Tuesday, March 31, 2009

മാര്‍പാപ്പയ്ക്കെതിരായ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതം: കര്‍ദിനാള്‍

ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്ക്കെതിരേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതവും ധര്‍മനിഷ്ഠയുള്ള സംസ്കാരത്തിന്‌ യോജിച്ചതുമല്ലെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പ്രബോധനങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്ന ഒരു സംഘടനയുടെ നാലു മെത്രാന്മാര്‍ക്കെതിരേയുണ്ടായിരുന്ന മുടക്ക്‌ പിന്‍വലിച്ചത്‌ അവര്‍ ആ നിലപാടുകളെ മാറ്റാന്‍ സന്നദ്ധത കാണിച്ചതിന്റെ പശ്ചാത്തലത്തിലാണെന്നു കര്‍ദിനാള്‍ വ്യക്തമാക്കി. കൂടാതെ, മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനവേളയില്‍ മാരകമായ എയ്ഡ്സ്‌ രോഗത്തെ പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ മാര്‍പാപ്പ വിമര്‍ശിച്ചതും പലേടങ്ങളിലും വിമര്‍ശനത്തിന്‌ വിഷയമായി. എയ്ഡ്സ്‌ രോഗത്തിന്‌ സുരക്ഷിത പ്രതിവിധിയും പ്രതിരോധവുമായി ഗര്‍ഭനിരോധന ഉറ പ്രചരിപ്പിക്കുന്നതു ജനങ്ങളുടെ ഇടയില്‍ വ്യാജസുരക്ഷിത ബോധമുണ്ടാക്കുമെന്നു മാത്രമല്ല അതു സമൂഹത്തിന്റെ ലൈംഗിക - ധാര്‍മിക സംസ്കാരം തകര്‍ക്കാന്‍ ഇടയാക്കുമെന്ന മാര്‍പാപ്പയുടെ നിലപാടിനോട്‌ കര്‍ദിനാള്‍ പൂര്‍ണമായും യോജിച്ചു. എയ്ഡ്സ്‌ മാരകരോഗ പ്രസരണത്തില്‍നിന്നു ഗര്‍ഭനിരോധ ഉറ ഉറപ്പായ പ്രതിരോധമല്ലെന്നും വിവാഹ വിശ്വസ്തതയും ലൈംഗീക അച്ചടക്കവുമാണ്‌ കാത്തുസൂക്ഷിക്കേണ്ടതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയ്ക്കു സര്‍വവിധ പിന്തുണയും അറിയിച്ച്‌ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മാര്‍പാപ്പയ്ക്ക്‌ കത്തയച്ചു.

തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ സര്‍വാധിപത്യശ്രമം: മാര്‍ ജോസഫ്‌ പവ്വത്തില്‍

തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ ജനാധിപത്യത്തിലും അതുവഴി ക്രൈസ്തവ സഭയിലും സര്‍വാധിപത്യം നേടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതിയുടെ സമ്മേളനം കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഇടപെടലുകളിലൂടെ വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമമാണ്‌ നടക്കുന്നത്‌. ബോധപൂര്‍വമായ ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണം. സഭ രാഷ്ട്രീയത്തിലിടപെടാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. സഭയ്ക്കുമേലുള്ള സര്‍വാധിപത്യം ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ രാജ്യങ്ങളിലെല്ലാം സഭയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ട്‌. ഇത്‌ ഇവിടെയും തുടരണം. മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന്‌ പറയുന്നത്‌ വെറും തന്ത്രം മാത്രമാണ്‌. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ മനസാക്ഷിക്കനുസരിച്ചും സഭയ്ക്ക്‌ അനുകൂലമായും പ്രവര്‍ത്തിക്കണം. നിയമപരിഷ്ക്കരണകമ്മീഷന്റെ ശിപാര്‍ശകളായ ദയാവധം, സ്വത്തിന്റെ ഉപയോഗം എന്നിവസംബന്ധിച്ച നിലപാടുകള്‍ കമ്മീഷന്‍ ഇതുവരെ സഭയുമായി ചര്‍ച്ച ചെയ്തിട്ടില്ല. മതസമൂഹം സമ്പത്ത്‌ ഉപയോഗിക്കുന്നത്‌ ആധ്യാത്മിക ലക്ഷ്യത്തിനു വേണ്ടിയാണ്‌. ഇത്‌ നിഷ്ഠയുള്ള ആളുകളുടെ നിയന്ത്രണത്തിലാവണം. സഭയ്ക്ക്‌ ഇതിനായി ദൈവദത്ത സംവിധാനങ്ങളാണ്‌ ഉള്ളത്‌. സഭയുടെ സ്വത്തിന്റെ ക്രമീകരണം തകര്‍ക്കാനും വിഭാഗീയ ചിന്ത വളര്‍ത്താനും ലക്ഷ്യംവച്ചുള്ളതാണ്‌ കമ്മീഷന്റെ ശിപാര്‍ശകളെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം മതത്തെ പ്രതികൂലമായി ബാധിച്ചാല്‍ നോക്കിയിരിക്കാന്‍ കഴിയില്ല: ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം

രാഷ്ട്രീയമായ ഇടപെടലുകളും സ്വാധീനവും മതസംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു തോന്നുമ്പോള്‍ അതില്‍ ഇടപെടുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.സൂസപാക്യം. മതനേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറ്റപ്പെടുത്തിയുള്ള മന്ത്രി തോമസ്‌ ഐസക്കിന്റെ പ്രസ്താവനയോടു കത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൈവനാമത്തില്‍ സത്യപ്രതി ജ്ഞ ചെയ്യുന്നതു പാര്‍ട്ടിക്ക്‌ അപമാനകരമാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കാര്‍ക്കും പാര്‍ട്ടിയിലെ ഉത്തരവാദിത്വങ്ങള്‍ വഹിക്കാനോ അംഗമായിരിക്കാനോ അര്‍ഹതയില്ലെന്നും പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ പറയുമ്പോള്‍ അതെല്ലാം കണ്ടില്ലെന്നു നടിച്ച്‌ കൈയും കെട്ടി നില്‍ക്കാന്‍ ഞങ്ങളെക്കിട്ടില്ല -ആര്‍ച്ച്‌ ബിഷപ്പ്‌ തീര്‍ത്തു പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാ‘്യ‍ാസ മേഖലയില്‍ സഭയ്ക്കുണ്ടാക്കിയ പീഡനങ്ങളെയും ആര്‍ച്ച്‌ ബിഷപ്പ്‌ കത്തില്‍ ഓര്‍മിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം തുടക്കം കുറിച്ച നിരവധി വിദ്യാഭ്യാസ പരിഷ്കാരങ്ങളും നിയമപരിഷ്കരണ നിര്‍ദേശങ്ങളും ക്രിസ്തീയ വിശ്വാസത്തിന്റെയും സന്മാര്‍ഗ മൂല്യങ്ങളുടെയും വേരറുക്കുന്ന തരത്തിലുള്ളതാണ്‌. ഇതിനു പുറമേയാണ്‌ മതസംവിധാനങ്ങള്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കും എതിരായ അവഹേളനങ്ങളും പാഠ്യപദ്ധതികളും .ഈ വക കാര്യങ്ങളെക്കുറിച്ച്‌ ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെയും നിലപാട്‌ അറിഞ്ഞതിനുശേഷമായിരിക്കണം ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ മനഃസാക്ഷിയനുസരിച്ചുള്ള ഒരു തീരുമാനമെടുക്കുവാന്‍. മതമേലധ്യക്ഷന്മാരുടെ ഇപ്രകാരമുള്ള ഉദ്ബോധ നങ്ങളെ-ക്രിസ്തീയ ദൗത്യ ത്തിനോ പൗരധര്‍മത്തിനോ യോജിച്ച നിലപാടുകളല്ല-എന്ന്‌ അങ്ങയുടെ പ്രതികരണത്തില്‍ സൂചിപ്പിക്കുന്നത്‌ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ലത്തീന്‍ കത്തോലിക്കര്‍ക്കു ചെയ്ത ആനുകൂല്യങ്ങള്‍ക്കു നന്ദി പറയുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്ന്‌ അഭ്യര്‍ഥിക്കാനും മറന്നില്ല. തലസ്ഥാനത്തുനിന്നു പ്രസിദ്ധികരിക്കുന്ന ഒരു പത്രത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.സൂസ പാക്യം അറിയാന്‍ ആദരവോടെ എന്നതലക്കെട്ടില്‍ ഡോ.തോമസ്‌ ഐസക്‌ എഴുതിയ ലേഖനത്തിനുള്ള മറുപടിയിലാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ആര്‍ച്ച്‌ ബിഷപ്പിന്റെ മറുപടി അതിരൂപതയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തീരദേശത്തു വാറ്റുചാരായം നിര്‍ത്തലാക്കുന്നതില്‍, സ്ത്രീധനം ഇല്ലാതാക്കുന്നതില്‍, പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത്‌ ഇല്ലാതാക്കുന്നതില്‍ മുക്കുവരായ ക്രൈസ്തവര്‍ക്കു സഭാഭരണത്തില്‍ കൂടുതല്‍ അധികാരം അനുവദിക്കുന്നതില്‍ ഒക്കെ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസ പാക്യം നടത്തിയ യത്നങ്ങളെ ഡോ.ഐസക്‌ പ്രശംസിച്ചിട്ടുണ്ട്‌. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ചു വോട്ടു ചെയ്യാന്‍ പിതാവു പറഞ്ഞുവെന്നും ഒറീസയില്‍ ബിജു ജനതാദളും സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണയെ വിമര്‍ശിച്ചെന്നും ഒക്കെ ഡോ.ഐസകിന്റെ ലേഖനത്തിലുണ്ടായിരുന്നു. ഈ സംഖ്യത്തെ ഭൂവന്വേശ്വര്‍ ബിഷപ്പ്‌ റാഫേല്‍ ചീനാത്ത്‌ പ്രശംസിച്ചുവെന്നും ഡോ.ഐസക്‌ പറഞ്ഞു. ലത്തീന്‍ കത്തോലിക്കര്‍ക്കു ഇടതു സര്‍ക്കാര്‍ വലിയ ആനുകൂല്യങ്ങള്‍ നല്‍കിയതായും കുറിപ്പിലുണ്ട്‌. ലേഖനം അവസാനിപ്പിക്കുന്നത്‌ ആര്‍ച്ചു ബിഷപ്പിനെ ഇങ്ങനെ ഉപദേശിച്ചു കൊണ്ടാണ്‌. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെന്ന്‌ ചില മതമേലധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട്‌ യഥാര്‍ഥ ക്രൈസ്തവ ദൗത്യത്തിനോ പൗരധര്‍മത്തിനോ യോജിച്ചതല്ല. - ആര്‍ച്ച്‌ ബിഷപ്‌ പറയുന്നു.തോമസ്‌ ഐസക്കിന്റെ ലേഖനത്തിലെ മാന്യമായ ഭാഷയെയും അവതരണത്തെയും ആര്‍ച്ച്‌ ബിഷപ്പ്‌ കത്തില്‍ പ്രശംസിച്ചു. എന്നാല്‍, അതില്‍ പ്രകടമാക്കപ്പെട്ട കാഴ്ചപ്പാടുകളോടു തനിക്ക്‌ അഭിപ്രായ ഭിന്നത ഉണെ്ടന്നു വ്യക്തമാക്കുകയും ചെയ്തു.

Tuesday, March 24, 2009

കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ല: റവ.ഡോ.ബാബു ജോസഫ്‌

കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ലെന്ന്‌ സിബിസിഐ വക്താവ്‌ റവ.ഡോ.ബാബു ജോസഫ്‌.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പി.ഒ.സിയില്‍ കേരളത്തിലെ 29 രൂപതകളിലെ ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിബിസിഐയുടെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ഇതാണ്‌ കേരളത്തിലെ ഇടതു മുന്നണിക്ക്‌ സിബിസിഐ അനുകൂലമാണെന്ന ചില വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. അതത്‌ പ്രാദേശിക സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ സിബിസിഐ ഗൗരവത്തോടെ തന്നെയാണ്‌ കാണുന്നതെന്നും റവ.ഡോ.ബാബു ജോസഫ്‌ പറഞ്ഞു.വര്‍ഗീയതയും തീവ്രവാദവും കേരളത്തില്‍ പോലൂം കടന്നുകൂടിയിരിക്കുന്ന അവസരത്തില്‍ എല്ലാ മേഖലകളിലും വ്യക്തമായ പ്രാതിനിധ്യം നേടിയാല്‍ മാത്രമേ സഭാവിശ്വാസികള്‍ക്ക്‌ മുന്നേറാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതു അവസ്ഥയെ മുന്നില്‍ കണ്ടാണ്‌ സി.ബി.സി.ഐ മാര്‍ക്ഷരേഖകളും പൊതുപ്രസ്താവനകളും നല്‍കുന്നത്‌. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ക്രൈസ്തവരോട്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ്‌ പുലര്‍ത്തുന്നത്‌. കേരളത്തില്‍ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളും, സഭാ സ്ഥാപനങ്ങളോടുള്ള വിരുദ്ധ സമീപനവും, ക്രൈസ്തവവിരുദ്ധ നിയമനിര്‍മ്മാണ നീക്കവുമെല്ലാം പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള ധാര്‍മ്മിക ബാധ്യത കെ.സി.ബി.സിക്കുണെ്ടന്ന്‌ സി.ബി.സി.ഐ വക്താവ്‌ ഫാ. ബാബു ജോസഫ്‌ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട്‌ നേടുവാന്‍ സി.ബി.സി.ഐ പ്രസ്താവനകളും, സര്‍ക്കുലറുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗിക്കുന്നത്‌ ഖേദകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക്‌ തിക്താനുഭവം മാത്രം : മാര്‍ പവ്വത്തില്‍

കേരളത്തിലെ ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക്‌ തിക്താനുഭവം മാത്രമാണുള്ളതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പിഒസിയില്‍ ഇന്നലെ കേരള സഭയിലെ 29 രൂപതകളിലെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1957-ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇന്ന്‌ കേരളത്തിലെ സര്‍ക്കാരെന്നാണ്‌ ചിലര്‍ പറയുന്നത്‌. കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഭരണക്രമം നടപ്പാക്കാനാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന്‌ സമുദായാംഗങ്ങള്‍ ചി ന്തിക്കണം.കേരളം ബംഗാളാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കേരളത്തില്‍ മതസ്വാതന്ത്ര്യം എന്നൊന്നില്ല.1957-ലെ സര്‍ക്കാരാണ്‌ ഇത്തരമൊരവസ്ഥയ്ക്ക്‌ തുടക്കമിട്ടത്‌. ക്രൈസ്തവര്‍ക്ക്‌ ലഭിക്കാവുന്ന സ്വാതന്ത്യം പൂര്‍ണതോതില്‍ കേരളത്തില്‍ ലഭ്യമായിട്ടില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ ആരോപിച്ചു. ഇത്രത്തോളം ക്രൈസ്തവ പീഡനം കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പ്‌ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ന്യൂനപക്ഷാവകാശം ലഭിക്കാത്ത അവസ്ഥയാണുള്ളത്‌. കെഇആര്‍ പരിഷ്ക്കരണമുള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടു വന്ന്‌ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനാണ്‌ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.ബീഹാര്‍ പോലുള്ള പിന്നോക്ക സംസ്ഥാനങ്ങളില്‍ പോലും അഖി ലേന്ത്യാ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളപ്പോ ള്‍ കേരളത്തില്‍ അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കാനുള്ള സഭയുടെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ത കര്‍ക്കുകയാണ്‌. വിദ്യാ്യ‍ാസ കച്ചവടക്കാരെന്നുള്‍പ്പെടെ സഭയ്ക്കെതി രേ ദുരാരോപണങ്ങളും പ്രചരണങ്ങളും നടത്തുന്നവരെ തിരിച്ചറിയണം. താമരശേരിയില്‍ ഒരു നേതാവ്‌ നടത്തിയ വൃത്തികെട്ട പരാമര്‍ശം സഭയും സമുദായാംഗങ്ങളും മറന്നിട്ടില്ല. ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുളള നിയമ പരിഷ്‌ ക്കരണ സമിതിയില്‍ മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ മാത്രമാണുണ്ടായിരുന്നത്‌. സഭയുടെയും സഭാംഗങ്ങളുടെയും വിശ്വാസങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ നിയമ പരിഷ്ക്കരണ ശിപാര്‍ശകളിലൂടെ ശ്രമിക്കുന്നത്‌. ചോദ്യക്കടലാസ്‌, സിഡി, പാഠപുസ്തകം എന്നിവയിലൂടെ മതമേലധ്യക്ഷന്‍മാരെ അവഹേളിക്കാനും വി്വ‍ാസങ്ങള്‍ക്കെതിരേയും നടത്തുന്ന പ്രചരണങ്ങള്‍ സഭാവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്‌. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ ഇത്തരക്കാര്‍ സഭയെ തെരഞ്ഞുപിടിച്ച്‌ അക്രമിക്കുകയാണ്‌. വിശ്വാസികളെന്നു പറയുന്ന ചിലര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ നിലനില്‍പ്പിനു വേണ്ടി ഇടതുപക്ഷമാണ്‌ ന്യൂനപക്ഷ സംരക്ഷകരെന്ന്‌ വാദിക്കുന്നുണ്ട്‌. ഇവരെ സത്യം ബോധ്യപ്പെടുത്തുകയും ശരിയായ മാര്‍ഗത്തിലേക്ക്‌ കൊണ്ടു വരാനും നമുക്ക്‌ കഴിയണം. ലോക്സഭാ ഇലക്ഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാത്രമല്ല കേരള സര്‍ക്കാരിന്റെ കൂടി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന അവസരമാണെന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി പറയുന്ന അവസരത്തില്‍ ഇലക്ഷനി ല്‍ അതിനനുസരിച്ചുള്ള നിലപാടു സ്വീകരിക്കാന്‍ സമുദായാംഗങ്ങള്‍ ശ്രമിക്കണം.ശരിയായ നിലപാടുകളെടുക്കുകയും മത സ്വാതന്ത്യത്തിനെ അനുകൂലിക്കുന്നവരും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം ഇന്ത്യയെ ഭരിക്കാനായി തെര ഞ്ഞെടുക്കപ്പെടേണ്ടത്‌-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.വിശ്വാസ ജീവിതവും രാഷ്ട്രീയ ജീവിതവും ഒന്നായിക്കാണുന്ന ചിലരുണെ്ടന്നും ഇത്തരക്കാരെ സത്യം മനസിലാക്കിക്കൊടുക്കണമെന്നും ചടങ്ങില്‍ അധ്യ ക്ഷനായിരുന്ന കെസിബിസി വിദ്യാഭ്യാസ-ഐക്യജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.ധാര്‍മികതയിലും ഈശ്വരവിശ്വാസത്തിലും ഉറച്ചു നില്‍ക്കുന്ന അല്‍മായ നേതാക്കളെ വാര്‍ത്തെടുത്താലേ ഭാവിതലമുറയെ സുരക്ഷിതരാക്കാനാവുകയുള്ളു.സഭ രാഷ്ട്രീയ രംഗത്ത്‌ കൂടുതല്‍ പക്വതയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്‌. വിദ്യാഭ്യാസ -ആതുര സേവന രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന സഭ പരിഹസിക്കപ്പെടുന്ന സ്ഥിതി മാറണം. സഭയുടെ കൂടെ നിന്ന്‌ വിജയിച്ചിട്ട്‌ സഭയെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണ്‌ ഇന്ന്‌ കാണുന്നത്‌. ഈ അവസ്ഥ മാറുന്നതിന്‌ സഭാംഗങ്ങ ള്‍ പൗരാവകാശം പ്രയോജനപ്രദമായി നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷനില്‍ കത്തോലിക്കാ സഭയുടെ നിലപാടു കളെ സംബന്ധിക്കുന്ന സി.ബി. സി.ഐ മാര്‍ഗരേഖ, കെ.സി.ബി.സി ഇടയലേഖനം എന്നിവയെക്കുറിച്ചും ഏഴാംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ തിരക്കഥാ പരിശീലനത്തിനു സഹായിയായി ക്ലസ്റ്റ ര്‍ മീറ്റിംഗില്‍ അധ്യാപ കര്‍ക്കു നല്‍കിയ വിവാദ സി.ഡി, മറ്റ്‌ ആനുകാലിക സംഭവങ്ങള്‍ എ ന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു. സി.ബി. സി.ഐ വക്താവ്‌ റവ. ഡോ. ബാബു ജോസഫ്‌, കെ.സി.ബി.സി വ ക്താവ്‌ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജീവനാദം വാരിക ചീഫ്‌ എ ഡിറ്റര്‍ ഇഗ്നേഷ്യസ്‌ ഗൊണ്‍സാല്‍വസ്‌, ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപ റമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, March 23, 2009

നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ തെരഞ്ഞെടുപ്പിലൂടെ നേരിടും: കെ.സി.ബി.സി.

നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ പൊതു തെരഞ്ഞെടുപ്പിലൂടെ നേരിടുമെന്ന്‌ കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം പി.ഒ.സിയില്‍ ചേര്‍ന്ന രൂപതാ പി.ആര്‍.ഒമാരുടെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിന്റെയും, സംയുക്ത സംഗമം പ്രഖ്യാപിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടുകളെ വ്യക്തമാക്കുന്ന സി.ബി.സി.ഐയുടെയും, കെ.സി.ബി.സിയുടെയും നിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ വ്യക്തമായപഠനങ്ങളും, ഇടവകകാതലത്തിലും കുടുംബയൂണിറ്റുകളിലും സ്വീകരിക്കേണ്ടകര്‍മ്മപദ്ധതികള്‍ക്കും സംഗമം അന്തിമരൂപം നല്‍കി. സംഗമത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പൗവ്വത്തില്‍ നിര്‍വ്വഹിച്ചു. ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന മൗലികാവകാശമാണ്‌ മതസ്വാതന്ത്ര്യമെന്നും ഇതിനൊരു സാമൂഹ്യഭാവമുണ്ടെന്നും ബിഷപ്‌ പൗവ്വത്തില്‍ പറഞ്ഞു. 1957-ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ സര്‍ക്കാരെന്ന്‌ പ്രഖ്യാപിച്ചാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. നിയമപരിഷ്ക്കരണ സമിതി നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ ചര്‍ച്ച ചെയ്യപ്പെടണം. ക്രൈസ്തവരെ ഇത്രത്തോളം ആക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കാലഘട്ടം വേറൊന്നില്ല. സഭയുടെ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നതിന്‌ അല്‍മായര്‍ മുന്നോട്ട്‌ വരണം - ബിഷപ്‌ പൗവ്വത്തില്‍ പറഞ്ഞു. . ധാര്‍മികതയിലും ഈശ്വരവിശ്വാസത്തിലും ഉറച്ചു നില്‍ക്കുന്ന അല്‍മായ നേതാക്കളെ വാര്‍ത്തെടുത്ത്‌ ഭാവിതലമുറയെ സുരക്ഷിതരാക്കാനാവുമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതു അവസ്ഥയെ മുന്നില്‍ കണ്ടാണ്‌ സി.ബി.സി.ഐ മാര്‍ഗ്ഗരേഖകളും പൊതുപ്രസ്താവനകളും നല്‍കുന്നത്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ക്രൈസ്തവരോട്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ്‌ പുലര്‍ത്തുന്നത്‌. കേരളത്തില്‍ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളും , സഭാ സ്ഥാപനങ്ങളോടുള്ള വിരുദ്ധ സമീപനവും, ക്രൈസ്തവവിരുദ്ധ നിയമനിര്‍മ്മാണ നീക്കവുമെല്ലാം പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള ധാര്‍മ്മിക ബാധ്യത കെ.സി.ബി.സിക്കുണ്ടെന്ന്‌ സി.ബി.സി.ഐ വക്താവ്‌ ഫാ. ബാബു ജോസഫ്‌ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട്‌ നേടുവാന്‍ സി.ബി.സി.ഐ പ്രസ്താവനകളും, സര്‍ക്കുലറുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗിക്കുന്നത്‌ ഖേദകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സി.ബി.സി.ഐ ഇടയലേഖനത്തെക്കുറിച്ച്‌ സി.ബി.സി.ഐ വക്താവ്‌ റവ. ഡോ. ബാബു ജോസഫ്‌, കെ.സി.ബി.സി ഇടയലേഖനത്തെക്കുറിച്ച്‌ ജീവനാദം ചീഫ്‌ എഡിറ്റര്‍ മി. ഇഗ്നേഷ്യസ്‌ ഗൊണ്‍സാല്‍വസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, പി.ഐ. ലാസര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോണി കൊച്ചുപറമ്പില്‍, കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോസഫ്‌ നിക്കോളാസ്‌, സത്യദീപം ചീഫ്‌ എഡിറ്റര്‍ ഫാ. കുര്യക്കോസ്‌ മുണ്ടാടന്‍, സാബു ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. 29 രൂപതകളില്‍ നിന്നുമുള്ള പി.ആര്‍.ഒ, ജാഗ്രതാ സമിതി ഡയറക്ടേഴ്സ്‌, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി സമ്മേളനത്തില്‍ പങ്കെടുത്തു.

Saturday, March 21, 2009

എസ്‌.എഫ്‌.ഐ ആക്ഷേപം അപഹാസ്യം: കാത്തലിക്‌ യൂണിയന്‍ - കെ.സി.വൈ.എം

കത്തോലിക്കാസഭയെയും അധ്യക്ഷന്മാരെയും അധിക്ഷേപിച്ച എസ്‌.എഫ്‌.ഐ നേതാക്കളുടെ നടപടിയില്‍ കാത്തലിക്‌ യൂണിയന്‍-കെ.സി.വൈ.എം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത കത്തോലിക്കാ സഭയ്ക്ക്‌ കീഴിലുള്ള മെഡിക്കല്‍, എന്‍ജിനിയറിംഗ്‌ മാനേജ്മെന്റുകള്‍, നിയമനവും പ്രവേശനവും ഏറ്റവും സുതാര്യമായ രീതിയിലാണ്‌ നടത്തുന്നത്‌. ഈ യാഥാര്‍ഥ്യം മറച്ചുവച്ച്‌ ബിഷപ്പുമാരെയും വൈദികരെയും കച്ചവടക്കാര്‍ എന്നു ആക്ഷേപിക്കുന്നത്‌ അങ്ങേയറ്റം അപഹാസ്യമാണ്‌. തെരഞ്ഞെടുപ്പുസമയങ്ങളില്‍ അരമനകളില്‍ കയറി വോട്ടു ചോദിക്കുന്ന ഇവരുടെ ഇരട്ടത്താപ്പ്‌ വിശ്വാസികള്‍ കണ്ടറിയണമെന്ന്‌ യോഗം വ്യക്തമാക്കി. കുട്ടികള്‍ക്കിടയില്‍ പാഠപുസ്തകത്തിലൂടെയുള്ള വര്‍ഗീയത കുത്തിവയ്ക്കലും മതമേലധ്യക്ഷന്‍മാരെ അവഹേളിക്കലും, നിരീശ്വരത്വവും ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്‌.ഏറ്റവും ഒടുവിലായി മതലമേലധ്യക്ഷന്‍മാരെ അവഹേളിക്കുന്നതിനായി കൃത്യമായ ലക്ഷ്യത്തോടെ പുറത്തിറക്കിയിട്ടുള്ള മുറിവ്‌, ലൈംഗിക അരാജകത്വം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള ടൈപ്പ്‌ റൈറ്റര്‍ പോലുള്ള ഷോര്‍ട്ട്‌ ഫിലിമുകള്‍ തുടങ്ങിയ സംഭവങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ മറന്നിട്ടില്ലെന്ന്‌ യോഗം എസ്‌.എഫ്‌.ഐ നേതാക്കളെ ഓര്‍മപ്പെടുത്തി

ആട്ടിന്‍ തോലണിഞ്ഞവരെ തിരിച്ചറിയണം: സി.എല്‍.സി

ഭക്തിഗാനം പാടിയും അരമനകള്‍ കയറിയിറങ്ങി സൗഹൃദം പങ്കുവച്ചും ദൃശ്യമാധ്യമങ്ങളിലൂടെ നാടകം കളിച്ച്‌ കാണിച്ചും വോട്ട്‌ നേടാമെന്ന്‌ നിരീശ്വര പ്രത്യയശാസ്ത്രത്തിന്റ കുട്ടിസഖാക്കള്‍ കരുതേണെ്ടന്ന്‌ സി.എല്‍.സി സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ മുന്നറിയിപ്പ്‌ നല്‍കി. മുറിവ്‌ സിഡിയിലൂടെ ബിഷപ്പുമാരെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടതിന്റെ വിലാപമാണ്‌ എസ്‌.എഫ്‌.ഐ നേതാവിന്റെ തൃശൂരിലെ പത്രസമ്മേളനത്തില്‍ കേട്ടത്‌. ലോട്ടറി രാജാക്കന്‍മാരില്‍ നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും ഭൂമാഫിയകളില്‍ നിന്നും കോടികള്‍ വാങ്ങുകയും സമാന്തര സമ്പദ്ഘടന ഉണെ്ടന്ന്‌ മുഖ്യമന്ത്രി തന്നെ സമ്മതിച്ച്‌ പ്രസ്താവിക്കുകയും ചെയ്തിട്ടുള്ള കാര്യം ഇപ്പോള്‍ നേതാക്കള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ച്‌, ബിഷപ്പുമാര്‍ പണത്തിന്‌ മീതെയാണെന്ന്‌ ദുരാരോപണം നടത്തുന്നത്‌ വിശ്വാസികളെ ഭിന്നിപ്പിക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന്‌ സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. ക്രൈസ്തവ നാമധാരികളെ മത്സരരംഗത്തിറക്കി അവര്‍ ക്രൈസ്തവ സമുദായത്തിന്റെ ആളുകളാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ക്രൈസ്തവരുടെ വോട്ടുകള്‍ എളുപ്പത്തില്‍ നേടാമെന്ന രാഷ്ട്രീയ കാപട്യത്തെ യുവജങ്ങള്‍ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കുമെന്നും അത്തരം മനക്കോട്ട കെട്ടുന്നവര്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. പുരോഹിതരുടെ വോട്ട്‌ തങ്ങള്‍ക്കാവശ്യമില്ലെന്ന്‌ പറയുന്ന എസ്‌.എഫ്‌.ഐക്കാരും ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന്‌ വിളിച്ചവരുടെ സഖാക്കളും അരമനകള്‍ കയറിയിറങ്ങുന്നത്‌ പിന്നെ എന്തിനാണെന്ന്‌ വ്യക്തമാക്കണം. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവട സ്ഥാപനങ്ങളെന്ന്‌ ആയിരം തവണ ആവര്‍ത്തിച്ച്‌ സത്യത്തെ നുണയാക്കി പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ലെന്നും സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.പാസ്റ്ററല്‍ സെന്ററില്‍കൂടിയ സി.എല്‍.സിയുടെ അടിയന്തര സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ഡയറക്ടര്‍ ഫാ.ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

Thursday, March 19, 2009

നിയമ പരിഷ്കരണങ്ങള്‍ സമൂഹനന്മയ്ക്ക്‌ വേണ്ടിയാകണം: ഡോ.സ്റ്റാന്‍ലി റോമന്‍

നിയമപരിഷ്കരണങ്ങള്‍ സമൂഹനന്മയ്ക്ക്‌ വേണ്ടിയാകണമെന്ന്‌ കൊല്ലം ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍. തങ്കശേരി ബിഷപ്‌ ഹൗസില്‍ ജീവനാദം മീഡിയാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം രൂപതാ ജീവന്‍ സംരക്ഷണ സമിതി പ്രസിദ്ധീകരിച്ച “മാനിഷാദ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.ഒരു മനുഷ്യനുവേണ്ടി നിയമപരിഷ്കരണം നടത്താതെ സമൂഹത്തിനുവേണ്ടി നിയമങ്ങള്‍ പരിഷ്കരിക്കാനാണ്‌ ഭരണാധികാരികള്‍ തയാറാകേണ്ടത്‌. ഇരുപതു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സഭയ്ക്ക്‌ സഭയുടേതായ നിയമങ്ങള്‍ ഉണ്ട്‌. എന്നാല്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരിഷ്കരണം നടത്തുന്നത്‌ ശരിയല്ല. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ സമിതിയുടെ നിര്‍ദേശങ്ങളിലുള്ള സഭയുടെ വിയോജിപ്പ്‌ പലതവണ അറിയിച്ചിട്ടുണ്ട്‌. മാനവികതയ്ക്ക്‌ എതിരായ നിയമങ്ങളുടെ യഥാര്‍ഥ വസ്തുത ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുസ്തകം പുറത്തിറക്കുന്നതെന്നും ബിഷപ്‌ അഭിപ്രായപ്പെട്ടു. നിയമപരിഷ്കരണ സമിതിയിലെ ശിപാര്‍ശകളിലുള്ള രൂപതയുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഈമാസം 30ന്‌ കൊല്ലം ചിന്നക്കടയില്‍ റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്നും ബിഷപ്‌ പറഞ്ഞു.ശാസ്ത്രീയമല്ലാത്ത പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാണ്‌ നിയമപരിഷ്കരണ സമിതിയെ ഇത്തരത്തിലൊരു നീക്കത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുല്ലശേരി പറഞ്ഞു. അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തിന്‌ രൂപത മുന്നിട്ടിറങ്ങുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Friday, March 13, 2009

കെ.സി.വൈ.എം വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി

വിദ്യാഭ്യാസരംഗത്തെ അധാര്‍മിക നിലപാടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ഫ്ലാഗ്‌ ഓഫ്‌ ചെയ്ത മാര്‍ച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനില്‍ പോലീസ്‌ തടഞ്ഞു.തുടര്‍ന്ന്‌ നടന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന സകല അധാര്‍മിക നിലപാടുകളെയും ജീവന്‍ കൊടുത്തും നേരിടുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Thursday, March 12, 2009

കത്തോലിക്കര്‍ സ്ഥാനാര്‍ഥികളാവുന്നത്‌ സന്തോഷകരം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

കത്തോലിക്കര്‍ സ്ഥാനാര്‍ഥികളാവുന്നത്‌ സന്തോഷകരമാണെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. സഭയുടെ നിലപാടുക ള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ ഇത്‌ സഹായിക്കും - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന സ്ട്രേറ്റ്‌ ഫ്രം ദ ഹാര്‍ട്ട്‌ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്‌ ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയെന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മയാണ്‌. അതിനാല്‍, വിശ്വാസികളുടെ തീരുമാനമാണ്‌ സഭയുടെ തീരുമാനം. ഓരോരുത്തര്‍ക്കും വ്യക്തിപരമായി വോട്ടവകാശം വിനിയോഗിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണെ്ടന്നും കര്‍ദിനാള്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികളെ തിരക്കഥ പഠിപ്പിക്കുന്നതിനായി ബിഷപ്പുമാരെ അധിക്ഷേപിക്കുന്ന സിഡികള്‍ വിതരണം ചെയ്ത സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സ്ട്രേറ്റ്‌ ഫ്രം ദ ഹാര്‍ട്ട്‌ എന്ന പുസ്തകത്തില്‍ പറയുന്നതെല്ലാം വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണെന്നും സഭാധ്യക്ഷന്‍ എന്ന നിലയിലുള്ളവയല്ലെന്നും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതിനാല്‍ തന്നെ തന്റെ അഭിപ്രായങ്ങളോടു യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്‌. പല കാര്യങ്ങളിലുമുള്ള നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ പുതിയ പുസ്തകം വിവാദം സൃഷ്ടിച്ചേക്കാമെങ്കിലും വിമര്‍ശനങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാടുകളില്‍ തെറ്റുണ്ടായെന്ന്‌ തോന്നിയാല്‍ പരസ്യമായി മാപ്പു പറയാന്‍ തയാറാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നല്ല വശങ്ങളും ചീത്ത വശങ്ങളും തുറന്നു പറയുന്നതിനാല്‍ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ദുര്‍വ്യാഖ്യാനം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായം സഭാധ്യക്ഷന്മാര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടരുതെന്നാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരമായി കര്‍ദിനാള്‍ പറഞ്ഞു. എറണാകുളം കര്‍ദിനാള്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി സെന്‍ട്രല്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസിന്‌ നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

ക്രൈസ്തവ വിരുദ്ധ നിലപാടുകളില്‍ നിന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണം: മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ തുടരുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളില്‍നിന്ന്‌ എത്രയും വേഗം പിന്‍തിരിയുകയാണ്‌ വേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഉപാധ്യക്ഷനുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ. ഒരു മതവിഭാഗത്തെ മാത്രം തെരഞ്ഞു പിടിച്ച്‌ നിരന്തരമായി വേട്ടയാടുന്നതു കാണുമ്പോള്‍ അതിയായ ഉത്കണ്ഠയും വേദനയും ശക്തമായ പ്രതിഷേധവും സഭാ സമൂഹത്തിനുണ്ട്‌. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരേ അക്രമം അഴിച്ചുവിട്ടും പാഠപുസ്തകങ്ങളില്‍ ധാര്‍മിക വിരുദ്ധ പരാമര്‍ശങ്ങള്‍ കുത്തിനിറച്ചും സംസ്കാരത്തിനും സാമൂഹിക സഹവര്‍ത്തിത്വത്തിനും ഭീഷണി ഉയര്‍ത്തിയ വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോള്‍ അശ്ലീല ചിത്രങ്ങളും മതാചാര്യന്മാരെ അവഹേളിക്കുന്ന രംഗങ്ങളും ഉള്‍ക്കൊള്ളുന്ന സിഡികള്‍ പഠനസഹായിയായി വിതരണം ചെയ്തിരിക്കുകയാണ്‌. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി വിദ്യാഭ്യാസ വകുപ്പ്‌ അവലംബിക്കുന്ന അക്ഷന്തവ്യമായ സംസ്കാര വിരുദ്ധ നിലപാടിന്റെ ആവര്‍ത്തനമായേ ഇതിനെ കാണാനാവൂ. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒരു പരിശീലകന്റെ തലയില്‍ പാപഭാരം മുഴുവന്‍ ഇറക്കിവച്ച്‌ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്‌ അധികാരകേന്ദ്രങ്ങള്‍. ഇത്‌ മുഖവിലയ്ക്കെടുത്താല്‍ത്തന്നെ എന്തു കൊണ്ട്‌ വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരം ആക്ഷേപകരമായ മൂല്യനിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്‌ സമാധാനം പറയേണ്ടിവരും. ഒരു അധ്യാപകനോ സംഘടനയോ വിചാരിച്ചാല്‍ താളം തെറ്റിക്കാന്‍ കഴിയും വിധം അത്ര ദുര്‍ബലമാണോ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭരണസിരാകേന്ദ്രം? ചില ഗൂഢശക്തികള്‍ വിദ്യാഭ്യാസമേഖലയെ വിവാദങ്ങളിലേക്കും സര്‍വനാശത്തിലേക്കും തള്ളിവിടുമ്പോള്‍ തെറ്റു തിരുത്താന്‍ മാത്രം തയാറായിരിക്കുന്ന വിദ്യാഭ്യാസമന്ത്രി, അതാവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയാണ്‌ വേണ്ടത്‌. രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്തുപോലും ജനങ്ങളില്‍ വ്യാപകമായ അമര്‍ഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്ന ഭരണവിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇത്‌ അവസാനത്തേത്‌ ആയിരിക്കട്ടെ. ഇനിയും പുതിയ കുതന്ത്രങ്ങള്‍ തേടുന്ന ബുദ്ധിരാക്ഷസന്മാര്‍ക്ക്‌ വിദ്യാഭ്യാസ വകുപ്പില്‍ ഇടം ലഭിക്കാതിരിക്കാന്‍ ജനസമൂഹത്തെ ധാര്‍മികതയുടെ നേര്‍വഴിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ഇത്തരം അഭ്യാസങ്ങള്‍കൊണ്ടു സാധ്യമല്ല എന്ന തിരിച്ചറിവ്‌ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്‌ വേഗത്തില്‍ ലഭിക്കട്ടെയെന്നും കാതോലിക്കാ ബാവപറഞ്ഞു.

സി.പി.എമ്മിന്റെ അവസരവാദം വ്യക്തം: ആര്‍ച്ച്ബിഷപ്‌ ഡോ.സൂസാപാക്യം

ക്രൈസ്തവസഭ സമൂഹത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സി. പി.എമ്മി ന്റെ അവസരവാദം വ്യക്തമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസാപാക്യം, ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷത്തിനുവേണ്ടി ഏതാനും സമയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണെ്ടങ്കിലും സി.പി.എമ്മിന്റെ അവസരവാദമാണ്‌ പിടിക്കാത്തതെന്ന്‌ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ഒരു ഭാഗത്ത്‌ ന്യൂനപക്ഷപീഡനത്തിനെതിരേ സംസാരിക്കുകയും മറുഭാഗത്ത്‌ പീഡിപ്പിക്കുന്നവരുമായി കൈകോര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്‌ ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ കാണുന്നത്‌. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിലും സിഡി വിവാദത്തിലും ക്രൈസ്തവ പീഡനമാണ്‌ നടത്തുന്നത്‌. ബിഷപ്പുമാരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാട്‌ തുടരുന്ന സി.പി.എം വിശുദ്ധന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സഭയ്ക്ക്‌ വ്യക്തമായ കാഴ്ചപ്പാടുണെ്ടന്നും ഇത്‌ സഭ വിശ്വാസ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സഭ മുന്നോട്ട്‌ വയ്ക്കുന്ന വിഷയങ്ങള്‍ മുന്നില്‍ നിര്‍ത്തി ചിന്തിച്ച്‌ വോട്ട്‌ ചെയ്യാനുള്ള അവകാശം വ്യക്തികള്‍ക്കാണ്‌. വ്യക്തികളുടെ മനഃസാക്ഷിക്കനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ അവകാശമുണ്ട്‌. ഈശ്വരവിശ്വാസികളും പാവപ്പെട്ടവര്‍ക്കുവേണ്ടി നില്‍ക്കുന്നവരും നീതിക്കുവേണ്ടി പോരാടുന്നവരുമായ വ്യ ക്തികളോടാണ്‌ സഭയ്ക്ക്‌ താത്പര്യം. ഈശ്വരവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ സഭയ്ക്ക്‌ ചിന്തിക്കാന്‍ സാധിക്കൂ. തൃശൂരില്‍ ടോം വടക്കനെ പോലുള്ള സ്ഥാനാര്‍ഥികളെ വേണമെന്നു പറയുന്ന ആര്‍ച്ച്ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്തിന്റെ നിലപാടില്‍ അപാകതയില്ലെന്ന്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം വ്യക്തമാക്കി. രാഷ്ട്രീയപരമായി പിന്തള്ളപ്പെടുന്ന സമൂഹത്തിന്‌ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wednesday, March 11, 2009

വിവാദ സിഡി പിന്‍വലിക്കണം: കെ.സി.ബി.സി

ക്രൈസ്തവ സഭാമേലധ്യക്ഷന്മാരെ അവഹേളിക്കുന്ന മുറിവ്‌ എന്ന ഡോക്യുമെന്ററിയും സദാചാര വിരുദ്ധമായ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ടൈപ്പ്‌ റൈറ്റര്‍ എന്ന ഡോക്യുമെന്ററിയും ഉള്‍പ്പെടുന്ന വിവാദസിഡി നിരുപാധികം പിന്‍വലിക്കണമെന്നു കേരള ക ത്തോലിക്കാ മെത്രാന്‍ സമിതി ആ വശ്യപ്പെട്ടു. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തിലൂടെയും ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയിലെ ചോദ്യപേപ്പറിലൂടെയും ഈശ്വരവിശ്വാസികളെ അധിക്ഷേപിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢ അജന്‍ഡയുടെ ഭാഗം തന്നെയാണ്‌ അധ്യാപകര്‍ക്കു പരിശീലന സഹായിയായി നല്‍കിയിരിക്കുന്ന ഇപ്പോഴത്തെ സിഡി. വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പും മത ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചു ക്രൈസ്തവരെ പീഡിപ്പിക്കുന്ന നിലപാടാണ്‌ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്‌. മതവികാരത്തെ വ്രണപ്പെടുത്തുന്ന സിഡി മാധ്യമ സൃഷ്ടിയാണെന്ന്‌ അഭിപ്രായപ്പെട്ട വിദ്യാഭ്യാസമന്ത്രി പൊതുസമൂഹത്തിന്റെ മുന്നില്‍ സത്യത്തെ നിഷേധിക്കുകയും ഭരണഘടനാലംഘനം നടത്തുകയുമാണ്‌ ചെയ്തിരിക്കുന്നത്‌.ലൈംഗികതയും വര്‍ഗീയതയും ഉള്‍പ്പെടുന്ന സിഡികള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവയ്ക്കേണ്ടതാണ്‌. വിവാദ സിഡി പിന്‍വലിക്കുന്നതുവരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കെ.സി.ബി. സി തീരുമാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഈശ്വരവിശ്വാസികള്‍ക്കുനേരെ തുടര്‍ച്ചയായി നടത്തുന്ന അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേ ഇതര മതവിശ്വാസികളുമായി സഹകരിച്ചു പ്രതി ഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വേണ്ടി വന്നാല്‍ നിയമപരമായി നേരിടുന്നതിന്റെ സാധ്യതകള്‍ ആരായുകയും ചെയ്യുമെന്നു കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംയുക്ത പ്ര സ്താവനയില്‍ അറിയിച്ചു.

Monday, March 9, 2009

വിവാദ സിഡി പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണം: ബിഷപ്പ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

വിദ്യാര്‍ഥികള്‍ക്കു തിരക്കഥാരചന പഠിക്കാന്‍ നിര്‍ദേശിക്കപ്പെട്ട വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സിഡി പിന്‍വലിച്ച്‌ ക്രൈസ്തവ സമൂഹത്തോട്‌ ഖേദം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ-ഐക്യ ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്പ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. മുറിവുണ്ടാക്കാന്‍ എളുപ്പമാണ്‌. പക്ഷേ എത്ര തൈലം പുരട്ടിയാലും ചില മുറിവുകള്‍ സുഖ പ്പെടുകയില്ല. അത്‌ മതവിദ്വേഷത്തി ന്റെ മുറിവുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ചും. എന്തിനാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച്‌ മുറിപ്പെടുത്തുന്നതെന്നും മുറിവില്‍ മതവിദ്വേഷത്തിന്റെ വിഷം പുരട്ടുന്ന തെന്നും മനസിലാകുന്നില്ല. സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കാ ന്‍ ശീലിപ്പിക്കേണ്ട കൊച്ചുകുട്ടികളുടെ മനസില്‍ സഭയുടെ ആത്മീയപ്രതിപുരുഷന്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ നിറയ്ക്കുന്നത്‌ എന്തിനാണെന്നും ഇതുകൊണ്ട്‌ ഇടതുസര്‍ക്കാര്‍ എന്താണ്‌ അര്‍ഥമാക്കുന്നതെന്നും ബിഷപ്‌ ചോദിച്ചു. ക്രൈസ്തവ വിശ്വാസികള്‍ ജന്മനാല്‍ തന്നെ ഉള്‍ക്കൊള്ളുകയും സ്വജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണങ്ങളെ നിരാകരിക്കുന്ന പാഠപുസ്തക വിവാദത്തിന്റെ അലയൊലികള്‍ എത്രനാള്‍ സമൂഹത്തെ അസ്വസ്ഥമാക്കിയിരുന്നു. അതില്‍നിന്ന്‌ ഇടതു സര്‍ക്കാര്‍ എന്താണ്‌ നേടിയത്‌. തെറ്റുകളില്‍നിന്നു പാഠം ഉള്‍ ക്കൊള്ളുകയെന്നതല്ല വിവേകമുള്ള സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ടത്‌. ഇതിനു ശ്രമിക്കാതെ മുറിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ തീര്‍ച്ചയായും നിഗൂഢലക്ഷ്യങ്ങളുണ്ട്‌. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നിഗൂഢലക്ഷ്യമാണ്‌ ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ടത്‌. മതവിദ്വേഷത്തി ന്റെ വിഷം പുരട്ടുന്ന ഇടതുസര്‍ക്കാരിന്റെ ഇത്തരം നയസമീപനങ്ങളെയാണ്‌ സഭാ മേലധ്യക്ഷന്‍മാരും സഭാ മക്കളും എതിര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സംയമനം പാലിക്കുകയും സഹനവ ഴികളിലൂടെ ബൈബിളിന്റെ പിന്‍ബലത്തില്‍ യാത്ര ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹ ത്തെ ദുര്‍ബലരെന്ന്‌ ഇടതുപക്ഷ സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത്‌ തികച്ചും തെറ്റാണ്‌. സംയമനം പാലിച്ചുകൊണ്ടു തന്നെ ആസൂത്രിത പ്രചാരണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കും. അത്‌ സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണെങ്കില്‍ കൂടി അതിനുള്ള ആത്മീയശക്തിയും ഞങ്ങ ള്‍ക്കുണ്ട്‌. കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനു വേണ്ടി പുറത്തിറക്കിയ സിഡി അതു നിര്‍മിച്ചവരുടെ മാത്രം ഭാവനാസൃഷ്ടിയാണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. സഭാ പിതാക്കന്‍മാരെ അവഹേളിക്കുന്ന സിഡിയുടെ നിര്‍മാണവും ഭരണത്തില്‍ പങ്കാളിത്തമുള്ളവരുടെ കൂടി മനസറിവിന്റെ ഫലമാണ്‌. അതുകൊണ്ടുതന്നെ ഭരണത്തിലിരിക്കുന്നവര്‍ക്ക്‌ ആളാകാന്‍ ക്രൈസ്തവ സഭയെ ചെളിവാരിയെറിയുന്ന ശീലം അനുവദിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലും സമഭാവനയിലും സമൂഹത്തിലെ ജനങ്ങളെ കാണേണ്ട സര്‍ക്കാര്‍ വിദ്വേഷത്തിന്റെ തീപ്പൊരികള്‍ ഒരു സമൂഹത്തിന്റെ മേല്‍ വര്‍ഷിക്കുന്നത്‌ നന്നല്ല. ക്രൈസ്തവ സമൂഹത്തി ന്റെ സഹനത്തിന്‌ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാനുള്ള ശക്തിയുണെ്ടന്ന്‌ ഭരിക്കുന്നവര്‍ മറക്കരുത്‌. ഗവണ്‍മെന്റ്‌ എന്നത്‌ എക്കാലത്തുമുള്ള സംവിധാനമല്ല. തങ്ങളുടെ ചെയ്തികള്‍ ജനങ്ങളുടെ മുന്നില്‍ കണക്കുപറഞ്ഞ്‌ വിധി നേരിടേണ്ടുന്നവരാണ്‌. വിധിക്കാനുള്ള അധികാരം ജനങ്ങള്‍ക്കാണ്‌. ഭരണത്തിന്റെ സിംഹാസനങ്ങളില്‍ ഇരിക്കുന്നവരും അത്‌ മറക്കരുതെന്നും ബിഷപ്പ്‌ പറഞ്ഞു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന സിഡികള്‍ പിന്‍വലിച്ച്‌ ക്രൈസ്തവസമൂഹത്തിനുണ്ടായ വേദനയ്ക്കു ഖേദം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവുമെന്നാണ്‌ ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്‌. മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുക വഴി ക്രൈസ്തവ സമൂഹത്തെ മൊത്തമായാണ്‌ ആക്ഷേപിച്ചിരിക്കുന്നത്‌. ജനപക്ഷത്ത്‌ നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട്‌ വിവാദ സിഡി പിന്‍വലിച്ചു ക്രൈസ്തവ സമൂഹത്തോട്‌ ഖേദം അറിയിക്കുകയെന്നതാണ്‌. വിദ്യാഭ്യാസ വകുപ്പിനോടും ഇടതുപക്ഷ സര്‍ക്കാരിനോടും ക്രൈസ്തവ സമൂഹത്തിന്‌ ഒന്നേ പറയാനുള്ളൂ- നിങ്ങള്‍ കൊളുത്തിയ തീ നിങ്ങള്‍ തന്നെ അണയ്ക്കുക, ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ആളിപ്പടരും മുമ്പ്‌.

Saturday, March 7, 2009

കേരളമണ്ണില്‍ തീവ്രവാദം വേരോടരുത്‌

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തിമന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നിരുന്ന കേരളം ഭീകരവാദത്തിനും ഭീകരപരിശീലനത്തിനും വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു. തീവ്രവാദികള്‍ക്ക്‌ പരിശീലനം നല്‍കാന്‍ ഈ മണ്ണില്‍ അവസരമൊരുക്കുന്നു. കാഷ്മീര്‍വരെ കടന്നുചെല്ലുന്നു മലയാളിയുടെ തീവ്രവാദരാഷ്ട്രീയം. വിവിധ തീവ്രവാദി സംഘടനകള്‍ കേരളത്തെ സുരക്ഷിത താവളമാക്കി മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഏറെ ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്‌ ഈ സാഹചര്യം. ഭരണകൂടവും ജനങ്ങളും ഒരുപോലെ ജാഗ്രത പുലര്‍ത്തിയെങ്കില്‍ മാത്രമേ അപകടകരമായ ഈ സാഹചര്യത്തില്‍നിന്നു നമുക്കു രക്ഷപ്പെടുവാനാകൂ.വാഗമണിലും കുമളിയിലുമൊക്കെ തീവ്രവാദക്യാമ്പുകള്‍ നടത്തിയവര്‍ പിടികൂടപ്പെടുകയും ബോംബു നിര്‍മാണംപോലെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക്‌ പരിശീലനം ലഭിച്ചിരുന്നതായി വെളിപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഇതിനിടെയാണ്‌ ശ്രീലങ്കയില്‍ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന എല്‍ ടി ടി ഇ തീവ്രവാദികള്‍ കേരളത്തിലേക്ക്‌ കടന്നിട്ടുള്ളതായി തമിഴ്‌നാട്‌ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇടുക്കി ജില്ലയിലെ മറയൂരിലേക്ക്‌ ഇരുപതോളം പേരടങ്ങുന്ന തമിഴ്പുലി സംഘം കടന്നിട്ടുണെ്ടന്നാണ്‌ ക്യൂ ബ്രാഞ്ച്‌ നല്‍കുന്ന മുന്നറിയിപ്പ്‌. അതിര്‍ത്തിഗ്രാമങ്ങളില്‍ ഇപ്രകാരമുള്ള ഒളിതാമസം ഇതിനുമുമ്പും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌. മറയൂരിലെ തമിഴ്‌ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഇടുക്കിയില്‍നിന്ന്‌ ഒരു എല്‍ ടി ടി ഇ പ്രവര്‍ത്തകനെ രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു.തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഇത്തരം ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്‌. കഴിഞ്ഞ ദിവസമാണ്‌ കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിവന്നിരുന്ന ഒരാളെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഭറോഭ മസ്കറ്റില്‍നിന്നു പിടികൂടിയിയത്‌. കര്‍ണാടക ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇയാളെ ചോദ്യംചെയ്തുവരികയാണ്‌. വലിയ ബന്ധങ്ങളാണ്‌ ഇവര്‍ക്കെല്ലാമുള്ളത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന്‌ ചാവേറാവുക മാത്രമല്ല, ബുദ്ധികേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളുമായി മാറുകയും ചെയ്യുന്ന നിരവധി മലയാളികളുണ്ട്‌. അവരുടെ കഥകളാണ്‌ ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ജൂലൈ 25-ന്‌ ബാംഗളൂര്‍ നഗരത്തിലുണ്ടായ സ്ഫോടന പരമ്പരയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ പതിമൂന്നംഗങ്ങളുള്ള മലയാളി തീവ്രവാദി സംഘമാണെന്നാണ്‌ ബാംഗളൂര്‍ പോലീസ്‌ കണെ്ടത്തിയത്‌. സ്ഫോടനത്തിനുപയോഗിച്ച ബോംബ്‌ കണ്ണൂരിലാണ്‌ നിര്‍മിച്ചതെന്നും പോലീസിന്‌ സൂചന ലഭിച്ചിരുന്നു. ബാംഗളൂര്‍ നഗരത്തില്‍ എട്ടിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരകളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. വാഗമണില്‍ തീവ്രവാദി ക്യാമ്പിന്‌ നേതൃത്വം കൊടുത്ത മലയാളി മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്നു. വാഗമണ്‍ ക്യാമ്പില്‍ ബോംബു നിര്‍മാണത്തില്‍ പരിശീലനം നല്‍കിയ തീവ്രവാദി അമീല്‍ പര്‍വേശിനെ കഴിഞ്ഞ മാസം വാഗമണില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു.ഇതെല്ലാം കേരളത്തിന്‌ ആശങ്ക പകരുന്ന വാര്‍ത്തകളാണ്‌. പൊതുവേ സമാധാനപ്രിയരെന്നും ഏതു നാട്ടില്‍ ചെന്നാലും അവിടെയുള്ളവരുമായി പൊരുത്തപ്പെട്ടുപോകുന്നവരെന്നുമൊക്കെ സല്‍പേരുള്ള മലയാളിയുടെ വ്യത്യസ്തമായൊരു മുഖമാണ്‌ സമീപകാല സംഭവങ്ങളിലൂടെ പുറത്തുവരുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വിരളമാകാം. എന്നാല്‍, അവര്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവും ഈ നാട്ടില്‍ത്തന്നെ കിട്ടുന്നുണെ്ടങ്കില്‍ അത്‌ നമുക്ക്‌ നാണക്കേടാണ്‌. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ഇത്തരം തീവ്രവാദ, മനുഷ്യത്വരഹിത തത്ത്വസംഹിതകള്‍ക്ക്‌ ചേരുന്നതല്ല.എന്തുകൊണ്ടാണ്‌ കേരളം ഇത്തരമൊരു അവസ്ഥയിലേക്ക്‌ വഴുതിവീഴുന്നതെന്ന്‌ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്‌. കേരളം സമാധാനകാംക്ഷികളുടെ നാടാണെന്നും ഇവിടെ തീവ്രവാദികളോ തീവ്രവാദമോ ഇല്ലെന്നുമൊക്കെ ഉത്തരവാദപ്പെട്ടവര്‍തന്നെ വീമ്പിളക്കാറുണ്ട്‌. ഈ അവകാശവാദത്തിന്റെ പൊള്ളത്തരമാണ്‌ ബാംഗളൂര്‍ സ്ഫോടനത്തിലെ സമ്പൂര്‍ണ മലയാളിസാന്നിധ്യവും വാഗമണ്‍ തീവ്രവാദി പരിശീലന സംഭവങ്ങളുമൊക്കെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കമാന്‍ഡോസംഘത്തെ രൂപീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശം വന്നപ്പോള്‍ അതിനെ സംസ്ഥാന ആഭ്യന്തര വകുപ്പുതന്നെ എതിര്‍ത്തിരുന്നു. അത്തരമൊരു സേന രൂപീകരിച്ചാല്‍ കേരളത്തില്‍ തീവ്രവാദമുണെ്ടന്ന്‌ സമ്മതിക്കുന്നതിനു തുല്യമാണെന്ന വാദമാണ്‌ ആഭ്യന്തരവകുപ്പ്‌ ഉയര്‍ത്തിയത്‌.ഹൈറേഞ്ചില്‍ മാവോയിസ്റ്റുകളും ശ്രീലങ്കന്‍ തീവ്രവാദികളും ഒളിച്ചുതാമസിക്കുന്നുണെ്ടന്ന്‌ 2007 സെപ്റ്റംബറില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ്‌ നേതാവ്‌ സുന്ദരമൂര്‍ത്തി നെടുങ്കണ്ടത്തും പാറത്തോട്ടിലും താമസിച്ചിരുന്നതായി വിവരമുണെ്ടന്നും അന്ന്‌ മന്ത്രി പറഞ്ഞിരുന്നു. കേരളതീരത്ത്‌ എല്‍ ടി ടി ഇ സാന്നിധ്യമുണെ്ടന്നും ആര്‍ ഡി എക്സ്‌ ഇറക്കുമതി നടക്കുന്നുണെ്ടന്നും 2007 നവംബറില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ്‌ അഡ്മിറല്‍ എസ്‌. കെ ഡാമ്ലേ കൊച്ചിയില്‍ പറയുകയുണ്ടായി. ഇത്രയേറെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ്‌ പുലര്‍ത്തിയ അലംഭാവത്തിന്റെ ബാക്കിപത്രമാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തീവ്രവാദികള്‍ക്ക്‌ രാഷ്ട്രീയക്കാരില്‍നിന്നു പിന്തുണ ലഭിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഈ കൊച്ചുസംസ്ഥാനത്ത്‌ ഇത്രയേറെ വിലസാന്‍ ഒരു തീവ്രവാദിക്കും കഴിയില്ല. അത്രയ്ക്കു മോശമല്ല നമ്മുടെ പോലീസ്‌ സേന. രാഷ്ട്രീയസ്വാധീനവും സാമ്പത്തിക പിന്‍ബലവുമാണ്‌ കേരളത്തെ തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതെന്ന കാര്യം തള്ളിക്കളയാനാവില്ല. ഈ ദു:സ്ഥിതി മാറിയേ മതിയാവൂ. ജനങ്ങളുടെ തിരിച്ചറിവും ജാഗ്രതയുമാണ്‌ അതിനുള്ള മറുപടി.

Friday, March 6, 2009

കര്‍ഷകരുടെ അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്നു: മാര്‍ ജോര്‍ജ്‌ വലിയമറ്റം

കര്‍ഷകരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സ്ഥിതിയാണ്‌ നിലവിലുള്ളതെന്നും ഇതിനു മാറ്റം വരുത്താന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. ഇന്‍ഫാം ദേശീയ സമ്മേളനം തലശേരി സന്ദേശ്‌ ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കര്‍ഷകര്‍ക്ക്‌ ഇന്നു വാഗ്ദാനങ്ങള്‍ മാത്രമാണ്‌ ലഭിക്കുന്നത്‌. കര്‍ഷകരുടെ ശോച്യാവസ്ഥയും കര്‍ഷകരോടുള്ള അവഗണനയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്‍ഫാമിന്റെ പ്രസക്തി ഏറെ വലുതാണ്‌. സംഘടിക്കുന്നവര്‍ക്ക്‌ മാത്രമെ ഇന്ന്‌ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. വലിയ പ്രതീക്ഷകള്‍ മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചാലെ കര്‍ഷകര്‍ക്ക്‌ വളരാന്‍ കഴിയൂ. ഇപ്പോള്‍ കര്‍ഷകര്‍ക്കായി കൂടുതലൊന്നും ചെയ്യേണെ്ടന്ന മനോഭാവമാണ്‌ സര്‍ക്കാരിനു വരെയുള്ളത്‌. ഈ സ്ഥിതിക്ക്‌ മാറ്റമുണ്ടാകണം. കര്‍ഷകര്‍ സ്വയം പര്യാപ്തതയിലേക്കെത്തണം. എന്ത്‌ ഇല്ലാതായാലും കൃഷിയില്ലാതെ മനുഷ്യന്‌ ഒരു ജീവിതമുണ്ടാകില്ലെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കണമെന്ന്‌ ഇന്‍ഫാം ദേശീയ പ്രസിഡന്റായി ചുമതലയേറ്റ ഡോ. പി.സി സിറിയക്ക്‌ പറഞ്ഞു. റബര്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്‌ വ്യവസായികള്‍ വിസ്കിയുമടിച്ച്‌ വില നിശ്ചയിച്ചിരുന്ന കാലത്തിന്‌ മാറ്റം വരുത്താന്‍ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. റബര്‍ വ്യവസായം വ്യാപകമായതിനു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുണ്ട്‌. ഇത്തരം പ്രവൃത്തികള്‍ നെല്‍കൃഷി രംഗത്തും ഉണ്ടായാല്‍ വലിയ മാറ്റങ്ങളുണ്ടാകും. മന്ത്രിമാരും എംഎല്‍എമാരും പാടത്തിറങ്ങിയതു കൊണ്ടു മാത്രം കാര്യമില്ല. നെല്‍ കര്‍ഷകരെ രക്ഷിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്‌. നെല്‍കൃഷി രംഗത്ത്‌ ഇഷ്ടമുള്ള തൊഴിലാളികളെ കൊണ്ട്‌ ജോലി ചെയ്യിക്കാനുള്ള അവസരവും യന്ത്രമുപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കണം. ഇന്നത്തെ നില തുടര്‍ന്നാല്‍ നെല്‍കൃഷി ഭാവിയില്‍ ഇല്ലാതാകും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 65,000 കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ മുടക്കിയത്‌. എന്നാല്‍, ഇതിന്റെ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. കര്‍ഷകര്‍ക്കായുള്ള പല പദ്ധതികളും ഉദേശിക്കുന്ന ഫലമുണ്ടാക്കുന്നില്ലെന്നും സിറിയക്ക്‌ പറഞ്ഞു.

Thursday, March 5, 2009

വിദ്യാലയങ്ങള്‍ ജീവിതസംസ്കാരം പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍: മാര്‍ ജോസ്‌ പൊരുന്നേടം

വിദ്യാലയങ്ങള്‍ ജീവിത സംസ്കാരം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണെന്ന്‌ മാനന്തവാടി രൂപത ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം. തരിയോട്‌ സെന്റ്മേരീസ്‌ യു.പി സ്കൂള്‍ 58-ാ‍മത്‌ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കാനുള്ള പാഠങ്ങളാണ്‌ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നത്‌. അച്ചടക്കമുള്ള ഒരു സമൂഹത്തിന്‌ മാത്രമേ നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.അച്ചടക്കമുള്ള ദേശസ്നേഹികളെ വാര്‍ത്തെടുക്കുന്നതും വിദ്യാലയങ്ങളില്‍ നിന്നാണ്‌. ഗുരുശിഷ്യ ബന്ധം ഗുരുവിനേയും ശിഷ്യനേയും ഒരു പോലെ സന്തോഷിപ്പിക്കുന്നതാണ്‌. അതുകൊണ്ട്‌ മഹനീയമായ ഈ ബന്ധം ഊട്ടി ഉറപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിഷപ്‌ പറഞ്ഞു.

മദ്യനയത്തിനെതിരേ പ്രക്ഷോഭം ശക്തമാക്കും: കെ.സി.ബി.സി മദ്യവിരുദ്ധസമിതി

സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവും രാഷ്ട്രീയ പാര്‍ട്ടികളുടെ കീശയും വീര്‍പ്പിക്കാന്‍ ഉതകുന്ന കുടുംബം തകര്‍ക്കുന്ന ഭ്രാന്തന്‍ മദ്യനയത്തിനാണ്‌ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ ബഹുജന പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കുമെന്നും കേരള കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സില്‍ മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ്‌ നല്‍കി.എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന്‌ തുല്യമായി മദ്യം വ്യാപകമായി ഒഴുക്കുന്നതിന്‌ അനുകൂലമായ മദ്യനയം രൂപീകരിച്ച്‌ അംഗീകരിച്ച സര്‍ക്കാര്‍ ജനപക്ഷത്തല്ല ജനദ്രോഹപക്ഷത്താണ്‌. മദ്യോപയോഗം മൂലം തകരുന്ന മനുഷ്യനേയും അവന്റെ കുടുംബത്തേയും വീണ്ടും തകര്‍ത്തു തരിപ്പണമാക്കാനേ പുതിയ മദ്യനയം ഉപകരിക്കൂ.വിലകുറഞ്ഞ മദ്യം യഥേഷ്ടം വിപണിയില്‍ ഇറക്കാനും മദ്യത്തില്‍ സ്പിരിറ്റിന്റെ അളവ്‌ വര്‍ധിപ്പിക്കുവാനുമുള്ള നയം ചാരായ നിരോധനം അട്ടിമറിക്കാനും മദ്യാസക്തരെ കൂടുതല്‍ സൃഷ്ടിക്കാനുമേ വഴി തെളിക്കൂ.കള്ളുഷാപ്പുകളുടെ വാടക കുറച്ച്‌ സര്‍ക്കാര്‍ വ്യാജമദ്യവും മയക്കുമദ്യവും ഉണ്ടാക്കുവാനുള്ള സൗകര്യമാണ്‌ അബ്കാരികള്‍ക്ക്‌ ചെയ്തു കൊടുത്തിരിക്കുന്നത്‌.ചാരിറ്റബിള്‍ സൊസൈറ്റി ആക്ടുപ്രകാരമുള്ള ജീവകാരുണ്യ ക്ലബുകള്‍ക്ക്‌ പോലും ബാര്‍ലൈസന്‍സ്‌ നല്‍കുന്ന ഏറ്റവും പ്രാകൃതനയമാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. സര്‍ക്കാരിന്‌ ഫീസ്‌ കിട്ടിയാല്‍ എവിടേയും മദ്യശാല തുടങ്ങാമെന്ന അവസ്ഥയാണിപ്പോള്‍. യഥേഷ്ടം ബാറുകളും ബീയര്‍ പാര്‍ലറുകളും, ടോഡി പാര്‍ലറുകളും അനുവദിച്ചുകൊണ്ടിരിക്കുകയാണ്‌. കാലഹരണപ്പെട്ട ബാര്‍ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നു. ദൂരപരിധി ലംഘിച്ച്‌ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വ്യാജമദ്യഉത്പ്പാദനവും സ്പിരിറ്റ്‌ കടത്തലും കണ്ടില്ലെന്ന്‌ നടിക്കുന്നു.കേരളത്തിലൊരു മദ്യദുരന്തത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവരുന്നതായും സമിതി നേതൃയോഗം മുന്നറിയിപ്പ്‌ നല്‍കി.മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു.

Tuesday, March 3, 2009

മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ്‌ ആരംഭിച്ചു

മലങ്കര കത്തോലിക്കാസഭയുടെ എട്ടാമത്‌ എപ്പിസ്കോപ്പല്‍ സൂനഹദോസ്‌ ഇന്നലെ തിരുവനന്തപുരത്ത്‌ പട്ടം കാതോലിക്കേറ്റ്‌ സെന്ററില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂനഹദോസില്‍ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്പുമാരായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഏബ്രഹാം മാര്‍ യൂലിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ തിമോത്തിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ എന്നിവര്‍ പങ്കെടുക്കുന്നു. സഭയുടെ പ്രത്യേക നിയമങ്ങളുടെ ക്രോഡീകരണം, കാതോലിക്കേറ്റ്‌ സെന്ററിന്റെ നിര്‍മാണം, ആരാധനക്രമ പുസ്തകങ്ങളുടെ പരിഷ്കരണം, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച സമാപിക്കും.

വ്യക്തി വിശുദ്ധീകരണത്തിലൂടെ യുവാക്കള്‍ രാഷ്ട്രസേവനത്തിന്‌ തയാറാവണം: മാര്‍ മനത്തോടത്ത്‌

യുവാക്കള്‍ വ്യക്തിവിശുദ്ധീകരണത്തിലുടെ രാഷ്ട്രത്തിനും സമൂഹത്തിനും സേവനത്തിന്‌ തയാറാവണമെന്ന്‌ പാലക്കാട്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മപദ്ധതി പ്രകാശനവും പാലക്കാട്‌ രൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളുടെയും കേരളത്തിലെ 29 രൂപതകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവാക്കള്‍ തെറ്റായ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ അടിമപ്പെടാതെ വ്യക്തിവിശുദ്ധീകരണത്തിലുടെ രാഷ്ട്രത്തിനും സമൂഹത്തിനും സേവനത്തിന്‌ തയാറാവണമെന്ന്‌ അദ്ദേഹം ഉദ്ബോധിപ്പിച്ചു. യുവജനം വിശ്വാസ തീക്ഷണയോടെ രാഷ്ട്രസേവനത്തിന്‌ എന്ന ആപ്തവാക്യത്തില്‍ ഊന്നി കൊണ്ടുള്ള കര്‍മപദ്ധതി സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ തോമസിന്‌ നല്‍കി ബിഷപ്‌ പ്രകാശനം ചെയ്തു.പാലക്കാട്‌ മുണ്ടൂര്‍ യുവക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ്‌ അറയ്ക്കല്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂര്‍ ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌ അധ്യക്ഷ ത വഹിച്ചു.

നിയമപരിഷ്കരണ നിര്‍ദേശങ്ങള്‍ മനുഷ്യത്വരഹിതം: ബിഷപ്‌ മാര്‍ കല്ലറങ്ങാട്ട്‌

കേരള നിയമ പരിഷ്കരണ സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ ചിലത്‌ മനുഷ്യത്വരഹിതമാണെന്നും ഇതിനെ മാനുഷിക നിയമങ്ങളായല്ല കാടിന്റെ നിയമങ്ങളായിട്ടാണു കാണേണ്ടതെന്നും ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പാലായില്‍ നടന്ന എ.കെ.സി.സി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദയാവധം, സന്താനനിയന്ത്രണം, ആത്മഹത്യ സാധൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ധാര്‍മികതയില്‍ അടിയുറച്ച ഭാരത സംസ്കാരത്തിനു ചേര്‍ന്നതല്ല. ഭാരതത്തില്‍ ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയുടെ ഭരണത്തില്‍ രാഷ്ട്രീയ അധിനിവേശത്തിനുള്ള ശ്രമം സമുദായ അംഗങ്ങള്‍ തള്ളിക്കളയണം. ക്രൈസ്തവ വിവാഹത്തിന്റെ കൗദാശികമാനം പോലും നഷ്ടപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ അംഗീകരി ക്കാനാവില്ല.വിദ്യാഭ്യാസ മേഖലയില്‍ ഭരണകൂടം നടത്തുന്ന പീഡനങ്ങള്‍ തുടരുകയാണ്‌. എയ്ഡഡ്‌ കോളജ്‌, പ്ലസ്ടു പ്രിന്‍സിപ്പല്‍-അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്തതും കോളജ്‌ സിലബസ്‌ മാര്‍ക്സിസ്റ്റ്‌ വത്കരിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്‌. സ്വാശ്രയ സ്ഥാപനങ്ങളുടെ അനുദിനപ്രവര്‍ത്തനം പോലും നടത്താനാവാത്തവിധം തടസപ്പെടുത്തുന്നു. ചോദ്യപേപ്പറിലൂടെ പോലും ക്രൈസ്തവ സമുദായ ത്തെ യും വൈദികരെയും അവഹേളിക്കുകയാണ്‌. ന്യൂനപക്ഷത്തെ അകാരണമായി അധിക്ഷേപിച്ച്‌ ഭൂരിപക്ഷ വോട്ടില്‍ കണ്ണുവയ്ക്കുന്ന ഭരണകൂടത്തിന്റെയും ചില നിരീശ്വരപ്രസ്ഥാനങ്ങളുടെയും മതേതരമുഖം നഷ്ടമാവുകയാണ്‌. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കി ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ സമുദായത്തെ സജ്ജമാക്കാന്‍ ബിഷപ്‌ എ.കെ. സി.സി. ഭാരവാഹികളോട്‌ ആവ ശ്യപ്പെട്ടു.പ്രസിഡന്റ്‌ എം.എം. ജേക്കബ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. തോമസ്‌ കൂനംമാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

Monday, March 2, 2009

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹം ഉന്നതിയിലേക്കുയരുകയുള്ളൂ: കാതോലിക്കാ ബാവ

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹം ഉന്നതിയിലേക്കുയരുകയുള്ളുവെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നുവെന്ന കാരണത്താല്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്നവരെക്കൂടി സമൂഹത്തിന്റെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരാനുള്ള ബാധ്യത നമുക്കുണെ്ടന്നും വി.ജെ.ടി ഹാളില്‍ നടന്ന പി.എന്‍.പണിക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ കാതോലിക്ക ബാവ പറഞ്ഞു.കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ വളരെയേറെ പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്‌. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ആള്‍ക്കാര്‍ എപ്പോഴും നല്ലൊരു സമൂഹം സൃഷ്ടിക്കുന്നതില്‍ സ്വയം ബാധ്യസ്ഥരാണെന്ന ബോധം കാത്ത്‌ സൂക്ഷിക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.മലയാളത്തിന്റെ രൂപ ഭാവങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ചയാളാണ്‌ പി.എന്‍.പണിക്കര്‍. മാത്രമല്ല സാക്ഷര കേരളത്തിന്റെ സമസ്ത പുരോഗമന ചിന്തയിലും, പുരോഗതിയിലും അടിസ്ഥാനമായി നില്‍ക്കുന്ന ഒരു മഹത്‌ വ്യക്തിയുമാണദ്ദേഹം.ഒരു പുരുഷായുസ്‌ മുഴുവനും സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കാനും പി.എന്‍.പണിക്കര്‍ക്ക്‌ കഴിഞ്ഞുവെന്നും കാതോലിക്ക ബാവ അനുസ്മരിച്ചു

ആരാധനയിലൂടെ ഈശോയുമായുള്ള സ്നേഹബന്ധം വളര്‍ത്തണം: മാര്‍ വര്‍ക്കി വിതയത്തില്‍

ആരാധനയിലൂടെയും സ്തുതികളിലൂടെയും ഈശോയുമായുള്ള സ്നേഹബന്ധം വളര്‍ത്തണമെന്നും ആരാധനയിലൂടെ പൂര്‍ണമായ സമാധാനവും ശാന്തിയും അനുഭവിക്കാന്‍ കഴിയുമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. അങ്കമാലി സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ നിത്യാരാധനാ ചാപ്പലിന്റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍. പള്ളിയില്‍ നിന്നും ദിവ്യകാരുണ്യ പ്രദക്ഷിണമായി കൊണ്ടുവന്ന പരിശുദ്ധ കുര്‍ബാന മാര്‍ വര്‍ക്കി വിതയത്തില്‍ ചാപ്പലില്‍ പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന്‌ ആളുകള്‍ ഇവിടെ അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ സത്യ ദൈവവും സത്യ മനുഷ്യനുമായ ഈശോയുടെ അടുത്തു വന്ന്‌ പ്രാര്‍ഥിക്കും. അതുവഴി അങ്കമാലി പ്രദേശത്തിനും ഭാരത സഭയ്ക്കും വലിയ വളര്‍ച്ചയുണ്ടാകുമെന്നും മാര്‍ വിതയത്തില്‍ ചൂണ്ടിക്കാട്ടി. ഈ നിത്യാരാധനാ ചാപ്പലിന്റെ പ്രാധാന്യം സഭയുടെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാശ്ലീഹാ നമുക്കു തന്ന വിശ്വാസം അതാണ്‌ നമ്മുടെ ഏറ്റവും വലിയ നിധി. മനുഷ്യനായ ഈശോയെ ദൈവമായി പ്രഖ്യാപിച്ചതാണ്‌ തോമാശ്ലീഹായുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ അന്ത:സത്ത സത്യ ദൈവവും സത്യ മനുഷ്യനുമായ ഈശോയിലുള്ള വിശ്വാസമാണ്‌. ആ വിശ്വാസം കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വികന്മാര്‍ നമുക്ക്‌ കൈമാറി തന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു എന്നതു കൊണ്ടുതന്നെ അങ്കമാലി സഭാചരിത്രത്തില്‍ പ്രാധാന്യമുള്ള സ്ഥലമാണ്‌. അതു കൊണ്ടു തന്നെ ക്രൈസ്തവരുടെ പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭയുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ഇതു മാറണം. ജീവിക്കുന്ന ഈശോയാണ്‌ ഇവിടെ വസിക്കുന്നത്‌. ഈശോയോടൊപ്പം ജീവിക്കാനും ഈശോയോടൊപ്പം മരിച്ച്‌ ഈശോയോടൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കാനും നമുക്ക്‌ കഴിയണമെന്നും കര്‍ദിനാള്‍ഉദ്ബോധിപ്പിച്ചു. അങ്കമാലി ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന മാര്‍ വിതയത്തിലിന്റെ അറിയിപ്പ്‌ ഹര്‍ഷാരവത്തോടെയാണ്‌ ഇടവകക്കാര്‍ സ്വീകരിച്ചത്‌.

രാഷ്ട്രീയാതിപ്രസരം മൂലം മതങ്ങള്‍ ദര്‍ശനങ്ങള്‍ മറക്കുന്നു: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

രാഷ്ട്രീയാതിപ്രസരം മൂലം മതങ്ങള്‍ ദര്‍ശനങ്ങള്‍ മറന്നുകൊണ്ടിരിക്കുന്നുവെന്ന്‌ അതിരൂപത ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഇതുകൊണ്ടാണ്‌ രാജ്യത്ത്‌ വര്‍ഗീയകലാപങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തില്‍ ശ്രീരാമകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലും ഒറീസയിലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ നടന്നത്‌. ആര്‍ഷഭാരതത്തിന്റെ ഉള്‍ക്കാഴ്ച മനസിലാക്കാന്‍ കഴിയാത്തവരാണ്‌ ഇത്തരം കലാപങ്ങള്‍ക്കു പിന്നില്‍. മതങ്ങളുടെ അമ്മയായ ഇന്ത്യയില്‍ വര്‍ഗീയത ഏറെ വര്‍ധിച്ചിരിക്കുന്നു. കേരളത്തിലേക്കും ഇതു പടരുന്നുണ്ട്‌. ആര്‍ഷഭാരതത്തിന്റെ ആത്മാവുകണെ്ടത്തിയ മഹാനാണ്‌ ശ്രീരാമകൃഷ്ണപരമഹംസരെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ മതവിഭാഗങ്ങളെ വര്‍ഗീയത പിടികൂടിയതിന്റെ ദുഷ്ഫലങ്ങളാണ്‌ നാമനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ അബ്ദു സമദ്സമദാനി പറഞ്ഞു. കേരളത്തില്‍ മതബോധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതില്‍നിന്നു പിന്മാറണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ന്യൂനപക്ഷ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പീഡിപ്പിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അടിയറവയ്ക്കാന്‍ തയാറാകാത്ത കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികളെ നിരന്തരം പീഡിപ്പിക്കുന്ന നിലപാടാണു വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റിയും കൈക്കൊണ്ടിരിക്കുന്നത്‌. ഈ അതിക്രമങ്ങളെ സമൂഹം ശക്തമായിത്തന്നെ നേരിടേണ്ട താണ്‌.ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കു ജ്യോതി, സഹൃദയാ എന്നീ എന്‍ജിനീയറിംഗ്‌ കോളജുകളിലെയും ജൂബിലി, അമല എന്നീ മെഡിക്കല്‍ കോളജുകളിലെയും വിദ്യാര്‍ഥികളെയാണു സര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുന്നത്‌. വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താതിരിക്കുക, പരീക്ഷാഫലം പ്രസിദ്ധീകരിക്കാതിരിക്കുക, കോളജുകളുടെ അഫിലിയേഷന്‍ റദ്ദുചെയ്യുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണു യൂണിവേഴ്സിറ്റി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌. വിദ്യാഭ്യാസമന്ത്രിയുടെ താത്പര്യ പ്രകാരം യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആണ്‌ ഈ പീഡനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നാണു നിരീക്ഷകര്‍ പറയുന്നത്‌. എന്‍ജിനിയറിംഗ്‌ കോളജുകളില്‍ ഈ വരുന്ന ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷകളില്‍ ഈ കോളജുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താതിരിക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ യൂണിവേഴ്സിറ്റി നടത്തുന്നത്‌.ഏറ്റവും സുതാര്യവും മെരിറ്റനുസരിച്ചും ന്യായമായ ഫീസുമാത്രം ഈടാക്കിയും പ്രവര്‍ത്തിക്കുന്ന കോളജുകളെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ള ഈ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്പ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇങ്ങനെ ബലംപ്രയോഗിച്ചും സമ്മര്‍ദത്തിലാക്കിയും ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതു സര്‍ക്കാരിന്റെ ഏകാധിപത്യ-സര്‍വാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമായിട്ടേ കാണാനാവൂ.വിദ്യാര്‍ഥികളുടെയും കലാലയത്തിന്റെയും ഓരോ ചെറിയ കാര്യത്തിനും കോടതിയെ സമീപിക്കേ ണ്ട സാഹചര്യമാണ്‌ കാലിക്കട്ട്‌ യൂണിവേഴ്സിറ്റി ആസൂത്രിതമായി സൃഷ്ടിച്ചിരിക്കുന്നത്‌. ജനാധിപത്യ വിരുദ്ധവും കേരളത്തിന്റെ വളര്‍ച്ചയെ തകര്‍ക്കുന്നതും വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നതുമായ ഈ നീക്കങ്ങളില്‍നിന്നും വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റിയും പിന്‍വാങ്ങണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചു.