വ്യക്തിയ തെരഞ്ഞെടുക്കുന്നത്‌. എന്നാല്‍ നാം തെരഞ്ഞെടുക്കുന്ന വ്യക്തി നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ജീവിതവീക്ഷണങ്ങള്‍ക്കും യോജിക്കാത്ത വ്യക്തിയാണെങ്കില്‍ അവിടെ സംഘര്‍ഷം ആരംഭിക്കുകയായി. നമ്മുടെ വീക്ഷണങ്ങളോടും ആശയങ്ങളോടും യോജിപ്പും നമ്മോടൊപ്പം അനുയാത്രചെയ്യണമെന്നും അല്ല നാം ശഠിക്കുന്നത്‌. മറ്റു മതവിശ്വാസങ്ങളിലും നന്മയുണ്ട്‌ എന്നു തന്നെയാണ്‌ ക്രൈസ്തവര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ മതവിശ്വാസത്തെ തന്നെ നിരാകരിക്കുന്നവരായാലോ? ഏതു മതത്തില്‍ വിശ്വസിക്കുന്നവരെയും അവഹേളിക്കുകയും മതമേലധ്യക്ഷന്മാരെ നികൃഷ്ടപദങ്ങളാല്‍ വിശേഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നാം എങ്ങനെ നമ്മുടെ നേതാവായി തെരഞ്ഞെടുക്കും. അവര്‍ക്ക്‌ നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താന്‍ സാധിക്കും. മതവിശ്വാസമെന്നാല്‍ കൊടും പാപമെന്ന്‌ വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നാം എങ്ങനെ വിശ്വസിക്കും. അവര്‍ നമ്മുടെ വിശ്വാസ ജീവിതത്തെ പരിഹസിക്കുമ്പോള്‍, നമ്മുടെ ദേവാലയുവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിരുദ്ധനിലപാടു സ്വീകരിച്ചാല്‍ കൈയടിക്കുവേണ്ടി ഇനിയും നമ്മുടെ പിതാക്കന്മാരെ അവഹേളിച്ചാല്‍ അത്‌ നാമെങ്ങനെ സഹിക്കും. അതിനാല്‍ നമ്മേ നയിക്കേണ്ടവര്‍ നമുക്കുവേണ്ടി നിയമനിര്‍മാണം നടത്തേണ്ടവര്‍ക്ക്‌ വിശ്വാസം വേണമെന്നല്ല മതത്തെ ബഹുമാനിക്കുന്നതിനുള്ള മനസെങ്കിലും ഉണ്ടാവേണ്ടതല്ലേ. അല്ലാത്തവരെ നാമെങ്ങനെ വിശ്വസിക്കും. ഓര്‍മയുണ്ടായിരിക്കണംഅടുത്തകാലത്ത്‌ നിയമപരിഷ്കരണ കമ്മിറ്റി നല്‍കിയ ശിപാര്‍ശകളും അതുണ്ടാക്കിയ വിവാദങ്ങളും നാമെങ്ങനെ മറക്കും. അവര്‍ നടത്തിയ നിയമനിര്‍മാണം ഒരു പ്രത്യേക പ്രത്യശാസ്ത്രത്തിന്റെ ചട്ടക്കുടിനുള്ളിലേക്ക്‌ സഭാവിശ്വാസികളെയും വിശ്വാസത്തെയും ഒതുക്കിനിറുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ അതു നടക്കാതെ പോയത്‌ ക്രൈസ്തവസഭ പ്രത്യേക ഊര്‍ജത്തോടെ നിയമപരിഷ്കരണ സമിതി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്നതുകൊണ്ടുമാത്രമാണ്‌ അവ ഇപ്പോഴും ശിപാര്‍ശകള്‍ മാത്രമായി നിലനില്‍ക്കുന്നത്‌. ഇനി തത്ക്കാലത്തേക്ക്‌ മാറ്റിവെച്ചിരിക്കുകയാണോ എന്നും അറിയാനിരിക്കുന്നു. ഇലക്ഷന്‍ കഴിഞ്ഞ്‌ ചിലപ്പോള്‍ വീണ്ടും നിയമപരിഷ്കരണ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിക്കാനും സാധ്യതയുണ്ട്‌. പാഠപുസ്തകവിവാദം, മതമില്ലാത്ത ജീവന്‍... തുടങ്ങിയ വിവാദപരമായ എത്രയോ സംഭവങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ്‌ സഭ പാര്‍ട്ടിയുടെയും ഭരിക്കപ്പെടുന്നവരുടെയും അപഹാസത്തിന്‌ വിധേയമായത്‌. അതുകൊണ്ട്‌ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുകയും അതു ചെന്നായ്‌ തന്നെയാണെന്ന്‌ വിളിച്ചുപറയാനുള്ള വിവേകം നാം ഈ ഇലക്ഷന്‍ അവസരത്തിലെങ്കിലും കാണിക്കുകയും വേണം. ഈ ആര്‍ജവം നാം ഇപ്പോള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ക്രൈസ്തവനുമേല്‍ പതിക്കനിരിക്കുന്നത്‌ പ്രത്യശാസ്ത്രങ്ങളുടെ പെരുമഴയായിരിക്കും. അതിന്റെ പ്രഛണ്ഡമായ ഒഴുക്കില്‍ നൂറ്റാണ്ടുകളായി നാം കാത്തുസൂക്ഷിച്ച ക്രൈസ്തവമൂല്യങ്ങളും നമ്മുടെ പൈതൃകവും വിശ്വാസപ്രമാണങ്ങളും എല്ലാം നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രത്യശാസ്ത്രപ്പെരുമഴയേയും തടഞ്ഞുനിറുത്താന്‍ സാധിക്കുന്ന അണകെട്ടാനുള്ള പരിശ്രമം കൂടിയായിരിക്കണം ഈ ഇലക്ഷന്‍ കാലം. പ്രത്യയശാസ്ത്രപ്പെരുമഴയ്ക്കെതിരെ ക്രൈസ്തവര്‍ അണകെട്ടേണ്ടത്‌ ക്രൈസ്തവവിശ്വാസം കൊണ്ടുതന്നെയാവണം. അതു നമുക്കു സാധിക്കും. അതിന്‌ ഏറ്റവും പറ്റിയ സമയമാണ്‌ ഈ ഇലക്ഷന്‍ കാലം. എല്ലാക്കാലത്തും ഇലക്ഷന്‍കാലത്താണ്‌ രാഷ്ട്രീയപാര്‍ട്ടികളാല്‍ ക്രൈസ്തവര്‍ ഏറെ ബഹുമാനിക്കപ്പെടുകയും പിന്നീട്‌ ഏറ്റവും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത്‌. ഇത്തരം ചതികള്‍ ഇനി ആവര്‍ത്തിക്കാന്‍ ഇടവരുത്തരുത്‌. കഴിഞ്ഞ രണ്ടുവര്‍ഷം ക്രൈസ്തവസഭയും സഭാവിശ്വാസി എന്ന നിലയില്‍ നാമും അനുഭവിച്ചുതീര്‍ത്ത എല്ലാം ക്രൈസ്തവരുടെ മനസില്‍ ഓര്‍മയുണ്ടാവണം. എല്ലാ ഓര്‍മകളും കത്തിജ്വലിക്കുന്ന മനസില്‍ നിന്നുവേണം ഇത്തവണ ആര്‍ക്കുവോട്ടുനല്‍കണം എന്ന ചിന്ത ഉദിക്കാവൂ. വോട്ടുവാങ്ങിയതിനുശേഷം വീണ്ടും ക്രൈസ്തവന്‍ വിഡ്ഡിവേഷം കെട്ടി എന്നു മനസില്‍ പരിഹസിക്കാന്‍ ആര്‍ക്കും അവസരം നല്‍കരുത്‌. തെരഞ്ഞെടുക്കപ്പേടേണ്ടവര്‍ നമ്മുടെ വിശ്വാസത്തിലൂടെ അനുയാത്ര ചെയ്യുന്ന ആളല്ലെങ്കിലും വിശ്വാസത്തെ ദ്വോഷിക്കുന്ന ആളാവരുത്‌. ക്രൈസ്തവ സഭയെ ബഹുമാനിക്കുന്ന, വിശ്വാസസംഹിതകളെ ചോദ്യം ചെയ്യാത്ത ആളാവണം തെരഞ്ഞെടുക്കപ്പേടേണ്ടത്‌. മതവിശ്വാസം ആദരിക്കുന്ന പാര്‍ട്ടിയാവണം അധികാരത്തിലെത്തേണ്ടത്‌. എല്ലാം ഓര്‍കളുള്ള ക്രൈസ്തവര്‍ക്ക്‌ ഇങ്ങനെ മാത്രമേ ഈ ഇലക്ഷനെ സമീപിക്കാനാവൂ.

Wednesday, April 1, 2009

ഈശ്വരവിശ്വാസം മുറുകെപ്പിടിക്കുന്നവരെ ജയിപ്പിക്കണം: മാര്‍ പവ്വത്തില്‍

ജനാധിപത്യ മൂല്യങ്ങളും ഈശ്വരവിശ്വാസവും മുറുകെപ്പിടിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. നിയമപരിഷ്കരണ സമിതിയുടെ ശിപാര്‍ശകള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ക്രൈസ്തവരുടെമേല്‍ പ്രയോഗിക്കാനുള്ള മൂര്‍ച്ചയേറിയ വാളാണ്‌. ദയാവധം, സന്താനനിയന്ത്രണം, ക്രൈസ്തവവിവാഹം, സഭാസ്വത്ത്‌ തുടങ്ങിയവയിലൊക്കെ കൈകടത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ നാം തിരിച്ചറിയണം. ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായക തെരഞ്ഞെടുപ്പാണിതെന്നു മറക്കരുത്‌. സ്വാശ്രയ കോളജ്‌, കെ.ഇ.ആര്‍ പരിഷ്കരണം, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരണം തുടങ്ങി വിവാദ സി.ഡി വരെയുള്ള സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത മറക്കാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത്‌ സര്‍വാധിപത്യം നടപ്പാക്കാനാണ്‌ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. എയ്ഡഡ്‌ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന്‌ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്‌. സഭയെ ഇത്രയേറെ അവഹേളിച്ച മറ്റൊരു കാലഘട്ടം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും അഭിപ്രായപ്രകടനം രാഷ്ട്രീയത്തിലുള്ള കൈകടത്തലല്ലെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തവണ ക്രൈസ്തവരായ മുഴുവന്‍ ആളുകളും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനായും ജോലിക്കായും ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പോലും ഇത്തവണ നാട്ടിലെത്തി വോട്ടു ചെയ്യണം. സ്വാശ്രയ കോളജ്‌ വിവാദം മുതല്‍ സിഡി വിവാദം വരെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയണമെന്നും മാര്‍ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു.