Saturday, February 27, 2010

ക്രൈസ്തവര്‍ക്കു നല്‍കാനാവുന്നത്‌ വിശ്വാസത്തിന്റെ മികച്ച സാക്ഷ്യം: മാര്‍ ക്ലീമിസ്‌ കാതോലിക്കാബാവാ

ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ മൂന്നുശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും വിശ്വാസത്തില്‍ മികച്ച സാക്ഷ്യം നല്‍കാന്‍ അവര്‍ക്കു കഴിയുന്നുണ്ടെന്ന്‌ മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. ഗോഹട്ടയില്‍ നടക്കുന്ന സിബിസിഐ കോണ്‍ഫറന്‍സില്‍ ഇന്നലെ മലങ്കര റീത്തില്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി ക്രൈസ്തവര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. യുവത്വത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ബിഷപ്പുമാരുടെ സമ്മേളനം ഇന്നലെ ചര്‍ച്ച നടത്തി. വികസനം, ആത്മീയത, ഇടവക, ദാരിദ്ര്യവും മതമൗലികവാദവും, മാധ്യമങ്ങള്‍, ലൈംഗികത, മദ്യം മയക്കുമരുന്ന്‌ എന്നീ വിഷയങ്ങളെപ്പറ്റിയാണ്‌ ചര്‍ച്ച നടന്നത്‌. സമ്മേളനത്തില്‍ പങ്കെടുത്ത 13 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ബിഷപ്പുമാരും യുവജന പ്രതിനിധികളുമായി സംവാദം നടത്തി. ഇതില്‍ നിന്നു ലഭിച്ച ആശയങ്ങള്‍ ബിഷപ്പുമാര്‍ക്ക്‌ കൈമാറി.

Thursday, February 25, 2010

നവസഭാ സമൂഹങ്ങള്‍ ദൈവവചനത്തെ ഇടുങ്ങിയ ചിന്താഗതിയോടെ വീക്ഷിക്കുന്നു: മാര്‍ ജോസഫ്‌ പവ്വത്തില്‍

നവസഭാ സമൂഹങ്ങള്‍ ദൈവവചനത്തെ ഇടുങ്ങിയ ചിന്താഗതിയോടെയാണ്‌ വീക്ഷിക്കുന്നതെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കോട്ടയം കാത്തലിക്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോട്ടയം കാത്തലിക്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വിശുദ്ധ ഗ്രന്ഥവും സഭയുടെ പാരമ്പര്യവും തമ്മില്‍ വേര്‍പെടുത്തി വ്യാഖ്യാനിക്കാന്‍ കഴിയില്ല. സഭയോട്‌ ചേരാതെ ആര്‍ക്കും വിശുദ്ധ ഗ്രന്ഥത്തെ മനസിലാക്കാന്‍ കഴിയില്ല. ചിലര്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം മാത്രം നടത്താനാണ്‌ ശ്രമിക്കുന്നത്‌. സഭയുടെ പാരമ്പര്യത്തെക്കുറിച്ച്‌ അവര്‍ ബോധവാന്‍മാരല്ല. ഓരോ ക്രൈസ്തവനും സഭയുടെ ഭാഗമാണെന്ന്‌ ബോധ്യമുണ്ടാവണമെന്നും സഭയുടെ പാരമ്പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ബിഷപ്‌ ഡോ. പീറ്റര്‍ തുരുത്തിക്കോണം സന്നിഹിതനായിരുന്നു. കെസി എം പ്രസിഡന്റ്‌ മോണ്‍. ജോസ്‌ നവസ്‌, വൈസ്‌ പ്രസിഡന്റ്‌ ഫാ. തോമസ്‌ കരിമ്പുംകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വ ന്‍ഷനും ധ്യാനശുശ്രൂഷയ്ക്കും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്നു. ചങ്ങനാശേരി, കോട്ടയം, വിജയപുരം തിരുവല്ല രൂപതകളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അല്‍മായരുമുള്‍പ്പെടെയുള്ള വന്‍ വിശ്വാസസമൂഹമാണ്‌ ഇന്നലെ കണ്‍വെന്‍ഷന്‌ എത്തിച്ചേര്‍ന്നത്‌.

Wednesday, February 24, 2010

സമൂഹത്തിന്‌ അധ്യാപകരോട്‌ എന്നും കടപ്പാടുണ്ടാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

അധ്യാപകരോട്‌ സമൂഹത്തിന്‌ എന്നും കടപ്പാടുണ്ടാകണമെന്നും വിദ്യാര്‍ഥികളെ നന്മയില്‍ വളര്‍ത്തി പൂര്‍ണതയിലേക്ക്‌ നയിക്കുന്നതില്‍ അധ്യാപകര്‍ ദൈവത്തിന്റെ സഹപ്രവര്‍ത്തകരാകണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കോര്‍പറേറ്റ്‌ മാനേജര്‍ ഫാ.മാത്യു നടമുഖത്ത്‌ അധ്യക്ഷനായിരുന്നു. സര്‍വീസില്‍നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ.ജെ ജയിംസിനും മറ്റ്‌ അധ്യാപകര്‍ക്കും മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. സി.എഫ്‌ തോമസ്‌ എംഎല്‍എ, സ്കൂള്‍ മാനേജര്‍ ഫാ.ജോസ്‌ പി.കൊട്ടാരം, പിടിഎ പ്രസിഡന്റ്‌ ആന്റണി തോമസ്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ ജസ്റ്റിന്‍ ബ്രൂസ്‌, പ്രിന്‍സിപ്പല്‍ പി.ജെ ഏബ്രഹാം, എം.ടി ടെസി, മാസ്റ്റര്‍ വിവേക്‌ ജോസഫ്‌ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജെ ജയിംസ്‌, ജസമ്മ തോമസ്‌, എന്‍.ടി ദേവസ്യ, ആന്റണി സിറിയക്‌, ജോസഫ്‌ ജോണ്‍, റോസമ്മ അപ്രേം, ലില്ലിയമ്മ ജോസഫ്‌ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Tuesday, February 23, 2010

ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ പൗരോഹിത്യം സാര്‍ഥകമാകും: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ മാത്രമേ പൗരോഹിത്യം സാര്‍ഥകമാകുകയുള്ളുവെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ സി.എം.ഐ സഭ വിഷന്‍ ആന്‍ഡ്‌ ചലഞ്ചസ്‌ ഓഫ്‌ പ്രീസ്തുഡ്‌ ടുഡേ എന്ന വിഷയത്തില്‍ കാക്കനാട്‌ ചാവറ ഹില്‍സില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഹിതന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ലോകത്തിലാണെങ്കിലും അവന്‍ ലോകത്തിന്റേതല്ല. അവന്റെ ജീവിതം ദൈവത്തിന്റെ വചനങ്ങള്‍ക്കനുസൃതമായിരിക്കണം. ദൈവവചനങ്ങളെയും മനുഷ്യബലഹീനതകളെയും കുറിച്ച്‌ വ്യക്തമായ അറിവും പുരോഹിതനുണ്ടാകണം. തന്റെ അജഗണത്തെ ദൈവാരൂപിയുടെ സഹായത്തോടെ നയിക്കാന്‍ ചുമതലപ്പെട്ടവനായ അപ്പസ്തോലന്‍മാരാണ്‌ പൗരോഹിത്യത്തിലേക്ക്‌ കടന്നു വന്നിട്ടുള്ളവര്‍. ദൈവവചനങ്ങള്‍ക്കനുസരിച്ചുള്ള ജീവിതത്തിലൂടെ പുരോഹിതന്‍ തന്റെ പ്രസംഗവും പ്രവൃത്തിയും ജനങ്ങള്‍ക്ക്‌ മാതൃകയാക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ദൈവിക രഹസ്യങ്ങളുടെ ജീവിക്കുന്ന സുവിശേഷമായിരിക്കണം പുരോഹിതന്മാരെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ പറഞ്ഞു. കുരിശില്‍ സ്വയംത്യജിച്ച്‌ ബലിയായിത്തീരുകയും ഉയിര്‍പ്പിലൂടെ രക്ഷയുടെ സന്ദേശം നല്‍കുകയും ചെയ്ത ക്രിസ്തുവിന്റെ ജീവിതം പിന്തുടരുന്നതിനുള്ള സന്ദേശവും വിളിയുമാണ്‌ പൗരോഹിത്യം. ഇന്ത്യ ശാസ്ത്ര-സാങ്കേതിക-വ്യാവസായിക മേഖലകളില്‍ ഏറെ മുന്നിലാണെങ്കിലും ഉള്ളവനും ഇല്ലാത്തവനും എന്ന തരത്തിലും ഭാഷ-ജാതി-വര്‍ഗം എന്നീ നിലകളിലും വേര്‍തിരിവ്‌ ഏറെയാണെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു. ദയാദാക്ഷിണ്യമില്ലാത്ത ഭീകരാക്രമണങ്ങള്‍ക്കും ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുന്നു. സാമൂഹ്യമായ ഇത്തരം തിന്മകളെ സുവിശേഷത്തിന്റെ അന്തഃസത്തയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തിലൂടെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഹിതന്മാരില്‍ നിന്നുണ്ടാകണം. വൈവിധ്യങ്ങളുടേതായ രാജ്യത്ത്‌ ഏകത്വം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുവാനാകണം. മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ആകണമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍മാരുടെ ദൗത്യത്തെക്കുറിച്ച്‌ സഭ പഠിപ്പിക്കുന്നതിനെ സംശയദൃഷ്ടിയോടെ സമീപിക്കുന്ന ലേഖനങ്ങള്‍ ചില പുരോഹിതന്‍മാരായ തിയോളജിയന്‍മാരില്‍ നിന്നുണ്ടായി വരുന്നുവെന്നത്‌ അതിശയകരമാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നട ത്തിയ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. സഭയുടെ നേരേ ഒരു കാലത്ത്‌ ഉയര്‍ന്നു വന്ന പാഷണ്ഡത കത്തോലിക്കാ തിയോളജിയന്‍മാരെന്നു ഭാവിക്കുന്ന ചിലര്‍ വഴി തിരിച്ചു വിടാനുള്ള ശ്രമം നടത്തുന്നുവെന്നാണ്‌ തനിക്ക്‌ മനസിലാകുന്നത്‌. ക്രിസ്തുവിന്റെ ഉയിര്‍പ്പിനെയും അമലോത്ഭവ മാതാവിനെയും സംശയത്തോടെ കാണുന്ന ലേഖനങ്ങളും കണ്ടുവരുന്നുണ്ടെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ അടിസ്ഥാനത്തില്‍ സഭാ പ്രബോധനങ്ങളില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സഭയുടെ അതേ കാഴ്ചപ്പാടായിരിക്കണം പൗരോഹിത്യത്തെക്കുറിച്ചുമുണ്ടാകേണ്ടത്‌.സഭയുടെ പഠിപ്പിക്കലിനൊപ്പമായിരിക്കണം വൈദികരുടെ പ്രബോധനങ്ങളും - അദ്ദേഹം വ്യക്തമാക്കി. സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ഡോ.ജാന്‍സി ജയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ സെമിനാര്‍ ഇന്ന്‌ സമാപിക്കും.

പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനം പ്രതിഷേധാര്‍ഹം: കാത്തലിക്‌ ഫെഡറേഷന്‍

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട്‌ താലൂക്കുകള്‍ പരിസ്ഥിതി പ്രധാന മേഖലകളായി പ്രഖ്യാപിക്കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട്‌ കര്‍ഷകദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം കുറ്റപ്പെടുത്തി. കുടിയേറ്റ കര്‍ഷകര്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്‌ ഈ മൂന്നു താലൂക്കുകളും. കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷന്‍ മേഖലയും ഇതുതന്നെയാണ്‌. 2005ല്‍ പാസാക്കിയ നിയമം അനുസരിച്ച്‌ കാപ്പി, തേയില, റബര്‍, തെങ്ങ്‌, കശുമാവ്‌ എന്നിവ കൃഷി ചെയ്യുന്ന ഭൂമി പരിതസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല. മലയോര കര്‍ഷകരെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതു നീക്കത്തെയും സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന്‌ ശക്തിയുദ്ധം നേരിടുന്നതിന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ അഡ്വ. പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, കെ.സി ആന്റണി, ബിനോയ്‌ ആച്ചോത്ത്‌, പ്രഫ. ലീനാ ജോസ്‌ ടി. എന്നിവര്‍ പ്രസംഗിച്ചു.

Monday, February 22, 2010

സാമൂഹികസേവനത്തില്‍ ഇടപെടുന്നവരായി യുവാക്കള്‍ മാറണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സാമൂഹ്യസേവനത്തിനായി പ്രവര്‍ത്തിക്കുന്നവരാകുവാന്‍ യുവാക്കള്‍ക്ക്‌ കഴിയണമെന്ന്‌ എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. പുതിയകാവ്‌ സെന്റ്‌ ഫ്രാന്‍സീസ്‌ സേവ്യര്‍ പള്ളിയില്‍ നടന്ന കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതാ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്തസംഘടനയാവുകയല്ല സാമൂഹ്യസേവനത്തിന്‌ ഇടപ്പെടുന്നവരായി മാറാന്‍ കെസിവൈഎമ്മിന്‌ കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ്‌ യുവജനങ്ങള്‍ സജീവമാകുന്നതെന്നും പുതിയ പദ്ധതികളിലൂടെ സഭയ്ക്കും സമൂഹത്തിനും വളര്‍ച്ച നല്‍കുവാന്‍ കെസിവൈഎമ്മിന്‌ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ്‌ ഷിജോ മാത്യു കരുമത്തി അധ്യക്ഷത വഹിച്ചു. കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ്‌ മങ്ങാട്ട്‌, കെസിവൈഎം അതിരൂപതാ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, കെസിവൈഎം അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ സജി വടശേരി, സ്പര്‍ശ്‌ ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്‌, കെ.സി.വൈ.എം തൃപ്പൂണിത്തുറ ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ്‌ ഡി. പ്ലാക്കല്‍, കെസിവൈഎം മുന്‍ ഭാരവാഹികളായ റെജി മാത്യു, അഡ്വ. ബിനു ജോണ്‍, കെസിവൈഎം ഭാരവാഹികളായ തങ്കച്ചന്‍ പേരേപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ്‌ ജിനു വിന്‍സന്റ്‌, ജാക്സണ്‍ ഫ്രാന്‍സീസ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌ അപ്പോസ്റ്റലേറ്റിന്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നിര്‍വഹിച്ചു.

സദ്പ്രവൃത്തികളിലൂടെ നന്മയുടെ വെളിച്ചം പകരണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വിശ്വാസസമൂഹം സദ്പ്രവൃത്തികളിലൂടെ സമൂഹത്തിന്‌ നന്മയുടെ വെളിച്ചം പകരണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ സ്മരണാര്‍ഥം നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായവര്‍ക്ക്‌ പങ്കുവയ്ക്കലിലൂടെ ഭവനം, ആരോഗ്യസഹായം, വിവാഹസഹായം എന്നിവ എത്തിച്ചുകൊടുക്കാന്‍ സന്നദ്ധരാകണം. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി നിര്‍ധനരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിശ്വാസസമൂഹം പ്രതിജ്ഞാബദ്ധമാകണം. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ നന്മയുടേയും സ്നേഹത്തിന്റെയും അനുഭവസാക്ഷ്യം സമൂഹത്തിന്‌ പകര്‍ന്നു നല്‍കിയ മഹനീയ വ്യക്തിത്വമായിരുന്നു. സര്‍ക്കാരിന്റെ പ്രശസ്തമായ ലക്ഷം വീട്‌ പദ്ധതിക്കും മറ്റ്‌ ഭവന നിര്‍മാണ പദ്ധതികള്‍ക്കും മാര്‍ കാവുകാട്ടിന്റെ ആശയങ്ങള്‍ പ്രചോദനമായിരുന്നുവെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. അതിരൂപതയിലെ ഭവന രഹിതര്‍ക്കായി 125 വീടുകളാണ്‌ ജൂബിലിയോട്‌ അനുബന്ധിച്ച്‌ നിര്‍മിച്ചു നല്‍കുന്നത്‌. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നിര്‍മിക്കുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ മ്യൂസിയത്തിന്റെ ഫണ്ട്‌ ശേഖരണം ഉദ്ഘാടനവും മാര്‍ ജോസഫ്‌ പെരുന്തോട്ടം നിര്‍വഹിച്ചു. മ്യൂസിയത്തില്‍ നിര്‍മിക്കുന്ന ഓഡിയോ വിഷ്വല്‍ തീയറ്ററിന്റെ സ്പോണ്‍സര്‍ഷിപ്പ്‌ തുക ദുബായ്‌ പേള്‍സ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ സന്തോഷ്‌ ജോസഫ്‌ കരിമറ്റത്തിനുവേണ്ടി മാതാവ്‌ അന്നമ്മ ജോസഫില്‍ നിന്നും ആര്‍ച്ച്‌ ബിഷപ്‌ ഏറ്റുവാങ്ങി. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.പോസ്റ്റുലേറ്റര്‍ ഫാ. മാത്യു മറ്റം, മെത്രാപ്പോലീത്തന്‍ പള്ളിവികാരി ഫാ. തോമസ്‌ തുമ്പയില്‍,മാര്‍ കാവുകാട്ട്‌ മ്യൂസിയം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബ്രിഗേഡിയര്‍ ഒ.എ ജയിംസ്‌, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. മാത്യു വെള്ളാനിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അസിസ്റ്റന്റ്‌ സെക്രട്ടറി പ്രഫ. രാജന്‍ കെ അമ്പൂരി, ഡോ. റൂബിള്‍ രാജ്‌, പ്രഫ. കെ.കെ ജോണ്‍, സ്കറിയ ജോസ്‌ കാട്ടൂര്‍, സാജന്‍ ഫ്രാന്‍സിസ്‌, സിബിച്ചന്‍ തരകംപറമ്പില്‍, തങ്കച്ചന്‍ മുളവന, സിസ്റ്റര്‍ ജെയിന്‍, റോയി പുല്ലുകാട്ട്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. കിടങ്ങറ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകാംഗമായ വടകരപട്ടണത്തുശേരി ജോസഫ്കുഞ്ഞിനെ പ്രതിനിധീകരിച്ച്‌ മാതാവ്‌ ത്രേസ്യാമ്മ ജേക്കബ്‌, അര്‍ക്കാഡിയാ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.ടി ജോസ്‌ കുളപ്പുറത്ത്‌ എന്നിവര്‍ കാവുകാട്ട്‌ ഭവനനിര്‍മാണപദ്ധതിയുടെ ആദ്യഫണ്ട്‌ സംഭാവന ചെയ്തു. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നടന്ന അതിരൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ മധ്യേ ആണ്‌ ചടങ്ങ്‌ നടന്നത്‌. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം തെളിച്ച ദീപം വിശ്വാസികള്‍ക്ക്‌ പകര്‍ന്നാണ്‌ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തത്‌.

കിന്‍ഫ്രയ്ക്കു വേണ്ടി ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കരുത്‌: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു വേണ്ടി ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കാന്‍ ആരും തയാറാകരുതെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. കിന്‍ഫ്ര പദ്ധതിക്കുവേണ്ടി മഞ്ഞപ്ര, തുറവൂര്‍, മറ്റൂര്‍ വില്ലേജുകളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജനകീയ കണ്‍വന്‍ഷന്‍ അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സ്വാതന്ത്ര്യം ലഭിച്ചാല്‍ മാത്രം പോരാ അതു കാത്തുസൂക്ഷിക്കാനുള്ള ജനകീയശക്തി കൂടി ഉണ്ടാവണമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച ബിഷപ്‌, ആ ജനകീയശക്തിയുടെ വലിയൊരു സൂചനയാണ്‌ കിന്‍ഫ്രവിരുദ്ധ സമരത്തില്‍ നിഴലിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി കുടിയൊഴിപ്പിക്കലുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. മൂലമ്പിള്ളിയിലെ ഭീകരമായ കുടിയൊഴിപ്പിക്കല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണ്‌. ഇങ്ങനെ മാരകമായ രീതിയില്‍ ഒരു രാജ്യത്തും വികസനം ഉണ്ടാകാതിരിക്കട്ടെയെന്നാണ്‌ യുണൈറ്റഡ്‌ നേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്സ്‌ കമ്മീഷന്‍ അഭിപ്രായപ്പെട്ടതെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക്‌ വിലകല്‍പിക്കാത്ത രാഷ്ട്രീയം മോശപ്പെട്ട രാഷ്ട്രീയമാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ഭരിക്കുന്നവര്‍ മറക്കരുത്‌. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്ക്‌ ജനം തിരിച്ചടി നല്‍കുമെന്ന്‌ ഓര്‍മിക്കുന്നതു നല്ലതാണെന്നും മാര്‍ എടയന്ത്രത്ത്‌ പറഞ്ഞു.
ഡോ.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ജനാധിപത്യത്തിനു പകരം ഏകാധിപത്യവും സര്‍വാധിപത്യവുമാണ്‌ നടപ്പാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന്റെ തലയില്‍ ചവുട്ടി നിന്നുകൊണ്ടുള്ള വികസനം അനുവദിക്കരുത്‌. സ്ഥലം എംഎല്‍എ എന്ന നിലയില്‍ മന്ത്രി ജോസ്‌ തെറ്റയിലിന്റെ നിലപാടുകള്‍ തെറ്റാണ്‌. അതു സ്വയം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ജനം അറിയിച്ചുതരുമെന്നും മാര്‍ കൂറിലോസ്‌ മുന്നറിയിപ്പു നല്‍കി. കണ്‍വന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ സമ്മതിച്ചിരുന്നെങ്കിലും പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്‌ പുറപ്പെടേണ്ടിവന്ന കെ.പി.ധനപാലന്‍ എംപിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സമരത്തിന്‌ എല്ലാവിധ പിന്തുണയും നല്‍കുന്നതായി അറിയിച്ച അദ്ദേഹം നിര്‍ദിഷ്ട കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌ ജനവാസമില്ലാത്തതും പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്തതുമായ മറ്റേതെങ്കിലും സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
സിഎസ്‌എ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഭൂഭവന പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ എം.പി.മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍, മുന്‍ എംഎല്‍എ പി.ജെ.ജോയി, ജില്ലാ പഞ്ചായത്തംഗം പി.വി.ജോസ്‌, കെ.പി.ബേബി, പി.ടി.പോള്‍, ഫാ.ജോയ്സ്‌ കൈതക്കോട്ടില്‍, ഫാ.എല്‍ദോ ചെറിയാന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജിയോ ജോസ്‌, ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌, പി.വേലായുധന്‍, എം.എം.ചന്ദ്രന്‍, കെ.കെ.ശോഭ, മൂലമ്പിള്ളി സമര നേതാവ്‌ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, അഡ്വ.ജേക്കബ്‌ മഞ്ഞളി, പി.പി.അഗസ്റ്റിന്‍, എം.കെ.ജനകന്‍, വി.എന്‍.സുഭാഷ്‌, കെ.സി.ജയന്‍, കെ.കെ.പൗലോസ്‌, ദിലീപ്‌ മംഗലത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനു മുന്നോടിയായി ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജിയോ ജോസ്‌ കത്തിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ കിന്‍ഫ്ര പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന നൂറുകണക്കിനു കര്‍ഷകരും നാട്ടുകാരും സംബന്ധിച്ചു.

ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌

കേരള ലത്തീന്‍ സഭയിലെ വരാപ്പുഴ പ്രോവിന്‍സിന്റെ തലവനും വരാപ്പുഴ അതിരൂപത അധ്യക്ഷനുമായി കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കലിനെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 26നു കാലംചെയ്ത ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ പിന്‍ഗാമിയും വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയുമായാണ്‌ ഡോ.കല്ലറയ്ക്കല്‍ നിയമിതനായത്‌. കോട്ടപ്പുറം മെത്രാസന മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത വൈദികരുടേയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടേയും യോഗത്തില്‍, ബിഷപ്‌ ഡോ.കല്ലറയ്ക്കലിന്റെ സാന്നിധ്യത്തില്‍ രൂപത ചാന്‍സലര്‍ റവ.ഡോ. നിക്സണ്‍ കാട്ടാശേരി മാര്‍പാപ്പ അയച്ച നിയമനവാര്‍ത്ത വായിച്ചു. ഇതേസമയത്തുതന്നെ വത്തിക്കാനിലും വരാപ്പുഴ അതിമെത്രാസന മന്ദിരത്തിലും പ്രഖ്യാപനമുണ്ടായി. സ്ഥാനാരോഹണതീയതി പിന്നീട്‌ തീരുമാനിക്കും. കഴിഞ്ഞ 22 വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. കല്ലറയ്ക്കല്‍. കോട്ടപ്പുറം സെന്റ്‌ മൈക്കിള്‍സ്‌ ഇടവകയില്‍ പരേതരായ കല്ലറയ്ക്കല്‍ ജോസഫിന്റേയും ബ്രിജിറ്റയുടേയും ഏഴു മക്കളില്‍ ഇളയമകനായി 1941 ഒക്ടോബര്‍ പത്തിനു ജനിച്ചു. കോട്ടപ്പുറം, ഗോതുരുത്ത്‌ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വരാപ്പുഴ അതിരൂപതയുടെ സെന്റ്‌ ജോസഫ്്സ്‌ മൈനര്‍ സെമിനാരിയില്‍ വൈദികാര്‍ഥിയായി ചേര്‍ന്നു. തുടര്‍ന്ന്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ സ്കൂളിലും കോളജിലും പഠിച്ച അദ്ദേഹം ആലുവ കാര്‍മല്‍ഗിരി സെന്റ്‌ ജോസഫ്സ്‌ സെമിനാരിയില്‍നിന്ന്‌ തത്വശാസ്ത്രവും റോമിലെ പ്രൊപ്പഗാന്ത കോളജില്‍നിന്ന്‌ ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 1968 ജൂണ്‍ 29 ന്‌ പ്രൊപ്പഗാന്ത തിരുസംഘത്തലവന്‍ കര്‍ദിനാള്‍ ഡോ.അഗജിയാനിയനില്‍നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബിയാന സര്‍വകലാശാലയില്‍നിന്ന്‌ ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റും അമേരിക്കയിലെ ഫെയര്‍ഫീല്‍ഡ്‌ സര്‍വകലാശാലയില്‍നിന്ന്‌ സാമൂഹ്യമനഃ ശാസ്ത്രത്തില്‍ മാസ്റ്റേഴ്സ്‌ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്‌.

വിശ്വാസികളുടെ പ്രാര്‍ഥന ആത്മവിശ്വാസം പകരുന്നു: ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍

“ഞാന്‍ നിന്നോടു കൂടെയുണ്ട്‌, നീ എന്തിനു ഭയപ്പെടണം” എന്ന വാക്യമാണ്‌ പുതിയ ദൗത്യമേറ്റെടുക്കുമ്പോള്‍ തനിക്ക്‌ ശക്തിപകരുന്നതെന്ന്‌ വരാപ്പുഴ നിയുക്ത ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍. വിശ്വാസികളുടെ മനസും പ്രാര്‍ഥനയും എന്നോടൊപ്പം ഉണ്ടെന്നുള്ളത്‌ എനിക്ക്‌ ആത്മവിശ്വാസം പകരുന്നു. മെത്രാപ്പോലീത്തയായിരുന്ന കേളന്തറ പിതാവിനൊപ്പം ഏഴുവര്‍ഷക്കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും പുതിയ നിയോഗത്തിന്‌ മുതല്‍ക്കൂട്ടാകുമെന്നുള്ള ഉറച്ച വിശ്വാസമാണുള്ളത്‌. കോട്ടപ്പുറം ബിഷപ്സ്‌ ഹൗസില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പീസ്‌ കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ രൂപത ചാന്‍സലര്‍ റവ.ഡോ. നിക്സണ്‍ കാട്ടാശേരി പരിശുദ്ധ സിംഹാസനത്തില്‍നിന്നുള്ള നിയമനവാര്‍ത്ത വായിക്കുമ്പോള്‍ സമ്മിശ്രപ്രതികരണമായിരുന്നു. സന്തോഷത്തോടൊപ്പം ദുഃഖവും തളം കെട്ടിയ വേദിയായി പ്രഖ്യാപനചടങ്ങ്‌ മാറി. 22 വര്‍ഷക്കാലം തൊണ്ണൂറായിരത്തോളം വിശ്വാസികള്‍ നെഞ്ചോടുചേര്‍ത്ത്‌ സ്നേഹിച്ച കല്ലറയ്ക്കല്‍ പിതാവ്‌ ആര്‍ച്ച്ബിഷപ്പായതിന്റെ സന്തോഷത്തോടൊപ്പം ഇവിടെ നിന്നും യാത്രയാകുന്നതിന്റെ ദുഃഖവും അവര്‍ മറച്ചുവച്ചില്ല.

Friday, February 19, 2010

മദ്യം ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: കെസിബിസി

മദ്യത്തിന്റെ വില്‍പന കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ച്‌ കൂടുതല്‍ മദ്യപാനികളെ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ ജനകീയ മുന്നണിയും മദ്യനിരോധന സമിതിയും സംയുക്തമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിജയപുരം ബിഷ്പ്്സ്‌ ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ ഒന്നിന്‌ സംസ്ഥാനത്തെ ജില്ലാ കളക്്ടറേറ്റുകള്‍ക്കു മുന്നിലും ബിവറേജസ്‌ കോര്‍പറേഷന്‍ ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തും. ഇതോടൊപ്പം 140 എംഎല്‍എമാരെയും മദ്യവിപത്തിന്റെ വിവരങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനുശേഷവും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ മാര്‍ച്ച്‌ 25ന്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമ്മേളനം നടത്തി മുഖ്യമന്ത്രിക്കും എക്സൈസ്‌ വകുപ്പു മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്ന്‌ കെസിബിസി പ്രസിഡന്റും മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാനുമായ ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്‌, കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കുട്ടികളെയും സ്ത്രീകളെയും വരെ മദ്യത്തിന്‌ അടിമകളാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ഇവര്‍ ആവശ്യപ്പെട്ടു. മദ്യത്തിന്റെ അളവ്‌ നാല്‌ ശതമാനമേയുള്ളു എന്നു പ്രചരിപ്പിച്ചാണ്‌ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാന്‍ നീക്കം നടക്കുന്നത്‌. ഒരു കാരണവശാലും ഇത്തരം മദ്യത്തിന്റെ വിതരണത്തിന്‌ തങ്ങള്‍ അനുവദിക്കില്ല. ശുദ്ധജലം കിട്ടാത്ത നാട്ടില്‍ അത്‌ എത്തിക്കാനുള്ള താല്‍പര്യം കാണിക്കാത്ത സര്‍ക്കാര്‍ എന്തിനാണ്‌ വീര്യം കുറഞ്ഞ മദ്യ വിതരണത്തിന്‌ താല്‍പര്യം കാട്ടുന്നതെന്ന്‌ ഇവര്‍ ചോദിച്ചു. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള ചില അന്താരാഷ്്ട്ര കമ്പനികളുടെ താല്‍പര്യവും അതുവഴി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സംഘടിപ്പിക്കാനുള്ള നീക്കവുമാണ്‌ ഇതിനു പിന്നിലെന്നും ഇവര്‍ ആരോപിച്ചു. ജനം ബുദ്ധിമുട്ടുന്നതിനെക്കുറിച്ചല്ല, മറിച്ച്‌ കള്ളുഷാപ്പ്‌ ഇല്ലാത്തത്‌ എവിടെയാണന്നു കണ്ടുപിടിക്കുന്നതിനുള്ള സര്‍വേയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. പഞ്ചായത്തീരാജ്‌, നഗരപാലിക നിയമങ്ങളിലെ 232,447 വകുപ്പുകള്‍ ഒരു പ്രദേശത്ത്‌ മദ്യം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അന്നാട്ടുകാര്‍ക്ക്‌ അധികാരം നല്‍കുന്നവയായിരുന്നു. എന്നാലിത്‌ നായനാര്‍ സര്‍ക്കാര്‍ റദ്ദു ചെയ്തു. സര്‍ക്കാര്‍ റദ്ദാക്കിയ വകുപ്പ്‌ പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ ഫാ.തോമസ്‌ തൈത്തോട്ടം, സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രസാദ്‌ കുരുവിള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, February 17, 2010

പൗരോഹിത്യം ദൈവത്തിന്റെ വിലപ്പെട്ട ദാനം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

പൗരോഹിത്യം ദൈവം നല്‍കിയ വിലപ്പെട്ട ദാനമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ ആരംഭിച്ച ചങ്ങനാശേരി അതിരൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ഈശോയുടെ സുവിശേഷദൗത്യം തുടരുന്നത്‌ പുരോഹിതനിലൂടെയാണ്‌. ദൈവത്തെയും ദൈവജനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ദൈവം സ്വന്തം ജനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പുരോഹിതരിലൂടെയാണ്‌. ക്രിസ്തീയ പൗരോഹിത്യത്തെ അപമാനിക്കുന്നതിനും താറടിക്കുന്നതിനും എല്ലാക്കാലവും ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്‌. സഭാനേതൃത്വത്തെ ഇല്ലായ്മ ചെയ്ത്‌ സഭയെ തകര്‍ക്കാനാണ്‌ ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുള്ളത്‌. പീഡനങ്ങള്‍ എന്നും സഭയെ വളര്‍ത്തുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. പൗരോഹിത്യം ദൈവം സ്ഥാപിച്ചതിനാലും പൗരോഹിത്യത്തിലൂടെ സഭ നിലനില്‍ക്കുന്നതിനാലും പൗരോഹിത്യം ഇല്ലായ്മ ചെയ്യാനാകില്ല. ദൈവജനത്തിന്റെ പരിപോഷണത്തിനുവേണ്ടി ദൈവം നല്‍കിയ പൗരോഹിത്യം തിരസ്കരിക്കപ്പെടരുതെന്നും ആര്‍ച്ച്ബിഷപ്‌ ഉദ്ബോധിപ്പിച്ചു. യേശുവിന്റെ സാദൃശ്യത്തോടു ചേര്‍ന്ന വൈദികര്‍ സഭയിലുണ്ടാകണം. ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. വിശുദ്ധരായ വൈദികരും സമര്‍പ്പിതരും കാലഘട്ടത്തിന്‌ ആവശ്യമാണ്‌. ലോകത്തെ ദൈവരാജ്യമായും വിശുദ്ധ കൂട്ടായ്മയായും വളര്‍ത്താന്‍ വൈദികരും സഭാമക്കളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. തോമസ്‌ തുമ്പയില്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പറമ്പില്‍, കൈക്കാരന്‍ തങ്കച്ചന്‍ മുളവന എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ ആമുഖപ്രസംഗം നടത്തി. ഉച്ചകഴിഞ്ഞും വൈകിട്ടും ഫാ. ആന്റോ കണ്ണമ്പുഴ വിസി വചനപ്രഘോഷണം നടത്തി. ചാന്‍സലര്‍ ഫാ. ടോം പുത്തന്‍കളം വിശുദ്ധ കുര്‍ബാനയ്ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജു കണ്ണാടിപ്പാറ, ഫാ. ജോര്‍ജ്‌ പനക്കേഴം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ആരാധനയ്ക്ക്‌ ഫാ. ടോം കുന്നുംപുറവും റംശയ്ക്ക്‌ ഫാ. മാത്യു ഓടലാനിയും കാര്‍മികത്വം വഹിച്ചു. ഫാ. ബിജു കണ്ണാടിപാറ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ആയിരക്കണക്കിന്‌ വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്‌. ഇന്നു രാവിലെയും വൈകുന്നേരവും റവ. ഡോ. ജോസഫ്‌ പാമ്പ്ലാനി ‘സഭ വിളിയും വെല്ലുവിളിയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക്‌ വിശുദ്ധ കുര്‍ബാനയ്ക്ക്‌ ഫാ. തോമസ്‌ തുമ്പയില്‍, ഫാ. സോണി കാരുവേലില്‍, ഫാ. ഗ്രിഗറി ഓണംകുളം തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. റംശയ്ക്ക്‌ ഫാ. ചാക്കോ പുതിയപ്പറമ്പിലും ആരാധനയ്ക്ക്‌ ഫാ. ജോണ്‍ പുലിശേരി, ഫാ. ബാബു പുത്തന്‍പുര എന്നിവരും കാര്‍മികത്വം വഹിക്കും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ സമാപന സന്ദേശത്തോടുകൂടി 20ന്‌ രാത്രി ഒന്‍പതിന്‌ സമാപിക്കും.

Tuesday, February 16, 2010

അവകാശനിഷേധം തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാവും: കാതോലിക്ക ബാവ

മതം നോക്കാതെ നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനുള്ള ബാധ്യത നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഫലം അറിയുമെന്ന്‌ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ അനുസ്മരിപ്പിച്ചു. അക്രമവും അരാജകത്വവും സൃഷ്ടിച്ചാലേ നീതി നടത്തൂ എന്ന്‌ വരുന്നത്‌ നാടിന്റെ നാശത്തിനാവും കാരണമാവുക. ഉപവാസവും ധര്‍ണകളും സമാധാനപരമായ മാര്‍ഗങ്ങളും കൊണ്ട്‌ കാര്യങ്ങള്‍ നേടാനാവുമെന്ന്‌ തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്‌. മതപരിഗണന കൂടാതെ നാടാര്‍സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം വേണം എന്നാവശ്യപ്പെട്ട്‌ മലങ്കര നാടാര്‍ കാത്തലിക്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ്‌ കവാടത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും പ്രതിനിധികള്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാതോലിക്ക ബാവ. തിരുവനന്തപുരം മേജര്‍ അതിരൂപത ചീഫ്‌ വികാരി ജനറാള്‍ മോണ്‍. ജയിംസ്‌ പാറവിള,ജോര്‍ജ്‌ മേഴ്സിയര്‍ എം.എല്‍.എ, ഫാ.വര്‍ഗീസ്‌ കൈതോളില്‍,ഫാ. ജോര്‍ജ്‌ ജോഷ്വ കന്നിലേത്ത്‌, പാറശാല വൈദിക ജില്ലാ വികാരി ഫാ. സെബാസ്റ്റ്യന്‍ കണ്ണന്താനം, നാടാര്‍ മൂവ്മെന്റ്‌ കണ്‍വീനര്‍ സി.എസ്‌ കുമാര്‍, പി.പൗലോസ്‌, ധര്‍മ്മരാജ്‌ വെണ്‍കുളം, എല്‍.തങ്കരാജ്‌, ക്രിസ്തുദാസ്‌ നെടുമങ്ങാട്‌, വനിതാ പ്രതിനിധി സരോജിനി എന്നിവര്‍ സമരത്തിനു നേതൃത്വം കൊടുത്തു. മലങ്കര നാടാര്‍ സമൂഹം സമരം ചെയ്യുന്നത്‌ ഓന്നോ രണേ്ടാ പള്ളിക്കു വേണ്ടിയല്ല. ഭരണഘടന ഉറപ്പാക്കിയ അവകാശങ്ങള്‍ എല്ലവര്‍ക്കും കിട്ടാനാണ്‌. ഞങ്ങള്‍ ചോദിക്കുന്നത്‌ ഔദാര്യമല്ല, അവകാശമാണ്‌. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഇവിടെയും ബാധകമാക്കണമെന്നാണ്‌. ആവശ്യം നീതിയാണെന്ന്‌ ഇപ്പോഴത്തെ ഭരണക്കാരും മുന്‍ഭരണക്കാരും സമ്മതിക്കുന്നു.എന്നാല്‍ നീതി നടപ്പാക്കുന്നില്ല. മതം നോക്കിയല്ല,വിശ്വാസികള്‍ പോകുന്ന പള്ളി നോക്കിയല്ല ഭരണഘടന സംവരണംനിശ്ചയിച്ചത്‌ സാമുദായികവും സാമ്പത്തികവുമായ കാരണങ്ങള്‍ കൊണ്ടാണ്‌. നാടാര്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും സംവരണത്തിന്‌ അര്‍ഹരാണ്‌. ഞങ്ങള്‍ പ്രക്ഷോഭണം നടത്തുന്നത്‌ ഏതാനും പള്ളികള്‍ക്കു വേണ്ടിയല്ല. സമുദായത്തിനാകെ വേണ്ടിയാണ്‌ അദ്ദേഹം പറഞ്ഞു. നികുതി പിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജാതി നോക്കുന്നില്ലല്ലോ?. തെരഞ്ഞെടുപ്പുകാലത്ത്‌ ഉണര്‍ന്നാല്‍ മതിയെന്ന്‌ കരുതുന്ന നേതാക്കന്മാര്‍ക്ക്‌ ഒരു താക്കീതാണ്‌ ഈ അമ്മമാര്‍. അവര്‍ക്കു സംവരണമാണ്‌ നിഷേധിച്ചിട്ടുള്ളത്‌, വോട്ടവകാശമല്ല. കാതോലിക്കബാവ ഓര്‍മ്മിപ്പിച്ചു. മലങ്കര നാടാര്‍ മൂവ്മെന്റിന്റെ ആവശ്യം തികച്ചും ന്യായമാണെന്ന്‌ ചടങ്ങില്‍ പ്രസംഗിച്ച ജോര്‍ജ്‌ മേഴ്സിയര്‍ എം.എല്‍.എ പറഞ്ഞു.

സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നു: ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

പുതിയ മദ്യനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപത സന്യാസിനിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവികേന്ദ്രീകരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത്‌ മദ്യഷാപ്പുകള്‍ അനുവദിക്കുന്നതില്‍ അധികാര കേന്ദ്രീകരണമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. മദ്യത്തിലൂടെ സര്‍ക്കാര്‍ സംഭരിക്കുന്നത്‌ രക്തത്തിന്റെ വിലയാണ്‌. പാപബോധവും പശ്ചാത്താപവും നഷ്ടപ്പെട്ടവര്‍ സമൂഹത്തിന്‌ ആപത്താണ്‌ - അദ്ദേഹം പറഞ്ഞു. രൂപത പ്രസിഡന്റ്‌ ഡോ. എ.ടി ദേവസ്യ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ്‌ വെള്ളമരുതുങ്കല്‍, ഫാ. പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, സിസ്റ്റര്‍ ജോസ്ലിന്‍, ജോസ്‌ ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു. സംഗമം 17-നു സമാപിക്കും.

സാമൂഹ്യനീതിയുടെ പുനഃസ്ഥാപനത്തിന്‌ കേന്ദ്രം തീരുമാനമെടുക്കണം: ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

സാമൂഹ്യനീതി നിഷേധിക്കപ്പെട്ട രാജ്യത്തെ ദളിത്‌ ക്രൈസ്തവര്‍ അടക്കമുള്ള അടിസ്ഥാനവര്‍ഗ മതവിശ്വാസികള്‍ക്ക്‌ നീതി ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന്‌ പുനലൂര്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂര്‍ രൂപതയുടെ നേതൃത്വത്തില്‍ പത്തനാപുരം സെന്റ്‌ സേവ്യേഴ്സ്‌ വിദ്യാനികേതന്‍ ആനിമേഷന്‍ സെന്ററില്‍ ചേര്‍ന്ന ‘ജസ്റ്റീസ്‌ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും സാമൂഹ്യനീതിയും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നായി മുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ മൂന്നു ഘട്ടങ്ങളിലായാണ്‌ നടന്നത്‌. ഉദ്ഘാടനസമ്മേളനത്തില്‍ പുനലൂര്‍ രൂപതാ ചാന്‍സിലര്‍ ഡോ.ജോണ്‍സണ്‍ ജോസഫ്‌, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി കുളക്കായത്തില്‍, കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രന്‍, പുനലൂര്‍ സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടര്‍ ഡോ.റോയി പ്രകാശ്‌, ബി സിംസണ്‍, ഫാ.ജോയി ശാമുവല്‍, ശൂരനാട്‌ ഗ്രിഗറി, ഷാജി ജോര്‍ജ്‌, അഡ്വ.പി ജെറോം, സി.ആര്‍ നജീബ്‌ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ആന്റണി അമ്പാട്ട്‌ വിഷയം അവതരിപ്പിച്ചു.

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ ധ്വംസിക്കരുത്‌: കത്തോലിക്കാ കോണ്‍ഗ്രസ്‌

കേരളത്തിലെ സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുടെ അഫിലിയേഷന്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്സിറ്റിയും മുന്‍പോട്ട്‌വച്ചിരിക്കുന്ന നിബന്ധനകള്‍ മതന്യൂനപക്ഷ വിരുദ്ധവും പ്രതികാരപരവുമാണെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്രഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ആരംഭിച്ചതു മുതല്‍ സ്വാശ്രയ വിദ്യാഭ്യസരംഗത്തു അനാവശ്യമായും വിവേചനപരമായും നടപ്പാക്കുവാന്‍ ശ്രമിച്ച പരിഷ്കാരങ്ങള്‍ പല നിയമ യുദ്ധങ്ങള്‍ വഴി പരാജയപ്പെട്ടിട്ടും വീണ്ടും അവിടെ പ്രതിസന്ധി സൃഷ്ടിച്ച്‌ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു തുരങ്കം വയ്ക്കുന്ന നടപടി അപലപനീയമാണ്‌.ദളിത്‌ ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രയോജനപ്പെടുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയെടുക്കണമെന്ന പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക്‌ യോഗം അയച്ചുകൊടുത്തു.സംസ്ഥാന പ്രസിഡന്റ്‌ എം.ഡി ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ പ്രഫ.കെ.കെ ജോണ്‍,ടോമി തുരുത്തിക്കര,അഡ്വ.ബിജു സെബാസ്റ്റ്യന്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മാത്യു മടുക്കക്കുഴി, ബേബി മാത്യു, കെ.റ്റി തോമസ്‌, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു.

വലിയനോമ്പ്‌: ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയം: ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ

സുവിശേഷത്തിലെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയമായാണ്‌ തിരുസഭ നോമ്പുകാലത്തെ കണക്കാക്കുന്നത്‌. അതിനാല്‍ ഈ വര്‍ഷം നീതിയെക്കുറിച്ചുള്ള ചിന്തകളാണ്‌ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്‌. വിശുദ്ധ പൗലോസ്‌ പറയുന്നു- ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്‌. (റോമ 3.21).പെസഹ ത്രിദിനത്തിലാണല്ലോ നോമ്പുകാലം പൂര്‍ത്തിയാകുന്നത്‌. അന്ന്‌ ഉപവിയുടെയും ദാനത്തിന്റെയും രക്ഷയുടെയും പൂര്‍ണതയായ ദൈവത്തിന്റെ നീതിയുടെ ആഘോഷം നാം നടത്തും. അതുകൊണ്ട്‌ ഈ നോമ്പുകാലം, എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വന്ന ക്രിസ്തുരഹ സ്യ ത്തെക്കുറിച്ചുള്ള ആഴമായ അറിവിനും യഥാര്‍ഥമായ മനസ്താപത്തിനും ഓരോ ക്രൈസ്തവനെയും നയിക്കുന്ന കാലമായിരിക്കണം.
നീതി എന്നാല്‍ ഓരോ വ്യക്തിക്കും അവന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കുക എന്നാണെന്ന്‌ മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായ ഉല്‍പ്പിയന്‍ നിര്‍വചിച്ചിട്ടുണ്ട്‌. മനുഷ്യന്‌ അര്‍ഹതപ്പെട്ടതെല്ലാം ഉറപ്പാക്കാന്‍ നിയമത്തിനാവില്ല. അതു ദൈവത്തില്‍ നിന്നു ദാനമായി ലഭിക്കുന്നതാണ്‌. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‌ ഏറ്റവും ആവശ്യം ദൈവത്തിന്റെ സ്നേഹമാണ്‌. ഭൗതികവസ്തുക്കള്‍ നിശ്ചയമായും വേണ്ടതും, ആവശ്യവുമാണ്‌. യേശുനാഥന്‍ രോഗികളെ സുഖപ്പെടുത്തുകയും ജനക്കൂട്ടത്തിന്‌ അപ്പം നല്‍കുകയും ചെയ്തു. അതുകൊണ്ടുതന്നെ പട്ടിണി മൂലവും കുടിവെള്ളം കിട്ടാതെയും മരുന്നുകള്‍ ഇല്ലാതെയും ലക്ഷക്കണക്കിന്‌ ജനങ്ങളെ മരണത്തിലേക്ക്‌ നയിക്കുന്ന അവസ്ഥയെ അവിടുന്ന്‌ നിശ്ചയമായും ശപിക്കുന്നു. എങ്കിലും ഇവയുടെ ലഭ്യതകൊണ്ടുമാത്രം മനുഷ്യനു വേണ്ടതെല്ലാം ആകുന്നില്ല. അപ്പം പോലെ തന്നെയോ അതിലുപരിയായോ മനുഷ്യനു ദൈവത്തെ വേണം.ശുദ്ധിയെയും അശുദ്ധിയെയും കുറിച്ചു ഈശോ നടത്തിയ സംവാദത്തെക്കുറിച്ച്‌ വിശുദ്ധ മാര്‍ക്കോസ്‌ തരുന്ന വിവരണത്തില്‍, പുറത്തുനിന്നു വരുന്നവയല്ല മനുഷ്യനെ അശുദ്ധനാക്കുന്നതെന്നും ഉള്ളില്‍ നിന്നു വരുന്നവയാണ്‌ ഒരാളെ അശുദ്ധനാക്കുന്നതെന്നും പറയുന്നു. ഇവിടെ ഫരിസേയരുടെ പ്രതികരണത്തില്‍ മനുഷ്യരുടെ നിത്യമായ ഒരു കാഴ്ചപ്പാട്‌ പ്രകടമാണ്‌. പുറത്തുനിന്നു വരുന്നതാണ്‌ തിന്മ. പല ആധുനിക ദര്‍ശനങ്ങളും ഈ മനോഭാവത്തിലാണ്‌ ആഴപ്പെടുന്നത്‌.
തിന്മ പുറത്തുനിന്നു വരുന്നു. അതുകൊണ്ട്‌ നീതി സ്ഥാപിക്കപ്പെടണമെങ്കില്‍ അതിനുള്ള ബാഹ്യ കാരണങ്ങള്‍ നീക്കംചെയ്താല്‍ മതിയെന്ന മനോഭാവത്തെ യേശു ചോദ്യം ചെയ്യുന്നു. തിന്മയുടെ ഫലമായ അനീതി ഉണ്ടാകുന്നത്‌ ബാഹ്യകാരണങ്ങള്‍കൊണ്ടു മാത്രമല്ല. അതിന്റെ വേരുകള്‍ മനുഷ്യഹൃദയത്തിലാണ്‌. അതുകൊണ്ടാണ്‌ സങ്കീര്‍ത്തനക്കാരന്‍ വിലപിച്ചത്‌- “ഞാന്‍ ജനിച്ചത്‌ പാപത്തിലാണ്‌. പാപത്തിലാണ്‌ അമ്മ എന്നെ ഗര്‍ഭം ധരിച്ചത്‌”. മറ്റുള്ളവരുമായി കൂട്ടായ്മയിലാവുന്നതിനെ തടസപ്പെടുത്തുന്ന മുറിവുകളാല്‍ ഓരോ വ്യക്തിയും ബലഹീനനാക്കപ്പെടുന്നു. ഉത്ഭവപാപത്തിന്റെ ഫലമായുള്ള അഹങ്കാരം എല്ലാവര്‍ക്കും മുകളിലായും എതിരായും തന്നെ പ്രതിഷ്ഠിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സാത്താന്റെ പ്രേരണയില്‍ ദൈവത്തിന്റെ കല്‍പന ലംഘിച്ച മനുഷ്യന്‍ സ്നേഹത്തിലുള്ള ശരണത്തെക്കാള്‍ സംശയത്തിനും മത്സരത്തിനും വഴിതുറന്നു. അതോടെ അശാന്തിയും അവ്യക്തതയും പടര്‍ന്നു.നീതി എന്നാല്‍ എന്താണ്‌ ക്രിസ്തു അര്‍ഥമാക്കുന്നത്‌? അതു കൃപയില്‍ നിന്നു വരുന്നതാണ.്‌ മനുഷ്യനല്ല മാറ്റങ്ങള്‍ വരുത്തുന്നതും തന്നെയോ മറ്റുള്ളവരെയോ സുഖപ്പെടുത്തുന്നതും. ക്രിസ്തുവിന്റെ രക്തം മനുഷ്യനെ വീണെ്ടടുക്കുന്നു. മനുഷ്യന്റെ ബലികളല്ല അവനെ സ്വതന്ത്രനാക്കുന്നത്‌, പിന്നെയോ സ്വന്തം പുത്രനെപ്പോലും ബലിയര്‍പ്പിച്ച ദൈവത്തിന്റെ സ്നേഹമാണ്‌.

Monday, February 15, 2010

വിശുദ്ധ കുര്‍ബാനയ്ക്കിടെ പള്ളിവികാരിക്കു നേരേ സിപിഎമ്മുകാരന്റെ കൈയേറ്റശ്രമം

വിശുദ്ധ കുര്‍ബാനയ്ക്കിടെ പള്ളിവികാരിയുടെ നേരെ സിപിഎമ്മുകാരനായ ഇടവകാംഗത്തിന്റെ കൈയേറ്റ ശ്രമം. പശുക്കടവ്‌ സെന്റ്‌ തെരേസാസ്‌ പള്ളിവികാരി ഫാ. ജോസഫ്‌ കൂനാനിക്കലിനു നേരെയാണ്‌ ഇന്നലെ രാവിലെ കൈയേറ്റശ്രമം നടന്നത്‌. രണ്ടാം കുര്‍ബാനയിലെ പ്രസംഗത്തിനിടെ ഈശ്വരവിശ്വാസത്തെയും നിരീശ്വരവാദത്തെയും പറ്റി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ്‌ സിഐടിയുക്കാരനും മരുതോങ്കര പഞ്ചായത്ത്‌ സിപിഎം അംഗം ലിസിയുടെ ഭര്‍ത്താവുമായ ബേബി തടത്തില്‍പറമ്പില്‍ വികാരിക്കുനേരേ വധഭീഷണി മുഴക്കിയത്‌. അള്‍ത്താരയില്‍ കയറി വികാരിക്കുനേരേ അസഭ്യവര്‍ഷം നടത്തി കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്നു കുര്‍ബാനയ്ക്കുശേഷം ഇടവകാംഗങ്ങള്‍ മുഴുവനും പൊതുയോഗം ചേര്‍ന്നു കൈയേറ്റശ്രമത്തിനെതിരേ പ്രതിഷേധിച്ചു. വിശ്വാസത്തിന്റെ പേരില്‍ അടുത്തിടെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍നിന്നു പലരും പുറത്തുപോയിട്ടുണ്ട്‌. വിശ്വാസവും നിരീശ്വരവാദ വും ഒരേസമയം കൊണ്ടുപോകുന്നവരെ പാര്‍ട്ടിയില്‍ നിര്‍ത്താനാവില്ലെന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കളും അടുത്തിടെ പറഞ്ഞിട്ടുണ്ടെന്നത്‌ വികാരി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കത്തോലിക്കാ സഭയിലുള്ളവര്‍ ഈശ്വരവിശ്വാസികളായിരിക്കണം. സഭയുടെ കീഴിലുള്ളവര്‍ക്ക്‌ ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകാനാവില്ല. അവര്‍ വിശ്വാസികളായിരിക്കണമെന്നും വികാരി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ്‌ സിഐടിയുക്കാരന്‍ അസഭ്യംചൊരിഞ്ഞ്‌ അള്‍ത്താരയിലേക്കു കയറിയത്‌. കൈയേറ്റശ്രമത്തിനു തൊട്ടില്‍പ്പാലം പോലീസില്‍ വികാരി പരാതി നല്‍കി. വിശ്വാസത്തെ ചോദ്യംചെയ്തു നിരീശ്വരവാദത്തില്‍ നില്‍ക്കുന്നവരെ സഭാക്കൂട്ടായ്മയില്‍നിന്നു പുറത്താക്കാനും ഇടവകാംഗങ്ങളുടെ പൊതുയോഗം തീരുമാനിച്ചു. സംഭവത്തില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കെസിവൈഎം, വിന്‍സെന്റ്‌ ഡിപോള്‍, മാതൃസംഘം, മിഷന്‍ലീഗ്‌ തുടങ്ങിയവ പ്രതിഷേധം രേഖപ്പെടുത്തി. ബേബിക്കെതിരേ സഭാതല ത്തില്‍ നടപടിയുണ്ടാകുമെന്നു പള്ളിവികാരി ഫാ.ജോസ ഫ്‌ കൂനാനിക്കല്‍ പറഞ്ഞു. പറഞ്ഞത്‌ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ല. പറഞ്ഞതു തിരുത്താന്‍ അദ്ദേഹത്തിന്‌ ഇനിയും അവസരമുണ്ട്‌. തിരിച്ചുവരികയും ചെയ്യാം. എന്നാലതു പൂര്‍ണമായ വിശ്വാസിയായിട്ടാകണം എന്നുമാത്രം. ഇടവകാംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌- വികാരി വ്യക്തമാക്കി.

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും

വലിയ നോമ്പിന്‌ ഒരുക്കമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. കത്തീഡ്രല്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ രാവിലെ പത്തിന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. തോമസ്‌ തുമ്പയില്‍ ആമുഖപ്രസംഗം നടത്തും. തുടര്‍ന്ന്‌ റവ. ഡോ. മാത്യു വെള്ളാനിക്കല്‍ വചനപ്രേഘോഷണം നടത്തും. ഉച്ചയ്ക്ക്‌ 12ന്‌ വിശുദ്ധ കുര്‍ബാനയ്ക്ക്‌ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞും വൈകിട്ടും ഫാ. ആന്റോ കണ്ണമ്പുഴ വിസി വചനപ്രഘോഷണം നടത്തും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമാപനസന്ദേശം നല്‍കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ 4.30വരെയും വൈകുന്നേരം 5.30 മുതല്‍ ഒന്‍പതുവരെയും രണ്ടു സെഷനുകളായിട്ടാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌. സാര്‍വത്രികസഭ വൈദികവര്‍ഷമായി ആചരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യവിഷയം ‘പുരോഹിതജനവും പുരോഹിതശുശ്രൂഷയും’ എന്നതായിരിക്കും. മറ്റു ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോസഫ്‌ പാംബ്ലാനി, ബ്രദര്‍ പാപ്പച്ചന്‍ പള്ളത്ത്‌, മൂവാറ്റുപുഴ ബിഷപ്‌ ഏബ്രഹാം മാര്‍ യൂലിയോസ്‌, ഫാ. ഡൊമിനിക്‌ വാളന്മനാല്‍, റവ. ഡോ. മാണി പുതിയിടം, ഫാ. തോമസ്‌ കൊടിനാട്ടുകുന്നേല്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും.എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, സൗഖ്യദായക ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും. കെസിഎസ്‌എലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ 20ന്‌ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നുവരെ എസ്‌എസ്‌എല്‍സി, പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ ഒരുക്ക കണ്‍വന്‍ഷന്‍ നടക്കും. പതിനായിരം പേര്‍ക്ക്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായുള്ള ക്രമീകരണമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സഭാ വിശ്വാസികള്‍ വിദ്യാഭ്യാസപരമായി ഉയരണം:കാതോലിക്ക ബാവ

ഭരണാധികാരികളില്‍ നിന്ന്‌ അവഗണനയും പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടും മലങ്കര കത്തോ ലിക്കര്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ. പാറശാല വൈദിക ജില്ല സണ്‍ഡേ സ്കൂള്‍, എം.സി. വൈ.എം, എം. സി.എ,മാതൃ സ മാജം,വിന്‍സന്റ്‌ ഡി പോള്‍, എം.സി.എന്‍.എം എന്നീ സംഘടനകളുടെ മഹാസംഗമം അമ്പിലിക്കോണം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാ രിക്കുകയായിരുന്നു കാതോലിക്ക ബാവ. സഭാവിശ്വാസികള്‍ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഉന്നതിയിലെത്തണമെന്ന്‌ കാതോലിക്ക ബാവ ഓര്‍മിപ്പിച്ചു. പാറശാല വൈദിക ജില്ല വികാരി ഫാ. സെബാസ്റ്റ്യന്‍ കണ്ണന്താനം അധ്യക്ഷനായിരു ന്നു.ഉച്ചയ്ക്ക്‌ പിന്‍കുളം സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നിന്ന്‌ ആരംഭിച്ച റാലിയില്‍ വൈദിക ജില്ലയിലെ 28 പള്ളി ഇടവകകളില്‍ നിന്നായി നാലായിരത്തോളം പേര്‍ പങ്കെടുത്തു. വിവിധ സംഘടനകള്‍ നടത്തിയ കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ കാതോലിക്ക ബാവ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വീര്യം കുറഞ്ഞ മദ്യത്തിനെതിരേ ശക്തമായ സമരം: ഡോ. സൂസപാക്യം

വീര്യം കുറഞ്ഞ മദ്യം പ്രചരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരം ഉണ്ടാകുമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം മുന്നറിയിപ്പു നല്‍കി. കേരള സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്നതിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ കെസിവൈഎം സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിയ മദ്യ വിരുദ്ധ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.യൂജിന്‍ എച്ച്‌. പെരേര, അതിരൂപതാ കെസിഐഎം ഡയറക്ടര്‍ ഫാ.പോള്‍ സണ്ണി, അതിരൂപതാ പ്രസിഡന്റ്‌ എബിന്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ മാഗി, പുല്ലുവിള ഫൊറോന പ്രസിഡന്റ്‌ ജോ വിക്ടര്‍, സെക്രട്ടറി ജോണി സൈമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇത്‌ ഒരു സൂചനാ സത്യാഗ്രഹം മാത്രമാണന്നും തുടര്‍ന്നു കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും വരെ കുടിപ്പിക്കുന്നതിനുള്ള തന്ത്രമാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതോടെ കേരളത്തെ തകര്‍ക്കുന്നതിനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നേ വിചാരിക്കാന്‍ കഴിയൂ. സമൂഹം നശീകരണ പ്രവര്‍ത്തികള്‍ക്കെതിരായി മുന്നോട്ട്‌ വരണം. വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചാ ണ്‌ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിക്കാര്‍ഡി മാര്‍ട്ടിനി ഇന്ത്യാ ലിമിറ്റഡ്‌ എന്ന കമ്പനിക്കാണ്‌ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. അടുത്ത മാസം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത്‌ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഈ സാഹചര്യത്തിലാണ്‌ മദ്യവിരുദ്ധ സമരം വീണ്ടും ശക്തമായിരിക്കുന്നത്‌.

മാര്‍ ബോസ്കോ പുത്തൂര്‍ വിശാല അനുഭവസമ്പത്തുള്ള വ്യക്തിത്വം: കര്‍ദിനാള്‍ ഹ്യൂംസ്‌

സീറോ മലബാര്‍ സഭ കൂരിയ മെത്രാനായി നിയമിതനായ മാര്‍ ബോസ്കോ പുത്തൂര്‍ കഴിവും വിശാലമായ അനുഭവ സമ്പത്തുമുള്ള വ്യക്തിത്വമാണെന്ന്‌ വത്തിക്കാന്‍ തിരുസംഘത്തിലെ വൈദികര്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രിഫെക്ട്‌ കര്‍ദിനാള്‍ ക്ലൗഡിയോ ഹ്യൂംസ്‌. സീറോ മലബാര്‍ സഭ കൂരിയ മെത്രാനായി ചുമതലയേറ്റ മാര്‍ ബോസ്കോ പുത്തൂരിനെ അഭിനന്ദിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തന പരിചയത്തിന്റെയും ആഴമേറിയ വിശ്വാസത്തിന്റെയും വ്യക്തമായ കാഴ്ചപ്പാടിന്റെയും അനുഭവസമ്പത്ത്‌ അദ്ദേഹത്തിന്‌ സീറോ മലബാര്‍ സഭ കൂരിയ മെത്രാനെന്ന നിലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ്‌ തന്റെ വിശ്വാസമെന്നും കര്‍ദിനാള്‍ പറഞ്ഞു. സെന്റ്‌ തോമസ്‌ അപ്പസ്തോലനില്‍നിന്നു വിശ്വാസം സ്വീകരിച്ച സമൂഹമാണ്‌ സീറോ മലബാര്‍ വിശ്വാസികള്‍. ഏറെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ട്‌ വിശ്വാസവും പാരമ്പര്യവും ഉറപ്പിച്ച സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. ഈ വിശ്വാസ പാരമ്പര്യം പുതുതലമുറയ്ക്കും കൈമാറണം. അതുവഴി ലോകത്തിന്റെ പലഭാഗത്തും ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുകയും വേണം. ഇന്ത്യന്‍ കത്തോലിക്കാ സഭയില്‍ മൂന്ന്‌ റീത്തുകളാണ്‌ പ്രധാനമായുള്ളത്‌. ലത്തീന്‍, സീറോ മലബാര്‍, മലങ്കര, ഈ മൂന്ന്‌ റീത്തുകളും സാര്‍വത്രിക സ്നേഹവും സാഹോദര്യവും ഏകത്വവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു കൈകോര്‍ത്ത്‌ മുന്നോട്ടുനീങ്ങുന്നത്‌ ഏറെ ആഹ്ലാദകരമാണ്‌. വിശ്വസ്തരായിരിക്കുകയും വിശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നതാണ്‌ പരമപ്രധാനം. സ്്നേഹവും കരുണയും പാവങ്ങള്‍ക്ക്‌ നല്‍കുക, സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുക. ഇതാ ണ്‌ ക്രൈസ്തവ മൂല്യം. ഇത്‌ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്‌ സഭയുടെ മുഖമുദ്ര. മാര്‍ ബോസ്കോ പുത്തൂര്‍ വഴി സീറോ മലബാര്‍ സഭയ്ക്കും കത്തോലിക്ക സഭയ്ക്കും കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഉറപ്പുണ്ട്‌ - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ ബോസ്കോ പുത്തൂര്‍ നേരായ പാതയില്‍ നയിക്കുന്ന വ്യക്തിത്വം: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

സഭയേയും സമൂഹത്തേയും നേരായ പാതയില്‍ നയിക്കു ന്ന വ്യക്തിത്വമാണ്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയാ ബിഷപ്പായി അഭിഷിക്തനായ മാര്‍ ബോസ്കോ പുത്തൂരെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. മെത്രാഭിഷേക ചടങ്ങില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും സന്തോഷിക്കുന്ന സുദിനമാണിന്ന്‌. സുഗന്ധം പരത്താന്‍ നിയോഗിക്കപ്പെട്ട പിതാവാണ്‌ മാര്‍ ബോസ്കോ പുത്തൂരെന്ന്‌ അദ്ദേഹം പറഞ്ഞു. സഭയെ കൂട്ടായ്മയിലെത്തിക്കാന്‍ മികച്ച പങ്കു വഹിച്ച വ്യക്തിത്വമാണ്‌. പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണത്തോടെ പറപ്പൂര്‌ ചരിത്രം തിരുത്തിക്കുറിക്കുകയാണ്‌, തൃശൂര്‍ അതിരൂപത മാത്രമല്ല, സീറോ മലബാര്‍ സഭയിലും ആഗോളസഭയിലും സൗരഭ്യം പരത്തുന്ന വ്യക്തിത്വമാണ്‌ പുതി യ ബിഷപ്പിന്റേത്‌. സ്വര്‍ണത്തിന്റെ മാറ്ററിയാവുന്ന തൃശൂരുകാര്‍ക്ക്‌ ലഭിച്ച വൈഡൂര്യമാണ്‌ പിതാവ്‌. സഭയ്ക്ക്‌ ആവശ്യമുള്ളപ്പോള്‍ അനുയോജ്യരായ ഇടയന്മാരെ നല്‍കി ദൈവം അനുഗ്രഹിച്ചിട്ടുണ്ട്‌. മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനായി പണ്ഡിതനായ, കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനാവുന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, കൂരിയായില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാളെയാണ്‌ സഭയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌.മികച്ച കഴിവുകള്‍ക്ക്‌ ഉടമയായ മാര്‍ ബോസ്കോ പിതാവ്‌ ഉയര്‍ന്ന സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടാന്‍ അല്‍പം കാലതാമസം വന്നുവോയെന്ന സംശയം മാത്രമേയുള്ളു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം മെത്രാന്‍മാരുടെ മെത്രാനായിത്തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആശംസിച്ചു.

സാഹോദര്യസന്ദേശം ഏവര്‍ക്കും പകരും: മാര്‍ പുത്തൂര്‍

ജാതി മതഭേദമെന്യേ സാഹോദര്യത്തിന്റെ സന്ദേശം എല്ലാവര്‍ക്കും പകരാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ മാര്‍ ബോസ്കോ പുത്തൂര്‍. സീറോ മലബാര്‍ സഭയിലും ഇതര കത്തോലിക്കാ സഭയുമായും നിലനില്‍ക്കുന്ന കുടുംബ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സീറോ മലബാര്‍ സഭാ കൂരിയാ മെത്രാനായി ചുമതല യേറ്റ ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക്‌ നീതിനിഷ്ഠമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ പങ്കുചേരാനാണ്‌ ആഗ്രഹിക്കുന്നത്‌. സഭയില്‍ ആരും അന്യരല്ല. മെത്രാന്‍മാരും അല്‍മായരുംവരെ ഉള്‍പ്പെടുന്നതാണ്‌ സഭ. വിവിധ ക്രൈസ്തവസഭകള്‍ ക്രിസ്തുവിന്റെ ഏകശരീരമെന്ന നിലയില്‍ മുന്നോട്ടു പോകുന്നതാണ്‌ തന്റെ സ്വപ്നം. മൂന്നു റീത്തുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ അര്‍ഥവത്തും ശക്തിപ്പെടുത്തുന്നതുമാകണമെന്നും മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു. വര്‍ഗീയതയും മതമൗലീകവാദവും മതനിരപേക്ഷതയും വളരുന്ന ഇക്കാലത്ത്‌ എല്ലാവരും ദൈവത്തിന്റെ മക്കള്‍ എന്നതാവണം ഏവരുടേയും ചിന്ത .അദ്ദേഹം പറഞ്ഞു.

സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ അഫിലിയേഷന്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ല: മാര്‍ പവ്വത്തില്‍

ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ അടിയറവച്ച്‌ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുടെ ഇപ്പോഴു ള്ള അഫിലിയേഷന്‍ പുതുക്കുകയുള്ളൂവെന്ന വിദ്യാഭ്യാസ വകുപ്പിന്റെയും യൂണിവേഴ്സിറ്റിയുടെയും നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി കണ്ടു റദ്ദുചെയ്ത സ്വാശ്രയ വിദ്യാഭ്യാസ നിയമം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ ഈ നീക്കത്തെ എല്ലാവിധ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും എതിര്‍ക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത്‌ അനാവശ്യവും അര്‍ഥശൂന്യവുമായ പ്രതിസന്ധി സൃഷ്ടിച്ച്‌ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ ഈ ഭരണഘടനാവിരുദ്ധമായ നീക്കമെന്നു സംശയിക്കുന്നു. സര്‍ക്കാരിന്റെ ഈ നയങ്ങള്‍മൂലം ഏതാണ്ട്‌ മൂന്നു ലക്ഷം വിദ്യാര്‍ഥികളാണ്‌ മറ്റു സംസ്ഥാനങ്ങളിലെ കോളജുകള്‍ തേടിപ്പോയിരിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നും പണംപറ്റി നടത്തുന്ന തന്ത്രങ്ങളാണിതെന്നും ആരോപണമുണ്ട്‌. കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധവും മതവിരുദ്ധവുമായ നിലപാടുകളുടെ തുടര്‍ച്ചയാണിതില്‍ കാണാന്‍ കഴിയുന്നത്‌. ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു.

Friday, February 12, 2010

മോണ്‍. ബോസ്കോ പുത്തൂര്‍ നാളെ അഭിഷിക്തനാകും

സീറോ-മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കൂരിയാ മെത്രാന്‍ സ്ഥാനത്തേക്കു നിയമിതനായ മോണ്‍. ബോസ്കോ പുത്തൂര്‍ നാളെ അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാഭിഷേക കര്‍മങ്ങള്‍ നട ക്കും. തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, തൃശൂര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം വചന സന്ദേശം നല്‍കും. മാര്‍പാപ്പയുടെ മെത്രാന്‍ നിയമനപത്രിക കൂരിയാ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ വായിക്കും. സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ ആര്‍ച്ച്‌ ഡീക്കനായിരിക്കും. കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ആശംസകള്‍ അര്‍പ്പിക്കും. മെത്രാഭിഷേകചടങ്ങുകളില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും നൂറുകണക്കിന്‌ വിശ്വാസികളും പങ്കെടുക്കും.

കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ ഭരണങ്ങാനത്ത്‌

കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ ഭരണങ്ങാനത്ത്‌ എത്തുമെന്ന്‌ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അറിയിച്ചു. കര്‍ദിനാള്‍ ഹ്യൂംസ്‌ 13ന്‌ പാലാ രൂപതയിലെത്തും. രാവിലെ പത്തിന്‌ രാമപുരത്ത്‌ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ കര്‍ദിനാള്‍ എത്തിച്ചേരും. 11ന്‌ ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സന്ദര്‍ശിക്കും. തുടര്‍ന്ന്‌ 11.45ന്‌ പാലാ അരമനയില്‍ എത്തിച്ചേരുന്ന കര്‍ദിനാളിന്‌ രൂപതയിലെ വിശ്വാസസമൂഹത്തി ലെ എല്ലാ വിഭാഗത്തിലുംപെട്ട, ക്ഷണിക്കപ്പെട്ട വിശ്വാസസമൂഹത്തിന്റെ സാന്നിധ്യത്തില്‍ സ്വീകരണവും വിരുന്നും നല്‍കും. ബ്രസീല്‍ സ്വദേശിയായ കര്‍ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ്‌ 1934 ഓഗസ്റ്റ്‌ എട്ടിനാണു ജനിച്ചത്‌. പോര്‍ച്ചുഗീസാണ്‌ മാതൃഭാഷ. 1996 മുതല്‍ 98 വരെ ഫൊര്‍ത്തലേസാ അതിരൂപതയുടെ മെത്രാപ്പോലീത്തായും 1998 മുതല്‍ 2006 വരെ സാവ്പൗളോയുടെ മെത്രാപ്പോലീത്തായുമായിരുന്നു. അദ്ദേഹം കപ്പൂച്ചിന്‍ സന്യാസന സമൂഹത്തി ലെ അംഗമാണ്‌. 2001 ഫെബ്രുവരിയിലെ കണ്‍സിസ്റ്ററിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്‌ ഹ്യൂംസിനെ കര്‍ദിനാള്‍പദവിയിലേക്ക്‌ ഉയര്‍ത്തിയത്‌. 2002- ലെ നോമ്പുകാലത്ത്‌ മാര്‍പാപ്പയ്ക്കു ധ്യാനം പ്രസംഗിച്ചത്‌ ഇദ്ദേഹമായിരുന്നു. കര്‍ദിനാള്‍ ജോസഫ്‌ റാറ്റ്സിംഗറിനെ പാപ്പായായി തെരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ ഹ്യൂംസ്‌ പങ്കെടുത്തിരുന്നു. 2006 ഒക്ടോബര്‍ 31ന്‌ ബനഡിക്ട്‌ പിതാവ്‌, കര്‍ദിനാള്‍ ഹ്യൂംസിനെ വൈദികര്‍ക്കുവേണ്ടിയുള്ള റോമിലെ തിരുസംഘത്തിന്റെ അധ്യക്ഷനായി നിയമിച്ചു. റോമിലെ 12 തിരുസംഘങ്ങളില്‍ അംഗത്വമുള്ള വ്യക്തി കൂടിയാണ്‌ കര്‍ദിനാള്‍ ഹ്യൂംസ്‌. കത്തോലിക്കാസഭയിലെ വൈദികരുടെയും ഡീക്കന്മാരുടെയും തലവന്‍ എന്ന നിലയില്‍ വളരെ ഭാരിച്ച ഉത്തരവാദിത്തമാ ണ്‌ അദ്ദേഹം നിര്‍വഹിക്കുന്നത്‌. ലോകം മുഴുവനുമുള്ള പ്രെസ്ബിറ്ററല്‍ കൗണ്‍സിലുകളുടെയും മറ്റു വൈദികസംഘടനകളുടെയും ചുമതല ഇദ്ദേഹത്തിനാണ്‌. പണ്ഡിതനും സഭാസ്നേഹിയുമായ കര്‍ദിനാള്‍ ഹ്യൂംസ്‌ ലോ കം മുഴുവനും അറിയപ്പെടുന്ന വ്യക്തിയാണ്‌. സഭയുടെ പരമ്പരാഗത മൂല്യങ്ങളെ, പ്രത്യേകിച്ച്‌ ധാര്‍മിക ദൈവാശ്രയ മേഖലയെ ശക്തമായി ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്‌ അദ്ദേഹം. സഭാത്മകമായ വലിയ ഒരു വീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലുമുണ്ട്‌. സഭയുടെ ഏറ്റവും വലിയ ദൗത്യം പാവപ്പെട്ടവരെ സഹായിക്കുക എന്നതാണെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കര്‍ദിനാള്‍സ്ഥാനം കത്തോലിക്കാസഭയിലെ ശ്രേഷ്ഠമായ ഒരു ശുശ്രൂഷാപദവിയാണ്‌. കര്‍ദിനാളന്മാരെ എല്ലാവരെയും ചേര്‍ത്ത്‌ കര്‍ദിനാള്‍സംഘം എന്നാണു പറയുക. മാര്‍പാപ്പമാരാണ്‌ കര്‍ദിനാളന്മാരെ നിയമിക്കുന്നത്‌. മാര്‍പാപ്പയുടെ ഉപദേശകസമിതിയാണിത്‌. ഇപ്പോള്‍ കത്തോലിക്കാസഭയില്‍ 182 കര്‍ദിനാളന്മാരാണുള്ളത്‌. അവയില്‍ 111 പേരും 80 വയസില്‍ താഴെയുള്ളവരാണ്‌. കര്‍ദിനാളന്മാരെ അഭിസംബോധന ചെയ്യുന്നത്‌ ആദരസൂചകമായ ‘എമിനന്‍സ്‌’ എന്ന വാക്കുപയോഗിച്ചാണ്‌.

ദേശീയഗാനം രാഷ്ട്രത്തിനായുള്ള പ്രാര്‍ഥന: മാര്‍ കല്ലറങ്ങാട്ട്‌

ദേശീയഗാനം രാഷ്ട്രത്തിനായുള്ള പ്രാര്‍ഥനയാണെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ വാര്‍ഷികവും അധ്യാപക-രക്ഷാകര്‍തൃദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. രാജ്യത്തെ സംസ്ഥാനങ്ങള്‍, പ്രധാന നദികള്‍, പര്‍വത-മലനിരകള്‍ എല്ലാം അനുസ്മരിച്ചുകൊണ്ട്‌ രാഷ്ട്രത്തെ ദൈവത്തിനു സമര്‍പ്പിക്കുകയാണ്‌ ദേശീയഗാനത്തില്‍. രാജ്യത്തെ ഒന്നായി കാണാനും രാജ്യത്തിനുവേണ്ടി നിലകൊള്ളാനും വിദ്യാലയങ്ങളില്‍ ഒന്നുചേര്‍ന്ന്‌ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയഗാനം ആലപിക്കുമ്പോള്‍ വിദ്യാലയം വീടായി മാറുന്നു. സ്നേഹം, കൂട്ടായ്മ, ഐക്യം, ഈശ്വരവിശ്വാസം എന്നിവ കൈമാറാനാണ്‌ ദേശീയഗാനം ഓര്‍മിപ്പിക്കുന്നത്‌ - ബിഷപ്‌ പറഞ്ഞു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ഫാ. ജോസഫ്‌ മണ്ണനാലിനു സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി. മാനേജര്‍ റവ. ഡോ. അലക്സ്‌ കോഴിക്കോട്ട്‌ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബര്‍ക്കുമാന്‍സ്‌ കുന്നുംപുറം, ബിജി ജോജോ, ജോസ്‌ പി. മറ്റം, ഫാ. ജേക്കബ്‌ മുരിക്കന്‍, എ.എം സെബാസ്റ്റ്യന്‍, മാത്തുക്കുട്ടി ജോസഫ്‌, ചാള്‍സ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, February 10, 2010

മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉപേക്ഷിക്കണം: ഡോ.അത്തിപ്പൊഴിയില്‍

തീരസുരക്ഷയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന നിര്‍ദിഷ്ട സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉപേക്ഷിക്കണമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ അപ്പെക്സ്‌ ബോഡിയായ കേരളാ റീജിയണ്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി)കീഴില്‍ തീരദേശവാസികള്‍ക്കായി പുതുതായി രൂപീകരിച്ച കടലിന്റെ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍) നേതൃത്വത്തില്‍ എറണാകുളം ബോട്ട്ജെട്ടിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണെങ്കിലും പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ ബലികഴിക്കാനാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നീതിരഹിതമായ നിയമ നിര്‍മാണ നീക്കങ്ങള്‍ എന്തു വില നല്‍കിയും പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, കടല്‍ സമരസമിതി കണ്‍വീനര്‍ ജോസഫ്‌ ജൂഡ്‌, കെആര്‍എല്‍സിസി സെക്രട്ടറി ഷാജി ജോര്‍ജ്‌, ടി.പീറ്റര്‍, പി.എല്‍ ജോണ്‍കുട്ടി, എ.ബി ജസ്റ്റിന്‍, ഫാ സിജു ജോബ്‌, ഫാ. മത്തിയാസ്‌, അഡ്വ ആന്റണി അമ്പാട്ട്‌, അലക്സ്‌ താളൂപ്പാടത്ത്‌, അഡ്വ.ജോസി സേവ്യര്‍, അഡ്വ തോമസ്‌ ആന്‍ഡ്രൂസ്‌, കെ.എ സന്തോഷ്‌, പി.ജെ തോമസ്‌, അഡ്വ.വി.എ ജെറോം, ബാബു തണ്ണിക്കോട്ട്‌, ഐ.എം ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക്‌ മുന്നോടിയായി ഹൈക്കോടതി ജംഗ്ഷനില്‍നിന്നു നടത്തിയ ജാഥ വരാപ്പുഴ അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി ഉദ്ഘാടനം ചെയ്തു.

Monday, February 8, 2010

വിശ്വാസവും സഭാദൗത്യങ്ങളും സഭാംഗങ്ങള്‍ തിരിച്ചറിയണം: മാര്‍ പവ്വത്തില്‍

വിശ്വാസത്തിലും സഭയിലുള്ള ദൗത്യത്തിലും തിരിച്ചറിവും ജാഗ്രതയും സഭാമക്കള്‍ക്ക്‌ ഉണ്ടാകണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഈ കാലഘട്ടത്തില്‍ വിശ്വാസഭീഷണിയെക്കുരിച്ചു പ്രത്യേക അവബോധവും അറിവും ഉണ്ടാകണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ 16 മുതല്‍ 20 വരെ നടക്കുന്ന അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‌ ഒരുക്കമായി കുറുമ്പനാടം ഫൊറോന പ്രേഷിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. കുറുമ്പനാടം ഫൊറോനയില്‍ അതിരൂപത കണ്‍വന്‍ഷന്‌ നേതൃത്വം കൊടുക്കുന്ന കുടുംബക്കൂട്ടായ്മ ലീഡേഴ്സ്‌, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. കുറുമ്പനാടം ഫൊറോന വികാരി ഫാ. മാത്യു കല്ലുകളം അധ്യക്ഷതവഹിച്ചു. ഫാ. എബി പുതുക്കുളങ്ങര, ഫാ. ജോസഫ്‌ പുത്തന്‍പറമ്പില്‍, ഫാ. തോമസ്‌ പ്ലാപ്പറമ്പില്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ചെറിയാന്‍ നെല്ലുവേലി, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, February 6, 2010

മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമസംസ്കാരം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം വ്യാപിക്കുന്നുവെന്ന്‌ കെസിബിസി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച ആഗോള കത്തോലിക്കാ ദൃശ്യ-ശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്്നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തങ്ങളുടെ കാഴ്ചക്കാരുടെയും വായനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനായി പരമ്പരാഗത വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംസ്കാരത്തെയും കാറ്റില്‍പ്പറത്തുന്നു. കുടുംബ ബന്ധങ്ങളെ തള്ളിപ്പറയുകയും വിവാഹേതര ബന്ധങ്ങള്‍ ക്കും അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനായി ചാനലുകള്‍ തുടങ്ങുന്നു. വ്യവസായം മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ വന്‍കിട ബിസിനസുകാരും ഈ രംഗത്തേക്കു കടന്നു കയറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സത്യവിശ്വാസങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന കടമയുണ്ട്‌. യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇന്ന്‌ ഇന്റര്‍നെറ്റ്‌-ടിവി മാധ്യമങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്‌. അക്രമവും അരാജകത്വവും ഇവര്‍ക്കിടയില്‍ പടര്‍ന്നുകയറാന്‍ ഇത്തരത്തിലുള്ള മാധ്യമങ്ങള്‍ കാരണമാകുന്നുണ്ട്‌. ഇതിനെതിരേ ഫലപ്രദമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. കൃത്യമായ ഒരു മാധ്യമ അവബോധവും പോസിറ്റീവ്‌ തിങ്കിംഗ്‌ കാഴ്ചപ്പാടും ഉണ്ടാക്കിയെടുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ക്രൈസ്തവ മാധ്യമങ്ങള്‍ക്ക്‌ അതിനുള്ള ബാധ്യത ഉണ്ടെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.സിഗ്്നിസ്‌ ഏഷ്യയുടെ പ്രസിഡന്റ്‌ ലോറന്‍സ്‌ ജോണ്‍ വിശിഷ്ടാതിഥിയായിരുന്നു. സത്യദീപം (ഇംഗ്ലീഷ്‌) ചീഫ്‌ എഡിറ്ററും സീ റോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ റവ.ഡോ.പോള്‍ തേലക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി.കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ.ദേവസി കൊല്ലംകുടി, സിബി യോഗ്യാവീടന്‍, ലോറന്‍സ്‌ ജോണ്‍, ഡോ.ജോണി പോള്‍, ഫാ.റപ്പായി എന്നിവര്‍ പ്രസംഗിച്ചു. കേരള സര്‍ക്കാര്‍ രണ്ടാമത്തെ ഏറ്റവും നല്ല ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുത്ത അല്‍ഫോന്‍സാമ്മയുടെ സംവിധായകനും ശാലോം ടിവി ചീഫ്‌ പ്രൊഡ്യൂസറുമായ സിബി യോഗ്യവീടന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സിഗ്്നിസ്‌ മീഡിയ അവാര്‍ഡ്‌ സമ്മാനിച്ചു. സെമിനാറില്‍ ബിജു ആലപ്പാട്ട്‌, ജാന്‍ മേരി വര്‍ഗീസ്‌, ഡോ.സി.കെ തോമസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചകളില്‍ റോമി മാത്യു, ടി.എം ഏബ്രഹാം, ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌, പീറ്റര്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു. ഇന്ന്‌ രാവിലെ എട്ടര മുതല്‍ മാധ്യമ പ്രത്യാഘാതങ്ങളെകുറിച്ചുള്ള ശില്‍പശാല നടക്കും. ഡോ.എഡ്വേര്‍ഡ്‌ എടേഴത്ത്‌, ജിപ്സണ്‍ വിവേര എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. സമാപനചടങ്ങില്‍ അവലോകനങ്ങള്‍ക്ക്‌ ഡോ.മഹിമൈ പ്രകാശം നേതൃത്വം നല്‍കും. എഴിനും എട്ടിനും സിഗ്്നിസ്‌ ഇന്ത്യയുടെ ദേശീയ അസംബ്ലിയും ജനറല്‍ ബോഡിയും നടക്കും.

പൈതൃക സംരക്ഷണ ബോധമുള്ള തലമുറകള്‍ ഉണ്ടാകണം: മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ

സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും വൈജ്ഞാനിക താല്‍പര്യങ്ങള്‍ക്കുമുപരിയായി മനുഷ്യമനസിന്റെ ചൈതന്യം തിരിച്ചറിയാന്‍ കഴിയുന്ന വിദ്യാഭ്യാസ പദ്ധതിക്കാണ്‌ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന്‌ തിരുവനന്തപുരം മേജര്‍ അതിരൂപതാ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ. അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ സ്കൂളിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചലിന്റെ വിദ്യാഭ്യാസരംഗത്ത്‌ നിസ്തുലമായ സംഭാവന നല്‍കാന്‍ സെന്റ്‌ ജോണ്‍സ്‌ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു. ഡോ.ജസ്റ്റീസ്‌ കെ നാരായണക്കുറുപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. നമുക്കു ചുറ്റും നടക്കുന്ന സാമൂഹിക വിഷയങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിദ്യാഭ്യാസം സങ്കുചിത ചിന്തകരായ വിദ്യാര്‍ഥികളെ വളര്‍ത്തുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അഡ്വ.കെ രാജു എംഎല്‍എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സൂരജ്‌, വൈസ്‌ പ്രസിഡന്റ്‌ വി.വൈ വര്‍ഗീസ്‌, അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ജോര്‍ജ്‌ ടി ജോണ്‍, സെന്റ്‌ ജോസഫ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ഡയറക്ടര്‍ സിസ്റ്റര്‍ ലില്ലി തോമസ്‌, ജൂബിലി കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ കെ.വി തോമസ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം മാത്യു റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സാമുവല്‍ പുന്നൂര്‍ സ്വാഗതവും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ അജി മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോയും നടന്നു.

സമ്പത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതനാകാതെ യേശുശിഷ്യനാകാനാവില്ല : ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം

സമ്പത്തിന്റെ ബന്ധനങ്ങളില്‍ നിന്നും മോചിതനാകാതെ യേശുവിന്റെ ശിഷ്യത്വത്തിലേക്കു ഉയരാനാവില്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം. വൈ.എം.സി.എ വാര്‍ഷിക സുവിശേഷ കണ്‍വന്‍ഷന്‍ വൈ.എം.സി എ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്കേവൂസ്‌ എല്ലാം ഉപേക്ഷിച്ചു അവനു യേശുവിനെ പിന്‍ചൊല്ലാനായി. എന്നാല്‍ ധനികനായ യുവാവിനു അതിനു സാധിച്ചില്ല. അവന്‍ അകന്നു പോയി. യേശുശിഷ്യര്‍ക്കെല്ലാം സുവിശേഷം പ്രസംഗിക്കുവാനുള്ള ബാധ്യത ഉണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയില്‍ ഞാന്‍ യാത്രചെയ്ത ഒരു ഓട്ടോയുടെ ഡ്രൈവര്‍ ബിഷപ്പു ഹൗസുവരെ അച്ചനോടു വചനം പറഞ്ഞു. ദൈവസ്തുതികള്‍ പാടി. ആര്‍ച്ച ബിഷപ്പ്‌ പറഞ്ഞു സഭയുടെ പേരില്‍ ശക്തമാകുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍ ഇല്ലാതായാലെ സഭകളുടെ ഐക്യം സാധ്യമാകു. നിക്ഷിപ്ത താത്പര്യങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്കു വളരണം. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈ.എം.സി.എ പ്രസിഡന്റ്‌ കെ.വി.തോമസ്‌ ആധ്യക്ഷ്യം വഹിച്ചു. ലോക്‌ അദാലത്ത്‌ ചെയര്‍മാന്‍ ഡെന്നിസണ്‍ പ്രസംഗിച്ചു.

Friday, February 5, 2010

ഫാ. സൈറസ്‌ വേലംപറമ്പലിന്‌ ഊഷ്മളമായ യാത്രയയപ്പ്‌

കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റേയും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടേയും സെക്രട്ടറിയായി 9 വര്‍ഷം പി.ഒ.സിയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച പാലാ രൂപതാംഗമായ റവ. ഡോ. സൈറസ്‌ വേലംപറമ്പലിന്‌ പി.ഒ.സി സമൂഹാംഗങ്ങളുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ്‌ നല്‍കി. പി.ഒ.സിയില്‍ വച്ച്‌ നടന്ന യാത്രയയപ്പ്‌ ചടങ്ങില്‍ കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ മുഖ്യ അതിഥിയായിരുന്നു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയെന്നനിലയില്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ഫാ. സൈറസിന്‌ വിജയകരമായി നിര്‍വ്വഹിക്കുവാന്‍ സാധിച്ചുവെന്ന്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ പറഞ്ഞു. പരിമിതമായ സൗകര്യങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ട്‌ മറ്റു സെക്രട്ടറിമാരില്‍നിന്നും വിത്യസ്തമായ ഉള്‍കാഴ്ചയോടുകൂടി പുതിയ അനേകം പദ്ധതികള്‍ ആവിഷ്കരിക്കുവാനും അത്‌ പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. ബൈബിള്‍ ഫെസ്റ്റിവല്‍, ബൈബിള്‍ ക്വിസ്‌ എന്നീ കാര്യങ്ങള്‍ ഭംഗിയായി നീക്കാനുളള സംഘടനാവൈഭവം അച്ചനുണ്ട്‌. മറ്റ്‌ രൂപതകളിലെ ബൈബിള്‍ അപ്പോസ്തലേറ്റ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അന്വേഷിച്ച്‌ അതിലെ മുഴുവന്‍ കാര്യങ്ങളും സംഘടിപ്പിച്ചു കൊണ്ടുപോകുവാന്‍ അച്ചനു കഴിഞ്ഞു. നല്ല ഒരു എഴുത്തുകാരന്‍, ഓര്‍ഗനൈസര്‍, ടീച്ചര്‍ എന്നീതലങ്ങളില്‍ നോക്കുമ്പോള്‍ അച്ചന്‍ വളരെ ബൃഹത്തായ സംഭാവന ചെയ്തിട്ടുണ്ട്‌. ഒമ്പതുവര്‍ഷം സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തതിന്‌ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു - ബിഷപ്‌ പറഞ്ഞു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, റവ.ഫാ. ജോണി കൊച്ചുപറമ്പില്‍, റവ. ഫാ. ജോര്‍ജ്ജ്‌ കുരുക്കൂര്‍, റവ. സി. ടീന സി.റ്റി.സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.ബി.സി കമ്മീഷന്‍ സെക്രട്ടറിമാര്‍, പി.ഒ.സി സ്റ്റാഫംഗങ്ങള്‍, പി.റ്റി.ഐ സ്റ്റുഡന്റ്സ്‌, കെസിബിസി ബൈബിള്‍ കമ്മീഷന്റെ പുതിയ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍, കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍, വിവിധ രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുത്തു. റവ.ഡോ. സൈറസ്‌ വേലംപറമ്പില്‍ പാലാ രൂപതയുടെ കീഴിലുളള ചെര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ്‌ കോളേജിന്റെ ഡയറക്ടറായി ഫെബ്രുവരി 6-ാ‍ം തീയതി ചാര്‍ജ്ജെടുക്കുന്നതാണ്‌.

സിഗ്നിസ്‌ ഇന്ത്യ ദേശീയ സെമിനാറും അസംബ്ലിയും കൊച്ചിയില്‍

ആഗോള കത്തോലിക്കാ ദൃശ്യശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്‌ നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഇന്നു മുതല്‍ എട്ട്‌ വരെ പിഒസിയില്‍ നടക്കുമെന്ന്‌ ഫാ.ദേവസി കൊല്ലംകുടി, ഫാ.ജോര്‍ജ്‌ പുത്തോക്കാരന്‍, ഡോ.ജോണ്‍പോള്‍, അലന്‍ ബ്രൂക്സ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ രാവിലെ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍ ദിവ്യബലി അര്‍പ്പിക്കും. 11ന്‌ ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ചബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ മുഖ്യാതിഥിയായിരിക്കും. സിഗ്്നിസ്‌ ഏഷ്യയുടെ പ്രസിഡന്റ്‌ ലോറന്‍സ്‌ ജോണ്‍ വിശിഷ്ടാതിഥിയായിരിക്കും. സത്യദീപം (ഇംഗ്ലീഷ്‌) ചീഫ്‌ എഡിറ്റര്‍ റവ.ഡോ.പോള്‍ തേലക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ ആശംസയര്‍പ്പിക്കും. കേരള സര്‍ക്കാര്‍ രണ്ടാമത്തെ ഏറ്റവും നല്ല ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുത്ത ‘അല്‍ഫോന്‍സാമ്മ’യുടെ സംവിധായകനും ശാലോം ടിവി ചീഫ്‌ പ്രൊഡ്യൂസറുമായ സിബി യോഗ്യവീടന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സിഗ്്നിസ്‌ മീഡിയ അവാര്‍ഡ്‌ സമ്മാനിക്കും.യുവജനങ്ങളിലുള്ള മാധ്യമ സ്വാധീനത്തെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ ബിജു ആലപ്പാട്ട്‌ , ജാന്‍ മേരി വര്‍ഗീസ്‌, ഡോ.സി.കെ തോമസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ റോമി മാത്യു, ടി.എം എബ്രഹാം, ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌, പീറ്റര്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന്‌ റെക്സ്‌ ബാന്‍ഡിന്റെ സംഗീത സായാഹ്നവും രാത്രി ഒന്‍പത്‌ മുതല്‍ ഹൃസ്വബാലചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

കോണ്‍വന്റില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; സന്യസാര്‍ഥിനിക്കു പരിക്ക്‌

കോണ്‍വന്റിലെ സന്യാസാര്‍ഥിനിക്കു നേരെ ആക്രമണം. മുതുകുളം വെമ്പുഴ സെന്റ്‌ തോമസ്‌ ദേവാലയത്തോടു ചേര്‍ന്നുള്ള സെന്റ്‌ തോമസ്‌ കോണ്‍വന്റിലെ സന്യാസാര്‍ഥിനിക്കു നേരേയാണ്‌ ആക്രമണമുണ്ടായത്‌. കഴിഞ്ഞദിവസം രാത്രി 10- ഓടെ ബൈക്കിലെത്തിയ രണ്ട്‌ പേര്‍ കോണ്‍വന്റിലെ ബെല്ലടിക്കുകയായിരുന്നു. വാതില്‍ തുറക്കാനെത്തിയപ്പോഴാണ്‌ യുവതിക്കുനേരേ ആക്രമണമുണ്ടായത്‌. ഭയചകിതയായ ഇവര്‍ ഓടി കോണ്‍വന്റിന്റെ അടുക്കള ഭാഗത്തെത്തിയപ്പോഴും ആക്രമികള്‍ അവിടെയെത്തി ആക്രമിച്ചു. തലയ്ക്കു പരിക്കേറ്റ അര്‍ഥിനി ഹരിപ്പാട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌. ഒരു മാസത്തിനു മുമ്പാണ്‌ ഇവര്‍ കോണ്‍വന്റില്‍ പഠിക്കാനെത്തിയത്‌. കൊല്ലം രൂപതാ പ്രതിനിധി മോണ്‍.പോള്‍ മുല്ലശ്ശേരി, ഫാ.ഡോ. റോള്‍സണ്‍ ജേക്കബ്‌ എന്നിവര്‍ പരിക്കേറ്റ സന്യാസാര്‍ഥിനിയെ സന്ദര്‍ശിച്ചു. കനകക്കുന്നു പോലീസ്‌ കേസെടുത്തു.

എഎസ്‌ഐ അഗസ്റ്റിന്റെ മരണം ഐജി അന്വേഷിക്കണം: ഹൈക്കോടതി

അഭയക്കേസിലെ പ്രധാന സാക്ഷിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എഎസ്‌ഐ വി.വി അഗസ്റ്റിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഐജി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥനു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. അഭയാ കേസുമായി ബന്ധപ്പെട്ട കേസുകളുടെ വാദം കേള്‍ക്കുന്ന ജസ്റ്റീസ്‌ കെ.ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റീസ്‌ പി.എന്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ്‌ തീരുമാനം. അന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥനു കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോട്ടയത്തെ പൊതുപ്രവര്‍ത്തകനായ ജബറുള്ള ഇഞ്ചിക്കളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ നടപടി.അഭയാ കേസുമായി ബന്ധപ്പെട്ട്‌ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതുമൂലമാണ്‌ അഗസ്റ്റിന്‍ ജീവനൊടുക്കിയതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്‌ സംബന്ധിച്ചു പോലീസ്‌ നടത്തിയ അന്വേഷണത്തിലും അഗസ്റ്റിന്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി. മുന്‍പ്‌ കേസ്‌ പരിഗണിക്കവേ സിബിഐയുടെ നട പടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്‌ ഇപ്പോള്‍ കേസ്‌ അന്വേഷിക്കുന്നത്‌. സിബിഐയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ട്‌. ഈ സാഹചര്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തുന്ന അന്വേഷണം ഫലപ്രദമാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഗസ്റ്റിനില്‍നിന്നു കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ സിബിഐ പീഡനത്തെക്കുറിച്ചു കുറ്റപ്പെടുത്തുന്നുണെ്ടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2008 നവംബര്‍ 25 നാണ്‌ അഗസ്റ്റിന്റെ ജഡം വീടിന്‌ സമീപത്തെ വളപ്പില്‍ കാണപ്പെട്ടത്‌. സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന്‌ ബന്ധുക്കളും വ്യക്തമാക്കിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന്‌ മരിച്ചനിലയിലാണ്‌ ഇദ്ദേഹത്തെ കണെ്ടത്തിയത്‌. അഗസ്റ്റിന്‍ അഭയാ കേസില്‍ തെളിവ്‌ നശിപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ സിബിഐ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്‌. കോട്ടയം വെസ്റ്റ്‌ എഎസ്‌ഐയായിരുന്ന അഗസ്റ്റിനാണ്‌ അഭയയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്‌ നടത്തിയത്‌. ഇതോടെ, അഭയാ കേസ്‌ അന്വേഷണം സംബന്ധിച്ചു സിബിഐ ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ നിയമനടപടികളിലേക്കു നീങ്ങുകയാണ്‌. സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്ന്‌ കേസില്‍ കുറ്റാരോപിതയായ സിസ്റ്റര്‍ സെഫി സിബിഐക്കെതിരേ കോടതിയെ സമീപിച്ചിരുന്നു. പരിശോധനയില്‍ കന്യകയാണെന്നു തെളിഞ്ഞപ്പോള്‍ അതു കൃത്രിമമായി ഉണ്ടാക്കിയതാണെന്നു സിബിഐ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെന്നും സിസ്റ്റര്‍ സെഫി പരാതിപ്പെട്ടിരുന്നു. കോടതി നിശ്ചയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ കന്യകാത്വപരിശോധനയ്ക്കു തയാറാണെന്നും സെഫി വ്യക്തമാക്കിയിരുന്നു.

സ്ത്രീകള്‍ രാഷ്ട്രീയ ശാക്തീകരണം നേടണം: ഡോ. അത്തിപ്പൊഴിയില്‍

തൃത്താല പഞ്ചായത്ത്‌ സംവിധാനത്തില്‍ സ്ത്രീകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഗവണ്‍മെന്റ്‌ തീരുമാനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്‌ വനിതകള്‍ രാഷ്ട്രീയ ശാക്തീകരണം നേടിയെടുക്കണമെന്ന്‌ ആലപ്പുഴ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. കൗണ്‍സില്‍ ഓഫ്‌ കാത്തലിക്‌ വിമന്‍ ഓഫ്‌ ഇന്ത്യ (സിസിഡബ്ല്യുഐ) കേരള റീജിയന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഡെയ്സി ആന്റണി, ഫാ. ബേര്‍ളി, ഡെയ്സി ഹാരി, ആഗ്നസ്‌, ബേബി തൈയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റോസ്‌ മേരി കളളിയത്ത്‌ - പ്രസിഡന്റ്‌, സിങ്കമ്മ കള്ളിയത്ത ്‌- ജനറല്‍ സെക്രട്ടറി, ആഗ്നസ്‌ ഷാഗി - വൈസ്‌ പ്രസിഡന്റ്‌, റോസി ജോണ്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വിദ്യാഭ്യാസമേഖല കൈക്കലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മാര്‍ ജോസഫ്‌ പവ്വത്തില്‍

പ്രൊഫഷണല്‍ സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത്‌ എല്ലാം സര്‍ക്കാരിന്റെ അധീനതയിലാക്കാനാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. എടത്വാ സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹൈസ്കൂളിന്റെ 37-ാ‍ം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായ മനുഷ്യത്വപൂര്‍ണത കൈവരിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിക്കേണ്ടതാണെന്നും അതിനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ പുത്തന്‍പുര അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖം മുഖ്യാതിഥിയായിരുന്നു. കുട്ടനാട്‌ ഡിഇഒ പി.എം റോസമ്മ, തലവടി എഇഒ വി. അശോകന്‍, തലവടി ബിപിഒ രമ, റോസക്കുട്ടി തോമസ്‌, പിടിഎ പ്രസിഡന്റ്‌ ജയിംസ്‌ പി.ജെ, സിബിച്ചന്‍, ഹരിത എസ, അനുപമ ആര്‍. എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്‌ സി. ട്രീസാ മാത്യു എസ്‌.എച്ച്‌ സ്വാഗതം പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.വി മറിയക്കുട്ടിക്ക്‌ യാത്രയയപ്പും സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ ആര്‍. അനുപമയ്ക്കും, ആര്യാ കൃഷ്ണനും, ചിന്നു ജോസഫ്‌, മിന്നു മേരി ചാക്കോ എന്നിവര്‍ക്ക്‌ പുരസ്ക്കാരങ്ങളും നല്‍കുകയും ചെയ്തു. ടിന്‍ജു ജോസഫിനെ ക്യൂന്‍ ഓഫ്‌ സെന്റ്‌ മേരി സ്ഥാനം നല്‍കി ആദരിച്ചു.

യുവജന പ്രേഷിതത്വം ക്രിയാത്മകമാക്കണം: മാര്‍ അറയ്ക്കല്‍

യുവജന പ്രേഷിത രംഗത്ത്‌ സഭയുടെ ഇടപെടലുകള്‍ കൂടുതല്‍ ക്രിയാത്മകമാക്കണമെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറക്കല്‍. കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ രൂപതകളിലെ യുവജന സംഘടനാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വം മനുഷ്യവംശത്തിന്റെ പൊതുസ്വത്താണ്‌. ഇന്ത്യയ്ക്കകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്ന യുവജനങ്ങളുടെ പ്രേഷിതത്വത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സഭയുടെ ശക്തിയായ യുവജനങ്ങളെ സഭാ ശുശ്രൂഷയ്ക്കും ലോകസേവനത്തിനുമായി ക്രിയാത്മകമായി തിരിച്ചുവിടണമെന്ന്‌ സീറോ മലബാര്‍ സഭാ നിയുക്ത കൂരിയാ ബിഷപ്‌ മോണ്‍. ബോസ്കോ പുത്തൂര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സങ്കീര്‍ണവും വിശാലവുമായ മേഖലയാണ്‌ യുവജന പ്രേഷിത രംഗം. വെല്ലുവിളി നിറഞ്ഞ ഈ മേഖലയില്‍ സ്നേഹംകൊണ്ടും ജീവിത മാതൃക കൊണ്ടുമാണ്‌ യുവജനങ്ങളെ സഭയ്ക്കായി നേടിയെടുക്കേണ്ടത്‌. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജ്സ്‌ എംഡിയും സീ റോ മലബാര്‍ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ അംഗവുമായ ഡോ.ടി.കെ ജോസ്‌, ഡോ.റൂബിള്‍ രാജ്‌, അഡ്വ.ജോസ്‌ വിതയത്തില്‍, സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, February 4, 2010

കേരളത്തെ മദ്യാലയമാക്കരുത്‌: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

സംസ്ഥാനത്ത്‌ പുതിയതായി ബാര്‍ ലൈസന്‍സും കൂടുതല്‍ വിദേശമദ്യ ചില്ലറ വില്‍പന ശാലകളും ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന്‌ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ കേരളം മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ പുതിയ മദ്യഷാപ്പുകള്‍ ആരംഭിക്കുന്നത്‌ കേരളത്തെ മദ്യാലയമാക്കി മാറ്റുമെന്ന്‌ സമിതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ 17-ന്‌ മേനക ജംഗ്ഷനില്‍ ഉപവാസ ധര്‍ണ നടത്തുവാനും മാര്‍ച്ച്‌ 13-ന്‌ ആശിര്‍ഭവനില്‍ മദ്യവിരുദ്ധ സംവാദം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എറണാകുളം - അങ്കമാലി, വരാപ്പുഴ അതിരൂപതകളിലെയും, കോതമംഗലം രൂപതയിലെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മദ്യമേഖലാ പ്രസിഡന്റ്‌ ജോബ്‌ തോട്ടുകടവില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ജെയിംസ്‌ കോറച്ചേല്‍, അഡ്വ.ചാര്‍ളി പോള്‍, എം.ഡി റാഫേല്‍, കെ.വി ക്ലീറ്റസ്‌, സിസ്റ്റര്‍ ആന്‍, സിസ്റ്റര്‍ പ്ലാസിഡ, റോസിലിന്‍ തോമസ്‌, സി.ജോണ്‍കുട്ടി, ഐ.സി ആന്റണി, ആന്റണി കളരിക്കല്‍, സി.എക്സ്‌ ബോണി, കെ.വി ഫ്രാന്‍സിസ്‌, എം.സി ജോര്‍ജ്‌, സിസ്റ്റര്‍ ലിസി, ബേബി ആന്റണി, എന്‍.ജെ മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, February 3, 2010

കടുകുമണി ജെംസ്‌ പാര്‍ക്കുമായി എംഎസ്ടി സഭ

ഹൈസ്കൂള്‍ - കോളേജ്തല വിദ്യാര്‍ഥികളില്‍ മൂല്യബോധവും ആത്മീയചിന്തകളും വളര്‍ത്താനുതകുന്ന ദൃശ്യ - ശ്രാവ്യ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കടുകുമണി ജെംസ്പാര്‍ക്കുമായി സീറോ മലബാര്‍ സഭയുടെ സെന്റ്‌ തോമസ്‌ മിഷനറി സൊസൈറ്റി രംഗത്ത്‌. എംഎസ്ടി സഭയുടെ ആനിമേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ വിഭാഗമായ ഇംപാക്ടിന്റെ പുതിയ കാല്‍വയ്പാണ്‌ കടുകുമണി ജെംസ്പാര്‍ക്ക്‌. വിശ്വാസപരിശീലനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, മാധ്യമപരിശീലനം, ജീവിത വെല്ലുവിളികള്‍, ചിട്ടയായ സാമൂഹ്യജീവിതം, ജീവിതവിജയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിട്ടുളള പരിപാടിയാണിത്‌. വൈദികരും അല്‍മായരുമാണ്‌ പാര്‍ക്കിന്‌ നേതൃത്വം നല്‍കുക. മൂന്നുദിവസം നീളുന്ന പ്രോഗ്രാം സ്കൂളുകളിലും കോളേജുകളിലും, ഇടവകകളിലും ക്രമീകരിക്കും. വിവരങ്ങള്‍ക്ക്‌ 9961932592 എന്ന നമ്പരിലോ ഫാ .ആന്റോ തട്ടില്‍ എംഎസ്ടി, കടുകുമണി എഡിറ്റര്‍, ഇംപാക്ട്‌, വികെസി പി.ഒ, തേവയ്ക്കല്‍, കൊച്ചി - 23 എന്ന വിലാസത്തിലോ ബന്ധ പ്പെടണം.

വിശ്വാസം ജീവനേക്കാള്‍ ശ്രേഷ്ഠം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ദൈവവിശ്വാസി തന്റെ വിശ്വാസത്തെ ജീവനേക്കാള്‍ ശ്രേഷ്ഠമായി കാണണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. മാതൃജ്യോതിസ്‌-പിതൃവേദി എന്നിവയുടെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. പാശ്ചാത്യ സംസ്കാരത്തിലെ അധമകാര്യങ്ങള്‍ ഒന്നിച്ച്‌ കുടുംബങ്ങളിലേക്ക്‌ കടന്നുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കുടുംബത്തെ വലിയ പ്രേഷിത വേദിയായി കാണണമെന്നും പ്രവര്‍ത്തകര്‍ ജാഗ്രതയുള്ളവരും തീക്ഷ്ണതകൊണ്ട്‌ നിറഞ്ഞവരുമായിരിക്കണമെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. പാറേല്‍ അമലാ തിയോളജിക്കല്‍ കേന്ദ്രത്തിന്റെ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. സിറിയക്‌ കോട്ടയില്‍ സ്വാഗതവും മാതൃജ്യോതിസ്‌ സെക്രട്ടറി സാറാമ്മ ജോസഫ്‌ നന്ദിയും പറഞ്ഞു. മാതൃജ്യോതിസ്‌-പിതൃവേദി പ്രസിഡന്റുമാരായ മറിയാമ്മ ജോണ്‍, ജോസ്‌ കൈലാത്ത്‌ എന്നിവര്‍ പ്രവര്‍ത്തനവര്‍ഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. പി.സി ജോസഫ്‌ പാത്രപാങ്കല്‍, ഷീലാ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മതാചാരങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമം മതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കം : ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം

സെക്കുലറിസം എന്ന്‌ പേരിട്ട്‌ മതാചാരങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ശ്രമം മതങ്ങളെ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സന്യസ്ത ദിനത്തോടനുബന്ധിച്ച്‌ വെള്ളയമ്പലം പള്ളിയില്‍ അര്‍പ്പിച്ച സമൂഹബലിക്കു മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരായി. ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ 20 -ാ‍ം വാര്‍ഷികവുമായിരുന്നു ഇന്നലെ. 1990 ഫെബ്രുവരി രണ്ടിനായിരുന്നു മെത്രാഭിഷേകം. മതത്തില്‍ നിന്നും ആചാരാനുഷ്ഠാനങ്ങളെ മാറ്റുമ്പോള്‍ അതു ലൗകികമാവും (സെക്കുലര്‍). ഇന്ന്‌ മതത്തെ ലൗകികവത്കരിക്കുന്നതിനുള്ള പ്രവണത ശക്തമാവുന്നുണ്ട്‌. ലൗകികമായ മതം മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്ന കണ്ണിയാവില്ല. നീതിയും സ്നേഹവും ഇല്ലാതാകുമ്പോള്‍ ആചാരങ്ങള്‍ പൊള്ളയാവും. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മതം തന്നെ ഇല്ലാതാകുന്നു. ഭൗതിക മണ്ഡലത്തില്‍ നിന്ന്‌, ദൈവത്തെ അനുഭവിച്ചറിയുന്ന ദൈവിക മണ്ഡലത്തിലേക്ക്‌ കടന്നുവരാന്‍ നമ്മെ സഹായിക്കുന്ന ഉപാധികളാണ്‌ മതപരമായ ആചാരാനുഷ്ഠാനങ്ങള്‍. തങ്ങളുടെ മതത്തിലും ദേവാലയത്തിലും നഷ്ടപ്പെട്ട ദൈവാനുഭവം തേടിയാണ്‌ പാശ്ചാത്യനാടുകളിലെ മനുഷ്യര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന പൗരസ്ത്യ നാടുകളിലേക്കു പ്രവഹിക്കുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ അനുസ്മരിപ്പിച്ചു. മതപരമായ ആചാരങ്ങള്‍ക്കുള്ള പ്രാധാന്യം നിലനില്‍ക്കുന്ന ലൂര്‍ദ്‌, തെയ്സെ തുടങ്ങിയ സ്ഥലങ്ങളിലേക്കു ഇപ്പോഴും വന്‍ തീര്‍ത്ഥാടക പ്രവാഹമുണ്ട്‌.

Tuesday, February 2, 2010

നിയമനം: സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരേ എയ്ഡഡ്‌ സ്കൂള്‍ മാനേജര്‍മാര്‍ പ്രക്ഷോഭത്തിന്‌

സ്കൂളുകളിലെ അധിക ഡിവിഷന്‍ നിയമനങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ ചില നിബന്ധനകള്‍ക്കെതിരേ എയ്ഡഡ്‌ സ്കൂള്‍ മാനേജര്‍മാര്‍ പ്രക്ഷോഭം നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുടെ നിയമനാധികാരത്തില്‍ കൈകടത്താനുള്ള സര്‍ക്കാര്‍നീക്കത്തിന്റെ ഭാഗമാണ്‌ ഉത്തരവിലെ അഞ്ചും ആറും നിബന്ധനകള്‍. ഇത്‌ അംഗീകരിക്കാന്‍ തയാറല്ല. 2006-07 മുതല്‍ സ്കൂളുകളില്‍ നിയമിതരായവര്‍ക്ക്‌ തുല്യമായ എണ്ണം സംരക്ഷിത അധ്യാപക, അനധ്യാപക ജീവനക്കാരെ അടുത്ത അധ്യയനവര്‍ഷം മുതല്‍ വരുന്ന ഒഴിവുകളില്‍ നിയമിക്കണമെന്നും ഇക്കാര്യം സമ്മതിച്ചുകൊണ്ട്‌ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം സ്കൂള്‍ മാനേജര്‍മാര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്‌ സമര്‍പ്പിക്കണമെന്നുമാണ്‌ ഒരു നിബന്ധന. ഭാവിയില്‍ അധികഡിവിഷന്‍ ഉണ്ടാകുന്ന മുറയ്ക്ക്‌ എല്ലാ എയ്ഡഡ്‌ സ്കൂളുകളിലും 1:1 എന്ന ക്രമത്തില്‍ സംരക്ഷിത അധ്യാപകന്‍, പുതിയതായി നിയമിതനാകുന്ന അധ്യാപകന്‍ എന്ന മുറയ്ക്കേ നിയമനം പാടുള്ളുവെന്നതാണ്‌ അടുത്ത നിബന്ധന. കെഇആറിനു വിരുദ്ധമായ നിബന്ധനകളെ നിയമപരമായും നേരിടുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

ജൈവ കൃഷിരീതി കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍

ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുവാന്‍ ജൈവകൃഷി രീതി അനിവാര്യമാണെന്ന്‌ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. ചാമംപതാലിലെ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍. ജൈവ കര്‍ഷക സംഘം പ്രസിഡന്റ്‌ ജോസ്‌ ഇമ്മാനുവേല്‍ അധ്യക്ഷതവഹിച്ചു. ജൈവ കര്‍ഷക ക്ലബ്ബുകളുടെ ഉദ്ഘാടനം നബാര്‍ഡ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ സി.ജി മേനോന്‍ നിര്‍വഹിച്ചു. ഫാ. മാത്യു വടക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പ്രസാദ്‌ മറ്റത്തില്‍, ഗരുഡ ധ്വജാനന്ദ തീര്‍ഥപാദസ്വാമികള്‍, ഹാജി വി.എ പരീത്‌ റാവുത്തര്‍, ഫാ. ജോസ്‌ മാത്യു പറപ്പള്ളില്‍, കെ.വി ശ്രീകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. നബാര്‍ഡ്‌ ജില്ലാ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എ.എസ്‌ സുബ്രഹ്മണ്യന്‍ നമ്പൂതിരി പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

Monday, February 1, 2010

സഭ നോക്കി സംവരണം നല്‍കുന്നത്‌ നീതിനിഷേധം: കാതോലിക്ക ബാവ

സഭ നോക്കി സംവരണം നല്‍കുന്നത്‌ നീതി നിഷേധമാണെന്നും നിയമപരമായ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ പള്ളികളുടെ മേല്‍വിലാസം നോക്കി ജനവിഭാഗത്തിന്റെ നീതി നിഷേധിക്കുന്നത്‌ ശരിയല്ലെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്്‌ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ. കാഞ്ഞിരംകുളം നിത്യസഹായമാതാ മലങ്കര കത്തോലിക്ക തീര്‍ഥാടന പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്ക ബാവ. ഒരു കുടുംബത്തിലെ നാലുപേരില്‍ രണ്ടുപേര്‍ക്കു മാത്രം സംരക്ഷണം നല്‍കി മറ്റു രണ്ടുപേരെ ഒഴിവാക്കുന്നത്‌ അനീതിയാണ്‌. മറ്റുള്ളവര്‍ക്ക്‌ ലഭിക്കുന്നത്‌ നമുക്കും ലഭിക്കണമെന്ന്‌ നാം ശാഠ്യം പിടിക്കുന്നില്ല. എല്ലാവര്‍ക്കും ലഭിക്കേണ്ട സുരക്ഷിതത്വം നമുക്കുമാത്രം ലഭ്യമാകാത്തത്‌ ഭരണഘടനയുടെ ലംഘനമാണ്‌. മതവിശ്വാസം സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ സംസ്കാരമാണ്‌. കോടാനുകോടി ജനങ്ങളില്‍ സംസ്കാരമുള്ള അംഗങ്ങളാണ്‌ നാം. അതിനാല്‍ നമ്മോടു കാണിക്കുന്ന ഈ അനീതി വളരെ വേഗത്തില്‍ പരിഹരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ഹൈന്ദവ സംസ്കാരം അലിഞ്ഞു ചേര്‍ന്ന മണ്ണില്‍ രാജ്യസ്നേഹികളും ദൈവസ്നേഹികളും മനുഷ്യസ്നേഹികളുമായ ഹൈന്ദവ, മുസ്ലിം ഇതര സഹോദരങ്ങളും, ഭരണകൂടവും അധികാരികളും നാടാര്‍ സമുദായത്തിന്റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും പ്രത്യേക സമീപനം സ്വീകരിക്കുമെന്ന്‌ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള അവഗണനമൂലമുള്ള വിഷമങ്ങള്‍ മറന്ന്‌ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കണം. മലങ്കര സഭ സര്‍വജനങ്ങള്‍ക്കുമായി നിസ്വാര്‍ഥം സമര്‍പ്പിക്കുന്ന ആതുര സേവന സംരക്ഷണ പദ്ധതികള്‍ ഒത്തൊരുമയോടെ മു ന്നോട്ടുകൊണ്ടുപോകണമെന്നും കാതോലിക്ക ബാവ ആഹ്വാനം ചെയ്തു. സാധുവിവാഹ സഹായനിധി ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും കാതോലിക്കാ ബാവ നി ര്‍വഹിച്ചു. പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക്‌ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ സമുദായ സാന്നിധ്യം ശക്തമാക്കണം: ഡോ. സൂസപാക്യം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കത്തോലിക്ക സമുദായത്തിന്റെ സാന്നിധ്യവും ഇടപെടലുകളും ശക്തമാക്കണമെന്ന്‌ തിരുവനന്തപുരം അതിരൂപത ആര്‍ച്ച്‌ ബി ഷപ്്‌ ഡോ. സൂസപാക്യം. കോവളം മേഖലാ സമഗ്ര വികസന പദ്ധതി രണ്ടാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌. സമുദായം നേരിടുന്ന നീതിനിഷേധങ്ങളെ ചൂണ്ടിക്കാട്ടാനും അ ധികാരികളുടെ ശ്രദ്ധയുണ്ടാക്കുന്നതിനും നമുക്ക്‌ കഴിയണം. മദ്യത്തിന്‌ ചെലവാക്കുന്ന പണം മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവിട്ടിരുന്നെങ്കില്‍ സമൂഹത്തിന്‌ സമഗ്ര പുരോഗതി കൈവരിക്കാന്‍ അതിവേഗം കഴിയുമായിരുന്നു. ആഡംബരവും സ്ത്രീധനവും ക്രിസ്ത്യാനികള്‍ ഉപേക്ഷിക്കണം. മനുഷ്യന്റെ അത്യാഗ്രഹം കാരണം ലോകത്തിലെ മുക്കാല്‍ഭാഗം സമ്പത്തും വളരെ കുറച്ചു പേര്‍ കൈയടക്കിവച്ചിരിക്കുന്നകാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്നേഹിക്കാനും പരസ്പരം പങ്കുവയ്ക്കാനും കഴിഞ്ഞാല്‍ ദാരിദ്ര്യം പരിപൂര്‍ണമായും നീക്കാനാകുമെന്നും ആര്‍ച്ച്‌ ബിഷപ്‌ സൂ സപാക്യം പറഞ്ഞു. കെ.ആര്‍.ഐ.ഡി.പി പദ്ധതിപ്രകാരം നിര്‍മിച്ച 40 വീടുകളുടെ താക്കോല്‍ദാന വിതരണവും ആര്‍ച്ച്‌ ബിഷപ്്‌ നിര്‍വഹിച്ചു. വിദ്യാഭ്യാസ സഹായം, എസ്‌. എച്ച്‌.ജികള്‍ക്കുള്ള ലോണ്‍ വിതരണം എന്നിവയും നടന്നു. ജോര്‍ജ്‌ തോമസ്‌ അധ്യക്ഷതവഹിച്ചു. ജോര്‍ജ്‌ മെഴ്സിയര്‍ എംഎല്‍എ, ഫാ. സാബാസ്‌ ഇഗ്നേഷ്യസ്‌, ഫാ. ശാന്തപ്പന്‍, മുത്തപ്പന്‍, വിഴി ഞ്ഞം അരുള്‍ദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

ദൈവത്തിന്റെ ദാനങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാന്‍ തയാറാകണമെന്നു കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ പറഞ്ഞു. എറണാകുളം പാലാരിവട്ടം പിഒസിയില്‍ കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തികള്‍ക്കും ചുമതലയുണ്ട.്‌. ഇത്തരത്തില്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചവരാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡ്‌ ജേതാക്കളെന്നും ഇവരെ സമൂഹം മാതൃകയാക്കണമെന്നും ബിഷപ്‌ പറഞ്ഞു. സമൂഹത്തിലെ ഒരോരുത്തര്‍ക്കും ബലഹീനയയുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ ഉള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ടെന്നു ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാനുമായ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. കെസിബിസി വക്താവ്‌ ഫാ.സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസഫ്‌ നിക്കോളാസ്‌, ഫാ.ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജോസഫ്‌ പനയ്ക്കല്‍(സാഹിത്യ അവാര്‍ഡ്‌), ഡോ.മത്യാസ്‌ മുണ്ടാടന്‍ സിഎംഐ (ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്‌), ആന്റോ അക്കര(മാധ്യമ അവാര്‍ഡ്‌), ജോബി മാത്യു (യുവപ്രതിഭ അവാര്‍ഡ്‌), ഡോ.ഡെയ്സി കണ്ടത്തില്‍, ലൂക്ക്‌ കിഴക്കേടം(ഗുരു പൂജ പുരസ്കാരം) എന്നിവര്‍ക്ക്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പുരസ്കാരങ്ങള്‍ നല്‍കി. ഫാ.ജേക്കബ്‌ ഏറിയനാട്ടിന്‌ വേണ്ടി ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ ഗുരുപൂജ പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡു ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

ഭീകരവാദത്തിനെതിരേ അണിചേരണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വര്‍ഗീയ ഭീകരവാദങ്ങള്‍ക്കെതിരേ മുഴുവന്‍ മനുഷ്യസ്നേഹികളും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി അണിനിരക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ എന്‍സിപി നിയോജകമണ്ഡല കമ്മിറ്റി സംഘടിപ്പിച്ച ‘ഭീകര വിരുദ്ധ’ സന്ദേശയാത്ര ബിഷപ്പിനെ സന്ദര്‍ശിച്ചപ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. നേരത്തെ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സതീഷ്‌ തെങ്ങംതാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സന്ദേശയാത്രാസംഗമം ജില്ലാ ജനറല്‍ സെക്രട്ടറി രാജു ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ഡോബ്‌ മൈക്കിള്‍, അഡ്വ. ജോര്‍ജ്‌ തോമസ്‌, അഡ്വ. കെ.ജെ ജോണ്‍, പി.പി തോമസ്‌, മോന്‍സി തൂമ്പുങ്കല്‍, ബേബിച്ചന്‍ അഴിമുഖം എന്നിവര്‍ പ്രസംഗിച്ചു.

എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ നിരുപാധികം അംഗീകരിക്കണം: ടീച്ചേഴ്സ്‌ ഗില്‍ഡ്‌

നിയമനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ 2010-11 മുതല്‍ പ്രൊട്ടക്റ്റഡ്‌ അധ്യാപകരെ 1:1 എന്ന അനുപാതം പാലിക്കണമെന്ന ഉത്തരവ്‌ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ ചങ്ങനാശേരി അതിരൂപതാ കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ നേതൃയോഗം ആവശ്യപ്പെട്ടു. കോഴവാങ്ങാതെ നിയമനം നടത്തുന്ന കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ്‌ സ്കൂളുകളില്‍ കയറിപ്പറ്റാനുള്ള ചില തത്പര കക്ഷികളുടെ ഗൂഢനീക്കത്തിന്റെ തുടക്കമാണ്‌ പുതിയ ഉത്തരവെന്നു യോഗം വിലയിരുത്തി. കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌ ഉദ്ഘാടനം ചെയ്തു. ജയിംസ്‌ മാത്യു, സിബി മുക്കാടന്‍, സിസ്റ്റര്‍ റെനി സിഎംസി, വര്‍ഗീസ്‌ ആന്റണി, ബിജി ജോസഫ്‌, പരിമള്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.