Saturday, July 31, 2010

പരിസ്ഥിതി സംരക്ഷണം വികസനത്തിണ്റ്റെ പുതിയ മുഖം: ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

പരിസ്ഥിതി സംരക്ഷണം വികസനത്തിണ്റ്റെ പുതിയ മുഖമാണെന്ന്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. കേരള കത്തോലിക്കാസഭയുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം രൂപകല്‍പന ചെയ്താവിഷ്കരിക്കുന്ന ജൈവ സംഋദ്ധി ജീവരക്ഷയ്ക്ക്‌ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും ജൈവവൈവിധ്യ പരിരക്ഷണ പ്രവര്‍ത്തനത്തിന്‌ സര്‍വാത്മനാ ഇടപെടണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ ആഹ്വാനം ചെയ്തു. കേരളത്തിലെ കത്തോലിക്ക രൂപതകളുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ സേവന സംഘടനകള്‍ വരുംകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പരിസ്ഥിതിസംരക്ഷണ ജൈവസംഋദ്ധി ഇടപെടലുകളും മുന്‍ഗണന മണ്ഡലങ്ങളിലായി സ്വീകരിക്കുന്നതാണെന്ന്‌ കേരള മെത്രാന്‍ സമിതിയുടെ സാമൂഹ്യനീതിക്കായുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. കേരളത്തിലെ മുപ്പത്‌ കത്തോലിക്കാ രൂപതകളുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യസേവന സംഘടനകളുടെ കാര്യദര്‍ശികളും അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം ഡയറക്ടര്‍ ഫാ. റൊമാന്‍സ്‌ ആണ്റ്റണി ആമുഖ പ്രസംഗം നടത്തി.

Thursday, July 29, 2010

സമുദായ ശാക്തീകരണത്തിനു സംഘടനകളും വിശ്വാസികളും പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സമുദായ ശാക്തീകരണത്തിനായി സംഘടനകളും വിശ്വാസികളും പ്രവര്‍ത്തിക്കണമെന്നു പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. എകെസിസി മുട്ടുചിറ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടിയും നല്‍കിയും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ടുമാവണം ശാക്തീകരണം സാധ്യമാക്കുക. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവണ്റ്റെയും പാവപ്പെട്ടവണ്റ്റെയും വക്താക്കളാവാന്‍ വിശ്വാസികള്‍ക്കാവണമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. മുട്ടുചിറ ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ്‌ നരിതൂക്കില്‍ അധ്യക്ഷതവഹിച്ചു. എകെസിസി രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറകുന്നേല്‍ മുഖ്യപ്രഭാഷണവും പ്രബന്ധാവതരണവും നടത്തി. മേഖലാ പ്രസിഡണ്റ്റ്‌ ജോസ്‌ പുത്തന്‍കാലാ, സംസ്ഥാന രൂപതനേതാക്കളായ ടോമി തുരുത്തിക്കര, എം.എം. ജേക്കബ്‌, സാജു അലക്സ്‌, തോമസ്‌ സി. മാഞ്ഞൂരാന്‍, ബെന്നി പാലയ്ക്കാത്തടം, അപ്പച്ചന്‍ കണിവേലില്‍, തോമസ്‌ മാത്യു പാറപ്പുറത്ത്‌ പാലുവേലില്‍, ബെന്നി കുന്നേല്‍, എം.ജെ. ചാക്കോ മടത്തിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, July 28, 2010

മൂല്യബോധമുള്ള വിദ്യാര്‍ഥിസമൂഹത്തെ രൂപപ്പെടുത്തുക ലക്ഷ്യം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

മൂല്യബോധവും സംസ്കാരവുമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ്‌ രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. ബിഷപ്‌ ജെറോം ട്രസ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂഷന്‍സിണ്റ്റെ എന്‍ജിനീയറിംഗ്‌ കോളജിണ്റ്റെ ആശീര്‍വാദകര്‍മത്തിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ക്രിസ്തീയമൂല്യങ്ങളും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥിസമൂഹമാണ്‌ ഉണ്ടാകേണ്ടത്‌. ഇതിനായി അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. ഈ കൂട്ടായ്മയ്ക്കിടയില്‍ മാനുഷികമൂല്യങ്ങള്‍ കൈമോശം വരരുതെന്നും ഡോ.സ്റ്റാന്‍ലി റോമന്‍ ഉദ്ബോധിപ്പിച്ചു. പണം സമ്പാദിക്കാനുള്ള മാര്‍ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ രൂപത ഒരിക്കലും കരുതിയിട്ടില്ല. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്ന്‌ പലതും ലഭിക്കാത്തതില്‍ ബുദ്ധിമുട്ടുണ്ട്‌. മേഖലയിലെ പരിഷ്കാരങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന്‌ ഉതകുന്നതാകണമെന്നും ബിഷപ്‌ നിര്‍ദേശിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ സ്ഥാപനത്തിന്‌ നിലനില്‍പ്പ്‌ ഉണ്ടാകുകയുള്ളൂ. ട്രസ്റ്റിണ്റ്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക്‌ നല്ല ശിക്ഷണവും പരിശീലനവും നല്‍കാനാണ്‌ ആഗ്രഹിക്കുന്നത്‌.മറ്റ്‌ കത്തോലിക്കാ എന്‍ജിനീയറിംഗ്‌ കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ്‌ മാത്രമേ ഇവിടെയും ഈടാക്കുകയുള്ളൂ. കെസിബിസിയുടെ താത്പര്യവും ഒരേ ഫീസ്‌ ഈടാക്കണമെന്നുതന്നെയാണ്‌. വൈദികരും അല്‍മായരും ഒരു മനസോടെ സഹകരിച്ചതുകൊണ്ടാണ്‌ ഈ സ്ഥാപനം പൂര്‍ണതയിലെത്തിയതെന്നും ബിഷപ്‌ ചൂണ്ടിക്കാട്ടി. ബിഷപ്‌ ജെറോം എന്‍ജിനീയറിംഗ്‌ കോളജിന്‌ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കുന്നതിന്‌ വ്യക്തിപരമായി താന്‍ മുന്‍കൈയെടുക്കുമെന്ന്‌ ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ മന്ത്രി പി.കെ.ഗുരുദാസന്‍ ഉറപ്പ്‌ നല്‍കി. കൊല്ലത്തിണ്റ്റെ അഭിമാനസ്തംഭമായി സ്ഥാപനം ഉയരട്ടെയെന്നും മന്ത്രി ആശംസിച്ചു. രാജ്യത്തിണ്റ്റെ വികസനത്തിന്‌ ഉതകുന്ന വിഷയങ്ങള്‍ തന്നെ പാഠ്യവിഷമായി തെരഞ്ഞെടുത്തിട്ടുള്ള കാമ്പസ്‌ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി ഗുരുദാസന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്സി അംഗം പ്രഫ.ഇ.മേരിദാസന്‍, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, ഗവണ്‍മെണ്റ്റ്‌ സെക്രട്ടറി അനില്‍ സേവ്യര്‍, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ എം.ജോര്‍ജ്‌, ട്രസ്റ്റ്‌ സെക്രട്ടറി ഫാ.രാജേഷ്‌ മാര്‍ട്ടിന്‍, പി. അല്‍ഫോണ്‍സ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശീര്‍വാദത്തിന്‌ മുന്നോടിയായി ബിഷപ്‌ ജെറോമിണ്റ്റെ കബറിടത്തില്‍ നിന്ന്‌ കോളജ്‌ കാമ്പസിലേക്ക്‌ വിദ്യാരംഭ വിളംബര ദീപശിഖാറാലി നടന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെ നൂറുകണക്കിന്‌ വിദ്യാര്‍ഥികള്‍ റാലിയില്‍ അണിചേര്‍ന്നു. ചെണ്ടമേളം, ബാന്‍ഡുമേളം തുടങ്ങിയവ റാലിക്ക്‌ മിഴിവേകി. തുടര്‍ന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ ദീപശിഖ ഏറ്റുവാങ്ങി. റവ.ഫെര്‍ഡിനാണ്റ്റ്‌ മരിയ, റവ.അലോഷ്യസ്‌ മരിയ ബെന്‍സിഗര്‍, റവ.ജെറോം എം.ഫെര്‍ണാണ്ടസ്‌ എന്നിവരുടെ ഛായാചിത്രങ്ങള്‍ക്ക്‌ മുന്നില്‍ ഡോ.സ്റ്റാന്‍ലി റോമനും മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും പുഷ്പാര്‍ച്ചന നടത്തി.സാങ്കേതിക വിഭ്യാഭ്യാസ രംഗത്ത്‌ രൂപതയുടെ സംഭാവനയായ ഈ വിദ്യാഭ്യാസ സമുച്ചയം വളര്‍ച്ചയുടെ പടവുകള്‍ പിന്നിടട്ടെയെന്ന്‌ മന്ത്രി പേമചന്ദ്രന്‍ ആശംസിച്ചു

സാമൂഹ്യസേവനം ഈശ്വരവിശ്വാസം ശക്തമാക്കും: മാര്‍ പോളി കണ്ണൂക്കാടന്‍

മനുഷ്യരുടെ ഈശ്വരവിശ്വാസം രൂഢമൂലമാകുന്നത്‌ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ കൂടിയാണെന്ന്‌ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ട കുടുംബങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി നടപ്പിലാക്കുന്ന ബ്ളസ്‌ എ ഹോം പദ്ധതിയുടെ പ്രഥമ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ യോഗത്തിണ്റ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ കണ്ടുപിടിച്ച്‌ അവരെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുവാന്‍ ബ്ളസ്‌ എ ഹോം പദ്ധതിയിലൂടെ കഴിയണമെന്ന്‌ ബിഷപ്‌ ആഹ്വാനം ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍ വിന്‍സെണ്റ്റ്‌ ആലപ്പാട്ട്‌ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നിര്‍വഹണോദ്ഘാടനം രൂപതാദിനാചരണ വേളയില്‍ നടത്തുവാനും യോഗം തീരുമാനിച്ചു. എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍-ചെയര്‍മാന്‍, മോണ്‍ വിന്‍സെണ്റ്റ്‌ ആലപ്പാട്ട്‌-പ്രസിഡണ്റ്റ്‌, ഫാ. ജോസ്‌ പാലാട്ടി-എക്സി. ഡയറക്ടര്‍, ജിജി പോള്‍ മാമ്പിള്ളി-വൈസ്‌ പ്രസിഡണ്റ്റ്‌, ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോയ്‌ പുത്തന്‍വീട്ടില്‍, സിസ്റ്റര്‍ ജോസ്‌റിറ്റ സിഎംസി, ഫ്രാന്‍സിസ്‌ എടാട്ടുകാരന്‍ തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. എക്സി. ഡയറക്ടര്‍ ഫാ. ജോസ്‌ പാലാട്ടി സ്വാഗതവും ഫ്രാന്‍സിസ്‌ എടാട്ടുകാരന്‍ നന്ദിയും പറഞ്ഞു.

Monday, July 26, 2010

രാഷ്്ട്രപതിയുടെ ഭരണങ്ങാനം സന്ദര്‍ശനം ചരിത്രസംഭവമാകും

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി സമാപനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭരണങ്ങാനത്തെത്തുന്ന രാഷ്്ട്രപതി പ്രതിഭാ പാട്ടീലിണ്റ്റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനം. രാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ പാലാ ബിഷപ്സ്‌ ഹൌസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനമെടുത്തത്‌. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി ഉടനടി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കാനും യോഗം തീരുമാനിച്ചു. രാഷ്്ട്രപതി സന്ദര്‍ശനം നടത്തുന്ന ഓഗസ്റ്റ്‌ 12ന്‌ രൂപത മുഴുവനും അല്‍ഫോന്‍സാ തീര്‍ഥാടനദിനമായി ആചരിക്കാനും രൂപതയിലെയും സംസ്ഥാനത്തെ വിവിധ രൂപതകളിലെയും ഭക്തജനങ്ങളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. കേരളത്തിലെ എല്ലാ വൈദികമേലധ്യക്ഷന്‍മാരുടെയും പങ്കാളിത്തം സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. വാഹനസൌകര്യം, പാര്‍ക്കിംഗ്‌ ക്രമീകരണം, ശുദ്ധജലസൌകര്യം, പന്തല്‍നിര്‍മാണം, രാഷ്ട്രപതിയുടെ പ്രസംഗവേദി തയാറാക്കല്‍ എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. പാവപ്പെട്ട രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കിയുള്ള പാലിയേറ്റീവ്‌ കെയര്‍ സെണ്റ്ററിണ്റ്റെ ഔപചാരിക പ്രഖ്യാപനവും മറ്റു സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ രൂപീകരണവും യോഗം നിര്‍ദേശിച്ചു. ആലോചനായോഗത്തില്‍ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. കെ.എം. മാണി എംഎല്‍എ, പി.സി. ജോര്‍ജ്‌ എംഎല്‍എ, മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്‌, കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗം ഡോ. സിറിയക്‌ തോമസ്‌, ജോര്‍ജ്‌ ജെ. മാത്യു, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, വക്കച്ചന്‍ മറ്റത്തില്‍, പ്രഫ. മേഴ്സി ജോസഫ്‌, മദര്‍ സുപ്പീരിയര്‍, വികാരിജനറാള്‍മാര്‍, രൂപത ആലോചന സമിതിയംഗങ്ങള്‍, ഫൊറോന വികാരിമാര്‍, രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെണ്റ്റുകളിലെ വൈദികര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍, ജനപ്രതിനിധികള്‍, പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങി 120പേര്‍ യോഗത്തില്‍ പങ്കെടുത്തു.

പാവങ്ങള്‍ക്കു നീതി ലഭ്യമാക്കുക കത്തോലിക്കാ പ്രതിബദ്ധത: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

പാവങ്ങളോടു പക്ഷം ചേരുകയും അവര്‍ക്കു നീതി ലഭ്യമാക്കുകയുമാണ്‌ കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. സാര്‍വത്രികസഭയുടെ സാമൂഹിക പ്രബോധനം - എന്ന വിഷയത്തില്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത്‌ എന്നും മനുഷ്യന്‌ എല്ലാത്തരം സൌകര്യങ്ങളും ലഭ്യമാണ്‌. എന്നാല്‍, ഇത്‌ ഒരു ഭാഗത്തേക്കു മാത്രം ചുരുങ്ങിപ്പോവുകയും ചില വിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരക്കാരുടെ ജീവിതത്തിലേക്ക്‌ പ്രകാശമായി കടന്നുചെല്ലാനാണ്‌ സഭയുടെ നിയോഗം. ക്രിസ്തുവിണ്റ്റെ ജീവിതത്തില്‍നിന്നു പകര്‍ന്നതാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. സാര്‍വത്രിക സഭയുടെ സാമൂഹിക പ്രബോധനം മലയാളത്തില്‍ തര്‍ജമ ചെയ്ത പുസ്തകം ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഡോ. ചാള്‍സ്‌ ഡയസ്‌ എംപിക്ക്‌ നല്‍കി പ്രകാശനം ചെയ്തു. റവ.ഡോ. മരിയാന്‍ അറയ്ക്കല്‍, റവ.ഡോ. ജോര്‍ജ്‌ കുരുക്കൂറ്‍, റവ.ഡോ. ജോസ്‌ കോട്ടയില്‍, പ്രഫ. ലാലിയമ്മ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന വിവിധ സെഷനുകളില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ , ഡോ. കെ.എം. ഫ്രാന്‍സിസ്‌, ഡോ. പി.സി. അനിയന്‍കുഞ്ഞ്‌, ഫാ. റൊമാന്‍സ്‌ ആണ്റ്റണി എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

Saturday, July 24, 2010

വിദ്യാര്‍ഥിദ്രോഹത്തില്‍ നിന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ പിന്തിരിയണം: ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍

കേരളത്തിലെ വിദ്യാര്‍ഥികളെ ആസൂത്രിതമായും വ്യാപകമായും വീണ്ടും ദ്രോഹിക്കുന്നതില്‍നിന്നു വിദ്യാഭ്യാസവകുപ്പു പിന്‍മാറണമെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്പ്‌ ജോസഫ്‌ പവ്വത്തില്‍ ആവശ്യപ്പെട്ടു.അംഗീകാരം ലഭിച്ചതും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച്‌ അധ്യയനം ആരംഭിക്കുന്നതുമായ ഓഫ്‌ കാമ്പസ്‌ കോഴ്സുകള്‍ക്കു പെട്ടെന്ന്‌ അംഗീകാരം പിന്‍വലിച്ചു വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. കോളജുകളില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ അകലെ ആയിരിക്കണം ഓഫ്‌ കാമ്പസ്‌ കോഴ്സു നടത്തേണ്ടതെന്ന നിര്‍ദേശത്തിനു യുക്തിയുടെയോ നിയമത്തിണ്റ്റെയോ പിന്‍ബലമില്ല. വിദ്യാര്‍ഥികള്‍ക്കു പരമാവധി പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുപകരം രാഷ്ട്രീയലക്ഷ്യത്തോടെ മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന കലാലയങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ വിദ്യാഭ്യാസവകുപ്പു ശ്രമിക്കുമ്പോള്‍ തകരുന്നത്‌ ഇവിടുത്തെ വിദ്യാഭ്യാസമേഖലയാണ്‌. സിബിഎസ്‌ഇ സിലബസനുസരിച്ചു പഠിച്ച ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക്‌ ഏകജാലക പ്രവേശന പ്രക്രിയയിലൂടെ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനം നിഷേധിച്ചതും ഇതുപോലെതന്നെ വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന നിലപാടാണ്‌. വിദ്യാര്‍ഥികള്‍ക്കു തങ്ങള്‍ക്കിഷ്ടമുളള സിലബസും വിദ്യാലയങ്ങളും തെരഞ്ഞെടുക്കുന്നതിന്‌ അവകാശമുണ്ട്‌. അതു ഗൂഢതന്ത്രങ്ങളിലൂടെ നിഷേധിക്കുന്നത്‌ ജനാധിപത്യത്തിനും നീതിക്കും നിരക്കുന്നതല്ല. പ്രത്യയശാസ്ത്രം തലക്കുപിടിച്ചവര്‍ നടത്തുന്ന യുക്തിക്കും നീതിക്കും വിവേകത്തിനും നിരക്കാത്ത പരിഷ്ക്കാരങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ആകമാനം തകര്‍ക്കുകയാണ്‌. നല്ല വിദ്യാഭ്യാസത്തിനുവേണ്ടി സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടുവരുന്നതുകൊണ്ട്‌ അന്യസംസ്ഥാനങ്ങളിലെ ലോബിക്കുവേണ്ടിയാണ്‌ ഇവിടെ ഇതുപോലെയുളള വിദ്യാര്‍ഥിവിരുദ്ധ വിദ്യാഭ്യാസനയങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതെന്നു ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ്‌ ശക്തിപ്പെടുന്നത്‌.- പ്രസ്താവന പറയുന്നു.

Thursday, July 22, 2010

വിശ്വാസത്തിനുനേരേ ഉയരുന്ന വെല്ലുവിളികള്‍ക്ക്‌ മറുപടി നല്‍കണം: മാര്‍ ജോസഫ്‌ പവ്വത്തില്‍


വിശ്വാസത്തിനുനേരേ ഉയരുന്ന ബാഹ്യശക്തികളുടെ വെല്ലുവിളികള്‍ തിരിച്ചറിയുകയും അതിന്‌ ശക്തമായ മറുപടി നല്‍കുകയും വേണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കെസിബിസി ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ വിളിച്ചുചേര്‍ത്ത കത്തോലിക്കാ രൂപത വക്താക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ ഇന്ന്‌ ഏറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. സമൂഹത്തിലെ പ്രശ്നങ്ങള്‍, വിശ്വാസത്തിലെ ചോര്‍ച്ച, ധാര്‍മികമൂല്യങ്ങളിലെ ഇടിവ്‌, ബാഹ്യമായ പ്രശ്്നങ്ങള്‍ തുടങ്ങിയവ സഭയുടെ ശുശ്രൂഷ മേഖലകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്‌. സമൂഹങ്ങള്‍ ഇല്ലാതാകുന്നത്‌ ആന്തരികമായ വെല്ലുവിളികള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരിക്കുമ്പോഴാണ്‌. ബാഹ്യശക്തികള്‍ ഉയര്‍ത്തുന്ന ഇത്തരം വെല്ലുവിളികള്‍ തിരിച്ചറിയുകയും അതിന്‌ ശക്തമായ മറുപടി നല്‍കുകയും ചെയ്യുകയെന്നതാണ്‌ ഇതിനുള്ള പോംവഴി. സമൂഹത്തിലെ എല്ലാ ചലനങ്ങളും മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യാന്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കഴിയുന്നുണ്ടോയെന്ന്‌ ചിന്തിക്കണം. ഭൂരിപക്ഷ നിസംഗതയെയാണ്‌ ഏറെ ഭയപ്പെടേണ്ടത്‌. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളെ നാം തിരിച്ചറിയുന്നുണ്ടെങ്കിലും തക്ക സമയത്ത്‌ പ്രതികരിക്കാന്‍ കഴിയുന്നുണ്ടോയെന്നതാണ്‌ പ്രശ്നം. നിഷ്കളങ്കരായിരിക്കുന്നതിനൊപ്പം വിവേകമതികളുമായിരിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍, പ്രതികരിക്കാത്തതിനാല്‍ സഭയും വിശ്വാസികളും നിസംഗരാണെന്നതാണ്‌ സമൂഹത്തിണ്റ്റെ ധാരണ. സഭയുടേതായ ശൈലിയിലുള്ള പ്രവര്‍ത്തന ത്തിലൂടെയായിരിക്കണം പ്രതികരിക്കേണ്ടത്‌. ഇന്ന്‌ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിണ്റ്റെ വിദ്യാഭ്യാസ നയങ്ങള്‍ ഉള്‍പ്പെ ടെയുള്ളവയെല്ലാം സമൂഹത്തെ തെറ്റായ പാതയിലേക്ക്‌ തള്ളിവിടുന്നതാണ്‌. പ്രത്യയശാസ്ത്രത്തിനനുസരിച്ച്‌ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ്‌ പ്രത്യയ ശാസ്ത്രത്തിന്‌ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ആര്‍ച്ച്ബിഷപ്‌ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സെല്‍ഭരണം കൊണ്ടു വരാനുള്ള സംസ്ഥാന സര്‍ക്കാരിണ്റ്റെ നീക്കത്തെ തിരിച്ചറിയണം. വിശ്വാസപരവും പ്രായോഗികവുമായ നിലപാടുകളാണ്‌ ഇക്കാര്യത്തില്‍ സഭ സ്വീകരിക്കുന്നത്‌. മത വിശ്വാസികളുടെ സമഗ്രജീവിതത്തെ ഭദ്രമാക്കാനുള്ള സഭയുടെ ശ്രമമാണ്‌ ഇടയലേഖനങ്ങള്‍. വിശ്വാസിയെ സംബന്ധിക്കുന്ന കാര്യമാകയാല്‍ അവരുടെ പൊതുജീവിതത്തെപ്പറ്റിയും ഇടയലേഖനത്തില്‍ പരാമര്‍ശിക്കേണ്ടിവരുമെന്ന്‌ ഇടയലേഖനങ്ങള്‍ക്കെതിരായി ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വര്‍ഗീയതയും തീവ്രവാദവും തെറ്റാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ മതാധിപത്യത്തിനോ വേണ്ടിയോ, വിശ്വാസത്തെ മറയാക്കിയോ ഉള്ള പ്രവര്‍ത്തനങ്ങളെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയത മതവിശ്വാസത്തിണ്റ്റെ ദുരുപയോഗമാണ്‌.സഭയ്ക്കെതിരേ ഭരണതലത്തില്‍ നിന്നുള്‍പ്പെടെ ഉയരുന്ന വിമര്‍ശനങ്ങള്‍ സഭയുടെ വിശ്വാസവളര്‍ച്ച കണ്ട്‌ അസൂയപ്പെടുന്നവര്‍ പറഞ്ഞു പരത്തുന്നവയാണ്‌-ആര്‍ച്ച്ബിഷപ്‌ പറഞ്ഞു.
ഇന്ന്‌ തെരുവില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. ഈശ്വര വിശ്വാസത്തിന്‌ എതിരായ ചിന്തകള്‍ ഉണ്ടായിവരുന്നുണ്ട്‌. കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ സഭ അതിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിച്ചത്‌ അര്‍ഥപൂര്‍ണമായ സംവാദത്തിലൂടെയാണ്‌. കേരളത്തിലും സഭ അത്തരമൊരു സ്നേഹസംവാദമാണ്‌ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജാഗ്രതാകമ്മീഷണ്റ്റെ വെബ്സൈറ്റിണ്റ്റെ ഉദ്ഘാടനവും ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ നിര്‍വഹിച്ചു.
ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ.ഡോ.ജേക്കബ്‌ സ്രാമ്പിക്കല്‍, അഡ്വ.ചാര്‍ളി പോള്‍, മോണ്‍. ചെറിയാന്‍ രാമനാലില്‍, റവ. ഡോ. സക്കറിയാസ്‌ പറനിലം, ഫാ. ജോസഫ്‌ നിക്കോളാസ്‌, മോണ്‍.വിന്‍സണ്റ്റ്‌ അറക്കല്‍, പി. സി. സിറിയക്‌, വി. വി. അഗസ്റ്റിന്‍, ഡോ. ഏബ്രഹാം ജോസഫ്‌, ഡോ. ലിസി ജോസ്‌, എല്‍സാ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനു ശേഷം രൂപതാതല ജാഗ്രതാ സമിതികളുടെ റിപ്പോര്‍ട്ട്‌ രൂപത വക്താക്കള്‍ അവതരിപ്പിച്ചു. കത്തോലിക്കാ സഭയിലെ പബ്ളിക്‌ റിലേഷന്‍ ഓഫീസര്‍മാരുടെ ദൌത്യങ്ങളെക്കുറിച്ച്‌ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലാ മാധ്യമവിഭാഗം തലവന്‍ റവ.ഡോ.ജേക്കബ്‌ സ്രാമ്പിക്കല്‍ ക്ളാസ്‌ നയിച്ചു. തുടര്‍ന്ന്‌ പൊതുചര്‍ച്ചയും കര്‍മ പരിപാടി രൂപീകരണവും നടന്നു. കേരളത്തിലെ 30രൂപതകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Saturday, July 17, 2010

മിജാര്‍ക്കിണ്റ്റെ ഏഷ്യന്‍ സമ്മേളനം തുടങ്ങി

ആഗോള കത്തോലിക്കാ കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിണ്റ്റെ ഏഷ്യന്‍ സമ്മേളനത്തിനു തുടക്കമായി. കെസിവൈഎമ്മിണ്റ്റെ ആതിഥേയത്വത്തില്‍ പിഒസിയില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ കരോളിന്‍ ഗ്രിഷോപ്പ്‌ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സരിത മിന്‍സ്‌, കെസിവൈഎം പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌, ഡയറക്ടര്‍ ഫാ.ജെയ്സന്‍ കൊള്ളന്നൂറ്‍, ഫാ.സണ്ണി ഉപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ്‌ പള്ളത്ത്‌, ജോമി ജോസഫ്‌, എവ്ലിന്‍ ഡി. റോസ്്‌, കെസിവൈഎം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 19ന്‌ സമാപിക്കും. 20മുതല്‍ ഓഗസ്റ്റ്‌ ഒന്നുവരെ പിഒസിയില്‍ നടക്കുന്ന ലോകസമ്മേളനത്തിനു മുന്നോടിയായാണ്‌ ഏഷ്യന്‍ സമ്മേളനം നടത്തുന്നത്‌.

ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ രാജ്കോട്ട്‌ രൂപത നിയുക്ത ബിഷപ്‌

രാജ്കോട്ട്‌ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ്‌ ചിറ്റൂപ്പറമ്പിലിനെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. സിഎംഐ രാജ്കോട്ട്‌ പ്രൊവിന്‍സിണ്റ്റെ പ്രൊവിന്‍ഷ്യലായി 2008മുതല്‍ സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. രാജ്കോട്ട്‌ മെത്രാനായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ 75വയസു പൂര്‍ത്തിയായതിനെ ത്തുടര്‍ന്ന്‌ വിരമിച്ച ഒഴിവിലേക്കാണ്‌ രൂപതയുടെ പുതിയ ഇടയനായി ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ നിയമിതനായത്‌. മാര്‍ കരോട്ടെമ്പ്രേലിണ്റ്റെ രാജി സ്വീകരിച്ച്‌ മാര്‍പാപ്പ പുതിയ നിയമന ഉത്തരവിറക്കുകയായിരുന്നു. ഇതുസംബന്ധിച്ച പേപ്പല്‍ ബൂള ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12-ന്‌ വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയ്ക്ക്‌ കാക്കനാട്‌ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കാര്യാലയത്തിലും രാജ്കോട്ട്‌ രൂപത ആസ്ഥാനത്തും ഒരേസമയത്ത്‌ പ്രസിദ്ധപ്പെടുത്തി. ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ എറണാകുളം -അങ്കമാലി അതിരൂപതയിലെ നീലീശ്വരം ഇടവകയില്‍ പരേതനായ സി.വി. ചെറിയാന്‍ - മറിയാമ്മ ദമ്പതികളുടെ മകനാണ്‌. 1954ഡിസംബര്‍ 10-ന്‌ ജനിച്ച അദ്ദേഹം 1977മേയ്‌ 16-ന്‌ സിഎംഐ സഭയില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1985ഡിസംബര്‍ എട്ടിന്‌ പൌരോഹിത്യം സ്വീകരിച്ചു. ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ബിഎ, രാജഗിരി കോളജില്‍ നിന്നു എംഎസ്ഡബ്ള്യു ഡിഗ്രികള്‍ കരസ്ഥമാക്കിയിട്ടുള്ള ഫാ.ജോസ്‌ രാജ്കോട്ട്‌ രൂപതയുടെ വിവിധ മിഷനുകളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്‌. ഭോപ്പാലിലെ പൂര്‍ണോദയാ ട്രെയിനിംഗ്‌ സെണ്റ്ററിണ്റ്റെ അഡ്മിനിസ്ട്രേറ്റര്‍, രാജ്കോട്ട്‌ പ്രൊവിന്‍സിണ്റ്റെ സോഷ്യല്‍ സര്‍വീസ്‌ കൌണ്‍സിലര്‍ എന്നീ നിലകളിലും 1994മുതല്‍ 14വര്‍ഷം രൂപത സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2001ലുണ്ടായ ഭൂകമ്പത്തില്‍ ഭവനം നഷ്ടമായവരുടെ പുനരധിവസിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ക്രൈസ്റ്റ്‌ ഹോസ്പിറ്റലിണ്റ്റെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും ഫാ. ജോസ്‌ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. കാരിത്താസ്‌ ഇന്ത്യയുടെ പ്രോജക്ട്‌ സെലക്്ഷന്‍ കമ്മിറ്റിയംഗമായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. 1977-ല്‍ രൂപീകൃതമായ രാജ്കോട്ട്‌ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ്‌ ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍. 1977-ല്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ മാര്‍ ജോനാസ്‌ തളിയത്ത്‌ 1981-ല്‍ ആകസ്മികമായി അന്തരിച്ചു. തുടര്‍ന്ന്‌ 1983ല്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ നീണ്ട 27വര്‍ഷത്തെ രൂപത ഭരണശുശ്രൂഷയ്ക്കു ശേഷമാണ്‌ സ്ഥാനമൊഴിയുന്നത്‌. കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി കരോട്ടെമ്പ്രേല്‍ കുടുംബാംഗമാണ്‌ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍.

Friday, July 16, 2010

സുവിശേഷവത്കരണത്തില്‍ ക്നാനായ സമുദായം ഉദാത്ത മാതൃക: മാര്‍ ക്ളീമിസ്‌ കാതോലിക്കാ ബാവ

ലോകത്തിണ്റ്റെ നാനാഭാഗത്തും ക്രിസ്തീയ സാക്ഷ്യം മാതൃകാ ജീവിതത്തിലൂടെ അറിയിച്ച പാരമ്പര്യമാണു ക്നാനായ സമുദായത്തിനുള്ളതെന്നു സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. തോമ്മാശ്ളീഹായുടെ ഭാരത സുവിശേഷവത്കരണം എന്ന യാഥാര്‍ഥ്യത്തെ ശാക്തീകരിക്കുന്ന അടയാളമാണു കേരളത്തിലെ ക്നാനായ കുടിയേറ്റം. തോമ്മാശ്ളീഹായാല്‍ ഇവിടെ സഭയ്ക്ക്്‌ അടിത്തറയിട്ടതിണ്റ്റെ പിന്‍ബലത്തിലാണ്‌ ക്നായി തൊമ്മണ്റ്റെ നേതൃത്വത്തില്‍ വിശ്വാസ കുടിയേറ്റമുണ്ടായത്‌. കോട്ടയം അതിരൂപത ശതാബ്ദി ഉദ്ഘാടന സമ്മേളനത്തില്‍ ന ല്‍കിയ സന്ദേശത്തില്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. ക്രിസ്തീയ ജീവിതം തീര്‍ഥാടനമാണ്‌. ക്നാനായ സമുദായവും തീര്‍ഥാടനത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കു ന്നു. ആദിമ ക്രൈസ്തവ സഭയുടെ ചൈതന്യം ഈ സമുദായത്തിണ്റ്റെ വിശ്വാസ ജീവിതത്തില്‍ പ്രകടമാണ്‌. ഞാന്‍ ലോകത്തിണ്റ്റെ പ്രകാശമാകുന്നു എന്ന തിരുവചനം അന്വര്‍ഥമാക്കി പ്രാര്‍ഥനയിലും ശുശ്രൂഷയിലും കോട്ടയം അതിരൂപത ആഗോളസഭയ്ക്ക്‌ അഭിമാനമായി മാറിയിരിക്കുന്നു.ഒരുമയിലും തനിമയിലും വിശ്വാസത്തിലും ക്രിസ്തീയ ചൈതന്യം പ്രസരിപ്പിക്കുന്ന സമുദായം ഐക്യത്തിണ്റ്റെ പ്രതീകമാണ്‌. അഗ്നിപരീക്ഷകളെ സഹനം കൊണ്ടും പ്രാര്‍ഥനകൊണ്ടും തരണം ചെയ്ത സമുദായത്തെ തളര്‍ത്താന്‍ ആര്‍ക്കുമാവില്ല. ദൈവത്തിണ്റ്റെ അനന്തപരിപാലനയുടെ പ്രകടമായ അടയാളമാണ്‌ ശതാബ്ദിയെത്തിയപ്പോള്‍ ക്നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും ഇന്നു കാണുന്ന നേട്ടങ്ങള്‍. കോട്ടയം അതിരൂപതയെ നയിച്ച മാര്‍ മാത്യു മാക്കീല്‍, മാര്‍ തോമസ്‌ തറയില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ കുര്യാക്കോസ്‌ കുന്നശേരി എന്നിവരുടെ ദിശാബോധമുള്ള നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നു.

ക്നാനായ സമുദായം ഭാരതസഭയ്ക്ക്‌ ചൈതന്യം പകരുന്നു: മാര്‍ ജോസഫ്‌ പെരുന്തോട്ടം

മാര്‍ത്തോമ്മ നസ്രാണി സമൂഹത്തിണ്റ്റെ പൌരാണികത്വവും തനിമയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഉത്തരവാദിത്വം ഏറ്റെടുത്ത കൂട്ടായ്മയാണു ക്നാനായ സമുദായമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. കോട്ടയം അതിരൂപത ശതാ ബ്ദി ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം. സഭയ്ക്ക്‌ വളര്‍ച്ചയും വിശുദ്ധിയും ഈ സമൂഹം പ്രദാനം ചെയ്തു. ക്നായി തൊമ്മണ്റ്റെ നേതൃത്വത്തില്‍ നാലാം നൂറ്റാണ്ടിലുണ്ടായ കുടിയേറ്റം ഭാരതസഭയ്ക്കു ശക്തിയും ഓജസും പ കര്‍ന്നു നല്‍കി. സ്വന്തം തനിമയെക്കുറിച്ചുള്ള അവബോധമാണു സമൂഹത്തെ ഒരുമിച്ചുനിറുത്തുന്നത്‌. അവരെ വളര്‍ത്തുന്ന ശക്തി തനിമയെക്കുറിച്ചുള്ള ബോധ്യമാണ്‌. വ്യക്തിത്വവും ചൈതന്യവും നഷ്ടപ്പെടാതെ സഹസ്രാബ്ദത്തിലേറെയായി നിലകൊള്ളുന്ന ക്നാനായ സമുദായം സഭകള്‍ക്കു മാതൃകയാണ്‌. ഒരുമയില്‍ മുന്നേറിയതിണ്റ്റെ അടയാളമാണ്‌ സമുദായത്തിണ്റ്റെ നേട്ടങ്ങള്‍. പ്രത്യാശയും സംതൃപ്തിയും നിറയുന്ന മുഹൂര്‍ത്തമാണ്‌ ശതാബ്ദി ആഘോഷം. ആദിമസഭയുടെ ഐക്യത്തിലും പാരമ്പര്യത്തിണ്റ്റെ പിന്‍ബലത്തിലും അതിരൂപത മാതൃകാപരമായ സാക്ഷ്യമാണു പകര്‍ന്നു നല്‍കുന്നത്‌- മാര്‍ ജോസഫ്‌ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. വിശ്വാസം, ഐക്യം, സഹകരണം എന്നിവയില്‍ കോട്ടയം അതിരൂപതാംഗങ്ങള്‍ പുലര്‍ത്തുന്ന മാതൃക അനുകരണീയമാണെന്നു ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അഭിപ്രായപ്പെട്ടു. നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിരൂപത സഭയ്ക്കും നാടിനും ഏറെ സംഭാവനകള്‍ നല്‍കി. വിദ്യാഭ്യാസം, അതുരശുശ്രൂ ഷ എന്നിവയില്‍ ക്നാനായ സമുദായത്തിണ്റ്റെ സേവനങ്ങളെ ആദരവോടെ നോക്കിക്കാണണം.- ഡോ. തെക്കത്തേച്ചേരില്‍ കൂട്ടിച്ചേര്‍ത്തു.

Thursday, July 15, 2010

വര്‍ഗീയതീവ്രവാദകേന്ദ്രങ്ങള്‍ക്കും ഭീകരപ്രസ്ഥാനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുക: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍

മനുഷ്യജീവന്‌ വിലകല്‍പ്പിക്കാത്ത ഭീകരപ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ ഛിദ്രശക്തികള്‍ക്കുമെതിരെ ജനമന:സാക്ഷി ഉണരുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ആഹ്വാനം ചെയ്തു. മതത്തിണ്റ്റെയും, അധികാരത്തിണ്റ്റെയും, രാഷ്ട്രീയപശ്ചാത്തലത്തിണ്റ്റെയും പിന്‍ബലത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ രാജ്യദ്രോഹികളാണ്‌. മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന നാട്ടില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തിയെടുക്കുന്നവരെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരെയും നിയന്ത്രിക്കുവാനും നിയമം നടപ്പിലാക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും അക്രമിച്ചും കൊലപാതകം നടത്തിയും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും വളര്‍ത്താമെന്ന്‌ ആരും മോഹിക്കരുത്‌. പ്രശ്നങ്ങളിന്‍മേല്‍ വിവേകം പാലിക്കുന്നത്‌ നിസംഗതയായി ആരും തെറ്റിദ്ധരിക്കുകയുമരുതെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ മുന്നറിയിപ്പു നല്‍കി. മനുഷ്യ ജീവണ്റ്റെ നേരെയുള്ള കയ്യേറ്റം കാടത്തമാണ്‌. മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാനും ജീവണ്റ്റെയും വിശ്വാസത്തിണ്റ്റെയും സംരക്ഷണത്തിനും പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന ജനകീയകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുവാന്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ മുന്‍കൈ എടുക്കുമെന്ന്‌ അഡ്വ. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. കോട്ടയം സി എം എസ്‌ കോളജിലും തൊടുപുഴ ന്യൂമാന്‍ കോളജിലും ഭരണനേതൃത്വ വിദ്യാര്‍ത്ഥിസംഘടനകള്‍ അഴിച്ചുവിട്ട വിദ്യാര്‍ത്ഥി സമരവും അക്രമവും ഭീകരപ്രവര്‍ത്തനങ്ങളാണ്‌. കലാലയങ്ങളെ കലാപഭൂമിയാക്കിമാറ്റി വളരുന്നതലമുറയെ തെരുവിലിറക്കാനുള്ള രാഷ്ട്രീയകേന്ദ്രങ്ങളുടെ ഗൂഡതന്ത്രങ്ങള്‍ ആപല്‍ക്കരവും നാടിനെ നാശത്തിലേയ്ക്കു നയിക്കുന്നതുമാണെന്ന്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാടുഭരിക്കുന്നവര്‍തന്നെ സമരവും അക്രമവും നടത്തുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയും ഭരണ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും പിടിപ്പുകേടുമാണെന്ന്‌ അല്‍മായ കമ്മീഷന്‍ കുറ്റപ്പെടുത്തി.

Wednesday, July 14, 2010

കോട്ടയം അതിരൂപത ശതാബ്ദി ആഘോഷം ഇന്ന്‌ തുടങ്ങും

കോട്ടയം അതിരൂപതശതാബ്ദി ആഘോഷങ്ങള്‍ ഇന്ന്‌ തുടങ്ങും. ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം ഇന്ന്‌ 2.30ന്‌ ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിണ്റ്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ടു പള്ളിയില്‍നിന്നു പുറപ്പെടുന്ന ജൂബിലി ദീപശിഖ പ്രയാണം ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ക്രിസ്തുരാജ കത്തീഡ്രലില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി എം.എല്‍. ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍ ദീപശിഖ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിനു കൈമാറും. മൂന്നിനു നടക്കുന്ന കൃതജ്ഞതാബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി, മാര്‍ ജോസഫ്‌ പെരുന്തോ ട്ടം, മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവരും അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികത്വം വഹിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളിമീസ്‌ കാതോലിക്കാബാവ വചനസന്ദേശം നല്‍കും. ശതാബ്ദി ഉദ്ഘാടനം ചെയ്ത്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി ദീപം തെളിയി ക്കും. ഫൊറോനാ വികാരിമാര്‍ക്ക്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ജൂബിലി തിരികള്‍ കൈമാറും. മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ സന്ദേശം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ചാന്‍സലര്‍ ഫാ. ആണ്റ്റണി കൊല്ലന്നൂറ്‍ വായിക്കും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ സ്വാഗതവും മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ കൃതജ്ഞതയും പറയും. 17ന്‌ ശതാബ്ദി ആഘോഷങ്ങളുടെ ഫൊറോനാതല ഉദ്ഘാട നം നടക്കും. 18ന്‌ ഇടവകതല ഉദ്ഘാടനം. വികാരിമാര്‍ ജൂബിലി തിരികളില്‍നിന്നും ദീപം തെളിയിച്ച്‌ കുടുംബങ്ങള്‍ക്ക്‌ നല്‍കും.

Tuesday, July 13, 2010

മോണ്‍. ജോസഫ്‌ പഞ്ഞിക്കാരന്‍ ദൈവദാസപദവിയിലേക്ക്‌

മെഡിക്കല്‍ സിസ്റ്റേഴ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫിണ്റ്റെ സ്ഥാപകനും കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ജോസഫ്‌ സി. പഞ്ഞിക്കാരനെ ദൈവദാസപദവിയിലേക്കുയര്‍ത്തുന്നു. പതിനെട്ടിനു കോതമംഗലത്തു ദൈവദാസപദവി പ്രഖ്യാപനം നടക്കും. കോതമംഗലത്തെ പ്രശസ്തമായ സെണ്റ്റ്‌ ജോസഫ്‌ ധര്‍മഗിരി ആശുപത്രിക്കു തുടക്കമിട്ടതിലൂടെയാണ്‌ മോണ്‍. ജോസഫ്‌ പഞ്ഞിക്കാരന്‍ സാമൂഹികപ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. 1888സെപ്റ്റംബര്‍ പത്തിന്‌ ചേര്‍ത്തലയ്ക്കടുത്ത്്‌ ഉഴുവയിലാണ്‌ അച്ചണ്റ്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ശ്രീലങ്കയിലെ കാന്‍ഡിയിലായിരുന്നു വൈദികപരിശീലനം നടത്തിയത്‌. 1918ഡിസംബര്‍ 21ന്‌ പൌരോഹിത്യം സ്വീകരിച്ചു. ആലുവ സെണ്റ്റ്‌ മേരീസ്‌ ഹൈസ്കൂളില്‍ അധ്യാപകനായാണ്‌ മോണ്‍.ജോസഫ്‌ പഞ്ഞിക്കാരന്‍ സാമൂഹ്യസേവനം ആരംഭിക്കുന്നത്‌. പിന്നോക്ക, ദളിത്‌ വിഭാഗക്കാര്‍ക്കിടയില്‍ അച്ചന്‍ നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1934ലാണ്‌കോതമംഗലത്ത്‌ അച്ചണ്റ്റെ നേതൃത്വത്തില്‍ ധര്‍മഗിരി ആശുപത്രി സ്ഥാപിക്കുന്നത്‌. ആതുരസേവന രംഗത്തെ ശുശ്രൂഷ ലക്ഷ്യമാക്കി 1944ല്‍മെഡിക്കല്‍ സിസ്റ്റേഴ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫ്‌ (എംഎസ്ജെ)തുടങ്ങി. 1949ല്‍ആകസ്മിക നിര്യാണത്തിലൂടെ ഫാ.ജോസഫ്‌ പഞ്ഞിക്കാരന്‍ യാത്രയാവുമ്പോള്‍ ആയിരങ്ങള്‍ക്ക്‌ അത്താണിയാവുന്ന തരത്തില്‍ അച്ചന്‍ തുടങ്ങിവച്ച ശുശ്രൂഷാമേഖലകള്‍ വ്യാപിച്ചിരുന്നു. പതിനെട്ടിന്‌ കോതമംഗലം സെണ്റ്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ്‌ മോണ്‍. ജോസഫ്‌ സി. പഞ്ഞിക്കാരണ്റ്റെ ദൈവദാസപദവി പ്രഖ്യാപനച്ചടങ്ങുകള്‍ നടക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ആരംഭിക്കുന്ന ചടങ്ങില്‍ കോതമംഗലം രൂപതാ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ലത്തീന്‍ കത്തോലിക്കര്‍ പിന്തള്ളപ്പെടുന്നു: ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം

ലത്തീന്‍ കത്തോലിക്കര്‍ വീണ്ടും വീണ്ടും പിന്തള്ളപ്പെടുകയാണെന്ന്‌ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിണ്റ്റെ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം. വെള്ളയമ്പലം ആനിമേഷന്‍ സെണ്റ്ററില്‍ കെആര്‍എല്‍സിസിയുടെ 16-ാം ജനറല്‍ അസംബ്ളി യില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള ലത്തീന്‍ കത്തോലിക്കരെ അനുഭാവപൂര്‍വം പരിഗണിക്കാനുള്ള പരിശ്രമങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല എന്നു പറയാനാകില്ല. നല്ലബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്‌. എന്നാല്‍, ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ നേതൃനിരയില്‍ ആനുപാതികമായി പ്രാതിനിധ്യം ലഭിച്ചിട്ടുണേ്ടാ എന്ന ചോദ്യം അവശേഷിക്കുന്നു. വിദ്യാഭ്യാസരംഗത്ത്്‌ അന്യായമായ ആരോപണങ്ങള്‍ക്കു വിധേയരാകുന്നതിനു പുറമേ തിക്തമായ അനുഭവങ്ങളുമുണ്ടാകുന്നു. വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമപരിഷ്കരണ സമിതിയുടെ ജനന നിയന്ത്രണത്തെ യും ഗര്‍ഭഛിദ്രത്തെയും സംബന്ധിക്കുന്ന പല നിര്‍ദേശങ്ങളും കത്തോലിക്കാ വിശ്വാസത്തിനും സഭ മുറുകെപ്പിടിക്കുന്ന സാന്‍മാര്‍ഗിക മൂല്യങ്ങള്‍ക്കും കടകവിരുദ്ധമായിട്ടുള്ളതാണ്‌. ഇവ കത്തോലിക്കരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ മതേതരത്വത്തിണ്റ്റെ തന്നെ അടിത്തറ തകര്‍ക്കും. സഭാ നിയമങ്ങളെ നിര്‍ജീവമാക്കി സഭാ സംവിധാനത്തില്‍ കടന്നുകൂടാനും അവിടെ ചുവടുറപ്പിക്കാനുമുള്ള നിഗൂഢ ശ്രമങ്ങള്‍ ഉണ്ടെന്ന്്‌ ബലമായി സംശയിക്കുന്നു. ലത്തീന്‍ കത്തോലിക്കര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം പഠിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിണ്റ്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പാര്‍ട്ടികളോടും മുന്നണികളോടുമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്‌. ഇതാണ്‌ പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സമദൂരസമീപനം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. .ലത്തീന്‍ കത്തോലിക്കാ സമുദായം രാഷ്ട്രീയനീതി എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതും ശാക്തീകരണം ലക്ഷ്യംവയ്ക്കുന്നതും സ്വാര്‍ഥവും സങ്കുചിതവുമായ ല ക്ഷ്യത്തോടെയല്ലെന്ന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയനീതി എന്ന മുദ്രാവാക്യത്തെ പ്രായോഗികതലത്തിലേക്കു കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യവും അതിലേക്കുള്ള തുടര്‍നടപടികളും ഒത്തൊരുമയോടെ ഉണ്ടാവണമെ ന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ആലപ്പുഴ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ്്‌ ഡോ. സെബാ സ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍, പുനലൂറ്‍ ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂറ്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍, കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍, വരാപ്പുഴ സഹായമെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി തുടങ്ങിയവര്‍ പങ്കെടുത്തു. കെആര്‍എല്‍സിസി അസോസിയേറ്റ്‌ ജനറല്‍ സെക്രട്ടറി ഫാ. പയസ്‌ ആറാട്ടുകുളം ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ സ്വാഗതവും സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സീസ്‌ നന്ദിയും പറഞ്ഞു.

Friday, July 9, 2010

അര്‍ത്തുങ്കല്‍ പള്ളി ഇനി ബസിലിക്ക

വിശുദ്ധ സെബസ്ത്യാനോസിണ്റ്റെ തീര്‍ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ സെണ്റ്റ്‌ ആന്‍ഡ്രൂസ്‌ ഫൊറോന പള്ളിയെ ബസിലിക്ക പദവിയിലേക്ക്‌ ഉയര്‍ത്തി ബനഡിക്ട്‌ 16-ാമന്‍ മാര്‍പാപ്പ കല്‍പന പുറപ്പെടുവിച്ചു. ബസിലിക്കയായി ഉയര്‍ത്തിയതിണ്റ്റെ ആഘോഷങ്ങള്‍ ആലപ്പുഴ രൂപതാദിനമായ ഒക്ടോബര്‍ 11ന്‌അര്‍ത്തുങ്കലില്‍ നടക്കും. ഇന്ത്യയിലെ മതസാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന്‌ ആലപ്പുഴ രൂപത അറിയിച്ചു. ആലപ്പുഴ രൂപതയുടെ കീഴിലുള്ള ദേവാലയമാണ്‌ അര്‍ത്തുങ്കല്‍ പള്ളി. 16-ാം നൂറ്റാണ്ടിലെ നാടുവാഴികളായിരുന്ന മൂത്തേടത്ത്‌ രാജാക്കന്‍മാരുടെ തല സ്ഥാന നഗരിയായിരുന്ന മൂത്തേടത്തുങ്കലാണ്‌ അര്‍ത്തുങ്കലായി മാറിയത്‌. പോര്‍ച്ചുഗീസ്‌ ആധിപത്യത്തിനു മുമ്പുതന്നെ ധാരാളം ക്രൈസ്തവര്‍ അര്‍ത്തുങ്കല്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും ദേവാലയനിര്‍മാണത്തിന്‌ അനുമതി ലഭിച്ചിരുന്നില്ല.

ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയനീതി ലഭിക്കാത്ത സമൂഹം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം

രാഷ്ട്രീയനീതി ലഭിക്കാത്ത അവശ വിഭാഗമാണ്‌ ലത്തീന്‍ കത്തോലിക്കരെന്ന്‌ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിണ്റ്റെ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം.സൂസപാക്യം. ഇവിടെ ഇന്നാരംഭിക്കുന്ന കെആര്‍എല്‍സിസിയുടെ ത്രിദിന സമ്മേളനം ഈ വിഷയം ചര്‍ച്ചചെയ്യുകയും ലത്തീന്‍ സമൂഹത്തിണ്റ്റെ അവകാശപ്രഖ്യാപന രേഖ അംഗീകരിക്കുകയും ചെയ്യുമെന്ന്‌ അദ്ദേഹം അറിയിച്ചു. കേരളത്തിലെ 11ലത്തീന്‍ രൂപതാധ്യക്ഷന്‍മാരും സമുദായ നേതാക്കളും യോഗത്തില്‍ സംബന്ധിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സമുദായം സ്വീകരിക്കേണ്ട മാര്‍ഗരേഖ യോഗം അംഗീകരിക്കും. സഭയ്ക്ക്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പമോ എതിര്‍പ്പോ ഇല്ല. പ്രശ്നാധിഷ്ഠിധവും മൂല്യാധിഷ്ഠിതവുമായ സമദൂര സമീപനമാണുള്ളത്‌. ഈ സമീപനത്തിന്‌ മൂല്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ചായ്‌വുകള്‍ വരുമെന്നും ആര്‍ച്ച്ബിഷപ്‌ വിശദീകരിച്ചു.ഇന്ന്‌ രാവിലെ 10.30ന്‌ വെള്ളയമ്പലം ആനിമേഷന്‍ സെണ്റ്ററില്‍ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ്്‌ ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. നാളെ രാവിലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ ചര്‍ച്ച നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന്‌ നടക്കുന്ന അവകാശപ്രഖ്യാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്‌ ഉദ്ഘാടനം ചെയ്യും.

Thursday, July 8, 2010

ന്യൂമാന്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്ന്‌ ഉപവസിക്കും

കൈപ്പത്തി വെട്ടിമാറ്റിയതിനെത്തുടര്‍ന്ന്‌ പ്രഫ. ടി. ജെ. ജോസഫിനും കുടുംബത്തിനുമുണ്ടായ വേദനയില്‍ പങ്കുചേര്‍ന്നു തൊടുപുഴ ന്യൂ മാന്‍ കോളജിലെ ആയിരത്തിയറുന്നൂറോളം വിദ്യാര്‍ഥികളും നൂറോളം അധ്യാപകരും അനധ്യാപകരും ഇന്ന്‌ ഉച്ചഭക്ഷണം ഉപേക്ഷിച്ച്‌ ഉപവസിക്കും. തുടര്‍ന്ന്‌ സാമുദായിക മൈത്രിക്കും സുരക്ഷിതത്വബോധത്തിനും നിയമവാഴ്ചയ്ക്കും വേണ്ടി സര്‍വമത പ്രാര്‍ഥന നടത്തും.അധ്യാപകണ്റ്റെ കൈവെട്ടിമാറ്റിയ കൊടും ക്രൂരതയ്ക്കെതിരേ മനുഷ്യമനഃസാക്ഷി തട്ടിയുണര്‍ത്തുന്നതിനാണു ഗാന്ധിയന്‍ ശൈലിയിലുള്ള സമരമാര്‍ഗം സ്വീകരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ പ്രഫ. ടി. എം. ജോസഫ്‌ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ക്ഷോഭപ്രകടനങ്ങളെക്കാളുപരി ഒത്തൊരുമയും മനസുറപ്പുമാണ്‌ ആവശ്യം. വിവിധ മതങ്ങള്‍ സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന അവസ്ഥയ്ക്കു ഭംഗം വരുത്തുന്ന നടപടികള്‍ ഒരു ഭാഗത്തുനിന്നുമുണ്ടാകരുതെന്നാണ്‌ അധ്യാപകരും വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബികോം ഇണ്റ്റേണല്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപേപ്പറിലാണു വിവാദ പരാമര്‍ശമുണ്ടായത്‌. ഇതേത്തുടര്‍ന്ന്‌ കോളജ്‌ അധികൃതര്‍ പരസ്യമായി ക്ഷമാപണം നടത്തുകയും അധ്യാപകനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരായ നിയമനടപടികള്‍ നടന്നുവരികയുമാണ്‌. ഈ സംഭവത്തില്‍ അധ്യാപകനും ക്ഷമാപണം നടത്തിയിരുന്നു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്‌: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്‌ 26 ന്‌

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ്‌ 26 ന്‌ നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ പി.കെ. കമാല്‍കുട്ടി അറിയിച്ചു. വാര്‍ഡ്‌ പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയായ 970ഗ്രാമപഞ്ചായത്തുകളിലെയും 47നഗരസഭകളിലെയും മൂന്ന്‌ കോര്‍പറേഷനുകളിലെയും സംവരണ വാര്‍ഡുകളാണ്‌ നറുക്കിട്ടെടുക്കുക. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ ഒഴിവാക്കിയാണ്‌ നറുക്കെടുക്കുക. വാര്‍ഡ്‌ പുനര്‍വിഭജനം നടന്ന പശ്ചാത്തലത്തില്‍ വിഭജനത്തിനു മുമ്പുള്ള സംവരണ മണ്ഡലത്തിലെ തിട്ടപ്പെടുത്തിയ ജനസംഖ്യയുടെ അമ്പത്‌ ശതമാനത്തിലധികം ജനസംഖ്യ ഉള്‍പ്പെടുന്ന പുതിയ വാര്‍ഡിനെ, നിലവിലെ സംവരണ വാര്‍ഡ്‌ ആയി കണക്കാക്കി നറുക്കെടുപ്പില്‍ നിന്ന്‌ ഒഴിവാക്കും. ഒരു തദ്ദേശസ്ഥാപനത്തിലെ പകുതിയിലേറെ വാര്‍ഡുകള്‍ വിവിധ വിഭാഗത്തിലുള്ള സംവരണ മണ്ഡലങ്ങളായി വരുമ്പോള്‍, നിലവിലുള്ള മുഴുവന്‍ സംവരണ വാര്‍ഡുകളെയും നറുക്കെടുപ്പില്‍ നിന്ന്‌ ഒഴിവാക്കാനാകില്ല. ഇത്തരം സാഹചര്യത്തില്‍ സംവരണ മണ്ഡലങ്ങളുടെ എണ്ണം തികയാന്‍ കൂടുതല്‍ ആവശ്യമായി വരുന്ന വാര്‍ഡുകളെ ഒഴിവാക്കിയവയില്‍ നിന്ന്‌ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. പട്ടികവര്‍ഗ സ്ത്രീ, പട്ടികവര്‍ഗം, പട്ടികജാതി സ്ത്രീ, പട്ടികജാതി, സ്ത്രീ എന്നീ ക്രമത്തിലാണ്‌ നറുക്കെടുക്കുക. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ 26 ന്‌ രാവിലെ പത്തുമുതല്‍ അതത്‌ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. തെക്കന്‍ മേഖലയിലെ മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പ്‌ കൊല്ലം മുനിസിപ്പല്‍ ടൌണ്‍ ഹാളിലും, മധ്യമേഖലയിലേത്‌ എറണാകുളം ഇഎംഎസ്‌ സ്മാരക ടൌണ്‍ ഹാളിലെ താഴത്തെ നിലയിലും ഉത്തരമേഖലയിലേത്‌ കോഴിക്കോട്‌ ജൂബിലി ടൌണ്‍ ഹാളിലും അതത്‌ മേഖലാ നഗരകാര്യ ജോയിണ്റ്റ്‌ ഡയറക്ടര്‍ നടത്തും. കൊല്ലം, കൊച്ചി, തൃശൂറ്‍ കോര്‍പറേഷനുകളിലെ നറുക്കെടുപ്പ്‌ എറണാകുളം ഇഎംഎസ്‌ സ്മാരക ടൌണ്‍ ഹാളിലെ ഒന്നാം നിലയില്‍ നഗരകാര്യവകുപ്പ്‌ ഡയറക്ടര്‍ നിര്‍വഹിക്കും.

Wednesday, July 7, 2010

സഭയുടെ സാമൂഹിക പ്രബോധനം പഠനശിബിരം 24ന്‌

സാര്‍വത്രിക സഭയുടെ സാമൂഹിക പ്രബോധനങ്ങളെക്കുറിച്ചു സഭയുടെ സാമൂഹിക പ്രബോധനം എന്ന പേരില്‍ പഠനശിബിരം സംഘടിപ്പിക്കുന്നു. 24ന്‌ പാലാരിവട്ടം പിഒസിയില്‍ രാവിലെ പത്തിന്‌ നടക്കുന്ന പഠനശിബിരം വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 11ന്‌ സഭയുടെ 'സാമൂഹികപ്രബോധനം-അടിസ്ഥാന സ്വഭാവങ്ങളും തത്ത്വങ്ങളും' എന്ന വിഷയത്തില്‍ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ക്ളാസ്‌ നയിക്കും. ഉച്ചയ്ക്ക്‌ 12ന്‌ നടക്കുന്ന രണ്ടാമ ത്തെ സെഷനില്‍ 'കേരള പശ്ചാത്തലത്തില്‍ സഭയുടെ സാമൂഹിക ദൌത്യം' എന്ന വിഷയത്തില്‍ എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്‌ പ്രസംഗിക്കും.ഉച്ചയ്ക്ക്‌ രണ്ടിനു നടക്കുന്ന സെഷനില്‍ 'തൊഴില്‍-സഭയുടെ സാമൂഹിക പ്രബോധനത്തിണ്റ്റെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ ഡോ.കെ.എം.ഫ്രാന്‍സിസ്‌, സഭയുടെ സാമൂഹിക സിദ്ധാന്തവും അല്‍മായരുടെ രാഷ്ട്രീയ -സാമ്പത്തിക സമര്‍പ്പണവും എന്ന വിഷയത്തില്‍ ഡോ.അനിയന്‍കുഞ്ഞ്‌ എന്നിവര്‍ ക്ളാസുകള്‍ നയിക്കും. കേരള സഭയുടെ സാമൂഹ്യപ്രവര്‍ത്തനം എന്ന വിഷയത്തോടെ പഠന ശിബിരം സമാപിക്കും. സംസ്ഥാന-രൂപതാതല അല്‍മായ നേതാക്കള്‍ക്കും സന്യസ്തര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ്‌ പഠനശിബിരത്തില്‍ പ്രവേശനമനുവദിക്കപ്പെട്ടിട്ടുള്ളത്‌. കൂടുതല്‍ വിവരങ്ങള്‍ പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറയില്‍നിന്ന്‌ 0484-2805722എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

പരസ്പരം സഹായിക്കുന്നവര്‍ ദൈവത്തെ സ്നേഹിക്കുന്നു:മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍

പരസ്പരം സഹായിക്കുന്നതിലൂടെ നാം നമ്മെതന്നെ സഹായിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുകയാണെന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സേവ്‌ എ ഫാമിലി പ്ളാന്‍ ഇന്ത്യയുടെയും എഫ്സിസി നിര്‍മല പ്രൊവിന്‍സിണ്റ്റെയും സഹകരണത്തോടെ പഴമ്പിള്ളിച്ചാല്‍ ഇടവകയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്‌. ഉള്ളവര്‍ ഇല്ലാത്തവരെ സഹായിക്കാന്‍ തയാറായാല്‍ മാത്രമേ സമത്വവും സാമൂഹ്യനീതിയും നടപ്പാകുകയുള്ളൂ. സ്വയം സഹായ സംഘങ്ങളിലൂടെ പരസ്പരം സഹായിക്കുക വഴി ദൈവികനീതിയും നടപ്പാകുമെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. ഭവനരഹിതര്‍ക്ക്‌ വീടുവച്ചുനല്‍കാന്‍ സാമ്പത്തിക സഹായം നല്‍കിയ സേവ്‌ എ ഫാമിലി പ്ളാന്‍ ഇന്ത്യയെയും എഫ്സിസി നിര്‍മല പ്രൊവിന്‍സിനെയും പദ്ധതി നടപ്പാക്കിയ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയെയും പഴമ്പിള്ളിച്ചാല്‍ ക്രെഡിറ്റ്‌ യൂണിയനെയും ബിഷപ്‌ അഭിനന്ദിച്ചു. കെഎസ്‌എസ്‌എസ്‌ ഡയറക്ടര്‍ ഫാ. പോള്‍ ചൂരത്തൊട്ടി മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍, സിസ്റ്റര്‍ ലിന്‍സി, സിസ്റ്റര്‍ ഗ്രേസ്‌ മേരി, മാത്തച്ചന്‍ ചേംബ്ളാങ്കല്‍, ജോണ്‍സണ്‍ കറുകപ്പിള്ളില്‍, സിസ്റ്റര്‍ ഫ്രാന്‍സിയ, കെ.ജെ സൈജന്‍, ലേഖ ബിജു എന്നിവര്‍ പ്രസംഗിച്ചു.

മതസൌഹാര്‍ദം പുലരാന്‍ യത്നിക്കണം: ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ

മതസൌഹാര്‍ദം പുലരാന്‍ എല്ലാ മതസ്ഥരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന്‌ യാക്കോബായ സുറിയാനിസഭ ശ്രേഷ്്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മണര്‍കാട്‌ മര്‍ത്തമറിയം പള്ളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ബേധിപ്പിച്ചു. ജാതി, മത വ്യത്യാസങ്ങള്‍ക്കുപരി എല്ലാ മനുഷ്യരും സഹോദരങ്ങളാണ്‌. വ്യത്യസ്ത രീതിയിലെങ്കിലും ഒരേ ദൈവത്തെ ആരാധിക്കുന്ന മനുഷ്യര്‍ ജാതിയുടെ പേരില്‍ ആയുധമെടുക്കുന്നതു വേദനാകരമാണ്‌. എപ്പിസ്കോപ്പല്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി സമീപകാലത്തു നടന്ന മെത്രാന്‍ സ്ഥാനാഭിഷേകം ക്രൈസ്തവ സമൂഹത്തിന്‌ അപമാനമാണെന്നു ബാവ പറഞ്ഞു. യാക്കോബായ സുറിയാനി സഭയില്‍ നിന്നു മുടക്കം കല്‍പിച്ച രണ്ട്‌ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്നാണു സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയില്‍ നിന്നു മുടക്കപ്പെട്ട മോസസ്‌ ഗൂര്‍ഗാനെ മെത്രാനായി വാഴിച്ചത്‌. മോസസ്‌ ഗൂര്‍ഗാനെ വാഴിച്ച മെത്രാപ്പോലീത്തമാര്‍ ഇപ്പോള്‍ നിലകൊള്ളുന്ന സഭാനേതൃത്വം സംഭവത്തെപ്പറ്റിയുള്ള നിലപാട്‌ വ്യക്തമാക്കണമെന്നും ബാവ ആവശ്യപ്പെട്ടു. പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖ പ്രഥമന്‍ ബാവ ഇവര്‍ക്കു മുടക്കം കല്‍പിച്ചതാണെന്നും സഭയുടെ പള്ളികളിലോ മറ്റുസ്ഥാപനങ്ങളിലോ ഇവര്‍ക്കു യാതൊരു അവകാശമില്ലെന്നും കാതോലിക്കബാവ വ്യക്തമാക്കി. കോട്ടയം സിഎംഎസ്‌ കോളജിലെ അക്രമവും മൂവാറ്റുപുഴയില്‍ അധ്യാപകനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പിച്ചതും നീതികരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശന നടപടി സ്വീകരിക്കണമെന്നാണു സഭയുടെ നിലപാടെന്നും ബാവാ വിശദീകരിച്ചു.

Tuesday, July 6, 2010

രൂപതാവക്താക്കളുടെ സമ്മേളനം പിഒസിയില്‍

കേരളസഭ നേരിടുന്ന വിവിധ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തിലെ 30രൂപതകളിലെ വക്താക്കളുടെയും ജാഗ്രതാസമിതി ഡയറക്ടര്‍മാരുടേയും സമ്മേളനം ജൂലൈമാസം 21-ാംതീയതി രാവിലെ 9മുതല്‍ 4pmവരെ പിഒസിയില്‍വച്ച്‌ നടത്തപ്പെടുന്നതാണ്‌. സമ്മേളനത്തിണ്റ്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ നിര്‍വഹിക്കുന്നതാണ്‌. കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമണ്റ്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ജോണി കൊച്ചുപറമ്പില്‍, ഫാ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ 30രൂപതകളിലേയും പ്രതിനിധികള്‍ രൂപതാതല കര്‍മ്മപരിപാടികളെയും ഭാവിപദ്ധതികളെയും കുറിച്ചുളള റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നതാണ്‌. ഫാ. റോബി മുണ്ടയ്ക്കല്‍ ക്ളാസ്സ്‌ നയിക്കും. കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷണ്റ്റെ പുതിയ വെബ്സൈറ്റിണ്റ്റെ ഉദ്ഘാടനകര്‍മവും ഈ അവസരത്തില്‍ നടത്തപ്പെടുന്നതാണ്‌.

കോട്ടയം അതിരൂപത ശതാബ്ദി; കേന്ദ്ര ഓഫീസ്‌ തുറന്നു

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ ചൈതന്യ പാസ്റ്ററല്‍ സെണ്റ്ററില്‍ കേന്ദ്ര ഓഫീസ്‌ തുറന്നു. അതിരൂപത ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഓഫീസിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച്‌ ശതാബ്ദി ആഘോഷ കമ്മിറ്റികളുടെയും ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെയും സമ്മേളനവും നടന്നു. ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആമുഖ സന്ദേശം നല്‍കി. മാര്‍ മാത്യു മൂലക്കാട്ട്‌ അധ്യക്ഷത വഹിച്ചു. ശതാബ്ദിയുടെ ചൈതന്യം എല്ലാ സമുദായാംഗങ്ങളിലും എത്തണമെന്നും, ഇതിനായി രൂപീകൃതമായ 13കമ്മിറ്റികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മാര്‍ മൂലക്കാട്ട്‌ നിര്‍ദേശിച്ചു. തുടര്‍ന്ന്‌ വിവിധ കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും അവതരിപ്പിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫൊറോനാ തലത്തില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച്‌ അതത്‌ ഫൊറോന വികാരിമാര്‍ വിശദീകരിച്ചു. ശതാബ്ദി ജോയിണ്റ്റ്‌ കണ്‍വീനര്‍മാരായ ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. തോമസ്‌ കുരിശുംമൂട്ടില്‍, എം.എല്‍. ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍, ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ആദിമസഭയുടെ മാതൃക പിന്‍തുടരണം: മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍

സമൂഹത്തിലെ അശരണരും ആലംബഹീനരുമായവരില്‍ സ്നേഹവും സാന്ത്വനവും പകര്‍ന്നു നല്‍കി ക്രൈസ്തവ സമുദായം ആദിമ സഭയുടെ മാതൃക പിന്‍തുടരണമെന്നു താമരശേരി രൂപതാ ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ഉത്ബോധിപ്പിച്ചു. പരിയാപുരം ഫാത്തിമ മാതാ ദേവാലയത്തില്‍ ഇടവകസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളും ദരിദ്രരുമായ ആളുകള്‍ നമ്മുക്കു ചുറ്റുമുണ്ട്‌. ആഹാരത്തിനും വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന അവരുടെ ദു:ഖങ്ങളും പ്രയാസവും കണ്ടറിഞ്ഞു ആശ്വാസം നല്‍കാന്‍ സമുദായം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മക്കളെ വിശ്വാസതീഷ്ണതയില്‍ വളര്‍ത്താനും അവര്‍ക്കു നല്ല മാതൃകകളും മൂല്യങ്ങളും പകര്‍ന്നു നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.പ്രതിസന്ധിഘട്ടങ്ങളില്‍ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബിഷപ്പ്‌ ആഹ്വാനം ചെയ്തു. ദേവാലയാങ്കണത്തിലെത്തിയ ബിഷപ്പിനെ വികാരി ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം, ഫാ. ജോര്‍ജ്‌ ചെമ്പരത്തി എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്നു ആഘോഷമായ ദിവ്യബലിക്കു ബിഷപ്പ്‌ കാര്‍മികത്വം വഹിച്ചു. ഇടവകയിലെ മതബോധന ക്ളാസുകളുടെ അവാര്‍ഡ്ദാന ചടങ്ങ്‌ ബിഷപ്പ്‌ ഉദ്ഘാടനം ചെയ്തു.

Monday, July 5, 2010

അധ്യാപകനു നേരേയുള്ള ആക്രമണത്തില്‍ കെസിബിസി അപലപിച്ചു

തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോസഫ്‌ എന്ന അധ്യാപകനെതിരേ കിരാതമായ തരത്തില്‍ ആക്രമണം നടത്തിയതു ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയില്ലെന്നു കെസിബിസി വക്താവ്‌ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ വ്യക്തമാക്കി.നമ്മുടെ നാട്ടിലെ മതസൌഹാര്‍ദത്തോടും സാഹോദര്യത്തോടും നിയമവ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണ്‌ ഈ ആക്രമണം. സംഭവം തികച്ചും അപലപനീയമാണെന്നും കെസിബിസി പറഞ്ഞു. ചോദ്യപേപ്പറില്‍ തെറ്റു സംഭവിച്ചെന്നു മനസിലാക്കിയ ഉടനെ തന്നെ ജോസഫിനെ മാനേജ്മെണ്റ്റ്‌ സസ്പെന്‍ഡ്‌ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നു തിരിച്ചറിഞ്ഞപ്പോള്‍ നിരുപാധികം മാപ്പു ചേദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം തകരരുതെന്നു കരുതിയാണ്‌ സഭ വളരെപ്പെട്ടെന്നു ശിക്ഷാ നടപടി കൈക്കൊണ്ടത്‌. നമ്മുടെ നിയമവ്യവസ്ഥ അനുസരിച്ചു അന്വേഷണത്തിന്‌ വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്‌ ഈ അധ്യാപകനെന്നും അദ്ദേഹത്തെ ആക്രമിച്ചതു നിയമവ്യവസ്ഥയെ അവഹേളിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Friday, July 2, 2010

ദുക്‌റാന തിരുനാള്‍ മംഗളങ്ങള്‍

ഏവര്‍ക്കും കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി റോമന്‍ പിതാവ്‌ ദുക്‌റാന തിരുനാള്‍ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം നേരുന്നു.

മിജാര്‍ക്ക്‌ രാജ്യാന്തരസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അന്താരാഷ്ട്ര കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിണ്റ്റെ രാജ്യാന്തരസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13മുതല്‍ ഓഗസ്റ്റ്‌ ഒന്നുവരെ എറണാകുളം പിഒസിയിലും 24ന്‌ ചാലക്കുടിയിലുമാണ്‌ സമ്മേളനം നടക്കുന്നത്‌. ഭക്ഷ്യസുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന ആഗോള ഭൂകൈയേറ്റങ്ങള്‍ക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക മേഖലയിലെ യുവജനങ്ങളുടെ പങ്കാളിത്തം, വിത്ത്‌ സംരക്ഷണം, ചെറുകിട കര്‍ഷകരുടെ പങ്ക്‌ രാജ്യപുരോഗതിയില്‍, കാലാവസ്ഥാ വ്യതിയാനം, ഭൂകൈയേറ്റങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും സിമ്പോസിയങ്ങളും സമ്മേളനത്തിണ്റ്റെ ഭാഗമായി നടത്തുന്നുണ്ട്‌. 24ന്‌ ചാലക്കുടിയില്‍ ബഹുജന റാലിയിലൂടെയും പൊതുസമ്മേളനത്തിലൂടെയും അന്താരാഷ്ട്ര ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യപ്പെടും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസിണ്റ്റെ ഉദ്ഘാടനം മിജാര്‍ക്ക്‌ വേള്‍ഡ്‌ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ഡിക്സണ്‍ നിര്‍വഹിച്ചു. 24ന്‌രാവിലെ അതിരപ്പള്ളിയില്‍ നടക്കുന്ന അന്തര്‍ദേശീയ സിമ്പോസിയത്തില്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കൊപ്പം വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. മിജാര്‍ക്ക്‌ വേള്‍ഡ്‌ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ഡിക്സണ്‍, ഏഷ്യന്‍ കോ-ഓഡിനേറ്റര്‍ അനില്‍ ജോസ്‌, കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌, കെസിബിസി യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, മിജാര്‍ക്ക്‌ കേരള കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമി ജോസഫ്‌, എവ്ലിന്‍ ഡി റോസ്‌, സോളിഡാരിറ്റി കമ്മീഷന്‍ മെമ്പര്‍ ജോസ്‌ പള്ളത്ത്‌, കെസിവൈഎം ഇരിങ്ങാലക്കുട രൂപതാ ഡയറക്ടര്‍ ഫാ. വില്‍സണ്‍, പ്രസിഡണ്റ്റ്‌ നിറ്റിന്‍ തോമസ്‌, മുന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ തോംസണ്‍ ചിരിയങ്കണ്ടത്ത്‌, സംസ്ഥാന ഭാരവാഹികളായ ജോണ്‍സണ്‍ ശൂരനാട്‌, അനിത ആന്‍ഡ്രൂ, എ. ബി. ജസ്റ്റിന്‍, ലിജോ പയ്യപ്പള്ളി, സന്തോഷ്‌, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സിസ്‌, ടിറ്റു തോമസ്‌, ഇരിങ്ങാലക്കുട രൂപതാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

സഭയുടെ നന്‍മ മാധ്യമപ്രവര്‍ത്തകരിലൂടെ സമൂഹത്തിലെത്തണം: മാര്‍ മാത്യു അറയ്ക്കല്‍

സഭയുടെ അംബാസഡര്‍മാരായ മാധ്യമപ്രവര്‍ത്തകരിലൂടെയാണ്‌ സഭയുടെ നന്‍മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എത്തിപ്പെടേണ്ടതെന്നു ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. മാധ്യമപ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട ചര്‍ച്ചാവേദികളും സംവാദങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ദിശാബോധം പകരുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭയുടെ മൂന്നാമത്‌ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന മാര്‍ഗരേഖയെക്കുറിച്ചു സംഘടിപ്പിച്ച മാധ്യമശില്‍പശാല കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും' എന്നതാണ്‌ മാര്‍ഗരേഖാവിഷയം. ഓഗസ്റ്റ്‌ 20മുതല്‍ 22വരെയാണ്‌ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സമ്മേളനം. ശില്‍പശാലയില്‍ സീറോ മലബാര്‍ സഭാ വക്താവ്‌ റവ.ഡോ.പോള്‍ തേലക്കാട്ട്‌ വിഷയാവതരണം നടത്തി. ജീവണ്റ്റെ പ്രശ്നം മനുഷ്യരുടെ മാത്രമല്ല, സര്‍വചരാചരങ്ങളുടെയും പ്രപഞ്ചനിലനില്‍പ്പിണ്റ്റെയുംകൂടി പ്രശ്നമാണെന്നും ഡോ.തേലക്കാട്ട്‌ പറഞ്ഞു. വിഷയത്തിണ്റ്റെ പ്രായോഗികതയെക്കുറിച്ച്‌ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസംഗിച്ചു. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ സിനഡില്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈദിക പ്രതിനിധികള്‍, അല്‍മായ സംഘടനാ പ്രതിനിധികള്‍, വിവിധ മാധ്യമ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി സെക്രട്ടറി ഫാ.ജസ്റ്റിന്‍ വെട്ടുകല്ലേല്‍, സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ. കൊച്ചുറാണി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

സിഎംഎസ്‌ ആക്രമണം: എസ്‌എഫ്‌ഐ നഷ്ടപരിഹാരം നല്‍കണമെന്ന്‌ കോളജ്‌

സിഎംഎസ്‌ കോളജില്‍ എസ്‌എഫ്‌ഐക്കാരും പാര്‍ട്ടി ഗുണ്ടകളും നടത്തിയ ആക്രമണത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ കോടതിയെ സമീപിക്കും. രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഓഫീസിനുണ്ടായതായി കണക്കാക്കിയാണ്‌ കോട്ടയം സെഷന്‍സ്‌ കോടതിയില്‍ മാനേജ്മെണ്റ്റ്‌ ഹര്‍ജി നല്‍കുന്നത്‌. കോളജിനുണ്ടായ നഷ്ടം അക്രമം നടത്തിയ എസ്‌എഫ്‌ഐക്കാരും സിപിഎം പിന്‍ബലത്തില്‍ കോളജില്‍ അതിക്രമിച്ചു കയറിയവരും നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കുക. ജൂണ്‍ 16ന്‌ രാവിലെ 11.15ന്‌ കോളജിനുള്ളില്‍ മൂപ്പതിലേറെപ്പേര്‍ അതിക്രമിച്ചുകയറി ഓഫീസ്‌ ബ്ളോക്ക്‌ അടിച്ചുതകര്‍ത്തതായി കോട്ടയം വെസ്റ്റ്‌ സ്റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഈ കേസിണ്റ്റെ അടിസ്ഥാനത്തിലാണ്‌ നഷ്ടപരിഹാരമാവശ്യപ്പെടുന്നത്‌. കേടുപാട്‌ സംഭവിച്ച കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും മാത്രമല്ല പൊട്ടിവീണ കണ്ണാടിച്ചില്ലുകള്‍വരെ നീക്കം ചെയ്തിട്ടില്ല. കോടതി നിയോഗിക്കുന്ന കമ്മീഷന്‍ യഥാര്‍ഥ നാശനഷ്ടം വിലയിരുത്താനാണിതെന്ന്‌ കോളജ്‌ അധികൃതര്‍ പറയുന്നു

നവസുവിശേഷവത്കരണം: ആര്‍ച്ച്ബിഷപ്‌ ഫിസിഷെല്ല അധ്യക്ഷന്‍

നവസുവിശേഷവത്കരണ ദൌത്യവുമായി രൂപീകരിച്ച പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അധ്യക്ഷനായി ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ്‌ റിനോ ഫിസിഷെല്ലയെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിണ്റ്റെ അധ്യക്ഷനാണ്‌ ഇദ്ദേഹം. പകരം ഈ അക്കാദമിയുടെ അധ്യക്ഷനായി സ്പെയിന്‍കാരനായ മോണ്‍.ഇഗ്നാസിയോ കാരാസോ ദെ പൌളയെ നിയമിച്ചു. മെത്രാന്‍മാരെ സംബന്ധിച്ച കാര്യാലയമായ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബിഷപ്സിണ്റ്റെ പ്രീഫെക്ടായി കാനഡയിലെ ക്യുബെക്‌ കര്‍ദ്ദിനാള്‍ മാര്‍ക്ക്‌ ഒയ്യേ നിയമിതനായി. ഇറ്റാലിയന്‍ കര്‍ദ്ദിനാളായ ജോവാന്നി ബാറ്റിസ്റ്റ റെ വിരമിച്ച ഒഴിവിലാണ്‌ 76കാരനായ കര്‍ദിനാള്‍ മാര്‍ക്ക്‌ ഒയ്യേയുടെ നിയമനം. ക്രൈസ്ത വ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അധ്യക്ഷനായി സ്വിറ്റ്സര്‍ലന്‍ഡുകാരനായ ബിഷപ്‌ കുര്‍ട്ട്‌ കോഹിണ്റ്റെ നിയമനവും മാര്‍പാപ്പ അംഗീകരിച്ചു. വിശുദ്ധ പത്രോസ്‌, പൌലോസ്‌ ശ്ളീഹന്‍മാരുടെ തിരുനാളിനോടനുബന്ധിച്ചു റോമിലെ സെണ്റ്റ്‌ പോള്‍സ്‌ ബസിലിക്കയില്‍ സന്ധ്യാപ്രാര്‍ഥനമധ്യേ നടത്തിയ പ്രസംഗത്തിലാണ്‌ നവസുവിശേഷവത്കരണം ലക്ഷ്യമിട്ടു പുതിയ പൊന്തിഫിക്കല്‍ കൌണ്‍സില്‍ രൂപീകരിക്കുന്ന കാര്യം മാര്‍പാപ്പ പ്രഖ്യാപിച്ചത്‌. നൂറ്റാണ്ടുകളായി ക്രൈസ്തവപാരമ്പര്യം പേറിയിരുന്ന ചില രാജ്യങ്ങളില്‍ മതേതരത്വ ആശയങ്ങളുടെ സ്വാധീനത്തില്‍ ഇന്നു വിശ്വാസജീവിതത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണെന്നും ഈ ജനങ്ങളെ വിശ്വാസജീവിതത്തിലേക്കു തിരികെകൊണ്ടുവരാന്‍ സഭ ബാധ്യസ്ഥമാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. മതേതരത്വആശയങ്ങളുടെ പേരില്‍ സഭാപാരമ്പര്യങ്ങളും ഈശ്വരവിശ്വാസവും നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെയിടയില്‍ ദൈവവചനത്തിണ്റ്റെ സത്യം വീണ്ടും പ്രചരിപ്പിക്കുകയാണ്‌ പുതിയ സുവിശേഷവത്കരണത്തിലൂടെ സഭ ഉദ്ദേശിക്കുന്നത്‌. 1985ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ആരോഗ്യപരിചരണ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാണ്‌ ഏറ്റവുമൊടുവില്‍ രൂപീകരിക്കപ്പെട്ട പൊന്തിഫിക്കല്‍ കൌണ്‍സില്‍.

Thursday, July 1, 2010

ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നത്‌ മാതൃകയല്ല: മാര്‍ ജോസഫ്‌ പവ്വത്തില്‍

ജുഡീഷ്യറിയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നേതാക്കള്‍ സമൂഹത്തിനു മാതൃകയല്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. എടത്വ സെണ്റ്റ്‌ അലോഷ്യസ്‌ എച്ച്‌എസ്‌എസില്‍ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഹിതമിതാണെന്ന്‌ ആരെങ്കിലുമൊരാള്‍ മുഷ്ടിചുരുട്ടി പറഞ്ഞാല്‍ അതു ജനഹിതമാകില്ല. അത്‌ അവരുടെ പ്രത്യയശാസ്ത്രത്തിണ്റ്റെ ഹിതമാണ.്‌ ഭരണഘടന രാജ്യത്തെ ഒന്നിപ്പിക്കുന്ന ഉടമ്പടിയാണ്‌. ഇന്നു കേരളത്തില്‍ ചിലര്‍ അവരുടെ ഇഷ്ടപ്രകാരം ഭരണഘടന വ്യാഖ്യാനിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഇത്തരം സമീപനം പുതുതലമുറയ്ക്കു മാതൃകയല്ല. വിദ്യാര്‍ഥികള്‍ രാഷ്്ട്രീയം പഠിക്കണം. അല്ലാതെ രാഷ്്ട്രീയപാര്‍ട്ടികളുടെ പോക്കറ്റില്‍ ചെന്നുചാടരുതെന്നും ആര്‍ച്ച്ബിഷപ്‌ ഓര്‍മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ പുത്തന്‍പുര, പ്രിന്‍സിപ്പല്‍ ജോസഫ്‌ കെ. നെല്ലുവേലി, ഹെഡ്മാസ്റ്റര്‍ പി.കെ. ആണ്റ്റണി, ജിജി തോമസ്‌, റോസമ്മ ജോണ്‍, പ്രഫ. വര്‍ഗീസ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.