Tuesday, February 3, 2009

ജീസസ്‌ യൂത്ത്‌ സഭയ്ക്ക്‌ പ്രത്യാശ നല്‍കുന്നു: കര്‍ദിനാള്‍ മാര്‍ വിതയത്തില്‍

ജീസസ്‌ യൂത്ത്‌ സഭയ്ക്ക്‌ ഏറെ പ്രത്യാശ നല്‍കുന്നുവെന്ന്‌ സി.ബി.സി.ഐ പ്രസിഡന്റ്‌ സീ റോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ദേശീയ കത്തോലിക്കാ യുവജന മുന്നേറ്റമായി ജീസസ്‌ യൂത്തിനെ അംഗീകരിച്ചുകൊണ്ട്‌ സിബിസിഐയുടെ പ്രഖ്യാ പനം വന്ന ശേഷം കര്‍ദിനാളിനെ സന്ദര്‍ശിച്ച്‌ ജീസസ്‌ യൂത്ത്‌ അംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ പ്രതിബദ്ധതയുള്ള അല്‍മായ നേതൃത്വങ്ങളും ഊര്‍ജ്വസ്വലതയും ശുഭാപ്തി വിശ്വാസവും പ്രത്യാശയുള്ളവരുമായ യുവജനങ്ങള്‍ സഭയില്‍ അനിവാര്യമാണ്‌. ഇന്ന്‌ ഇത്തരത്തിലുള്ള യുവജനങ്ങളുടെ അഭാവമാണ്‌ സഭയും സമൂഹവും നേരിടുന്ന വെല്ലുവിളി. എന്നാല്‍, ജീസസ്‌ യൂത്തിന്റെ കടന്നുവരവ്‌ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ക്രിസ്തുവിനോടും സഭയോടും പ്രതിബദ്ധതയുള്ള ജീസസ്‌ യൂത്തിന്റെ മിഷണറി തീഷ്ണതയും പ്രവര്‍ത്തന ശൈലിയും ഏറെ പ്രശംസനീയമാണെന്നും കര്‍ദിനാള്‍ പറഞ്ഞു

കടപ്പാടുകള്‍ സ്മരിക്കാനുള്ള അവസരമാകണം ജൂബിലി: മാര്‍ ദിവന്നാസിയോസ്‌

കടപ്പാടുകള്‍ അനുസ്മരിക്കാനുള്ള അവസരവും, സ്നേഹവും, സന്തോഷവും പങ്കുവെക്കാനുള്ള സമയമാണ്‌ ജൂബിലി ആഘോഷമെന്ന്‌ ബത്തേരി രൂപത ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. പുല്‍പ്പള്ളി സെന്റ്‌ ജോര്‍ജ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.ഭൗതികമായ വളര്‍ച്ചയേക്കാള്‍ വലുതാണ്‌ ആത്മീയമായ വളര്‍ച്ച. ഓരോരുത്തര്‍ക്കും ആത്മീയ വളര്‍ച്ച ഉണ്ടാകുമ്പോള്‍ ഓരോ സമൂഹവും സ്നേഹക്കൂട്ടായ്മയിലേക്ക്‌ ഉയരും.വരും തലമുറക്ക്‌ വേണ്ടി നല്ല മൂല്യങ്ങള്‍ കരുതിവെക്കുമ്പോഴാണ്‌ കടന്നുപോയ തലമുറയോട്‌ നാം കൂറ്‌ പുലര്‍ത്തുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. ദൈവ കല്‍പ്പന അനുസരിച്ച്‌ ജീവിക്കുന്ന സമൂഹത്തിന്‌ ദൈവത്തിന്റെ രക്ഷ ഉറപ്പായിരിക്കുമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച ബത്തേരി രൂപത വികാരി ജനറാള്‍ മോണ്‍. എല്‍ദോ പുത്തന്‍കണ്ടത്തില്‍ പറഞ്ഞു.

എം.ജി സെനറ്റിന്റെ നീക്കം പ്രതിഷേധാര്‍ഹം: മാര്‍ പവ്വത്തില്‍

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നു കണെ്ടത്തി പുറത്താക്കിയ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ കോളജ്‌ അധ്യാപകനെ തിരിച്ചെടുക്കണമെന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിന്റെ ആവശ്യം പ്രതിഷേ ധാര്‍ഹമാണെന്നു ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു.ഗുരുതരമായ തെറ്റിനെപ്പോലും ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവും ഉന്നത വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കവുമായിട്ടാണ്‌ ഇതിനെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു അധ്യാപകരുടെ വളരെ ഗുരുതരമായ കൃത്യവിലോപത്തിനെപ്പോലും ന്യായീകരിക്കുകയും കോളജിന്റെ നടത്തിപ്പില്‍ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന യൂണിവേഴ്സിറ്റി സെനറ്റിന്റെ നീക്കത്തിനെതിരേ നാടിന്റെ നന്മയും വിദ്യാഭ്യാസരംഗത്തെ പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടുവരണം.കടുത്ത തിന്മയേയും അച്ചടക്ക ലംഘനത്തെയും രാഷ്ട്രീയ പ്രേരിതമായി ന്യായീകരിക്കുന്ന നയം തെറ്റു ചെയ്യുന്നതുപോലെതന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകന്റെ തേങ്ങലൊതുക്കാന്‍ സഭ പ്രവര്‍ത്തനസജ്ജം: മാര്‍ മാത്യു മൂലക്കാട്ട്‌

കര്‍ഷകന്റെ തേങ്ങലുകള്‍ തിരിച്ചറിയാനും അതിനു പരിഹാരം കണെ്ടത്താനും സഭ പരിശ്രമിക്കുമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തടിയമ്പാട്‌ ചൈതന്യ കാര്‍ഷിക നഴ്സറിയില്‍ സംഘടിപ്പിച്ച ഹൈറേഞ്ച്‌ മേഖല ഹരിതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ തേങ്ങലുകളില്‍ അവരോടൊപ്പം നില്‍ക്കുന്നത്‌ ഔദാര്യമായിട്ടായിരിക്കരുതെന്നും അത്‌ തങ്ങളുടെ കടമയാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈറേഞ്ചിലെ കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടുത്ത മൂന്നുവര്‍ഷത്തേക്കു കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചു കൃഷി രീതികള്‍ മാറ്റാനും ടൂറിസംപോലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താനും ഇടുക്കിയിലെ കര്‍ഷകര്‍ പരമാവധി പരിശ്രമിക്കണമെന്നും ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

Monday, February 2, 2009

മാതാപിതാക്കള്‍ പ്രതികരിക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വിശ്വാസസത്യങ്ങളെയും ധാര്‍മികമൂല്യങ്ങളെയും എതിര്‍ക്കുന്ന സംഘടിത ശക്തികള്‍ പ്രബലപ്പെട്ടുവരുന്നുകാലഘട്ടത്തില്‍ ഇതിനെതിരേ മാതാപിതാക്കള്‍ പ്രതികരിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പിതൃവേദി-മാതൃജ്യോതിസ്‌ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരേയും അനുമോദിച്ച്‌ പ്രസംഗിക്കുകയായിരുന്നുമാര്‍ പെരുന്തോട്ടം.അസമ്പ്ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജയിംസ്‌ കുന്നില്‍ അധ്യക്ഷതവഹിച്ചു.