Tuesday, October 21, 2008

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ നീതി നിഷേധിക്കുന്നു: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്രഫഷണല്‍ കോഴ്സുകള്‍ക്ക്‌ പ്രവേശനം കിട്ടാത്ത സാഹചര്യമാണ്‌ കേരള സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ വക്താവ്‌ പ്രസ്താവിച്ചു. കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ നീതി നിഷേധിക്കുന്ന ഈ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഏകജാലകത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക്‌ പ്രവേശനം ഏര്‍പ്പെടുത്തിയതുകൊണ്ടുതന്നെ മറ്റു വിദ്യാലയങ്ങളേക്കാള്‍ നൂറ്‌ അധ്യയനദിനങ്ങളാണ്‌ സര്‍ക്കാര്‍ എയ്ഡഡ്‌ ഹയര്‍ സെക്കന്‍ഡറിക്ക്‌ നഷ്ടമായത്‌. അതായത്‌ പകുതിവര്‍ഷത്തെ പഠനമാണ്‌ സര്‍ക്കാര്‍ ഈ വിദ്യാര്‍ഥികള്‍ക്ക്‌ നിഷേധിച്ചത്‌. ക്ലാസുകള്‍ ആരംഭിച്ചിട്ടും എല്ലാവര്‍ക്കും പാഠപുസ്തകം എത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പിന്‌ കഴിഞ്ഞിട്ടില്ല. പാഠപുസ്തകമില്ലാത്തതുകൊണ്ട്‌ ഫലപ്രദമായി പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഈ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്‌. പാഠപുസ്തകം വിദ്യാര്‍ഥികള്‍ക്ക്‌ സമയത്തിനു എത്തിക്കുന്നതിന്‌ തടസം സൃഷ്ടിച്ചവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കാനും മാതൃകാപരമായി ശിക്ഷിക്കാനും വിദ്യാഭ്യാസമന്ത്രി തയാറാകണമെന്ന്‌വക്താവ്‌ റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ ആവശ്യപ്പെട്ടു.