Monday, October 17, 2011

മോൺ. ക്ലീറ്റസ്‌ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കി: ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

ദേവാലങ്ങൾ ദൈവാരൂപി നിറഞ്ഞ വിധത്തിലായിരിക്കണം നിർമിക്കേണ്ടതെന്ന്‌ വരാപ്പുഴ ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ പറഞ്ഞു. അത്തരം ദേവാലയങ്ങൾ നിർമിക്കാൻ കഴിവുള്ളവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം നിറഞ്ഞവരാണെന്നും ദേവാലയ രൂപകൽപനകളെക്കുറിച്ചു വിശദമാക്കുന്ന മോൺ.ക്ലീറ്റസ്‌ പറമ്പലോത്തിന്റെ നിർമിതി ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്‌ അകത്തു പ്രവേശിച്ചാൽ പ്രാർഥിക്കാൻ തോന്നുന്ന വിധത്തിലുള്ളതായിരിക്കണം അതിന്റെ നിർമിതികൾ. ദേവാലയത്തിൽ നിൽക്കുമ്പോൾ നമ്മൾ ദൈത്തിന്റെ മുമ്പിലാണെന്ന തോന്നലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വീടുകൾ നിർമിക്കുന്നതിനേക്കാൾ വൈദഗ്ധ്യം അതു കൊണ്ടു തന്നെ ദേവാലയ നിർമിതിക്ക്‌ ആവശ്യമാണ്‌. എന്നാൽ ഇത്തരം ഗുണങ്ങൾ കുറവായ ദേവായങ്ങളും ഇക്കാലത്ത്‌ ധാരാളം നിർമിക്കുന്നുണ്ട്‌. ലാളിത്യം കൊണ്ടും മനോഹാരിത കൊണ്ടും വ്യത്യസ്തമാണ്‌ ക്ലീറ്റസച്ചന്റെ ദേവാലയങ്ങളും അൾത്താരകളും. ഒരു വൈദികൻ എന്ന നിലയിൽ തന്റെ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. നൂറിലേറെ ദേവാലയങ്ങളുടെ ശിൽപിയായിട്ടും ഇക്കാര്യം പരസ്യപ്പെടുത്താതെ സ്വയം ഒതുങ്ങിയ അദ്ദേഹത്തിന്റെ വിനയവും മാതൃകയാക്കേണ്ടതാണെന്ന്‌ ബിഷപ്‌ പറഞ്ഞു.ഏതു കലയേയും സ്വാധീനിക്കുന്നത്‌ മതവും ആത്മീയയുമാണെന്ന്‌ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട്‌ പിഎസ്സി ചെയർമാൻ ഡോ.കെ.എസ്‌ രാധാകൃഷ്ണൻ പറഞ്ഞു. അത്തരം കലകളാണ്‌ കാലത്തെ അതിജീവിക്കുന്നത്‌. മനുഷ്യാലയം നിർമിക്കുന്നതും ദേവാലയം നിർമിക്കുന്നതും വ്യത്യസ്തമാണ.്‌ ഭംഗി വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ പല ദേവാലയങ്ങളും വലിയ കെട്ടിടങ്ങൾ മാത്രമായി മാറി കൊണ്ടിരിക്കുകയാണ്‌. അവ കണ്ണിനെ വേദനിപ്പിക്കുന്ന മാതൃകയായി പലപ്പോഴും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന്‌ അനിവാര്യം: മാർ ജോസഫ്‌ പണ്ടാരശേരിൽ

പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന്‌ അനിവാര്യമാണെന്നു കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ്‌ പണ്ടാരശേരിൽ. മലബാർ സോഷ്യൽ സർവീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കാരിത്താസ്‌ ഇന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്റെയും കർഷക സംഗമത്തിന്റെയും ഉദ്ഘാടനം പയ്യാവൂർ സെന്റ്‌ ആൻസ്‌ പാരിഷ്ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക സംസ്കാരം എന്നാൽ ജൈവസംസ്കാരമാണെന്നും അമിത ലാഭത്തേക്കാളുപരി ജൈവസമ്പത്തിനു പ്രാധാന്യം നൽകണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി.ജോസ്‌ അധ്യക്ഷതവഹിച്ചു. കാരിത്താസ്‌ ഇന്ത്യാ പ്രകൃതി സംരക്ഷണവിഭാഗം മേധാവി ഡോ. വി.ആർ. ഹരിദാസ്‌ ആമുഖപ്രഭാഷണം നടത്തി. കാരിത്താസ്‌ ഇന്ത്യയും മാസും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കാർട്ടൂണിന്റെ പ്രകാശനം ഫാ. റെജി കൊച്ചുപറമ്പിൽ നിർവഹിച്ചു. കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച്‌ മാസ്‌ നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ്‌ പദ്ധതി ക്ലെയിം വിതരണം മടമ്പം ഫൊറോനവികാരി ഫാ. ഫിലിപ്പ്‌ ആനിമൂട്ടിൽ നിർവഹിച്ചു. കേരള സോഷ്യൽസർവീസ്‌ ഫോറം പ്രൊജക്ട്‌ മാനേജർ ഇ.ജെ. ജോസ്‌, മേഴ്സി ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ്‌ കപ്പുകാലായിൽ, പയ്യാവൂർ കൃഷി ഓഫീസർ ജോർജുകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. ഫാ. ജോർജ്ജ്‌ ഊന്നുകല്ലിൽ സ്വാഗതവും മാസ്‌ പ്രോഗ്രാം മാനേജർ യു.പി. ഏബ്രഹാം നന്ദിയും പറഞ്ഞു. സോണിയ തോമസ്‌, റെജി തോമസ്‌, ആനിമേറ്റേഴ്സ്‌ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. കണ്ണൂർ മേഖലയിൽ നിന്നുള്ള 250 ൽപരം അംഗങ്ങൾ പങ്കെടുത്തു.

Saturday, October 15, 2011

വിശ്വാസപാരമ്പര്യത്തിൽ ക്രിസ്തുസാക്ഷികളാകണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സീറോ മലബാർ സഭാവിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യത്തിൽ ലോകത്തിലെവിടെയും ക്രിസ്തുവിന്റെ സാക്ഷികളാകണമെന്നു മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി റോമിലെ സീറോ മലബാർ കത്തോലിക്കരോട്‌ ആഹ്വാനം ചെയ്തു. ഇറ്റലിയിൽ താമസിക്കുന്ന ഇരുനൂറ്റമ്പതോളം സീറോ മലബാർ കത്തോലിക്കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാൻ സന്ദർശിക്കുന്ന മേജർ ആർച്ച്ബിഷപ്‌ റോമിലെ സെന്റ്‌ പോൾ കോളജിൽ സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങൾക്കൊപ്പമാണു വിശ്വാസിസമൂഹവുമായി ആശയവിനിമയം നടത്തിയത്‌. റോമിലെ സഭാംഗങ്ങളുടെ വിവിധ ആത്മീയാവശ്യങ്ങളെക്കുറിച്ചു മേജർ ആർച്ച്‌ ബിഷപ്‌ വിശ്വാസികളുമായി സംസാരിച്ചു. മേജർ ആർച്ച്‌ ബിഷപ്പിനു വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ കർദിനാൾ ലെയോണാർദോ സാന്ദ്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ്പും സ്ഥിരം സിനഡിലെ അംഗങ്ങളും വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനുള്ള കാര്യാലയത്തിൽ ആർച്ച്ബിഷപ്‌ സാൽവത്തോറെ ഫിസിച്ചെല്ലയുമായും കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പുമാരായ മാർ ജോർജ്ജ്‌ വലിയമറ്റം, മാർ ആൻഡ്രൂസ്‌ താഴത്ത്‌, മാർ ജോസഫ്‌ പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്‌, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌, കൂരിയ മെത്രാൻ മാർ ബോസ്കോ പുത്തൂർ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു

Friday, October 14, 2011

നവ സുവിശേഷവത്കരണം വിശുദ്ധ ഡോൺബോസ്കോ നൽകുന്ന സന്ദേശം: ആർച്ച്‌ ബിഷപ്‌ സൂസാപാക്യം

നവ സുവിശേഷവത്കരണമാണ്‌ വിശുദ്ധ ജോൺബോസ്കോ നൽകുന്ന സന്ദേശം എന്ന്‌ തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം. വിശുദ്ധ ഡോൺബോസ്കോയുടെ തിരുശേഷിപ്പ്‌ കിള്ളിപ്പാലം സെന്റ്‌ ജൂഡ്‌ തീർത്ഥാടന കേന്ദ്രത്തിൽ വണക്കത്തിനു വച്ചശേഷം നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണ വിശുദ്ധരുടെ തിരുശേഷിപ്പ്‌ വണങ്ങാൻ നാം അവരെ അന്വേഷിച്ചാണ്‌ പോകുന്നതെങ്കിൽ ഇവിടെ വിശുദ്ധ ഡോൺബോസ്കോ നമ്മെ അന്വേഷിച്ച്‌ ഇങ്ങോട്ട്‌ വന്നിരിക്കുകയാണ്‌. തിരുശേഷിപ്പ്‌ വണങ്ങുന്നതുവഴി നിരവധിയായ അനുഗ്രഹങ്ങളാണ്‌ ഒഴുകുന്നത്‌. വിശുദ്ധൻ നിരവധി സന്ദേശങ്ങളും ഒപ്പം നമുക്ക്‌ നൽകുന്നു. വിശുദ്ധൻ നൽകുന്ന ഈ സന്ദേശങ്ങളും ഉൾക്കൊണ്ട്‌ ഓരോരുത്തരും പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ വത്കരണവും ജീവിത വിശുദ്ധീകരണവുമാണ്‌ വിശുദ്ധൻ നമ്മെ സന്ദർശിക്കുമ്പോൾ സംഭവിക്കുന്നത്‌. അതിനായി വിശുദ്ധന്റെ തിരുശേഷിപ്പ്‌ നമ്മെ സന്ദർശിക്കുന്ന ഈ അവസരം നാം ഉപയോഗിക്കണം.ക്രിസ്തു ശിരസായിരിക്കുന്ന സഭയുടെ അവയവങ്ങളായ നാം നമ്മുടെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കണം എന്ന്‌ തിരുശേഷിപ്പ്‌ നമ്മോടു പറയുന്നു. എല്ലാവരേയും തന്റെ ശാന്തത, കാരുണ്യം,സ്നേഹം എന്നിവകൊണ്ട്‌ തന്നിലേക്ക്‌ ആകർഷിക്കാൻ യേശുവിനു കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ഡോൺബോസ്കോയ്ക്കും കഴിഞ്ഞു. ഈ ജീവിത മാതൃക ഉൾക്കൊണ്ട്‌ ജീവിതത്തിൽ മാനസാന്തരം കൊണ്ടുവരാനും അതിന്‌ ഉപകരണമാകാനും ഓരോരുത്തർക്കും കഴിയണമെന്നും ബിഷപ്‌ പറഞ്ഞു.മോൺ.യൂജിൻ പെരേര,തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.പോൾ സണ്ണി,ഫാ. തോമസ്‌ മേക്കാടൻ, ഫാ.ഭാസ്കർ ജോസഫ്‌, തുടങ്ങിയവർ സഹകാർമികരായിരുന്നു

നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവും ഉണ്ടായിരിക്കണം: മാർ റാഫേൽ തട്ടിൽ

നേതൃത്വത്തിനു ദിശാബോധവും ലക്ഷ്യബോധവുമുണ്ടായിരിക്കണമെന്ന്‌ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ. അതിരൂപത കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ മാറോക്കി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, ട്രഷറർ അഡ്വ. സി.ജെ. ഡെന്നി, കോ-ഓർഡിനേറ്റർ സാബു നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.

Thursday, October 13, 2011

മാർ ആലഞ്ചേരിക്ക്‌ റോമിൽ സ്വീകരണം

മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കു റോമിലെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിക്കു പൗരസ്ത്യ കാര്യാലയത്തിന്റെ പ്രതിനിധിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, റോമിലെ സീറോ മലബാർ സഭയുടെ പ്രൊക്യുറേറ്റർ ഫാ. സ്റ്റീഫൻ ചിറപ്പണത്ത്‌, വൈദിക, അൽമായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാരീസ്‌, ഷിക്കാഗോ സന്ദർശനത്തിനുശേഷമാണ്‌ മേജർ ആർച്ച്ബിഷപ്‌ റോമിലെത്തിയത്‌. സീറോ മലബാർ സഭയിലെ ആർച്ച്ബിഷപ്പുമാർ, കൂരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ ബിഷപ്‌ മാർ തോമസ്‌ ചക്യത്ത്‌ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പം റോമിലുണ്ട്‌. 17-നു സംഘം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. 21 വരെ റോമിൽ വിവിധ പരിപാടികളിൽ മെത്രാൻസംഘം പങ്കെടുക്കും. വത്തിക്കാനിലെ വിവിധ കാര്യാലയ അധ്യക്ഷന്മാരുമായും മേജർ ആർച്ച്ബിഷപ്പും സംഘവും കൂ ടിക്കാഴ്ചയും ചർച്ചകളും നടത്തും. മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാർ ആലഞ്ചേരിയുടെ ആദ്യ റോമാ സന്ദർശനമാണിത്‌. നവംബർ ആദ്യവാരത്തിൽ അദ്ദേഹം കേരളത്തിൽ തിരിച്ചെത്തും.

യുവജനങ്ങൾ നന്മയുടെ വക്താക്കളാകണം: മാർ മാത്യു അറയ്ക്കൽ

യുവജനങ്ങൾ വിശ്വാസത്തിൽ ആഴപ്പെട്ട്‌ സഭയിലും സമൂഹത്തിലും നന്മയുടെ വക്താക്കളാകണമെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കൂവപ്പള്ളി സെന്റ്‌ ജോസഫ്‌ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിബേരിയൂസ്‌ - സെമിനാർ ഉദ്ഘാടനം ചെയ്തു

Wednesday, October 12, 2011

ക്രൈസ്തവ മാനേജ്മെന്റുകളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കം അംഗീകരിക്കില്ല: കെസിബിസി

അധ്യാപക പാക്കേജിന്റെ മറവിൽ ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ സ്റ്റാൻലി റോമൻ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ ഒരോ സംരക്ഷിത അധ്യാപകനെ തങ്ങളുടെ വിദ്യാലയങ്ങളിൽ സ്വീകരിച്ചു സർക്കാരുമായി സഹകരിക്കാൻ സൗമനസ്യം കാണിച്ചതിന്റെ മറവിൽ അവകാശങ്ങളിൽ കൈകടത്തുന്നതു സ്വീകാര്യമല്ല.സർക്കാരിന്റെ അധ്യാപക നിയമന പാക്കേജിൽ കാണുന്ന ചില നിയമങ്ങൾ ഭാഷാ-മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസസ്വാത ന്ത്ര്യത്തിനു വിരുദ്ധമാണ്‌. സ്പെഷലിസ്റ്റ്‌ അധ്യാപകരെ എയ്ഡഡ്‌ വിദ്യാലയങ്ങളിൽ പിഎസ്സി വഴി നിയമിക്കുമെന്നുള്ളതും പ്രധാനാധ്യാപകരെ നിയമിക്കുന്ന ഒഴിവിൽ അധ്യാപക ബാങ്കിൽ നിന്നു നിയമനം വേണമെന്നതും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്‌. 2006 മുതൽ സാധുതയുള്ള തസ്തികയിൽ നിയമിക്കപ്പെട്ട യോഗ്യരായ അധ്യാപകർക്ക്‌ അന്നു മുതൽ ശമ്പളം നൽകണം. സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിൽ സർക്കാരുമായി വിദ്യാഭ്യാസ ഏജൻസികൾ സഹകരിക്കുന്നതുപോലെ സർക്കാർ വിദ്യാലയങ്ങളും സഹകരിക്കണം. വിദ്യാഭ്യാസവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ പല കാര്യത്തിലും അവ്യക്തതയാണു സൃഷ്ടിക്കുന്നത്‌. കോടികൾ മുടക്കി വിദ്യാലയങ്ങൾ സ്ഥാപിച്ച്‌ എല്ലാ സമുദായക്കാർക്കും പ്രവേശനം നൽകി ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന എയ്ഡഡ്‌ വിദ്യാലയങ്ങളിൽ കേവലം അധ്യാപകരുടെ ശമ്പളം മാത്രമാണു സർക്കാർ നൽകുന്നത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മികവിന്‌ ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ളത്‌ എയ്ഡഡ്‌ വിദ്യാലയങ്ങളാണെന്ന കാര്യം മറച്ചുവച്ച്‌ അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതു ഖേദകരമാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചൂണ്ടിക്കാട്ടി.

Tuesday, October 11, 2011

ദീനാനുകമ്പ സമൂഹം കാത്തിരിക്കുന്ന പുണ്യം: മാർ ജോസഫ്‌ പെരുന്തോട്ടം

ദീനാനുകമ്പ വർത്തമാനകാലതലമുറ കാത്തിരിക്കുന്ന പുണ്യമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രി വാർഷികാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. വാർധക്യത്തിലും രോഗത്തിലും കഴിയുന്നവരെ സമൂഹം വേണ്ടത്ര പരിഗണന നൽകി ശുശ്രൂഷിക്കണമെന്നും രോഗികൾ സമൂഹത്തിന്റെ മുഴുവൻ സ്നേഹവും കരുതലും അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊബെയിൽ നഴ്സിംഗ്‌ യൂണിറ്റിന്റെ ഉദ്ഘാടനം അപ്പസ്തോലിക്‌ നുൺഷ്യോ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ കോച്ചേരി നിർവഹിച്ചു. ഡയറക്ടർ ഫാ. ചാക്കോ പുതിയാപറമ്പിൽ, ഫാ. സോണി തെക്കേക്കര, ഫാ. ജേക്കബ്‌ അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക്‌ മാർ ജോർജ്ജ്‌ കോച്ചേരി സമ്മാനങ്ങൾ നൽകി. കിടപ്പുരോഗികൾക്ക്‌ വീടുകളിലെത്തി ശുശ്രൂഷ ചെയ്യുംവിധമാണു മൊബെയിൽ നഴ്സിംഗ്‌ യൂണിറ്റ്‌ പ്രവർത്തനം. നിർധനർക്ക്‌ സൗജന്യശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്‌. ഫോൺ. 0481 2721597, 9446467246.

Monday, October 10, 2011

പരിസ്ഥിതിപഠനവും പരിശീലനവും പാഠ്യവിഷയമാക്കണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

അപകടകരമായ പ്രകൃതി ചൂഷണവും സ്ഫോടനാത്മകമായ വികസനസംസ്കാരവും പ്രകൃതിയുടെ നിലനിൽപിനു ഗുരുതരമായ ഭീഷണി സൃഷ്ടിച്ചിരിക്കുന്നതിനാൽ മനുഷ്യൻ പ്രകൃതിസംരക്ഷണത്തിലേക്കു തിരിയണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. കെസിബിസി യൂത്ത്‌ കമ്മീഷൻ കുട്ടികൾക്കായി നടത്തുന്ന പരിസ്ഥിതി പഠനപദ്ധതി- ഗ്രീൻക്വസ്റ്റ്‌-2011 ന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അതു പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി ഇളംതലമുറയെ ബോധവത്കരിക്കണമെന്നും മാർ ആലഞ്ചേരി നിർദേശിച്ചു.

അധ്യാപക പാക്കേജ്‌: ഭരണഘടനാവിരുദ്ധമായ ഭാഗങ്ങൾ അംഗീകരിക്കാനാവില്ല- മാർ ജോസഫ്‌ പവ്വത്തിൽ

അധ്യാപക പാക്കേജ്‌ സംബന്ധിച്ചു സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവിൽ ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായുള്ള ഭാഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ പ്രശ്നപരിഹാരത്തിനായി ഔദാര്യപൂർവം സർക്കാരുമായി സഹകരിക്കാൻ തയാറായപ്പോൾ അതിന്റെ മറവിൽ സ്പെഷലിസ്റ്റ്‌ അധ്യാപകരുടെ നിയമനവും മറ്റും ഏറ്റെടുക്കാൻ നിയമങ്ങൾ ഉണ്ടാക്കിയത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഏജൻസി എന്ന നിലയിൽ സംരക്ഷിത അധ്യാപരെ സ്വീകരിക്കുന്നതിൽനിന്നു സർക്കാർ വിദ്യാലയങ്ങൾ വിട്ടുനിൽക്കുന്നത്‌ അനീതിയാണ്‌. അതുപോലെതന്നെ ഹെഡ്മാസ്റ്റർ തസ്തിക വരുമ്പോൾ അവിടെയും ടീച്ചേഴ്സ്‌ ബാങ്കിൽ നിന്ന്‌ അധ്യാപകരെ നിയമിക്കണമെന്നുളള നിബന്ധനയും അധ്യാപക നിയമന അവകാശത്തിൻമേലുളള കടന്നുകയറ്റമാണ്‌. നിയമാനുസരണം 2006 മുതൽ നടത്തിയ അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു ശമ്പളം നൽകാനും സർക്കാർ തയാറായിട്ടില്ല. ഓരോ പ്രാദേശിക മാനേജ്മെന്റും വിദ്യാലയങ്ങളുടെ നടത്തിപ്പിനുവേണ്ടി ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടിവരുന്നുണ്ട്‌. എയ്ഡഡ്‌ വിദ്യാലയങ്ങൾ ഉളളതുകൊണ്ടാണു ഗുണമേന്മയുളള വിദ്യാഭ്യാസം സൗജന്യമായി എല്ലാവർക്കും നൽകാൻ സർക്കാരിനു കഴിയുന്നത്‌. പൊതുവിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ ഖജനാവിൽനിന്ന്‌ ഒരു വിദ്യാർഥിക്കുവേണ്ടി ചെലവഴിക്കുന്ന തുക ഏറ്റവും കുറവുളള സംസ്ഥാനംകൂടിയാണു കേരളം എന്ന കാര്യവും വിസ്മരിക്കരുത്‌. അങ്ങനെയായിരിക്കാൻ കാരണം എയ്ഡഡ്‌ സ്കൂളുകളിൽ അധ്യാ പകർക്കു ശമ്പളം നൽകുന്നതൊഴികെ സർക്കാരിനുചെലവൊന്നു വഹിക്കേണ്ടിവരുന്നില്ല എന്നതാണ്‌. ഇക്കാര്യങ്ങൾ മറന്നുകൊണ്ടുളള പ്രചാരണങ്ങൾ ഖേദകരമാണെന്നു മാർ പവ്വത്തിൽ പ്രസ്താവനയിൽ പറഞ്ഞു.

Monday, October 3, 2011

മക്കൾ ദൈവകൃപയുടെ ആനുകൂല്യം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ദൈവദാനമായ മക്കളെ സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ വി.ആർ. കൃഷ്ണയ്യരുടെ ആനുകൂല്യം ഉപയോഗിക്കാതെ ദൈവം തരുന്ന കൃപ പ്രയോജനപ്പെടുത്തണമെന്നും മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കെഎസ്ടി ഒരുക്കുന്ന അഖില കേരള കുടുംബ കൺവൻഷനു മുന്നോടിയായി മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബ ഛായാചിത്രം സംവഹിച്ചുള്ള ബേത്ശലോം ദൂത്‌ സ്വീകരിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്‌. വാർധക്യത്തിലെത്തുമ്പോൾ പണ്ഡിതർ പലതും പറഞ്ഞേക്കാം. കുടുംബത്തിന്റെ ക്രമീകരണത്തിൽ കടന്നുകയറാൻ ആർക്കും അവകാശമില്ല. കുടുംബത്തെ കീറിമുറിക്കാനുള്ള അധികാരം ആർക്കുമില്ല. പ്രാർഥനയിലൂടെ ഇത്തരം ശക്തികൾക്കെതിരേ പ്രതികരിക്കണം - മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കുടുംബം വചനവേദിയാണ്‌. മാതാപിതാക്കളാണ്‌ ഈ വേദിയിലെ പുരോഹിതർ. കുടുംബങ്ങൾ സുവിശേഷവത്കരണവേദികളാക്കി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്‌. കുടുംബങ്ങളിലൂടെ ഈശോയുടെ തുടർജനനമുണ്ടാകണം. ക്രമവും മൂല്യാധിഷ്ഠിതവുമായ സംവിധാനങ്ങ ളാണു കുടുംബങ്ങളിലുണ്ടാവേണ്ടത്‌. ഇത്‌ അച്ചടക്കത്തിന്റെ വേദിയാണ്‌. കുടുംബങ്ങളുടെ ക്രമങ്ങളും അച്ചടക്കവും ഉപേക്ഷിക്കുന്നതാണ്‌ അരാജകത്വത്തിനു കാരണമാകുന്നത്‌. ദൈവകൽപനകൾ ലോകത്തിനാകമാനമുള്ളതാണ്‌ - മാർ കല്ലാര്റങ്ങാട്ട്‌ വ്യക്തമാക്കി.വിശുദ്ധിയുടെ നിറകുടങ്ങളും വിളനില ങ്ങളുമാണ്‌ കുടുംബങ്ങളെന്നും തിരുക്കുടുംബ ചൈതന്യം ഏറ്റുവാ ങ്ങാൻ ശ്രദ്ധിക്കണമെന്നും പാലാ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കെ.എം. മാണി പറഞ്ഞു.

Saturday, October 1, 2011

മുറിയിൽ ജപമാല ചൊല്ലിയതിനു മാലിയിൽ മലയാളി അധ്യാപകനെ അറസ്റ്റ്ചെയ്തു

മാലിദ്വീപിൽ മുറിയിലിരുന്നു ജപമാല ചൊല്ലിയ മലയാളി അധ്യാപകനെ പോലീസ്‌ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തിന്റെ ലാപ്ടോപ്പ്‌ പോലീസ്‌ പിടിച്ചെടുത്തു. റഫൈലും സ്കൂളിലെ അധ്യാപകൻ ഇരിട്ടി കോക്കാട്ട്‌ കെ.സി. ഷിജോ (30)യെയാണ്‌ അറസ്റ്റു ചെയ്തത്‌. ഇന്നലെയാണു സംഭവം. നാട്ടിൽ വിവരം ലഭിച്ചതിനെത്തുടർന്നു ബന്ധുക്കൾ മന്ത്രി കെ.സി.ജോസഫിനെ വിവരം അറിയിച്ചു. മന്ത്രി ഇന്ത്യൻ എംബസിക്ക്‌ അടിയന്തര ഫാക്സ്‌ സന്ദേശം നൽകിയിട്ടുണ്ട്‌. ഷിജോയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്‌. താമസിക്കുന്ന മുറി അടച്ചിട്ടു ഷിജോ ജപമാല ചൊല്ലിയെന്നാണു പോലീസ്‌ ആരോപിക്കുന്ന കുറ്റം. അധ്യാപകർക്കുവേണ്ടിയുള്ള സ്കൂൾ കംപ്യൂട്ടറിൽ ഷിജോ യുടെ ഫോൾഡറിൽനിന്ന്‌ അധ്യാപന വസ്തുക്കൾക്കൊപ്പം കന്യകാമാതാവിന്റെ ഏതാനും ഭക്തി ഗാനങ്ങളും ചിത്രവും കണ്ടെത്തിയിരുന്നു. തുടർന്ന്‌ സ്കൂളിലെ മലയാളി അധ്യാപകരുടെ മുറികൾ പോലീസ്‌ റെയ്ഡു ചെയ്തു. മൂന്നുപേരുടെ പക്കൽ ബൈബിളും ജപമാലയും കണ്ടെത്തിയതിനെത്തുടർന്ന്‌ പോലീസ്‌ കേസെടുക്കുകയായിരുന്നു.

മാർ ജോസഫ്‌ പവ്വത്തിൽ പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ

ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. 1962 ഒക്ടോബർ മൂന്നിനു പൂന സെമിനാരിയിലാണു മാർ ജോസഫ്‌ പവ്വത്തിൽ വൈദിക പട്ടം സ്വീകരിച്ചത്‌. 1963ൽ എസ്ബി കോളജിൽ അധ്യാപകനായി സേവനം തുടങ്ങി. 1972 ജനുവരി ഏഴിന്‌ സഹായമെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13നു റോമിൽ പോൾ ആറാമൻ മാർപാപ്പയിൽ നിന്നു മെത്രാഭിഷേകം സ്വീകരിച്ചു. 1973ൽ സിബിസിഐ യൂത്ത്‌ കമ്മീഷൻ ചെയർമാനായി നിയമിതനായി. 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. മേയ്‌ 12നു സ്ഥാനാരോഹണം ചെയ്തു. 1985 നവംബർ 16നു ചങ്ങനാശേരി ആർച്ച്ബിഷപായി നിയമനം ലഭിച്ചു. 1986 ജനുവരി 17ന്‌ അതിരൂപതാധ്യക്ഷനായി. 1993ൽ കെസിബിസി ചെയർമാൻ, 1994ൽ സിബിസിഐ പ്രസിഡന്റ്‌, 1998ൽ പോസ്റ്റ്‌ ഏഷ്യൻ സിനഡൽ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2007 മാർച്ച്‌ 19നു വിരമിച്ച മാർ പവ്വത്തിൽ ഇപ്പോൾ ഇന്റർ ചർച്ച്‌ കൗൺസിൽ ചെയർമാനാണ്‌. മാർ ജോസഫ്‌ പവ്വത്തിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി, മെത്രാഭിഷേക റൂബിജൂബിലി ആഘോഷങ്ങൾക്കു മൂന്നിനു തുടക്കമാകും. അന്നു രാവിലെ 6.15ന്‌ ആർച്ച്ബിഷപ്സ്‌ ഹൗസിലെ ചാപ്പലിൽ മാർ ജോസഫ്‌ പവ്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ കോച്ചേരി, വികാരി ജനറാൾമാരായ മോൺ.ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ, മോൺ. ജോസഫ്‌ നടുവിലേഴം, മോൺ. മാത്യു വെള്ളാനിക്കൽ വിവിധ വകുപ്പ്‌ മേധാവികൾ തുടങ്ങിയവർ വിശുദ്ധ കുർബാനയിലും തുടർന്ന്‌ നടക്കുന്ന ആശംസാ സമ്മേളനത്തിലും പങ്കെടുക്കും.

വനിതാ കോഡ്‌ ബിൽ നിർദേശങ്ങൾക്കു സ്വേഛാധിപത്യശൈലി: മാർ തോമസ്‌ ചക്യത്ത്‌

വനിതാ കോഡ്‌ ബില്ലിന്റെ കരടുനിർദേശങ്ങൾക്കു സ്വേഛാധിപത്യത്തിന്റെ ശൈലിയാണെന്നു കെസിബിസി വിജിലൻസ്‌ ആൻഡ്‌ ഹാർമണി കമ്മീഷൻ ചെയർമാൻ ബിഷപ്‌ മാർ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കെസിബിസി ഡയലോഗ്‌ ആൻഡ്‌ എക്യുമെനിസം, വിജിലൻസ്‌ ആൻഡ്‌ ഹാർമണി കമ്മീഷനുകളുടെയും പ്രൊലൈഫ്‌ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യജീവന്റെ സംരക്ഷണം മതങ്ങളുടെ കാഴ്ചപ്പാടിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവിക-ധാർമിക മൂല്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമനിർമാണം നടക്കുന്നതു വേദനാജനകമാണ്‌. തെറ്റായ നിയമങ്ങളിലൂടെ നിരവധി പേരെ കൊന്നൊടുക്കിയ ജർമനിയിലെ ഹിറ്റ്ലറുടെ നയങ്ങളെയാണു കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശങ്ങൾ ഓർമിപ്പിക്കുന്നത്‌. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതാണു ഈ നിർദേശങ്ങൾ. മൂന്നാമത്തെ കുട്ടിക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നതു ധാർമികതയ്ക്കു നിരക്കുന്നതല്ല. സാമൂഹ്യക്ഷേമത്തിലും സാംസ്കാരിക പുരോഗതിയിലും മതങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. പൊതുസമൂഹത്തിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന വനിതാ കോഡ്‌ ബില്ലിന്റെ കരടുനിർദേശങ്ങൾക്കെതിരേ എല്ലാ മതങ്ങളും ഒന്നിക്കണം- മാർ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ അധ്യക്ഷത വഹിച്ചു. വനിതാ കോഡ്‌ ബില്ലിന്റെ കരടു റിപ്പോർട്ട്‌ തയാറാക്കിയ കമ്മീഷനിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ ആരാണ്‌ ഇത്തരം വിവാദനിർദേശങ്ങൾ തയാറാക്കിയതെന്നു വെളിപ്പെടുത്താൻ അധികൃതർക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വാമി പുരന്ദരാനന്ദ, ഷിഫാർ അൽ കൗസാരി, ഫാ.ജോസ്‌ കോട്ടയിൽ, ജോൺ പോൾ, അമ്മിണി മാത്യു, സുഖ്‌വീന്ദർ സിംഗ്‌, പ്രവീൺ ഷാ എന്നിവർ വിഷയാവതരണം നടത്തി. പ്രഫ. മോനമ്മ കോക്കാട്‌ പ്രമേയം അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറിമാരായ ഫാ.റോബി കണ്ണൻചിറ, ഫാ. ജോസി പൊന്നമ്പേൽ, പ്രൊലൈഫ്‌ സമിതി പിആർഒ സാബു ജോസ്‌ എന്നിവർ പ്രസംഗിച്ചു.