Tuesday, June 30, 2009

സ്വവര്‍ഗ്ഗ ലൈംഗീകത: നിയമം പുനഃപരിശോധിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം :കെ.സി.ബി.സി. ജാഗ്രതാ സമിതി

സ്വവര്‍ഗ്ഗ ലൈംഗീകത കുറ്റകരമാണെന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-)0 വകുപ്പ്‌ എടുത്തു കളയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെ. സി. ബി.സി. ജാഗ്രതാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളെ കത്തോലിക്കാസഭയ്ക്ക്‌ അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ വേണ്ടിവന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ മുന്നറിയിപ്പു നല്‍കി. സ്വവര്‍ഗ്ഗ ലൈംഗീകത പ്രകൃതിവിരുദ്ധവും അധാര്‍മികവുമാണ്‌. അതിനെ നിയമപരമായി അംഗീകരിച്ചാല്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെയും ധാര്‍മിക കെട്ടുറപ്പിനേയും പ്രതികൂലമായി ബാധിക്കും. സ്വവര്‍ഗ്ഗ ലൈംഗീകതയോട്‌ അനുഭാവമുള്ള വ്യക്തികളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തരുത്‌; മറിച്ച്‌ അനുകമ്പയോടെ വേണം അവരെ കാണുവാന്‍- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗ്ഗ ലൈംഗീകതയ്ക്ക്‌ നിയമസാധ്യത നല്‍കുവാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ കെ.സി.ബി.സി. ജാഗ്രത സമിതി ആവശ്യപ്പെട്ടു.

Monday, June 29, 2009

ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പുനലൂര്‍ മെത്രാനായി അഭിഷിക്തനായി

പുനലൂര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അഭിഷിക്തനായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസൈപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ്‌ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്‌. മുഖ്യകാര്‍മികന്‍ ഡോ.സൂസൈ പാക്യം കൈവയ്പ്‌ ശുശ്രൂഷകള്‍ക്കുശേഷം നിയുക്ത ബിഷപ്പിന്റെ ശിരസില്‍ തൈലാഭിഷേകം നടത്തി. വിശ്വാസത്തിന്റെ മുദ്രയായ മോതിരവും അംശമുടിയും അജപാലനാധികാരത്തിന്റെ ചിഹ്നമായ ദണ്ഡും അണിയിച്ചു. തുടര്‍ന്ന്‌ പുതിയ രൂപതാധ്യക്ഷന്‍ മറ്റു മെത്രാന്മാരില്‍നിന്ന്‌ സമാധാന ചുംബനം സ്വീകരിച്ചു.പുനലൂര്‍ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. ധൂപവാഹകന്‍, കുരിശുവാഹകന്‍, ദീപവാഹകര്‍, വൈദികര്‍ എന്നിവര്‍ക്കു പിന്നിലായി രണ്ട്‌ സ ഹായ വൈദികരുടെ മധ്യേ യാണ്‌ നിയുക്ത മെത്രാനെ ബലി വേദിയിലേക്ക്‌ ആനയിച്ചത്‌. തുടര്‍ന്ന്‌ പ്രധാന കാര്‍മികനെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പിന്നീട്‌ ദീപം തെളിച്ച്‌ കര്‍മങ്ങള്‍ ആരംഭിച്ചു.ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ മെത്രാനായി അഭിഷേകം ചെയ്യുന്നതിനുള്ള അപ്പസ്തോലിക തീട്ടൂരം ലഭിച്ചിട്ടുണേ്ടാ എന്ന്‌ കാര്‍മികര്‍ ചോദിച്ചു. പുനലൂര്‍ രൂപതയിലെ മോണ്‍. മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസ്‌ ലത്തീന്‍ ഭാഷയിലുള്ള അപ്പോസ്തലിക തീട്ടൂരം വായിച്ചു. പിന്നീട്‌ തീട്ടൂരം മലയാളത്തിലും വായിച്ചു. കൊല്ലം മെത്രാന്‍ ഡോ.സ്റ്റാന്‍ലി റോമന്റെ ഉദ്ബോധന പ്രസംഗത്തിനുശേഷം പ്രധാന കാര്‍മികന്റെ മുന്നില്‍ നിയുക്ത മെത്രാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. സകല വിശുദ്ധന്മാരോടുമുള്ള പ്രാര്‍ഥനയ്ക്കുശേഷം നിയുക്ത മെത്രാന്റെ ശിരസില്‍ പ്രധാന കാര്‍മികനും സഹകാര്‍മികരായ മറ്റ്‌ മെത്രാന്മാരും കൈവയ്പ്പ്‌ കര്‍മം നടത്തി. തുടര്‍ന്ന്‌ നിയുക്ത മെത്രാ ന്റെ ശിരസിനു മീതേ സുവിശേഷഗ്രന്ഥം തുറന്നുവച്ച്‌ പ്രാര്‍ഥിച്ചു. പിന്നീട്‌ ശിരസില്‍ തൈലാഭിഷേകം നടത്തി സുവിശേഷഗ്രന്ഥം നിയുക്ത മെത്രാന്‌ നല്‍കിയശേഷം അധികാരചിഹ്നങ്ങള്‍ അണിയിച്ചു. രൂപതയിലെ വൈദികര്‍ ബലി വേദിയിലെത്തി നിയുക്ത ബിഷപ്പിന്റെ മോതിരം ചുംബിച്ച്‌ ആദരവും വിധേയത്വവും പ്രകടിപ്പിച്ചു. മെത്രാഭിഷേക കര്‍മങ്ങള്‍ക്കുശേഷം ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു.മെത്രാഭിഷേക ചടങ്ങുകളില്‍ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍, സ്ഥാനമൊഴിയുന്ന പുനലൂര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ, ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്പുമാരായ ഡോ.സ്റ്റാന്‍ലി റോമന്‍, ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, മാര്‍ ജോസഫ്‌ കാരിക്കാശേരി, ഡോ.ജോസഫ്‌ പണ്ടാരശേരില്‍, ഡോ.ഏബ്രഹാം മാര്‍ യൂലിയോസ്‌, മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ മാത്യു അറയ്ക്കല്‍, യാക്കോബ്‌ മാര്‍ ബര്‍ണബാസ്‌, ഡോ. പീറ്റര്‍ തുരുത്തിക്കോണത്ത്‌, കൊല്ലം രൂപതാ മുന്‍ ബിഷപ്‌ ഡോ.ജോസഫ്‌ ജി. ഫെര്‍ണാണ്ടസ്‌ എന്നിവര്‍ പങ്കെടുത്തു. വിവിധ രൂപതകളില്‍ നിന്നുള്ള മുന്നൂറോളം വൈദികരും കന്യാസ്ത്രീകളും വൈദിക വിദ്യാര്‍ഥികളും പതിനായിരക്കണക്കിന്‌ അല്‍മായരും മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുത്തു

വിമര്‍ശിക്കുന്നവര്‍ സഭയുടെ വിശുദ്ധിയും കാണണം: മാര്‍ വിതയത്തില്‍

ക്രൈസ്തവ സഭയെ വിമര്‍ശിക്കുന്നവര്‍ സഭയുടെ വിശുദ്ധിയും പ്രവര്‍ത്തന മേഖലകളിലെ നന്മയും കണെ്ടത്താന്‍ ശ്രമിക്കണമെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സഭയുടെ കേരളത്തിലെ എല്ലാ രൂപതകളിലെയും യുവജന നേതാക്കളുടെ ദ്വിദിന നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയുടെ ചരിത്രം, പാരമ്പര്യം, കനോന്‍ നിയമങ്ങള്‍ എന്നിവയെക്കുറിച്ചു ശരിയായി പഠിക്കാന്‍ യുവതലമുറ തയാറാകണം. വിശ്വാസസത്യങ്ങളില്‍ അടിയുറച്ചുനിന്നു പ്രതികരിക്കാന്‍ യുവതലമുറ സജ്ജരാകണമെന്ന്‌ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13 മുതല്‍ 15 വരെ സഭാ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചേരുന്ന അന്തര്‍ദേശീയ അല്‍മായ അസംബ്ലി, സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കി സഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരുമെന്ന്‌ മാര്‍ വിതയത്തില്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ സീ റോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബിജു മാത്യു അരീക്കാട്ട്‌, സാവിയോ പാമ്പൂരി, ജോപ്സി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം-അങ്കമാലി അതിരുപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ യുവജന പ്രതിനിധികളെ അഭിസംബോധന ചെയ്തു. സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ എക്സികൃൂ‍ട്ടീവ്‌ ഡയറക്ടര്‍ റവ.ഡോ.പോളി കണ്ണൂക്കാടന്‍, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു പുളിമൂട്ടില്‍, അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ. കൊച്ചുറാണി ജോസഫ്‌, ഡോ.സാബു ഡി മാത്യു, അഗസ്റ്റിന്‍ ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഡോ. സണ്ണിക്കുട്ടി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, June 27, 2009

കേന്ദ്ര വിദ്യാഭ്യാസനയം സ്വാഗതാര്‍ഹം: മാര്‍ പെരുന്തോട്ടം

കേന്ദ്രവിദ്യാഭ്യാസനയം സ്വാഗതാര്‍ഹമാണെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ആര്‍ച്ച്ബിഷപ്സ്‌ ഹൗസില്‍ മാധ്യമലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ വിദ്യാഭ്യാസമാണ്‌ കേന്ദ്രം പ്രഖ്യാപിച്ചതെന്നു കരുതുന്നു. വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷമേ കൂടുതല്‍ വിശദീകരിക്കാനാവുകയുള്ളൂവെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തില്‍ പ്രകടമായ മാറ്റം വന്നിട്ടില്ല. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കീഴിലുള്ള നാലു കോളജുകളുടെ അഫിലിയേഷന്‍ റദ്ദുചെയ്തത്‌ പ്രതികാര നടപടിയായാണ്‌ കാണുന്നത്‌. ഇത്‌ നീതിപരമല്ല. വ്യക്തമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദു ചെയ്യുന്നത്‌ നീതിയല്ല.അര്‍ഹതയുണ്ടായിട്ടും സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാത്തത്‌ വിവേചനപരമാണ്‌. ഇക്കാര്യങ്ങള്‍ക്കെതിരേ ന്യായമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കും. സര്‍ക്കാരിന്റെ നയം ചര്‍ച്ചകളെക്കാളുപരി പ്രവര്‍ത്തിയിലാണ്‌ പ്രതിഫലിച്ചുകാണേണ്ടതെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

അഭയാ കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ല

അഭയാകേസിലെ സാക്ഷികളായ സിസ്റ്റര്‍ ഷേര്‍ളി, അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍കോ അനാലിസിസിന്‌ വിധേയയമാക്കുന്നതിന്‌ വിസമ്മതിക്കുന്നത്‌ എന്തെങ്കിലും വിവരങ്ങള്‍ ഒളിച്ചുവയ്ക്കാനല്ലെന്നും പരിശോധന അധാര്‍മികവും വ്യക്തി സ്വതന്ത്ര്യത്തെ ഹനിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണെന്നും സെന്റ്‌ ജോസഫ്സ്‌ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആനി ജോണ്‍ അറിയിച്ചു. മൂന്നുപേരെയും അന്വേഷണസംഘങ്ങള്‍ അമ്പതിലേറെ പ്രാവശ്യം ചോദ്യംചെയ്യലിനും ബ്രെയിന്‍ മാപ്പിംഗ്‌, പോളിഗ്രാഫ്‌ ടെസ്റ്റ്‌ തുടങ്ങിയ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്‌. ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടുപോലും സിസ്റ്റര്‍ സെഫിയെ നാര്‍കോ പരിശോധനയ്ക്കു വിധേയമാക്കിയത്‌ ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ലാത്തതുകൊണ്ടും സത്യം തെളിയണമെന്നാഗ്രഹിച്ചതുകൊണ്ടുമാണ്‌. നാര്‍കോ പരിശോധനയ്ക്ക്‌ വിധേയമാക്കണമെന്ന്‌ ഇപ്പോള്‍ സി.ബി.ഐ. ആവശ്യപ്പെട്ടിരിക്കുന്ന മൂന്നുപേര്‍ക്കും ആരോഗ്യപ്രശ്നമുള്ളവരാണ്‌. നാര്‍കോ അനാലിസിസില്‍ കൃത്രിമം നടന്നുവെന്ന്‌ വ്യക്തമായി തെളിഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു പരീക്ഷണത്തിന്‌ സാക്ഷികള്‍ മാത്രമായ ഇവരെ വിധേയമാക്കുന്നതിനെയാണ്‌ എതിര്‍ക്കുന്നത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ. സംഘം അധാര്‍മികപാതയിലൂടെയാണ്‌ നീങ്ങുന്നതെന്ന്‌ കന്യാത്വപരിശോധനയും തുടര്‍ന്നുള്ള കുപ്രചാരണങ്ങളും വെളിവാക്കുന്നു. അന്വേഷണഏജന്‍സികളോട്‌ സഹകരിച്ച ഇവരെ ഇനിയുമൊരു ടെസ്റ്റിനു വിധേയമാക്കാന്‍ ശാഠ്യം പിടിക്കുന്നത്‌ സത്യം കണ്ടുപിടിക്കാനല്ലെന്നും സി.ബി.ഐ ആഗ്രഹിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഞങ്ങള്‍ കരുതുന്നു. നാര്‍കോ അനാലിസിസ്‌ സി.ഡി. യില്‍ ആരാണു തിരുത്തിയത്‌, എന്താണു തിരുത്തിയത്‌, എന്തിനാണ്‌ തിരുത്തിയത്‌ എന്നുകണ്ടുപിടിക്കാനിരിക്കെ തിരിമറികള്‍ പ്രതിഭാഗത്തിന്റെ സ്വാധീനത്തോടു കൂടിയാണെന്നു പറയുന്നത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണെന്നു സംശയിക്കുന്നതായി സിസ്റ്റര്‍ ആനി പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, June 24, 2009

അഫിലിയേഷന്‍ റദ്ദുചെയ്ത നടപടി ന്യൂനപക്ഷാവകാശ ലംഘനം: ഉമ്മന്‍ചാണ്ടി

ഏറ്റവും നവീനമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാല്‌ കോളജുകളുടെ തുടര്‍ അഫിലിയേഷന്‍ റദ്ദു ചെയ്ത നടപടി സംസ്ഥാനത്തെ ന്യൂനപക്ഷാവകാശ ലംഘനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി. ധനാഭ്യര്‍ഥനാ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സ്ഥിരാംഗീകാരം ലഭിച്ച ജൂബിലി, അമലാ മെഡിക്കല്‍ കോളജുകളുടേയും എ.ഐ.സി.ടിയുടെ അംഗീകാരം ലഭിച്ച ജ്യോതി, സഹൃദയാ എന്നീ എന്‍ജിനീയറിംഗ്‌ കോളജുകളുടേയും അഫിലിയേഷന്‍ റദ്ദാക്കിയതില്‍ തൃപ്തികരമായ ഒരു കാരണവും ഇതുവരെ പറയാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഇത്‌ രഹസ്യ അജന്‍ഡയുടെ ഭാഗമാണ്‌. ന്യൂനപക്ഷപ്രേമം പ്രസംഗത്തില്‍ മാത്രമേയുള്ളു എന്ന്‌ അദ്ദേഹം പറഞ്ഞു. ചെങ്ങറ ഭൂസമരം 690 ദിവസം പിന്നിട്ടിട്ടും ഒന്നു തിരിഞ്ഞു നോക്കാനുള്ള മര്യാദപോലും സര്‍ക്കാര്‍ കാണിക്കുന്നില്ല. പത്തോളം പേര്‍ അവിടെ ഇതുവരെ മരിച്ചിട്ടുണ്ട്‌. ഭൂസമരക്കാരുടെ ആവശ്യങ്ങള്‍ മുഴുവനും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. എങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങളും ഉണ്ട്‌.സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം, കൊച്ചി മെട്രോ റെയില്‍വേ എന്നിവയുടെ കാര്യത്തിലും നിഷേധാത്മകമായ നിലപാടുകളാണ്‌ സര്‍ക്കാരിന്റേത്‌. കേരളത്തെ പുരോഗതിയുടെ വലിയ പാതകളില്‍ എത്തിക്കുന്നു ഇത്തരം പദ്ധതികളുടെ വിജയത്തിന്‌ ഉപാധികളില്ലാത്ത പിന്തുണയാണ്‌ പ്രതിപക്ഷം നല്‍കുന്നതെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങളില്‍ പോസിറ്റീവായ ഒരു ചുവടുപോലും വയ്ക്കാന്‍ കഴിയുന്നില്ല. തിരുവനന്തപുരം നഗരവികസനത്തിന്റെ ഭാഗമായ ബേക്കറി ഓവര്‍ബ്രിഡ്ജിന്റെ കാര്യം തന്നെയാണ്‌ ഇതിന്‌ ക്ലാസിക്ക്‌ ഉദാഹരണം. 11 മാസം കൊണ്ടാണ്‌ നഗരത്തിലെ അണ്ടര്‍പാ സേജ്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ പൂര്‍ത്തിയാക്കിയത്‌. എന്നാല്‍, മൂന്നു വര്‍ഷമായിട്ടും പാലത്തിന്റെ പണി തുടങ്ങിയടുത്തുതന്നെ നില്‍ ക്കുകയാണ്‌. സ്വാശ്രയകോളജ്‌ പ്രവേശനത്തെ സംബന്ധച്ചുള്ള അനിശ്ചതത്വങ്ങളും ഇതേ രീതിയില്‍ തന്നെ. അന്യസംസ്ഥാന ലോബിയെ സഹായിക്കാന്‍ മാത്രമേ സര്‍ക്കാര്‍ നടപടികള്‍ ഉപകരിക്കുന്നുള്ളു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ചര്‍ച്ച തുടരുകയാണ്‌. ഡിഗ്രിതലത്തില്‍ ചോയിസ്‌ ബേസ്ഡ്‌ ക്രഡിറ്റ്‌ ആന്റ്‌ സെമിസ്റ്റര്‍ സിസ്റ്റം നടപ്പാക്കിയെന്നാണ്‌ മന്ത്രി പറയുന്നത്‌. എന്നാല്‍, അതെന്താണെന്ന്‌ ഇപ്പോഴും വ്യ ക്തമല്ല. എന്തായാലും വിദ്യാര്‍ഥികള്‍ക്ക്‌ ഉപയോഗപ്രദമായതല്ല എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു.. ഏതു രംഗം പരിശോധിച്ചാലും അപാകതകളും മെല്ലെപ്പോക്കും ദാര്‍ഷ്ട്യവും മാത്രമാണ്‌ സര്‍ക്കാര്‍ സംഭാവനയായി കാണാന്‍ കഴിയുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ ഇതിനു മറുപടി പറയേണ്ടതല്ലേ ?

അഭയാ കേസില്‍ അറസ്റ്റിന്‌ ആധാരമായി സിബിഐ സ്വീകരിച്ചിരുന്ന നാര്‍കോ പരിശോധനയുടെ സിഡികളില്‍ കൃത്രിമം നടന്നുവെന്ന വിവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡിവൈഎസ്പി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തിന്റെ അന്വേഷണ കാലത്തു തന്നെ ഇതുയര്‍ന്നു വന്നിരുന്നു. ബാംഗളൂരിലെ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ വച്ചാണ്‌ നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നതെന്ന്‌ അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹം കോടതിയുടെ പോലും രൂക്ഷ വിമര്‍ശനത്തിന്‌ വിധേയനായി. നാര്‍കോ സിഡിയുടെ ആധികാരികതയില്‍ സംശയമുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹം ഇതിലെ തെളിവുവച്ച്‌ ആരേയും അറസ്റ്റു ചെയ്തില്ല. പിന്നീട്‌ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ്‌ ഹേമ, നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നിട്ടുണെ്ടന്നു ചൂണ്ടിക്കാട്ടുകയും ബാംഗളൂര്‍ ഫോറന്‍സിക്‌ ലബോറട്ടറിയിലെ അസിസ്റ്റന്റ്‌ ഡയറക്ര് എസ്‌. മാലിനി നല്‍കിയ റിപ്പോര്‍ട്ട്‌ താന്‍ വിശ്വസിക്കുകയില്ലെന്നു പറയുകയും ചെയ്തിരുന്നു. നാര്‍കോ സിഡിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നു പറഞ്ഞാണ്‌ നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം മൂന്നു പേരെ അറസ്റ്റ്‌ ചെയ്ത്‌ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ ആഘോഷമാക്കിയത്‌. നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നെന്നു വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞതോടെ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ സിബിഐ ബാധ്യസ്ഥരായിരിക്കുകയാണ്‌.
1. ഇപ്പോഴത്തെ അന്വേഷണസംഘം ചുമതലയേല്‍ക്കുന്നതിനു മുമ്പു തന്നെ നാര്‍കോ പരിശോധനാ സിഡിയില്‍ കൃത്രിമത്വമുണെ്ടന്ന വിവാദം ഉയര്‍ന്നിരുന്നു. ഫോറന്‍സിക്‌ ലാബിലെ അസി.ഡയറക്ടര്‍ ഡോ.എസ്‌. മാലിനിയാണ്‌ കൃത്രിമത്വം കാണിച്ചതെന്നായിരുന്നു അന്ന്‌ സിബിഐയുടെ ആരോപണം. എന്നാല്‍, മാലിനിക്ക്‌ കോടതി ക്ലീന്‍ചിറ്റ്‌ നല്‍കി. പിന്നീട്‌ അന്വേഷണ ചുമതലയേറ്റെടുത്ത നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഈ ആരോപണത്തിന്റെ നിജസ്ഥിതി കണെ്ടത്താഞ്ഞത്‌ എന്തുകൊണ്ട്‌?
2. കൃത്രിമത്വമുണെ്ടന്നു ആരോപണമുയര്‍ന്ന സിഡിയുടെ ആധികാരികത പരിശോധിക്കാതെ അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ നടത്തിയത്‌ ശരിയോ?
3. ഈ നാര്‍കോ പരിശോധനയുടെ സിഡികള്‍ വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ്‌ ഹേമയുടെ പരാമര്‍ശം പിന്നീടും കണക്കിലെടുക്കാതിരുന്നത്‌ നീതിയോ?
4. ഈ നാര്‍കോ പരിശോധനയുടെ സിഡികളില്‍ കൃത്രിമത്വമുണെ്ടന്നു കണെ്ടത്താന്‍ വിദഗ്ധരുടെ ആവശ്യമില്ലെന്നും ഏതൊരു സാധാരണക്കാരനുപോലും തിരിച്ചറിയാമെന്നുമുള്ള ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം അതീവ ഗൗരവമുള്ളതല്ലേ?
5. ഈ പരാമര്‍ശം കണക്കിലെടുത്താല്‍, സാധാരണക്കാരനു പോലും മനസിലാകുന്ന കൃത്രിമം തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണോ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌?
6. സാധാരണക്കാരനു കണെ്ടത്താന്‍ കഴിയുന്ന ഒരു കൃത്രിമം സിബിഐക്കു മനസിലായില്ല എന്നു കരുതേണ്ടി വരുമോ? അതല്ല കണ്ടില്ലെന്നു നടിച്ചതാണെന്ന്‌ ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താ നാവുമോ?
7. വിശ്വസനീയമല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അറസ്റ്റും കോലാഹലങ്ങളും എന്തിനു വേണ്ടിയായിരുന്നു?
8. സമൂഹത്തില്‍ ആദരണീയരായിരുന്ന മൂന്നുപേരെ ഇത്തരത്തില്‍ അവഹേളിച്ചതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന്‌ അന്വേഷണസംഘം എങ്ങനെ ഒഴിഞ്ഞുമാറും?
9.നാര്‍കോ പരിശോധന സിഡി യെക്കുറിച്ചു കുറ്റാരോപിതര്‍ നേരത്തെ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാതിരുന്നത്‌ ശരിയായോ ?
10. നിലവിലുള്ള സിഡി കുറ്റാരോപിതരെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ്‌ തയാറാക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനാല്‍ പ്രതിഭാഗമല്ല തിരിമറിക്കു പിന്നിലെന്നു വ്യക്തമല്ലേ?
11. പ്രതിഭാഗം തന്നെയാണ്‌ സിഡിയില്‍ കൃത്രിമം നടത്തിയതെന്ന്‌ വീണ്ടും പ്രചാരണം നടത്തുന്നത്‌ ആരുടെ മുഖംരക്ഷിക്കാനാണ്‌?
12. കുറ്റാരോപിതര്‍ തന്നെ അവര്‍ക്കെതിരേ ഉപയോഗിക്കാവുന്ന രീതിയില്‍ സിഡിയില്‍ കൃത്രിമം നടത്തിയെന്നുള്ള പ്രചാരണം സാമാന്യബുദ്ധിയുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാ നാവുമോ?
13. പ്രതിഭാഗമാണ്‌ കൃത്രിമത്തിനു പിന്നിലെങ്കില്‍ ഇപ്പോള്‍ സിഡിയില്‍ അവര്‍ക്കെതിരേ അവശേഷിക്കുന്ന പരാമര്‍ശം കൂടി നീക്കം ചെയ്തു സുരക്ഷിതരാകുമായിരുന്നില്ലേ ?
14. കൃത്രിമം നടത്തിയവര്‍ തങ്ങളെ അറസ്റ്റു ചെയ്യാന്‍ ഇട നല്‍കുന്ന പഴുത്‌ സിഡിയില്‍ അവശേഷിപ്പിച്ചുവെന്ന്‌ ഇനി അന്വേഷണ സംഘം പറയുമോ?
15. നാര്‍കോ സിഡിയിലെ കൃത്രിമം വിവാദമായ പശ്ചാത്തലത്തില്‍ ഫോറന്‍സിക്‌ ലാബിനൊപ്പം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും സംശയത്തിന്റെ നിഴലിലാണ്‌. അതിനാല്‍ ഈ കൃത്രിമത്തെക്കുറിച്ചു നിലവിലുള്ള സംഘം തന്നെ അന്വേഷിക്കുന്നതു നീതിയാണോ ?
16. സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള അന്വേഷണത്തിലും പരിശോധനകളിലും തിരിമറി വ്യക്തമായ സ്ഥിതിക്ക്‌ പരിശോധന നടത്തിയവരെയും ഈ അന്വേഷണങ്ങളില്‍ പങ്കെടുത്തവരെയും നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കേണ്ട തല്ലേ?
17. നാര്‍കോ പരിശോധന സിഡിയുടെ പിന്‍ബലത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തിട്ട്‌ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമ ര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച സിബിഐ ആറുമാസങ്ങള്‍ പിന്നിട്ട ശേഷവും അതിനു തയാറാകാത്തതില്‍ ദുരൂഹതയില്ലേ ?

സിബിഐ മാപ്പു പറയണം: കെസിവൈഎല്‍

അഭയക്കേസില്‍ നാര്‍ കോ സി.ഡിയില്‍ കൃത്രിമം നടന്നിട്ടുണെ്ടന്ന്‌ സിഡിറ്റിന്റെ കണെ്ടത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ മാപ്പുപറയണമെന്നു കെസിവൈഎല്‍ ആവശ്യപ്പെട്ടു. കേസില്‍ സിബിഐ നടത്തിയ അവകാശവാദം നാര്‍ക്കോ അനാലിസിസില്‍ വ്യക്തമായ തെളിവുകള്‍ കണെ്ടത്തി എന്നായിരുന്നു. എന്നാല്‍, ആ തെളിവുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌. ഒരുപക്ഷേ, സി.ഡിയില്‍ കൃത്രിമം നടത്തിയത്‌ സിബിഐയു ടെ അറിവോടെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.സി.ഡിയില്‍ കൃത്രിമം നടത്തിയത്‌ ആരാണെന്ന്‌ കണ്ടുപിടിക്കാതെ ഈ കേസ്‌ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ട്‌ ജസ്റ്റീസ്‌ കെ. ഹേമ പുറപ്പെടുവിച്ച പരാമര്‍ശങ്ങള്‍ സത്യമാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുറ്റാരോപിതര്‍ക്ക്‌ എതിരേയുള്ള സി.ബി.ഐയുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രതികളെ കണെ്ടത്തണമെന്നും കെസിവൈഎല്‍ അതിരൂപത സമിതി ആവശ്യപ്പെട്ടു. അറസ്റ്റ്‌ ചെയ്ത്‌ ഏഴുമാസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സി.ബി.ഐ ഇനിയെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ കേസിനെ സമീപിച്ച്‌ നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്ന്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടം അധ്യക്ഷതവഹിച്ചു. ചാപ്ലെയിന്‍ ഫാ. ജിനു കാവില്‍, ജനറല്‍ സെക്രട്ടറി ലിന്‍സണ്‍ കൈതമല, ട്രഷറര്‍ ജിജോ വരകുകാലായില്‍, വൈസ്‌ പ്രസിഡന്റ്‌ ടോമി പുഴക്കരോട്ട്‌, വിനീത തെക്കേവട്ടപ്പറമ്പില്‍, ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സിന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, June 17, 2009

വിമോചനസമരം ഓര്‍മിക്കാന്‍ കാരണമെന്തെന്ന്‌ ചിന്തിക്കണം: മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌

വിമോചനസമരവും അതിനിടയാക്കിയ സാഹചര്യങ്ങളും ഇപ്പോള്‍ എന്തുകൊണ്ട്‌ വീണ്ടും ഓര്‍മിക്കപ്പെടുന്നു എന്ന്‌ ബന്ധപ്പെട്ടവര്‍ ചിന്തിക്കണമെന്ന്‌ മലങ്കരകത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ. ഒരുസമൂഹത്തിനുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ മനസില്‍നിന്നു മാറ്റാനുള്ള ശ്രമമാണ്‌ ഭരണകര്‍ത്താക്കള്‍ നടത്തേണ്ടതെന്നു കാതോലിക്കാബാവ നിര്‍ദേശിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന നിര്‍ദേശത്തെ പോസിറ്റീവായി സഭ കാണുന്നു. ക്രിയാത്മകമായ തുറന്ന ചര്‍ച്ചയ്ക്ക്‌ സഭ തയാറാണ്‌. തിരുവനന്തപുരം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുസമൂഹത്തെയോ സമുദായത്തെയോ ഒറ്റപ്പെടുത്തിക്കൊ ണേ്ടാ അവര്‍ക്കെതിരേ അനാവശ്യമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണേ്ടാ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്‌ ജനങ്ങളുടെ സുസ്ഥിതിക്ക്‌ ആവശ്യം. ഏറ്റുമുട്ടലിന്റെ പാത ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കില്ല. തുറന്ന സംവാദമാണ്‌ വേണ്ടത്‌. സമൂഹത്തിന്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും ഏതെങ്കിലും സമൂഹം സംഭാവന ചെയ്തിട്ടുണെ്ടങ്കില്‍ പൊതുസമൂഹം അത്‌ അംഗീകരിക്കുകയും മനസിലാക്കുകയും വേണം.ക്രൈസ്തവ സമൂഹത്തിന്‌ ആശങ്കകളുണ്ടായ അവസരങ്ങളിലെല്ലാം അത്‌ അറിയിച്ചിട്ടുണ്ട്‌. ചര്‍ച്ചകള്‍ക്ക്‌ തയാറാണെന്ന്‌ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്‌. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക്‌ ഫലം ഉണ്ടാകും. ചര്‍ച്ചകള്‍ നടക്കും എന്ന്‌ പറയുന്നതുകൊണ്ട്‌ ആശങ്കകള്‍ അവസാനിക്കുന്നില്ല. ഇപ്പോഴും ചില ആശങ്കകള്‍ നിലവിലുണെ്ടന്ന്‌ കാതോലിക്കാബാവാ പറഞ്ഞു.ഇതിനുമുമ്പും കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ കേരളം ഭരിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാത്ത എതിര്‍പ്പുകള്‍ ഇപ്പോള്‍ ഉയരുന്നതിനുകാരണമെന്തെന്ന്‌ സര്‍ക്കാരും പാര്‍ട്ടിയും ചിന്തിക്കണം. മുമ്പുണ്ടായിരുന്ന സമീപനങ്ങളില്‍ വ്യത്യാസം വന്നതാണ്‌ പ്രശ്നം. ഒരുസമൂഹം സ്വീകരിക്കുന്ന ആഭിമുഖ്യങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരേ വെല്ലുവിളി ജനങ്ങളില്‍ നിന്നുയരും.സഭ യുഡിഎഫ്‌ രാഷ്ട്രീയമാണ്‌ പ്രയോഗിക്കുന്നത്‌ എന്ന ആക്ഷേപത്തിന്‌ അടിസ്ഥാനമില്ല. യുഡിഎഫ്‌ മാത്രമല്ല കേരളം ഭരിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും ചരിത്രം അറിയാം. നേരത്തെയും സിപിഎം ഭരിച്ചിട്ടുണ്ട്‌. അതില്‍ നിന്നു വ്യത്യസ്ഥമായ ചിന്താരീതി ചില സമൂഹങ്ങള്‍ക്കെതിരേ ഉയര്‍ന്നു വന്നു എന്ന്‌ മനസിലാക്കണം.വ്യക്തിപരമായ തേജോവധം ചെയ്യുക സഭയുടെ നിലപാടല്ല. അഴിമതിയെ എന്നും എതിര്‍ക്കുന്ന നിലപാടാണ്‌ സഭയുടേത്‌. എന്നാല്‍ അഴിമതി എന്നു പറഞ്ഞ്‌ വ്യക്തികളെ അപഹസിക്കുന്ന രീതി സഭയ്ക്കില്ല. അഴിമതി നേരിടാനും പ്രതികളെ പിടികൂടാനും സര്‍ക്കാരിന്‌ സംവിധാനങ്ങളുണ്ടല്ലോ. അത്‌ സഭയുടെ ജോലിയല്ല. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു.സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമീപനങ്ങള്‍ കാണുമ്പോള്‍ ആശങ്കയുണ്ട്‌. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നു പറയുന്നതിനൊപ്പം തന്നെ വീണ്ടും കുരുക്കുകള്‍ വരുന്നു. ആശയക്കുഴപ്പവും വളര്‍ത്തുന്നു. അക്രമോത്സുകമായ നടപടികള്‍ പുതിയ നന്മ കണെ്ടത്തുന്നതിന്‌ തടസമാകും. ഒരുവിഭാഗത്തെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന സമീപനങ്ങളാണ്‌ നിലവിലുള്ളത്‌.ദൈവിക പദ്ധതിയുടെ ഭാഗമാണ്‌ തന്റെ ശുശ്രൂഷ. എന്നാല്‍ ഭാരങ്ങളുമുണെ്ടന്ന്‌ അദ്ദേഹം ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.സമൂഹത്തിന്റെ പുരോഗതിക്ക്‌ അനുകൂലമായ ഘടകങ്ങളെ ഉപയോഗിക്കുന്നതില്‍ തടസം നേരിടുന്നു. ഏകോപനവും വൈകുന്നു. ഒന്നിക്കില്ല എന്ന്‌ കരുതിയ മതവിഭാഗങ്ങള്‍പോലും ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തുകയും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നത്‌ സന്തോഷകരമാണ്‌.ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഒരു തുടക്കമുണ്ടായി അതിനുശേഷം ഒരു തുടര്‍ച്ച ഉണ്ടായിട്ടില്ല. അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം ഉണ്ടാകുന്നില്ല. പ്രൈമറി വിദ്യാഭ്യാസ കാലത്തെക്കുറിച്ചുള്ള ചിന്തയല്ലല്ലോ ഉണ്ടാകേണ്ടത്‌. കാലം മാറിയത്‌ മനസിലാക്കണം.ആഭിമുഖ്യങ്ങള്‍ മാറണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനു വേണ്ടി സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കണം. സ്വതന്ത്രമായി സ്ഥാപനങ്ങള്‍ നടത്താനുള്ള അവസരം സൃഷ്ടിക്കണം.സഭയും സഭാധ്യക്ഷന്‍മാരും വിശ്വാസികളും രാഷ്ട്രീയത്തിലിടപെടുന്നതില്‍ തെറ്റില്ലെന്ന കാതോലിക്കാ ബാവാ വ്യക്തമാക്കി. ആത്മീയ ജീവിതം,ഭൗതികജീവിതം എന്ന്‌ ജീവിതത്തെ വേര്‍തിരിച്ച്‌ കാണുന്നത്‌ ശരിയല്ല.രണ്ടും പരസ്പരം ബന്ധപ്പെട്ടാണ്‌ നിലകൊള്ളുന്നത്‌. ചിലര്‍ക്ക്‌ ചിലകാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറയുന്നത്‌ ശരിയല്ല. രാഷ്ട്രീയക്കാര്‍ക്ക്‌ മതത്തെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്‌. രാഷ്ട്രീയമെന്നത്‌ പാര്‍ട്ടികളായി മാത്രം ചുരുങ്ങുന്നതാണ്‌ പ്രശ്നം. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടിയുള്ള രാഷ്ട്രീയത്തെക്കുറിച്ച്‌ പൗരന്‍ അഭിപ്രായം പറയുന്നതും ശരിയല്ലാത്ത പ്രവണതകളെ എതിര്‍ക്കുന്നതും എങ്ങനെ തെറ്റാകും.ഒരുപാര്‍ട്ടിക്കുവേണ്ടയും സഭ ഇതുവരെയും ഇടയ ലേഖനം ഇറക്കിയിട്ടില്ല. എന്നാല്‍, സമൂഹത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച്‌ പറയാറുണ്ട്‌. പാര്‍ട്ടികള്‍ അവരുടെ സന്ദേശങ്ങള്‍ അണികളിലെത്തിക്കുന്നതിന്‌ വിവിധ മാര്‍ഗങ്ങള്‍ തേടാറുണ്ട്‌. സഭയുടെ പ്രബോധനം വിശ്വാസികളിലെത്തി ക്കുന്നതിനുവേണ്ടിയുള്ളതാണ്‌ ഇടയലേഖനം. പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തെ നിഷേധാത്മകമായി കാണുന്നതാണ്‌ പ്രശ്നം. തങ്ങള്‍ക്കെതിരാകുമ്പോള്‍ ഇടയലേഖനം തെറ്റാണെന്നും അനുകൂലമാകുമ്പോള്‍ കുഴപ്പമില്ലെന്നും പറയുന്നു. തെരഞ്ഞെടുപ്പില്‍ ആഘാതം നേരിട്ടവര്‍ക്ക്‌ പുനര്‍വിചിന്തനത്തിന്റെ സമയമാണിത്‌.സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിന്‌ വ്യക്തതകള്‍ വരുത്താന്‍ സഭ ശ്രമിക്കാറുണ്ട്‌. രണ്ടാം വിമോചനസമരത്തെക്കുറിച്ചുള്ള സിപിഎം ആരോപണങ്ങള്‍ ശരിയല്ല. പുഷ്പഗിരി മെഡിക്കല്‍ കോളജാണ്‌ പ്രശ്നമെങ്കില്‍ ബന്ധപ്പെട്ടവര്‍ അതു തുറന്നു പറയണം. സഭയുടെ കോളജുകളില്‍ കാപ്പിറ്റേഷന്‍ ഫീസോ സംഭാവനയോ നിര്‍ബന്ധപൂര്‍വം വാങ്ങുന്നില്ല. പാവപ്പെട്ടവരെ സൗജന്യമായി പഠിപ്പിക്കു ന്നുമുണ്ട്‌.പ്രസ്താവന കൊണ്ട്‌ ഒരുപ്രശ ്നവും തീരില്ല. തുറന്നമനസാണ്‌ ആവശ്യമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

Thursday, June 11, 2009

അക്രമം നടത്തിയിട്ട്‌ അറിയില്ലെന്നു പറയുന്നത്‌ തെറ്റ്‌: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

അക്രമം നടത്തിയിട്ട്‌ അറിയില്ലെന്നു പറയുന്നതു തെറ്റാണെന്ന്‌ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കൊല്ലം രൂപതാ മെത്രാനുമായ ഡോ. സ്റ്റാന്‍ലി റോമന്‍. ആലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സ്കൂളും കോളജും ചാപ്പലും കരിദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ സെന്റ്‌ ജോസഫ്സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തേക്കുറിച്ച്‌ കെസിബിസിക്കുള്ള ആശങ്ക കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്മേളനം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ രംഗത്ത്‌ മനേജ്മെന്റ്‌ നിയമനങ്ങള്‍ നടത്തിയാലും അംഗീകരിക്കാത്ത അവസ്ഥയാണ്‌. തൃശൂരില്‍ രണ്ടുകോളജുകളിലെ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നല്‍കാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണ്‌. പാവപ്പെട്ടവരായ നമ്മളെ എന്തിന്‌ സര്‍ക്കാര്‍ വേദനിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ ആരുടെ പക്ഷത്ത്‌ ആര്‍ക്കുവേണ്ടി നിലനില്‍ക്കുന്നുവെന്നും ബിഷപ്‌ ചോദിച്ചു. ഇവിടെ അക്രമം അഴിച്ചുവിട്ടത്‌ ആസൂത്രിതമായാണെന്നും സമരം നടത്താന്‍ ഒരു വിഭാഗത്തിന്‌ അവകാശമുള്ളതുപോലെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണെ്ടന്നും ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. ഒരാളെ ഉപദ്രവിച്ചുകൊണ്ട്‌ അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ശരിയല്ല. പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ബിഷപ്‌ പറഞ്ഞു. സമ്മേളനത്തിനു മുമ്പ്‌ സ്കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വിശ്വാസികളും അണിനിരന്ന പടുകൂറ്റന്‍ റാലിയും ഉണ്ടായിരുന്നു

ന്യൂനപക്ഷമാണ്‌ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്‌: ഡോ. സൂസപാക്യം

കേരളത്തില്‍ ന്യൂനപക്ഷ ജനവിഭാഗമാണ്‌ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം പറഞ്ഞു. എറണാകുളം ആശിര്‍ഭവനില്‍ കേരളത്തിലെ ലത്തീന്‍ രൂപതകളിലെ അല്‍മായ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ സാഹചര്യത്തില്‍ ജനങ്ങള്‍ സ്ഥിരതയാര്‍ന്ന ഒരു സര്‍ക്കാരിനെ ആഗ്രഹിച്ചതിന്റെ ഫലമാണ്‌ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളിലെ നന്മതിന്മകള്‍ ന്യൂനപക്ഷ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. ജനകീയ പ്രശ്നങ്ങളിലൂടെയുള്ള ശക്തമായ നിലപാടും ആത്മാര്‍ഥമായ ഇടപെടലും സാമൂഹ്യമാറ്റത്തിന്‌ കാരണമാകുമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത്‌ ചെറിയതുറയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ യോഗം ആവശ്യപ്പെട്ടു. ആലപ്പുഴയിലെ സെന്റ്‌ ജോസഫ്സ്‌ കോളജിന്‌ നേരെയും ചാപ്പലിന്‌ നേരെയുമുണ്ടായ ആക്രമണത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

കെ.സി.ബി.സി. യോഗതീരുമാനങ്ങള്‍

1. വൈദികവര്‍ഷ ആചരണംസാര്‍വത്രിക സഭ പ്രഖ്യാപിച്ചിരിക്കുന്ന വൈദിക വര്‍ഷം 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ കേരളസഭയില്‍ ആചരിക്കും. കേരള കത്തോലിക്കാസഭയില്‍ പതിനായിര ത്തിലധികം വൈദികര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്‌. വൈദികരുടെ ജീവിത നവീകരണം, പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ പ്രോത്സാഹനം സെമിനാരി പരിശീലന നവീകരണം എന്നിവ ലക്ഷ്യമിടുന്ന പൗരോഹിത്യവര്‍ഷ ആചരണത്തിനായി കെ.സി.ബി.സി. യുടെ പ്രത്യേക സമിതി നേതൃത്വം നല്‍കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍, ചെയര്‍മാന്‍, കൊല്ലം രൂപാധ്യക്ഷന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്‌ അബ്രഹാം ജൂലിയോസ്‌ എന്നിവര്‍ സമിതി അംഗങ്ങളാണ്‌.
2. കോഴിക്കോട്‌ സര്‍വകലാശാലയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കുംഎഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ തടഞ്ഞുവച്ച്‌ അവരുടെ ഭാവി അവതാളത്തിലാക്കി അതുവച്ച്‌ വിലപേശി ന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശം കവര്‍ന്നെടുക്കാന്‍ കോഴിക്കോട്‌ സര്‍വകലാശാല നടത്തുന്ന സര്‍വാധിപത്യശ്രമങ്ങളില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ഏറ്റവും ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ, ജ്യോതി എന്നീ എഞ്ചിനിയറിംഗ്‌ കോളേജുകളിലും ക്രൈസ്തവ മെഡിക്കല്‍ കോളേജുകളിലുമാണ്‌ ഹാള്‍ ടിക്കറ്റ്‌ നല്‍കാതെയും പരീക്ഷ നടത്താന്‍ അനുവദിക്കാ തെയും റിസള്‍റ്റ്‌ നല്‍കാതെയുമൊക്കെ നിരന്തരം പീഡിപ്പിക്കുന്നത്‌. തികച്ചും ഏകാധിപത്യ പരവും ക്രൂരവുമായ ഈ നിലപാടില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ഒരുമിച്ച്‌ അതിനെ ചെറുക്കണമെന്ന്‌ സമ്മേളനം പ്രഖ്യാപിച്ചു.
3. ഭരണഘടന വിരുദ്ധ നിലപാടുകളില്‍ നിന്ന്‌ സര്‍വകലാശാലകള്‍ പിന്മാറണംമഹാത്മാഗാന്ധി, കേരള യൂണിവേഴ്സിറ്റികളിലെ ന്യൂനപക്ഷകോളേജുകളില്‍ കോടതി വിധികള്‍ക്കു ശേഷവും പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാതെ ക്രൈസ്തവര്‍ക്ക്‌ ന്യൂനപക്ഷാവകാശമില്ലെന്ന്‌ പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്ത സിന്‍ഡിക്കേറ്റിന്റെ നിലപാടുകള്‍ ഭരണഘടനാവിരുദ്ധവും വിചിത്രവുമാണെന്ന്‌ സമ്മേളനം വിലയിരുത്തി. സര്‍വകലാശാലകള്‍ രാഷ്ട്രീയപ്രേരിതമായി ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നത്‌ ജനാധിപത്യ കേരളത്തിന്‌ അപമാനകരമാണ്‌.
4. ക്രെഡിറ്റ്‌ സെമസ്റ്റര്‍ സിസ്റ്റം പുനഃപരിശോധിക്കണംസര്‍വകലാശാലകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ സിസ്റ്റം അഭികാമ്യമെങ്കിലും അതിനു വേണ്ട മുന്നൊരുക്കമോ യൂണിവേഴ്സിറ്റി തലത്തില്‍ അതിനുവേണ്ട സംവിധാനങ്ങളോ ക്രമീകരിക്കാത്തതിനാല്‍ പരാജയപ്പെടുമെന്ന്‌ സമ്മേളനം വിലയിരുത്തി. ഈ വിഷയത്തില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനത്തിനും ശരിയായ ബോധവത്കരണം ആവശ്യമാണ്‌.
5. അധാര്‍മ്മിക പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണംകേരള യൂണിവേഴ്സിറ്റി ഡിഗ്രി ക്ലാസ്സുകളിലെ ഭാഷാസാഹിത്യ പഠനത്തിനുവേണ്ടി ശിപാര്‍ശ ചെയ്തിരിക്കുന്ന അശ്ലീലം കലര്‍ന്നതും അധാര്‍മ്മികത പ്രചരിപ്പിക്കുന്നതുമായ പാഠപുസ്തകങ്ങള്‍ പിന്‍വവലിക്കണമെന്ന്‌ കെ.സി.ബി.സി. ആവശ്യപ്പെട്ടു. മാനവനന്മയ്ക്കായി ജീവിച്ച മഹദ്‌വ്യക്തികളുടെ ആത്മകഥകള്‍ പഠിപ്പിക്കേണ്ട ക്ലാസുകളില്‍ നിലവാരം കുറഞ്ഞ ആത്മകഥകള്‍ പഠിപ്പിക്കാന്‍ പരിശ്രമിക്കുന്നത്‌ നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ധാര്‍മ്മിക അധഃപതനത്തിന്റെ തെളിവാണ്‌. നളിനി ജമീലയുടെ “ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയും””തസ്ക്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥയും പഠിപ്പിക്കുവാന്‍ പരിശ്രമിക്കു ന്നത്‌ സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്‌. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയെ വഴി തെറ്റിക്കാനേ ഉപകരിക്കു എന്ന്‌ കെ.സി.ബി.സി. സമ്മേളനം കുറ്റപ്പെടുത്തി.
6. വിദ്യാഭ്യാസ സ്ഥാപനത്തിനും ദൈവാലയത്തിനും നേരെ നടന്ന അക്രമണങ്ങള്‍ അപലപനീയംസി.പി.എം. ആഹ്വാനം ചെയ്ത കരിദിനത്തിന്റെ മറവില്‍ ആലപ്പുഴ രൂപതയ്ക്ക്‌ കീഴിലെ സെന്റ്‌ ജോസഫ്‌ വനിതാ കോളേജും കോളേജിനു സമീപത്തെ പ്രാര്‍ത്ഥനാലയവും, സ്കൂളും അക്രമികള്‍ തല്ലിത്തകര്‍ത്തത്‌ അപലപനീയമാണെന്ന്‌ കെ.സി.ബി.സി. ആരോപിച്ചു. ജനാധിപത്യ ഭരണക്രമത്തില്‍ പ്രതിഷേധിക്കുവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌. പ്രതിഷേധത്തിന്റെ മറവില്‍ അക്രമണങ്ങള്‍ അഴിച്ചുവിടുന്നത്‌ അംഗീകരിക്കാനാവില്ല. ഏത്‌ പാര്‍ട്ടിയായാലും പ്രതിഷേധ സമരങ്ങള്‍ക്കിടെ അക്രമം അഴിച്ചു വിടുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സഭ കൈക്കൊണ്ട നിലപാടുകളുടെ പേരില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനവും പ്രാര്‍ത്ഥനാലയവും തകര്‍ത്തത്‌ തികഞ്ഞ അനീതിയാണ്‌.
7. ലോകസഭാ തിരഞ്ഞെടുപ്പില്‍ സഭ സ്വീകരിച്ച നിലപാടുകള്‍ വിലയിരുത്തികഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സഭ ഒറ്റക്കെട്ടായി നടത്തിയ ഇടപെടലുകള്‍ സമ്മേളനം വിലയിരുത്തി. കേരളത്തില്‍ ഈശ്വരവിശ്വാസവും ധാര്‍മ്മികതയും ജനാധിപത്യമൂല്യങ്ങളും നിലനിറുത്താനാണ്‌ സഭ പ്രത്യേകമായി രംഗത്തുവന്നത്‌. മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കുംവേണ്ടി ഭാവിയിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കെ.സി.ബി.സി. യോഗം തീരുമാനിച്ചു.
8. അടിയന്തിര ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭ പരിശ്രമിക്കുംകേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭ കാര്യക്ഷമമായി ഇടപെടാന്‍ തീരുമാനിച്ചു. പ്രത്യേകിച്ച്‌ മുല്ലപ്പെരിയാര്‍ പ്രശ്നം, ഇടുക്കി, കുട്ടനാട്‌, വയനാട്‌ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പട്ടയ പ്രശ്നം, സുനാമി ബാധിതരുടെ പ്രശ്നം, മൂലമ്പിള്ളി കുടിയിറക്കല്‍ പ്രശ്നം, തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം എന്നിവ പരിഹരിക്കാന്‍ സഭയുടെ സാമൂഹിക സേവനവിഭാഗത്തിലൂടെ ഇടപെടാനും കെ.സി.ബി.സി. തീരുമാനിച്ചു.

Monday, June 8, 2009

മൂല്യത്തകര്‍ച്ചയാണ്‌ ഇന്ന്‌ കുടുംബങ്ങളുടെ പ്രശ്നം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍

മൂല്യത്തകര്‍ച്ചയാണ്‌ ഇന്ന്‌ കുടുംബങ്ങളുടെ പ്രശ്നമെന്ന്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. എറണാകുളം ആശിര്‍ഭവനില്‍ വരാപ്പുഴ അതിരൂപതാ കുടുംബ കൂട്ടായ്മയുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം നല്‍കുന്ന ശക്തവും ആധികാരികവുമായ പ്രോത്സാഹനം ഈ മൂല്യത്തകര്‍ച്ചയ്ക്ക്‌ ഔദ്യോഗിക പരിവവേഷം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ നേതൃത്വത്തിന്റെ ഉജ്ജ്വലമായ കൂട്ടായ്മ ശക്തി തുറന്നു കാണിക്കുന്നതായിരുന്നു ലോക്സഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പു ഫലം. കുടുംബയോഗ ങ്ങളില്‍ കാലാനുസൃതമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പ്രാവര്‍ത്തികമാക്കുന്നതിനും കാലഹരണപ്പെട്ട ആശയങ്ങള്‍ തള്ളിക്കളഞ്ഞ്‌ ഇന്നത്തെ വെല്ലുവിളികള്‍ നേരിടുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെന്നും ആര്‍ച്ച്ബിഷപ്‌ ആവശ്യപ്പെട്ടു.4000-ഓളം കുടുംബയൂണിറ്റ്‌ നേതൃത്വത്തിനുള്ള പ്രാര്‍ഥന ആര്‍ച്ച്ബിഷപ്‌ ചൊല്ലിക്കൊടുത്തു.

ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം അവകാശ നിഷേധം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ക്രൈസ്തവരുടെ ജനാധിപത്യപരവും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരിക്കുന്നതുകൊണ്ടു മാത്രമാണു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴിയടഞ്ഞതെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ പ്രസ്താവിച്ചു. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ചര്‍ച്ചകളില്‍നിന്നും പിന്‍മാറിയതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന മട്ടിലുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍.മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി നല്‍കിയിരിക്കുന്ന ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിയമംമൂലം റദ്ദുചെയ്യാന്‍ ശ്രമിച്ചവരും കരാര്‍ ഒപ്പിടിച്ച്‌ കൈയേറാന്‍ ശ്രമിക്കുന്നവരും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പുതന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്‌. അതു തിരിച്ചറിയാനും അതിനോടു ജനാധിപത്യപരമായിത്തന്നെ പ്രതികരിക്കാനും ക്രൈസ്തവ സമൂഹത്തിനു കഴിഞ്ഞുവെന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്‌.ഭരണഘടന ഉറപ്പുതരുന്ന വിദ്യാഭ്യാസ അവകാശവും അതു വ്യാഖ്യാനിച്ചുകൊണ്ടുള്ള പതിനൊന്നംഗ സുപ്രീംകോടതി ബഞ്ചിന്റെ വിധിതീര്‍പ്പും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ പ്രസക്തിയുള്ളുവെന്നും മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിനെ രാഷ്ട്രീയ ഇടപെടലായി ചിത്രീകരിക്കാനുള്ള ശ്രമം ഖേദകരമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി

Saturday, June 6, 2009

ന്യൂനപക്ഷാവകാശം കവരാന്‍ കോടതിവിധിയും മറികടന്ന്‌ എം.ജി സിന്‍ഡിക്കറ്റ്‌

ന്യൂനപക്ഷ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച്‌ ഹൈക്കോടതിവിധി മറികടന്ന്‌ മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കറ്റ്‌ എടുത്ത തീരുമാനം വിവാദമാകുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളോട്‌ എം.ജി യൂണിവേഴ്്സിറ്റിയിലെ ഇടതുപക്ഷ അനുകൂല സിന്‍ഡിക്കറ്റ്‌ പുലര്‍ത്തുന്ന നിഷേധാത്മകനയം ഇതിലൂടെ കൂടുതല്‍ വ്യക്തമായി രിക്കു കയാണ്‌. ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന 11 കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച്‌ ഹൈക്കോടതി നല്‍കിയ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ചാണു സിന്‍ഡിക്കറ്റ്‌ ഇപ്പോള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്‌. ഏതാനും സിന്‍ഡിക്കറ്റ്‌ അംഗങ്ങള്‍മാത്രമാണ്‌ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയത്‌. ഭരണഘടനയുടെ 30 (1) വകുപ്പനുസരിച്ച്‌ കേരളത്തിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിനുമു ള്ള ന്യൂനപക്ഷാവകാശങ്ങള്‍ക്ക്‌ അര്‍ഹരല്ലെന്നാണ്‌ എം.ജി സിന്‍ഡിക്കറ്റിന്റെ കണ്ടുപിടിത്തം. എണ്ണത്തില്‍ ന്യൂനപക്ഷ മാണെങ്കിലും വിദ്യാഭ്യാസപരമായി ദുര്‍ബല വിഭാഗമല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ക്കര്‍ഹരല്ലെന്നാണു സിന്‍ഡിക്കറ്റ്‌ തീരുമാനം. വിദ്യാഭ്യാസ പരമായി സംസ്ഥാനത്തെ ക്രിസ്‌ ത്യന്‍ ന്യൂനപക്ഷം ദുര്‍ബല ന്യൂനപക്ഷമല്ലെന്നും മറിച്ച്‌ ശക്തമായ ന്യൂനപക്ഷ മാണെന്നും സിന്‍ഡിക്കറ്റ്‌ തീരു മാനിച്ചിരിക്കുന്നു. എം.ജി സര്‍വകലാശാലയുടെ അധികാരപരിധിയില്‍ വരുന്ന ചങ്ങനാശേരി എസ്‌.ബി കോളജുള്‍ പ്പെടെ 11 കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച്‌ മാനേജ്മെന്റുകള്‍ നല്‍കിയ അ പേക്ഷ സര്‍വകലാശാല തള്ളിയതിനെത്തുടര്‍ന്നു മാനേ ജ്മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ന്യൂനപക്ഷ പദവി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന്‌ സിംഗിള്‍ ബഞ്ച്‌ നല്‍കിയ ഉത്തരവ്‌ തള്ളിക്കൊണ്ടു കഴിഞ്ഞ മാര്‍ച്ച്‌ ആറിന്‌ ഡിവിഷന്‍ ബഞ്ച്‌ പുറപ്പെടുവിച്ച വിധി മാനേജ്മെന്റുകള്‍ക്ക്‌ അനുകൂലമായിരുന്നു. എം.ജി സര്‍വകലാശാലാ നിയമത്തിന്റെ 59(3) വകുപ്പു പ്രകാരമുള്ള നിബന്ധനകളില്‍ ഒഴിവുനേടണമെങ്കില്‍ ന്യൂനപക്ഷ പദവി സംബന്ധിച്ചു യുക്തമായ ഒരു അധികാര സ്ഥാപനത്തിന്റെ അംഗീകാരം നേ ടേണ്ടതുണെ്ടന്ന സിംഗിള്‍ ബഞ്ച്‌ വിധിയാണ്‌ ഡിവിഷന്‍ ബഞ്ച്‌ ത ള്ളിയത്‌. ഇത്തരമൊരു അംഗീകാരം ഇല്ലെങ്കിലും ന്യൂനപക്ഷ സ്ഥാപ നങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ ഉണെ്ടന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യമാണെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കിയിരുന്നു. പരാതിക്കാര്‍ പ്രഥമദൃഷ്ട്യാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 30(1) വകുപ്പിന്റെ സംരക്ഷണത്തിന്‌ അര്‍ഹതയുണെ്ടന്നും ഡിവിഷന്‍ ബ ഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചു പറഞ്ഞുകൊണ്ടാണു സിന്‍ഡിക്കറ്റ്‌ തീരുമാനം സംബന്ധിച്ച ഉത്തരവ്‌ തുടങ്ങുന്നത്‌. പരാതിക്കാരായ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ചോ അതിന്റെ അവകാശങ്ങള്‍ സംബന്ധിച്ചോ സര്‍വകലാശാല ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്‌ സര്‍വകലാശാലയുടെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനാല്‍ ഈ വിഷയം സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇപ്പോള്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ബഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നു. ഇതില്‍പ്പിടിച്ചാണു സിന്‍ഡിക്കറ്റ്‌ വളരെ വിദഗ്ധമായി തുടര്‍നീക്കങ്ങള്‍ നടത്തിയത്‌. ന്യൂനപക്ഷ പദവിയും അവകാശവും സംബന്ധിച്ച കാര്യങ്ങള്‍ അതിനാല്‍ തുറന്ന പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നു സിന്‍ഡിക്കറ്റ്‌ കണെ്ടത്തി. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, വ്യക്തിസഭകള്‍ എ ന്നിവരാണു ന്യൂനപക്ഷ പദവി ആ വശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച ത്‌. ടി.എം.എം പൈ ഫൗണേ്ടഷനും കര്‍ണാടക സ്റ്റേറ്റുമായുള്ള കേസിലെ വിധിയെത്തുടര്‍ന്നു ന്യൂനപക്ഷ പദവി നിര്‍ണയം ദേശീയതലത്തിലായിരുന്നുവെന്നും പിന്നീടതു സംസ്ഥാനത്തിന്റെ പരിധിയിലായെന്നും വിശദീകരിച്ച തിനുശേഷം ന്യൂനപക്ഷം ആ രാണെന്നു സമര്‍ഥിക്കാനുള്ള കുറെ വിശദീകരണങ്ങളാണു സിന്‍ഡിക്കറ്റ്‌ ഉത്തരവില്‍ നടത്തിയിരിക്കുന്നത്‌. ന്യൂനപക്ഷങ്ങളെ തിരിച്ചറിയാനുള്ള അധികാരം എം.ജി യൂണിവേഴ്സിറ്റി സി ന്‍ഡിക്കറ്റിന്‌ ആരോ ഏല്‍പിച്ചുകൊടുത്തതു പോലെയുള്ളതാണ്‌ ഈ ഉത്തരവിന്റെ തുടര്‍ ഭാഗങ്ങള്‍. 2006 ലെ സ്വാശ്രയ നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണിതെന്ന്‌ വ്യ ക്തമാണ്‌. ന്യൂനപക്ഷ സമുദായങ്ങള്‍ എ ണ്ണത്തില്‍ ന്യൂനപക്ഷമായാലും ഭരണഘടനയുടെ 30-ാ‍ം വകുപ്പ്‌ പ്രകാരമുള്ള പ്രത്യേകാവകാശത്തിനു യോഗ്യരല്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണെ്ടന്നാണ്‌ ഇതിലൂടെ സിന്‍ഡിക്കറ്റ്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്‌. എന്നിട്ട്‌ ഇതിനെക്കുറിച്ചു ചില വിശദീകരണങ്ങളും നല്‍കുന്നു.തുല്യതാവകാശത്തിന്റെ ഭാഗമാണ്‌ ന്യൂനപക്ഷാവകാശങ്ങള്‍ എന്നും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവരുടെ മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള തടസങ്ങള്‍ക്ക്‌ എതിരേയു ള്ള സംരക്ഷണകവചം മാത്രമാണു ഭരണഘടനയുടെ 30-ാ‍ം വകുപ്പ്‌ എന്നും എം.ജി സിന്‍ഡിക്കറ്റ്‌ കണ്ടുപിടിച്ചിരിക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള തുല്യത ഉറപ്പാക്കാന്‍വേണ്ടി മാത്രമാണു പ്രത്യേക സംരക്ഷണം ആവശ്യമുള്ളതെന്നും സിന്‍ഡിക്കറ്റ്‌ വിലയിരുത്തുന്നു. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സാങ്കേതികമായി ന്യൂനപക്ഷാവകാശം നല്‍കേണ്ടതില്ലെന്നും സിന്‍ഡിക്കറ്റ്‌ പറയുന്നു. പരാതിക്കാരായ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരമാണത്രേ പരിഗണിക്കേണ്ടത്‌. ഇക്കാര്യങ്ങള്‍ കേരള ഹായ്‌ ക്കോടതി മുമ്പ്‌ പാടേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്‌. ഇതിനിടെ ഇടതുപക്ഷ സംഘടനാംഗങ്ങള്‍ പ്രിന്‍സിപ്പല്‍മാരായിട്ടുള്ള ചില കോള ജുകളില്‍ ഇത്തരം പ്രശ്നങ്ങളുടെ നേരേ സര്‍വകലാശാല കണ്ണടച്ചിട്ടുമുണ്ട്‌. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷാ വകാശ ങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാനുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ്‌ ഇപ്പോഴത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നു

സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല: ക്രൈസ്തവ മാനേജ്മെന്റ്‌ അസോസിയേഷന്‍

ക്രൈസ്തവ സ്വാശ്രയ മാനേജ്മെന്റുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്നും ഇത്‌ സംബന്ധിച്ചു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കേരള കാത്തലിക്‌ എന്‍ജിനീയറംഗ്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ പി.ജെ ഇഗ്നേഷ്യസ്‌. ക്രൈസ്തവ സ്വാശ്രയ മാനേജ്മെന്റ്‌ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്ന്‌ സിപിഎം കരടവലോകന റിപ്പോര്‍ട്ടില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്‌. ക്രൈസ്തവ എന്‍ജിനീയറിംഗ്‌ -മെഡിക്കല്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഇതേ വരെ കരാറി ലെത്തിയിട്ടില്ല.2008 നവംബറില്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനും സ്വാശ്രയ ക്രൈസ്തവ മാനേജുമെന്റ്‌ പ്രതിനിധികളും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തിയിരുന്നു. പിന്നിട്‌ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പ്ലാനിംഗ്‌ ബോര്‍ഡ്‌ മെമ്പര്‍ സി.പി നാരായണനും, കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗം ജോബ്‌ കുളവേലിയും പി.രാജീവ്‌ എംപിയും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍നിന്ന്‌ നിരന്തരം നിരസിച്ചതോടെയാണ്‌ ചര്‍ച്ച അലസിയത്‌. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന്‌ മുന്‍ ഉപാധിയായി സര്‍ക്കാരും യൂണിവേഴ്സിറ്റിയും ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക്‌ മേല്‍ പ്രതികാര നടപടി എടുക്കുകില്ലെന്ന ധാരണയുണ്ടായെങ്കിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലെ നാല്‌ സ്വാശ്രയ മാനേജ്മെന്റ്‌ കോളേ ജുകള്‍ക്കെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചെന്നും ഭീഷണികളും മറ്റും ഇപ്പോഴും തുടരുകയാണെന്നും പി.ജെ ഇഗ്നേഷ്യസ്‌ പറഞ്ഞു.ക്രൈസ്തവ മാനേജുമെന്റുകള്‍ പലപ്പോഴും വിട്ടുവീഴ്ചയ്ക്ക്‌ തയാറായെങ്കിലും അവയൊന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഒരു ധാരണയിലും എത്തിച്ചേര്‍ന്നിരുന്നില്ലെങ്കിലും ധാരണയില്‍നിന്നു പിന്‍മാറി എന്നാണ്‌ പറയുന്നത്‌. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മാനേജുമെന്റ്‌ തയാറാണെന്നും ഇതേവരെ ധാരണയില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ക്രൈസ്തവ മാനേ ജുമെന്റുകള്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു

കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ നടപടി അന്യായം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ പരീക്ഷ അന്യായമായി തടഞ്ഞുവച്ച്‌ അവരുടെ ഭാവി അവതാളത്തിലാക്കി അതുവച്ച്‌ വിലപേശി ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കാലിക്കട്ട്‌ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രമം അപലപനീയമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പ്രസ്താവിച്ചു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വര്‍ഷങ്ങളായി ഏറ്റവും ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ, ജ്യോതി എന്നീ എന്‍ജിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ഥികളുടെ പരീക്ഷയാണ്‌ തടഞ്ഞുവച്ചിരിക്കുന്നത്‌.വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ്‌ നല്‍കാതിരിക്കുക, പരീക്ഷ തടയുക, റിസള്‍ട്ട്‌ നല്‍കാതിരിക്കുക തുടങ്ങി തികച്ചും ഹീനമായ അതിക്രമങ്ങളാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഈ സ്ഥാപനങ്ങളോട്‌ ഇപ്പോള്‍ ചെയ്യുന്നത്‌.മതന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശം കവര്‍ന്നെടുക്കുന്ന കരാര്‍ അംഗീകരിക്കുന്നതിനുവേണ്ടി മാത്രമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഈ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇതില്‍നിന്നും പിന്മാറുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും പ്രചരണവും സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ സംഘടിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കണ്‍സില്‍ മുന്നറിയിപ്പ്‌ നല്‍കി.

Friday, June 5, 2009

കുട്ടികളുടെ കഴിവും പരിമിതിയും തിരിച്ചറിയുക : ജാഗ്രതാ കമ്മീഷന്‍

കുട്ടികള്‍ക്കുവേണ്ടിയാണ്‌ മാതാപിതാക്കളുടെ ജീവിതം. അവരുടെ ജീവിതം സന്തോഷത്തിന്റെയും സന്തുഷ്ടിയുടെയും പൂമരമാകാന്‍ എന്തു ത്യാഗത്തിനും മാതാപിതാക്കള്‍ തയാറാണ്‌. കുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലാണ്‌ മാതാപിതാക്കള്‍ ഏറ്റവും അധികം സന്തോഷം അനുഭവിക്കുന്നത്‌. മികച്ച സ്കൂള്‍, മികച്ച പഠനോപകരണങ്ങള്‍, മികച്ച മാര്‍ക്ക്‌... എന്നിങ്ങനെ തനിക്ക്‌ തന്റെ മക്കള്‍ തുണയാകുന്ന കാലത്തോളം മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ വളര്‍ന്നു വികസിക്കുന്നു. എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ നിരാശയിലകപ്പെടാറുമുണ്ട്‌. മാതാപിതാക്കളുടെ സ്വപ്നത്തോളം കുട്ടികള്‍ക്ക്‌ എത്താനാവാതെ വരുമ്പോഴും തങ്ങളുടെ സ്വപ്നത്തില്‍ നിന്ന്‌ മാതാപിതാക്കള്‍ ഒട്ടും താഴേയ്ക്കിറയ്ക്കാത്തപ്പോഴും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. കുട്ടികളുടെ കഴിവുകളും പരിമിതികളും തിരിച്ചറിയുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. പഠനത്തില്‍ മികവു പ്രകടിപ്പിക്കാനാവാതെ വരുന്ന കുട്ടികള്‍ക്ക്‌ ചില പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ സാധിക്കും. തോമസ്‌ ആല്‍വാ എഡിസനെക്കുറിച്ചുള്ള കഥയുണ്ട്‌. പഠിക്കാന്‍ സ്വയമേ മടിയനായിരുന്ന, ക്ലാസില്‍ എന്നും അധ്യാപകരുടെ ശകാരത്തിനും പരിഹാസത്തിനും ഇരയായ വിദ്യാര്‍ഥിയായിരുന്നു തോമസ്‌ ആല്‍വാ എഡിസന്‍. എന്തൊക്കെ എത്രയധികം സമയമെടുത്തു പഠിച്ചാലും തോമസ്‌ ആല്‍വാ എഡിസന്റെ ഓര്‍മയില്‍ നില്‍ക്കില്ല. വീട്ടിലും എഡിസണ്‍ പ്രശ്നക്കാരനായിരുന്നു. ഒരിക്കലും തീരാത്ത ജിജ്ഞാസയും കൗതുകവും കാരണം എഡിസന്‍ വീട്ടിലും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അടയിരുന്ന കോഴിയെ പറത്തിവിട്ട്‌ എഡിസന്‍ മുട്ടകള്‍ ഒന്നൊന്നായി ഉടച്ചു. അതിന്‌ ശകാരിച്ച അമ്മയോട്‌ നിഷ്കളങ്കമായി എഡിസന്‍ ചോദിച്ചു. മുട്ടയ്ക്കുള്ളില്‍ നിന്നും കുഞ്ഞുണ്ടാവുന്നത്‌ എങ്ങനെയെന്ന്‌ അറിയാനാണ്‌ മുട്ടപൊട്ടിച്ചതെന്നായിരുന്നു. താമസിയാതെ തോമസ്‌ ആല്‍വ എഡിസനെ സ്കൂളില്‍ നിന്നും പുറത്താക്കി. തന്റെ മകനില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്ന അമ്മ അവനെ ശകാരിക്കാതെ ആത്മവിശ്വാസം നിറച്ചു. അവന്റ ജിജ്ഞാസയെ പ്രോത്സാഹിപ്പിച്ചു. തോമസ്‌ ആല്‍വ എഡിസന്‍ എന്ന ലോകം കണ്ടതിലും വെച്ച്‌ ഏറ്റവു മഹാനായ ശാസ്ത്രജ്ഞന്‍ മരിക്കുമ്പോള്‍ സ്വന്തമായുണ്ടായിരുന്നത്‌ മൂവായിരം പേറ്റന്റുകള്‍. ഒരു അനുഭവം കൂടി അറിയുക. തോമസ്‌ ആല്‍വ എഡിസന്‌ എണ്‍പതുവയസുള്ളപ്പോള്‍ അഗ്നിബാധയില്‍ അദ്ദേഹത്തിന്റെ ലാബട്ടറി കത്തിച്ചാമ്പലായി. വിവിധ ഘട്ടങ്ങളിലായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും, പരീക്ഷണങ്ങള്‍ക്കായി തയാറാക്കിയ കുറിപ്പുകളും പൂര്‍ത്തിയായവും എല്ലാം കത്തി ചാമ്പലായി. അഗ്നിബാധയുണ്ടാകുന്ന സമയത്ത്‌ വീട്ടിലായിരുന്ന തോമസ്‌ ആല്‍വ എഡിസനെ പിതാവിന്‌ ഈ ഷോക്ക്‌ താങ്ങാന്‍ സാധിക്കുമോ എന്ന സംശയത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. മകന്റെ ഒപ്പം ലാബട്ടറിക്ക്‌ മുന്നിലെത്തിയ തോമസ്‌ ആല്‍വ എഡിസന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ജീവിതത്തില്‍ പറ്റിയ ചില തെറ്റുകളും മണ്ടത്തരങ്ങളും തിരുത്തി പുതുതായി തുടങ്ങുവാന്‍ ഒരവസരമായി. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളും മാര്‍ക്ക്ലിസ്റ്റിലെ അക്കങ്ങളും മാത്രം കൊണ്ട്‌ ജീവിതം പൂര്‍ണമാകുന്നില്ല. അവകൊണ്ടുമാത്രം ജീവിതം വിജയമാകുന്നുമില്ല. കുട്ടികളുടെ പഠിക്കാനുള്ള പരിമിതി അറിഞ്ഞ്‌ അത്‌ തരണം ചെയ്യാന്‍ സഹായിച്ചാല്‍ ഏത്‌ കുട്ടിയുടെയും കഴിവിന്റെ പരമാവധി വളര്‍ത്തിയെടുക്കാനാകും. ചെറിയ ക്ലാസുകളില്‍ പരീക്ഷകളില്‍ മാര്‍ക്ക്‌ അല്‍പം കുറഞ്ഞാലും സഹിച്ചെന്ന്‌ വരും. പക്ഷെ അങ്ങോട്ട്‌ ചെല്ലും തോറും പ്രകടനം മോശമായാല്‍ അച്ഛനമ്മമാര്‍ ഗൗരവക്കാരാകുകയായി. നിര്‍ബന്ധവും ശിക്ഷയും കൂടുകയായി. കുട്ടികള്‍ നന്നായി പഠിക്കണമെന്നത്‌ ഏത്‌ മാതാപിതാക്കളുടെയും ആഗ്രഹമാണ്‌. എന്നാല്‍ അതിന്‌ തങ്ങള്‍ കുട്ടികളെ വേണ്ട വിധത്തില്‍ സഹായിക്കുന്നുണ്ടോ എന്ന്‌ മിക്ക മാതാപിതാക്കളും ചിന്തിക്കാറില്ല. കുട്ടികളുടെ പഠിക്കാനുള്ള പരിമിതി അറിഞ്ഞ്‌ അത്‌ തരണം ചെയ്യാന്‍ സഹായിച്ചാല്‍ ഏത്‌ കുട്ടിയുടെയും കഴിവിന്റെ പരമാവധി വളര്‍ത്തിയെടുക്കാനാകും.പഠനത്തിലും പരീക്ഷയിലും മികവ്‌ പുലര്‍ത്താന്‍ വര്‍ഷത്തിന്റെ തുടക്കം മുതലേ അടുക്കും ചിട്ടയോടും കൂടി പഠനത്തെ സമീപിക്കേണ്ടതുണ്ട്‌. തുടക്കത്തിലുള്ള ഉത്സാഹം വര്‍ഷാവസാനം വരെ നിലനിര്‍ത്തുന്ന ശീലം കുട്ടികളില്‍ ഊട്ടിയുറപ്പിക്കണം. പുതിയ വര്‍ഷത്തേയും പുതിയ പാഠ്യവിഷയങ്ങളേയും സന്തോഷത്തോടെ വരവേല്‍ക്കാന്‍ ശാരീരികമായും മാനസികമായും കുട്ടികളെ ഒരുക്കണം. ചിട്ടയോടെയുള്ള പഠനത്തിന്റെ ആവശ്യകതയെ നല്ല രീതിയില്‍ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുക്കണം. ഒരു വര്‍ഷത്തെ പഠനത്തിനുള്ള പ്രോഗ്രാം ചാര്‍ട്ട്്്‌ തുടക്കത്തിലേ തയാറാക്കണം. അവരുടെ ബുദ്ധിമുട്ടുകള്‍ അവരോട്‌ തുറന്ന്‌ സംസാരിച്ച്‌ അതിന്‌ പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിഷയങ്ങളോട്‌ താത്പര്യം ഉണ്ടാക്കുന്ന രീതിയിലുള്ള പഠനസഹായികള്‍ സജ്ജീകരിക്കുന്നത്‌ നല്ലതാണ്‌. മാതാപിതാക്കളും അധ്യാപകരും കുട്ടികളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. കുട്ടികളുടെ നിലവാരത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അധ്യാപകരുമായി മാതാപിതാക്കള്‍ നേരിട്ട്‌ സംസാരിക്കണം. പാഠ്യേതര വിഷയങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കുക. അതും ഒരു വിധത്തില്‍ പഠനതാത്പര്യം കൂടാന്‍ സഹായിക്കും.ക്ലാസ്‌ റൂമുകളില്‍ ഏകാഗ്രതയോടെയിരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പഠനത്തിന്റെ വലിയൊരു ഭാഗം പരിഗണിക്കപ്പെട്ടു കഴിഞ്ഞു. ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ അശ്രദ്ധമായിരുന്നാല്‍ പിന്നീടുള്ള പല പാഠങ്ങളും ശരിയായി മനസ്സിലാക്കുന്നതിനെ അത്‌ ബാധിക്കും. ക്ലാസില്‍ ഇരിക്കാന്‍ മുന്‍നിര ബഞ്ചുകള്‍ തെരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. സ്വപ്നജീവികളായ കുട്ടികള്‍ അശ്രദ്ധയ്ക്ക്‌ കാരണമായേക്കാവുന്ന ജനാലകള്‍ക്കരികിലും വാതിലിനരികിലും ഇരിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക. ഇന്റര്‍വെല്‍ സമയങ്ങളില്‍ ആവശ്യത്തിന്‌ വെള്ളം കുടിക്കുകയും കൈകാലുകള്‍ക്ക്‌ വിശ്രമം നല്‍കുകയും ചെയ്യുന്നത്‌ അടുത്ത ക്ലാസില്‍ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ സഹായിക്കും. അതിന്‌ അധ്യാപര്‍ താത്പര്യമെടുക്കേണ്ടതാണ്‌. ക്ലാസിനിടയില്‍ മടുപ്പു തോന്നുകയാണെങ്കില്‍ അധ്യാപകനോട്‌ പറഞ്ഞ്‌ മുഖം കഴുകുകയോ മറ്റോ ചെയ്യുന്നത്‌ നന്നായിരിക്കും.പരമാവധി ദിവസങ്ങളില്‍ ക്ലാസില്‍ മുടങ്ങാതെ ഹാജരാകാന്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ ഏല്‍പ്പിക്കുന്ന ഹോം വര്‍ക്കുകള്‍ സമയത്തിന്‌ പൂര്‍ത്തിയാക്കണം. ഹോം വര്‍ക്കുകള്‍ കൂടുതലുണ്ടെങ്കില്‍ അധ്യാപകനോട്‌ സംസാരിച്ച്‌ ലഘൂകരിക്കാന്‍ ശ്രമിക്കുക. വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ വിഷമമുണ്ടെങ്കില്‍ അധ്യാപകനുമായി തുറന്ന്‌ സംസാരിക്കുക. നോട്ടുപുസ്തകങ്ങളില്‍ മാര്‍ജിനായി കൂടുതല്‍ സ്ഥലം നല്‍കുക. പിന്നീട്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ എഴുതി ചേര്‍ക്കാന്‍ ഇത്‌ സഹായകമാകും. വരികള്‍ക്കിടയില്‍ ആവശ്യത്തിന്‌ സ്ഥലം വിടുന്ന ശീലം ഉണ്ടാക്കണം. വായിച്ച്‌ പഠിക്കുമ്പോള്‍ കണ്ണുകള്‍ക്ക്‌ ആയാസം കുറയാനും കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാനും ഇത്‌ സഹായിക്കും.വടിവുള്ള അക്ഷരം വായനയ്ക്ക്‌ പ്രേരിപ്പിക്കും. വായിക്കുന്നത്‌ എളുപ്പം മനസ്സിലാകാനും സഹായിക്കും. കേട്ട്‌ എഴുതിയെടുക്കേണ്ടി വരുന്ന അവസരങ്ങളില്‍ ചുരുക്കെഴുത്ത്‌ ശീലിക്കാം. എഴുതിയെടുക്കുമ്പോള്‍ പ്രധാന ആശയങ്ങള്‍ മാത്രം കുറിച്ചുവച്ചാല്‍ മതിയാകും. നന്നായി ശ്രദ്ധിച്ചതിനുശേഷം മാത്രം എഴുതിയെടുക്കുക. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ ഭാഗത്ത്‌ ഓര്‍ക്കാന്‍ എന്തെങ്കിലും അടയാളം ഇടാം. ക്ലാസിനുശേഷം സഹപാഠികളോടോ അധ്യാപകനോടോ ചോദിച്ച്്്‌ എഴുതിയെടുക്കുക. ചുരുക്കത്തില്‍ എഴുതിയ നോട്ട്‌ അന്നു തന്നെ വേണമെങ്കില്‍ വൃത്തിയായും വിശദമായും നോട്ടാക്കാം.കുട്ടികള്‍ക്ക്‌ പഠിക്കാന്‍ വിഷമമുള്ള വിഷയങ്ങള്‍ക്ക്‌ പ്രത്യേക ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. പഠിപ്പിക്കുന്ന രീതിയിലുള്ള വ്യത്യാസം കുട്ടികളെ ആ വിഷയങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ ഏര്‍പ്പെടുത്തുന്ന രീതി തെറ്റാണ്‌. അത്‌ കൂടുതല്‍ അശ്രദ്ധക്ക്‌ കാരണമാകുകയേ ഉള്ളൂ. എത്ര ട്യൂഷന്‍ കൊടുത്താലും വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്‌ അവര്‍ തന്നെ ചെയ്യണം.പഠിക്കാന്‍ പ്രത്യേകമായ സ്ഥലം വീട്ടില്‍ സജ്ജീകരിക്കണം. ഇന്റര്‍നെറ്റില്‍ നിന്നും മറ്റും പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പഠനസമയം ഉപയോഗിക്കരുത്‌. അതിന്‌ വിശ്രമവേളകള്‍ പ്രയോജനപ്പെടുത്താം. എല്ലാദിവസവും നിശ്ചിതമായ സമയം പഠനത്തിനായി മാറ്റി വയ്ക്കണം. പ്രയാസമുള്ള വിഷയങ്ങള്‍ ആദ്യവും എളുപ്പമുള്ളവ പിന്നീടും എന്ന ക്രമത്തില്‍ പഠനം ക്രമീകരിക്കണം ഏറ്റവും ഊര്‍ജസ്വലമായ സമയം ഏറ്റവും പ്രയാസമുള്ള വിഷയം പഠിക്കാന്‍ ഉപയോഗിക്കണം. നോട്ടുകള്‍ തയാറാക്കുന്നതിനോടൊപ്പം പഠിക്കാന്‍ വിഷമമുള്ള വിഷയങ്ങള്‍ക്കായി ഡയഗ്രങ്ങും ടേബിളുകളും സൂത്രവാക്യങ്ങളും സ്വയം തയാറാക്കി വയ്്്ക്കണം. പരീക്ഷക്ക്്‌ പഠിക്കുന്ന സമയത്ത്്്‌ ഇത്‌ വളരെ ഉപകാരപ്പെടും.സുഖകരമായി ഇരിക്കാവുന്ന കസേരയും മേശയും സ്വസ്ഥതയുള്ള അന്തരീക്ഷവും പഠനത്തിനാവശ്യമാണ്‌. പഠിക്കാന്‍ ഇരിക്കുന്ന സ്ഥലത്ത്‌ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കള്‍ മാറ്റി വയ്ക്കണം. പരീക്ഷയെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന്‌ സമയമാണ്‌. പരീക്ഷാകാലം തുടങ്ങുന്നതിന്‌ മുമ്പുതന്നെ ലക്ഷ്യബോധത്തോടെ സമയം ക്രമീകരിച്ച്‌ പഠനമാരംഭിക്കുക. പരീക്ഷാകാലമായാല്‍ ടെലിവിഷന്‍ ഇന്റര്‍നെറ്റ്‌ തുടങ്ങിയ വിഷ്വല്‍ മീഡിയ കഴിവതും ഉപയോഗിക്കാതിരിക്കുക. വിവിധ വിഷയങ്ങള്‍ക്കായി സമയം ഭാഗിച്ചു വച്ച്‌ പഠിക്കുക. ഈ സമയം കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ഒരു വിഷയം പഠിച്ചു തീര്‍ന്നില്ലെങ്കില്‍ അഞ്ചോ പത്തോ മിനിട്ട്‌ മാത്രം അടുത്ത വിഷയത്തില്‍ നിന്ന്‌ കടമെടുക്കുക. അതില്‍ കൂടുതല്‍ ഒട്ടും അരുത്‌. പഴയ ചോദ്യപ്പേപ്പറുകള്‍ സമയക്ലിപ്തതയോടെ ഉത്തരമെഴുതി ശീലിക്കുന്നത്‌ പരീക്ഷാസമയം നന്നായി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുംനല്ല ആരോഗ്യനിലയും ദിവസേനയുള്ള വ്യായാമവും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കും. ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ മനസിനെ തളര്‍ത്തുകയും ഓര്‍മശക്തിയും ഏകാഗ്രതയും നശിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ വായിച്ചുപോയ കാര്യങ്ങള്‍ മറന്നുപോകാന്‍ ഇടയുണ്ട്‌. അതുകൊണ്ട്‌ അവ ആവര്‍ത്തിച്ച്‌ വായിച്ച്്്‌ ഓര്‍മയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം. പഠിച്ച ഭാഗങ്ങള്‍ ചെറു കുറിപ്പുകളാക്കി സൂക്ഷിക്കുക. പരീക്ഷാസമയങ്ങളില്‍ ഈ ചെറിയ നോട്ടുകള്‍ വളരെ ഉപകാരപ്രദമാകും. ശക്തി കൂടിയ മരുന്നുകള്‍ ക്ഷീണമുണ്ടാക്കും. അത്്്‌ ഓര്‍മശക്തിയേയും ബാധിക്കും. ഡോക്ടറുമായി സംസാരിച്ച്‌ അതിന്‌ പരിഹാരമുണ്ടാക്കാം. പഠനസമയത്ത്്‌ ആവശ്യമായ സമയം വിശ്രമത്തിനായി കണ്ടെത്തുക. ആ സമയം മാതാപിതാക്കള്‍ക്കൊപ്പമോ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമോ മറ്റോ ചെലവഴിക്കാം. ഓര്‍മിച്ചുവക്കേണ്ട കാര്യങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ ശ്രമിച്ച്‌ അവ ക്രമീകരിക്കുക. ആശയങ്ങളെ ചിത്രങ്ങളോ വസ്തുക്കളോ ആയി സങ്കല്‍പിച്ച്്‌ അവയെ ഓര്‍മിക്കാം. ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന്്്‌ സ്വയമൊരു ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ വിദ്യാഭ്യാസ കൗണ്‍സിലിംഗിലൂടെ മനസ്സിലാക്കി പരിശീലിക്കുന്നതും നന്നായിരിക്കും. പരീക്ഷാദിവസങ്ങളില്‍ നന്നായി ഉറങ്ങേണ്ടത്‌ പരീക്ഷാ സമയത്ത്‌ പഠിച്ചത്‌ ഓര്‍മകിട്ടാന്‍ തീര്‍ച്ചയായും ആവശ്യമാണ്‌.കുട്ടികളില്‍ പഠനവൈകല്യങ്ങളുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. അവര്‍ക്ക്‌ ബുദ്ധിക്കുറവാണെന്ന്‌ പറഞ്ഞ്‌ അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ അരുത്‌. അധ്യാപകരോട്‌ വൈകല്യത്തെക്കുറിച്ച്‌ സംസാരിക്കണം. അങ്ങനെയുള്ളവര്‍ക്ക്‌ പ്രത്യേക ശ്രദ്ധയും സമീപനവും ആവശ്യമാണ്‌. അത്‌ ലഭ്യമായാല്‍ അവര്‍ക്ക്‌ മറ്റു വിദ്യാര്‍ഥികളെ പോലെ പഠിക്കാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം കുട്ടികളുടെ പഠനത്തെ സംബന്ധിക്കുന്ന പ്രധാന ഘടകമാണ്‌. മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷം, അമിതമായ നിയന്ത്രണങ്ങള്‍, കഠിനമായ ശിക്ഷാനടപടികള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കും.പരീക്ഷയെഴുതുമ്പോള്‍ ഏകാഗ്രത അത്യാവശ്യമാണ്‌. അതുകൊണ്ട്്‌ഏകാഗ്രത നശിപ്പിക്കാനിടയുള്ള ഇരിപ്പിടങ്ങള്‍ ഒഴിവാക്കുക. ഹാളില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ അധ്യാപകനെ അറിയിക്കുക. അധ്യാപകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പരീക്ഷാനിയമങ്ങളും ശ്രദ്ധിച്ച്്്മനസിലാക്കണം. ചോദ്യപേപ്പര്‍ മുഴുവന്‍ പരിശോധിച്ച്്്‌ ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കിനനുസരിച്ചുള്ള ഉത്തരമെഴുതാന്‍ ശ്രദ്ധിക്കണം. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ എത്ര സമയമെടുക്കുമെന്ന്്‌ ആദ്യമേ കണക്കാക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയശേഷം ഉത്തരക്കടലാസ്‌ ഒരാവര്‍ത്തി വായിച്ചു നോക്കാനുള്ള സമയവും കണ്ടെത്തണം. ഉത്തരങ്ങള്‍ക്ക്്്‌ നമ്പറിട്ടിരിക്കുന്നത്‌ ശരിയാണോ എന്ന്‌ ഉറപ്പുവരുത്തുക. എളുപ്പമറിയാവുന്നവ ആദ്യമെഴുതണം. ഒരു ചോദ്യവും ഉത്തരമെഴുതാതെ വിട്ടുകളയരുത്‌. ഉപന്യാസചോദ്യങ്ങള്‍ക്ക്്്‌ ഉത്തരമെഴുതുമ്പോള്‍ ആശയങ്ങള്‍ ക്രമത്തില്‍ അടുക്കും ചിട്ടയോടും കൂടി എഴുതാന്‍ ശ്രമിക്കാം. അങ്ങനെ എല്ലാവിധ തയാറെടുപ്പുകളും മുന്‍കരുതലുകളോടേയും ഈ പുതിയ അധ്യയനവര്‍ഷം ആരംഭിക്കൂ. വിജയം നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും. തീര്‍ച്ച.

Wednesday, June 3, 2009

വിദ്യാഭ്യാസ വകുപ്പ്‌ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു: ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍

കേരളത്തിലെ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രഫഷണല്‍ വിദ്യാഭ്യാസം തേടിപോകാന്‍ ഇടയാക്കുന്ന തന്ത്രങ്ങള്‍ മെനയുന്നവരായി വിദ്യാഭ്യാസ വകുപ്പ്‌ മാറിയിരിക്കുന്നത്‌ ഖേദകരമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നു പണം പറ്റിയാണ്‌ ഈ തന്ത്രങ്ങള്‍ മെനയുന്നതെന്ന്‌ ആരോപണം പല ഭാഗത്തുനിന്ന്‌ ഉയര്‍ന്നുവരാറുണ്ട്‌. ഏതാണ്ട്‌ മൂന്നു ലക്ഷം വിദ്യാര്‍ഥികളാണ്‌ കേരളത്തില്‍നിന്നു മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം തേടി പോകേണ്ടിവന്നിരിക്കുന്നതെന്നാണ്‌ സി.ഡി.എസ്‌ ന്റെ പഠനം പോലും കാണിക്കുന്നതെന്ന്‌ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജുകളില്‍ പ്രവേശന പരീക്ഷയ്ക്കും യോഗ്യതാപരീക്ഷയ്ക്കും കൂടി 50 ശതമാനത്തിലേറെ മാര്‍ക്കു നേടിയവരെ മാത്രം പരിഗണിച്ച്‌ അവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയവര്‍ക്കാണ്‌ പ്രവേശനം നല്‍കിയത്‌. ഇവരില്‍ നല്ല പങ്കും യോഗ്യതാപരീക്ഷക്ക്‌ 90 ശതമാനത്തിലേറെ മാര്‍ക്ക്‌ വാങ്ങിയവരാണ്‌ മെഡിക്കല്‍ കൗണ്‍സിലിന്റെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. ഇന്റര്‍ സേ മെരിറ്റനുസരിച്ചു മാത്രം പ്രവേശനം നല്‍കുകയും എല്ലാവര്‍ക്കും ന്യായമായ ഫീസുകള്‍ മാത്രം ഏര്‍പ്പെടുത്തുകയും പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ നല്‍കി സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ചില വിദ്യാര്‍ഥിസംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ദുഷ്ടലാക്കോടുകൂടിയതായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌.സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകളെക്കുറിച്ച്‌ അവര്‍ മൗനം ഭജിക്കുന്നത്‌ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നുണ്ട്‌.

Tuesday, June 2, 2009

തെറ്റിദ്ധാരണപരത്തലിന്റെ മറ്റൊരു മുഖം: ആര്‍ച്ച്ബിഷപ്്‌ ജോസഫ്‌ പവ്വത്തില്‍

ഈയിടെ ഒരു ചാനലിലെ ചര്‍ച്ച കാണുകയുണ്ടായി. ചാനലുകള്‍ക്ക്‌ അവരുടേതായിട്ടുള്ള അജന്‍ഡകളുണ്ട്‌. ചിലര്‍ക്ക്‌ പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യവും ചിലര്‍ക്ക്‌ രാഷ്ട്രീയാധികാരികളെ പ്രീതിപ്പെടുത്തണമെന്ന ആഗ്രഹവും ചിലര്‍ക്ക്‌ രാഷ്ടീയാധികാരത്തിനുള്ള മോഹവും ചിലര്‍ക്ക്‌ കേവലം ലാഭേഛയുടെ പ്രലോഭനവും. ഇങ്ങനെ വിവിധ താല്‍പ്പര്യങ്ങളാണ്‌ അവരെ നയിക്കുക. ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ സ്വീകരിക്കുക എന്നതിലുപരി, അവരുടെ താല്‍പ്പര്യമനുസരിച്ചുള്ള നിഗമനങ്ങളില്‍ പ്രേക്ഷകരെയെത്തിക്കുകയാണ്‌ അവര്‍ക്ക്‌ ആവശ്യം. അതിനുപറ്റുന്ന ആളുകളെയാണ്‌ അവര്‍ സംഘടിപ്പിക്കുക. അവരാഗ്രഹിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ തിരിച്ചുവിടാന്‍ ഇടയ്ക്കുകയറി ചോദിക്കുക തുടങ്ങിയ പല തന്ത്രങ്ങളാണവര്‍ ഉപയോഗിക്കുക. ചാനലുകളുടെ വിധേയത്വം ഇപ്പോള്‍ ചില ചാനലുകളുടെയും പാര്‍ട്ടിക്കാരുടെയും ശ്രമം തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ പ്രതികരണം ഫലത്തെ ഒട്ടും സ്വാധീനിച്ചില്ല എന്നുവരുത്തിത്തീര്‍ക്കാനാണ്‌. മറ്റുകാരണങ്ങളെല്ലാം നിരത്തി ഇക്കാര്യം ജനമനസില്‍ തമസ്കരിക്കുകയാണു ലക്ഷ്യം. തീരപ്രദേശങ്ങളിലെ ലത്തീന്‍ കത്തോലിക്കര്‍ പാര്‍ട്ടിക്കനുകൂലമായിട്ടായിരുന്നു വോട്ടു ചെയ്തത്‌ എന്ന്‌ മുന്‍പുപറഞ്ഞ ചാനലില്‍ ചര്‍ച്ചചെയ്ത നേതാവിന്‌ തീര്‍ച്ചയാണത്രേ! ചില ബൂത്തുകളിലെ കാര്യം അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിയെത്തിയത്‌ പറയുകയുണ്ടായി. അതേസമയം ആലപ്പുഴയില്‍ ഈ തെരഞ്ഞെടുപ്പിന്റെ ആഘാതമേറ്റ നേതാവ്‌ പറഞ്ഞത്‌ സഭ‘തന്നെ വഞ്ചിച്ചുവെന്നാണ്‌. അഞ്ചുവര്‍ഷം മുന്‍പുണ്ടായിരുന്ന സാഹചര്യം പാടെ മാറിയെന്ന്‌ അദ്ദേഹത്തിനറിയാം. കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ചാനലിലെ നേതാവും. ഇന്നിപ്പോള്‍ സഭകളുടെയും സമുദായങ്ങളുടെയും എതിര്‍പ്പും തിരിച്ചടിയും ഒരു കാരണമായി ചിലനേതാക്കന്‍മാരെങ്കിലും സമ്മതിക്കുന്നുണ്ട്‌.മാര്‍ക്സിസം മതവിരുദ്ധമല്ലേ?ചാനല്‍ ചര്‍ച്ചയില്‍ ആമുഖമായി നേതാവ്‌ പറഞ്ഞുവച്ചത്‌ മാര്‍ക്സിസം ഒരു മതവിശ്വാസത്തിനും എതിരല്ല, അത്‌ എല്ലാ മതങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുവാന്‍ ശ്രമിക്കുകയാണ്‌ എന്നതായിരുന്നു. ഇതു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടിന്‌ വിരുദ്ധമാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. മാര്‍ക്സ്‌ ആദ്യമെഴുതിയ തീസിസിന്റെ ആമുഖത്തില്‍ത്തന്നെ എഴുതിയത്‌ “ഞാനീ ദൈവങ്ങളെയെല്ലാം വെറുക്കുന്നു’ എന്നായിരുന്നല്ലോ. വൈരുദ്ധ്യാത്മക ഭൗതികവാദം പാടെ ദൈവനിഷേധമാണെന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. “മനുഷ്യനെ മയക്കുന്ന കറുപ്പായ മതത്തെ ഉന്മൂലനം ചെയ്യാതെ നവസമൂഹസൃഷ്ടി സാധിക്കില്ല എന്നതുതന്നെയായിരുന്നു മാര്‍ക്സിന്റെ ബോദ്ധ്യം. മാര്‍ക്സിസം ആധിപത്യം നേടിയ രാജ്യങ്ങളിലെല്ലാം ദൈവാലയങ്ങളും വിദ്യാലയങ്ങളുമെല്ലാം പിടിച്ചെടുക്കുകയും വിശ്വാസികളെ തുറുങ്കിലടക്കുകയുമാണ്‌ ചെയ്തതെന്ന ചരിത്രസാക്ഷ്യം ആര്‍ക്കു നിഷേധിക്കാന്‍ കഴിയും? ഇന്നും ചൈനയില്‍ എന്താണ്‌ നടക്കുന്നത്‌? കേരളത്തിലെ സമുന്നത നേതാവ്‌ അടുത്തകാലത്ത്‌ പറഞ്ഞുവച്ചത്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ വൈരുദ്ധ്യാത്മകഭൗതികവാദം നന്നായി പഠിച്ചിട്ടുള്ളവരും മറ്റുള്ളവരെ പഠിപ്പിക്കാന്‍ പ്രാപ്തരുമായിരിക്കണമെന്നായിരുന്നല്ലോ. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞചെയ്ത ജനപ്രതിനിധികളെ ഭര്‍ത്സിച്ചതും മറക്കാറായിട്ടില്ല. ഒരു പാര്‍ട്ടിക്കാരന്‍ കൂദാശസ്വീകരിച്ചാണ്‌ മരിച്ചത്‌ എന്നുപറഞ്ഞതിന്‌ എന്തു കോലാഹലമാണ്‌ ഈ നാട്ടിലുണ്ടായത്‌! ഇന്നിപ്പോള്‍ മതേതരമെന്നു പറയുന്നതുതന്നെ മതരഹിതസമൂഹത്തെ വിഭാവനചെയ്തുകൊണ്ടാണല്ലോ. രാഷ്ട്രീയരംഗത്ത്‌ മതവിശ്വാസം പ്രസക്തമല്ലേ? ചാനലിലെ നേതാവ്‌ പറഞ്ഞുവച്ച മറ്റൊരുകാര്യം ഇവിടെ വോട്ടുചെയ്യുന്നതില്‍ മതവും ജാതിയുമൊന്നും പ്രസക്തമല്ല; സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചു മാത്രമായിരുന്നു അവര്‍ ചെയ്തത്‌ എന്നായിരുന്നു. പിന്നെന്തിനാണ്‌ ജാതിയടിസ്ഥാനത്തിലും വര്‍ഗീയാടിസ്ഥാനത്തിലുമുള്ള സംഘടനകളെ കൂട്ടുചേര്‍ക്കാനും വോട്ടുചോദിക്കാനും ഓടി നടന്നത്‌? സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ നിറുത്തുന്നതും “വിജയസാധ്യത നോക്കി’ എന്നു പറഞ്ഞുകൊണ്ട്‌ സാമുദായികപിന്തുണ നോക്കിയാണല്ലോ. വിശ്വാസികള്‍ എപ്പോഴും വിശ്വാസികള്‍ക്കുവേണ്ടി മാത്രമേ വോട്ടു ചെയ്യൂ എന്ന്‌ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, മതവിശ്വാസത്തെ ആക്ഷേപിക്കുകയും അതിനെ പിഴുതെറിയുവാന്‍ കരുനീക്കങ്ങള്‍ നടത്തുന്നവരെയും കേവലം നിഷ്പക്ഷതയോടെ നോക്കാന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല. യഥാര്‍ഥത്തില്‍ മതവിശ്വാസികളായിരിക്കുന്നവര്‍ക്ക്‌ എങ്ങനെ മതത്തെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുന്നവരെ അധികാരത്തില്‍ വരുന്നതിന്‌ സഹായിക്കാന്‍ കഴിയും? മതസ്വാതന്ത്ര്യം നിഷേധിക്കുകയും മതത്തെ അവഹേളിക്കുകയും ചെയ്യുന്നതിനോടെതിര്‍ക്കാതിരിക്കാന്‍ യഥാര്‍ഥ മതവിശ്വാസിക്ക്‌ സാധിക്കില്ല.എല്ലാവരും വര്‍ഗ അടിസ്ഥാനത്തില്‍ മാത്രമേ ചിന്തിക്കൂ, അതിനുമാത്രമേ പ്രസക്തിയുള്ളു എന്നത്‌ പഴഞ്ചന്‍ മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തമാണ്‌. മാര്‍ക്സിന്റെ കാലത്തുതന്നെ മാര്‍ക്സിസത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ദേശീയത, മതവിശ്വാസം, ജാതിചിന്ത തുടങ്ങിയവയുടെ സ്വാധീനവും പ്രസക്തിയും മനസിലാക്കുന്നതില്‍ മാര്‍ക്സിസം പരാജയപ്പെട്ടു എന്നതാണ്‌. ഇന്ത്യന്‍ ദേശീയതയെ മനസിലാക്കാന്‍ ഒരുകാലത്ത്‌ ഇവിടുത്തെ മാര്‍ക്സിസ്റ്റുകള്‍ പരാജയപ്പെട്ടു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. വാസ്തവത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ തൊഴിലാളി-മുതലാളിവ്യവച്ഛേദത്തിന്‌ ഇന്നു വലിയ പ്രസക്തിയില്ല. ബിസിനസു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വൈരുദ്ധ്യതാല്‍പ്പര്യങ്ങളേക്കാളേറെ യോജിപ്പിക്കുന്ന പൊതുതാല്‍പ്പര്യങ്ങളായിരിക്കും ആവശ്യം. എതിര്‍ത്തു നശിപ്പിക്കുക എന്നതിലുപരി സാമ്പത്തികരംഗത്ത്‌ സമാധാനം, നീതി, പുരോഗതി എന്നിവയ്ക്കുവേണ്ടിയെല്ലാം ഒരുമിച്ചു ശ്രമിക്കുകയാണ്‌ വേണ്ടത്‌. മാറിമാറി വരുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്തു നയപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയാറാകേണ്ടത്‌. ‘ഭിന്നതാല്‍പ്പര്യങ്ങള്‍ എന്നും എല്ലാ സമൂഹത്തിലും ഉണ്ടാകും; അവയില്‍ കൊള്ളാവുന്നവ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്തു സമന്വയത്തിനും പൊതുനന്മയെക്കരുതിയുമാകണം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍.ആരാണ്‌ ന്യൂനപക്ഷസംരക്ഷകര്‍?എക്കാലവും ന്യൂനപക്ഷസംരക്ഷകരാണ്‌ എല്‍ഡിഎഫ്‌ എന്ന വാദമുഖവും ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്നുണ്ട്‌. ഇതും നിഷ്പക്ഷരായ കേരളീയര്‍ക്ക്‌ വിചിത്രമായിത്തോന്നുന്നു. ഇവിടെ ആദ്യം കേട്ട മുദ്രാവാക്യം “ജന്മി-മുതലാളി-പൗരോഹിത്യം നശിക്കട്ടെ’ എന്നുള്ളതായിരുന്നല്ലോ. ആദ്യത്തെ കമ്യൂണിസ്റ്റു ഭരണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ തലമുറ ഇന്നു ജീവിച്ചിരിപ്പുണ്ടല്ലോ. ഈയിടെ ഭരണത്തിലായപ്പോഴും എന്തെല്ലാമാണ്‌ ക്രൈസ്തവ പീഡനത്തിനായി ചെയ്തുകൂട്ടിയത്‌! ബംഗാളില്‍ എന്താണ്‌ നടന്നത്‌. സച്ചാര്‍ കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ച്‌ ചെയ്യേണ്ടകാര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അവിടെ ചെയ്തിട്ടുണേ്ടാ? മൂന്നുദശാബ്ദത്തിലധികം അവിടെ ഭരിച്ചിട്ടും ജനങ്ങളുടെ സാക്ഷരത എത്ര ശതമാനമാണ്‌? വലിയകാര്യമായിപ്പറയുന്നത്‌ ഒറീസയിലും ഗുജറാത്തിലും മര്‍ദനമേറ്റ ക്രൈസ്തവരെപ്പോയി കണ്ടു എന്നുള്ളതാണ്‌. അവിടെയൊന്നും ഇക്കൂട്ടര്‍ ഭരണകക്ഷിയല്ലാത്തതുകൊണ്ടാണ്‌ ഈ പ്രകടനമെന്ന്‌ ആര്‍ക്കും മനസിലായില്ലെന്നാണോ കരുതുന്നത്‌?സ്വാശ്രയസ്ഥാപനങ്ങളോടുള്ള ശത്രുതഇവിടെ വിദ്യാഭ്യാസരംഗത്ത്‌ സ്വാശ്രയസ്ഥാപനങ്ങള്‍ വന്നപ്പോള്‍ സാമൂഹ്യ നിയന്ത്രണം ആവശ്യമായിവന്നു, അതിനോട്‌ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക്‌ ശത്രുത വന്നതാണ്‌ അടുത്തകാലത്തെ എതിര്‍പ്പിന്‌ കാരണമെന്നതാണ്‌ മറ്റൊരു വാദമുഖം. ഇവിടെ വിദ്യാഭ്യാസരംഗത്തിറങ്ങിയത്‌ സമുദായസംഘടനകളാണ്‌. വ്യക്തികളോ, കമ്പനികളോ അല്ല. ആ സമുദായങ്ങളെയെല്ലാം കച്ചവടക്കാരെന്ന്‌ വിളിച്ചാക്ഷേപിക്കുന്നതിലെ അഹന്ത പലരും തിരിച്ചറിയുന്നുണ്ട്‌. സമുദായങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്‌ തങ്ങളുടെ സമുദായങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ്‌. അവയില്‍നിന്നു പണമുണ്ടാക്കി മുതല്‍ക്കൂട്ടാനല്ല.എന്നാല്‍, അറിഞ്ഞിരിക്കേണ്ട യാഥാര്‍ഥ്യം ഇവിടുത്തെ സര്‍ക്കാരുകള്‍ ഈ വിദ്യാലയങ്ങളെ അപവാദത്തില്‍ക്കുടുക്കി തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു എന്നുള്ളതാണ്‌. ഉന്നതവിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെലവേറിയകാര്യമാണെന്ന്‌ ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്‌. തീര്‍ച്ചയായും പാവപ്പെട്ട കുട്ടികള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കാന്‍ സമൂഹം ബാദ്ധ്യസ്ഥമാണ്‌. അതാണ്‌ സാമൂഹ്യനീതി ആവശ്യപ്പെടുന്നത്‌. ആദ്യമായി അതിനുള്ള ബാദ്ധ്യത പൊതുമുതല്‍ കൈയാളുന്ന സര്‍ക്കാരിനാണ്‌. പാവപ്പെട്ട കുട്ടികളുടെ മാതാപിതാക്കളും ഓരോവിധത്തില്‍ നികുതിദായകരാണ്‌. ജനങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ മാത്രം ചെലവഴിക്കാനുള്ളതല്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും അതിനവകാശമുണ്ട്‌. അതു മനസിലാക്കിയാണ്‌ പോണ്ടിച്ചേരിയില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക്‌ സര്‍ക്കാര്‍കോളേജുകളിലെ നിരക്കിലധികമുള്ള തുക സര്‍ക്കാരില്‍നിന്നുതന്നെ നല്‍കിയത്‌. കേന്ദ്രസര്‍ക്കാരും സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. ഈ രീതിക്കുനേരെ ഇവിടുത്തെ സര്‍ക്കാരുകള്‍ കണ്ണടക്കുകയാണ്‌. ഇവിടെ സ്വാശ്രയസ്ഥാപനങ്ങള്‍ നടത്താന്‍ തുടക്കമിട്ടവര്‍ തന്നെ ഈ ബാദ്ധ്യതയെല്ലാം വഹിക്കണമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊരു ക്രമീകരണമുണേ്ടാ? ഇവിടെ സര്‍ക്കാര്‍ കണ്ടുപിടിച്ച വിദ്യ കോച്ചിംഗും മറ്റും നേടി പ്രവേശനപ്പരീക്ഷക്ക്‌ ഉയര്‍ന്നമാര്‍ക്ക്‌ വാങ്ങിക്കുന്നവര്‍ക്ക്‌ സൗജന്യവിദ്യാഭ്യസം, ബാക്കി 50 ശതമാനം വിദ്യാര്‍ഥികള്‍ (അതും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍) ഉയര്‍ന്ന ഫീസുനല്‍കി ആദ്യത്തെ കൂട്ടരെ പഠിപ്പിക്കണമെന്നാണ്‌. ഇതു ‘ഭരണഘടനാനുസരണമല്ല, പാതിപിള്ളേരെക്കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിക്കണമെന്ന തത്വം ശരിയല്ലന്ന്‌ ടി.എം.എ പൈ കേസില്‍ സുപ്രീംകോടതി പറഞ്ഞെങ്കിലും അതിനെ മറികടന്ന്‌ നിയമം പാസാക്കിയും വിദ്യാ ലയനടത്തിപ്പിന്‌ ഒട്ടും തികയാത്ത ഫീസു നിശ്ചയിച്ചും ഈ സ്വാശ്രയസ്ഥാപനങ്ങളെ പീഡിപ്പിക്കുകയും അവയ്ക്കെതിരായി ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ട്‌ എന്തൊക്കെ ദ്രോഹമാണ്‌ ഈ സമുദായങ്ങളോയ്‌ ചെയ്തത്‌! ഇതാണോ സാമൂഹ്യ നീതി? ഇതിനു തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ പ്രതികരണം നല്‍കിയത്‌ നീതിനടത്തിപ്പ്‌ മാത്രമാണ്‌. അതു കണക്കിലെടുക്കുകതന്നെ വേണം.ഇവിടുത്തെ ബഹുഭൂരിപക്ഷം ആളുകളും മതവിശ്വാസികളാണ്‌. അവര്‍ രാഷ്ട്രീയരംഗത്തെ എല്ലാ കാര്യങ്ങളെയും കേവലം മതപരമായ അടിസ്ഥാനത്തിലല്ല കാണുന്നത്‌. പക്ഷേ, മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും മതസ്വാതന്ത്ര്യത്തിന്മേല്‍ കൈയേറ്റമുണ്ടാവുകയും ചെയ്യുമ്പോള്‍ അവരുടെ വിശ്വാസത്തിന്റെ പ്രതികരണം നല്‍കാതിരിക്കാന്‍ അവര്‍ക്കു കഴിയില്ല. വിശ്വാസമുള്ളവര്‍ക്കേ അതു സാധിക്കൂ. വിശ്വാസമില്ലാത്തവര്‍ മതവിരുദ്ധനീക്കങ്ങള്‍ക്കു “ആമ്മേന്‍’ പറയുകയേയുള്ളൂ. ഇവിടെ തിരുത്തല്‍ വരേണ്ടത്‌ മതവിരുദ്ധനീക്കങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയാണ്‌, അധികാരം ഉപയോഗിച്ച്‌ ഒരു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന ശ്രമത്തില്‍നിന്നും പിന്‍മാറുന്നതിലൂടെയാണ്‌.

Monday, June 1, 2009

പുതിയ അധ്യയന വര്‍ഷം സമാധാനപരമായിരിക്കണം : ബിഷപ്‌ സ്റ്റാന്‍ലി റോമന്‍

പുതിയ അധ്യയന വര്‍ഷം ശാന്തവും സമാധാനപരവുമായിരിക്കണമെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. അതിനായി വിദ്യാഭ്യാസ വകുപ്പ്മന്ത്രിയും, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ മനസുവയ്ക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ അധ്യായന വര്‍ഷത്തേക്ക്‌ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു. കഴിഞ്ഞ അധ്യായനവര്‍ഷം കേരളത്തിലെ വിദ്യാഭ്യാസരംഗം ഏറെ കലാപ കലുഷിതമായിരുന്നെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏകജാലകത്തിലൂടെയുള്ള പ്ലസ്ടു പ്രവേശനം മുതല്‍ പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അര്‍ഹതയുണ്ടായിട്ടും പ്രവേശനം ലഭിക്കാതെ പോയത്‌. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ദൂരസ്ഥലങ്ങളില്‍ പ്രവേശനം ലഭിച്ചതു കാരണം പ്ലസ്ടു പ്രവേശനം സാധ്യമായില്ല. വേണ്ടത്ര ചര്‍ച്ചകളോ വിശകലനങ്ങളോ ഇല്ലാതെ പുതിയ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയതിന്റെ ഫലമായിരുന്നു ഏകജാലക ദുരന്തം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ പന്താടുന്ന ഇത്തരം പരിഷ്കരണങ്ങളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ്‌ പിന്തിരിയണമെന്നും ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ പീഡനം എറ്റവുമധികം നേരിട്ടത്‌ കഴിഞ്ഞ അധ്യയന വര്‍ഷമായിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാതയില്‍ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നീങ്ങണമെന്നും ബിഷപ്‌ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗം രാഷ്ട്രീയ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരും കൂട്ടായി സഹകരിക്കണമെന്നും ബിഷപ്പ്‌ പറഞ്ഞു. യാതൊരു മൂല്യബോധവുമില്ലാതെ രാഷ്ട്രീയവത്കരിക്കുന്നതില്‍ എന്നും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ മുമ്പന്തിയിലാണ്‌. വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തകരാക്കി മാറ്റുന്നതിനാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്‌. സ്കൂളുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനം വേണ്ടെന്നും കുട്ടികള്‍ വിവേകമതികളാകുന്നതോടെ അവര്‍ സ്വന്തം രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ എന്നും ബിഷപ്പ്‌ പറഞ്ഞു. അത്തരം ചിന്തകള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യണമെന്നും ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. വിദ്യാര്‍ഥികളിലെ രാഷ്ട്രീയത്തേക്കാള്‍ കടുത്ത സ്വഭാവമുള്ളതാണ്‌ അധ്യാപകരാഷ്ട്രീയം. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ ഏതറ്റം വരെ പോകാനും തയാറാവുന്ന അധ്യാപകര്‍ തങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മികവ്‌ ഉയര്‍ത്തുന്ന അന്തരീക്ഷം വിദ്യാഭ്യാസ മേഖലയില്‍ സംജാതമാകണം. പലപ്പോഴും കേരളത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ലഭിക്കുന്ന വിജയം തീര്‍ത്തും പരിമിതമാണ്‌. സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ജയിക്കുന്നവര്‍തന്നെ കേരളത്തിന്‌ പുറത്ത്‌ പരിശീലനം നേടിയവരാണ്‌. ഇത്‌ പരിഹരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ഈ അധ്യയനവര്‍ഷം തന്നെ ആരംഭിക്കണമെന്നും ബിഷപ്‌ പറഞ്ഞു. വിദ്യാലയങ്ങളില്‍ നിന്നും റാഗിംഗ്‌ പൂര്‍ണ്ണമായും തുടച്ചു നീക്കുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആത്മാര്‍ത്ഥമായി സഹകരിക്കണം. ഒരു ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട വകുപ്പാണ്‌ വിദ്യാഭ്യാസം. ഭാവിതലമുറയെ കരുപ്പിടിപ്പിക്കുതിനും അവരെ മികച്ച വിദ്യാഭ്യാസവും മുല്യബോധവും നല്‍കി വിശ്വപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനുമുള്ള കടമ വിദ്യാഭ്യാസ വകുപ്പിനാണ്‌. അതിനായി പരിശ്രമിക്കാനുള്ള അവസരമായിട്ടു വേണം പുതിയ അധ്യയനവര്‍ഷത്തെ കാണാനെന്നും കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.