Wednesday, September 30, 2009

സഭാപാരമ്പര്യം മറന്ന്‌ ബൈബിള്‍ വ്യാഖ്യാനിക്കരുത്‌: ഡോ. അച്ചാരുപറമ്പില്‍

തിരുസഭയുടെ പഠനങ്ങളും പാരമ്പര്യവും അവഗണിച്ച്‌ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കരുതെന്നു കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഉദ്ബോധിപ്പിച്ചു. ജനസമ്മിതി ആര്‍ജിക്കാനുമായി ചിലര്‍ ബൈബിള്‍ വചനങ്ങള്‍ തെറ്റായി പ്രഘോഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയില്‍ ആരംഭിച്ച ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ വക്താവായി തിരുവചനം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം വൈദികര്‍ക്കാണ്‌. വചനപ്രഘോഷകരും വ്യാഖ്യാതാക്കളും ക്രിസ്തുവിനോടും സഭയോടും വിശ്വസ്തത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാതൃകാജീവിതമാണ്‌ വചനപ്ര ഘോഷണത്തിന്റെ ഏറ്റവും നല്ല വേദിയെന്ന്‌ അദ്ദേഹം പറഞ്ഞു. റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ. ഡോ.സൈറസ്‌ വേലംപറമ്പില്‍, രവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, സാബു ജോസ്‌, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, സിസ്റ്റര്‍ ടീനസി.ടി.സി എന്നിവര്‍ പ്രസംഗിച്ചു. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ വ്യാഖ്യാനവും പ്രഘോഷണവും- മാര്‍ ജോസഫ്‌ പുന്നക്കോട്ടിലും സഭയില്‍ സന്നിഹിതമായ ദൈവവചനത്തിന്റെ പ്രസംഗങ്ങളിലൂടെയുള്ള പ്രഘോഷണം- റവ.ഡോ.ജോഷി മയ്യാറ്റില്‍, ദൈവവചന വ്യാഖ്യാന രീതികളുടെ മൂന്ന്‌ മാനങ്ങള്‍- റവ.ഡോ. ജേക്കബ്‌ മുള്ളൂര്‍, വിശുദ്ധ ഗ്രന്ഥത്തിന്റെ ഐക്യം- റവ.ഡോ.ആന്റണി തറേക്കടവില്‍, ദൈവവചനത്തിന്റെ വ്യാഖ്യാനത്തിലും പ്രഘോഷണത്തിലും സഭയിലെ അംഗങ്ങളുടെ പങ്ക്‌- റവ.ഡോ.ജോസ്‌ വടക്കേട്‌, ദിവ്യവായന- റവ. ഡോ.സൈറസ്‌ വേലം പറമ്പില്‍, തീവ്രവാദം ഒരു വികലമായ സമീപനം- റവ.ഡോ.ഫിലിപ്പ്‌ ചെമ്പകശേരി എന്നിവര്‍ വിഷയാവതരണം നടത്തി.

മനുഷ്യനെ വീണെ്ടടുക്കലാണ്‌ മദ്യവിരുദ്ധ പ്രവര്‍ത്തനം: ഡോ.തെക്കത്തെച്ചേരില്‍

സര്‍ക്കാരുകള്‍ മദ്യം കൊടുത്ത്‌ മനുഷ്യനെ മൃഗമാക്കുമ്പോള്‍ ആ മനുഷ്യനെ വീണെ്ടടുക്കലാണ്‌ മദ്യവിരുദ്ധപ്രവര്‍ത്തനമെന്ന്‌ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല നേതൃക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കാരണങ്ങളിലൊന്ന്‌ മദ്യമാണ്‌. മദ്യലഭ്യത കുറച്ചു മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന്‌ ബിഷപ്‌ തുടര്‍ന്നു പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ അധ്യക്ഷനായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പ്രസാദ്‌ കുരുവിള, ആന്റണി ജേക്കബ്‌, ജെയിംസ്‌ കോറ മ്പേ ല്‍, ജോബ്‌ തോട്ടുകടവില്‍, സിസ്റ്റര്‍ ജോവിറ്റ, സാറാമ്മ ജോസഫ്‌, കെ.എല്‍ പൗലോസ്‌, ഡോ.സെബാസ്റ്റ്യന്‍ ഐക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂ പതകളെ പ്രതിനിധീകരിച്ച്‌ അഡ്വ. ചാര്‍ളി പോള്‍, കെ.വി ക്ലീറ്റസ്‌, പി.എല്‍ ആന്റണി, സണ്ണി പായിപ്പാട്ട്‌ എന്നിവര്‍ മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ചു.

സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തൊഴിലാളി തിരിച്ചറിയണം: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

പ്രത്യയശാസ്ത്ര അടിമത്വത്തില്‍ നിന്നു തൊഴിലാളി മോചിതരായെങ്കില്‍ മാത്രമേ സാമൂഹികയാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുവാനും അതുവഴി ജീവിതവിജയം നേടുവാനും സാധിക്കുകയുള്ളൂവെന്ന്‌ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി. കേരള ലേബര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അസംഘടിത തൊഴിലാളി ശാക്തീകരണത്തിന്റെ ഭാഗമായി എറണാകുളം ആശിര്‍ഭവനില്‍ നടന്ന റിസോഴ്സ്‌ ടീം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ ജൂഡ്‌ അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജെയ്സണ്‍ വടശേരി, ജോയി ഗോതുരുത്ത്‌, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍,ശൂരനാട്‌ ഗ്രിഗറി, സിജോ ലൂക്കോസ്‌, എ.ജെ സാബു, ജൂഡ്‌ സെക്വര എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 29, 2009

യുവജനങ്ങള്‍ രാഷ്ട്ര സേവനത്തിന്‌ തയാറാകണം: മാര്‍ എടയന്ത്രത്ത്‌

യുവജനങ്ങള്‍ രാഷ്ട്ര സേവനത്തിന്‌ തയാറാകണമെന്ന്‌ എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്തൃ ആഹ്വാനം ചെയ്തു. അതിരൂപതയിലെ കെസിവൈഎം നേതാക്കള്‍ക്ക്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന രാഷ്ട്രദര്‍ശന്‍ ക്ലാസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കത്തോലിക്കരായ യുവജനങ്ങളും വിശ്വാസ തീഷ്ണതയോടെ സേവന രംഗത്തിറങ്ങേണ്ടതാണെന്നും മാര്‍ എടയന്ത്രത്ത്‌ ഉദ്ബോധിപ്പിച്ചു. സത്യദീപം ചീഫ്‌ എഡിറ്റര്‍ ഫാ.കുര്യാക്കോസ്‌ മുണ്ടാടന്‍ രാഷ്ട്രദര്‍ശന്‍ ക്ലാസ്‌ ഉദ്ഘാടനം ചെയ്തു. അതിരൂപത കെസിവൈഎം പ്രസിഡന്റ്‌ സിജോ ഡേവിസ്‌ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ.തോമസ്‌ മങ്ങാട്ട്‌ ആമുഖ പ്രഭാഷണം നടത്തി. ജിനോ കൂട്ടാല, ജെയ്മോന്‍ തോട്ടുപുറം, സിബി ജോയ്‌, ജേക്കബ്‌ ഇടശേരി, അഗസ്റ്റിന്‍ കല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സണ്ണി കടുത്താഴെ, ജോണ്‍ ബ്രിട്ടോ, ശ്രീജ വെള്ളനാട്‌, ജോവി ജോസഫ്‌ എന്നിവര്‍ ക്ലാസ്‌ നയിച്ചു.

ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ നിയമഭേദഗതി: കപില്‍ സിബല്‍

കേന്ദ്രം നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌ പ്രത്യേക ഭേദഗതി കൊണ്ടുവരുമെന്ന്‌ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയി ല്‍പ്പെട്ടിട്ടുണെ്ടന്നും അതു പരി ശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. സി.ആര്‍.ഐ യു ടെ ആഭിമുഖ്യ ത്തില്‍ നടത്തിയ ക്രൈസ്തവസഭാ നേതാക്കളുടെ കോണ്‍ഫറന്‍സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഭയുടെ സ്കൂളുകളുടെ നടത്തിപ്പിലും അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത്‌ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ഇക്കാര്യം തങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ കേരള സര്‍ക്കാരിനെ ഉദ്ദേശിച്ച്‌ കേന്ദ്രമന്ത്രി അറിയിച്ചത്‌. സിബിഎസ്‌ഇ സ്കൂളുകളുടെ അംഗീകാരം മതിയായ കാരണങ്ങളില്ലാതെ റദ്ദാക്കാനാവില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ്‌ എടുക്കേണ്ടതെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി കപില്‍ സിബല്‍ വ്യക്തമാക്കി. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്‌ പരിഗണനയിലാണ്‌. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാവും. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളാണ്‌ തീരുമാനമെടുക്കേണ്ടത്‌. എന്നാല്‍, ദേശീയ കരിക്കുലം കമ്മിറ്റി വഴി സിലബസുകള്‍ ഏകീകരിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീക രിക്കും.ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പുകളോടെ വിദ്യാഭ്യാസം മൗലികമാക്കാനുള്ള നിയമം കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തിലാണ്‌ പാസാക്കിയത്‌. ന്യൂനപക്ഷ വിദ്യാ്യ‍ാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ (21-ാ‍ം വകുപ്പ്‌) ഒഴിവാക്കണമെന്ന്‌ സിബിസിഐ നേരത്തെ മന്ത്രിയെ സന്ദര്‍ശിച്ച്‌ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സ്കൂളുകളിലെ ഫീസ്‌ ഘടന നിശ്ചയിക്കുന്നതു സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതി ല്‍ സര്‍ക്കാര്‍ പ്രതികരിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്ത മാക്കി.360 കത്തോലിക്കാ സഭാഗണങ്ങളില്‍ നിന്ന്‌ 550 മേലധികാരികളാണ്‌ അഞ്ച്‌ ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്‌. ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍ സെന്റ്‌ കോണ്‍സസാവോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ഐ പ്രസിഡന്റ്‌ റവ. ഡോ. ആന്റണി കരിയില്‍, സിസ്റ്റര്‍ ഇന്നമ്മ, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday, September 26, 2009

സ്ത്രീകള്‍ സഭയുടേയും സമൂഹത്തിന്റെയും ശബ്ദമായി മാറണം: കെസിബിസി വനിതാകമ്മീഷന്‍

കെ.സി.ബി.സി വനിതാകമ്മീഷന്‍ നടത്തിയ ലിംഗപദവി സമത്വസംസ്ക്കാരം എന്ന വിഷയത്തെ ആസ്പദമാക്കിയുളള ത്രിദിനശില്‍പശാല സമാപിച്ചു. സ്ത്രീകള്‍ സഭയുടെയും സമൂഹത്തിന്റെയും ശബ്ദമായി മാറണമെന്നും ഒരു പുതിയ മാറ്റത്തെ നേരിടുവാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും സമാപന സമ്മേളനത്തില്‍ കെ.സി.ബി.സി വിമന്‍സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപി മാര്‍ മാത്യൂ ആനികുഴിക്കാട്ടില്‍ സ്ത്രീകളോട്‌ ആഹ്വാനം ചെയ്തു. ‘ജെന്‍ഡര്‍പോളിസി സഭയുടെ എല്ലാതലങ്ങളിലും എത്തിച്ചുകൊടുക്കുന്നതിന്‌ സഭ പ്രതിജ്ഞാബദ്ധരാകണം’ സമാപന സമ്മേളനത്തില്‍ ബിഷപ്‌ പറഞ്ഞു. സഭ അംഗീകരിച്ച ജെന്‍ഡര്‍പോളിസി സഭാതലങ്ങളില്‍ നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗരേഖയെപറ്റിയും അതിലുണ്ടാവുന്ന തടസ്സങ്ങളെ പറ്റിയും ഡോ. നീനാജോസഫ്‌, ശ്രീമതി ബീനാ സെബാസ്റ്റ്യന്‍ (എക്സിക്യുട്ടീവ്‌ സെക്രട്ടറി വിമന്‍സ്‌ കമ്മീഷന്‍), സിസ്റ്റര്‍ ലില്ലി ഫ്രാന്‍സീസ്‌ (എക്സിക്യുട്ടീവ്‌ സെക്രട്ടറി, സിബിസിഐ വിമന്‍സ്‌ കമ്മീഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു. അന്നു യഹൂദസംസ്ക്കാരത്തില്‍ നിലനിന്നിരുന്ന സ്ത്രീകള്‍ക്കെതിരെയുളള വിവേചനം, അടിച്ചമര്‍ത്തല്‍, ദുരാചാരം, എന്നിവയ്ക്കെതിരെ ക്രിസ്തു വിപ്ലവകരമായി പ്രതികരിച്ചിരുന്നു. ‘സഭയുടെ സാമൂഹിക പഠനങ്ങള്‍’ (ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ) എന്നും സ്ത്രീകളുടെ അന്തസ്സ്‌ ഉയത്തിപിടിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവ സഭയില്‍ എക്കാലത്തും സ്ത്രീപക്ഷ ചിന്താഗതികള്‍ നിലനിന്നിരുന്നു. ആ പേര്‌ പരാമര്‍ശിക്കപ്പെട്ടില്ലെങ്കില്‍പോലും ക്രൈസ്തവ ഫെമിനിസം എന്നുളളത്‌ സഭയിലെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നു സമ്മേളനത്തില്‍ പ്രതിപാദിക്കുകയുണ്ടായി. ശ്രീമതി ലീലാമ്മ ജേക്കബ്‌, പ്രൊഫ. സി.സി ആലീസ്ക്കുട്ടി, ശ്രീമതി റോസക്കുട്ടി എബ്രാഹം, ശ്രീമതി ലീലാമ്മ തോമസ്‌ എന്നിവര്‍ സംസാരിച്ചു. കെസിബിസി വിമന്‍സ്‌ കമ്മീഷന്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുളള പ്രതിനിധികളെ തെരഞ്ഞെടുത്തു. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു വന്ന പ്രമേയം പാസ്സാക്കുകയുണ്ടായി. കെ.സി.ബി.സി വനിതാകമ്മീഷന്‍ കേരളസര്‍ക്കാരിന്‌ നല്‍കിയ പ്രമേയങ്ങള്‍
1. കേരളനിയമപരിഷ്ക്കരണ ശുപാര്‍ശകമ്മീഷന്റെ ശുപാര്‍ശകളായ ദയാവധം നിയമ വിധേയമാക്കുക, ആത്മഹത്യയെ കുറ്റവിമുക്തമാക്കുക, രണ്ടുകുട്ടികളെ ആകാവൂ, സഭാസ്വത്തുക്കള്‍ പ്രത്യേകം ട്രസ്റ്റികളുടെകീഴിലാക്കുക തുടങ്ങിയവയെ കെ.സി.ബി.സി വനിതാകമ്മീഷന്‍ ശക്തമായി എതിര്‍ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും പെയ്യുന്നു.
2. ഡല്‍ഹി ഹൈക്കോടതി കൊണ്ടുവരുന്ന സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനെ കെ.സി.ബി.സി വനിതാകമ്മീഷന്‍ അപലപിക്കുകയും അത്‌ നടപ്പാക്കാതിരിക്കുവാനുളള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന്‌ ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു.
3. കേരളസംസ്ഥാന വനിതാകമ്മീഷനില്‍ ക്രിസ്തീയ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ ഈ സമ്മേളനം കേരളസര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.
4. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും നേരിടാന്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്നും നിലവിലുളള പോരായ്മകള്‍ പരിഹരിച്ച്‌ കര്‍ശന ശിക്ഷാനടപടികള്‍ നടപ്പാക്കണമെന്നും ഈ യോഗം ബന്ധപ്പെട്ട അധികാരികളോട്‌ ആവശ്യപ്പെടുന്നു.
5 ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രത്യേകം
Protection officerമാരെ നിയമിക്കുകയും Domestioc Violence Act നടപ്പാക്കുന്നതിന്‌ പ്രത്യേക അതിവേഗത കോടതിയെ രൂപീകരിക്കുകയും ചെയ്യണമെന്നും കൂടാതെ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും അതിലേക്ക്‌ പ്രത്യേകബഡ്ജറ്റും നീക്കി വയ്ക്കണമെന്നും ഈ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.
6. സിസ്റ്റര്‍ അഭയാ കേസില്‍ കുറ്റാരോപിതയാക്കി പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സിസ്‌റര്‍ സെഫിയുടെ കന്യകാത്വ പരിശോധനയെപറ്റിയുളള പരാമര്‍ശം മനുഷ്യാവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന്‌ കെസിബിസി വനിതാകമ്മീഷന്‍ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
7. തൃത്താല പഞ്ചായത്ത്‌ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ സീറ്റ്‌ സംവരണം ഏര്‍പ്പെടുത്താന്‍ പോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഈ സംവരണം താഴെ തട്ടില്‍ മാത്രം ഒതുക്കാതെ പാര്‍ലമെന്റ്‌ അസംബ്ലി സീറ്റുകളില്‍ 50% സ്ത്രീകള്‍ക്കും നല്‍കണമെന്ന്‌ കെസിബിസി വനിതാകമ്മീഷന്‍ സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോടും കേരളസര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.

Wednesday, September 23, 2009

മൂല്യാധിഷ്ഠിത സമൂഹനിര്‍മിതിയില്‍ സ്ത്രീകള്‍ക്ക്‌ നിര്‍ണായക പങ്ക്‌: മാര്‍ ചക്യത്ത്‌

സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതക്രമം പുലര്‍ത്തിക്കൊണ്ട്‌ സമൂഹത്തില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ സ്ത്രീകള്‍ക്ക്‌ നിര്‍ണായകമായ പങ്കു വഹിക്കാനാവുമെന്ന്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍. തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതയുടെ മൈക്രോ ഫിനാന്‍സ്‌ സംരംഭമായ വെസ്കോ ക്രെഡിറ്റ്‌ കേരള പിന്നോക്ക വികസ കോര്‍പറേഷന്റെ സഹകരണത്തോടെ പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച വായ്പാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ചക്യത്ത്‌. ആരോഗ്യം, സമ്പത്ത്‌, കഴിവുകള്‍ തുടങ്ങി പ്രപഞ്ചത്തിലെ എല്ലാ വിഭവങ്ങളും എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കപ്പെടുമ്പോഴാണ്‌ സമത്വസുന്ദരമായ സമൂഹം രൂപപ്പെടുന്നത്‌. പുരുഷന്മാരേക്കാള്‍ സത്യസന്ധത സ്ത്രീകള്‍ പുലര്‍ത്തുന്നതിനാല്‍ പൊതുരംഗത്തെ അഴിമതി കുറയ്ക്കുന്നതിന്‌ സ്ത്രീകളുടെ പങ്കാളിത്തം സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇരുപതിനായിരത്തോളം പേര്‍ക്ക്‌ സബ്സിഡി നല്‍കി അതിരൂപത മെഡിക്ലെയിം ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേര്‍ത്തതായും മാര്‍ തോമസ്‌ ചക്യേത്ത്‌ അറിയിച്ചു. വെല്‍ഫയര്‍ സര്‍വീസ്‌ സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അധ്യക്ഷനായിരുന്നു. കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ കെ.ഐ ചാക്കോ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. 104 സംഘങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഒരു കോടി ഇരുപതു ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തു. കെ.എസ്‌.ബി.സി.ഡി.സി എറണാകുളം ജില്ലാ മാനേജര്‍ പ്രിതി ജോസഫ്‌, വെസ്കോ ക്രഡിറ്റ്‌ ജനറല്‍ മാനേജര്‍ ജോസ്‌ സെബാസ്റ്റ്യന്‍, ഷൈജി സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 22, 2009

ധാര്‍മിക നൈര്‍മല്യമുള്ള യുവജനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ പെരുന്തോട്ടം

ധാര്‍മിക നൈര്‍മല്യവും ആത്മീയശുദ്ധിയുമുള്ള യുവജനങ്ങളെയാണ്‌ സഭയും സമൂഹവും ആഗ്രഹിക്കുന്നതെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ഇത്തരം യുവജനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ധാര്‍മിക, വിശ്വാസ ജീവിതത്തില്‍ കറതീര്‍ന്നവരായി മാറിയാല്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ലൂര്‍ദ്‌ ഫൊറോനാ കേന്ദ്രത്തില്‍ ചങ്ങനാശേരി അതിരൂപത യുവദീപ്തി- കെസിവൈഎം തെക്കന്‍ മേഖലാ യുവജന കണ്‍വന്‍ഷന്‍ തെശ്ബാഹത്ത -2009 ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. ക്രൈസ്തവ യുവജനങ്ങള്‍ക്ക്‌ സഭയാണ്‌ ശക്തിയുടെ സ്രോതസ്‌. ഇത്‌ ഭൗതികശക്തിയല്ല. ഇത്‌ ആധ്യാത്മികവും ധാര്‍മികവുമായ ദൈവികശക്തിയുടെ സ്രോതസാണ്‌. ഭൗതിക ശക്തിയെ ആശ്രയിച്ചിരുന്നെങ്കില്‍ സഭ പണേ്ട നാമാവശേഷമായേനെ. സഭയെക്കാള്‍ ഭൗതികശക്തിയുള്ള സാമ്രാജ്യങ്ങള്‍ എതിര്‍ത്തിട്ടും സഭ നിലനിലനില്‍ക്കുന്നത്‌ ദൈവികശക്തി സഭയ്ക്കൊപ്പമുള്ളതുകൊണ്ടാണ്‌. സഭയെ എതിര്‍ത്തവരാരാരും ഇന്ന്‌ നിലനില്‍ക്കുന്നില്ല. കാലഘട്ടങ്ങളെ അതിജീവിച്ച്‌ നിലനില്‍ക്കാന്‍ സാധിക്കുന്നതും ദൈവം കൂടെയുള്ളതുകൊണ്ടാണ്‌. ദൈവം സ്ഥാപിച്ചതും നയിക്കുന്നതും വസിക്കുന്നതുമായ ശക്തിയാണ്‌ തിരുസഭയ്ക്കുള്ളത്‌.കാനാന്‍ദേശത്തേക്ക്‌ യാത്ര ചെയ്ത ഇസ്രയേലിന്‌ ദൈവ സാന്നിധ്യത്തിന്റെ അടയാളമായിരുന്നു നോഹയുടെ പേടകം. ഇന്നത്തെ കാലത്ത്‌ നോഹയുടെ പേടകം പോലെയാണ്‌ സഭ. ഈ പേടകത്തിനുള്ളില്‍ വസിക്കുന്നവര്‍ക്ക്‌ കാറ്റോ കോളോ പേമാരിയോ പേടിക്കേണ്ട. സഭയാകുന്ന പേടകത്തില്‍ പ്രവേശനം കിട്ടിയവരാണ്‌ നമ്മള്‍. ആ സുരക്ഷിതത്വബോധം എപ്പോഴുമുണ്ടാകണമെന്ന്‌ മാര്‍ പെരുന്തോട്ടം നിര്‍ദേശിച്ചു. ഈശോ നയിക്കുന്ന കപ്പലാണിത്‌. ഇത്‌ ഒരിക്കലും മുങ്ങുകയില്ല എന്ന ആത്മവിശ്വാസം ഉണ്ടാകണം. ഈ പേടകത്തിനു പുറത്തിറങ്ങി ഒറ്റയ്ക്ക്‌ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന്‌ കരുതുന്നവരുണ്ട്‌. അങ്ങനെയുള്ള യാത്രയല്ല നാം നടത്തേണ്ടത്‌. സഭയുടെ കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നുള്ള യാത്രയാവണം. ഇതുവഴി സഭയുടെ ദൈവശക്തിയെ സ്വന്തമാക്കാന്‍ സാധിക്കും. സ്വര്‍ഗത്തില്‍ മുടിചൂടി നില്‍ക്കുന്ന വിജയസഭയാണ്‌ നമ്മുടെ ലക്ഷ്യം. ഈ യാത്രയില്‍ ആരും ഒറ്റപ്പെടരുത്‌.ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ്‌ ഇന്ത്യ. ഇവിടെ ക്രൈസ്തവ യുവജനം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷ സമൂഹത്തെ നയിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ഇസ്രയേല്‍ ചെറു സമൂഹമായിരുന്നു. നിരവധി പ്രതിസന്ധികളിലൂടെയാണ്‌ അവര്‍ കാനാന്‍ ദേശത്ത്‌ എത്തിയത്‌. ചെറിയ സമൂഹമായ നമുക്ക്‌ എത്താവുന്ന വലിയ ലക്ഷ്യമുണ്ട്‌. ഈ ലക്ഷ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ ഒരുകാര്യം മറക്കരുത്‌. കര്‍ത്താവ്‌ എപ്പോഴും കൂടെയുണ്ടാകണം. കര്‍ത്താവ്‌ കൂടെയില്ലാതെ യാത്ര ചെയ്താല്‍ ഏത്ര ശക്തനായാലും വീണുപോകുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ചടങ്ങില്‍ അതിരൂപതാ പ്രസിഡന്റ്‌ കെ.സി ജോജോ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖലാ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും ലൂര്‍ദ്‌ ഫൊറോനാ വികാരിയുമായ റവ.ഡോ.ജോണ്‍ വി.തടത്തില്‍, അതിരൂപതാ ഡയറക്ടര്‍ ഫാ.ബാബു പുത്തന്‍പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ലാലിച്ചന്‍ മറ്റത്തില്‍, അതിരൂപതാ ഭാരവാഹികളായ ജോപ്സി പി.സേവ്യര്‍, സുദീപ്‌ കെ.ജോസ്‌, സിസ്റ്റര്‍ മേഴ്സിന്‍ എസ്ഡി, സ്റ്റെഫി ജോസ്‌, ബ്ലെസി വര്‍ഗീസ്‌, ടിന്റു ആന്‍ തോമസ്‌, ബ്രദര്‍ റോജന്‍ പുരയ്ക്കല്‍, ഫൊറോനാ ഡയറക്ടര്‍മാരായ ഫാ.തോമസ്‌ കമ്പിയില്‍, ഫാ.ഫിലിപ്പ്‌ പന്തമാക്കല്‍, ഫാ.ജോസഫ്‌ കൊച്ചുചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലാസുകള്‍ ഫാ.മനോജ്‌ വടക്കേടത്ത്‌, ഫാ.ജോണ്‍സണ്‍ കരൂര്‍, പ്രഫ.സി.പി.റോയി തുടങ്ങിയവരും നയിച്ചു.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 1002 ദിവസമായി തുടരുന്ന സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ തിരുവനന്തപുരം നഗരത്തില്‍ യുവദീപ്തി പ്രവര്‍ത്തകര്‍ മുല്ലപ്പെരിയാര്‍ സമരാനുഭാവ റാലി നടത്തി. തിരുവനന്തപുരം, അമ്പൂരി, കൊല്ലം-ആയൂര്‍ ഫൊറോനകളില്‍ നിന്നുമായി നൂറുകണക്കിന്‌ യുവജനങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. സമാപന സമ്മേളനം പി.സി ജോര്‍ജ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കണ്ണുകളെ എങ്ങനെ വിശ്വസിക്കും?

അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്‌. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക്‌ എങ്ങനെ കഴിഞ്ഞുവെന്ന്‌ അദ്ഭുതപ്പെട്ടുപോകും. ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ്‌ സിഡികളിലെ വ്യാപക എഡിറ്റിംഗ്‌. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന്‌ മുമ്പ്‌ ചോദ്യകര്‍ത്താവ്‌ കുറ്റാരോപിതരുമായി സംസാരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. ഈ സമയത്ത്‌ അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ്‌ ചെയ്ത്‌ അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ്‌ സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്‌. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.കുറ്റാരോപിതരായ വൈദികര്‍ എത്രപ്രാവശ്യം കാണാന്‍ വന്നിരുന്നു എന്ന ചോദ്യത്തിന്‌ ‘തന്നെ വല്ലപ്പോഴും വിഷ്‌ ചെയ്തിരുന്നു’ എന്നാണ്‌ അബോധാവസ്ഥയില്‍ സിസ്റ്റര്‍ സെഫി പറയുന്നത്‌. ‘എങ്ങനെ വന്നിരുന്നു’ എന്ന ചോദ്യത്തിന്‌ ‘ഫോണില്‍ കുര്‍ബാനയ്ക്ക്‌ വരാന്‍ പറയും അന്നേരം വരും’ എന്നായിരുന്നു മറുപടി. എത്രമണിക്ക്‌ അവര്‍ വരും എന്ന ചോദ്യത്തിന്‌ അഞ്ചുമണിക്ക്‌ എന്നാണ്‌ ഉത്തരം. ഏതു ഫാദറിനോട്‌ നിങ്ങള്‍ക്ക്‌ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ? എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. ‘ഫാദറിന്റെ പേരെന്താ, ഏതു ഫാദറാ’ എന്ന രണ്ടു ചോദ്യങ്ങള്‍ക്കു ശേഷവും എഡിറ്റിംഗ്‌ നടന്നതായി കാണാം. പറയുന്ന ആദ്യപേര്‌ വ്യക്തമല്ല. പൂതൃക്ക അച്ചനോട്‌ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ കേള്‍ക്കാം. ‘പിന്നെ’ എന്നു രണ്ടു പ്രാവശ്യം ചോദിക്കുമ്പോഴും എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. പിന്നെയുള്ള ഉത്തരങ്ങളെല്ലാം അവ്യക്തമാണ്‌. ഇതിനിടയില്‍, വൈദികരോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്നേഹബന്ധമുണ്ടെന്നാണ്‌ പ്രതികരണം. ആരോട്‌ എന്നു ചോദിക്കുമ്പോള്‍ എല്ലാ അച്ചന്മാരോടും എന്നാണ്‌ പറയുന്നത്‌. ഇവിടെ എഡിറ്റിംഗ്‌ ഇല്ല താനും. അച്ചന്മാരുടെ പേര്‌ പറയാനുള്ള ചോദ്യത്തിന്‌ ‘പൂതൃക്ക ജോസച്ചനോട്‌ കോട്ടൂരും’ എന്ന്‌ അവ്യക്തമായി പറയുന്നുണ്ട്‌. വല്ലപ്പോഴും വിഷ്‌ ചെയ്യാന്‍ മാത്രം അച്ചന്മാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന്‌ സിസ്റ്റര്‍ സെഫി പറയുന്നത്‌ പരിശോധനയുടെ തളര്‍ച്ചയിലാണ്‌. വിളിച്ചാല്‍ കുര്‍ബാനയ്ക്കായി വരുമെന്നും പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ഈ പറയുന്നത്‌ ശരിയായിരിക്കാനാണ്‌ സാധ്യത. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ഏത്‌ ഫാദറിനോടാണ്‌ എന്നു ചോദിക്കുമ്പോള്‍ മൂന്നുപ്രാവശ്യം എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘പൂതൃക്ക അച്ചനോട്‌ സംസാരിക്കും’ എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌. അതായത്‌ ഈ ഭാഗത്തുനിന്ന്‌ യഥാര്‍ഥ ഉത്തരം എഡിറ്റ്‌ ചെയ്തു നീക്കിയിരിക്കുന്നു. നിലവിലുള്ള ഉത്തരം മറ്റ്‌ ഏതെങ്കിലും ക്ലിപ്‌ ഇവിടെ തിരുകി കയറ്റി സൃഷ്ടിച്ചതാണെന്നു വ്യക്തം. പിന്നെ ആരോട്‌ എന്ന ചോദ്യത്തിനുശേഷം രണ്ട്‌ എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘നാലുമണിക്ക്‌ നേരത്തോ’ എന്ന മറുചോദ്യമാണ്‌ സിഡിയില്‍ കാണുന്നത്‌. ഒന്നോ, രണ്ടോ പേരുകള്‍ മാത്രം ഉത്തരമായി വരേണ്ട സന്ദര്‍ഭത്തില്‍, ഉത്തരത്തിന്‌ മറുചോദ്യമാണ്‌ കാണുന്നതെങ്കില്‍ എഡിറ്റു ചെയ്തു നീക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടായിരുന്നെന്നു വ്യക്തം. അതും സന്ദര്‍ഭത്തില്‍നിന്ന്‌ വ്യതിചലിച്ചുള്ള ചോദ്യങ്ങള്‍. ‘സ്നേഹബന്ധമുണ്ട്‌’ എന്നു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആരോട്‌ എന്ന ചോദ്യത്തിന്‌ എഡിറ്റിംഗ്‌ ഇല്ലാതെ തുടര്‍ച്ചയായി സിസ്റ്റര്‍ മറുപടി പറയുന്നത്‌ എല്ലാ അച്ചന്മാരോടും എന്നാണ്‌. ‘അച്ചന്മാരുടെ പേര്‌ പറ’ എന്ന നിര്‍ദേശത്തിന്‌ മറുപടി എഡിറ്റിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ വൈദികരുടെയും പേരുകളാണ്‌. മറ്റേതോ അവസരത്തില്‍ പറഞ്ഞ പേരുകള്‍ തന്ത്രപൂര്‍വം ഇവിടെ തിരുകി കയറ്റിയതാണെന്നു പകല്‍പോലെ വ്യക്തം. വിടവു വന്ന ഭാഗങ്ങളില്‍ നികത്താനായി സാധാരണ എഡിറ്റിംഗ്‌ നടത്താറുണ്ട്‌. എന്നാല്‍, ഈ സിഡികളില്‍ നീണ്ട വിടവുകള്‍ എഡിറ്റ്‌ ചെയ്ത്‌ നികത്തപ്പെടാതെ പലഭാഗത്തും കിടക്കുകയാണ്‌. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ എഡിറ്റ്‌ ചെയ്താണെങ്കിലും വരുത്താന്‍ കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്‌. അതു സാധിക്കുന്നതുവരെ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന അപൂര്‍ണ ഉത്തരങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്‌. താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം എഡിറ്റു ചെയ്ത്‌ നീക്കപ്പെട്ടത്‌. അതുപോലെ പിന്നീട്‌ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളും. കുറ്റകൃത്യത്തെക്കുറിച്ചു വിവരിക്കുന്നെന്നു പറയുന്ന ഭാഗത്തു കൃത്യമായ എഡിറ്റിംഗുകള്‍ കാണാം. ‘എത്രമണിക്കാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം താഴെ കിച്ചണില്‍ വന്നത്‌’ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. തുടര്‍ന്ന്‌ ഉത്തരം ‘നാലുമണി’. ഇവിടെയും യഥാര്‍ഥ ഉത്തരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഭയ താഴെ വന്നത്‌ നാലുമണിക്കോ അഞ്ചുമണിക്കോ? തുടര്‍ന്ന്‌ എഡിറ്റിംഗ്‌ ശേഷം ഉത്തരം - അഞ്ചുമണി കഴിഞ്ഞു. അപ്പോള്‍ കിച്ചണില്‍ മറ്റാരുണ്ടായിരുന്നു? തുടര്‍ന്ന്‌ എഡിറ്റിംഗ്‌. ഉത്തരം - അവ്യക്തം. ‘ഒരച്ചന്‍’ എന്ന്‌ വേണമെങ്കില്‍ കരുതാം. ഉള്ളില്‍ വന്ന അച്ചന്റെ പേരെന്താ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അവരെങ്ങനാ ഉള്ളില്‍ വന്നത്‌ എന്ന ചോദ്യത്തിന്‌ ആര്‌ എന്ന മറുചോദ്യം. തോമസ്‌ കോട്ടൂര്‌ പുറത്തുവന്നപ്പോള്‍ വാതില്‍ തുറന്നതാരാ? എന്നു ചോദിക്കുമ്പോള്‍ ഞരക്കം മാത്രം. ഞാന്‍ തുറന്നില്ല എന്ന്‌ ഉത്തരം നല്‍കിയതുപോലെ തോന്നുമ്പോള്‍ വര്‍ധിച്ച അസ്വസ്ഥതയോടെ സിസ്റ്റര്‍ ഓക്കാനിക്കുന്നു. ഇവിടെ സൂക്ഷ്മ നിരീക്ഷണത്തില്‍ രണ്ട്‌ എഡിറ്റിംഗ്‌ കാണാം. ഞാന്‍ തുറന്നു എന്നാണ്‌ സിഡിയിലെ ഉത്തരം. ഇത്‌ മേറ്റ്വിടുന്നോ മുറിച്ചുനീക്കി ഇവിടെ തിരുകിയതാണെന്നു മനസിലാക്കാം. വാതില്‍ തുറന്നപ്പോള്‍ ആരാ വന്നത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ വ്യക്തം. കാമറയുടെ പൊസിഷനില്‍ വളരെ വ്യത്യാസം. തോമസ്‌ കോട്ടൂര്‌ എന്ന ഉത്തരം വളരെ സ്ഫുടം. ഇതിനു മുമ്പുവരെ അവ്യക്തമായി ഞരങ്ങിയും മൂളിയും മാത്രം സംസാരിച്ച സിസ്റ്ററിന്റെ മുഖത്ത്‌ കൂടുത ല്‍ പ്രസന്നതയും കാണാം. ഇതില്‍ നിന്നും വീഡിയോയിലും ഓഡിയോയിലും എഡിറ്റിംഗ്‌ നടന്നുവെന്ന്‌ മനസിലാക്കാം. ആരംഭത്തില്‍ മരുന്ന്‌ സിസ്റ്ററിനെ കൂടുതലായി തളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റേതോ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇവിടെ തിരുകികയറ്റിയതാണ്‌. അഭയയെ തട്ടിയത്‌ (മലയാളത്തിലെ തട്ടലാണോ മലയാളം വ്യക്തമായി അറിയാത്ത ചോദ്യകര്‍ത്താവ്‌ ഉദ്ദേശിച്ചതെന്നറിയില്ല) നിങ്ങളോ തോമസ്‌ കോട്ടൂരോ എന്ന ചോദ്യത്തിന്‌ ആദ്യ ഉത്തരം വ്യക്തമല്ല. സിസ്റ്ററുടെ സംസാരം പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വരം മുറിച്ചുകളഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടില്ല എന്നായിരുന്നു ഉത്തരമെന്നാണ്‌ സിഡി കാണുന്നവര്‍ക്ക്‌ മനസിലാകുന്നത്‌. ‘ഞാന്‍ തട്ട്‌’ എന്ന്‌ സിസ്റ്റര്‍ തുടര്‍ന്ന്‌ പറയുന്നുണ്ടെങ്കിലും അവസാന അക്ഷരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തട്ടിയില്ല എന്ന ഉത്തരമാകാനാണ്‌ ഇവിടെ കൂടുതല്‍ സാധ്യത. ‘എന്തിനാ തട്ടിയത്‌ അവര’്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എവിടെ തട്ടിയിട്ടുണ്ടായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ പൂര്‍ത്തീകരണം എഡിറ്റിംഗ്‌ നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സിസ്റ്ററുടെ വാക്കുകള്‍ വളരെ അവ്യക്തവും. കഴുത്തിന്റെ പുറക്‌ വശത്ത്‌ എന്നത്‌ സിസ്റ്റര്‍ പറയുന്നതായി കേള്‍ക്കാം. ഈ ഉത്തരം എവിടെ നിന്നോ പറിച്ചെടുത്ത്‌ കൊണ്ടുവന്നതാണെന്നു കരുതാം. ഏതു സാധനം കൊണ്ടാ തട്ടിയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ഏതു സാധനം എന്നു വീണ്ടും ചോദിക്കുമ്പോള്‍ കോടാലി ഒപ്പമുണ്ടായിരുന്നു എന്നുത്തരം. ഇവിടെ എഡിറ്റിംഗ്‌ കാണുന്നതിനാല്‍ ഈ ഉത്തരം ഈ ചോദ്യത്തിന്റേതല്ലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അഭയയുടെ തലയില്‍ രക്തമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. അഭയ സിസ്റ്ററിനെ എത്ര ആള്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി കിണറ്റിലിട്ടതാ എന്ന ചോദ്യത്തിന്‌ ഉച്ചത്തില്‍ അല്ല, അല്ല എന്നാണ്‌ മറുപടി. ഇവിടെയും എഡിറ്റിംഗ്‌ വ്യക്തമാണ്‌. കാരണം വളരെ ക്ഷീണിതയായ സിസ്റ്ററുടെ ശബ്ദം ഒരു സമയത്തും ഇത്രയും ഉയര്‍ന്നിരുന്നില്ല. ഒരാള്‍ മതി എന്ന്‌ വീണ്ടും പറയുന്നുണ്ട്‌. ഇതും എഡിറ്റ്‌ ചെയ്തു ചേര്‍ത്തിരിക്കുന്നതാണ്‌. നിങ്ങള്‍ അഭയ സിസ്റ്ററിന്റെ കാലേ പിടിച്ചോ, കൈയില്‍ പിടിച്ചോ എന്ന ചോദ്യത്തിന്‌ ഞാനെങ്ങും പിടിച്ചി... എന്നാണ്‌ മറുപടി. ഇതിനിടയില്‍ എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. ഞാനെങ്ങും പിടിച്ചില്ല എന്നതാണ്‌ പറഞ്ഞതെന്ന്‌ ഇവിടെ വ്യക്തം. ഇതിനിടയില്‍ സിസ്റ്റര്‍ ഓക്കാനിക്കുകയും ഭയാനക ശബ്ദത്തില്‍ ഞരങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സിസ്റ്റര്‍ക്ക്‌ ഓക്സിജന്‍ കൊടുക്കുകയാണ്‌. സിസ്റ്ററുടെ മേലുള്ള കുറ്റാരോപണം കൃത്രിമം നിറഞ്ഞതാണെന്ന്‌ സിഡി സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുറിച്ചുകെട്ടിയ വാക്കുകള്‍ക്ക്‌ പലപ്പോഴും തുടര്‍ച്ചയില്ല. കൃത്രിമത്വം എല്ലായിടങ്ങളിലും വ്യക്തം. യുക്തിബോധത്തോടെ സിഡിയെ വിലയിരുത്തിയാല്‍ സിസ്റ്ററെ മനഃപൂര്‍വം കുറ്റക്കാരിയാക്കണമെന്ന ഉദ്ദേശത്തോടെ ചോദ്യം ചോദിക്കുന്നതായും ഉത്തരങ്ങള്‍ അത്തരത്തിലുള്ളതാക്കാന്‍ ചോദ്യകര്‍ത്താവ്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നതായും കാണാം. ഫാ. തോമസ്‌ കോട്ടൂരിനോട്‌ ആദ്യ പതിനാറ്‌ മിനിറ്റ്‌ പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. ഇവിടെ ആവശ്യമില്ലാത്തതിനാല്‍ എഡിറ്റിംഗ്‌ അധികമില്ല. അന്നേ ദിവസം നിങ്ങള്‍ കാറിനാണോ സ്കൂട്ടറിനാണോ പോയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ തുടര്‍ന്ന്‌ ‘സ്കൂട്ടറിന്‌, ഇത്‌ താരതമ്യേന ചെലവ്‌ കുറഞ്ഞതാണ്‌ ’ എന്നാണ്‌ ഉത്തരം. എഡിറ്റിംഗ്‌ നടന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ മഠത്തിലേക്കുള്ള യാത്രയാകണമെന്നില്ല. തുടര്‍ന്ന്‌ മതില്‍ ചാടിക്കടന്നത്‌, വാതില്‍ തുറക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍. ഉത്തരം - എന്നെപ്പോലെ കോട്ടയംകാര്‍ക്ക്‌ സുപരിചിതനായ ഒരു വ്യക്തി പാതിരാസമയത്ത്‌ മഠത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമോ എന്ന മറുചോദ്യം. ഇങ്ങനെ അസാധ്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ പാതിരാ നേരത്തുള്ള മഠത്തില്‍ പ്രവേശനമെന്ന വാചകം അച്ചന്റെ വായില്‍നിന്ന്‌ വീണുകിട്ടിയത്‌ സിഡിയില്‍ പിന്നീട്‌ ശരിക്കും മുതലെടുത്തിട്ടുണ്ട്‌. പാതിരാവിലുള്ള മഠത്തില്‍പോക്ക്‌ പ്രധാന കവാടത്തിലൂടെയോ പുറകുവശത്തുള്ള വാതിലിലൂടെയോ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ‘സാധാരണയായി ആള്‍ക്കാര്‍ പോകുന്നത്‌ - തുടര്‍ന്ന്‌ എഡിറ്റിംഗ്‌ - പുറകുവശത്തെ വാതിലിലൂടെയാണ്‌ ‘ എന്ന ഈ ഉത്തരം പറിച്ചുനടപ്പെട്ടതാണ്‌. പുറംവാതില്‍ ആരു തുറന്നുതന്നു എന്ന ചോദ്യം ഇംഗ്ലീഷില്‍. ഉത്തരം മലയാളത്തില്‍ ‘മദര്‍ സുപ്പീരിയര്‍ ഒരു കോണ്‍വന്റിന്റെ മദര്‍’. തുടര്‍ന്നുള്ള ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ ഓരോ വാചകത്തിലും ഒന്നിലേറെ പ്രാവശ്യം എഡിറ്റിംഗ്‌ നടന്നതായി കാണാം. ഓരോ വാക്കിനുശേഷവും എഡിറ്റിംഗ്‌ കണ്ടെത്തിയ ക്ലിപ്പുകളുമുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌ ? ലോറിയുടെ പ്ലാറ്റ്‌ ഫോമിന്റെ വലിപ്പത്തിനനുസരിച്ച്‌ ലോഡ്‌ ചെയ്യേണ്ട തടി വെട്ടിയൊരുക്കുന്നതുപോലെ കുറ്റാരോപിതരെ യഥാര്‍ഥത്തില്‍ കുറ്റക്കാരാക്കാന്‍ തുനിഞ്ഞിറങ്ങിയവരെപ്പോലെയുള്ളതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഓരോ ചോദ്യവും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യാ സാധ്യതയെപ്പറ്റി ഒന്നും ചോദിച്ചതായി കാണുന്നില്ല. സിസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടോ എന്ന ചോദ്യത്തിന്‌ ‘സാധാരണ സൗഹാര്‍ദം മാത്രമായിരുന്നു രണ്ടച്ചന്മാര്‍ക്കും ഉണ്ടായിരുന്നത്‌ ‘ എന്ന ഉത്തരം കിട്ടി. നാര്‍കോ പരിശോധനയിലൂടെ കിട്ടിയ മറ്റ്‌ അറിവുകള്‍ സ്വീകാര്യമാണെങ്കില്‍ ഈ ഉത്തരവും സ്വീകാര്യമാവണമല്ലോ? ഫാ. ജോസ്‌ പൂതൃക്കയിലിനെ പരിശോധനയ്ക്ക്‌ വിധേയമാക്കിയത്‌ കാണിക്കുന്ന സിഡിയിലും ഇതില്‍നിന്ന്‌ ഒട്ടും വ്യത്യസ്തമല്ലാത്ത തന്ത്രങ്ങളാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.

നാര്‍കോ സിഡിയിലെ ഞെട്ടിക്കുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ പുറത്താകുന്നു

അഭയാ കേസിലെ നാര്‍കോ സിഡികളെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ഹേമയുടെ നിരീ ക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ‘സിഡികളിലെ എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുകളും മനസിലാക്കാന്‍ സാങ്കേതിക വിദഗ്ധരുടെയൊന്നും ആവശ്യമില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ വ്യക്തമാകും’- അഭയാ കേസിലെ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ പ്രഗത്ഭമതിയായ ന്യായാധിപ നടത്തിയ ഈ നിരീക്ഷണം പക്ഷേ, പലരും വേണ്ടത്ര ഗൗരവത്തോടെ ഉള്‍ക്കൊണ്ടില്ല. എന്നു മാത്രമല്ല ആ സിഡികളാണ്‌ ഒറിജിനല്‍ എന്നു പ്രചാരണം നടത്തുകയും ചെയ്തു. പിന്നീട്‌ കോടതി നിര്‍ദേശപ്രകാരം സാങ്കേതിക സ്ഥാപനമായ സി-ഡിറ്റ്‌ ഈ സിഡികള്‍ പരിശോധിച്ചപ്പോള്‍ നാര്‍കോ സിഡികളുടെ പൊള്ളത്തരം പുറത്തായി. സിഡികളില്‍ വ്യാപക എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. പക്ഷേ, വിദഗ്ധര്‍ അടിവരയിട്ടു പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മാത്രം ഒന്നും ബോധ്യമായില്ല ! അല്ലെങ്കില്‍ അങ്ങനെ നടിച്ചു. ഇപ്പോള്‍ ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡികള്‍ പരിശോധിക്കാന്‍ ഇടയായ പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു സാങ്കേതിക വിദഗ്ധന്‍ ഇതാ കേരളത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ തുറന്നെഴുതുന്നു. നാര്‍കോ സിഡിയില്‍ പ്രതികളാക്കപ്പെട്ടവര്‍ ‘കുറ്റകൃത്യം വിവരിച്ചു’ എന്നു പറയുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ തന്ത്രപരമായ എഡിറ്റിംഗ്‌ നടന്നതായിട്ടാണ്‌ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്‌. അതായത്‌ ഓരോ ചോദ്യങ്ങള്‍ ക്കും നല്‍കിയ യഥാര്‍ഥ ഉത്തരങ്ങളല്ല സിഡി യില്‍ പലേടത്തും കാണുന്നതെന്നു വ്യക്തം.

സംവാദവും സമഭാവനയുമാണ്‌ സമൃദ്ധിയിലേക്കുള്ള വഴി: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവാ

നല്ല സംവാദങ്ങളും സമഭാവനയുമാണ്‌ സമൃദ്ധിയിലേക്കുള്ള വഴിയെന്ന്‌ മലങ്കര ക ത്തോലിക്കാ സഭാ പരമാധ്യക്ഷ നും മേജര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. മരിയഗിരി മാര്‍ ഈവാനിയോസ്‌ നഗറില്‍ മലങ്കര പുനരൈക്യ വാര്‍ഷികത്തോനടുബന്ധിച്ച്‌ നടന്ന സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബാവാ. ലോകത്തിനു തന്നെ വിസ്മയമായിരിക്കുന്ന ഭാരത ജനാധിപത്യ സംവിധാനം നിലനില്‍്ക്കുന്നതു തന്നെ ഈ രാജ്യത്തിലെ വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള സമഭാവനയും ബന്ധവുമാണ്‌ കാണിക്കുന്നതെന്നും ബാവ പറഞ്ഞു. സമ്മേളനത്തില്‍ കോട്ടാര്‍ ബിഷപ്‌ ഡോ. പീറ്റര്‍ റെമീജിയൂസ്‌, ബാല പ്രജാപതി അടികലാര്‍, ഹാജി അബു സാലിക്‌ അലീം, തക്കല രൂപതാ വികാരി ജനറല്‍ മോണ്‍. ഫിലി പ്പ്‌ കൊടിയന്തറ എന്നിവര്‍ പ്രസംഗി ച്ചു. ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്പുമാരായ യുഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംബന്ധിച്ചു. രാവിലെ നടന്ന യുവജന സമ്മേളനം അഡീഷണല്‍ ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ്‌ ഉദ്്ഘാടനം ചെയ്തു. ആര്‍ച്ച്‌ ബി ഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ക്ലാസെടുത്തു. യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ്‌ കയ്യാലക്കല്‍, കേന്ദ്ര സമിതി പ്രസിഡ ന്റ്‌ സാം രാജ്‌, ഭാരവാഹികളായ എബി പോള്‍, ഷിബു മാത്യു, ജോര്‍ജ്‌ മലയില്‍, സജി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ സമ്മേളനം പീറ്റര്‍ അല്‍ഫോന്‍സ്‌ എംഎല്‍എ ഉദ്ഘാട നം ചെയ്തു. ബിഷപ്്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ എ ബ്രഹാം മാര്‍ യൂലിയോസ്‌, ബിഷപ്‌ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മോണ്‍.ജോണ്‍ വര്‍ഗീസ്‌ എന്നിവര്‍ സംബന്ധിച്ചു.

Saturday, September 19, 2009

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിലെ കോളജുകള്‍ക്കു പുതിയ കോഴ്സില്ല

ന്യൂനപക്ഷാവകാശം അടിയറ വയ്ക്കാന്‍ കൂട്ടാക്കാതിരുന്നതിന്റെ പേരില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കീഴിലുള്ള നഴ്സിംഗ്‌ കോളജുകള്‍ക്ക്‌ എം.എസ്സി കോഴ്സ്‌ നിഷേധിച്ചു. ഒമ്പതു പുതിയ കോളജുകളില്‍ നഴ്സിംഗിന്‌ എം.എസ്സി കോഴ്സ്‌ അനുവദിച്ചപ്പോഴാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിന്റെ കീഴിലുള്ള ഒറ്റ കോളജിനും എം.എസ്സി അനുവദിക്കാതിരുന്നത്‌. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കീഴിലുള്ള 21 നഴ്സിംഗ്‌ കോളജുകളില്‍ മിക്കതും എം.എസ്സി കോഴ്സിന്‌ അപേക്ഷിച്ചിരുന്നു. അവയോടെല്ലാം കോഴ്സ്‌ അനുവദിക്കുന്നതിന്‌ ഉപാധിയായി ആവശ്യപ്പെട്ടത്‌ ന്യൂനപക്ഷവാകാശം ഫലത്തില്‍ ഉപേക്ഷിക്കണമെന്നായിരുന്നു. പകുതി സീറ്റ്‌ സര്‍ക്കാരിനു നല്‍കിയാല്‍ മാത്രമേ എം.എസ്സി കോഴ്സ്‌ അനുവദിക്കു എന്നായിരുന്നു അത്‌. എം.എസ്സിക്കു മാത്രമല്ല ഈ പഴുതിലൂടെ ഈ കോളജുകളിലുള്ള ബി.എസ്സി കോഴ്സുകളിലും 50 ശതമാനം സീറ്റ്‌ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നേരത്തെ ഉണ്ടാക്കിയ അത്തരത്തിലുള്ള കരാര്‍ പോലും ന്യുനപക്ഷാവകാശ ലംഘനമെന്ന്‌ പറഞ്ഞ്‌ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും അതില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ കടുത്ത ന്യൂനപക്ഷാവകാശ ലംഘനം നടത്തിയിരിക്കുകയാണ്‌. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിന്‌ ഭരണഘടന നല്‍കിയ അവകാശം കേരള സര്‍ക്കാര്‍ ഒരിക്കല്‍ കൂടി നിഷേധിച്ചിരിക്കുന്നു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കേന്ദ്രസഹായം

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്‌ 30നു മുമ്പ്‌ അപേക്ഷ നല്‍കണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സംസ്ഥാനത്ത്‌ 20 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ല, ബ്ലോക്ക്‌, പട്ടണം എന്നിവിടങ്ങളിലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കാണ്‌ ധനസഹായത്തിനായി അപേക്ഷ നല്‍കാവുന്നത്‌. സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യമുള്ളതിന്റെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന പദ്ധതിയാണിത്‌. ഇങ്ങനെ 50 ലക്ഷം രൂപവരെ ധനസഹായമായി ലഭിക്കാവുന്നതാണ്‌.എയ്ഡഡ്‌, അണ്‍എയ്ഡഡ്‌, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക്‌ അപേക്ഷിക്കാം.ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന സന്നദ്ധ സംഘടനകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവ നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്കൂളുകള്‍ക്ക്‌ ഗ്രാന്റിന്‌ അപേക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍നിന്നും അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ലഭ്യമാകും.സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍
(www.itschool.govin) വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതു ലഭ്യമാക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നത്‌ ഖേദകരമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ വക്താവ്‌ റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പറഞ്ഞു.

കെസിവൈഎം ഉപവാസം ഇന്ന്‌ അവസാനിക്കും

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ആരംഭിച്ച 51 മണിക്കൂര്‍ ഉപവാസം ഇന്ന്‌ അവസാനിക്കും. ഒരു മാസമായി നടന്നു വരുന്ന കെസിവൈഎമ്മിന്റെ 29 രൂപതകളിലേയും പ്രവര്‍ത്തകരുടെ റിലേ ഉപവാസവും ഇന്ന്‌ സമാപിക്കും.വ്യാഴാഴ്ച രാവിലെ പത്തിന്‌ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്ത 51 മണിക്കൂര്‍ നിരാഹാരം ഇന്ന്‌ ഉച്ചയ്ക്ക്‌ 12-ന്‌ അവസാനിക്കും. കെസിവൈഎം സംസ്ഥാന സമിതി അംഗങ്ങളോടൊപ്പം ഇന്നലെ ആലപ്പുഴ, കൊച്ചി രൂപതകളിലെ പ്രവര്‍ത്തകരും സമരപ്പന്തലില്‍ ഉപവസിച്ചു.

മുല്ലപ്പെരിയാര്‍ ഉപവാസ സമരത്തിന്‌ ഇന്ന്‌ 1,000 ദിനം

മുല്ലപ്പെരിയാര്‍ ഉപവാസ സമരം ഇന്ന്‌ 1,000 ദിവസത്തിലേക്ക്‌. കാലപ്പഴക്കംകൊണ്ട്‌ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ മുന്നില്‍ക്കണ്ട്‌ ഭീതിയോടെ ജീവിക്കുന്ന നാല്‌ ജില്ലകളിലെ ജനങ്ങളുടെ പ്രതിഷേധ സൂചകമായി മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ചപ്പാത്തില്‍ ഇന്ന്‌ മനുഷ്യ അണക്കെട്ട്‌ തീര്‍ക്കും. 1,000 സമരസമിതി പ്രവര്‍ത്തകര്‍ അണിനിരക്കും.പെരിയാറിനു കുറുകെ ചപ്പാത്ത്‌ പാലത്തില്‍ തീര്‍ക്കുന്ന മനുഷ്യ അണക്കെട്ടിനുശേഷം സമരപ്പന്തലില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയര്‍മാന്‍ പ്രഫ.സി.പി റോയി അധ്യക്ഷത വഹിക്കും.എംപിമാര്‍, എംഎല്‍എമാര്‍, തൃത്താല പഞ്ചായത്ത്‌ പ്രതിനിധികള്‍, സാമൂഹിക - സാംസ്കാരിക - പരിസ്ഥിതി സംഘടനാ നേതാക്കള്‍, മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പഴയ പോസ്റ്റോഫീസിനു മുന്നില്‍നിന്ന്‌ ആരംഭിക്കു ന്ന പ്രകടനം ചപ്പാത്ത്‌ പന്തലിലെത്തി മനുഷ്യ അണക്കെട്ട്‌ നിര്‍മിക്കും.

Friday, September 18, 2009

ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടേഴ്സ്‌ യോഗം

കേരളസഭയിലെ എല്ലാ രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാര്‍ക്കും രൂപതാ റിസോഴ്സ്‌ ടീം അംഗങ്ങള്‍ക്കും കേരള കാത്തലിക്‌ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ്‌ കമ്മിറ്റി-മാനേജിംഗ്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വേണ്ടി പാലാരിവട്ടം പി.ഒ.സിയില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 29, 30 തീയതികളില്‍ ഡയറക്ടേഴ്സ്‌ ക്യാമ്പ്‌ സംഘടിപ്പിക്കും. ക്യാമ്പ്‌ 29-ന്‌ രാവിലെ പത്തിന്‌ കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷനായിരിക്കും. ആദ്യ പാനല്‍ ചര്‍ച്ച ഉച്ച കഴിഞ്ഞ്‌ രണ്ടിനും രണ്ടാം പാനല്‍ ചര്‍ച്ച വൈകുന്നേരം അഞ്ചരയ്ക്കും നടക്കും. 30-ന്‌ രാവിലെ ആറരയ്ക്ക്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും വചനപ്രഘോഷണവും ഉണ്ടായിരിക്കും. 8.45-ന്‌ സഭയില്‍ ദൈവവചനത്തിന്റെ പ്രഘോഷണത്തിന്‌ ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്ന വിഷയത്തെ അധീകരിച്ച്‌ മൂന്നാം പാനല്‍ ചര്‍ച്ച നടത്തും. ദൈവവനചത്തിന്റെ പ്രഘോഷണത്തിന്‌ ഡിജിറ്റല്‍ സംസ്കാരത്തിന്റെ വെല്ലുവിളി എന്ന വിഷയത്തെകുറിച്ച്‌ കൊച്ചിന്‍ ഇംപാക്ട്‌ ഡയറക്ടര്‍ ഡോ.ജോസ്‌ പാലക്കീല്‍ നയിക്കും. അഡ്വ.ചാര്‍ളി പോള്‍ ഭാഷയുടെയും ആശയവിനിമയത്തിന്റെ ഉപയോഗം എന്ന വിഷയത്തെ കുറിച്ച്‌ സംസാരിക്കും. 10.30-ന്‌ ബൈബിളിന്റെ വായന സഭയുടെ ജീവിക്കുന്ന പാരമ്പര്യത്തിന്‍ എന്ന വിഷയയത്തെകുറിച്ച്‌ ആര്‍ച്ചബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസംഗിക്കും. 11-ന്‌ ആരംഭിക്കുന്ന സമാപനസമ്മേളനം ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. സംഗമത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിമാരായ ഡോ.സെബാസ്റ്റ്യന്‍ വടക്കുംപാടം, ഡോ.അബ്രഹാം പേഴുംകാട്ടിന്‍, ഡോ.മാത്യു വാര്യമറ്റം സിഎസ്ടി, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ ഒ.സി.ഡി, ഡോ.ഫ്രഡി ഇലവുത്തിങ്കല്‍, ഡോ.ഫിലിപ്പ്‌ തയ്യില്‍ എന്നിവരെ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ പൊന്നാട അണിയിച്ച്‌ ആദരിക്കും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ തയാറാക്കുന്ന ബൈബിള്‍ കര്‍മപദ്ധതികളെ കുറിച്ചുള്ള മാര്‍ഗരേഖ പ്രകാശനം ചെയ്യുമെന്ന്‌ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ.സൈറസ്‌ വേലംപറമ്പില്‍ അറിയിച്ചു.

Thursday, September 17, 2009

മുല്ലപ്പെരിയാര്‍: 51 മണിക്കൂര്‍ ഉപവാസം ഇന്ന്‌ തുടങ്ങും

കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ 51 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ സമരം ഇന്ന്‌ തുടങ്ങും. 19-ന്‌ സമരം ആയിരം ദിവസം തികയും. കെസിവൈഎം സംസ്ഥാന പ്രസിഡ ന്റ്‌ ജോസഫ്‌ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സമിതിയുടെ 51 പ്രതിനിധികള്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ്‌ 21-ന്‌ ആരംഭിച്ച ഉപവാസ സമരത്തിന്റെ സമാപന ദിവസമായ 19-ന്റെ മു ന്നോടിയായാണ്‌ ഭാരവാഹികള്‍ 51 മണിക്കൂര്‍ ഉപവസിക്കുന്നത്‌. രാവിലെ പത്തിന്‌ ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. നാളെ സമരപ്പന്തലിനു മുന്നില്‍ 1000 മെഴുകുതിരികള്‍ കത്തിച്ച്‌ സമരപ്രതിജ്ഞയെടുക്കും. 19-ന്‌ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട്‌ 1000 കത്തുകള്‍ അയയ്ക്കും. ഉച്ചയ്ക്ക്‌ 12-ന്‌ 51 മണിക്കൂര്‍ നിരാഹാരം കെസിബിസി യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. വിന്‍സണ്‍ സാമുവേല്‍ ഭാരവാഹികള്‍ക്ക്‌ നാരങ്ങാനീര്‌ നല്‍കി അവസാനിപ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനവും ബിഷപ്‌ ഉദ്ഘാടനംചെയ്യും.കാഞ്ഞിരപ്പള്ളി ബിഷ്പ മാര്‍ മാത്യു അറയ്ക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫന്‍ ആലത്തറ, ഐക്യജാഗ്രതാ കമ്മിറ്റി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍, കെസിബിസി യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറിയും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. ജയ്സണ്‍ കൊളനൂര്‍, എംപിമാരായ പി.ടി തോമസ്‌, ജോസ്‌ കെ. മാണി, ആന്റോ ആന്റണി, എന്‍. പീതാംബരക്കുറുപ്പ്‌ എന്നിവരും പങ്കെടുക്കും.

Tuesday, September 15, 2009

സിഡി സംപ്രേഷണം മനുഷ്യാവകാശ ലംഘനം: ജാഗ്രതാ സമിതി

അഭയാ കേസിലെ നാര്‍കോ സിഡി സംപ്രേഷണത്തിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ ചില ടിവി ചാനലുകള്‍ നടത്തിയിരിക്കുന്നതെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി ആരോപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കേസിലാണ്‌ ഇതു സംഭവിച്ചിരിക്കുന്നത്‌ എന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നാര്‍കോ സിഡികളില്‍ എഡിറ്റിംഗ്‌ നടന്നിട്ടുണ്ട്‌ എന്ന്‌ ഹായ്‌ ക്കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്‌. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഏല്‍പ്പിച്ച സിഡിറ്റ്‌ സിഡികളില്‍ എഡിറ്റിംഗ്‌ നടന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു.ഈ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയിട്ടില്ല. സാഹചര്യം ഇതായിരിക്കേ സിഡികള്‍ ചില ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തത്‌ മനുഷ്യത്വരഹിതമായ നടപടിയാണ്‌. അബോധാവസ്ഥയില്‍ നടത്തുന്ന ചോദ്യംചെയ്യലിന്റെ സംപ്രേഷണം വഴി മാധ്യമങ്ങള്‍ ധാര്‍മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നു. എഡിറ്റിംഗ്‌ നടന്നിട്ടുണ്ട്‌ എന്ന്‌ വളരെ വ്യക്തമായി തിരിച്ചറിയാവുന്ന ഈ സിഡികള്‍ സംപ്രേഷണം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതിക്കു ബാധ്യതയുണെ്ടന്നും ജാഗ്രതാ സമിതി പറഞ്ഞു.പ്രമാദമായ ഒരു കേസ്‌ കത്തിനില്‍ക്കേയാണ്‌ ഈ കേസില്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത്‌. ഇപ്പോള്‍ മറ്റൊരു പ്രമാദമായ കേസില്‍ പല പ്രമുഖരും സംശയത്തിന്റെ നിഴലിലായപ്പോള്‍ സിഡി സംപ്രേഷണത്തിലൂടെ ജനശ്രദ്ധ തരിച്ചുവിടാനുള്ള ഗൂഢാലോചനയാണ്‌ നടന്നതെന്നു സംശയമുണെ്ടന്നും ജാഗ്രതാ സമിതി പറഞ്ഞു.

വീഴ്ച കോടതി കണെ്ടത്തണം: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌

അഭയാ കേസിലെ അന്വേഷണവും നടപടികളും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ നടത്തി ക്കൊണ്ടിരിക്കെ കേസന്വേഷണത്തിലെ നാര്‍കോ സിഡി ചോര്‍ന്നത്‌ ഗൗരവമുള്ള വീഴ്ചയാണെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ വ്യക്തമാക്കി. ഇക്കാര്യം കോടതി ഗൗരവമായി അന്വേഷിക്കുകയും വീഴ്ചവരുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന്‌ അവര്‍ക്കെതിരേ നടപടിയെടുക്കുകയും വേണം. ഈ സംഭവത്തെ ചെറുതായി കാണാനോ നീതീകരിക്കാനോ ആവുന്നതല്ല. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന്‌ കോടതി കണ്ടെത്തിയതാണ്‌. സിഡിറ്റിന്റെ പരിശോധനയിലും കൃത്രിമത്വം കണെ്ടത്തിയിരുന്നു.ഇത്തരത്തില്‍ കൃത്രിമത്വമുള്ളൊരു സിഡി ആധികാരിക വിവരമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തി രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീ യെയും അധിക്ഷേപിക്കുന്നത്‌ മനുഷ്യാവകാശലംഘനമാണ്‌. ഇക്കാര്യത്തില്‍ കോടതി കര്‍ക്കശമായ ഇടപെടല്‍ നടത്തണം- മാര്‍ മാത്യു മൂലക്കാട്ട്‌ ആവശ്യപ്പെട്ടു.

കുമ്പസാര രഹസ്യങ്ങള്‍ ചോദിക്കരുതെന്ന അഭ്യര്‍ഥനയും നാര്‍കോ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു: റെജി ജോസഫ്‌ കോട്ടയം

നാര്‍കോ അനാലിസിസ്‌ പരിശോധനയ്ക്ക്‌ മുന്‍പ്‌ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയും സിബിഐക്ക്‌ രേഖാമൂലം നല്‍കിയ രണ്ടു പ്രധാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ടതായി ചാനല്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വൈദികര്‍ കുമ്പസാര രഹസ്യങ്ങള്‍ മരണം വരെ രഹസ്യമായി സൂക്ഷിക്കാന്‍ ചുമതലയുള്ളവരാണ്‌. ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നാലും വെളിപ്പെടുത്താതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരുമാണ്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കുമ്പസാരം സംബന്ധിച്ച ചോദ്യങ്ങള്‍ നാര്‍കോ അനാലിസിസ്‌ പരിശോധനയില്‍ പാടില്ലെന്നു രണ്ടു വൈദികരും സിബിഐക്ക്‌ എഴുതിക്കൊടുത്തിരുന്നു. എന്നാ ല്‍, കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കാന്‍ ഉപകരിക്കാ വുന്ന നിരവധിയായ ചോദ്യങ്ങളാണ്‌ നാര്‍കോ അനാലിസിസില്‍ ഉന്നയിച്ചിരിക്കുന്നതെന്ന്‌ ഇന്നലെ പുറത്തായ സിഡി വ്യക്തമാക്കുന്നു. അച്ചന്‍ എവിടെയാണ്‌ കുമ്പസാരിക്കുന്നതെന്നും സിസ്റ്റേഴ്സ്‌ എവിടെയാണ്‌ കുമ്പസാരിക്കുന്ന തെന്നും ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ്‌ ഫാ.ജോസ്‌ കോട്ടൂരിനോട്‌ ചോദിച്ചത്‌. വൈദികന്‍ കുമ്പസാരിക്കുന്നതും കുമ്പസാരിപ്പിക്കുന്നതുമായ രഹസ്യ ങ്ങള്‍ ചോര്‍ത്തിയെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു വെന്ന ഗൗരവമായ വീഴ്ച രാജ്യ ത്തെ പരമോന്നത അന്വേഷണ ഏജന്‍സി നടത്തിയെന്ന്‌ ഇതോ ടെ വ്യക്തമായി. ആരോഗ്യപരമായ ആഘാതങ്ങളുണ്ടാക്കും വിധമുള്ള പരീക്ഷണ മുറ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മയക്കുമരുന്ന്‌ നല്‍കി മൂന്നര മ ണിക്കൂറോളം അര്‍ധബോധാവസ്ഥയിലാക്കിയാണ്‌ പരിശോധന നടത്തിയത്‌. പരിശോധനാഘട്ടത്തില്‍ രക്തസമ്മര്‍ദം അപകടകരമായി താഴുകയും ഉയരുകയും ചെയ്തു. ശ്വാസതടസമുണ്ടായപ്പോള്‍ ഓക്സിജന്‍ നല്‍കിയതും സിഡിയി ല്‍ വ്യക്തമാണ്‌. മൂന്നു മണിക്കൂര്‍ നടത്തിയ നാര്‍കോ അനാലിസിസ്‌ അതേ പടി റിക്കാര്‍ഡ്‌ ചെയ്തെങ്കിലും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സിഡി അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്‌. ചോദ്യങ്ങളിലും അവയുടെ ഉത്തരങ്ങളിലും മുന്‍വിധികളും അവസരോചിത ഇടപെടലുകളുമുണെ്ടന്നു വിലയിരുത്തിയാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നു സിഡിയിലെ ദൃശ്യങ്ങള്‍ ത ന്നെ സാക്ഷ്യപ്പെടുത്തുന്നു. വ്യാപകമായ എഡിറ്റിംഗ്‌ നടത്തിയെന്നതു തന്നെ സിഡിയുടെ ആധികാരികതയെ സംശയത്തിന്റെ നിഴലിലാക്കുന്നു. നാര്‍ കോ അനാലിസിസ്‌ പരി ശോധനയ്ക്ക്‌ തയാറാണോ എന്ന്‌ സിബിഐ ആ രോപണവിധേയരോട്‌ ആരാഞ്ഞപ്പോള്‍ ഈ പ്രശ്നത്തില്‍ തങ്ങളുടെ നിരപരാധിത്വം തെളിയണമെന്ന ആഗ്രഹത്തില്‍ മൂന്നുപേരും ഇതിന്‌ സമ്മതം എഴുതി നല്‍കുകയായിരുന്നത്രേ.

നാര്‍കോ സിഡികള്‍ എഡിറ്റു ചെയ്ത്‌ പരസ്യമാക്കി വീണ്ടും അപവാദ പ്രചാരണം: ടി.ദേവപ്രസാദ്‌ തിരുവനന്തപുരം

അഭയാ കേസിലെ നാര്‍കോ അനാലിസിസിന്റെ സിഡികളിലെ ദൃശ്യങ്ങളും വാക്കുകളും എഡിറ്റ്‌ ചെയ്യപ്പെട്ടവയാണെന്ന്‌ സിഡി പരിശോധിച്ച തിരുവനന്തപുരം സിഡിറ്റിലെ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയത്‌ ഒറിജിനല്‍ സിഡികളല്ലെന്ന്‌ പരിശോധനയില്‍ തെളിഞ്ഞിട്ടും അവ ടെലിവിഷനില്‍ പ്രദര്‍ശനത്തിനു കൊടുത്തതില്‍ സുമനസുകള്‍ ആകെ അമ്പരന്നു നില്‍ക്കുന്നു. സിഡി കൊടുത്തവരുടെ ദുഷ്ടലക്ഷ്യം സുവ്യക്തവുമാണ്‌.എഡിറ്റ്‌ ചെയ്യുക എന്നാല്‍ മുറിച്ചു മാറ്റുക എന്നും കൂട്ടിച്ചേര്‍ക്കപ്പെടുക എന്നുമാണ്‌ അര്‍ഥം. സമര്‍ഥനായ ഒരു എഡിറ്റര്‍ക്കും സൗണ്ട്‌ റിക്കോര്‍ഡിസ്റ്റിനും ചേര്‍ന്ന്‌, പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി എഡിറ്റ്‌ ചെയ്തു ചേര്‍ക്കാനാവുമെന്ന്‌ സിഡിറ്റിലെ വിദഗ്ധര്‍ വിശദീകരിച്ചു.ഈ സിഡിയില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടോ എന്നു തങ്ങള്‍ പരിശോധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ഞങ്ങളോട്‌ ചോദിച്ചത്‌ സിഡിയില്‍ എഡിറ്റിംഗ്‌ നടന്നുവോ എന്നാണ്‌. അതു ഞങ്ങള്‍ പരി ശോധിച്ചു. എഡിറ്റിംഗ്‌ നടന്നതായി കണെ്ടത്തി. സിബിഐയുടെ കൈവശം ഉള്ളത്‌ എഡിറ്റ്‌ ചെയ്ത സിഡിയാണ്‌. അക്കാര്യം സിഡിറ്റ്‌ കോടതിയെ അറിയിച്ചു. അതു സ്വാഭാവിക എഡിറ്റിംഗ്‌ ആണ്‌ എന്നാണ്‌ സിബിഐ പറയുന്നത്‌. അതു ഞങ്ങളുടെ പ്രശ്നമല്ല. വാക്കുകള്‍ എഡിറ്റ്‌ ചെയ്തു കയറ്റിയിട്ടുണേ്ടാ എന്നും പരിശോധിച്ചു കണ്ടുപിടിക്കാവുന്നതാണ്‌. സ്പോണ്‍സേഡ്‌ സീരിയല്‍ പോലെ ഇത്തരം സിഡികള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അവരും അദ്ഭുതം പ്രകടിപ്പിച്ചു. അതൊന്നും തങ്ങളുടെ പ്രശ്നമല്ലെന്നും അവര്‍ പറഞ്ഞു.ലോ കമ്മീഷന്‍ നിര്‍ത്തലാക്കണമെന്നു പറഞ്ഞ ഒരു പരിശോധനയുടെ ദൃശ്യങ്ങള്‍ വിചാരണയുടെ കാലത്ത്‌ ടെലിവിഷനിലുടെ സംപ്രേഷണം ചെയ്യുന്നതുകണ്ട്‌ കുറ്റന്വേഷണ, നിയമ വിദഗ്ധര്‍ അമ്പരന്നു നില്‍ക്കുകയാണ്‌. കേസിനെക്കുറിച്ച്‌ പത്രസമ്മേളനം നടത്തരുതെന്നു ഹൈക്കോടതി പറഞ്ഞിട്ടു ദിവസങ്ങളായിട്ടില്ല. അബോധാവസ്ഥയില്‍ പ്രതികള്‍ പറയുന്നതെന്തെന്നു കേള്‍ക്കുന്നവര്‍ക്കു മനസിലാവുകയുമില്ല. ഇങ്ങനെയാണ്‌ പറയുന്നതെന്ന്‌ എഴുതിക്കാണിക്കുന്നത്‌ എങ്ങനെയാണ്‌ വിശ്വസിക്കുക? സിഡിയില്‍ പറയുന്നത്‌ അതില്‍ത്തന്നെ തെളിവല്ല. ബോധ ത്തോ ടെ പറയുന്നതും അല്ല. നീതി നിര്‍വഹണത്തിനെന്ന പേരില്‍ ഒരാളെ അബോധാവസ്ഥയിലാക്കിയശേഷം രഹസ്യമായി എടുക്കുന്ന ദൃശ്യങ്ങള്‍ കോടതിക്കു പുറത്ത്‌ സംപ്രേഷണം ചെയ്യുന്നത്‌ സാധാരണ മാന്യതയ്ക്കു പോലും ചേരാത്തതാണ്‌. കുറ്റാരോപിതര്‍ക്കു മാനനഷ്ടത്തിനു കേസ്‌ കൊടു ക്കാവുന്നതാണ്‌.

കുറ്റാരോപിതര്‍ കോടതിയെ സമീപിക്കും

അഭയാ കേസുമായി ബന്ധപ്പെട്ട നാര്‍കോ അനാലിസിസ്‌ സി.ഡി മാധ്യമങ്ങള്‍ക്കു ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നു കോട്ടയം അതിരൂപതയുടെ പ്രതിനിധി അഡ്വ. അജി ജോസഫ്‌ കോയിക്കല്‍ വ്യക്തമാക്കി. കോടതി ഭദ്രമായി സൂക്ഷിക്കുന്ന തെളിവ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ കോടതിയലക്ഷ്യ കേസ്‌ നല്‍കുന്ന കാര്യവും പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച സിഡി ശരിയോ തെറ്റോ എന്നത്‌ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ്‌. കേസിലെ ആരോ പണ വിധേയര്‍ ശാസ്ത്രീയ പരിശോധനയില്‍ കുറ്റം സമ്മതിച്ചു എന്ന്‌ ദൃശ്യമാകുന്ന സിഡി ഭാഗത്ത്‌ എഡിറ്റിംഗ്‌ നടന്നിട്ടുള്ളതായി സംശയിക്കുന്നു.സിഡിയില്‍ തിരിമറിയുള്ളതായി ജസ്റ്റീസ്‌ രാംകുമാറും ജസ്റ്റീസ്‌ ഹേമയും വ്യക്തമാക്കിയിട്ടുണ്ട്‌. സിഡിറ്റിലെ ശാസ്ത്രീയ പരിശോധനയില്‍ ഇത്‌ ആവര്‍ത്തിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ റിക്കാര്‍ ഡുകള്‍ ജനങ്ങളുടെ മധ്യത്തില്‍ പ്രതികളെ ആക്ഷേപിക്കുംവിധം പ്രദര്‍ശിപ്പിക്കുന്നത്‌ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്‌. സിഡി എങ്ങനെ പുറത്തുവന്നു എന്ന കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. ഈ കേസില്‍ ജസ്റ്റീസ്‌ രാംകുമാറും ജസ്റ്റീസ്‌ ഹേമയും നല്‍കിയ ഉത്തരവുകള്‍ക്കെതിരേ സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ്‌ അയയ്ക്കാനുള്ള നടപടിപോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ സിഡി മാധ്യമങ്ങള്‍ക്ക്‌ ചോരുകയും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നത്‌. ഇത്‌ നിയമത്തോടും വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്‌- അഡ്വ. അജി കോയിക്കല്‍ വ്യക്തമാക്കി.

അഭയാ കേസ്‌: നാര്‍കോ സിഡിയില്‍ അടിമുടി കൃത്രിമവും എഡിറ്റിംഗും

അഭയാ കേസില്‍ മൂന്നു കുറ്റാരോപിതരുടെ നാര്‍കോ പരിശോധനാ സിഡിയില്‍ വ്യാപകമായ എഡിറ്റിംഗും കൃത്രിമവും നടന്നതായി സിഡികളുടെ ഉള്ളടക്കം പുറത്തുവന്നപ്പോള്‍ വ്യക്തമായി. സിഡിയിലെ ദൃശ്യ ങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും തുടര്‍ച്ചയില്ല. ദൃശ്യങ്ങളും ശബ്ദങ്ങളും വ്യാപകമായി മുറിച്ചുമാറ്റുകയും അങ്ങോട്ടുമിങ്ങോട്ടും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതുപോലുണ്ട്‌. അതിനാല്‍ കുറ്റാരോപിതര്‍ യഥാര്‍ഥത്തില്‍ എന്താണു പറഞ്ഞതെന്ന്‌ സിഡിയില്‍നിന്നു വ്യക്തമല്ല. നാര്‍കോ പരിശോധനാവേളയില്‍ അര്‍ധ ബോധാവസ്ഥയിലായ കുറ്റാരോപിതര്‍ ചോദ്യങ്ങള്‍ക്ക്‌ തീര്‍ത്തും അവ്യക്തമായ മറുപടികളാണ്‌ പലപ്പോഴും നല്‍കുന്നതായി സിഡിയി ല്‍ കാണുന്നത്‌. പല ചോദ്യങ്ങള്‍ക്കും ഞരങ്ങലുകളും മൂളലുകളും മാത്രമാണ്‌ മറുപടി. ആര്‍ക്കും ഇഷ്ടംപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിലാണ്‌ പല പ്രതികരണങ്ങളും. ചോദ്യകര്‍ത്താക്കള്‍ പറഞ്ഞു പറയിക്കുന്ന രീതിയിലാണ്‌ പല ഉത്തരങ്ങളും കേള്‍ക്കാനാവുക. ഉദ്ദേശിക്കുന്ന വാക്ക്‌ ഉത്തരമായി കുറ്റാരോപിതരും പറയണമെന്നു നിര്‍ബന്ധിക്കുന്നതുപോലെ പല വാക്കുകളും ചോദ്യകര്‍ത്താക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്‌. കുറ്റാരോപിതരെ കേസില്‍ കുടുക്കാനായി സിഡികളില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്ന ആരോപണത്തിന്‌ ദൃശ്യങ്ങള്‍ ബലം പകരുകയാണെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നു. നിങ്ങളുടെ അച്ഛന്‍ ഇപ്പോള്‍ മദ്യപാനം നി ര്‍ത്തിയോ ? എന്ന ചോദ്യത്തിന്‌ ഏതുത്തരം പറഞ്ഞാലും ഉത്തരം പറയുന്നയാള്‍ കുടുങ്ങും എന്നതുപോലെ, കുറ്റാരോപിതരെ കുടുക്കുന്ന ചോദ്യങ്ങളാണ്‌ ചോദിക്കുന്നത്‌. കുറ്റാരോപിതരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും അതിന്‌ എന്തെല്ലാം മറുപടികളാണ്‌ അവര്‍ നല്‍കിയതെന്നും കൃത്യമായി അറിഞ്ഞാലേ കേസില്‍ അവര്‍ക്ക്‌ എന്തെങ്കിലും പങ്കുണ്ടോയെന്ന്‌ വ്യക്തമാകൂ. അതിന്‌ നാര്‍കോ പരിശോധനയുടെ ഒറിജിനല്‍ വീഡിയോ കാസറ്റ്‌ തന്നെ ലഭിക്കണം. അതിനിയും ഹാജരാക്കാന്‍ സിബി ഐ തയാറായിട്ടില്ല. നാര്‍കോ പരിശോധനാ സിഡികളുടെ പ കര്‍പ്പ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി പ്ര തിഭാഗത്തിനു കൈമാറിയതിനെത്തുടര്‍ന്ന്‌ ചില ചാനലുകള്‍ ഇന്നലെ ഇവ സംപ്രേ ഷണം ചെയ്തു. കുറ്റാരോപിതര്‍ക്കെ തിരേ സിബിഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്‌ ക്കുംവിധം ദുര്‍വ്യാഖ്യാനം ചെയ്താണ്‌ ചില ചാനലുകള്‍ അവ സംപ്രേഷണം ചെയ്തത്‌. കേസില്‍ കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെട്ടു പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ ജി പരിഗണിച്ചപ്പോഴാണ്‌ കോടതി സിഡി കൈമാറിയത്‌. സാക്ഷിമൊഴികളുടെ പകര്‍പ്പും മുന്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സിഡിക്കൊപ്പം കൈമാറിയിട്ടുണ്ട്‌. ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന്‌ അഭയയെ കൊലപ്പെടുത്തിയെന്നാണ്‌ സിബിഐ ആ രോപിക്കുന്നത്‌. നാര്‍കോ പരിശോധനാ സിഡികളെ ആധാരമാക്കിയാണ്‌ കുറ്റാ രോപിതരെ സിബിഐ കേസില്‍ ഉ ള്‍പ്പെടുത്തിയത്‌. എ ന്നാല്‍, നാര്‍കോ സിഡി കൃത്രിമം നിറഞ്ഞതാണെന്നും താനതു വിശ്വസിക്കില്ലെന്നും കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ച വേളയില്‍ ഹൈക്കോടതിയിലെ ജസ്റ്റീസ്‌ കെ.ഹേമ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബാംഗളൂരിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ അന്ന്‌ അസിസ്റ്റന്റ്‌ ഡയറക്ടറായിരുന്ന ഡോ. മാലിനിയുടെ നേതൃത്വത്തിലാണ്‌ കുറ്റാരോപിതരെ നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കിയത്‌. കൃത്രിമ രേഖകള്‍ ചമച്ചതിന്‌ മാലിനിയെ പിന്നീടു സ ര്‍വീ സില്‍നിന്നു പിരിച്ചുവിട്ടു. അഭയാ കേസില്‍ സിബിഐ ഹാജരാക്കിയ നാര്‍കോ സിഡിയില്‍ നിരവധി കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന്‌ പിന്നീട്‌ കോടതി നിര്‍ദേശപ്രകാരം സിഡി വിദഗ്ധ പരിശോധന നടത്തിയ തിരുവനന്തപുരത്തെ സിഡിറ്റ്‌ കണെ്ടത്തിയിരുന്നു. നാര്‍കോ പരിശോധന ചിത്രീകരിച്ച മൂന്നു സിഡികളില്‍ 72 സ്ഥലങ്ങളില്‍ എഡിറ്റിംഗ്‌ നടന്നതായാണ്‌ സിഡിറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ നാര്‍കോ പരിശോധനയുടെ യഥാര്‍ഥ വീഡിയോ കാസറ്റുകള്‍ ഉടന്‍ കണ്ടെത്തണമെന്ന്‌ സിജെഎം കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. എന്നാല്‍, സിബിഐക്ക്‌ അതു കഴിഞ്ഞിട്ടില്ല. ബാംഗളൂരിലെത്തി ഡോ. മാലിനിയുമായി കൂടിക്കാഴ്ച നടത്തിയ സിബിഐ സംഘം തങ്ങള്‍ ഹാജരാക്കിയത്‌ ഒറിജിനല്‍ സിഡിയാണെന്ന നിലപാടാണ്‌ പിന്നീടു സ്വീകരിച്ചത്‌. സിഡികളുടെ ആധികാരികത സംബന്ധിച്ച്‌ നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിഭാഗം സിഡിയില്‍ കൃത്രിമം നടത്തി എ ന്ന വിധത്തിലാണ്‌ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ബാംഗളൂരിലെ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ ഡോ.മാലിനി തന്നെയാണ്‌ സിഡിയില്‍ കൃത്രിമം കാട്ടിയതെന്നും അവരെ ശിക്ഷിക്കണമെന്നും സിബിഐ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം കോടതി മുമ്പാകെ ലഭ്യമായ തെളിവുകള്‍ പരിശോധിച്ചതില്‍നിന്ന്‌ ഫോറന്‍സിക്‌ ലാബിനെ സംശയിക്കത്തക്ക സാഹചര്യമില്ലെന്നും സിബിഐ തന്നെയാണ്‌ കൃത്രിമം നടത്തിയതെന്നും ഹൈക്കോടതിയിലെ ജസ്റ്റീസ്‌ വി.രാംകുമാര്‍ അടുത്ത ദിവസം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിബിഐയുടെ ഡല്‍ഹി ക്രൈംസ്‌ യൂണിറ്റിനെ അഭയാ കേസ്‌ അന്വേഷണ ത്തില്‍നിന്നു മാറ്റുകയും ചെയ്തു. പിന്നീട്‌ കേസന്വേഷണം ഏറ്റെടുത്ത സിബിഐ അന്വേഷണസംഘവും പഴയ നാര്‍ കോ സിഡിയിലെ വിവരങ്ങള്‍ വച്ചാണ്‌ മൂന്നുപേരെ അറസ്റ്റ്‌ ചെയ്തത്‌. ആ നാര്‍കോ സിഡിയിലെ കൃത്രിമങ്ങള്‍ വ്യക്തമാക്കുന്നതാണ്‌ ഇപ്പോള്‍ ചാനലുകള്‍ വഴി പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദങ്ങളും.

നാര്‍കോ ടേപ്പുകളുടെ സംപ്രേഷണം നിര്‍ത്താന്‍ കോടതി ഉത്തരവ്‌

അഭയാ കേസില്‍ കുറ്റാരോപിതര്‍ക്ക്‌ നല്‍കിയ നാര്‍കോ അനാലിസിസ്‌ സിഡികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്‌ നിര്‍ത്താന്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഫാ.ജോസ്‌ പൂതൃക്കയില്‍, ഫാ.തോമസ്‌ കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ അനാലിസിസ്‌ പരിശോധന നടത്തുന്ന സിഡികളാണ്‌ ഇ ന്നലെ ചാനലുകള്‍ സംപ്രേഷണം ചെയ്തത്‌. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നിര്‍ത്തിവയ്ക്കാന്‍ കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവ്‌ അനുസരിക്കാതെ ചാനലുകള്‍ സംപ്രേഷണം തുട ര്‍ന്ന സാഹചര്യത്തില്‍ പിന്നീട്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കെ.എ ബേബി വീണ്ടും ഉ ത്തരവ്‌ നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏജന്‍സികള്‍ ഉപയോഗിക്കുന്ന രേഖകളും മറ്റു വസ്തുക്കളും പ്രാഥമിക തെളിവുകളായി കണക്കാക്കാത്ത സാഹചര്യത്തില്‍ ഇതു തെളിവെന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റം തെളിഞ്ഞു എന്ന മട്ടിലാണ്‌ പല ചാനലുകളും ഈ ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്‌ അവതരിപ്പിച്ചത്‌. കുറ്റാരോപിതരായവര്‍ക്കു തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ അറിയാന്‍ മാത്രമാണ്‌ രേഖകള്‍ ആവശ്യപ്പെട്ടത്‌. ഇത്‌ ഇവരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ സംപ്രേഷണം ചെയ്തതു ശരിയല്ലെന്ന്‌ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം മാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ കുറ്റാരോപിതരുടെ ഭരണഘടനാപരമായ അവകാശങ്ങളെയാണ്‌ ഇത്തരം നടപടികള്‍ ഹനിക്കുന്നത്‌. മാത്രമല്ല, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്‌ ചാനലുകള്‍ അവതരിപ്പിച്ചു സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചത്‌. ചാനലുകളുടെ ഈ മനുഷ്യാവകാ ശലംഘനത്തിനെതിരേ ഇരകളാക്കപ്പെട്ടവര്‍ക്ക്‌ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ്‌ വീണ്ടും 22ന്‌ പ ഋഗണി ക്കും.കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ്‌ നാര്‍ കോ അനാലിസിസ്‌ സിഡികളും മറ്റു രേഖകളും ആ വശ്യപ്പെട്ടു കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചത്‌. നാര്‍കോ അനാലിസിസ്‌ സിഡികള്‍, സിഡിറ്റി ലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ രേഖകള്‍, മറ്റ്‌ അനുബന്ധ തെളിവുകള്‍ എന്നിവ ആവശ്യപ്പെട്ടാണ്‌ കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചിരുന്നത്‌. പോലീസ്‌ ഡയറി, ക്രൈംബ്രാഞ്ചിന്റെ ചില രേഖകള്‍ എന്നിവ കോണ്‍ഫിഡെന്‍ഷ്യല്‍ എവിഡന്‍സ്‌ എന്ന കാരണത്താല്‍ നല്‍കാനാവില്ലെന്ന്‌ സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ കോടതിയെ അറിയിച്ചു. കുറ്റാരോപിതര്‍ക്കെതിരെയുള്ള മേറ്റ്ല്ലാ തെളിവുകളും കൈമാറുന്നതായും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.സിഡിറ്റ്‌ ഡയറക്ടര്‍ മോഹന്‍കുമാര്‍, രമേഷ്‌ വിക്രമന്‍, പിങ്കി വാസന്‍ എന്നിവരെ ചോദ്യം ചെയ്ത റി പ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നാര്‍കോ സിഡി പരിശോധിക്കാനുള്ള കഴിവ്‌ ഇവര്‍ക്കില്ലെന്നു മൊഴി നല്‍കിയെന്നാണ്‌ സിബിഐ പറയുന്നത്‌. നാര്‍കോ അനാലിസിസ്‌ നടത്തുന്നതു സംബന്ധിച്ച്‌ നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും ഇതിനു മുന്‍പ്‌ നാര്‍കോ ടേപ്പ്‌ പരിശോധന നടത്തിയിട്ടില്ലെന്നും വീഡിയോ ഫോറന്‍സിക്‌ ടേപ്പിനെപ്പറ്റി അറിയില്ലെന്നും ഇവര്‍ പറഞ്ഞതായി സിബിഐ നല്‍കിയ രേഖകളില്‍ പറയുന്നു. സിഎംസി സുപ്പീരിയര്‍ സിസ്റ്റര്‍ ബെനിക്കാസിയ, സൈന എന്നിവരുടെ മൊഴികളും ഇന്നലെ സിബിഐ കോടതിയില്‍ കൈമാറിയിരുന്നു.

Monday, September 14, 2009

വിദ്യാസമ്പന്നര്‍ ന്യൂനപക്ഷസംരക്ഷണത്തിന്‌ മുന്‍കൈയെടുക്കണം: ഡോ. ജോസഫ്‌ കാരിക്കശേരി

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ന്യൂനപക്ഷപീഡനങ്ങള്‍ക്കെതിരെ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന്‌ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച കെ.സി.വൈ.എം- ഡോ.പുളിക്കന്‍ മെമ്മോറിയല്‍ മെറിറ്റ്‌ അവാര്‍ഡ്‌ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ എട്ട്‌ ഫൊറോനകളിലെ വിദ്യാര്‍ഥികള്‍ക്കും റാങ്ക്‌ ജേതാക്കള്‍ക്കും സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അതിരൂപത പ്രസിഡന്റ്‌ അഡ്വ.ഷെറി ജെ.തോമസ്‌ അധ്യക്ഷനായിരുന്നു. ഫാ.ജോസഫ്‌ ഒളിപ്പറമ്പില്‍ ഫാ.സോജന്‍ മാളിയേക്കല്‍, ഐ.എം ആന്റണി, ജയ്മോന്‍ തോട്ടുപുറം, ജോണ്‍ ജോബ്‌, സിസ്റ്റര്‍ ജീന്‍ മേരി, ബിബിന്‍ സി.മഗ്ദലിന്‍, ടീസ ദീപ, പ്രിന്‍സിയ പീറ്റര്‍, നിഥിന്‍, വിമല്‍ എന്നിവര്‍ പ്രസംഗിച്ചു

സര്‍വകലാശാലകളെ രാഷ്ര്ടീയ വിമുക്തമാക്കണം: കെസിബിസി

സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ രാഷ്ര്ടീയ വിമുക്തമാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസരംഗത്ത്‌ കേരളത്തിന്‌ പുരോഗതി പ്രാപിക്കാനാകൂയെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകളെ കക്ഷി രാഷ്ട്രീയക്കാരാണ്‌ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ഇഷ്ടമുള്ളവരെ റിക്രൂട്ട്‌ ചെയ്യുന്നതും അനഭിമതരെ പുറത്താക്കുന്നതും ശരിയല്ല. സര്‍വകലാശാലകളെ അടക്കി ഭരിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉന്നത അക്കാദമിക്ക്‌ മേഖലയില്‍ അരാജകത്വം വര്‍ധിക്കും. സര്‍വകലാശാല കളുടെ സിന്‍ഡിക്കേറ്റുകളിലേക്ക്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക സംഘടനകളുടെയും പ്രതിനിധികളെ നോമിനേറ്റ്‌ ചെയ്യുന്ന രീതി നിര്‍ത്തലാക്കി അക്കാദമിക്‌ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്ക്‌ ഭരണച്ചുമതല നല്‍കണം. രാഷ്ട്രീയ അതിപ്രസരം മൂലം ചില സര്‍വകലാശാലകളില്‍ വൈസ്‌ ചാന്‍സലര്‍മാര്‍ തുടര്‍ച്ചയായി രാജിവച്ച്‌ ഒഴിയേണ്ട അവസ്ഥയാ ണ്‌. സര്‍വകലാശാലകളേയും ഉന്നത വിദ്യാഭ്യാസ രംഗത്തേയും രാഷ്ട്രീയ മുക്തമാക്കാന്‍ സര്‍ക്കാരും രാഷ്ട്രീ യ പാര്‍ട്ടികളും സഹകരിച്ചു അടിയന്തരമായി തീരുമാനമെടുക്കണമെന്നു കെസിബിസി ഭാരവാഹികളായ പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Saturday, September 12, 2009

യേശുവിന്റെ കാലത്തെ സിനഗോഗ്‌ കണ്ടെത്തി

ഗലീലി തീരത്ത്‌ രണ്ടായിരം വര്‍ഷം പഴക്കമു ള്ള സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇസ്രേലി പുരാവസ്തു വിദഗ്ധര്‍ അറിയിച്ചു. മിഗ്ദാല്‍ പ്രദേശത്ത്‌ കണ്ടെത്തിയ ഈ സിനഗോഗില്‍ യേശു പ്രഭാഷണം നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെടന്ന്‌ ഖാനന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം ന ല്‍കിയ ഡിനാ അബ്സ ലോം ഗോര്‍നി അഭിപ്രായപ്പെട്ടു. റോമക്കാര്‍ എഡി 70ല്‍ തകര്‍ത്ത രണ്ടാം ജറൂസലേം ദേവാലയത്തില്‍ ഉണ്ടായിരുന്ന ഏഴ്‌ ശാഖകളുള്ള മെനോറ എന്ന വിളക്കിന്റെ മാതൃക ഈ സിനഗോഗില്‍ ഒരു കല്ലില്‍ ഉല്ലേഖനം ചെയ്തതായി കാണപ്പെട്ടു. ഇതു രചിച്ച കലാകാരന്‍ ജറൂസലമില്‍ പോയി പ്രസ്തുത വിളക്ക്‌ നേരിട്ടു കണ്ടിട്ടുണ്ടെന്ന്‌ അനുമാനിക്കാമെന്ന്‌ ഡീനാ പറഞ്ഞു. ബിസി 50നു ശേഷം നിര്‍മിക്കപ്പെട്ടതാണ്‌ ഈ സിനഗോഗെന്നു കരുതുന്നു.

Friday, September 11, 2009

കത്തോലിക്കാസഭ എന്നും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്‌ : മാര്‍ പവ്വത്തില്‍

കത്തോലിക്കസഭ എന്നും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. പി.ഒ.സിയില്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കസഭാവക്താക്കള്‍ക്ക്‌ വേണ്ടി നടന്ന മാധ്യമ സമ്പര്‍ക്ക ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. അടുത്തകാലത്ത്‌ കത്തോലിക്കസഭയും സമൂഹവും കൂടുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌.കത്തോലിക്കസഭയെ ജനമധ്യത്തില്‍ ആക്ഷേപിക്കാന്‍ ഭരണരംഗത്തുനിന്നുള്ള അതിശക്തമായ നീക്കവും നടന്നുവരുന്നു. വിവിധമേഖലകളില്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്‌. ഈ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പെട്ടെന്ന്‌ രൂപം കൊണ്ടതല്ല. 1957ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസനയം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്‌. അന്ന്‌ നടപ്പിലാക്കാന്‍ സാധിക്കാത്ത അജന്‍ഡ ഇപ്പോള്‍ നടപ്പിലാക്കി സഭയെ വെല്ലുവിളിക്കാനാണ്‌ തീരുമാനം. മതനിരപേക്ഷത ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ച്‌ മതത്തെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. വിശ്വാസവും ധാര്‍മികതയും പൊതുസമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ മതവും വിശ്വാസവും ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ വ്യക്തമാക്കി. നന്മ കൈവിടാതെ സത്യത്തെ മുറുകെ പിടിച്ച്‌ ഒരേ സ്വരത്തില്‍ കെട്ടുറപ്പോടെ സഭയുടെ അഭിപ്രായം പ്രഖ്യാപിക്കാന്‍ നമുക്കു കഴിയണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍ ചയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വക്താവ്‌ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ജീവന്‍ ടിവി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ പി.ജെ ആന്റണി, സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍സെക്രട്ടറി ഫാ.ജോണി കൊച്ചുപ്പറമ്പില്‍, ഡോ.ലിസി ജോസ്‌, അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മനോരമ ന്യൂസ്ഡയറക്ടര്‍ ജോണി ലൂക്കോസ്‌, സീറോമലബാര്‍സഭ വക്താവ റവ. ഡോ. പോള്‍ തേലക്കാട്ട്‌, ഇന്ത്യ വിഷന്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ മിസ്റ്റര്‍ ഭഗത്‌ ചന്ദ്രശേഖര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ രൂപതകളില്‍നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.

Wednesday, September 9, 2009

ദൈവവിശ്വാസം മനുഷ്യനെ യഥാര്‍ഥ ആനന്ദവാനാക്കും: ബിഷപ്‌

ദൈവവിശ്വാസമാണ്‌ മനുഷ്യനെ യഥാര്‍ഥ ആനന്ദവാനാക്കുന്നതെന്ന്‌ അങ്കമാലി-എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. ചരിത്രപ്രസിദ്ധമായ കൊരട്ടിമുത്തിയുടെ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച്‌ ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. ലോകം തരുന്ന നേട്ടങ്ങളൊന്നും മനുഷ്യനെ സൗഭാഗ്യവാനാക്കുന്നില്ല. പരിശുദ്ധ അമ്മയെപോലെ ദൈവസ്നേഹം മറ്റുള്ളവരിലേക്ക്‌ നമ്മുടെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കുന്നവരാകണമെന്ന്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു. വൈദിക വര്‍ഷത്തോടനുബന്ധിച്ച്‌ ഫൊറോനയിലെ എല്ലാ ഇടവകകളില്‍നിന്നുള്ള വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ്‌ കര്‍മം ബിഷപ്‌ നിര്‍വഹിച്ചു. 25,000 പേര്‍ക്കാണ്‌ നേര്‍ച്ച സദ്യ ഒരുക്കിയിരുന്നത്‌. വികാരി ഫാ. ലൂക്കോസ്‌ കുന്നത്തൂര്‍, ട്രസ്റ്റിമാരായ ജോയി വളപ്പി, പൗലോസ്‌ കോട്ടയ്ക്കല്‍, വൈസ്‌ ചെയര്‍മാന്‍ ജോജോ നാല്ലാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി. ധനപാലന്‍ എംപി, ബി.ഡി. ദേവസി എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ആഗസ്റ്റിന്‍ ജോസ്‌ തുടങ്ങിയ വിവിധ ജനപ്രതിനിധികളും ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്തു

Monday, September 7, 2009

ജീവന്‌ മൂല്യം നല്‍കുന്ന പുതിയ സംസ്കാരം വളരണം : മാര്‍ പവ്വത്തില്‍

ജീവന്‌ മൂല്യം കല്‍പ്പിച്ച്‌ ജീവന്റെ സംസ്കാരം വളര്‍ത്താന്‍ സമൂഹം പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കൃപാ പ്രോലൈഫേഴ്സിന്റെ ആഭിമുഖ്യത്തില്‍ നഴ്സുമാര്‍ക്കായി ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയില്‍ സംഘടിപ്പിച്ച സിമ്പോസിയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവന്‌ മൂല്യം കല്‍പ്പിക്കുന്നവര്‍ക്കുമാത്രമേ ജീവന്റെ സംരക്ഷകരാകാന്‍ കഴിയുകയുള്ളൂ. ദൈവത്തിന്റെ ഇടപെടലിലാണ്‌ ജീവന്‍ ഉണ്ടാകുന്നത്‌. ദൈവദാനമായി ലഭിക്കുന്ന ജീവന്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജീവനെ നിസാരവത്കരിക്കാന്‍ ഇന്ന്‌ തീവ്രശ്രമം നടക്കുകയാണ്‌. അതിന്റെ ഭാഗമാണ്‌ ഭ്രൂണഹത്യ മുതല്‍ കൊലപാതകം വരെയുള്ള കാര്യങ്ങളെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ജീവന്റെ ഉടമ ദൈവമാണെന്നും മനുഷ്യന്‍ ജീവന്റെ വാഹകര്‍ മാത്രമാണെന്നുമുള്ള ക്രൈസ്തവ വീക്ഷണം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ഉത്ബോദിപ്പിച്ചു. ചെത്തിപ്പുഴ ആശുപത്രി ഡയറക്ടര്‍ ഫാ. ചാക്കോ പുതിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപതാ വികാരി ജനറാള്‍ ഫാ. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ സന്ദേശം നല്‍കി. സിനിമാ ആര്‍ട്ടിസ്റ്റ്‌ സ്ഫടികം ജോര്‍ജ്‌ ലോഗോ പ്രകാശനം ചെയ്തു. കൃപാ പ്രോലൈഫേഴ്സ്‌ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയിസ്‌ വെള്ളാനിക്കല്‍, സെന്റ്‌ തോമസ്‌ നഴ്സിംഗ്‌ കോളജ്‌ ഡയറക്ടര്‍ ഫാ. സോണി തെക്കേക്കര, കൃപാ ഡയറക്ടര്‍ ഏബ്രഹാം പുത്തന്‍കളം, കോ-ഓര്‍ഡിനേറ്റര്‍ മോളി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ജീവന്റെ സംരക്ഷണത്തെക്കുറിച്ച്‌ നടന്ന സിമ്പോസിയം കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസ്‌ കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ്‌ താന്നിപ്പാറ, ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ്‌, റവ. ഡോ. സ്കറിയ കന്യാകോണില്‍, ഡോ. സൂസന്‍ മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ദേശീയപാതയ്ക്ക്‌ സമീപം മദ്യശാലകള്‍ നിരോധിക്കണം : കെസിബിസി

ദേശീയ പാതകള്‍ക്കും ഗതാഗതത്തിരക്കു കൂടുതലുള്ള പ്രധാന റോഡുകള്‍ക്കും സമീപം മദ്യശാലകള്‍ നടത്താന്‍ ലൈസന്‍സ്‌ നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പിലാക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. കേരളത്തില്‍ മദ്യപാനശീലവും ദേശീയ പാതകള്‍ക്ക്‌ സമീപമുള്ള മദ്യശാലകളോട്‌ ചേര്‍ന്ന്‌ റോഡപകടങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം അടിയന്തരപ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതായിട്ടുണ്ട്‌. കേരളത്തിലെ റോഡുകളിലുണ്ടാകുന്ന അപകടങ്ങള്‍ക്കു പ്രധാന കാരണം മദ്യപിച്ചു കൊണ്ടുള്ള ഡ്രൈവിംഗാണെന്ന്‌ സര്‍ക്കാര്‍ തന്നെ നടത്തിയ വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. മദ്യവില്‍പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ട്‌ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്‌ ഒരു ജനതയോട്‌ ചെയ്യുന്ന വലിയ സാമൂഹിക അനീതിയാണെന്നു കെസിബിസി ഭാരവാഹികളായ പ്രസിഡന്റ്‌ ആര്‍ച്ചു ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈ സ്പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ സെക്രട്ടറി ജനറല്‍, ആര്‍ച്ച്‌ ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Saturday, September 5, 2009

സിബിസിഐ അനുശോചിച്ചു

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭരായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച രാജശേഖര റെഡ്ഡിയെന്ന്‌ ഇന്ത്യ യിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അഭിപ്രായപ്പെട്ടു. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാന്‍ റെഡ്ഡി പ്രത്യേക താത്പര്യം എടുത്തിരുന്നുവെന്ന്‌ സിബിസിഐ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമായി സ്വജീവന്‍ അര്‍പ്പിച്ച റെഡ്ഡിയുടെ സേവനം രാഷ്ട്രം എക്കാലവും അനുസ്മരിക്കും.ഉന്നതനായ ഈ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന്‌ സിബിസിഐ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

സര്‍ക്കാര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: മാര്‍ തെക്കേത്തെച്ചേരില്‍

മദ്യത്തിനും മദ്യപാനത്തിനും സംരക്ഷണം നല്‍കുന്ന ഭരണസംവിധാനമാണ്‌ കേരളത്തിലെ ഇടതുസര്‍ക്കാരിന്റേതെന്ന്‌ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെയും രൂപത ഡയറക്ടര്‍മാരുടെയും സമ്മേളനം വിജയപുരം ബിഷപ്സ്‌ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. യഥേഷ്ടം മദ്യശാലകള്‍ തുറന്നുവച്ചിട്ട്‌, ‘തൊടരുത്‌’ എന്നു പറയുന്നതു നായയുടെ മുമ്പില്‍ മാംസം വയ്ക്കുന്നതുപോലെയാണ്‌. മദ്യഷാപ്പിനു മുമ്പില്‍ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക്‌ യാതൊരുവിധ അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ നല്‍കുന്ന പോലീസ്‌ സംരക്ഷണം മറ്റു സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുമ്പോള്‍ മുന്‍കൂര്‍ ഉണ്ടാവാഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹം ചോദിച്ചു. തിരുവല്ല വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ രാമനാലില്‍ കോറെപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, മാത്യു എം. കണ്ടത്തില്‍, യോഹന്നാന്‍ ആന്റണി, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ്‌ നേരെവീട്ടില്‍, ഫാ. ജെറോം അഗസ്റ്റിന്‍, ഫാ. മാത്യു കുരീത്തറ, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ഡെന്നിസ്‌ മണ്ണൂര്‍, ഫാ. ജോര്‍ജ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.