Monday, May 31, 2010

പ്രൈമറി വിദ്യാഭ്യാസരംഗം ഭീഷണിയില്‍: ഡോ. സ്റ്റാന്‍ലി റോമന്‍

സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസരംഗം നിലനില്‍പിണ്റ്റെ ഭീഷണിയിലാണെന്നു കൊല്ലം ബിഷപും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. സ്റ്റാന്‍ലി റോമന്‍. തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കുമാരപുരം സെണ്റ്റ്‌ പയസ്‌ ടെന്ത്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകളിലേക്കു പോകുന്നതോടെ പ്രൈമറി സ്കൂളുകള്‍ ഭീഷണി നേരിടുകയാണ്‌. ഗവണ്‍മെണ്റ്റ്‌ സ്കൂളുകളിലെ അധ്യാപകര്‍ക്കു കൂടുതല്‍ ഗുണനിലവാരം ഉണ്ടെന്നു സമ്മതിച്ചേ മതിയാകൂ. എന്നാല്‍, നല്ല അധ്യാപകരെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകില്ലായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസം സര്‍ക്കാര്‍ സ്കൂളുകളില്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിണ്റ്റെ വളര്‍ച്ചയ്ക്ക്‌ സ്ത്രീകളുടെ പങ്ക്‌ നിര്‍ണായകം: ഡോ. സൂസപാക്യം

സമൂഹത്തിണ്റ്റെ വളര്‍ച്ചയ്ക്കും മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനും സ്ത്രീകളുടെ പങ്ക്‌ നിര്‍ണായകമാണെന്നു കെ.ആര്‍.എല്‍.സി.സി പ്രസിഡണ്റ്റ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം. കേരളത്തിലെ 11ലത്തീന്‍ രൂപതകളിലെ വനിതകള്‍ക്കുവേണ്ടി കെ.ആര്‍.എല്‍.സി.സി. ആരംഭിച്ച കേരള ലാറ്റിന്‍ കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്‍ പ്രഥമ സംസ്ഥാന ജനറല്‍ കൌണ്‍സില്‍ ഉദ്ഘടാനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. കേരള ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ കണ്‍വീനര്‍ ജെയിന്‍ ആന്‍സല്‍ ഫ്രാന്‍സിസ്‌ കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍, ജി.കുളക്കയത്തില്‍, സെക്രട്ടറി ഷാജി ജോര്‍ജ്‌, സിസ്റ്റര്‍ ഷേര്‍ളി ജൂലിയറ്റ്‌ ഡാനിയേല്‍, പ്രഫ. മേരിഗീത, സ്മിത, ബിജോയ്‌, സെലിന്‍ നെല്‍സണ്‍, എന്നിവര്‍ പ്രസംഗിച്ചു. ജീവനാദം ചീഫ്‌ എഡിറ്റര്‍ ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌, ഫാ. ജയിംസ്‌ കുലാസ്‌, ലിഡാ ജേക്കബ്‌ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു. .

Saturday, May 29, 2010

സഭ ലോകത്തിണ്റ്റെ ധാര്‍മിക ശക്തിയായി നിലനില്‍ക്കണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

സഭ ലോകത്തിണ്റ്റെ ധാര്‍മിക ശക്തിയായി നില്‍ക്കണമെന്ന്‌ കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. കെസിബിസി മാധ്യമ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ത്രിദിന ദൃശ്യമാധ്യമരചനാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിണ്റ്റെ അധപതനത്തില്‍ വേദനിക്കുന്നവരുടെ മനസിണ്റ്റെ ബഹിര്‍സ്ഫുരണമാണ്‌ കല. ദൈവം നല്‍കിയിരിക്കുന്ന അത്തരം കഴിവുകള്‍ വഴി സമൂഹത്തിണ്റ്റെ ഉന്നമനത്തിന്‌ ശ്രമിക്കണം. ധാര്‍മിക ശക്തിയായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമാണ്‌ സഭയ്ക്കുള്ളത്‌.സഭയുടെ സാമൂഹ്യ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ കലയിലൂടെയും നിര്‍വഹിക്കപ്പെടുന്നുണ്ട്‌. ഉപയോഗിക്കേണ്ട തരത്തില്‍ അത്തരം കഴിവുകള്‍ ഉപയോഗിക്കാന്‍ സമൂഹം തയാറാകണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ആഹ്വാനം ചെയ്തു. കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ്‌ നിക്കോളാസ്‌, പിഒസി ഡയറക്ടര്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍, തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍, തിയേറ്റര്‍ അക്കാദമീഷ്യനായ ടി.എം.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 30-ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

പ്രവാസി സമൂഹം സഭയ്ക്ക്‌ അഭിമാനം: മാര്‍ മാത്യു അറയ്ക്കല്‍

പ്രവാസ ജീവിതകാലങ്ങളിലും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചുനിന്ന്‌ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച്‌ മുന്നേറുന്ന വിശ്വാസി സമൂഹം സഭയ്ക്ക്‌ അഭിമാനമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. മസ്ക്കറ്റിലെ റൂവിയില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഒമാണ്റ്റെ നേതൃത്വത്തില്‍ പീറ്റര്‍ ആണ്റ്റ്‌ പോള്‍ പാരീഷ്ഹാളില്‍ ചേര്‍ന്ന അല്‍മായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബേബി മാത്യു അധ്യക്ഷത വഹിച്ചു. എസ്‌.എം.സി.ഒ പ്രസിഡണ്റ്റ്‌ ഡോ. തോമസ്‌ മംഗലപ്പള്ളി, സെക്രട്ടറി റെജി ചാക്കോ, കെ.ജി. ഫ്രാന്‍സീസ്‌, കുര്യന്‍ സി. മാത്യു, ഡോ. അലക്സ്‌ പി. ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.ഫാ. സ്കറിയ നെല്ലുവേലി, ഫാ. സെബാസ്റ്റ്യന്‍, ഫാ. റാഫി(സലാല കാത്തലിക്‌ ചര്‍ച്ച്‌) എന്നിവര്‍ നേതൃത്വം നല്‍കി. മസ്കറ്റിലെ അല്‍മായപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള കര്‍മപരിപാടികള്‍ക്ക്‌ സമ്മേളനം രൂപം നല്‍കി.

Friday, May 28, 2010

അറിവ്‌ മനുഷ്യനെ തിരിച്ചറിയാനുള്ള ഉപാധിയാകണം: ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌

അറിവ്‌ മനുഷ്യനെ തിരിച്ചറിയാനുള്ള ഉപാധിയാകണമെന്ന്‌ എറണാകുളം -അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌. എറണാകുളം -അങ്കമാലി അതിരൂപതാ കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച വിന്നേഴ്സ്‌ മീറ്റ്‌-2010ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇന്ന്‌ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. മുന്‍കാലത്ത്‌ കാരണവന്‍മാര്‍ പിന്‍തലമുറയ്ക്കായി സൂക്ഷിച്ചിരുന്നത്‌ ഭൂസ്വത്തും വയലും പറമ്പുമൊക്കെയായിരുന്നു. അതിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു ഒരുവണ്റ്റെ സാമ്പത്തികസ്ഥിതിയെ കണ്ടിരുന്നത്‌.എന്നാല്‍ ഇന്ന്‌ അതൊക്കെ മാറിക്കഴിഞ്ഞു.ആധുനികതയുടെയും വ്യവസായത്തിണ്റ്റെയുമൊക്കെ പിന്നാലെ പോകുന്ന തലമുറയാണിന്നുള്ളത്‌.സാമ്പത്തികമായി പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്ന്‌ അറിവ്‌ അത്യാവശ്യമായി മാറിയിരിക്കുന്നു.അറിവാണ്‌ ഇന്നത്തെ തലമുറയുടെ സമ്പത്ത്‌. കൂടുതല്‍ അറിവുള്ളവന്‍ സാമ്പത്തികമായും ഉയരുന്നു. അത്‌ സമൂഹത്തിണ്റ്റെ മാറ്റങ്ങള്‍ക്കും വികസനത്തിനുമായുള്ള അറിവായി മാറണം.കേവലം ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്കുള്ള അറിവായി ചുരുങ്ങാതെ ദൈവത്തേയും മനുഷ്യനെയും തിരിച്ചറിയാനുള്ള ഉപാധിയായി അതു മാറണം-ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.അനന്തമായ സാധ്യതകളാണ്‌ ഇന്നത്തെ തലമുറകള്‍ക്കുള്ളത്‌. പരിധിയില്ലാത്ത ഈ സാധ്യതകളും കഴിവുകളും ഉപയോഗിക്കേണ്ട തരത്തില്‍ ഉപയോഗിക്കണം. സമൂഹത്തിന്‌ നന്‍മ ചെയ്യാനുള്ള കഴിവുകളാക്കി ഇതിനെ വളര്‍ത്തണം.ജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും കുട്ടികളുടെ കഴിവുകള്‍ വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. പ്ളസ്‌ ടു വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്‌ നേടിയ 25കൂട്ടികള്‍ക്ക്‌ ബിഷപ്‌ അവാര്‍ഡ്‌ വിതരണം ചെയ്തു.കാത്തലിക്‌ ഗില്‍ഡ്‌ പ്രസിഡണ്റ്റ്‌ എം.സി.പോളച്ചന്‍ അധ്യക്ഷനായിരുന്നു. റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ കോര്‍പറേഷന്‍ എംഡി ടി.കെ. ജോസ്‌ മുഖ്യപ്രഭാഷണം നടത്തി.എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, ഫാ. ജേക്കബ്‌ ജി.പാലയ്ക്കാപ്പിള്ളി, ഫാ.പ്രിന്‍സ്‌ ചെറുവള്ളില്‍, ഫാ. ജോയ്സ്‌ കൈതക്കോട്ടില്‍, എസ്‌.ഡി. ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. എസ്‌എസ്‌എല്‍സിക്ക്‌ എല്ലാ വിഷയത്തിലും എ പ്ളസ്‌ കരസ്ഥമാക്കിയ 160കുട്ടികള്‍ക്കും പ്ളസ്‌ ടു വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്‌ നേടിയ 25കൂട്ടികള്‍ക്കും ഉള്‍പ്പെടെ 350കുട്ടികള്‍ക്കാണ്‌ എറണാകുളം-അങ്കമാലി അതിരൂപതാ കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ സ്കോളര്‍ഷിപ്പും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്നത്‌.

Monday, May 24, 2010

പരിശുദ്ധാത്മാവാണ്‌ സഭയുടെ ജീവന്‍: മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്‌ കുരുന്നുകള്‍ ദേവാലയങ്ങളില്‍ ആദ്യാക്ഷരം കുറിച്ചു. വിവിധ പള്ളികളുടെ നേതൃത്വത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ നൂറുകണക്കിന്‌ കുരുന്നുകളാണ്‌ ആദ്യാക്ഷരം കുറിച്ചത്‌.സുല്‍ത്താന്‍ ബത്തേരി അസമ്പ്ഷന്‍ ഫൊറോന പള്ളിയില്‍ മാണ്ഡ്യ രൂപത ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നിവര്‍ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചു. പരിശുദ്ധാത്മാവാണ്‌ സഭയുടെ ജീവനും ചൈതന്യവുമെന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ പറഞ്ഞു. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്‌ ദിവ്യബലി അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പരിശുദ്ധാത്മാവിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ സഭയിലുടനീളമുണ്ട്‌. ഈശോയുടെ ജനനം തന്നെ ആത്മാവിലാണ്‌. ദൈവം നല്‍കിയ സഹായകാനാണ്‌ പരിശുദ്ധാത്മാവ്‌. ദൈവത്തിണ്റ്റെ പൂര്‍ണതയിലേക്ക്‌ പരിശുദ്ധാത്മാവ്‌ എത്തിക്കും. ആദിമ സഭയില്‍ അപ്പസ്തോലന്‍മാര്‍ പരിശുദ്ധാത്മാവിണ്റ്റെ പ്രേരണയനുസരിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌. പരിശുദ്ധാത്മാവ്‌ നമ്മെ പുതിയ മനുഷ്യരാക്കിത്തീര്‍ക്കും. ദൈവത്തിണ്റ്റെ ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നാം ശ്രമിക്കണം. പരിശുദ്ധാത്മാവിനാല്‍ വീണ്ടും നിറയാനുള്ള അവസരമാണ്‌ പന്തക്കുസ്താദിനം നമുക്ക്‌ നല്‍കുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. വെറുപ്പും വിദ്വേഷവും വൈരാഗ്യവും പാപാവസ്ഥയും മാറ്റിവച്ച്‌ പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിക്കണം. അപ്പോഴാണ്‌ ആത്മാവിനെ ലഭിക്കുക. ആത്മാവിനാല്‍ നയിക്കപ്പെടുന്നവരായി നാം മാറണം. അപ്പസ്തോലന്‍മാരുടെമേല്‍ ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. ആത്മാവിണ്റ്റെ പ്രേരണയനുസരിച്ചു അവര്‍ പ്രവര്‍ത്തിച്ചു. ആത്മാവിനാല്‍ നിറയാന്‍ നല്‍കുന്ന അവസരമാണ്‌ പന്തക്കുസ്താദിനമെന്നും ബിഷപ്‌ പറഞ്ഞു.

Saturday, May 22, 2010

അല്‍മായ സമൂഹത്തെ ശക്തിപ്പെടുത്തും: മാര്‍ മാത്യു അറയ്ക്കല്‍

ആഗോളതലത്തില്‍ സീറോമലബാര്‍ സഭാസമൂഹത്തെ ശക്തിപ്പെടുത്തുമെന്ന്‌, അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമായ മാര്‍ മാത്യു അറയ്്ക്കല്‍. ദോഹയിലെ സെണ്റ്റ്‌ തോമസ്‌ ദേവാലയ അങ്കണത്തില്‍ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പ്രഥമ പഠനക്യാമ്പും അല്‍മായ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ അധ്യക്ഷത വഹിച്ചു. ഐക്യത്തോടും പ്രാര്‍ഥനയോടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം അല്‍മായരെ ആഹ്വാനം ചെയ്തു. ആഗോളതല അല്‍മായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. മോഹന്‍ തോമസ്‌, ഫാ. ജോസ്‌ തച്ചുകുന്നേല്‍, ഡേവിസ്‌ ഇടശേരി, ഡേവിസ്‌ എടക്കളത്തൂറ്‍, ക്ളാരന്‍സ്‌ എലവുത്തിങ്കല്‍, ജയിംസ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബങ്ങള്‍ ദൈവസ്വരത്തിന്‌ കാതോര്‍ക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സമൂഹത്തില്‍ മുഴങ്ങുന്ന ഭൌതികതയുടെയും അപരിചിതരുടെയും ശബ്ദങ്ങളില്‍നിന്നു യേശുവിണ്റ്റെ സ്വരം തിരിച്ചറിയുവാനുള്ള ശക്തി വ്യക്തികളും കുടുംബങ്ങളും ആര്‍ജിച്ചെടുക്കണമെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഉദ്ബോധിപ്പിച്ചു. പാലാ രൂപത പ്രസ്ബിറ്ററല്‍ കൌണ്‍സിലിണ്റ്റെയും പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. പാസ്റ്ററല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ. എ.ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ്‌ 20മുതല്‍ 22വരെ നടക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ പ്രമേയമായ വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്നതായിരുന്നു സമ്മേളനത്തിണ്റ്റെ ചര്‍ച്ചാവിഷയം. റവ. ഡോ. ഡൊമിനിക്‌ വെച്ചൂറ്‍, ഡോ. സാബു ഡി. മാത്യു എന്നിവര്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന്‌ വിഷയത്തിണ്റ്റെ വിവിധ വശങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടന്നു. സിബിസിഐയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായ മാര ജോസഫ്‌ കല്ലറങ്ങാട്ടിനെയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗമായി നിയമിതനായ ഡോ. സിറിയക്‌ തോമസിനെയും യോഗം അനുമോദിച്ചു. റവ. ഡോ. അലക്സ്‌ കോഴിക്കോട്ട്‌, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. കെ.കെ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, May 21, 2010

ദിവ്യകാരുണ്യം സഭാ ജീവിതത്തിണ്റ്റെ കേന്ദ്രബിന്ദു: ആര്‍ച്ച്ബിഷപ്‌ സൂസൈപാക്യം

ദിവ്യകാരുണ്യം സഭാ ജീവിതത്തിണ്റ്റെ മാത്രമല്ല, പ്രപഞ്ചത്തിണ്റ്റെതന്നെ കേന്ദ്രബിന്ദുവാണെന്ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ. സുസൈപാക്യം. വിജയപുരം രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യനില്‍ നിറഞ്ഞുനില്‍ക്കുന്ന ദിവ്യാനുഭൂതിയാണ്‌ ഒരു പുരോഹിതനെ വ്യത്യസ്തനാക്കുന്നതെന്നും ദിവ്യകാരുണ്യത്തിലൂടെ മാത്രമേ ഈ ദിവ്യാനുഭൂതി പരിപോഷിപ്പിക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയപുരം ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ മിനി ആണ്റ്റണി, മോണ്‍. ജോസ്‌ നവാസ്‌, മോണ്‍. ഹെന്‍റി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയി ലെ എല്ലാ വൈദികരും ചേര്‍ന്ന്‌ ദിവ്യബലി അര്‍പ്പിച്ചു. ബിഷപ്‌ പീറ്റര്‍ തുരുത്തിക്കോണത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ദിവ്യകാരുണ്യ പ്രതിഷ്ഠ നിര്‍വഹിച്ചു. ഫാ. ഡാനി കപ്പൂച്ചിന്‍ ക്ളാസ്‌ നയിച്ചു. ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. ഇന്ന്‌ 3.30ന്‌വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ സമൂഹബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴിന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സന്ദേശം നല്‍കും. ബിഷപ്‌ സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ദിവ്യകാരുണ്യാശീര്‍വാദം നല്‍കും.

Thursday, May 20, 2010

ക്രൈസ്തവര്‍ കൂട്ടായ്മയുടെയും സ്നേഹത്തിണ്റ്റെയും സന്ദേശവാഹകരാകണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ക്രൈസ്തവര്‍ കൂട്ടായ്മയുടെയും സ്നേഹത്തിണ്റ്റെയും സന്ദേശം പ്രഘോഷിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. 123-ാമത്‌ ചങ്ങനാശേരി അതിരൂപത ദിനാചരണത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ തൃക്കൊടിത്താനം സെണ്റ്റ്‌ സേവ്യേഴ്സ്‌ ഫൊറോനപള്ളിയില്‍ സായാഹ്ന പ്രാര്‍ഥനയ്ക്ക്‌ കാര്‍മികത്വം വഹിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. പൂര്‍വ പിതാക്കന്‍മാര്‍ ത്യാഗം സഹിച്ച്‌ സംരക്ഷിച്ച വിശ്വാസ പൈതൃകം മക്കള്‍ക്ക്‌ പകരാന്‍ ദൃഢപ്രതിജ്ഞയെടുക്കേണ്ട അവസരമാണ്‌ അതിരൂപത ദിനാചരണം. സഭയെക്കുറിച്ച്‌ അറിവുനേടി സഭയെ വിശ്വാസതനിമയില്‍ നയിക്കുവാന്‍ വിശ്വാസസമൂഹം ദൃഢബദ്ധരാകണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു. ഇടവകകളിലും കുടുംബങ്ങളിലും നവചൈതന്യം നിറയ്ക്കാന്‍ അതിരൂപത ദിനാചരണത്തിലൂടെ സാധിക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു ഓടലാനി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Wednesday, May 19, 2010

ക്രൈസ്തവസമൂഹത്തെ നിരന്തരം വേട്ടയാടുന്ന മാധ്യമശൈലി അവസാനിപ്പിക്കണം: കാത്തലിക്‌ ഫെഡറേഷന്‍ ഇന്ത്യ

ക്രൈസ്തവ സമൂഹത്തെ ഇടുങ്ങിയ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുന്നതവസാനിപ്പിക്കാന്‍ പ്രസ്‌ കൌണ്‍സിലും പത്രപ്രവര്‍ത്തക യൂണിയനും എഡിറ്റേഴ്സ്‌ ഗില്‍ഡും അടിയന്തരമായി ഇടപെടണമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയ്ക്കു നേരെ ഇതര മതരവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ വിദ്വേഷവും വിരോധവും സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സത്യവിരുദ്ധമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അഭയാ കേസ്‌ മുതല്‍ കേരളാ കോണ്‍ഗ്രസ്‌ ലയനം വരെയുള്ള വിഷയങ്ങളില്‍ സഭയെയും പുരോഹിതരെയും മുന്‍വിധിയോടെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള സംഘടിതശ്രമമാണ്‌ നടക്കുന്നത്‌. സഭാ മേലധ്യക്ഷന്‍മാരോ പുരോഹിത ശ്രേഷ്ഠരോ ഏതെങ്കിലും കക്ഷികളെ ലയിപ്പിക്കാനോ പിളര്‍ത്താനോ ഇടപെടുന്നുവെന്നുള്ള പ്രചരണങ്ങള്‍ അസംബന്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി ജോസഫ്‌, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌ കോടിക്കല്‍, അഡ്വ.സതീശ്‌ മറ്റം, മുക്കം ബേബി, മാത്യു ജോസഫ്‌, ടോമി പാലമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജനങ്ങള്‍ വിശ്വാസ തീഷ്ണതയുള്ളവരായിരിക്കണം: മാര്‍ ബോസ്കോ പുത്തൂറ്‍

യുവജനങ്ങള്‍ വിശ്വാസ തീഷ്ണതയുള്ളവരായിരിക്കണമെന്ന്‌ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ്‌ മാര്‍ ബോസ്ഗോ പുത്തൂറ്‍. കെസിവൈഎം എറണാകുളം - അങ്കമാലി അതിരൂപത ചേര്‍ത്തലയില്‍ സംഘടിപ്പിച്ച മാര്‍ ഏബ്രഹാം കാട്ടുമന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്‌ അനുസൃതമായി വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട്‌ സഭക്കും സമൂഹത്തിനും വേണ്ടി തണ്റ്റെ അജപാലന ജീവിതം നയിച്ച ദിവംഗതനായ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ഏബ്രഹാം കാട്ടുമനയുടെ അനുസ്മരണം സംഘടിപ്പിക്കുന്നത്‌ ഉചിതവും കാലഘട്ടത്തിണ്റ്റെ ആവശ്യവുമാണെന്ന്‌ മാര്‍ ബോസ്ക്കോ പുത്തൂറ്‍ പറഞ്ഞു. ഹൃസ്വമായ തണ്റ്റെ അജപാലന ജീവിതത്തില്‍ സഭയെ ദിശാബോധത്തോടും ദീര്‍ഘ വീക്ഷണത്തോടും കൂടെ നയിച്ച വ്യക്തിയായിരുന്നു മാര്‍ ഏബ്രഹാം കാട്ടുമന എന്ന്‌ അദ്ദേഹം അനുസ്മരിച്ചു. അതിരൂപത പ്രസിഡണ്റ്റ്‌ ഷിജോ മാത്യു കരുമത്തി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ.തോമസ്‌ മങ്ങാട്ട്‌, ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, ജെയ്മോന്‍ തോട്ടുപുറം, ബെന്നി ആണ്റ്റണി, സജി വി.എ, ഐസക്ക്‌ വര്‍ഗീസ്‌, ഫാ.മാര്‍ട്ടിന്‍ മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ ഏബ്രഹാം കാട്ടുമന സംസ്ഥാന തല ഡിബേറ്റ്‌ മത്സര വിജയികള്‍ക്ക്‌ മാര്‍ ബോസ്കോ പുത്തൂറ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tuesday, May 18, 2010

സഭയില്‍ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള നീക്കം തിരിച്ചറിയണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

മതമേലധ്യക്ഷന്‍മാരെ വിവിധ തട്ടുകളിലായി അവതരിപ്പിച്ച്‌ മുതലെടുക്കാനുള്ള ചിലരുടെ ഉള്ളിലിരിപ്പ്‌ തിരിച്ചറിയണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരമ്പുഴ സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ ഫൊറോന പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളില്‍ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള വിരുദ്ധ ശക്തികളുടെ ശ്രമം തിരിച്ചറിയണം. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി ചില കേന്ദ്രങ്ങളില്‍നിന്ന്‌ ഉയരുന്ന പ്രചാരണം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നതിനും സംഘര്‍ഷം സൃഷ്ടിക്കുന്നതിനും മാത്രമേ ഉപകരിക്കൂ. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. സഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാറില്ല. മറിച്ചുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ല. എന്നാല്‍, പൊതുജീവിതത്തില്‍ ഇടപെടരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. മൌലിക അവകാശം, മതസ്വാതന്ത്യ്രം, ധാര്‍മികത തുടങ്ങിയവയ്ക്കെതിരായ നീക്കങ്ങളുണ്ടായാല്‍ സഭയ്ക്ക്‌ ഇടപെടേണ്ടിവരുമെന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍ വ്യക്തമാക്കി. ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു.

കുടുംബ കൂട്ടായ്മകള്‍ രൂപതയുടെ സമ്പത്ത്‌: മാര്‍ കല്ലറങ്ങാട്ട്‌

കുടുംബ കൂട്ടായ്മകള്‍ രൂപതയുടെ ഏറ്റവും വലിയ ട്രഷറിയാണെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. രൂപതയുടെ കുടുംബ കൂട്ടായ്മാ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. തിരുവചനബന്ധിയായ കൂട്ടായ്മകളിലൂടെ വചനത്തില്‍നിന്നു കൂദാശകളിലേക്കും അള്‍ത്താരയില്‍നിന്നു മനുഷ്യഹൃദയങ്ങളിലേക്കും ഇറങ്ങണമെന്ന്‌ ബിഷപ്‌ ഓര്‍മിപ്പിച്ചു. രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ. റൂഫസ്‌ പയസ്‌ ലീന്‍, റവ. ഡോ. കുര്യന്‍ മറ്റം, ഫാ. തോമസ്‌ മണ്ണൂറ്‍, ഫാ. വിന്‍സെണ്റ്റ്‌ മൂങ്ങാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 1500-ഓളം പേര്‍ പങ്കെടുത്തു. കൂടുംബകൂട്ടായ്മകള്‍ക്കുള്ള എവര്‍റോളിംഗ്‌ ട്രോഫികള്‍ ഉള്ള നാട്‌, അടിവാരം, അറുന്നൂറ്റിമം ഗലം, പൂവക്കുളം ഇടവകകള്‍ക്ക്‌ ബിഷപ്‌ സമ്മാനിച്ചു. തുരുത്തിപ്പള്ളി, അല്‍ഫോന്‍സാപുരം, അന്ത്യാളം, തീക്കോയി, തിടനാട്‌, ചെമ്മലമറ്റം, അമ്പാറനിരപ്പേല്‍, കാഞ്ഞിരത്താനം ഇടവകകള്‍ക്കു പ്രത്യേക സമ്മാനവും നല്‍കി.

Saturday, May 15, 2010

സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം ക്രൈസ്തവ ജീവിതം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ദേവാലയങ്ങളുടെ ഭംഗിയില്‍ ആശ്രയിക്കുന്നതിനേക്കാളുപരി സ്നേഹത്തില്‍ ആശ്രയിച്ചായിരിക്കണം ക്രൈസ്തവ ജീവിതമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ആനപ്രമ്പാല്‍ സെണ്റ്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ പുതുക്കി പണിത ദേവാലയത്തിണ്റ്റെ വിശുദ്ധ മൂറോന്‍ കൂദാശക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭാരത്നം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഓസ്താത്തിയോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ മുഖ്യപ്രഭാഷണവും മാത്യൂസ്‌ മാര്‍ തേവോദോസ്യോസ്‌, യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, ഫാ. കെ.വി. മാത്യൂസ്‌, ഫാ. മാത്യൂസ്‌ ജോണ്‍ മനയില്‍, ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, റവ. പ്രഫ. എ.പി ജോസഫ്‌ കോര്‍ എപ്പിസ്കോപ്പ, റവ. എം.സി ശാമുവേല്‍, റവ. അലക്സ്‌ പി. ഉമ്മന്‍, ഫാ. ജോസഫ്‌ ശാമുവേല്‍, ഫാ. കെ.എം ജേക്കബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tuesday, May 11, 2010

ദൈവം നല്‍കുന്ന മക്കളെ ദൈവത്തിനായിവളര്‍ത്തുക: മാര്‍ പോള്‍ ആലപ്പാട്ട്‌

ദൈവം നല്‍കുന്ന മക്കളെ ദൈവത്തിനു വേണ്ടി വളര്‍ത്തണമെന്നും ലോകത്തിണ്റ്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി മക്കള്‍ മാറണമെന്നും രാമനാഥപുരം രൂപതാ ബിഷപ്‌ മാര്‍ പോള്‍ ആലപ്പാട്ട്‌ ഉദ്ബോധിപ്പിച്ചു. പൊള്ളാച്ചി സെണ്റ്റ്‌ പോള്‍സ്‌ ചര്‍ച്ചില്‍ ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണമധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദൈവം ദമ്പതികള്‍ക്കു നല്‍കുന്ന ഏറ്റവും വലിയ ദാനമാണ്‌ മക്കള്‍. കുട്ടികള്‍ ഈശോയെ സ്വീകരിക്കുന്ന അവസരം ആത്മീയ ഉണര്‍വിണ്റ്റേതാകണം. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ദുശീലം, ദുര്‍വാസന, തെറ്റായ ജീവിതം എന്നിവ മാറ്റിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണം. ഊരാക്കുടുക്കില്‍പെട്ടശേഷമല്ല മക്കളെക്കുറിച്ച്‌ അന്വേഷിക്കേണ്ടത്‌. മക്കളെ പാപത്തില്‍ വീഴാതെ ചെറുപ്പം മുതല്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്‌.- ബിഷപ്‌ പറഞ്ഞു. വികാരി ഫാ. ജോണ്‍സണ്‍ കണ്ണമ്പാടത്തിണ്റ്റെ നേതൃത്വത്തില്‍ ബിഷപിന്‌ ഇടവകജനം സ്വീകരണം നല്‍കി.

ശാക്തീകരിക്കപ്പെട്ട സ്ത്രീ രാജ്യത്തിണ്റ്റെ സമ്പത്ത്‌: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ശാക്തീകരിക്കപ്പെട്ട സ്ത്രീ രാജ്യത്തിണ്റ്റെ സമ്പത്താണെന്ന്‌ മാര്‍ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. സ്ത്രീശാക്തീകരണം സമൂഹത്തിണ്റ്റെ കടമയാണ്‌. ഇക്കാര്യത്തില്‍ വിദ്യാഭ്യാസവും നേതൃപരിശീലന രീതികളും പ്രയോജനപ്പെടുത്തണം, മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. സിവില്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്ത്രീശാക്തീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ഡൊമിനിക്‌ വെച്ചൂറ്‍, ഡോ. ജോസഫ്‌ വെട്ടിക്കല്‍, റോണി ജോര്‍ജ്‌, അഡ്വ.പ്രിന്‍സോ കല്ലകാവുങ്കല്‍, പ്രഫ. ലീനാ ജോസ്‌, ഡോ. ആന്‍സി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, May 7, 2010

മതബോധനരംഗത്ത്‌ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം: ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍

ശാസ്ത്രസാങ്കേതിക രംഗത്ത്‌ ദ്രുതഗതിയിലുള്ള വളര്‍ച്ച സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ മതബോധനരംഗത്ത്‌ ആധുനിക സാങ്കേതിക വിദ്യകളുടെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ മതാധ്യാപകര്‍ക്ക്‌ കഴിയണമെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍. താമരശേരി രൂപത സണ്‍ഡേ സ്കൂള്‍ പ്രധാനാധ്യാപകരുടെ സമ്മേളനം മേരിക്കുന്ന്‌ പി.എം.ഒ.സിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലകര്‍ വിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കുന്നവരാകണമെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. മതാധ്യാപകരംഗത്ത്‌ 25വര്‍ഷം പൂര്‍ത്തിയാക്കിയവരെയും 2009-10വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുമി ഓണാട്ടിനേയും ചടങ്ങില്‍ ആദരിച്ചു. മതബോധനരംഗത്ത്‌ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിരമിക്കുന്ന ഫാ. ജോര്‍ജ്‌ സെബാസ്റ്റ്യന്‍ എബ്രയിലിന്‌ ആശംസകളും അര്‍പ്പിച്ചു. യോഗത്തില്‍ ഫാ. ജോര്‍ജ്‌ മുണ്ടനാട്ട്‌, ഫാ. സെബാസ്റ്റ്യന്‍ എബ്രയില്‍, ടി.എം ആണ്റ്റണി തെക്കേക്കര, നൈജില്‍ പുരയിടത്തില്‍, ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂല്യശോഷണങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

സമൂഹത്തിലെ മൂല്യശോഷണങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കെസിഎസ്‌എല്ലിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വാസ പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മാറ്റത്തിണ്റ്റെ വിത്തുവിതയ്ക്കാനും സഹജീവികളോട്‌ കാരുണ്യം കാണിക്കാനും വിദ്യാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും മാര്‍ പവ്വത്തില്‍ ആഹ്വാനം ചെയ്തു. ഫാ. സോണി കരുവേലില്‍, ഫാ. ജോസ്‌ പി. കൊട്ടാരം, അക്വിന്‍സ്‌ മാത്യൂസ്‌, ജോസ്‌ ജോസഫ്‌, സിസ്റ്റര്‍ റാണി ടോം, ടി.ഡി ജോസുകുട്ടി, സിസ്റ്റര്‍ അനു റോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Thursday, May 6, 2010

നാര്‍കോ, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ പരിശോധനകള്‍ ഭരണഘടനാവിരുദ്ധം

നാര്‍കോ അനാലിസിസ്‌, പോളിഗ്രാഫ്‌ ടെസ്റ്റ്‌ (നുണ പരിശോധന), ബ്രെയിന്‍ മാപ്പിംഗ്‌ എന്നീ പരിശോധനകള്‍ ഭരണഘടനാവിരുദ്ധമാണെന്ന്‌ സുപ്രീം കോടതി വിധിച്ചു. ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യക്തിസ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഈ പരിശോധനാഫലങ്ങള്‍ തെളിവായി സ്വീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ സമ്മതമില്ലാതെ നാര്‍കോ, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ പരിശോധനകള്‍ നടത്തുന്നത്‌ നിയമവിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാല കൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ബ ഞ്ചാണ്‌ വിധിച്ചത്‌. സ്വന്തം ഇഷ്ടപ്രകാരമല്ലാതെയുള്ള ഇത്തരം നടപടികള്‍ക്ക്‌ വിധേയമാക്കുന്നത്‌ ഭരണഘടനയുടെ 20(3) വകുപ്പിണ്റ്റെ ലംഘനമാണ്‌. വ്യക്തികളുടെ മൌലികാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇത്‌ വ്യാഖ്യാ നിക്കാം. നിര്‍ബന്ധിച്ച്‌ ഒരാളെക്കൊണ്ട്‌ കുറ്റം സമ്മതിപ്പിക്കരുതെന്ന്‌ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും 400പേജുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. അഭിപ്രായം മറച്ചുവയ്ക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്യ്രത്തിണ്റ്റെയും മൌലികാവകാശങ്ങളുടെയും ലംഘനമാണ്‌ നാര്‍കോ പരിശോധനയിലൂടെ നടക്കുന്നത്‌. ഒരു വ്യക്തിയെയും തനിക്കെതിരേ തന്നെ തെളിവുനല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ല. വ്യക്തിയുടെ അനുമതിയോടെ പരിശോധന നടത്തിയാലും ഒരു കേസിലും ഇത്‌ തെളിവായി ഉപയോഗിക്കാന്‍ പാടില്ല. അബോധാവസ്ഥയില്‍ നല്‍കുന്ന മൊഴി തെളിവുകളായി കാണാന്‍ കഴിയില്ല. ഇത്തരം പരിശോധനകള്‍ നടത്തിയാല്‍തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുറ്റാന്വേഷണത്തിന്‌ ഒരുപക്ഷേ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായിരിക്കാമെന്ന്‌ ജസ്റ്റീസുമാരായ ആര്‍.വി രവീന്ദ്രന്‍, ദല്‍ബീര്‍ ഭണ്ഡാരി എന്നിവര്‍ ഉള്‍പ്പെട്ട ബ ഞ്ച്‌ അഭിപ്രായപ്പെട്ടു. എന്നാല്‍, ഭരണഘടനാപ്രകാരം അനുവദിക്കാനാവില്ല. ചിലപ്പോള്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താതിരിക്കുന്നതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാവാം. എങ്കിലും കുറ്റം ചെയ്യാത്ത ഒരാളെ പരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌ നീതീകരിക്കാനാവില്ല. ഈ പരിശോധനകളുടെ ഫലങ്ങള്‍ മാത്രം തെളിവായെടുത്തിട്ടുള്ള കേസുകളില്‍ പുതിയ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റു തെളിവുകള്‍ ഇത്തരം കേസുകളിലുണ്ടെങ്കില്‍ അവയുമായി മുന്നോട്ടുപോകാം. ഇത്തരം പരിശോധനകളെ അനുകൂലിച്ച്‌ സിബിഐ അഭിഭാഷകന്‍ നടത്തിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. അഭയാ കേസുമായി ബന്ധപ്പെട്ട്‌ രണ്ടു വൈദികനെയും ഒരു കന്യാസ്ത്രീയെയും നാര്‍കോ പരിശോധനയ്ക്ക്‌ വിധേയമാക്കിയതും ഇതിണ്റ്റെ എഡിറ്റു ചെയ്ത സിഡി ദൃശ്യങ്ങള്‍ ടെലിവിഷനുകള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതും വലിയ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത്‌ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജികള്‍ കേരള, ഡല്‍ഹി ഹൈക്കോടതികളുടെ പരിഗണനയിലാണ്‌. കുറ്റം തെളിയിക്കാന്‍ മൂന്നാംമുറ ഒഴിവാക്കുന്നതിന്‌ ശാസ്ത്രീയ പരിശോധനകള്‍ അനിവാര്യമാണെന്നാണ്‌ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും വേണ്ടി കോടതിയില്‍ വാദിച്ചിരുന്നത്‌. അതിനാല്‍, നാര്‍കോ പരിശോധനാഫലം കോടതി തെളിവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം കോടതി തള്ളി. ഇതോടെ, നാര്‍കോ ടെസ്റ്റുകള്‍ പോലു ള്ള പരിശോധനകളുടെ പിന്‍ബലത്തില്‍ അന്വേഷണ ഏജന്‍സികള്‍ തെളിവുണ്ടാക്കിയ കേസുകള്‍ക്ക്‌ സുപ്രീം കോടതി വിധി തിരിച്ചടിയായിരിക്കുകയാണ്‌. 2004മുതലുള്ള പത്തോളം ഹര്‍ജികള്‍ പരിഗണിച്ചാണ്‌ സുപ്രീം കോടതി ഇന്നലെ അന്തിമവിധി പ്രസ്താവിച്ചത്‌. 2008ജനുവരി 25-ന്‌ വാദം പൂര്‍ത്തിയാക്കിയ കേസ്‌ വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.

Wednesday, May 5, 2010

കെസിബിസിയുടെ ദൃശ്യമാധ്യമ രചനാ ശില്‍പശാല

കേരളാ കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സില്‍ മീഡിയാ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ അഖില കേരളാ അടിസ്ഥാനത്തില്‍ ഈ മാസം 28, 29, 30തീയതികളില്‍ പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ ത്രിദിന ദൃശ്യമാധ്യമ രചനാ ശില്‍പശാല സംഘടിപ്പിക്കുന്നു. കമ്യൂണിക്കേഷന്‍, മീഡിയ, നാടക-റേഡിയോ-ടെലിവിഷന്‍ തിരക്കഥാ രചന, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, റെക്കോഡിംഗ്‌, എഡിറ്റിംഗ്‌ എന്നീ മേഖലകളില്‍ പ്രായോഗിക പ്രവര്‍ത്തി പരിചയ പരിശീലനം നല്‍കുന്ന ശില്‍പശാലയില്‍ പ്രവേശനം നേടുന്നതിന്‌ എസ്‌എസ്‌എല്‍സിയാണ്‌ യോഗ്യത. വൈദികര്‍ക്കും സന്യസ്തര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാഹിത്യ മാധ്യമ രചനകളില്‍ തത്പരരായിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റയും മൂന്ന്‌ ദിവസത്തെ ഭക്ഷണ താമസ സ്റ്റഡി മെറ്റീരിയലുകള്‍ക്കായി 500രൂപ പ്രവേശന ഫീസും സഹിതം ഈ മാസം 20-നകം സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍, പി ഒ സി കൊച്ചി-682025എന്ന വിലാസത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം.

സാമൂഹിക പ്രവര്‍ത്തകര്‍ മനുഷ്യാവകാശ സംരക്ഷകരാകണം: ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌

സാമൂഹികപ്രവര്‍ത്തകര്‍ മനുഷ്യാവകാശ സംരക്ഷകരാകണമെന്ന്‌ ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌. ശ്രേയസ്‌ ദിനാഘോഷത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.എല്ലാ മതാചാര്യന്‍മാരുടെയും ദര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ്‌ ശ്രേയസിണ്റ്റെ പ്രവര്‍ത്തനമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു.ശ്രേയസ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ്‌ താന്നിക്കാക്കുഴി പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. വികസനമേഖലയിലെ സാധ്യതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഫ. ഫാ. പി.പ്രശാന്ത്‌ സെമിനാര്‍ നയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വത്സ ചാക്കോ ഉദ്ഘാടനം ചെയ്തു.സംരംഭകത്വ വികസനം സംബന്ധിച്ചു ശ്രേയസ്‌ തയാറാക്കിയ പുസ്തകത്തിണ്റ്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഒ.എം ജോര്‍ജ്‌ നിര്‍വഹിച്ചു. സ്ത്രീ തരംഗ്‌, ശ്രേയസ്‌ ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി രണ്ടാം ഘട്ടം, ഹെര്‍ബല്‍ വില്ലേജ്‌, തുടിതാളം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. 2009-10വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശ്രേയസ്‌ മേഖല, യൂണിറ്റ്‌ എന്നിവയ്ക്കും കോസ്‌ മോസ്‌ ക്വിസ്‌ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷപരിപാടികള്‍ക്ക്‌ ഫാ. സെബാസ്റ്റ്യന്‍ എടയത്ത്‌, സെഡ്‌. ഫ്രാന്‍സീസ്‌, പി.ബി ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂനപക്ഷവിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്യണം: എകെസിസി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ ന്യൂനപക്ഷ വിരുദധ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന്‌ എകെസിസി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളുകളില്‍ പ്രാബല്യത്തിലാക്കുന്ന മാനേജ്മെണ്റ്റ്‌ സമിതികളെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപദേശകസമിതികളാക്കി മാറ്റുന്ന നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന നല്‍കുന്ന അവകാശത്തിണ്റ്റെ ലംഘനമാണ്‌ നിയമത്തിലെ നിര്‍ദേശങ്ങള്‍. ആറു മുതല്‍ പതിന്നാലുവരെ വയസുള്ളവര്‍ക്ക്‌ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളെ യോഗം സ്വാഗതം ചെയ്തു. എം.എം ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സാജു അലക്സ്‌, ജോണ്‍ മിറ്റത്താനി, സജിമോന്‍ മിറ്റത്താനി, ഷൈജു കോലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 4, 2010

ന്യൂനപക്ഷ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യും : സിബിസിഐ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന്‌ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) മുന്നറിയിപ്പ്‌. സ്കൂളുകളില്‍ പ്രാബല്യത്തിലാക്കുന്ന മാനേജ്മെണ്റ്റ്‌ സമിതികളെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപദേശക സമിതികളാക്കി മാറ്റുന്ന നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കണമെന്നും സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ആവശ്യപ്പെട്ടു. ആറ്‍്‌ മുതല്‍ 14 വരെ വയസുള്ളവര്‍ക്ക്‌ സൌജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരെ സ്കൂള്‍ മാനേജ്മെണ്റ്റ്‌ സമിതികളില്‍ കുത്തിനിറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഭരണഘടനാലംഘനമാണ്‌.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും നിയന്ത്രിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കുന്ന ഭരണഘടനാ അവകാശത്തിണ്റ്റെ ലംഘനമാണിത്‌. ആയതിനാല്‍, ഇത്‌ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ 21-ാം വകുപ്പ്‌ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ പ്രാബല്യത്തിലാക്കണം. കൂടാതെ, 25ശതമാനം സീറ്റ്‌ പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കുവേണ്ടി മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ന്യൂനപക്ഷ സ്കൂളുകളുടെ കാര്യത്തില്‍ ശരിയല്ല. അമ്പതും നൂറും വര്‍ഷം പഴക്കമുള്ള സ്കൂളുകള്‍ വീണ്ടും അംഗീകാരം തേടണമെന്ന വ്യവസ്ഥയും നൂറുകണക്കിന്‌ വര്‍ഷമായി ഈ രംഗത്തുള്ളവരുടെ സേവനങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന വകുപ്പുകളെ നിയമപരമായി എതിര്‍ക്കാനാണ്‌ സിബിസിഐ തീരുമാനിച്ചിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ മറ്റു ന്യൂനപക്ഷ മാനേജ്മെണ്റ്റുകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കും. അതിന്‌ മുന്നോടിയായി ഈ വിഷയം സംബന്ധിച്ച്‌ പ്രധാനമന്ത്രി, മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ വ്യക്തമാക്കി.

പിണറായി വിജയണ്റ്റെ പ്രസ്താവന അപഹാസ്യം: എകെസിസി

മാര്‍ക്സിസ്റ്റ്‌ മുന്നണിയുടെ ജനദ്രോഹപരമായ നടപടികളും, പിണറായി വിജയണ്റ്റെ ധാര്‍ഷ്്ട്യവും മൂലം ഘടകകക്ഷികള്‍ ഒന്നൊന്നായി മുന്നണി വിട്ടുപോകുന്നത്‌ ബിഷപുമാരുടെ ഇടപെടല്‍ മൂലമാണെന്ന പിണറായി വിജയണ്റ്റെ പ്രസ്താവന അപഹാസ്യമാണെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ (എകെസിസി) എറണാകുളം അതിരൂപത പ്രസിഡണ്റ്റ്‌ സെബാസ്റ്റ്യന്‍ വടശേരിയും സെക്രട്ടറി ബേബി മാത്യുവും പത്രക്കുറുപ്പില്‍ പ്രസ്താവിച്ചു. രാഷ്ട്രീയ ചേരിതിരിവുകളില്‍ കത്തോലിക്ക സഭയേയും ബിഷപ്പുുമാരെയും അനാവശ്യമായി വലിച്ചിഴയ്ക്കുന്നതില്‍ നിന്നും മാര്‍ക്സിസ്റ്റ്‌ നേതൃത്വം പിന്‍മാറണം. കത്തോലിക്ക സഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുവാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയില്ലെന്ന്‌ നേതാക്കള്‍ മനസിലാക്കണം.വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളെ കലുഷിതമാക്കുകയും ക്രമസമാധാന തകര്‍ച്ചയും വിലക്കയറ്റവും മൂലം ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്ന ഭരണത്തിനെതിരെ ജനാധിപത്യ ശക്തികള്‍ ഒന്നിക്കേണ്ടത്‌ കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്നും ഏകെസിസി ഭാരവാഹികള്‍ പറഞ്ഞു.

Monday, May 3, 2010

സഭയുടെ നിലപാട്‌ വിശ്വാസത്തില്‍ അടിയുറച്ചത്‌: അല്‍മായ കമ്മീഷന്‍

ക്രൈസ്തവ സഭയുടെ നിലപാട്‌ വിശ്വാസത്തില്‍ അടിയുറച്ചതാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും മതവിരോധികള്‍ക്കും സഭ എതിരാണ്‌. അവസരത്തിനൊത്ത്‌ നിലപാട്‌ മാറ്റുന്നവരും സഭാധ്യക്ഷന്‍മാരെ ആക്ഷേപിക്കുന്നവരും ക്രൈസ്തവ സഭയ്ക്കു നേരേ വിരല്‍ ചൂണ്ടേണ്ടതില്ലെന്നും അല്‍മായ കമ്മീഷന്‍ വ്യക്തമാക്കി.വിശ്വാസ സമൂഹത്തെ ആവശ്യാനുസരണം ബോധവത്കരിക്കാനും ധാര്‍മിക മൂല്യങ്ങള്‍ക്കധിഷ്ഠിതമായ പ്രബോധനങ്ങള്‍ നല്‍കാനും സഭാ നേതൃത്വത്തിന്‌ കടമയുണ്ട്‌. ആ ഉത്തരവാദിത്വമാണ്‌ സഭാപിതാക്കന്‍മാര്‍ നിര്‍വഹിക്കുന്നത്‌. ഇതില്‍ കൈ കടത്താന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും അനുവദിക്കുകയില്ലെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല. അത്‌ മനുഷ്യനന്‍മയും സാമൂഹ്യ നീതിയും ലക്ഷ്യമിട്ടുള്ളതാണ്‌. ന്യൂനപക്ഷസംരക്ഷണവും മതേതരത്വവും മുഖ്യ അജന്‍ഡയുമാണ്‌. കേരളത്തിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായ വിഷയത്തിലേക്ക്‌ ക്രൈസ്തവ സഭയേയും സഭാധ്യക്ഷന്‍മാരേയും ആരും വലിച്ചിഴയ്ക്കേണ്ടതില്ല. മതാധ്യക്ഷന്‍മാരേയും, വൈദികരേയും, സന്യസ്തരേയും, അല്‍മായരേയും വേര്‍ തിരിക്കാനും അവഹേളനത്തിലൂടെയും ആക്ഷേപങ്ങളിലൂടെയും വിശ്വാസി സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്്ടിക്കാനുമുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്ന്‌ അഡ്വ. സെബാസ്റ്റ്യന്‍ മുന്നറിയിപ്പ്‌ നല്‍കി.

ലഹരി ഉത്പന്നങ്ങള്‍ക്കെതിരേ ബോധവത്കരണം അനിവാര്യം: മാര്‍ മാത്യു അറയ്ക്കല്‍

സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി ഉത്പന്നങ്ങളായ മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയവയ്ക്കെതിരേ ബോധവത്കരണം അനിവാര്യമാണെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. എമ്മാനുവേല്‍ സ്നേഹ സമൂഹത്തിണ്റ്റെയും തമ്പലക്കാട്‌ പെനുവേല്‍ ആശ്രമത്തിണ്റ്റെയും കാഞ്ഞിരപ്പള്ളി രൂപത മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത വാര്‍ഷികാഘോഷങ്ങളില്‍ അധ്യക്ഷതവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നതായും മദ്യപന്‍മാര്‍ക്കു സ്നേഹം നല്‍കി സമൂഹത്തിണ്റ്റെ മുഖ്യധാരയിലെത്തിക്കുവാന്‍ കഴിയണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ കാക്കനാട്‌ സെണ്റ്റ്‌ തോമസ്‌ മൌണ്ടില്‍ നിന്ന്‌ പ്രയാണമാരംഭിച്ച ദീപശിഖ റാലി ഉച്ചകഴിഞ്ഞ്‌ അക്കരപ്പള്ളിയില്‍ എത്തിയപ്പോള്‍ മാര്‍ മാത്യു അറയ്ക്കല്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ മദ്യവിമുക്ത കുടുംബങ്ങള്‍ പങ്കെടുത്ത റാലി കാഞ്ഞിരപ്പള്ളി സിഐ എം.ഇ ഷാജഹാന്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്‌ ആമുഖ പ്രഭാഷണം നടത്തി. ആണ്റ്റോ ആണ്റ്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ്‌ ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ അനുഗ്രഹ പ്രഭാഷണവും എമ്മാനുവേല്‍ വോയ്സ്‌ സ്നേഹാഗ്നി ഓഡിയോ സിഡിയുടെ പ്രകാശനവും നിര്‍വഹിച്ചു. എംഎല്‍എമാരായ കെ.സി ജോസഫ്‌, പ്രഫ. എന്‍ ജയരാജ്‌, അഡ്വ. അല്‍ഫോന്‍സ്‌ കണ്ണന്താനം, വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട്‌, കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്‌ ആലുങ്കല്‍, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്റ്റ്‌ ജോര്‍ജുകുട്ടി ആഗസ്തി, ബ്ളോക്കു പഞ്ചായത്തു പ്രസിഡണ്റ്റ്‌ തങ്കമ്മ ജോര്‍ജുകുട്ടി, പഞ്ചായത്തു പ്രസിഡണ്റ്റ്‌ വി.പി ഇസ്മയില്‍, ഫാ. അലക്സാണ്ടര്‍ കുരീക്കാട്ട്‌, സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള, വര്‍ഗീസ്‌ കണ്ടത്തില്‍, പി.എം സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലാളികളുടെ ക്ഷേമവും രാഷ്ട്രപുരോഗതിയും സഭയുടെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

തൊഴിലാളികളുടെ ക്ഷേമവും കുടുംബങ്ങളുടെ വളര്‍ച്ചയും ഇതിലൂടെ രാഷ്ട്രപുരോഗതിയും സഭ ലക്ഷ്യം വയ്ക്കുന്നതായി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കേരള ലേബര്‍ മൂവ്മെണ്റ്റ്‌ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച മെയ്ദിന റാലി മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. എല്ലാ തൊഴിലും മഹത്തരമാണെന്ന ബോധ്യം സഭാംഗങ്ങള്‍ക്ക്‌ ഉണ്ടാകണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം തൊഴില്‍ ചെയ്ത്‌ ജീവിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ടാകണം. ഇതിനാണ്‌ സഭ ലേബര്‍ മൂവ്മെണ്റ്റിന്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. രാഷ്ട്രീയ സംഘടനകള്‍ തൊഴിലാളികളെയും സംഘടനകളെയും ചൂഷണം ചെയ്യുന്ന സാഹചര്യം അനുവദിക്കരുത്‌. ഇത്‌ പുരോഗതിക്ക്‌ സഹായകരമാകില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ.തോമസ്‌ തുമ്പയില്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നൂറു കണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്ത റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചേര്‍ന്നു. കെ.എല്‍എമ്മിണ്റ്റെ കൊടിക്കു പിന്നില്‍ മുദ്രാവാക്യം മുഴക്കി തൊഴിലാളികള്‍ ഒന്നിച്ച റാലി കേരള കത്തോലിക്കാസഭയുടെ ചരിത്രത്തിനും കൂട്ടായ്മയ്ക്കും പുത്തന്‍ ആമുഖമെഴുതുന്നതായിരുന്നു. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലിണ്റ്റെ മാഹാത്മ്യം മനസിലാക്കി ക്രൈസ്തവര്‍ തൊഴില്‍ മേഖലയെ ശുദ്ധീകരിക്കുന്ന പ്രേഷിതരാകണമെന്ന്‌ മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. സഭയുടെ കീഴില്‍ തൊഴിലാളികള്‍ സംഘടിക്കുന്നത്‌ രാഷ്ട്രീയക്കാര്‍ സംശയദൃഷ്ടിയോടെ വീക്ഷിച്ച്‌ ഇതിനെ ഭിന്നിപ്പിക്കാന്‍ കരുതലോടെ കാത്തിരിക്കുന്നത്‌ ജാഗ്രതയോടെ കാണണമെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്റ്റ്‌ ജോസഫ്‌ ജൂഡ്‌, പോലീസ്‌ സൂപ്രണ്ട്‌ ജേക്കബ്‌ ജോബ്‌, കെഎംഎല്‍ ഡയറക്ടര്‍ ഫാ.ബെന്നി കുഴിയടി, ചാസ്‌ ഡയറക്ടര്‍ ഫാ.ജേക്കബ്‌ കാട്ടടി, സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പി.സി കുഞ്ഞപ്പന്‍, എസ്ബിടി തെങ്ങണാ ശാഖാ മാനേജര്‍ എ.ടി.ജോബ്‌ എന്നിവര്‍ പ്രസംഗിച്ചു.

സാന്ത്വന പരിചരണം സമൂഹത്തിണ്റ്റെ കടമ: മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍

കാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങിയ മാറാരോഗങ്ങള്‍ ബാധിച്ച്‌ വേദന സഹിച്ചു കഴിയുന്ന രോഗികള്‍ക്ക്‌ സാന്ത്വന പരിചരണം നല്‍കാന്‍ പൊതുസമൂഹത്തിന്‌ കടമയുണ്ടെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ഉദ്ബോധിപ്പിച്ചു. അവശരായവര്‍ക്ക്‌ സ്നേഹസ്പര്‍ശമേകുന്ന പാലിയേറ്റീവ്‌ കെയര്‍ സെണ്റ്ററിണ്റ്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയില്‍ ലിസ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍ സെണ്റ്ററിണ്റ്റെ പത്താം വാര്‍ഷികാചരണത്തോടനുബന്ധിച്ച സമ്മേളനത്തിന്‌ മുന്നോടിയായി നടത്തിയ ബോധവത്കരണ റാലി ഫ്ളാഗ്‌ ഓഫ്‌ ചെയ്തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ഡോ. എം.ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാചരണ സമ്മേളനത്തില്‍ ജോര്‍ജ്‌ എം. തോമസ്‌ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. പി.എം മത്തായി, ഡോ. അരുണ്‍മാത്യു, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോളി ജോസഫ്‌, തിരുവമ്പാടി സേക്രഡ്‌ ഹാര്‍ട്ട്‌ പള്ളി വികാരി ഫാ. ജോസഫ്‌ കാപ്പില്‍, മില്ലി മോഹന്‍, ബോസ്‌ ജേക്കബ്‌, ജോസ്‌ പുളിമൂട്ടില്‍, ടിറ്റി പേക്കുഴി, ടി.പി ജോയി, പി.ടി ജോര്‍ജ്‌, മാത്യു കൊച്ചുകൈപ്പയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. എം.കെ രാജഗോപാലിന്‌ ലിസ ആശുപത്രി എംഡി ഡോ. പി.എം മത്തായി ഉപഹാരം നല്‍കി. പാലിയേറ്റീവ്‌ കെയറിണ്റ്റെ 54 വോളണ്ടിയേഴ്സിന്‌ ഡോ. രാജഗോപാല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.