Saturday, July 30, 2011

ലത്തീൻ സമുദായത്തിന്‌ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല: ഡോ. സൂസപാക്യം

കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ലത്തീൻ സമൂദായത്തിന്‌ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന്‌ ആർച്ച്ബിഷപ്‌ ഡോ.എം.സൂസപാക്യം. കേരള റീജിയൻ ലാറ്റിൻ കാത്തലിക്‌ കൗൺസിലിന്റെ (കെആർഎൽസിസി) പതിനെട്ടാമതു ജനറൽ ബോഡി യോഗം ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയിലൊഴികെ മറ്റൊരിടത്തും സമുദായത്തിനു വേണ്ടത്ര സ്വാധീനമില്ലെന്നാണു പല രാഷ്ട്രീയ കക്ഷികളുടെയും ധാരണ. ഇതു തിരുത്തപ്പെടണം. നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദായാംഗങ്ങളായ പലരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ കത്തോലിക്കരിൽ മൂന്നിലൊന്ന്‌ അംഗബലമുള്ള ലത്തീൻ കത്തോലിക്കാ സഭയുടെ മഹത്തായ പൈതൃകത്തെക്കുറിച്ചു സഭാംഗങ്ങളിലും സമൂഹത്തിലും ആഴത്തിലുള്ള അവബോധം രൂപപ്പെടേണ്ടതുണ്ട്‌. ആനുകാലിക വിഷയങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ സ്വന്തമായ നിലപാടുകളെടുത്തു മുന്നോട്ടുപോകും. സ്വാശ്രയ വിഷയത്തിൽ കേരളസഭ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെയും നിലപാടുകളെയും പൂർണമായും പിന്തുണക്കും. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു ചില മാധ്യമങ്ങൾ തെറ്റായ ധാരണകൾ പടർത്താൻ ശ്രമിക്കുന്നുണ്ട്‌. മാധ്യമരംഗത്തു സഭ സാന്നിധ്യമറിയിക്കേണ്ട കാലം അതിക്രമിച്ചു. കെആർഎൽസിസി നേതൃത്വം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ആർച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം പറഞ്ഞു. കെആർഎൽസിസി വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോസഫ്‌ കരിയിൽ അധ്യക്ഷത വഹിച്ചു. ചാൾസ്‌ ഡയസ്‌ എംപി, ഫാ. പയസ്‌ ആറാട്ടുകുളം എന്നിവർ പ്രസംഗിച്ചു.

Friday, July 29, 2011

വിശുദ്ധ അൽഫോൻസാമ്മ മാതൃകാപുസ്തകം: മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി.

സമൂഹത്തിനു ജീവിതവിശുദ്ധി നേടാൻ ഏറെ പഠിക്കാൻ കഴിയുന്ന മാതൃകാപുസ്തകമാണു വിശുദ്ധ അൽഫോൻസാമ്മയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ റാസയർപ്പിച്ച്‌ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജീവിതമായിരുന്നു അൽഫോൻസാമ്മയുടേത്‌. സഹനത്തിന്റെ വഴിയേ നടന്ന്‌ വാക്കിലും പ്രവൃത്തിയിലും ദൈവേഷ്ടം നിറവേറ്റാൻ വിശുദ്ധയ്ക്കു കഴിഞ്ഞു. എല്ലാവരും വേദനകൾ വിട്ടുമാറാൻ പ്രാർഥിച്ചപ്പോൾ അതു തന്റേതുമാത്രമാകണമെന്നാണു വിശുദ്ധ പ്രാർഥിച്ചത്‌. സഹനത്തിന്റെ പല മുഖങ്ങളുള്ള ക്രിസ്തുവിന്റെ ജീവിതഗാഥയാണ്‌ അൽഫോൻസാമ്മ സ്വജീവിതത്തിലൂടെ പകർന്നുതരുന്നത്‌. വിശുദ്ധിയുടെ പിന്നിലുള്ള പ്രവൃത്തിക്കപ്പുറമുള്ള ദൈവികവിളി അൽഫോൻസാമ്മയുടെ ജീവിതത്തിൽ കാണാനാവും. സ്വന്തം ജീവിതശൈലിയിൽ നിൽക്കുമ്പോഴും സമൂഹത്തിൽനിന്ന്‌ നല്ല ആശയങ്ങൾ നേടിയെടുക്കാനാവണം. ബലഹീനതകളെ ബലമാക്കി മാറ്റണം. ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒഴിഞ്ഞുപോകാതെ അൽഫോൻസാ മാതൃകയിൽ ജീവിക്കാൻ നമുക്കും കഴിയണം: മാർ ആലഞ്ചേരി പറഞ്ഞു.

Thursday, July 28, 2011

സഭ സമൂഹത്തിന്റെ മനഃസാക്ഷി ആകണം: മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി

പാലാ രൂപതയുടെ വൈശിഷ്ട്യത്തിൽ അഭിമാനം കൊള്ളുന്നതായും രൂപത സാർവത്രികസഭയിലാകെ നിറഞ്ഞുനിൽക്കുന്നതായും മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. പാലാ ബിഷപ്സ്‌ ഹൗസിൽ നടന്ന സൗഹൃദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. പാലാ രൂപതയിൽ മിഷൻ ചൈതന്യം നിറഞ്ഞുനിൽക്കുകയാണ്‌. ദൈവദാനങ്ങളോടു സഹകരിച്ചുള്ള നേതൃത്വശുശ്രൂഷയാണ്‌ ഓരോരുത്തരുടെയും ധർമം. സഭയെ ചുളിവില്ലാത്തവളായി മനുഷ്യസമൂഹത്തിനു മുന്നിൽ പ്രതിഷ്ഠിക്കാൻ കഴിയണം. സീറോ മലബാർ സഭയുടെ സേവനത്തിനായുള്ള ദാഹം എല്ലായിടങ്ങളിലും പ്രകടമാണ്‌. ആരും മാറിനിൽക്കാതെയും ആരെയും മാറ്റിനിർത്താതെയുമുള്ള നേതൃത്വ ജീവിതശൈലിയാണ്‌ ഉണ്ടാകേണ്ടത്‌. തെറ്റു ചെയ്യുന്നവരെ തിരുത്താ നുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന നിയോഗശുദ്ധി സമൂഹത്തിൽ സൃഷ്ടിക്കണം. സഭ സമൂഹത്തിന്റെ മനഃസാക്ഷിയാകണം. സഭ രാഷ്ട്രത്തിന്റെ മനഃസാക്ഷിയാകുകയെന്നാൽ രാഷ്ട്രവുമായി ഏറ്റുമുട്ടുകയെന്നല്ല. സഭ എന്നും സമൂഹത്തോടൊപ്പവും സമൂഹത്തിനുള്ളിൽനിന്നും പ്രവർത്തി ക്കേണ്ടതുണ്ട്‌. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ കൂടുതൽ ഇറങ്ങിച്ചെല്ലാൻ കഴിയണം. വിദ്യാഭ്യാസ പ്രവർത്തനത്തിൽനിന്ന്‌ ഒട്ടും അകന്നുനിൽക്കാൻ സഭയ്ക്കു കഴിയില്ല. സമുദായങ്ങളെ ഭിന്നിപ്പിച്ചു പ്രവർത്തിപ്പിക്കാൻ സഭ ആഗ്രഹിക്കുന്നില്ല. എല്ലാ സംസ്കാരങ്ങളെയും ഒരുമിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള ശുദ്ധമായ ലക്ഷ്യമാണു സഭയ്ക്കുള്ളത്‌ - മേജർ ആർച്ച്ബിഷപ്‌ പറഞ്ഞു

പ്രതിസന്ധികളെ നേരിടാൻ പുതുതലമുറയെ പ്രാപ്തരാക്കണം: മാർ ജോസഫ്‌ പെരുന്തോട്ടം

അധ്വാനവും ക്ലേശവും ഒഴിവാക്കി മാതാപിതാക്കൾ മക്കൾക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത്‌ ആപത്താണെന്നും ജീവിതപ്രതിസന്ധികളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. പ്രയാസങ്ങളെ അതിജീവിച്ചു മുന്നേറുമ്പോൾ ആത്മധൈര്യവും പ്രത്യാശയും നൽകുന്നുവെന്നാണ്‌ അൽഫോൻസാമ്മ തന്റെ ജീവിതം വഴി പഠിപ്പിക്കുന്നത്‌. സഹനത്തെ ദൈവസ്നേഹത്തിന്റെ അടയാളമായാണ്‌ അൽഫോൻസാമ്മ കണ്ടത്‌. ചെറിയ ക്ലേശം പോലും ആധുനികലോകത്തെ മനുഷ്യനു സഹിക്കാൻ സാധിക്കുന്നില്ല. പരീക്ഷയ്ക്കു തോറ്റാലും മാതാപിതാക്കൾ വഴക്കുപറഞ്ഞാലും ചെറിയ ഒറ്റപ്പെടുത്തലുകളുണ്ടായാലും ജീവിതത്തിൽനിന്നു തന്നെ പാടേ ഒളിച്ചോടാനാണു പുതുതലമുറ താത്പര്യം കാണിക്കുന്നത്‌. സഹനജീവിതത്തിൽ അൽഫോൻ സാമ്മയെ മാതൃകയാക്കണമെന്നും ആർച്ച്ബിഷപ്‌ പറഞ്ഞു.

Wednesday, July 27, 2011

കെസിബിസി വനിതാ കമ്മീഷൻ വാർഷികസമ്മേളനം സമാപിച്ചു

കെസിബിസി വനിതാ കമ്മീഷന്റെ ദ്വിദിന വാർഷികസമ്മേളനം പിഒസിയിൽ സമാപിച്ചു. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ, പാർപ്പിടപദ്ധതികൾ എന്നിവയുടെ നടത്തിപ്പിൽ സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്‌. കരുത്തും കഴിവും സമൂഹത്തിനുവേണ്ടി ഉപയോഗിക്കാൻ സ്ത്രീകൾ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ നവസുവിശേഷവത്ക്കരണത്തെക്കുറിച്ചു ചിന്തിക്കുന്ന അവസരത്തിൽ വിശ്വാസ കൈമാറ്റത്തിനു കൂടുംബത്തിലും സമൂഹത്തിലും മുൻകൈ എടുക്കേണ്ടതു സ്ത്രീകളാണെന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി പറഞ്ഞു. സ്ത്രീകൾ സേവനമേഖലകളിൽ സജീവമാകണമെന്നും അതിനുവേണ്ട സഹായം ചെയ്യാൻ സഭ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെയും മറ്റ്‌ ആധുനിക സങ്കേതിക സംവിധാനങ്ങളുടെയും സ്വാധീനത്തിൽ സ്ത്രീകൾ വൈകാരികതയ്ക്കു അടിമപ്പെടാതിരിക്കണമെന്നു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ വരാപ്പുഴ ആർച്ച്ബിഷപ്‌ ഡോ.ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ ഓർമിപ്പിച്ചു. കെസിബിസി വനിതാ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ജോസഫ്‌ മാർ തോമസ്‌ അധ്യക്ഷത വഹിച്ചു. മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിയെ വനിതാ കമ്മീഷനുവേണ്ടി സെക്രട്ടറി ആനി റോഡ്നി അനുമോദിച്ചു. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ഹെലൻ സൽദാന, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ, ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്‌ കോട്ടയിൽ, അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തിൽ, വനിതാ കമ്മീഷൻ ജോയിന്റ്‌ സെക്രട്ടറി റോസക്കുട്ടി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ശാലിനി, റവ.ഡോ.ജോർജ്ജ്‌ കുഴിപ്പള്ളി, അഡ്വ. അഞ്ജലി സൈറസ്‌, സെബാസ്റ്റ്യൻ ജോസഫ്‌ എന്നിവർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽനിന്നു നൂറു പ്രതിനിധികൾ പങ്കെടുത്തു.

മൂല്യബോധമുള്ള തലമുറയാകാൻ വായനാശീലം കൂടിയേ കഴിയൂ: ഡോ. ജോസഫ്‌ കരിയിൽ

പാഠപുസ്തകത്തിന്‌ അപ്പുറമുള്ള അറിവിന്റെ ലോകത്തേക്കു കടന്ന്‌ മൂല്യബോധമുള്ള തലമുറയായി തീരുവാൻ വായനാശീലം കൂടിയേ കഴിയൂ എന്ന്‌ ബിഷപ്‌ ഡോ. ജോസഫ്‌ കരിയിൽ വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സത്യാവസ്ഥ വിവേചിച്ചറിയുവാൻ നിരന്തരമായി മാധ്യമ അവബോധം വളർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തോപ്പുംപടി കാത്തലിക്‌ സെന്ററിൽ പ്രവർത്തിക്കുന്ന സെന്റ്‌ ജോസഫ്‌ കോളജിലെ 1,200 വിദ്യാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹനത്തിന്റെ അഭാവം കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നു: ഡോ. ജോസഫ്‌ കാരിക്കശേരി

വർത്തമാനകാലഘട്ടത്തിൽ കുറ്റകൃത്യങ്ങൾ വളരാൻ കാരണം സഹനത്തിന്റെ കുറവാണെന്നു കോട്ടപ്പുറം രൂപത ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി പറഞ്ഞു. അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധബലിയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്‌. സഹനജീവിതത്തിൽ അൽഫോൻസാമ്മയുടെ മാതൃക തുടരാനായാൽ സമൂഹത്തിലെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാവും. തിരിതെളിച്ചാൽ അത്‌ ഊതിക്കെടുത്തുന്നവരുടെ നാടായി കേരളം മാറുന്നു. പിഞ്ചുകുഞ്ഞുങ്ങൾപോലും മുതിർന്നവരാൽ ചൂഷണംചെയ്യപ്പെടുന്നു. ഒറ്റപ്പെടുത്തലിന്റെയും ത്യജിക്കലിന്റെയും അനുഭവം ദൈവോന്മുഖമായ പടവുകളായി അൽഫോൻസാമ്മ കണ്ടറിഞ്ഞു. പുഞ്ചിരിയും എളിമയും വിനയവും കുരുന്നുകൾക്കു പകർന്നു നൽകേണ്ടതു കാലഘട്ടത്തിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശങ്ങൾ തകർക്കാൻ സംഘടിതശ്രമം: മാർ ആൻഡ്രൂസ്‌ താഴത്ത്‌

ഭരണഘടന അനുശാസിക്കുന്ന മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ അവകാശങ്ങൾ തകർക്കാൻ കേരളത്തിൽ ചില സംഘടിതശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരേ കേരളത്തിലെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ ആഹ്വാനം ചെയ്തു. കാത്തലിക്‌ ടീച്ചേഴ്സ്‌ ഗിൽഡ്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ രംഗത്ത്‌ അധ്യാപക-വിദ്യാർഥി അനുപാതം 1:30 നടപ്പിലാക്കുമ്പോൾ മുഴുവൻ അധ്യാപകർക്കും അതിന്റെ ആനുകൂല്യം ലഭ്യമാക്കാൻ ശ്രമിക്കണമെന്നും മാർ താഴത്ത്‌ ആവശ്യപ്പെട്ടു.

Monday, July 25, 2011

കാലഘട്ടത്തിനാവശ്യം പ്രതീക്ഷയുടെ പുളിമാവ്‌: മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌

ആധുനിക കാലഘട്ടത്തിനാവശ്യം പ്രതീക്ഷയുടെ പുളിമാവാണെന്നും നിരാശയല്ലെന്നും മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌. വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.ജീവിതംനൽകുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാനുള്ള ആത്മ ധൈര്യമാണുണ്ടാകേണ്ടത്‌. ക്രിസ്തുവിനൊടൊത്തു ജീവിക്കുന്നവർക്ക്‌ അതു ലഭിക്കും. വിശുദ്ധരുടെ കബറിടങ്ങൾ സന്ദർശിക്കുകയും മധ്യസ്ഥത തേടുകയും ചെയ്യുമ്പോൾ ഈ ആത്മധൈര്യത്തിനായാവണം ആഗ്രഹിക്കേണ്ടത്‌, കാര്യസാധ്യത്തിനുവേണ്ടിയാവരുത്‌- ബിഷപ്‌ പറഞ്ഞു.

അഴിമതിക്കെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം: ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

നവസുവിശേഷവത്കരണത്തിനും അഴിമതിരഹിത രാഷ്ട്രനിർമാണത്തിനും യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന്‌ വരാപ്പുഴ ആർച്ച്ബിഷപ്‌ ഡോ.ഫ്രാൻസിസ്‌ കല്ലാര്റക്കൽ ആഹ്വാനം ചെയ്തു. കെസിവൈഎം സംഘടിപ്പിച്ച വരാപ്പുഴ അതിരൂപത യുവജനസംഗമം-2011 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു മാതൃകയാകുന്ന ജീവിതം നയിച്ച്‌ സമൂഹത്തിൽ ശക്തമായ ധാർമിക സംഘടിത ശക്തിയായി മാറാൻ കെസിവൈഎമ്മിന്‌ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വികസനത്തിന്‌ മാനുഷിക മുഖം നൽകുകയും ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനങ്ങളും സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടാകുമെന്നും ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്‌ പറഞ്ഞു.അഴിമതിക്കാരെ തുറങ്കിലടയ്ക്കുകയും അഴിമതി പണം കണ്ടുകെട്ടുകയും ചെയ്യണം, വല്ലാർപാടം കണെ്ടയ്നർ ടെർമിനലിനു വേണ്ടി കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിച്ച സംസ്ഥാന സർക്കാരിനെ അനുമോദിക്കുന്നു എന്നീ പ്രമേയങ്ങൾ യോഗത്തിൽ പാസാക്കി.

നീതിയുടെ വഴിയിൽ പീഡിതർക്കു വേണ്ടി അവരും കോട്ടണിഞ്ഞു

സമൂഹത്തിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക്‌ നീതി ലഭിക്കായി പൊരുതാൻ തിരുവസ്ത്രത്തിനൊപ്പം കറുത്ത കോട്ടണിഞ്ഞ്‌ അവരും ഇന്നലെ അഭിഭാഷകരായി. സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യാൻ ജീവിതം മാറ്റിവച്ച രണ്ടു വൈദികരും മൂന്നു കന്യാസ്ത്രീകളുമാണ്‌ ഇന്നലെ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ അഭിഭാഷകരുടെ കുപ്പായമണിഞ്ഞത്‌. സിഎംഐ സഭാ വൈദികൻ ഫാ.തോമസ്‌ ചേപ്പില, കപ്പൂച്ചിൻ സന്യാസ സഭാ വൈദികൻ ഫാ. സിബി മാത്യു, സിസ്റ്റർ ജോളി ജോസഫ്‌, സിസ്റ്റർ സബീന, സിസ്റ്റർ സെലിൻ ജോസഫ്‌ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. തിരുവനന്തപുരം ക്രൈസ്റ്റ്‌ ഹോൾ ആശ്രമത്തിൽ വൈദികനായ ഫാ.തോമസ്‌ ചേപ്പിലയ്ക്ക്‌ എൻറോൾമെന്റ്‌ ചടങ്ങിനെത്തുമ്പോൾ മനസിൽ ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ - അഭിഭാഷകനാകണമെന്ന ആഗ്രഹത്തിന്‌ ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പിതാവ്‌ ഒപ്പമില്ലല്ലോ എന്നത്‌. വൈദികനായ താൻ അഭിഭാഷകനാകുന്നത്‌ ഏറെ ആഗ്രഹിച്ചിരുന്ന പിതാവ്‌ സക്കറിയ ജോസ്‌ ഒരാഴ്ചമുൻപാണു മരിച്ചത്‌. ബാംഗളൂർ ധർമാരാം കോളജിൽനിന്ന്‌ ഫിലോസഫിയിലും ദൈവശാസ്ത്രത്തിലും ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള ഫാ. തോമസ്‌ വൈദികശുശ്രൂഷകൾക്കുശേഷം വൈകുന്നേരങ്ങളിൽ സമയം കണ്ടെത്തിയാണ്‌ എൽഎൽബി പഠനം പൂർത്തിയാക്കിയത്‌. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്നാണ്‌ നിയമബിരുദം നേടിയത്‌. അടുത്ത വർഷം എൽഎൽഎമ്മിന്‌ ചേരണമെന്നാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ പുന്നക്കുന്നത്തുശേരി സെന്റ്‌ ജോസഫ്‌ ഇടവകാംഗമാണ്‌. ചങ്ങനാശേരി രാജമറ്റം പള്ളിവികാരി ഫാ. സിറിൽ ചേപ്പില ജ്യേഷ്ഠ സഹോദരനാണ്‌. അമ്മ തങ്കമ്മ. ചേച്ചിയും, അനുജനുമുണ്ട്‌. കപ്പൂച്ചിൻ സഭാ വൈദികനായ ഫാ.സിബി മാത്യു അഭിഭാഷകനായതു സ്വന്തമായ ആഗ്രഹപ്രകാരമാണ്‌. തിരുവനന്തപുരം മണ്ണന്തല റാണിഗിരി ആശ്രമദേവാലയത്തിലെ വൈദികനാണ്‌ ഫാ.സിബി മാത്യു. സാമൂഹിക പ്രവർത്തനങ്ങൾക്ക്‌ ഏറെ താത്പര്യം കാട്ടുന്ന ഫാ.സിബി മാത്യു അസീസി നികേതനം വൃദ്ധസദനത്തിന്റെ ഡയറക്ടറാണ്‌. കാഞ്ഞിരപ്പള്ളി പാറടിയിൽ ഏബ്രഹാം മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനാണു ഫാ. സിബി മാത്യു. സാമൂഹിക സേവനത്തിലെ താത്പര്യമാണു തന്നെ അഭിഭാഷകയാക്കിയതെന്നു സിസ്റ്റർ ജോളി ജോസഫ്‌ പറയുന്നു. ചങ്ങനാശേരി എസ്‌.എച്ച്‌ കോൺവന്റിലെ അംഗമാണ്‌. രാജഗിരി കോളജിൽനിന്നു സോഷ്യൽ വർക്കിൽ ബിരുദം നേടിയ സിസ്റ്റർ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനാണു കൂടുതൽ താത്പര്യം കാട്ടുന്നത്‌. എറണാകുളം ലോകോളജിൽനിന്ന്‌ ഈ വർഷം പഠിച്ചിറങ്ങിയ സിസ്റ്റർ 2002ലാണു കന്യാസ്ത്രീയായി സഭാവസ്ത്രമണിഞ്ഞത്‌. സേവനം ജീവിതമാക്കിയ തങ്ങൾക്കു ജനസേവനത്തിന്‌ ദൈവം നൽകിയ മറ്റൊരവസരമാണിതെന്നും സിസ്റ്റർ ജോളി ജോസഫ്‌ പറയുന്നു. ചക്കുളത്തുകാവ്‌ മുട്ടാർ ചീരംവീട്ടിൽ ജോസിന്റെയും മറിയാമ്മയുടെയും ഏക മകളാണ്‌ സിസ്റ്റർ ജോളി ജോസഫ്‌. പൂനയിലെ വായ്ഗഡ്‌ വനമേഖലയിലെ ആദിവാസികൾക്കു നേരെയുണ്ടാകുന്ന നീതിനിഷേധം നേരിൽ കണ്ടാണ്‌ സിസ്റ്റർ സെലിൻ ജോസഫ്‌ നിയമ പഠനത്തിന്‌ ഇറങ്ങിയത്‌. സമൂഹത്തിൽ അവഗണനകൾ നേരിടുന്നവർക്ക്‌ അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ അഭിഭാഷക പദവി ഉപയോഗപ്പെടുത്തുമെന്നു സിസ്റ്റർ സെലിൻ ജോസഫ്‌ പറയുന്നു. വൈപ്പിൻ മാറാട്ടുപറമ്പ്‌ ഇടവകാംഗമായ സിസ്റ്റർ സെലിൻ ജോസഫ്‌ 24 വർഷം മുൻപാണ്‌ കന്യാസ്ത്രീയാകണമെന്ന മോഹവുമായി സെന്റ്‌ റാഫേൽ മേരി കോൺവന്റിൽ എത്തിയത്‌. കന്യാസ്ത്രീയായതിനുശേഷം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അതുരസേവനപ്രവർത്തനങ്ങൾ നടത്തിയ സിസ്റ്റർ ആരോരുമില്ലാത്തവർക്ക്‌ അശ്രയമായിരുന്നു. ഇപ്പോൾ കാക്കനാട്ട്‌ മാനസിക വൈകല്യമുള്ള വിദ്യാർഥികളെ യോഗ പരിശീലിപ്പിക്കുന്നുണ്ട്‌.

Friday, July 22, 2011

ഹൃദ്യാനുഭവം പകർന്നു ദിവ്യകാരുണ്യചരിതം കഥകളി

ചങ്കിലെ ചോരയാൽ പ്രാണനിലെഴുതിയ നേരിന്റെ പേരാണു സ്നേഹം... കഥകളിവേദിക്ക്‌ ഇന്നലെവരെ പരിചിതമല്ലാതിരുന്ന പദങ്ങളുടെ അകമ്പടിയിൽ അരങ്ങുണർന്നപ്പോൾ അതൊരു ചരിത്രമൂഹൂർത്തത്തിന്റെ ഉണർത്തുപാട്ടായിരുന്നു. സ്നേഹത്തിന്റെ സമാനതകളില്ലാത്ത പാഠങ്ങൾ ലോകത്തിനു പകർന്ന ക്രിസ്തുവിന്റെ ജീവിതസംഭവങ്ങൾക്കും സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനക്കും കഥകളിരൂപത്തിൽ പുത്തൻ ആവിഷ്കാരമൊരുങ്ങിയപ്പോൾ അതിനു സാക്ഷിയാവാൻ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിയും വൈദികരും വിശ്വാസികളും കലാസ്വാദകരും എത്തി. ഫാ. ജോയി ചെഞ്ചേരിലിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലെ ഒരുപറ്റം കലാകാരൻമാർ അണിയിച്ചൊരുക്കിയ ദിവ്യകാരുണ്യ ചരിതം കഥകളി പാലാരിവട്ടം പിഒസിയിലാണ്‌ അരങ്ങേറിയത്‌. അഞ്ചു രംഗങ്ങളായാണു കഥകളി രംഗത്തവതരിപ്പിച്ചത്‌. ആദ്യ രംഗത്തിൽ പീലാത്തോസും ഭാര്യയും തമ്മിൽ ക്രിസ്തുവിനെ ക്രൂശിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണമാണ്‌. യേശുവിന്റെ അദ്ഭുത പ്രവർത്തനങ്ങളെക്കുറിച്ചു പീലാത്തോസിന്റെയടുത്ത്‌ ദൂതൻ വന്നു പറയുന്നതാണ്‌ രണ്ടാമത്തെ രംഗത്തിന്റെ ഇതിവൃത്തം. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെക്കുറിച്ചും ഈ രംഗത്തു പ്രതിപാദിക്കുന്നുണ്ട്‌. ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു പ്രതിഫലമായി 30 വെള്ളിക്കാശ്‌ ഏറ്റുവാങ്ങുന്ന യൂദാസിനെയാണു മൂന്നാമത്തെ രംഗത്ത്‌ അവതരിപ്പിക്കുന്നത്‌. അന്ത്യ അത്താഴമാണു നാലാമത്തെ രംഗം. ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ആവിഷ്കരിക്കുന്ന അഞ്ചാമത്തെ ഭാഗത്തോടെ കഥകളിക്കു തിരശീല വീണു. ഫാ. ജോയി ചെഞ്ചേരിൽ രചിച്ച്‌ മുരുകൻ കാട്ടാക്കട ആലപിച്ച വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഇത്‌ നിനക്കായ്‌ എന്ന കവിതയെ ആസ്പദമാക്കി രാധ മാധവനാണ്‌ ആട്ടക്കഥ രചിച്ചത്‌. എട്ടു കഥാപാത്രങ്ങളാണു ദിവ്യകാരുണ്യചരിതം കഥകളിയിൽ വേഷമിട്ടത്‌. കലാമണ്ഡലത്തിലുള്ളവരടക്കം പതിനഞ്ചംഗങ്ങളുടെ പ്രയത്നഫലമാണു കഥകളി. വിശുദ്ധ കുർബാനയുടെ സന്ദേശം കഥകളിയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്‌ ആദ്യമായാണ്‌. മേജർ ആർച്ച്ബിഷപ്‌ മാർ ആലഞ്ചേരിയാണു കഥകളിയുടെ ഉദ്ഘാടനം നിർവഹിച്ചത്‌. ദിവ്യകാരുണ്യത്തെ കലയുടെ ലോകത്തിന്‌ ആസ്വാദ്യകരമാക്കുന്ന അനുഭവമാക്കിയ ഈ കഥകളിരൂപം ലോകത്തിനു മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഫാ. ജോയിയുടെയും സഹപ്രവർത്തകരുടെയും ഈ ഉദ്യമം ദൈവികമായ ഒരു കർമമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു. ഡോ. ഡി. ബാബുപോൾ മുഖ്യപ്രഭാഷണം നടത്തി. ആട്ടക്കഥ രാധാ മാധവൻ കഥാവിവരണം നടത്തി. റവ.ഡോ.സ്റ്റീഫൻ ആലത്തറ, ഫാ. ജോർജ്ജ്‌ കിഴക്കേമുറി, ഫാ. ജോയി ചെഞ്ചേരിൽ, ഫാ. അലക്സ്‌ വെള്ളാശേരി എന്നിവർ പ്രസംഗിച്ചു. പറഞ്ഞു പഴകിയതിനപ്പുറം കഥകളിയിൽ പുതിയ പരീക്ഷണങ്ങൾ കാലത്തിന്റെ ആവശ്യമാണെന്നും അതിന്റെ ഭാഗമാണ്‌ ദിവ്യകാരുണ്യ ചരിതം ആട്ടക്കഥയെന്നും ഫാ. ജോയി ചെഞ്ചേരിൽ പറഞ്ഞു. കഥകളിയെന്ന മലയാളത്തിന്റെ തനതു കലാരൂപത്തെ മലയാളികൾ മറക്കരുതെന്ന ഓർമപ്പെടുത്തൽ കൂടിയാണു പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥകളിയിൽ പിലാത്തോസായി കലാമണ്ഡലം കേശവനും പത്നിയായി കലാമണ്ഡലം സാജനും ദൂതനായി കലാമണ്ഡലം പ്രമോദും യൂദാസായി കലാമണ്ഡലം മനോജും ക്രിസ്തുവായി കലാമണ്ഡലം അരുൺ വാര്യരും പത്രോസായി ഫാ. ജോയി ചെഞ്ചേരിലും ലോഞ്ചിനോസായി കെ. സാജനുമാണു വേഷമിട്ടത്‌. കോട്ടക്കൽ മധുവും നെടുമ്പള്ളി രാംമോഹനനും പദങ്ങൾ ആലപിച്ചു. മനോജ്‌ പള്ളൂരാണു സംഗീതം നൽകിയത്‌. കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയും കലാമണ്ഡലം അനീഷ്‌ മദ്ദളവും വായിച്ചു. പത്മനാഭനും സംഘവുമാണു വേഷക്കാർക്കു ചുട്ടികുത്തിയത്‌.

Wednesday, July 20, 2011

പരിശുദ്ധ ജപമാലയെ മുറുകെ പിടിച്ച്‌ ജീവിതം നയിക്കുക: മാർ ജോർജ്ജ്‌ ആലഞ്ചേരി

പരിശുദ്ധ ജപമാലയെ മുറുകെ പിടിച്ച്‌ ജീവിതം നയിച്ചാൽ ആകുലതയുണ്ടാകില്ലെന്ന്‌ മേജർ ആർച്ച്‌ ബിഷപ്പ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഷെഫീൽഡിൽ ജീസസ്‌ യൂത്ത്‌ മാസം തോറും നടത്താറുള്ള 24 മണിക്കൂർ ജപമാല അർപ്പണത്തിന്റെ സമാപന സന്ദേശം ടെലിഫോണിലൂടെ നൽകുകയായിരുന്നു മാർ ജോർജ്ജ്‌ ആലഞ്ചേരി. ഷെഫീൽഡ്‌ സെന്റ്‌ പാട്രിക്‌ ആർ.സി. ചർച്ച്‌ വികാരി റവ. ഫാ. പീറ്റർ ഹർലി ജീസസ്‌ യൂത്ത്‌ അംഗങ്ങളുടെ ജപമാലയിൽ പങ്കുചേരുകയും സന്ദേശം നൽകുകയും ചെയ്തു. 24 മണിക്കൂർ ജപമാലയുടെ സമാപനമായി അപ്പസ്തോലിക്‌ ആശീർവാദം നൽകിയത്‌ ജീസസ്‌ യൂത്ത്‌ അംഗങ്ങളിൽ ആത്മീയ ചൈതന്യവും ആവേശവും വിതറി.

Monday, July 18, 2011

വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ വേണ്ടത്‌ കുടുംബത്തിൽ നിന്ന്‌: ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ കുടുംബങ്ങളിൽ നിന്നാണ്‌ കുഞ്ഞുങ്ങൾ പഠിക്കേണ്ടതെന്ന്‌ വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസീസ്‌ കല്ലാര്റക്കൽ പറഞ്ഞു. അതിരൂപതയിലെ മതബോധന അധ്യാപകരുടെ കൺവൻഷൻ-ഡിഡാക്കെ-2011 സെന്റ്‌ തെരേസാസ്‌ കോളജ്‌ ഹാളിൽ ചേർന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ്‌ കുട്ടികളുടെ ആദ്യഗുരുക്കന്മാർ. ദൈവവിശ്വാസം കുട്ടികളിൽ വളർന്നു വന്നാൽ കുടുംബം ദേവാലയമാകും. ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മതാധ്യാപനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എങ്കിലും മതാധ്യാപകർ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നത്‌ സഭയുടേയും സമുദായത്തിന്റേയും ഉന്നതിക്കു കാരണമായിട്ടുണ്ട്‌. ബൗദ്ധികത ശക്തിപ്പെടുന്ന കാലഘട്ടത്തിൽ കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കി ഉണർന്നു പ്രവർത്തിക്കാൻ മതധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്‌ മതാധ്യാപകർക്ക്‌ ആർച്ച്‌ ബിഷപ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ജോൺസൺ ഡിക്കൂഞ്ഞ, സിസ്റ്റർ വിവൈറ്റ്‌ സിഎസ്‌എസ്ടി എന്നിവർ ആശംസകൾ നേർന്നു. മതാധ്യാപന രംഗത്ത്‌ 25 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. നേരത്തെ നടത്തിയ “വിശുദ്ധരെ അറിയാൻ വിശുദ്ധിയിൽ വളരാൻ” എന്ന സെമിനാർ റവ. ഡോ.സ്റ്റീഫൻ ആലത്തറ അവതരിപ്പിച്ചു

സാമൂഹ്യപ്രതിബദ്ധതയിൽനിന്ന്‌ കത്തോലിക്കാസഭ പിൻതിരിഞ്ഞുവെന്ന പ്രചരണം വേദനാജനകം: മാർ പോളി കണ്ണൂക്കാടൻ

സാമൂഹ്യപ്രതിബദ്ധതയിൽനിന്നും കത്തോലിക്കാ സഭ പിൻതിരിഞ്ഞുവെന്ന്‌ ചില മാധ്യമങ്ങൾ നടത്തുന്ന ദുഷ്പ്രചരണം അവാസ്തവവും വേദനാജനകവുമാണെന്ന്‌ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത മേഴ്സി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷരംഗത്തും നിരാലംബരെയും അംഗതികളുടെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രംഗങ്ങളിലും സഭയുടെ സേവനങ്ങൾ ആർക്കാണ്‌ അവഗണിക്കാനാവുക. സമൂഹത്തിന്റെ സമസ്ത മേഖലകളെയും ഉദ്ധരിക്കുന്നതിനായി സഭ അക്ഷീണം പരിശ്രമിക്കുന്നുണ്ട്‌. പക്ഷേ, സഭ ഇത്‌ കൊട്ടിഘോഷിക്കാറില്ല. കാരണം ' നിന്റെ വലതുകരം ചെയ്യുന്നത്‌ ഇടതുകരം അറിയരുത്‌' എന്ന യേശുനാഥന്റെ വാക്കുകൾ അന്വർഥമാക്കാനാണ്‌. 'ഈ എളിയവരിൽ ഒരുവന്‌ ചെയ്തപ്പോൾ അത്‌ എനിക്കുതന്നെയാണ്‌ ചെയ്തത്‌' എന്ന യേശുനാഥന്റെ വാക്കുകളുടെ വെളിച്ചത്തിൽ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗം തന്നെയാണ്‌ ഈ പ്രവൃത്തികൾ. ഇതിനെല്ലാം പ്രതിഫലം ദൈവം തരുമെന്നാണ്‌ നമ്മുടെ വിശ്വാസം. ഇക്കഴിഞ്ഞവർഷം ചാലക്കുടി സെന്റ്‌ ജെയിംസ്‌ ആശുപത്രിയിൽതന്നെ പാവപ്പെട്ട രോഗികൾക്കായി 68 ലക്ഷം രൂപയുടെ സഹായം നൽകി. 38 ലക്ഷം രൂപയുടെ സൗജന്യ ഡയാലിസിസ്‌ നടത്തി. 'ബ്ലെസ്‌ എ ഹോം' പദ്ധതിയുടെ ഭാഗമായി രൂപത അതിർത്തിയിലെ ജാതിമത ഭേദമന്യേയുള്ള 700 കുടുംബങ്ങൾക്ക്‌ പ്രതിമാസം 1000 രൂപവീതം നൽകിവരുന്നുണ്ട്‌. അഞ്ചുവർഷത്തേ ക്കാണ്‌ ഈ പദ്ധതിയിൽ ഓരോ കുടുംബത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്‌. സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ്‌ കേരളസഭ ചെലവഴിക്കുന്നത്‌. സഭ എന്നും എതിർപ്പുകളെ അതിജീവിച്ചാണ്‌ വളർന്നിട്ടുള്ളത്‌. ഇനിയും അത്‌ തുടരുകയും ചെയ്യും. ബിഷപ്‌ കൂട്ടിച്ചേർത്തു.

പൈതൃകങ്ങൾ നാടിന്റെ സമ്പത്ത്‌: മാർ ജോർജ്ജ്‌ ആലഞ്ചേരി

സാംസ്കാരിക പൈതൃകങ്ങൾ നാടിന്റെ പൊതുസമ്പത്താണെന്നും ജാതിമതഭേദമന്യേ ഏവരും അതു കാത്തു സൂക്ഷിക്കണമെന്നും മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. തൃശൂർ ബസിലിക്കയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ ടവറിൽ ഒരുക്കിയിരിക്കുന്ന തൃശൂർ ഹിസ്റ്ററി പിക്ചർ ഗ്യാലറിയും ബൈബിൾ വിവർത്തനങ്ങളുടെ അമൂല്യശേഖരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസീസ്‌ അസീസിയുടെ സൂര്യകീർത്തനം പുനരാവിഷ്കരിച്ച്‌, പൊതു ജനങ്ങൾക്ക്‌ ധ്യാനത്തിനും വിചിന്തനത്തിനുമായി ടവർ സ്ക്വയർ ഗാർഡനിൽ ഒരുക്കുന്ന ശാന്തിധാര മെഡിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ആർട്ടിസ്റ്റ്‌ ജ്യോതി സാഹയുടേ തടക്ക മുള്ള ചിത്രങ്ങളാണ്‌ പിക്ചർ ഗ്യാലറിയിലുള്ളത്‌. ഇതുകൂടാതെ ബൈബിളിനെ അധികരിച്ചുള്ള ചിത്രങ്ങളും ഇവിടെയുണ്ട്‌. ഹീബ്രു, ഗ്രീക്ക്‌, സിറിയൻ, സ്പാനിഷ്‌, ഫ്രഞ്ച്‌ തുടങ്ങി ഇന്ത്യൻ ഭാഷകളിലേ തടക്കമുള്ള ബൈബിളുകളും ശേഖരത്തിലുണ്ട്‌. ഇവയെല്ലാം മേജർ ആർച്ച്ബിഷപ്‌ നോക്കിക്കണ്ടു.

Tuesday, July 12, 2011

അൾത്താരയും അന്ത്യഅത്താഴവും ഇനി കഥകളിമുദ്രകളിലും

അമ്പലങ്ങളിലും ആൽത്തറകളിലും നിറഞ്ഞാടിയ കഥകളി വേഷങ്ങൾ അൾത്താരയുടെയും അന്ത്യഅത്താഴത്തിന്റെയും കഥ പറയാനൊരുങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി ദിവ്യകാരുണ്യ(വിശുദ്ധ കുർബാന)സന്ദേശം കഥകളിയിലൂടെ ആവിഷ്കരിക്കുന്നതിനാണു വേദിയൊരുങ്ങുന്നത്‌. ക്രിസ്തീയ ഗാനരചനയിൽ ശ്രദ്ധേയനായ യുവവൈദികനും കലാമണ്ഡലത്തിലെ ഒരുസംഘം പ്രതിഭകളും ചേർന്നൊരുക്കുന്ന 'ദിവ്യകാരുണ്യചരിതം' ഏതാനും ദിവസങ്ങൾക്കുള്ളിൽ കലാകേരളത്തിന്‌ ഒരു വിസ്മയമായി അരങ്ങേറും. അടുത്ത 21നു പാലാരിവട്ടം പിഒസിയാണ്‌ ഈ അപൂർവ നിമിഷങ്ങൾക്കു വേദിയാകുന്നത്‌. ക്രൈസ്തവ സന്ദേശമുള്ള കഥകളി രൂപപ്പെടുത്തുന്നതിൽ ഒറ്റപ്പെട്ട ശ്രമങ്ങൾ മുമ്പു നടന്നിട്ടുണെ്ടങ്കിലും തികച്ചും പ്രഫഷണൽ ആയ ഒരു സംഘം കലാകാരൻമാർ ഒത്തുചേരുന്നു എന്നതാണ്‌ ഈ സംരംഭത്തിന്റെ പ്രത്യേകത. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്‌ വിശുദ്ധ കുർബാനയെക്കുറിച്ചു രചിച്ച 'ഇതാ നിനക്കായ്‌' എന്ന കവിതയെ അടിസ്ഥാനമാക്കിയാണ്‌ ആട്ടക്കഥ തയാറാക്കിയിരിക്കുന്നത്‌. കവിതയുടെ ഉള്ളടക്കത്തെ ആട്ടക്കഥയിലേക്കു സന്നിവേശിപ്പിച്ചതു പ്രശസ്ത ആട്ടക്കഥാകൃത്തും അധ്യാപികയും ഗവേഷകയുമായ കോഴിക്കോട്‌ സ്വദേശിനി രാധാ മാധവനാണ്‌. കഥകളിക്കു പേരുകേട്ട പുല്ലൂർ മനയിലെ കലാമണ്ഡലം സാജനാണു കഥാപാത്രങ്ങളുടെ വേഷവും ആട്ടവും ക്രമപ്പെടുത്തിയത്‌. ദിവ്യകാരുണ്യചരിതത്തിലെ സ്ത്രീവേഷത്തിലൂടെ അദ്ദേഹം വേദിയിലെത്തുകയും ചെയ്യും. യേശുദേവൻ, പീലാത്തോസ്‌, പത്നി, ദൂതൻ, യൂദാസ്‌, പത്രോസ്‌, കിങ്കരൻമാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാ ണു നൂറു മിനിറ്റിൽ ദിവ്യകാരുണ്യചരിതം ഇതൾ വിരിയുന്നത്‌. കലാമണ്ഡലത്തി ലെ പ്രഗത്ഭരായ കോട്ടയ്ക്കൽ കേശവൻ, കലാമണ്ഡലം സാജൻ, കലാമണ്ഡലം പ്രമോദ്‌, കലാമണ്ഡലം മനോജ്‌, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ബാജിയോ തുടങ്ങിയവരുടെ മുദ്രകൾ ദിവ്യകാരുണ്യചരിതത്തെ വേദിയിൽ ഭാവസാന്ദ്രമാക്കും. കോട്ടയ്ക്കൽ മധു, നടുംപള്ളി റാം മോഹൻ എന്നിവരാണു പാട്ട്‌. സംഗീതം മനോജ്‌ പുല്ലൂരിന്റേതാണ്‌. കലാമണ്ഡലം ഉദയൻ നമ്പൂതിരി ചെണ്ടയും കലാമണ്ഡലം അനീഷ്‌ മദ്ദളവും കലാനിലയം പത്മനാഭനും സംഘവും ചുട്ടിയും നിർവഹിക്കും. മഞ്ജുദാര മാങ്ങോടിന്റേതാണു വേഷം. 'ഇത്ര ചെറുതാകാനെത്ര വളരേണം' എന്ന ഗാനത്തിലൂടെ ക്രിസ്ത്രീയ ഗാനരംഗത്തു പ്രശസ്തനായ ഫാ. ചെഞ്ചേരിൽ ദൈവശാസ്ത്രത്തിൽ ഗവേഷണവിദ്യാർഥിയാണ്‌. കോട്ടയം മാന്നാർ സ്വദേശിയായ അദ്ദേഹം 2000ൽ ആണ്‌ എംസിബിഎസ്‌ സഭയിൽ വൈദികപട്ടം സ്വീകരിച്ചത്‌. ദിവ്യകാരുണ്യചരിതത്തിന്റെ അവസാന റിഹേഴ്സൽ 13, 14 തീയതികളിൽ കോഴിക്കോട്ട്‌ നടക്കും. 21ന്‌ വൈകുന്നേരം 5.30ന്‌ പിഒസിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോൾ പ്രഭാഷണം നടത്തും. എംസിബിഎസ്‌ സുപ്പീരിയർ ജനറൽ ഫാ. ജോർജ്ജ്‌ കിഴക്കേമുറി ആശംസകളർപ്പിക്കും. ഫാ. അലക്സ്‌ വേലച്ചേരിൽ, ജോസഫ്‌ അലക്സാണ്ടർ, ഫാ. ജോയി ചെഞ്ചേരിൽ എന്നിവർ രൂപം കൊടുത്ത മിസ്ട്രി ക്രിയേഷൻസ്‌ ആണ്‌ ദിവ്യകാരുണ്യചരിതത്തിന്റെ നിർമാണവും അവതരണവും. ക്രൈസ്തവ ദേവാലയ പരിസരങ്ങളും കേരളത്തിന്റെ തനതുകലയായ കഥകളിയുടെ മുദ്രകളിൽ വിസ്മയഭരിതമാകുന്ന കാലം വിദൂരമ ല്ലെന്ന പ്രതീക്ഷയിലാണു സംഘാടകർ

സമുഹത്തിൽ നൻമ പ്രോത്സാഹിപ്പിക്കണം: ആർച്ച്‌ ബിഷപ്‌ ഡോ.എം. സൂസാപാക്യം

സമൂഹത്തിൽ നന്മയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണെന്നും ഒരു പാട്‌ നന്മകൾ ഈ സമൂഹത്തിൽ നിലനിൽക്കുന്നുവെന്നതിന്‌ തെളിവാണ്‌ ആതുര ശുശ്രൂഷാരംഗത്തെ യുവജനങ്ങളുടെ പ്രവർത്തനമെന്നും തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ.എം. സൂസപാക്യം പറഞ്ഞു. കെ.സി.വൈ.എം. പേട്ട ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നിർധന രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണ പദ്ധതി ‘സാന്ത്വനം -2011’ ന്റെ ഉദ്ഘാടനം കുമാരപുരം ഫാ.പാട്രിക്‌ ഡിക്രൂസ്‌ മെമ്മോറിയൽ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ ബിഷപ്‌. രോഗികളെ ദൈവമായിക്ക്‌ ശുശ്രൂഷിക്കുവാൻ കഴിയണം. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ചികിത്സ നൽകാനാണ്‌ നാം ശ്രമിക്കേണ്ടത്‌. അത്തരത്തിൽ നമ്മുടെ ആതുര സ്ഥാപനങ്ങൾ മാറണം. അഴിമതിക്കും ചൂഷണത്തിനും പഴുതില്ലാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക്‌ അടിമപ്പെടാതെ നന്മചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്ക്‌ കഴിഞ്ഞ 14 വർഷമായി മുടക്ക മില്ലാതെ ഭക്ഷണം നൽകുന്ന കുമാരപുരം ഇടവകയുടെ മാതൃക പിന്തുടർന്നാണ്‌ സൗജന്യമരുന്ന്‌ വിതരണ പദ്ധതിക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

മറ്റുള്ളവരെ സഹായിക്കുകയാണ്‌ മനുഷ്യന്റെ പ്രധാന കർമം: ബിഷപ്‌ ഡോ. വിൻസന്റ്‌ സാമുവൽ

മറ്റുള്ളവരെ പരമാവധി സഹായിക്കുകയാണ്‌ ഓരോ മനുഷ്യന്റെയും പ്രധാന കർമമെന്ന്‌ നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിൻസന്റ്‌ സാമുവൽ. ആശ്വാസ്‌ പാലിയേറ്റീവ്‌ കീയർ സൊസൈറ്റിയും ദീപികയും കെ.സി.വൈ. എമ്മും സംയുക്താമായി സംഘടിപ്പിച്ച യുവജന സെമിനാർ പൊറ്റയിൽക്കട ഫാ. ആന്റണി മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു നന്മ ഒരാൾക്ക്‌ ലഭിക്കുമ്പോൾ പകരം പത്ത്‌ നന്മകൾ മറ്റുള്ളവർക്കായി നൽകണം. സാമൂഹ്യ ജീവിതത്തോടൊപ്പം രാഷ്ട്രീയ ജീവികളാണ്‌ നാം. മറ്റുള്ളവർക്ക്‌ നന്മ ചെയ്താൽ മാത്രമേ നല്ല രാഷ്ട്രീയ ജീവിതം നയിക്കാനാകൂ. മനുഷ്യൻ ശാസ്ത്ര സാങ്കേതിക രീതിയിൽ വളർന്നെങ്കിലും അധഃപതനവും വർധിച്ചതായി ബിഷപ്‌ പറഞ്ഞു. മൊബെയിൽ ഫോണിന്റെ ദുരുപയോഗം സമൂഹത്തെ തിന്മയിലേക്ക്‌ നയിച്ചതായി ആശംസയർപ്പിച്ച്‌ സംസാരിച്ച നെയ്യാറ്റിൻകര എംഎൽഎ ആർ.ശെൽവരാജ്‌ പറഞ്ഞു

മക്കളുടെ ആത്മീയ വളർച്ചയ്ക്ക്‌ മാതാപിതാക്കൾ പ്രാധാന്യം നൽകണം: മാർ ആനിക്കുഴിക്കാട്ടിൽ

സീറോ മലബാർ സഭ അൽമായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള വിമൻസ്‌ ഫോറത്തിന്റെ ദ്വിദിന നേതൃക്യാമ്പ്‌ സമാപിച്ചു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ക്യാമ്പിന്റെ സമാപനസമ്മേളനം ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മക്കളുടെ ആത്മീയ വളർച്ചയ്ക്ക്‌ മാതാപിതാക്കൾ പ്രാധാന്യം നൽകണമെന്ന്‌ അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. മക്കളുടെ ഭൗതികവളർച്ചയെ മാത്രം മാതാപിതാക്കൾ ലക്ഷ്യമാക്കുമ്പോൾ ആത്മീയത നഷ്ടപ്പെട്ട്‌ ഒടുവിൽ മക്കളെത്തന്നെ നഷ്ടമാകുന്ന അവസ്ഥ നമ്മുടെ ചുറ്റിലുമുണ്ട്‌. ദൈവികസാന്നിധ്യം നിറഞ്ഞുനിൽക്കുമ്പോൾ കുടുംബങ്ങൾ പ്രശോഭിക്കും. പൂർവികർ പകർന്നേകിയ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സഭാമുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്ക്‌ വിലപ്പെട്ടത്‌: മാർ ആലഞ്ചേരി

സഭയുടെ മുന്നേറ്റത്തിൽ സ്ത്രീകളുടെയും സ്ത്രീ സംഘടനകളുടെയും പങ്ക്‌ വിലപ്പെട്ടതാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. സീറോ മലബാർ സഭ അൽമായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഫോറം കോ-ഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളുടെ ദ്വിദിന നേതൃസമ്മേളനം കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീസംഘടനകൾക്കിടയിൽ കൂട്ടായ്മയും കൂടിയാലോചനകളും ഇനിയും വർധിപ്പിക്കണം. രാഷ്ട്രീയത്തിലും സഭാ സമിതികളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണം- മാർ ആലഞ്ചേരി ഓർമിപ്പിച്ചു. അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ്‌ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു.

പ്രാർഥനാജീവിതം കുട്ടികളുടെ സമ്പത്താകണം: മാർ ജോസഫ്‌ പെരുന്തോട്ടം

പ്രാർഥനാജീവിതം കുട്ടികളുടെ ഏറ്റവും വലിയ സമ്പത്താകണമെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. തുരുത്തി സെന്റ്‌ മേരീസ്‌ പാരിഷ്‌ ഹാളിൽ ചങ്ങനാശേരി മേഖലാ മിഷൻലീഗ്‌ പ്രവർത്തനവർഷം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്‌. വികാരി ഫാ. ഏബ്രഹാം കാടാത്തുകളം അധ്യക്ഷത വഹിച്ചു.

അത്മായർ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം: മാർ ജോസഫ്‌ പെരുന്തോട്ടം

അത്മായർ ധാർമിക മൂല്യങ്ങൾ ഉയർത്തി സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണമെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. മാതൃജ്യോതിസ്‌- പിതൃവേദി തൃക്കൊടിത്താനം ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അത്മായ വർഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്‌ ബിഷപ്‌. ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ കാളാശേരി അധ്യക്ഷത വഹിച്ചു. ഫൊറോനയിലെ 13 ഇടവകകളിൽ നിന്നുളള ആദ്യകുർബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.