Saturday, January 31, 2009

കുട്ടികള്‍ ഉത്തമ മൂല്യബോധമുള്ള പൗരന്മാരാകണം: ഡോ.സ്റ്റാന്‍ലി റോമന്‍

രാജ്യത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിനും പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്നും വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ ഉത്തമ മൂല്യബോധമുള്ള പൗരന്മാരാകണമെന്നും ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. തിരുമുല്ലവാരം സെന്റ്‌ ജോണ്‍ യു.പി സ്കൂളിന്റെ 99-ാ‍മത്‌ വാര്‍ഷികവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. അധ്യാപകരുടെ നിസ്വാര്‍ഥവും ആത്മാര്‍ഥവുമായ സേവനം ഉണെ്ടങ്കില്‍ മാത്രമേ നല്ല ശിക്ഷണത്തോടു കൂടിയ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. കൂടുതല്‍ വികസിതമായ ഭാരതം കെട്ടിപ്പടുക്കുന്നില്‍ കുട്ടികള്‍ പങ്കാളികളാകണമെന്നും ബിഷപ്‌ പറഞ്ഞു

അക്രമങ്ങള്‍ക്കു കാരണം മനുഷ്യത്വനിഷേധം: മാര്‍ താഴത്ത്‌

ദൈവത്തില്‍ നിന്ന്‌ മനുഷ്യന്‍ അകലുമ്പോള്‍ സ്നേഹവും സംസ്കാരവും മനുഷ്യത്വവും നഷ്ടപ്പെടുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. നവീകരിച്ച വാടാനപ്പള്ളി സെന്റ്‌ ഫ്രാന്‍സിസ്‌ സേവിയേഴ്സ്‌ പള്ളിയില്‍ ഇന്നുരാവിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച്‌ തിരുനാള്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ താഴത്ത്‌. മതത്തിന്‌ എതിരായി നില്‍ക്കുന്നവര്‍ പലപ്പോഴും മനുഷ്യത്വത്തെ തള്ളിക്കളയുന്നു. അക്രമങ്ങള്‍ക്കും ഗുണ്ടായിസത്തിനും കാരണം മനുഷ്യത്വ നിഷേധമാണെന്നും മാര്‍ താഴത്ത്‌ പറഞ്ഞു.

സമാധാന കൂട്ടായ്മകള്‍ രൂപീകരിക്കണം: ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപറമ്പില്‍

കലാപങ്ങളും യുദ്ധങ്ങളും മനുഷ്യവംശത്തിന്‌ ഭീഷണിയായി നിലകൊള്ളുകയാണെന്നും സമാധാനത്തിനായി കൂട്ടായ്മകള്‍ രൂപീകരിക്കണമെന്നും കോഴിക്കോട്‌ രൂപതാ ബിഷപ്‌ ഡോ. ജോസ ഫ്‌ കളത്തിപറമ്പില്‍. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം ലോകത്തില്‍ മുഴങ്ങണമെങ്കില്‍ കൂട്ടായ്മകള്‍ അത്യാവശ്യമാണ്‌. മാനവഹൃദയങ്ങളെ സ്നേഹ കൂട്ടായ്മയില്‍ ഒന്നിപ്പിക്കണം.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ ഗാന്ധി പീസ്‌ ഫൗണേ്ടഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.കുടുംബങ്ങളിലാണ്‌ സമാധാനത്തിന്റെ പ്രാഥമിക ഘടകങ്ങള്‍ ഒത്തുചേരേണ്ടത്‌. യുവജനങ്ങള്‍ സമാധാന പാലകരായി വളരണം. സമാധാനത്തിന്റെ വിത്തുകള്‍ പൊട്ടിമുളക്കുന്നത്‌ സമൂഹത്തിലാണെന്നും ബിഷപ്‌ പറഞ്ഞു.കേളപ്പജി സ്കോളര്‍ഷിപ്പ്‌ വിതരണം ബിഷപ്‌ കളത്തിപറമ്പില്‍ നിര്‍വഹിച്ചു.

Friday, January 30, 2009

വിശുദ്ധഗ്രന്ഥങ്ങള്‍ മനസിലാക്കാത്തതാണ്‌ മതഭീകരതയ്ക്ക്‌ കാരണം: മാര്‍ താഴത്ത്‌

ലോകത്തില്‍ അനുഭവപ്പെടുന്ന അശാന്തിക്കും അസ്വസ്ഥതകള്‍ക്കും ദൈവവചനമാണ്‌ ഏക പരിഹാരമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഓരോ മതത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന സ്നേഹവും പരസ്‌ പരസഹവര്‍ത്തിത്വവും സഹിഷ്‌ ണുതയും പൂര്‍ണമായും അറിയാനും മനസിലാക്കാനും ശ്രമിക്കാത്തതാണ്‌ മതവിദ്വേഷത്തിനും മതഭീകരതയ്ക്കും കാരണമെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപ ത ബൈബിള്‍ അപ്പസ്തോലേറ്റി ന്റെ നേതൃത്വത്തില്‍ അതിരൂപത വചനവര്‍ഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 42,000 പേര്‍ പങ്കെടുത്ത ലോഗോ സ്‌ ബൈബിള്‍ ക്വിസിന്റെ 250 ഇടവകകള്‍ക്കുള്ള സമ്മാനങ്ങളും 130 റാങ്കുജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും ബൈബിള്‍വര്‍ണചിത്രരചനാമത്സരത്തിന്റെ അതിരൂപത, സ്കൂള്‍തല വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.ഹോളിഫാമിലി സ്കൂള്‍ വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പി ച്ച വചനപൂജയും വേദിയില്‍ അരങ്ങേറി.

ദൈവിക വിശ്വാസത്തിന്‌ ഊന്നല്‍ നല്‍കണം: മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ

ആധുനിക യുഗത്തില്‍ ദൈവിക വിശ്വാസത്തിന്‌ ഊന്നല്‍ നല്‍കേണ്ടത്‌ ദൈവ വിശ്വാസിയുടെ കടമയാണെന്ന്‌ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ. കൊളഗപ്പാറ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സന്ദേശം നല്‍കുകയായിരുന്നു ബാവ. ആധുനിക, സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍ ദൈവിക വിശ്വാസത്തിന്‌ പ്രാധാന്യം ഏറെയാണ്‌. ദൈവിക വിശ്വാസത്തിന്‌ കോട്ടം തട്ടാതെ നാം കാത്തുസൂക്ഷിക്കണമെന്ന്‌ ബാവ പറഞ്ഞു.കൊളഗപ്പാറയില്‍ കാതോലിക്കാ ബാവയേയും, മറ്റു ബിഷപ്പുമാരേയും സ്വീകരിച്ച്‌ ദേവാലയത്തിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം, സ്നേഹ വിരുന്ന്‌, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ഗാനമേള എന്നിവ നടന്നു

Thursday, January 29, 2009

വിവാദ പാഠപുസ്തകത്തില്‍ മാറ്റമില്ലെങ്കില്‍ പ്രതികരിക്കും: കെ.സി.ബി.സി

ഏഴാംക്ലാസിലെ വിവാദ പാഠപുസ്തകത്തില്‍ അടുത്ത അധ്യയനവര്‍ഷം മാറ്റം വരുത്തിയില്ലെങ്കില്‍ ഇടതുപക്ഷസര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു. ഏഴാംക്ലാസിലെ പാഠപുസ്തകം വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും വിശദമായ പഠനങ്ങള്‍ക്കുശേഷം വിവാദപാഠങ്ങള്‍ നീക്കണമെന്നും ഉള്ളടക്കത്തിലെ ഗുണമേന്മ ഉറപ്പുവരുത്തി പുസ്തകം പൂര്‍ണമായും പരിഷ്കരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഏഴാംക്ലാസിലെ വിവാദ പാഠപുസ്തകം അതേപടി നിലനിറുത്താന്‍ തന്നെയാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്ന്‌ ഏറ്റവും ഒടുവില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്നു. വളര്‍ന്നുവരുന്ന തലമുറയെ നിരീശ്വര വാദികളും പ്രത്യയശാസ്ത്രത്തിന്‌ അടിമകളുമാക്കുന്ന പാഠപുസ്തകം പൂര്‍ണമായും പരിഷ്കരിച്ചില്ലായെങ്കില്‍ പാഠപുസ്തക പ്രശ്നത്തില്‍ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി തയാറാകുമെന്നു കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.

Wednesday, January 28, 2009

മതവിശ്വാസ വളര്‍ച്ച ഇന്നിന്റെ ഏറ്റവും വലിയ ആവശ്യം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

വളര്‍ന്നുവരുന്ന മതനിഷേധമാണ്‌ ഈ കാലഘട്ടത്തില്‍ കാണുന്ന എല്ലാ വൈതരണികള്‍ക്കും അസ്വസ്ഥതകള്‍ക്കും അശാന്തി ക്കും കാരണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. തൃശൂര്‍ അതിരൂപതയിലെ മതാധ്യാപകര്‍ക്കുള്ള സര്‍വീസ്‌ അവാര്‍ഡുദാന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാത്മകതയിലൂന്നിയ ആര്‍ഷഭാരത സംസ്കാരത്തിലെ ഈശ്വരവിശ്വാസചിന്ത ഭാരതത്തില്‍ ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വരുന്ന തലമുറയ്ക്കു വിശ്വാസാധിഷ്ഠിത സാംസ്കാരികവളര്‍ച്ച പകര്‍ന്നുനല്‍കുന്ന മതാധ്യാപകരുടെ സേവനം ഏറ്റവും ഉന്നതമാണെന്നും ആ വലിയ സേവനയജ്ഞം ഏറ്റെടുത്തിരിക്കുന്ന മതാധ്യാപകര്‍ സഭയില്‍ വിശുദ്ധമായ സേവനമാണ്‌ ചെയ്യുന്നതെന്നു പറഞ്ഞ പിതാവ്‌ മതാധ്യാപകര്‍ക്കു അനുമോദനവും നേര്‍ന്നു.

മദ്യപാനം നാടിന്റെ വിപത്ത്‌: ബിഷപ്‌ ഡോ. കളത്തിപറമ്പില്‍

കുടുംബ സമാധാനം നശിപ്പിക്കുകയും സമൂഹത്തെ അധോഗതിയിലേക്ക്‌ നയിക്കുകയും ചെയ്യുന്ന വീടിനും നാടിനും വിപത്തായ മദ്യപാനത്തില്‍നിന്ന്‌ നാടിനെ രക്ഷിക്കാന്‍ ഉണര്‍ന്ന്‌ പ്രവര്‍ ത്തിക്കണമെന്ന്‌ കോഴിക്കോട്‌ രൂപതാ ബിഷപ്‌ ഡോ. ജോസ ഫ്‌ കളത്തിപറമ്പില്‍ കോഴിക്കോട്‌ രൂപത കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംഘടിപ്പിച്ച മദ്യ വിമുക്ത സഭയും സമൂഹവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. തോമ സ്‌ പനക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വിവിധ വിദേശ രാഷ്ട്രങ്ങളിലെ അനുഭവങ്ങള്‍ പങ്കുവച്ച്‌ സഭയ്ക്കകത്തുതന്നെ മദ്യത്തിനെതിരെ കൂടുതല്‍ ബോധവല്‍ക്കരണം നടത്താന്‍ വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ്‌ അറയ്ക്കല്‍ നിര്‍ദേശിച്ചു.

കെസിബിസി പ്രോ-ലൈഫ്‌ സമിതി പ്രതിഷേധ റാലി നടത്തി

മനുഷ്യന്റെ ജീവനും മഹത്വവും അവകാശങ്ങളും നിഷേധിക്കുന്ന തരത്തില്‍ ജസ്റ്റീസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ സമിതി നല്‍കിയ ശിപാര്‍ശകള്‍ തള്ളിക്കളയണം എന്നാവശ്യപ്പെട്ട്‌ കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള അഖില കേരളാ പ്രോ-ലൈഫ്‌ സമിതി കൊച്ചിയില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ദയാവധം നിയമവിധേയമാക്കു ക, ആത്മഹത്യ കുറ്റകരമല്ലാതാക്കുക, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല, വിവാഹ ഉടമ്പടികളുടെ ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഭേദഗതി എന്നിവക്കെല്ലാമുള്ള നിര്‍ദേശങ്ങള്‍ ശിപാര്‍ശയിലുണ്ട്‌. ഇവ തികച്ചും അപകടകരവും സ്വേച്ഛാപരവും മരണ സംസ്കാരത്തിനു വഴിയൊരുക്കുന്നതുമാണെന്ന്‌ പ്രോ-ലൈഫ്‌ സമിതി പ്രസിഡന്റ്‌ റവ.ഡോ. ജോസ്‌ കോട്ടയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഭാരതസംസ്കാരം പവിത്രമെന്ന്‌ കരുതിപ്പോരുന്ന പല മൂല്യങ്ങളും നഷ്ടപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്‌ പുതിയ നിയമ നിര്‍ദേശങ്ങള്‍. സംസ്ഥാനതലത്തില്‍ പ്രതീകാത്മകമായി നടത്തിയ റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രോ-ലൈഫ്‌ സമിതി പ്രവര്‍ത്തകര്‍, ആറില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍, വികലാംഗര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച അതേദിവസം അതേസമയത്ത്‌ തന്നെ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഏബ്രഹാം പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോസ്‌ കോട്ടയില്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലും പ്രതിഷേധ റാലികളും സമ്മേളനങ്ങളും നടത്തിയതായി പ്രോ-ലൈഫ്‌ സമിതി വ്യക്തമാക്കി.

വിശ്വാസ പരിശീലനം സഭയുടെ മൗലിക ശുശ്രൂഷ: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വിശ്വാസ പരിശീലനം സഭയുടെ മൗലിക ശുശ്രൂഷയാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ സുവര്‍ണജൂബിലി സമാപന മതാധ്യാപക സംഗമം എസ്‌.ബി കോളജ്‌ കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.ദൈവത്തിന്റെ വചനം പകര്‍ന്നുകൊടുക്കല്‍ വിശുദ്ധമായ ശുശ്രൂഷയാണ്‌. ദൈവവചനം മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതാണ്‌. വിശ്വാസജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോഴും വിശ്വാസത്തില്‍നിന്നും സഭാ മക്കളെ അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും വിശ്വാസത്തിന്റെ ശക്തി ലോകത്തിനു പകര്‍ന്നു നല്‍കണം. വിശ്വാസത്തില്‍ ദൃഢപ്പെടുത്താന്‍ മതബോധനത്തിലൂടെ കഴിയണം. പുതിയ തലമുറയെ ആഴമായ വിശ്വാസത്തിലുറപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും മതാധ്യാപകര്‍ക്കും വലിയ ദൗത്യമാണുള്ളത്‌. വിശ്വാസ കൈമാറ്റം നടത്തുന്ന മതാധ്യാപകര്‍ കൂടുതല്‍ അറിവും ബോധ്യങ്ങളും നേടണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അധ്യക്ഷതവഹിച്ചു. വിശ്വാസത്തിനെതിരേ വെല്ലുവിളികളും സമൂഹത്തില്‍ അവകാശ ധ്വംസനങ്ങളും വര്‍ധിക്കുമ്പോള്‍ വിശ്വാസത്തിലും ബോധ്യങ്ങളിലും സഭാംഗങ്ങള്‍ ആഴമായ അവബോധം നേടണമെന്നു മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. കണ്ണൂര്‍ രൂപത ബിഷപ്‌ റൈറ്റ്‌ റവ. ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ജൂബിലി സന്ദേശം നല്‍കി. സുവിശേഷ സന്ദേശം തലമുറകള്‍ക്കു കൈമാറാന്‍ സഭാംഗങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന്‌ ബിഷപ്‌ ആഹ്വാനം ചെയ്തു. രാവിലെ നടന്ന മതബോധന കണ്‍വന്‍ഷനില്‍ സീറോ മലബാര്‍ മതബോധന സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മാര്‍ഗനിര്‍ദേശക പ്രസംഗം നടത്തി.മാധ്യമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും ഇതിലൂടെ സുവിശേഷവത്കരണമാണു നടക്കേണ്ടതെന്നും ബിഷപ്‌ പറഞ്ഞു. വിശ്വാസപരിശീലകര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ പരിശീലനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കെ.സി.ബി.സിക്കു പൂര്‍ണമായ ബോധ്യം ഉണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു.സന്ദേശനിലയം വെബ്സൈറ്റിന്റെ ഉദ്ഘാടനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലും മാധ്യമങ്ങളും മതബോധനവും എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും നിര്‍വഹിച്ചു. .ജീവനും സ്വത്തിനും ധാര്‍മികതയ്ക്കും നിരക്കാത്ത കേരള സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിനെതിരേയുള്ള പ്രതിഷേധ പ്രമേയം അതിരൂപത പി.ആര്‍.ഒ ഡോ. പി.സി അനിയന്‍കുഞ്ഞ്‌ അവതരിപ്പിച്ചു.

Tuesday, January 27, 2009

മനുഷ്യജീവിതത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രാര്‍ത്ഥനയ്ക്കു കഴിയും: മാര്‍ മനത്തോടത്ത്‌

മനുഷ്യജീവിതത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രാര്‍ത്ഥനയിലൂടെ മാത്രമേ കഴിയൂ എന്ന്‌ പാലക്കാട്‌ രൂപത ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. മുണ്ടൂര്‍ സീനായ്‌ ധ്യാനകേന്ദ്രത്തില്‍ നടന്നുവന്ന സീനായ്‌ ബൈബിള്‍ കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌.പ്രലോഭനങ്ങളെ അതിജീവിയ്ക്കാനുള്ള ശക്തി നമുക്ക്‌ ലഭിക്കുന്നത്‌ പ്രാര്‍ത്ഥനയിലൂടെയാണ്‌. കണ്‍വെന്‍ഷനുകളിലൂടെയും ധ്യാനങ്ങളിലൂടെയും ലഭിക്കുന്ന ചൈതന്യം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥനയിലൂടെ കഴിയും. കുറച്ചുകൂടി ദൃഢമായ തീരുമാനങ്ങള്‍ എടുക്കുവാനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുവാനും ഇത്തരം കണ്‍വെന്‍ഷനുകള്‍ സഹായകമാകണം. വചനത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞ്‌ അത്‌ പങ്കുവെയ്ക്കാന്‍ ക്രൈസ്തവര്‍ക്ക്‌ കഴിയണം. വിശ്വാസ്യതയുള്ള സാക്ഷ്യമാണ്‌ ക്രൈസ്തവര്‍ നല്‍കേണ്ടത്‌. ബിഷപ്‌ പറഞ്ഞു.

സര്‍ക്കാര്‍ മദ്യാസക്തരെ സൃഷ്ടിക്കുന്നു: ബിഷപ്‌ ഡോ. തെക്കേത്തെച്ചേരില്‍

കേരളത്തില്‍ തഴച്ചുവളരുന്ന ഏക വ്യവസായം മദ്യവ്യവസായമാണെന്നു കേരള കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സില്‍ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍. കേരളമാകെ മദ്യാസക്തരെ സൃഷ്ടിച്ചു തുടരുന്ന മദ്യയനം സര്‍ക്കാര്‍ തിരുത്തണമെന്നും പുതിയ അബ്കാരി വര്‍ഷത്തിലേക്കുള്ള നയം മനുഷ്യജീവനു വിലകല്‍പ്പിക്കുന്ന നയമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌.സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരേ ഫെബ്രുവരി 25-ന്‌ എറണാകുളത്തു വിചാരണ-2009' എന്ന പേരില്‍ വമ്പിച്ച സമ്മേളനം നടത്തുമെന്നും തുടര്‍ന്നു കേരളത്തിലെ അഞ്ച്‌ മേഖലകളിലും 29 രൂപത-അതിരൂപത കേന്ദ്രങ്ങളിലുമായി വിചാരണ-2009' സമരപരിപാടി തുടരുമെന്നും ബിഷപ്‌ പറഞ്ഞു.

ക്രൈസ്തവര്‍ക്ക്‌ നിയമമുണ്ടാക്കുമ്പോള്‍ വിശ്വാസം കണക്കിലെടുക്കണം: മാര്‍ മൂലക്കാട്ട്‌

കേരളത്തിലെ ക്രൈസ്തവര്‍ക്ക്‌ വേണ്ടി നിയമമുണ്ടാക്കുമ്പോള്‍ വിശ്വാസങ്ങളെയും ജീവിത രീതികളെയും സഭയുടെ പ്രബോധനങ്ങളെയും കൂടി കണക്കിലെടുക്കണമെന്നു കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. നിയമ പരിഷ്ക്കരണ സമിതി തയാറാക്കിയ ശിപാര്‍ശകളില്‍പ്പെടുന്ന ക്രിസ്ത്യന്‍ മാര്യേജ്‌ ബില്‍, ദത്തെടുക്കല്‍ ബില്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപ ക്ഷങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനസിലാക്കാതെയുള്ള നിയമ നിര്‍മാണം അപകടകരമാണ്‌. ബില്ലുകളുടെ ആവശ്യകതയെ സഭ ചോദ്യം ചെയ്യുകയല്ല.എന്നാല്‍ അതില്‍ അപ ഋയാപ്തതകള്‍ ഉണെ്ടങ്കില്‍ അതു ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ സാഹചര്യമൊരുക്കുകയുമാണ്‌ സഭ ചെയ്യുന്നത്‌. മൗലീകാവകാശത്തെ ഹനിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ അംഗീകരിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.

മതമില്ലാത്ത ജീവനുകളെ സൃഷ്ടിക്കുന്നവര്‍ക്ക്‌ തിരിച്ചടി നല്‍കണം: മാര്‍ പവ്വത്തില്‍

മതമില്ലാത്ത ജീവന്‍ സൃഷ്ടിക്കുന്നതിനായി ബോധപൂര്‍വം ശ്രമിക്കുന്ന ശക്തികള്‍ക്ക്‌ തിരിച്ചടി നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കടമനിട്ട സെന്റ്‌ ജോണ്‍സ്‌ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവനിഷേധം ബോധപൂര്‍വം മനുഷ്യമനസില്‍ കുത്തിനിറയ്ക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. ധാര്‍മികത നഷ്ടപ്പെടുന്ന സമൂഹത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നന്മയും, തിന്മയും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌. ക്രൈസ്തവര്‍ നന്മയ്ക്കുവേണ്ടി പോരാടുന്ന പടയാളികളാണ്‌. മൂല്യച്യുതിക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കണം. ഉപഭോഗത്തോടുള്ള അത്യാര്‍ത്തി ധാര്‍മികത നഷ്ടപ്പെടുത്തുന്നതായും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.വര്‍ധിച്ചുവരുന്ന നിഷേധാത്മകമായ സമീപനങ്ങള്‍ക്കെതിരെ പോരാടാന്‍ ദൈവസഹായം ആവശ്യമാണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ പറഞ്ഞു. ദൈവീക മൂല്യങ്ങളെ എതിര്‍ക്കുന്നവരായാലും അവരെ തിരിച്ചറിയാന്‍ ഉള്ള ഇച്ഛാശക്തി നമുക്കുണ്ടാവണം. ദൈവത്തിന്റെ നിയോഗത്തിലേക്കു അതിര്‍ത്തികളില്ലെന്നും അദ്ദേഹം പറഞ്ഞു

ചൈനയിലേതുപോലെ കേരളത്തിലും ക്രൈസ്തവ സഭയ്ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ശ്രമം: മാര്‍ താഴത്ത്‌

ചൈനയിലേതുപോലെ കേരളത്തിലും ക്രൈസ്തവസഭയ്‌ ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ശ്രമം നടത്തുകയാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഇതിന്റെ ഭാഗമാണ്‌ നിയമപരിഷ്കരണസമിതി ശിപാര്‍ശകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമപരിഷ്കരണസമിതി ശി പാര്‍ശകള്‍ക്കെതിരെ അതിരൂപതയിലെ അല്‍മായ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മു ന്നില്‍ നടത്തിയ ഉപവാസപ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.സഭയുടെ വിശ്വാസപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും രാഷ്ട്രീയവ ത്കരിക്കാനും സഭാസ്വത്തുക്കള്‍ രാഷ്ട്രീയക്കാരുടെ കൈപ്പിടിയിലാക്കാനുമുള്ള ഗൂഢശ്രമമാണ്‌ നി യമപരിഷ്കരണസമിതിയുടെ ശി പാര്‍ശകള്‍ക്കുപിന്നില്‍. ശിപാര്‍ശകള്‍ ആര്‍ക്കുവേണ്ടിയാണോ നടപ്പാക്കുന്നത്‌ ആ സമുദായത്തിന്റെ വിശ്വാസികളായ പ്രതിനിധികള്‍ ആരുംതന്നെ ഈ സമിതിയിലില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഭൗതിക വാദത്തിന്റെ നിഴലുകള്‍ ഈ ശിപാര്‍ശകളില്‍ കാണുന്നുണ്ട്‌. ഒരു ഹിഡന്‍ അജന്‍ഡ ഇതിനുപിന്നിലുണേ്ടായെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ പരിഷ്കരണങ്ങളെ ശക്തമായി എതിര്‍ ക്കും.ഭരണഘടനയുടെ അന്തഃസത്തയെ ത്തന്നെ ഹനിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ്‌ കമ്മിറ്റി നിര്‍ദേശങ്ങളിലുള്ളതെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി

വിശ്വാസികള്‍ സ്നേഹസംസ്കാരത്തിന്റെ പ്രചാരകരാകണം: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

ക്രൈസ്തവ വിശ്വാസികള്‍ യേശു ക്രസ്തു പഠിപ്പിച്ച സ്നേഹ സംസ്കാരത്തിന്റെ പ്രചാരകരായി മാറണമെന്നും നസ്രത്തിലെ തിരുക്കുടുംബത്തെ മാത്യകയാക്കി സ്വീകരിക്കണമെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. പുല്ലൂരാംപാറ ഇടവകയില്‍ നടന്ന പോപ്പുലര്‍ മിഷ്യന്‍ ധ്യാനത്തിന്റെ സമാപന സമ്മേളനത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. ജീവിത ശൈലിയക്ക്‌ രൂപം കൊടുക്കുബോള്‍ നാം ദൈവ സ്വീകാര്യതയ്ക്ക്‌ മുന്‍തൂക്കം നല്‍കണം.ശാസിക്കാനും തിരുത്താനും കഴിവുള്ള ദൈവവചനം ജീവിത പ്രമാണമാക്കുകയും ദിവ്യബലിയില്‍ നിന്ന്‌ ഊര്‍ജം സംഭരിക്കുകയും വേണം. വ്യക്തികളും കുടുംബങ്ങളും നവീകരിക്കപ്പെടേണ്ടത്‌ ഈ കാല ഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Friday, January 23, 2009

മദര്‍ തെരേസയുടെ സന്ദേശം നാം ഉള്‍ക്കൊള്ളണം: ഡോ.സ്റ്റാന്‍ലി റോമന്‍

ഭൂമിയില്‍ ദുഃഖിതരും പീഡിതരുമായ അനേകരുടെ മുഖത്ത്‌ ദൈവത്തിന്റെ മുഖം കണെ്ടത്താനാവണമെന്ന മദര്‍ തെരേസയുടെ സന്ദേശം നാം ഉള്‍ക്കൊള്ളണമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍.കൊട്ടിയം മെയിലക്കാട്‌ മദര്‍ തെരേസയുടെ ആദ്യ കുരിശടി ആശീര്‍വദിച്ച്‌ തുറന്നുകൊടുത്തശേഷം നടന്ന സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.ഓരോ വ്യക്തിയിലും ഓരോ പ്രവര്‍ത്തിയിലും യേശുവിനെ കാണാനാവണമെന്നും മദര്‍ തെരേസയുടെ സഹനവും ലളിത ജീവിതവും ത്യാഗമനോഭാവവും യേശുവിന്റെ നന്മയുടെ വഴിയില്‍ നിന്ന്‌ സ്വീകരിച്ചതാണെന്നും ബിഷപ്‌ പറഞ്ഞു.

ഗ്രാമങ്ങളുടെ ഉദ്ധാരണം സ്ത്രീകളിലൂടെ: മാര്‍ ദിവന്നാസിയോസ്‌

ഗ്രാമങ്ങളുടെ ഉദ്ധാരണം നടക്കണമെങ്കില്‍ സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്ന്‌ ബത്തേരി രൂപതാ ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. ശ്രേയസില്‍ ആരംഭിച്ച ഗ്രാമശ്രീമേളയില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ജഗദീശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചത്‌ അവന്‌ വഴിപ്പെട്ട്‌ ജീവിക്കാന്‍വേണ്ടിയാണ്‌.എന്നാല്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍ ജീവിക്കുന്നത്‌ അസ്വഭാവികതയിലാണ്‌. മനുഷ്യന്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഭൂമി മണ്ഡലത്തില്‍ ജഗദീശ്വരന്‍ ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക യുഗത്തിലെ മനുഷ്യനാകട്ടെ ഇവയെല്ലാം ത്യജിച്ച്‌ വിഷലിബ്ധമായ ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷിച്ചും ഫാഷന്‍ യുഗം തെരഞ്ഞെടുത്തുമാണ്‌ മുന്നോട്ട്‌ പോകുന്നത്‌.ഇതിന്‌ ഉദാഹകരണമാണ്‌ ശുദ്ധമായ ഇളനീര്‍ ഒഴിവാക്കി വിഷലിബ്ധമായ കൊക്കക്കോളയുടെ പിന്നാലെ പോകുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. ഈ ഘട്ടത്തില്‍ ഗ്രാമങ്ങളില്‍ ശുദ്ധമായ ധാന്യങ്ങള്‍ വിളയിക്കാനും അതുവഴി ഗ്രാമങ്ങളുടെ ഭക്ഷ്യസ്രോതസ്‌ നിലനിര്‍ത്താനുമുള്ള പങ്ക്‌ നിസീമമാണെന്ന്‌ ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.ശ്രേയസിന്റെ വിവിധ മേഖലകളില്‍ നിന്നായി 38 കുടുംബശ്രീ സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്‌. പുല്‍പ്പള്ളി കൃപ സംഘം സ്റ്റാളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന വാട്ടുകപ്പ, മധുരച്ചേമ്പ്‌, ചെറുകിഴങ്ങ്‌ എന്നിവ ഒരുക്കിയപ്പോള്‍ മണ്‍പാത്രം, കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി, അരിവാള്‍ രോഗത്തിനുള്ള എന്നിവയും വിവിധ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്‌.

Thursday, January 22, 2009

സര്‍ക്കാര്‍ മദ്യനയം തിരുത്തണം: ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍

മദ്യാസക്തരെ സൃഷ്ടിക്കുന്ന മദ്യനയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന്‌ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ ആവശ്യപ്പെട്ടു. മദ്യം നല്‍കി ജനത്തെ കൊല്ലുന്ന കൊലപാതക നയമാണിവിടെ നടപ്പിലാക്കുന്നത്‌.കേരളത്തില്‍ വളരുന്ന ഏക വ്യവസായം മദ്യവ്യവസായമായി മാറിയിട്ടുണെ്ടന്നും അദേഹം തുടര്‍ന്ന്‌ പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.കേരളത്തെ അലസതയുടെ കുടിച്ചു കിടപ്പ്‌ സംസ്കാരത്തിലേക്കാണ്‌ സര്‍ക്കാര്‍ നയിക്കുന്നതെന്നും ബിഷപ്‌ തുടര്‍ന്ന്‌ പറഞ്ഞു. .മദ്യ ഷാപ്പുകള്‍ വേണെ്ടന്ന്‌ വയ്ക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത്‌ രാജ്‌ - നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫാ.തോമസ്‌ തൈത്തോട്ടമാണ്‌ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്‌.

ദൈവവചന സാക്ഷാത്കാരത്തിന്റെ വേദികളാണ്‌ കലകളെന്ന്‌ ബിഷപ്‌ പഴയാറ്റില്‍

ദൈവവചന സാക്ഷാത്കാരത്തിന്റെ വേദികളാണ്‌ കലകളെന്ന്‌ ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍. വിദ്യാജ്യോതിയില്‍ മതബോധന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദൈവവിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള വേദികളാണ്‌ കലാരൂപങ്ങള്‍. മത്സരങ്ങളിലൂടെ ഇവ പ്രോത്സാഹിപ്പിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ദൈവവചനത്തെ കൂടുതല്‍ അടുത്തറിയുവാനും സ്നേഹിക്കുവാനും വിദ്യാര്‍ഥികളില്‍ കലാമത്സരങ്ങള്‍ ഏറെ പ്രചോദനമായിട്ടുണെ്ടന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

Tuesday, January 20, 2009

കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ പെരുന്തോട്ടം

കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണാടി സെന്റ്‌ ജോസഫ്സ്‌ പള്ളിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌.സഭ ഇന്ന്‌ ഒരുപാട്‌ വെല്ലുവിളികള്‍ നേരിടുന്നുണെ്ടന്നും സഭയെ താറടിക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങള്‍ ക്രൈസ്തവ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. വൈരാഗ്യബുദ്ധിയോടെയാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്‌.ദൈവം തന്നെ ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത്‌ ദൈവ നിന്ദയാണെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ എത്രവേണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കാണെന്നും അത്‌ ദൈവം അവര്‍ക്ക്‌ നല്‍കിയിരിക്കുന്ന ദാനമാണെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഇത്തരം നീങ്ങള്‍ സ്വീകര്യമല്ല. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

യുവജനങ്ങള്‍ ജീവന്റെ സംസ്കാരത്തിന്‌ നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരണം: ബിഷപ്‌ ഡോ.കല്ലറയ്ക്കല്‍

മനുഷ്യജീവന്‌ നേരെ അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജീവന്റെ സംസ്കാരത്തിന്‌ നേതൃത്വം നല്‍കാന്‍ യുവജനങ്ങള്‍ മുന്നോട്ട്‌ വരണമെന്നും ക്രൈസ്്തവ ആദര്‍ശങ്ങളില്‍ അടിയുറച്ച്‌ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കി സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കാന്‍ ത്യാഗമനോഭാവത്തോടെ സേവന നിരതരാകാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും കോട്ടപ്പുറം രൂപത ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. കെ.സി.വൈ.എം. പേള്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ബിഷപ.്‌

Monday, January 19, 2009

ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കണം: ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ക്കു പഞ്ചായത്ത്‌-ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍.ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ അപെക്സ്‌ ബോഡിയായ കെആര്‍എല്‍സിസിയുടെ ദ്വിദിന ജനറല്‍ അംസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ച്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ആര്‍ച്ച്‌ ബിഷപ്‌ ഈ ആവശ്യമുന്നയിച്ചത്‌. പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ രാഷ്ട്രീയ നീതി ഉറപ്പാക്കിക്കൊണ്ട്‌ സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത അടുത്ത തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കാന്‍ രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തയാറാകണം. ലത്തീന്‍ സമൂഹത്തിന്റെ ഈ ആവശ്യം മറ്റുള്ള സമുദായങ്ങളോടുള്ള എതിര്‍പ്പായി ആരും കാണരുതെന്നും ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി. മറ്റു സമുദായങ്ങള്‍ക്ക്‌ അനുഗുണമായ തരത്തിലുള്ള നീക്കമാണ്‌ കെ.ആര്‍.എല്‍.സി. സിയുടെ ആവശ്യം.മുന്‍വിധിയോടെ ഒന്നിനേയും തങ്ങള്‍ സമീപിക്കുന്നില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണ സമുദായത്തിനുണ്ട്‌. ഇതു സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കര്‍മ പരിപാടിക്കുമായി കെ. ആര്‍.എല്‍.സി.സി പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നേതൃത്വത്തിലുള്ള കെ.ആര്‍.എല്‍.സി.സി രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.തിരുവനന്തപുരം മേഖലയില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യവും മറ്റ്‌ രൂപതാധ്യക്ഷന്‍മാരും സമുദായ നേതാക്കളും കെ.ആര്‍.എല്‍.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗങ്ങളുമായി ചേര്‍ന്ന്‌ നയരൂപീകരണം നടത്തും. സമുദായത്തിന്‌ നീതി നിഷേധിക്കുന്ന അവസ്ഥ തുടരുന്ന ഒരു പാര്‍ട്ടിയേയും അധികാരികളെയും പിന്തുണയ്ക്കില്ല. വേണ്ട അവസരത്തില്‍ വേണ്ട വിധത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക്‌ കഴിയും. വിജയിപ്പിക്കേണ്ടാത്തവരെ തോല്‍പിക്കാനും തങ്ങള്‍ക്കു കഴിയുമെന്ന്‌ മനസിലാക്കണം- ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.കേരളത്തിലെ രണ്ടു മുന്നണികളില്‍നിന്നു നീതിപൂര്‍വമായ സമീപനം ഉണ്ടാകണം. ഈശ്വര വിശ്വാസം, മനുഷ്യാവകാശ സംരക്ഷണം, ഭരണഘടനാപരമായ സ്വാതന്ത്യം അനുവദിക്കുന്നവരേ മാത്രമേ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്കു കഴിയുകയുള്ളു. കൊല്ലം, ആലപ്പുഴ, എറണാകുളം ഉള്‍പ്പെടെ ലത്തീന്‍ സമുദായത്തിന്‌ സ്വാധീനമുള്ള ചില മണ്ഡലങ്ങള്‍ സമുദായത്തിന്റെ പരിഗണനയിലുണ്ട്‌. ഇവിടങ്ങളില്‍ സമുദായത്തിനെ അംഗീകരിക്കുന്നവരെ മാത്രമേ സമുദായവും അംഗീകരിക്കുകയുള്ളൂവെന്ന്‌ ഡോ.അച്ചാരുപറമ്പില്‍ വ്യക്തമാക്കി.

നിയമ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സ്വീകാര്യമല്ല : മാര്‍ വിതയത്തില്‍

നിയമ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ക്രൈസ്തവരെ ബാധിക്കുന്ന വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം -അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സമ്പത്ത്‌ വിനിയോഗിക്കുന്നത്‌ അംഗീകൃതമായ കാനോന്‍ നിയമങ്ങള്‍ക്ക്‌ വിധേയമായാണ്‌. ദൈവാരാധന, വിവിധങ്ങളായ ശുശ്രൂഷകള്‍, പ്രേഷിത പ്രവര്‍ത്തനം, ഉപവി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായിട്ടാണ്‌ സമ്പത്ത്‌ വിനിയോഗിക്കുന്നത്‌. ഇവയെല്ലാം ഭരണഘടനാനുസൃതവും സര്‍ക്കാരിന്റെ ഓഡിറ്റിന്‌ വിധേയവുമാണെന്നു കര്‍ദിനാള്‍ വ്യക്തമാക്കി. സന്താന നിയന്ത്രണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്നും മക്കളുടെ കാര്യങ്ങള്‍ മാതാപിതാക്കള്‍ തീരുമാനിക്കട്ടെയെന്നും കര്‍ദിനാള്‍ പറഞ്ഞു.

ഏകസ്ഥജീവിതം ദൈവവിളി: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

അപ്പസ്തോലികകാലം മുതല്‍ സഭയില്‍ വിവാഹം, പൗരോഹിത്യം, സന്യാസം എന്നിവ പോലെ ഏകസ്ഥജീവിതം ഒരു ദൈവവിളിയാണെന്ന്‌ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസ്താവിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കെ.സി.ബി.സി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നാലു ദിവസം നീണ്ടുനിന്ന അഖില കേരള വനിതാ ഏകസ്ഥരുടെ ചതുര്‍ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമുദായം നാലുവശത്തുനിന്നും ഏകസ്ഥരുടെ സഹായം ഇന്ന്‌ തേടുന്നുണ്ട്‌. അത്‌ മനസ്സിലാക്കി, ഏകസ്ഥര്‍ തങ്ങളുടെ ദൗത്യം കരുപ്പിടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദരിദ്രര്‍ക്കും ക്ലേശമനുഭവിക്കുന്നവര്‍ക്കും വേണ്ടി സേവനം ചെയ്യാന്‍ ഏകസ്ഥര്‍ക്ക്‌ കഴിയുമെന്നും അതിനാല്‍ ഇന്ന്‌ രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക്‌ ശുശ്രൂഷ ചെയ്യാന്‍ ഏകസ്ഥര്‍ പ്രത്യേകം മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Saturday, January 17, 2009

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭ്യമാക്കണം: ഡോ. അച്ചാരുപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലയിലും ലഭ്യമാക്കണമെന്നു കെസിബിസി- കെആര്‍എല്‍സിസി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. എറണാകുളം ആശീര്‍ഭവനില്‍ അന്നലെ ആരംഭിച്ച ലത്തീന്‍ സമുദായ അപെക്സ്‌ ബോഡിയായ കെആര്‍എല്‍സിസിയുടെ 13-ാ‍ം ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.സമുദായം എല്ലാ തലങ്ങളില്‍ അവഗണിക്കപ്പെടുകയാണ്‌. രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസമേഖലകളിലും അധികാരത്തില്‍ നിന്നുമുള്‍പ്പെടെ സമുദായത്തെ അകറ്റി നിര്‍ത്തുന്ന സമീപനമാണ്‌ കാണുന്നത്‌. സമുദായം വൈവിധ്യമുള്ളതാണ്‌. അതിനാല്‍ തന്നെ സമുദായത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ വ്യക്തിപരമായ താത്പര്യങ്ങള്‍ പോലും ത്യജിച്ചു കൊണ്ട്‌ ഐക്യത്തോടെ മുന്നോട്ടു പോകണം- ഡോ.അച്ചാരുപറമ്പില്‍ അപെക്സ്‌ ബോഡിയംഗങ്ങളോട്‌ വ്യക്ത മാക്കി.വിശ്വാസങ്ങളെയും ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്നവയെയും അവഹേളിക്കാനുള്ള ശ്രമമാണു കേരളത്തില്‍ നടക്കുന്നതെന്നു ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പ്രഫ.എസ്‌.വര്‍ഗീസ്‌ പറഞ്ഞു. ന്യൂനപക്ഷാവകാശം സമൂഹത്തിന്റെ അവകാശമാണ്‌. ഭരിക്കുന്നവന്റെ ഔദാര്യമല്ലെന്ന്‌ ഭരണാധികാരികള്‍ മനസിലാക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ സഭയേയും സമുദായത്തേയും അവഹേളിക്കുന്ന നിയമപരിഷ്കരണ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ ജസ്റ്റീസ്‌ കൃഷ്ണയ്യര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭയ കേസില്‍ കോടതികള്‍ ചേരിതിരിയുന്നു; ജനങ്ങള്‍ ആശയക്കുഴപ്പത്തില്‍ നട്ടം തിരിയുന്നു

ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പരസ്പരം ചേരിതിരിഞ്ഞ്‌ അഭിപ്രായപ്രകനം നടത്തിയതാണ്‌ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവികാസം.കേസ്‌ ഡയറി തുറന്നപ്പോള്‍ ആരോപണങ്ങള്‍ അപ്രത്യക്ഷമാവുന്നുഅഭയകേസിലെ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചതിലൂടെ ചിലരുടെയെല്ലാം കണ്ണില്‍ കരടായ വ്യക്തിയാണ്‌ ജസ്റ്റിസ്‌ കെ. ഹേമ. കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത പ്രാഥമിക ജാമ്യ വിചാരണ മാത്രം നേരിടുന്ന വ്യക്തികളാണ്‌ കുറ്റാരോപിതര്‍ എന്നു വസ്തുതപോലും മറന്നാണ്‌ മാധ്യമങ്ങളില്‍ പലതും ജാമ്യഹര്‍ജിയെപ്പോലും എതിര്‍ത്തരുന്നത്‌. എന്നാല്‍ വിശദമായ, ഏതാണ്ട്‌ നാല്‍പതോളം പേജുകള്‍ വരുന്ന, ജാമ്യഹര്‍ജിയില്‍ ഒരിക്കലും വിശദീകരികക്കേണ്ടതില്ലാത്ത സംഭവങ്ങള്‍ പോലും പ്രതിപാദിച്ചുകൊണ്ട്‌ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ട്‌ വിധി പ്രസ്ഥാവിച്ചു. കേസ്‌ ഡയറിയിലെ കണ്ടെത്തലുകള്‍അതില്‍ കേസ്‌ ഡയറിയില്‍ തന്നെ ഉണ്ടായിരുന്നതും കണ്ടെത്തിയതുമായ പ്രധാനപ്പെട്ട സംഗതികള്‍ വളരെ പ്രസക്തമാണ്‌. 1 ഒന്ന്‌ സഭ ഒരു കാലത്തും അന്വേഷണത്തെ തടസപ്പെടുത്തിയിട്ടില്ല. 2ഇന്ന്‌ ബഹളം കൂട്ടുന്ന മാധ്യമങ്ങളും പൊതുതാത്പര്യക്കാരുമൊന്നുമല്ല കന്യാസ്ത്രീകള്‍ തന്നെയാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കിയത്‌. 3 അഭയ കേസില്‍ എ.എസ്‌.ഐ അഗസ്റ്റിന്‍ സഭ സ്വാധീനിച്ച്‌ എഫ്‌.ഐ.ആറില്‍ തിരുത്തല്‍ വരുത്തിയെന്ന ആരോപണം എല്ലാവരും ഉന്നയിക്കുകയും ഇത്തരം ആരോപണത്തിന്റെ രക്തസാക്ഷിയായി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാല്‍ കേസ്‌ ഡയറിയില്‍ വളരെ വ്യക്തമായി അഗസ്റ്റിന്‍ എഴുതിയിരുന്നത്‌ അഭയുടെ മരണം വെള്ളം ഉള്ളില്‍ ചെന്നാണ്‌ അഭയുടെ മരണമെന്നും ഇത്‌ ആത്മഹത്യയോ കൊലപാതകമോ ആകാം എന്നുമാണ്‌. ജസ്റ്റിസ്‌ രാംകുമാര്‍, ആര്‍. ബസന്ത്‌ തുടങ്ങി അഭയ കേസില്‍ വാദം കേട്ടിരുന്ന ആരും കേസ്‌ ഡയറിയില്‍ ഇത്തരത്തിലുള്ള പരാമര്‍ശമാണുള്ളതെന്ന്‌ വെളിപ്പെടുത്തിയില്ല. 4 ആദ്യം കോടാലികൊണ്ട ഫാ. തോമസ്‌ കോട്ടൂര്‍ അഭയുടെ തലയ്ക്ക്‌ അടിച്ചുവെന്ന്‌ പറയുകയും അദ്ദേഹത്തെ ഒന്നാം കുറ്റാരോപിതനാക്കുകയും ചെയ്ത്‌ സിബിഐ പിന്നീട്‌ കൈക്കോടാലികൊണ്ട്‌ സിസ്റ്റര്‍ സെഫിയാണ്‌ അഭയുടെ തലയ്ക്ക്‌ പിന്നില്‍ അടിച്ചതെന്ന്‌ തിരുത്തി. ഇതിനെയും ജസ്റ്റീസ്‌ ഹേമ തന്റെ ജാമ്യ വിധിയില്‍ വിമര്‍ശിച്ചു. അഭയുടെ തലയ്ക്കു പിന്നിലുണ്ടായിരുന്ന മുറിവിന്‌ അര ഇഞ്ചില്‍ താഴെ മാത്രം ആഴവും രണ്ടര ഇഞ്ചില്‍ താഴെ മാത്രം നീളവും ഉണ്ടായിരുന്നുള്ളൂ. കൈക്കോടാലികൊണ്ടുള്ള അടിയില്‍ പോലും തലയോട്ടി ചിതറിപ്പോകും. അതിനാല്‍ ആ വാദം നിലനില്‍ക്കുന്നതല്ല. 5 അടുക്കളയിലെ രക്തക്കറ കഴുകിവൃത്തിയാക്കി എന്നായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍ കേസ്‌ ഡയറിയില്‍ ഇതിനെപ്പറ്റി പരാമര്‍ശമില്ലെന്നും ഹേമ കണ്ടെത്തി. കഥയെഴുത്തുകാര്‍ക്കു ലഭിച്ച മറുപടിമാധ്യമങ്ങള്‍ നടത്തിയ പല കഥയെഴുത്തുകള്‍ക്കും ഉള്ള മറുപടിയായിരുന്നു കേസ്‌ ഡയറി പഠിച്ചതിനുശേഷം ഹേമ നടത്തിയ ജാമ്യവിധി. കേസ്‌ മാധ്യമങ്ങള്‍ക്കു ലഭിക്കില്ല. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തേക്കാള്‍ ഭാവനാവിലാസത്തോടുകൂടിയ അന്വേഷണവും വിധിപ്രസ്താവവുമാണ്‌ വിവിധ മാധ്യമങ്ങള്‍ വിവിധ തരത്തില്‍ നടത്തിയത്‌. അഭയകേസിലെ കുറ്റാരോപിതരോട്‌ അല്‍പമെങ്കിലും മാനുഷികാനുഭാവം പുലര്‍ത്താന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണ്‌ ജസ്റ്റിസ്‌ ഹേമയുടെ ജാമ്യ വിധി പ്രാധാന്യമര്‍ഹിക്കുന്നത്‌. തന്റെ വിധിയോട്‌ പല തലത്തില്‍ നിന്നും പല തരത്തിലുള്ള അഭിപ്രായപ്രകടങ്ങള്‍ ഉയര്‍ന്നതിനാലാവും പതിമ്മൂന്നാം തീയതി ചൊവ്വാഴ്ച തന്റെ വിധി ഒന്നു കൂടി ഉറപ്പിച്ചു പറയാന്‍ ജസ്റ്റിസ്‌ ഹേമ തയാറായത്‌. ജഡ്ജിമാര്‍ കൊമ്പുകോര്‍ക്കുന്നുജസ്റ്റിസ്‌ ബസന്ത്‌ പിന്നീട്‌ ഹേമയുടെ വിധിയേക്കുറിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ല. അന്വേഷണം തുടരുന്ന കേസില്‍ തര്‍ക്കവിഷയങ്ങളില്‍ ജാമ്യക്കോടതിയുടേതല്ല അവസാന വാക്കെന്നും പറഞ്ഞു. ഇതിനെ പിന്നീട്‌ ഹേമ പ്രതിരോധിക്കുകയും ചെയ്തു. അല്‍പം കടുത്ത ഭാഷയിലാണെന്നു മാത്രം. അഭയാ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കവേ താന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതിക്കു മാത്രമേ അധികാരമുള്ളൂവെന്ന്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ കെ. ഹേമ പരാമര്‍ശിച്ചു. ഹായ്‌ ക്കോടതിയിലെ മറ്റ്‌ ഇരുപത്തിയെട്ടു ജഡ്ജിമാര്‍ക്കും ഇതിനുള്ള അവകാശമില്ലെന്ന്‌ ജസ്റ്റീസ്‌ ഹേമ വാക്കാല്‍ പറഞ്ഞു. മറ്റൊരു കേസിന്റെ വാദം കേള്‍ക്കവേയാണ്‌ ഹെ ഇത്തരത്തില്‍ വാക്കാലുള്ള പരാമര്‍ശം നടത്തിയത്‌. മാധ്യമ പിന്തുണ തനിക്ക്‌ ആവ ശ്യമില്ലെന്നും താന്‍ ആരുടേ യും വോട്ടുതേടി പോകുന്നില്ലെന്നും ജസ്റ്റീസ്‌ ഹേമ പറഞ്ഞു. താന്‍ കേസ്‌ ഡയറി പഠിച്ചതനുസരിച്ചാണ്‌ ജാമ്യ വിധി പ്രസ്ഥാവിച്ചത്‌ എന്നും കൂടി ഹേമ പറഞ്ഞുവച്ചു. കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിക്കവേ ജസ്റ്റീസ്‌ ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിനു തടസമാകരുതെന്നും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ലെന്നും ജസ്റ്റീസ്‌ ആര്‍. ബസന്ത്‌ കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയിരുന്നു. അന്വേഷണം തുടരുന്ന കേസില്‍ തര്‍ക്ക വിഷയങ്ങളില്‍ ജാമ്യക്കോടതിയുടേതല്ല അവസാനവാക്കെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.കേസ്‌ ഡയറി വിലയിരുത്തിയശേഷമാണ്‌ കേസന്വേഷണം സംബന്ധിച്ച്‌ താന്‍ നിരീക്ഷണങ്ങള്‍ നടത്തിയതെന്ന്‌ ജസ്റ്റീസ്‌ ഹേമ വ്യക്തമാക്കി. ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന കോടതിക്കും പ്രകൃത്യാ അധികാരങ്ങളുണ്ടെന്നും ഇക്കാര്യത്തില്‍ ജാമ്യ കോടതിയെന്നും റിട്ട്‌ കോടതിയെന്നുമുള്ള വേര്‍തിരിവില്ലെന്നും ജസ്റ്റീസ്‌ ഹേമ ചൂണ്ടിക്കാട്ടി. ഭരണഘടനനല്‍കുന്ന ഈഅധികാരങ്ങള്‍ വേണ്ടെന്നുവയ്ക്കാനാവില്ല. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ജസ്റ്റിസ്‌ ബസന്ത്‌ കേസ്‌ അന്വേഷണത്തിന്റെ നിരീക്ഷണത്തില്‍ നിന്നും പിന്മാറുകയാണെന്നും കേസ്‌ ഡിവിഷന്‍ ബഞ്ചിന്‌ വിടുകയാണെന്നും പറഞ്ഞു. ഡിവഷന്‍ ബഞ്ച്‌ ആരെന്ന്‌ ആക്ടിംട്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി കോശി നിശ്ചയിക്കും. ഡിവിഷന്‍ ബഞ്ചിന്‌ വിടുന്നതിന്റെ നിയമപ്രശ്നംസാധാരണ ഗതിയില്‍ ക്രിമിനില്‍ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ മാത്രമേ അപ്പീലോ റിവിഷനോ പോകാന്‍ സാധിക്കൂ. സിവില്‍ കേസാണെങ്കില്‍ ഹൈക്കോടിതി സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്കെതിരെ ഡിവിഷന്‍ ബഞ്ചിന്‌ അപ്പീലോറിവിഷനോ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതാണ്‌ ഹൈക്കോടതിയിലെ കീഴ്‌ വഴക്കം. എന്നാല്‍ ഇന്നലെ ക്രിമിനല്‍ കേസായ അഭയ കേസിലെ അന്വേഷണ നിരീക്ഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു വിട്ടുകൊണ്ടുള്ള ഉത്തരവാണ്‌ ജസ്റ്റിസ്‌ ബസന്ത്‌ പുറപ്പെടുവിച്ചത്‌.തന്റെ വിധിക്കെതിര ഹൈക്കോടതിയിലെ 28 ജഡ്ജിമാര്‍ക്കും വിധി അസ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെന്ന വാദമധ്യേ നത്തിയ പരാമര്‍ശം നിയമപരമായി ശരിയാണ്‌. അതിനാണ്‌ നിലനില്‍പും.എന്നാല്‍ ഒരു കേസില്‍ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയാണെങ്കില്‍ ക്രിമിനല്‍ കേസാണെങ്കിലും ഡിവിഷന്‍ ബഞ്ചിന്‌ വിടാമെന്ന്‌ പറയുന്നു. അതനുസരിച്ചാണ്‌ അഭയകേസ അന്വേഷണ മേല്‍നോട്ടം ഡിവിഷന്‍ ബഞ്ചിന്‌ വിട്ടതെന്നും നിയമവിദഗ്ധര്‍ പറയുന്നുണ്ട്‌. നിയമത്തിന്റെ പല തലങ്ങളെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. നിയമത്തെക്കുറിച്ച്‌ തികച്ചും അജ്ഞാതരായ പൊതുജനങ്ങളെ ഇതിലൂടെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. ഇനി കോടതിക്ക്‌ ചെയ്യാനാവുന്നത്‌ഒന്നുകില്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും ചെയ്യേണ്ടത്‌ വിചാരണയും വാദപ്രതിവാദങ്ങളും തെളിവു നിരത്തലും അതിനെ പ്രതിരോധിക്കുന്നതുമെല്ലാം രഹസ്യ കോടതിയല്‍ നിര്‍വഹിക്കുക. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഊഹിച്ചെടുക്കാനും ഭാവന മെനയാനുമുള്ള അവസരം ഇല്ലാതാക്കുക. തെളിവുകളെ യുക്തിഭദ്രമായി വിശകലനം ചെയ്ത്‌ വിധി പ്രസ്ഥാവിക്കുന്ന അവസാന വിചാരണ മാത്രം ഓപ്പണ്‍ കോടതിയില്‍ നടത്തുക. അതു മാത്രം മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ടുചെയ്യുക. ഇത്രയും കുറ്റാരോപണവും ചെളിയഭിഷേകവും നടത്തിയതിനുശേഷം ഇപ്പോള്‍ അഭയകേസില്‍ കുറ്റാരോപിതര്‍ നിരപരാധികളെന്നുവന്നാല്‍... അങ്ങനെയൊരു സാധ്യത നിലനില്‍ക്കേ ഇപ്പോള്‍ വെറുതെ ചെളിയറിയണോ

Friday, January 16, 2009

പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക്‌ ആയിരിക്കണം പ്രഫഷണല്‍ കോഴ്സിന്റെ മാനദണ്ഡമാകേണ്ടത്‌ എന്ന നിലപാട്‌ കേരളത്തിലെ ക്രൈസ്തവസഭകള്‍ക്കുവേണ്ടി ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്‌. കേവലം ഹയര്‍സെക്കന്‍ഡറിയുടെ മാര്‍ക്ക്‌ മാത്രം പോരാ, ഓരോ കോഴ്സിനോടുമുള്ള വിദ്യാര്‍ത്ഥിയുടെ ആഭിമുഖ്യവും അഭിരുചിയും അളക്കുന്ന ശാസ്ത്രീയമായ ഇന്‍ര്‍വ്യുവും പ്രവേശനത്തിന്‌ അടിസ്ഥാനമാക്കണമെന്ന നിലപാടാണ്‌ ക്രൈസ്തവസഭകളുടേത്‌. അതുകൊണ്ടാണ്‌ മെഡിസിന്റെയും എഞ്ചിനീയറിംഗിന്റെയും പ്രവേശനത്തിനു ഹയര്‍സെക്കന്‍ഡറിയുടെയും എന്‍ഡ്രന്‍സ്‌ എക്സാമിനേഷന്റെയും മാര്‍ക്കുകള്‍ക്ക്‌ തുല്യപരിഗണന നല്‍കിക്കൊണ്ടുള്ള പ്രവേശനരീതി കഴിഞ്ഞ വര്‍ഷങ്ങളില്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കോളേജുകള്‍ അവലംബിച്ചത്‌. പിന്നീട്‌ അത്‌ സര്‍ക്കാരിനും മാതൃകയായി. ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്കും അഭിരുചി പരീക്ഷയും പ്രൊഫഷണല്‍ കോഴ്സിന്റെ പ്രവേശനത്തിന്‌ അടിസ്ഥാനമാക്കണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പറയാനുള്ള കാരണങ്ങള്‍ സര്‍ക്കാരിനു വിശദമായി നല്‍കിയിട്ടുള്ളതാണ്‌. 1. ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക്‌ അടിസ്ഥാനമാക്കുമ്പോള്‍ കേരള സിലബസിന്‌ വേണ്ടത്ര പ്രധാന്യം കിട്ടും എന്നതാണ്‌ ഒരു പ്രധാന കാര്യം. എന്നുവച്ചാല്‍ സര്‍ക്കാര്‍-എയ്ഡഡ്‌ സ്ക്കൂളുകള്‍ക്ക്‌ പ്രാധാന്യം കിട്ടുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കുന്ന പാഠ്യപദ്ധതിയും പരിഷ്ക്കരണങ്ങളുമെല്ലാം കേരളസിലബസിനെ അനഭിമിതമാക്കുന്നു. എന്നുവച്ചാല്‍ പാഠ്യപദ്ധതിയുടെ ഗുണനിലവാരം തകര്‍ക്കുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞവര്‍ഷം 85000 വിദ്യാര്‍ത്ഥികളാണ്‌ ഈ സിലബസ്‌ ഉപേക്ഷിച്ച്‌ മറ്റ്‌ സിലബസുകളില്‍ അഭയം തേടിയത്‌. ഇപ്പോള്‍ എന്‍ട്രസ്‌ പരീക്ഷകള്‍ക്ക്‌ ഐ.സി.എ.സി സിലബസും സി.ബി.എസ്‌.സി സിലബസുമാണ്‌ ഉപയോഗിക്കുന്നത്‌. പ്രവേശനം കിട്ടുന്നവരില്‍ ഏതാണ്ട്‌ 70% വിദ്യാര്‍ത്ഥികളും ഈ സിലബസില്‍ നിന്നുള്ളവരാണ്‌. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുമ്പോള്‍ കേരളാസിലബസിനും അതുവഴി എയ്ഡഡ്‌ സ്ക്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും പ്രാധാന്യം കിട്ടുന്നു. 2. കേരളസിലബസിനു പ്രാധാന്യം കിട്ടുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഗുണനിലവാരം ഉയരാന്‍ ഇടയാകും. സ്കൂള്‍ കുട്ടികളെ അവിടെ ലഭിക്കുകയും ചെയ്യും. അങ്ങനെ വിദ്യാര്‍ത്ഥികളില്ലാതെ സര്‍ക്കാര്‍സ്കൂളുകള്‍ പൂട്ടുന്നു എന്ന പ്രശ്നത്തിലും ഒരു പരിധിവരെ പരിഹാരമാകും. 3. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം കൊടുക്കുമ്പോള്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം കിട്ടും. പ്രവേശന പരീക്ഷയുടെ പ്രയോജനം കിട്ടുന്നത്‌ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിംഗ്സെന്ററുകള്‍ക്കുമാണ്‌.പ്രവേശനത്തിനു പകുതി മാര്‍ക്കിനു ഹയര്‍സെക്കന്‍ഡറി മാര്‍ക്കുകള്‍ പരിഗണിക്കുമ്പോള്‍തന്നെ പ്രൊഫഷണല്‍ കോളേജുകളില്‍ ഇങ്ങനെ നാട്ടിന്‍പുറത്തുകാരുടെ എണ്ണംകൂടാന്‍ ഇടയാക്കി എന്നതാണ്‌ ക്രൈസ്തവസഭകളുടെ അനുഭവം. 4. സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും എയ്ഡഡ്‌ സ്ക്കൂളുകള്‍ക്കും പ്രാധാന്യം കിട്ടുന്നതുകൊണ്ട്‌ തന്നെ സ്വാഭാവികമായും പാവപ്പെട്ട കുട്ടികള്‍ക്ക്‌ പ്രഫഷണല്‍ കോഴ്സുകള്‍ക്ക്‌ പ്രവേശനം കിട്ടും. ഇപ്പോഴത്തെ സമ്പ്രദായമനുസരിച്ച്‌ എന്‍ട്രന്‍സ്‌ കോച്ചിംഗിനു പോകുന്നവര്‍ താരതമ്യേന സാമ്പത്തികമുള്ളവരും നഗരത്തിലും നഗരപരിസരങ്ങളിലുമുള്ളവരുമാണ്‌. എതില്‍ നിന്നുള്ള മാറ്റം തീര്‍ച്ചയായും അനിവാര്യമാണ്‌. 5. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുമ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം കിട്ടും എന്നതാണ്‌ കാണുന്നത്‌. ഇതുവരെയുള്ള അനുഭവവും അങ്ങനെതന്നെ. 6. എന്‍ഡ്രന്‍സ്‌ കോച്ചിംഗിനുവേണ്ടി പണവും സമയവും വ്യയം ചെയ്യുന്നത്‌ തടയാന്‍ അതുവഴി കഴിയും. 7. കേവലം ചുരുങ്ങിയ മണിക്കൂറില്‍ കുറച്ച്‌ സ്കില്ലുകള്‍ പരിശോധിക്കുക മാത്രമാണ്‌ എന്‍ഡ്രന്‍സ്‌ പരീക്ഷയില്‍ ചെയ്യുന്നത്‌. എല്ലാ പ്രഫഷണല്‍ കോഴ്സിനും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള താല്‍പര്യം പ്രധാനമാണ്‌. അതുപോലെ പൊതുവെ പഠനത്തിലുള്ള വിജയവും. അതു പരിശോധിക്കുവാന്‍ പൊതുവെ ഹയര്‍സെക്കന്‍ഡറി മാര്‍ക്കുകളാണ്‌ പ്രധാനം. വിദ്യാഭ്യാസരംഗത്ത്‌, പ്രത്യേകിച്ചും പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ കേരളം ഏറെ പിന്നോക്കമാണ്‌ എന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്‌. സമയത്ത്‌ കോഴ്സുകള്‍ ആരംഭിക്കുവാനാവാത്ത, പരീക്ഷകള്‍ നടത്താത്ത, റിസള്‍ട്ടു നല്‍കാത്ത നമ്മുടെ യൂണിവേഴ്സിറ്റികളില്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടുമാത്രമാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതെന്ന്‌ പറയാറുണ്ട്‌. ഗുണമേന്മയില്ലാത്ത സിലബസും, കോഴ്സുകളും നമ്മുടെ വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നു. കൂടാതെ യൂണിവേഴ്സിറ്റികളും അദ്ധ്യാപനരംഗത്തുമുള്ള കടുത്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പ്രൊഫഷണല്‍ കോഴ്സിന്റെ പ്രവേശനത്തിനു മാനദഡ്ണമാക്കുമ്പോള്‍ കേരളസിലബസിന്റെയും നമ്മുടെ സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെയും നിലവാരം ഉയര്‍ത്തുവാനുള്ള സാധ്യതയും ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും കഴിയണം.

Thursday, January 15, 2009

നഴ്സിന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കണം: മാര്‍ പഴയാറ്റില്‍

രോഗികളോട്‌ പ്രത്യേക കരുണ കാണിക്കുവാനും ഒരു നഴ്സിന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കണമെന്നും ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍. ചാലക്കുടി സെന്റ്‌ ജെയിംസ്‌ ആശുപത്രിയിലെ നഴ്സിംഗ്‌ വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങിന്‌ കാര്‍മികത്വം വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്‌ അധ്യക്ഷത വഹിച്ചു.

സഭകളുടെ ഐക്യം കാലഘട്ടത്തിന്‌ അനിവാര്യം: മാര്‍ യൂലിയോസ്‌

നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭകളുടെ ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത. ചുങ്കപ്പാറ ക്രിസ്തുരാജ സ്കൂള്‍ ഗ്രൗണ്ടില്‍ ഐക്യ ക്രിസ്തീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാരിലും, മാധ്യമങ്ങളിലും ഒരു വിഭാഗം ക്രൈസ്തവ സമൂഹത്തെ തുടര്‍ച്ചയായി വേട്ടയാടുകയും, യാഥാര്‍ഥ്യങ്ങളെ മറച്ചു പിടിക്കുകയും ചെയ്യുന്നു. ഐക്യത്തോടെ പ്രശ്നങ്ങളെ സമീപിക്കുകയാണു വേണ്ടതെന്നും ഡോ.ഏബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രാര്‍ഥനയ്ക്കു കഴിയും: മാര്‍ മനത്തോടത്ത്‌

മനുഷ്യ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രാര്‍ത്ഥനയ്ക്കു കഴിയുമെന്ന്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. യാക്കര ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന ഇടവക നവീകരണ ധ്യാനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. പ്രാര്‍ഥിക്കുമ്പോള്‍ നമുക്ക്‌ രൂപാന്തരം സംഭവിക്കും. മനസിന്റെ നവീകരണം വഴിയുള്ള രൂപാന്തരമാണത്‌. പ്രലോഭനങ്ങള്‍ക്ക്‌ വിധേയമാകാതിരിക്കണമെങ്കില്‍ പ്രാര്‍ഥനയിലൂടെയേ കഴിയൂ. യേശുവിന്റെ ജീവിതത്തിലും പരിവര്‍ത്തനം സംഭവിക്കുന്നത്‌ പ്രാര്‍ഥനയിലൂടെയാണ്‌. പ്രാര്‍ഥിച്ചാല്‍ മാത്രമേ സ്വര്‍ഗം തുറക്കപ്പെടൂ. അതിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കും. ധ്യാനത്തില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ കാണിച്ചുകൊടുക്കേണ്ടത്‌ പിന്നീടുള്ള ജീവിതത്തിലൂടെയാണ്‌. ദൈവത്തിന്റെ സ്നേഹം രുചിച്ചറിയാനുള്ള അവസരങ്ങളാണ്‌ ധ്യാനങ്ങള്‍. ധ്യാനത്തിനു ശേഷം കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയണം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ ദൈവം പരിശുദ്ധാത്മാവ്‌ വഴിയാണ്‌ സാധിച്ചുതരുന്നത്‌. ദൈവത്തിന്റെ കൃപയില്‍ ആശ്രയിച്ച്‌ പരിശുദ്ധാത്മാവ്‌ വഴി ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ബിഷപ്‌ പറഞ്ഞു.

Wednesday, January 14, 2009

സ്നേഹം മനുഷ്യരെ വിശുദ്ധരാക്കും: ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍

സ്നേഹമാണു മനുഷ്യരെ വിശുദ്ധിയിലേക്കു നയിക്കുന്നതെന്ന്‌ കണ്ണൂര്‍ രൂപതാ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട മദര്‍തെരേസയും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ബിഷപ്‌ പറഞ്ഞു. മൂന്നാംപീടിക സെന്റ്‌ ആന്റണീസ്‌ തീര്‍ഥാടനകേന്ദ്രത്തില്‍ പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ക്ഷമിക്കാനും എളിമപ്പെടാനും ശുശ്രൂഷിക്കാനും സ്നേഹം നമ്മെ പരിശീലിപ്പിക്കുന്നു. കുടുംബത്തെയും സമൂഹത്തേയും രാജ്യത്തെയും രക്ഷിക്കാന്‍ സ്നേഹത്തിലൂടെ സാധിക്കുമെന്നും ബിഷപ്‌ ചൂണ്ടിക്കാട്ടി.

തൊഴിലാളികള്‍ക്ക്‌ വളരാന്‍ സാഹചര്യമൊരുക്കണം: മാര്‍ പൊരുന്നേടം

നിന്ദിതരും നിരാലംബരുമായ തൊഴിലാളികള്‍ക്ക്‌ വളരാനും വികസിക്കാനുമുള്ള സ്വപ്നങ്ങള്‍ പകര്‍ന്നുനല്‍കാന്‍ തൊഴിലാളി പ്രവര്‍ത്തകര്‍ തയാറാകണമെന്നു കെ.സി.ബി.സി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ്‌ പൊരുന്നേടം അഭിപ്രായപ്പെട്ടു. കേരള ലേബര്‍ മൂവ്മെന്റ്‌ സംസ്ഥാനസമിതി ഓഫീസ്‌ വര്‍ക്കേഴ്സ്‌ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തൊഴിലാളി ക്ഷേമത്തിനായി നിരവധി പരിപാടികള്‍ ആവിഷ്കരിക്കുന്നുണെ്ടങ്കിലും അവയില്‍ ചെറിയ പങ്ക്‌ മാത്രമേ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്നുള്ളൂ, ഇക്കാര്യങ്ങളില്‍ വേണ്ട സഹായം നല്‍കാന്‍ കെ.എല്‍.എം തയാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.കെ.സി.ബി.സി ലേബര്‍ കമ്മീഷന്‍ വൈസ്‌ ചെയര്‍മാനും വരാപ്പുഴ അതിരൂപത സഹായമെത്രാനുമായ ഡോ.ജോസഫ്‌ കാരിക്കശേരി അനുഗ്രഹപ്രഭാഷണം നടത്തി

Tuesday, January 13, 2009

പാഠപുസ്തകങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തണം: കെ.സി.ബി.സി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ ഗുണമേന്മയും ആധികാരികതയും ഉറപ്പുവരുത്തുന്ന വിധത്തില്‍ വിദഗ്ധരുടെ വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും അവസരം നല്‍കാതെ, തിടുക്കത്തില്‍ പാഠപുസ്തക പരിഷ്കരണ പ്രക്രിയയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. പാഠപുസ്തകങ്ങളുടെ കരടുകോപ്പികള്‍ സബ്‌ കമ്മിറ്റിയില്‍ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട്‌ പഠനങ്ങളും ചര്‍ച്ചകളും ക്രിയാത്മകമായി ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. ഗുണമേന്മയുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ ആ ത്മാര്‍ഥതയെ സംശയിക്കേണ്ടിയി രിക്കുന്നു.പാഠപുസ്തകങ്ങളെക്കുറിച്ച്‌ പരാതി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിപോലും പാഠപുസ്തകങ്ങളുടെ നിലവാരത്തകര്‍ച്ചയെപ്പറ്റി അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും പാഠപുസ്തക പരിഷ്കരണത്തെ ഗൗരവപൂര്‍വം കാണാതെയും പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും തിടുക്കത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നത്‌ അപലപനീയമാണ്‌. നിലവാരമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതും പ്രത്യയശാസ്ത്ര രാഷ്ട്രീയസിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമായ പാഠപുസ്തകങ്ങള്‍ തയാറാക്കാനാണ്‌ ഇനിയും ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന്‌ കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വയം സഹായ സംഘങ്ങള്‍ക്ക്‌ നാടിന്റെ ഭക്ഷ്യ സുരക്ഷയില്‍ നിര്‍ണായക പങ്ക്‌ : മാര്‍ ചക്യത്ത്‌

നാടിന്റെ ഭക്ഷ്യ സുരക്ഷയില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക്‌ നിര്‍ണായക പങ്കാണുള്ളതെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. അതിരൂപതാ വെല്‍ഫെയര്‍ സര്‍വീസസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത്‌ സ്വയം സഹായ സംഘങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫയര്‍ സര്‍വീസസ്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറി ഫാ.പോള്‍ മൂഞ്ഞേലി വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സര്‍വീസസിന്റെ മൈക്രോ ഫിനാന്‍സ്‌ വിഭാഗമായ വെസ്കോ ക്രെഡിറ്റിന്റെ അഞ്ച്‌ പുതിയ ബ്രാഞ്ചുകള്‍, ബയോ ഗ്യാസ്‌ പ്ലാന്റുകള്‍ക്കും സോളാര്‍ വാട്ടര്‍ ഹീറ്ററുകളള്‍ക്കും കാര്‍ബണ്‍ ക്രെഡിറ്റ്‌ സബ്സിഡി, നബാര്‍ഡിന്റെ സഹായത്തോടെയുള്ള വായ്പാ പദ്ധതി, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ വേദിയായ പ്രബോധിനി സംഘങ്ങള്‍, വിമന്‍ ലേസര്‍ സെല്‍, കയര്‍ ക്ലസ്റ്റര്‍ പദ്ധതി, ആഭരണ നിര്‍മാണ പരിശീലനം, ഭവന പുനരുദ്ധാരണ പദ്ധതി, കൗണ്‍സലിംഗ്‌ സെന്ററുകള്‍, നീര്‍ത്തട വികസന പദ്ധതി മുതലായവ വെല്‍ഫെയര്‍ സര്‍വീസസിന്റെ ഭാവി പ്രവര്‍ത്തനങ്ങളായി നടപ്പാക്കുമെന്ന്‌ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ വ്യക്തമാക്കി.

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: മാര്‍ പവ്വത്തില്‍

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ മനുഷ്യന്റെ ചിന്താശക്തിയെ നശിപ്പിക്കാന്‍ ഇടയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച്‌ അസമ്പ്ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഭാസുവര്‍ണ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.റോസി എലിസബത്ത്‌, ജൂലിയാ ജയ്സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഫ. ജോസഫ്‌ ജോബ്‌, പ്രഫ. ബിനു ജോബ്‌, സിറിയക്‌ പാറ്റാനി, ശോഭ ആന്റോ കുട്ടംപേരൂര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍ വിവിധ സണ്‍ഡേസ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കഥാപ്രസംഗം, ഡാന്‍സ്‌, ഗാനമേള എന്നിവ ഉണ്ടായിരുന്നു.സമാപന സമ്മേളനത്തില്‍ സിംബാബ്‌വേ നൂണ്‍ഷ്യോ- ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ കോച്ചേരി സമ്മാനദാനം നിര്‍വഹിച്ചു. അഖില്‍ വര്‍ഗീസ്‌, ജോയ്സി എന്നിവര്‍ പ്രസംഗിച്ചു. സന്ദേശനിലയം ഡയറക്ടര്‍ ഫാ. ജോസഫ്‌ പനക്കേഴം, അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ. സോണി കരുവേലി, ജോണിക്കുട്ടി സ്കറിയാ, പ്രഫ. ജോസഫ്‌ റ്റിറ്റോ, ജേക്കബ്‌ പൊന്നാറ്റില്‍, ആന്റണി ഓലിക്കര, ജോസുകുട്ടി കുട്ടംപേരൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Monday, January 12, 2009

ഇടവക തിരുനാളുകള്‍ സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതം: മാര്‍ മനത്തോടത്ത്‌

സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്‌ ഇടവക തിരുനാളുകളെന്ന്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ ഉദ്്ബോധിപ്പിച്ചു. പരസ്പര വിശ്വാസവും ദൈവവിളിയും അനുസരിക്കുകയും നയിക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌ യഥാര്‍ഥ ജീവിതം ഉടലെടുക്കുന്നതെന്നും ബിഷപ്പ്‌ പറഞ്ഞു. കല്ലടിക്കോട്‌ മേരി മാത ഇടവകയുടെ രജതജൂബിലി ആഘോഷവും വിശുദ്ധരുടെ തിരുന്നാള്‍ മഹാമഹ പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പരസ്പര സൗഹാര്‍ദം വളര്‍ന്നുവരുന്നത്‌ സ്നേഹത്തിലൂടെയാണ്‌. ഇത്തരം സ്നേഹം ദൈവത്തിലധിഷ്ഠിതമായിരിക്കണം. ദൈവവചനം അതിലേക്കുള്ള പാതയാണ്‌. ഇതനുസരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണം. ജീവിതം ധന്യമാകുന്നത്‌ സ്നേഹം കടന്നുവരുമ്പോഴാണ്‌. അതിനാല്‍ പരിശുദ്ധ സ്നേഹം നല്‍കുകയും ആര്‍ജിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ബിഷപ്പിന്‌ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ ഇടവക സ്ഥാപക വികാരി ഫാ. വര്‍ഗീസ്‌ വാഴപ്പിള്ളിയുടെ ഫോട്ടോ അനാച്ഛാദന കര്‍മം നടത്തി. തുടര്‍ന്ന്‌ ജൂബിലി കുര്‍ബാനയും നടന്നു. ചടങ്ങില്‍ ഫാ.ഷാജു നടുവത്താനിയില്‍ പങ്കെടുത്തു. മുന്‍ വികാരിമാര്‍ , സിസ്റ്റേഴ്സ്‌ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനുവരി ഒന്നിനാണ്‌ ആഘോഷ പരിപാടികള്‍ തുടങ്ങിയത്‌. ജൂബിലിധ്യാനം, പൂജ്യരാജാക്കന്മാരുടെ തിരുനാള്‍, ദനഹതിരുനാള്‍, ദൈവവിളി സംഗമം, കുടുംബയൂണിറ്റുകളുടെ സമ്മേളനം, വിശുദ്ധരുടെ തിരുനാള്‍ എന്നിവയും നടന്നിരുന്നു

അവഗണിക്കപ്പെടുന്നവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക: മാര്‍ എടയന്ത്രത്ത്‌

അവഗണിക്കപ്പെടുന്നവരോടും മര്‍ദിക്കപ്പെടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാകണം തൊഴിലാളി സംഘടനകളുടെ ദൗത്യമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌.എറണാകുളം ആശിര്‍ഭവനില്‍ നടന്ന കേരള ലേബര്‍ മൂവ്മെന്റ്‌ വാര്‍ഷിക അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലകളില്‍ മാനവികതയുടെ ചാലക ശക്തിയായി സാമൂഹികപ്രവര്‍ത്തകര്‍ മാറണമെന്നും മാര്‍ എടയന്ത്രത്ത്‌ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ ജൂഡ്‌ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ.ജെയ്സണ്‍ വടശേരി, വൈസ്‌-പ്രസിഡന്റ്‌ ജോയ്‌ ഗോതുരുത്ത്‌, ജനറല്‍ സെക്രട്ടറി ബെന്നി പി.തോമസ്‌, ട്രഷറര്‍ വി.ഷാജു, ഫാ.ജോര്‍ജ്‌ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 29 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

നല്ല അധ്യാപകര്‍ സമൂഹത്തില്‍ എക്കാലവും മാതൃക: മാര്‍ കല്ലറങ്ങാട്ട്‌

ജനങ്ങളെ ഉന്നതങ്ങളിലെത്തിക്കുന്ന ഗോവണിപ്പടികളാണ്‌ അധ്യാപകരെന്നും നല്ല അധ്യാപകര്‍ സമൂഹത്തില്‍ എക്കാലവും മാതൃകയാണെന്നും ഇവരുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ലെന്നും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എച്ച്‌.എസ്‌. വിഭാഗം പ്ലാറ്റിനം ജൂബിലി, എച്ച്‌.എസ്‌.എസ്‌. വിഭാഗം ദശവത്സരാഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.പി.സി. ജോര്‍ജ്‌ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ മള്‍ട്ടിമീഡിയ ഹാള്‍ കെ.എം. മാണി എംഎല്‍എയും ഹയര്‍ സെക്കന്‍ ഡറി ദശാബ്ദി മെമ്മോറിയല്‍ ഓഡിയോ വിഷ്വല്‍ ഹാള്‍ പി.സി. തോമസ്‌ എംപിയും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു ജോസഫ്‌, അഡ്വ. ജോയി ഏബ്രഹാം, അഡ്വ. ഏബ്രഹാം മാത്യു മഴുവഞ്ചേരില്‍, പി.ടി.എ. പ്രസിഡന്റ്‌ എം.എം. ജോസഫ്‌ മുണ്ടത്താനം എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോസ്‌ അഞ്ചാനിക്കല്‍ സ്വാഗതാവും ഹെഡ്മാസ്റ്റര്‍ പി.എസ്‌. ജോസ്‌ പൈനിക്കുളം നന്ദിയും പറഞ്ഞു. ജൂബിലിയാഘോഷത്തോടനുബന്ധിച്ചു നടന്ന പ്രതിഭാസംഗമം രൂപത കോര്‍പ്പറേറ്റ്‌ സെക്രട്ടറി ഫാ. ജോസഫ്‌ ഈന്തനാല്‍ നിര്‍വഹിച്ചു. സിബി കുര്യന്‍, ബേബി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു

പ്രതിഭകള്‍ക്കു ജന്മം നല്‍കലാണ്‌ ഡിസിഎല്‍ ലക്ഷ്യം: മാര്‍ താഴത്ത്‌

പ്രതിഭകള്‍ക്കു ജന്മം നല്‍കലാണ്‌ ഡിസിഎലിന്റെ ലക്ഷ്യമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ദേവമാതാ സിഎംഐ പബ്ലിക്‌ സ്കൂളില്‍ ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ്ഫെസ്റ്റും ദീപിക ചോക്ലേറ്റ്‌ ക്വിസ്‌ മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാം ഒരു കുടുംബം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു വിദ്യാര്‍ഥികളില്‍ ആവേശമായി മുന്നേറുന്ന ദീപിക ബാലസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടോം മിഷേല്‍ ജെ. അധ്യക്ഷനായിരുന്നു. കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ആമുഖ പ്രസംഗം നടത്തി. ദേവമാതാ പബ്ലിക്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു ഇടമന, ദീപിക മുന്‍ എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ അലക്സാണ്ടര്‍ സാം, ദീപിക റസിഡന്റ്‌ മാനേജര്‍ ജോസഫ്‌ തെക്കൂടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ജനറല്‍ ലീഡര്‍ നിതിന്‍ ജോസ്‌ സ്വാഗതവും തൃശൂര്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലിസറ്റ്‌ എഫ്‌.സി.സി നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്നുപ്രിയ സാജു അധ്യക്ഷത വഹിച്ചു. ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ്‌ നെല്ലിക്കത്തെരുവില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണംചെയ്തു. സിഎംഐ ദേവമാതാ പ്രവിശ്യ കൗണ്‍സിലര്‍ ഫാ.ജോണ്‍ നീലങ്കാവില്‍ സന്ദേശം നല്‍കി.പരിപാടികള്‍ക്ക്‌ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്‌. അബ്ദുള്‍ ഖാദര്‍ കുഞ്ഞ്‌, ബ്രദര്‍ ലെയോ പോള്‍ഡ്‌, സി.ഡി. വര്‍ക്കി, ഷൈജു മഠത്തില്‍, സിസ്റ്റര്‍ ലിസറ്റ്‌, ഓര്‍ഗനൈസര്‍മാരായ തോമസ്‌ കുണിഞ്ഞി, കെ.എം.സ്റ്റീഫന്‍, മറിയാമ്മ ടീച്ചര്‍, ജി.യു. വര്‍ഗീസ്‌, കെ.കെ.തോമസ്‌, സിസ്റ്റര്‍ അനുപമ, മേരി വര്‍ഗീസ്‌, ലീലാമ്മ സെബാസ്റ്റ്യന്‍, ജെഫ്‌റി എം.തോമസ്‌, ജോജു തോമസ്‌, റോജന്‍ തുരുത്തി, ജയിംസ്‌ പടമാടന്‍, ബിനോയ്‌ ചെറുപുഴ, സംസ്ഥാന ഭാര വാഹികളായ ജൂബിന്‍ ജെയിംസ്‌, കീര്‍ത്തന കെ.മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ പ്രവിശ്യകളില്‍നിന്നായി അറുന്നൂറോളം പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

സാമൂഹ്യപുരോഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്‌ മഹത്തരം: മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ

വിദ്യാഭ്യാസമേഖല സഭയുടെ അവിഭക്ത ഭാഗമാണെന്നു മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവാ. ഗിരിദീപം ബഥനി സ്കൂളില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കിന്റെ ആശീര്‍വാദത്തെത്തുടര്‍ന്നു നടത്തിയ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സമൂഹത്തെ പുരോഗതിയിലേക്ക്‌ നയിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. പുരോഗതിയില്‍ മനുഷ്യ വിഭവശേഷി എന്നു പറയുകയും അതോടൊപ്പം മനുഷ്യവിഭവ ശേഷി കുറയ്ക്കണമെന്നുള്ള പുതിയ കണെ്ടത്തലും വിരോധാഭാസമാണെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ റവ. ഡോ. തോമസ്‌ മനോജ്‌ ഓടാലില്‍ ഒഐസി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സുപ്പീരിയര്‍ ജനറല്‍ റവ.ഡോ ജോര്‍ജ്‌ തോമസ്‌ കല്ലുങ്കല്‍ ഒഐസി, പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ.വില്യം നെടുമ്പുറത്ത്‌, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫാ.കുറിയാക്കോസ്‌ ഏബ്രഹാം, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസഫ്‌ നോമ്പില്‍, ബ്രദര്‍. സഖറിയ, ഡോ.ജോസഫ്‌ മാണി, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബ്ലോക്കിന്റെ ആശീര്‍വാദം കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ നടത്തി.

Saturday, January 10, 2009

നിയമ പരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിക്കാനാവില്ല: കെ.സി.ബി.സി

കേരള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകളായ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ദയാവധം അനുവദിക്കാനും ആത്മഹത്യ കുറ്റകരമാണെന്ന വ്യവസ്ഥ എടുത്തു കളയാനുമുള്ള തീരുമാനങ്ങള്‍ കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക്‌ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു കെ.സി.ബി.സി വ്യക്തമാക്കി. ഇത്തരം നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ നിയമപരമായും ഇതരമാര്‍ഗങ്ങളിലൂടെയും എതിര്‍ക്കാനും ശക്തമായി നേരിടാനും കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു. ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ട്രസ്റ്റ്‌ രൂപവത്കരിക്കാനും, മേല്‍നോട്ടത്തിനു കമ്മീഷണറെ നിയമിക്കാനുള്ള നീക്കങ്ങളും അപ്രസക്തമാണ.്‌ അവയും അംഗീകരിക്കാനാവില്ല. മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കാണ്‌ സര്‍ക്കാരിനല്ല.രണ്ടില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനവും കുട്ടികളുടെ പൗരാവകാശ ലംഘനവുമാണ്‌. ദയാവധം, ആത്മഹത്യ എന്നിവ സംബന്ധിക്കുന്ന ശിപാര്‍ശകള്‍ മാനുഷിക മൂല്യങ്ങളെയും ധാര്‍മിക വ്യവസ്ഥിതികളെയും ദൈവവിശ്വാസത്തെയും അട്ടിമറിക്കുന്ന നടപടിക്രമങ്ങളാണ്‌. മനുഷ്യജീവന്റെ ദാതാവ്‌ ദൈവമായിരിക്കെ അത്‌ നശിപ്പിക്കാനും ഇല്ലാതാക്കാനും മനുഷ്യര്‍ക്ക്‌ അവകാശമില്ല. ഭാരതത്തിലെ കത്തോലിക്കാസഭയുടെ പ്രവര്‍ത്തനം ഭരണഘടന അനുസരിച്ചുള്ള വ്യക്തി നിയമപ്രകാരമാണ്‌. പള്ളികളുടെ സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രസ്റ്റിന്റെ രൂപീകരണവും അതിന്റെ മേല്‍നോട്ടത്തിനു കമ്മീഷണറെ നിയമിക്കാനുള്ള നിര്‍ദേശവും വ്യക്തി നിയമത്തിലുള്ള കടന്നു കയറ്റമാണ്‌. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഈ മേഖലയില്‍ നിയമനിര്‍മാണത്തിന്‌ അധികാരം ഇല്ല എന്നിരിക്കെ നിയമപരിഷ്ക്കരണ കമ്മീഷന്റെ ശിപാര്‍ശയും അതേത്തുടര്‍ന്ന്‌ നിയമ മന്ത്രി നടത്തിയ പ്രഖ്യാപനവും ഈശ്വരവിശ്വാസികളെ പീഡിപ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢനയത്തിന്റെ തുടര്‍ച്ചയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീഷണികള്‍ക്ക്‌ സഭ ഒരിക്കലും വഴങ്ങുകയില്ലെന്നും കെ.സി.ബി.സിക്കു വേണ്ടി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.

ദയാവധം നിയമമാക്കുന്നത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും : കെ.സി.ബി.സി പ്രോലൈഫ്‌ സമിതി

സാംസ്ക്കാരിക സമൂഹത്തിന്‌ ഒട്ടും യോജിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമായ നിര്‍ദ്ദേശങ്ങളാണ്‌ നിയമ പരിഷ്ക്കരണ സമിതി മുന്നോട്ട്‌ വയ്ക്കുന്നത്‌. വന്ദ്യ വയോധികനായ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിയമപരിഷ്ക്കരണ സമിതി ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിരിക്കുന്നതും 24-ാ‍ം തീയതി പരിഗണനയ്ക്ക്‌ എടുക്കുന്നതിന്‌ നല്‍കിയിരിക്കുന്നതുമായ കിരാതമായ നിയമനിര്‍ദ്ദേശങ്ങള്‍ വളരെ വേഗം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ നിയമമന്ത്രി ശ്രീ എം. വിജയകുമാര്‍ എറണാകുളത്ത്‌ പ്രസ്താവിച്ചതായി അറിഞ്ഞു. ദയാവധം എന്ന നിയമം ലേകത്ത്‌ എഴ്‌ രാജായങ്ങളില്‍ മാത്രമാണ്‌ അനുവദിച്ചിരിക്കുന്നത്‌ എന്നത്‌ തന്നെ ഈ നിയമത്തിന്റെ ബീഭത്സത എത്ര വലുതെന്ന്‌ വ്യക്തമാക്കുന്നതാണ്‌. ഇത്‌ അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഈ നിയമത്തിന്റെ മറവില്‍ വളരെയധികം മനുഷ്യജീവനെ കൊന്നൊടുക്കി എന്നത്‌ ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്‌. ദയാവധം െ‍#ന്ന ഓമനപ്പേരില്‍ കൊലപാതകം തന്നെ നടപ്പാക്കാനുള്ള കേരളാ ഗവണ്‍മെന്റിന്റെ ഈ നീക്കത്തില്‍ നിന്ന്‌ പിന്‍തിരിയേണ്ടതാണ്‌. ദയാനധം അനുവദിക്കുന്നതിലൂടെ മനുഷ്യനെ കൊല്ലുവാനുള്ള അതിക്രൂരവും ബീഭത്സവുമായ നിയമം നടപ്പിലാക്കാനുള്ള ഗവണ്‍മെന്റ്‌ നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണം. മനുഷ്യമഹത്വം അംഗീകരിക്കുകയും ഈശ്വരവിശ്വാസമുള്ളവരുമായ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ലനിയമ പരിഷ്ക്കരണ സമിതിയുടെ കിരാതമായ ഈ നിര്‍ദ്ദേശങ്ങള്‍. ജനങ്ങള്‍ കുറവുള്ള രാജ്യങ്ങള്‍ വന്‍തകര്‍ച്ച അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയും ജനങ്ങള്‍ അധികമുള്ള ചൈനയും ഇന്ത്യയും വന്‍വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്‌ വ്യക്തമായിക്കൊണ്ടിരിക്കുന്നഈ കാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളില്‍ കുറവ്‌ സംഭവിച്ചില്ലെങ്കില്‍ തകര്‍ച്ച ഉണ്ടാകുമെന്ന്‌ നിയമ പരിഷ്ക്കരണ സമിതി നിര്‍ദ്ദേശിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ വിദേശശക്തികളുടെ കൈകടത്തല്‍ ഉണ്ടോ എന്നു പോലും സംശയിക്കുന്നു. ഇന്ത്യയിലെ വളര്‍ച്ച തടയാനുള്ള നീക്കം തന്നെയല്ലെ ഇത്‌. രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ യാതൊരു ആനുകൂല്യവും നല്‍കാന്‍ പാടില്ലാ എന്നും പരിഷ്ക്കരണ സമിതി നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്ത്‌ അടിയന്തിര ശ്രദ്ധ പതിയേണ്ട നിരവധി നിയമനിര്‍മാണ മേഖനകള്‍ ഉള്ളപ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു പറ്റാനും മനുഷ്യാവകാശം നിഷേധിക്കുവാനുമുള്ള നീക്കം അപലപനീയമാണ്‌. കുടുംബ സംവിധാനം ക്രമീകരിക്കാനും കുട്ടികളെ സ്വീകരിക്കാനുമുള്ള വിവാഹത്തിലൂടെ മനുഷ്യന്‌ ലഭിക്കുന്ന അവകാശം നൈസര്‍ഗ്ഗീകമാണ്‌.

വിശ്വാസത്തോടും പൗരാവകാശത്തോടുമുള്ള വെല്ലുവിളി : മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

കേരള സര്‍ക്കാര്‍ നിയമിച്ച നിയമ പരിഷ്കരണ സമിതിയുടെ നിര്‍ദേശങ്ങളില്‍ ക്രൈസ്തവരെ സംബന്ധിക്കുന്ന പലതും മതവിശ്വാസആചാരങ്ങളെ നിഷേധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ധാര്‍മിക മൂല്യങ്ങളെ അവമതിക്കുന്നതുമാണ്‌. അതിലൊന്നാണ്‌ ദയാവധം. ഓമനത്തമുള്ള പേരിനു പിന്നിലുള്ള പ്രവൃത്തി വളരെ ഹീനവും മനുഷ്യജീവന്മേലുള്ള കടന്നാക്രമണവുമാണ്‌. രോഗംമൂലം തീരാവേദന അനുഭവിക്കുന്ന വ്യക്തിക്കു ജീവിക്കണമെന്ന്‌ തെല്ലും താത്പര്യമില്ലാത്ത അവസ്ഥയില്‍ ഇനിയൊട്ടും ജീവിക്കേണ്ടായെന്ന്‌ വ്യക്തമാക്കുകയും ബന്ധുക്കള്‍ക്ക്‌ അതില്‍ എതിര്‍പ്പില്ലാതിരിക്കുകയും രോഗമുക്തി അസാധ്യമാണെന്നു മൂന്നു ഡോക്ടര്‍മാര്‍സാക്ഷ്യപ്പെടുത്തുകയും ചെയ്താലേ ദയാവധം പാടുള്ളൂവെന്ന്‌ നിയമത്തില്‍ അനുശാസിക്കുന്നുണ്ടെങ്കിലും ദയാവധം കത്തോലിക്കാവിശ്വാസികള്‍ക്ക്‌ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കാരണം ജീവന്റെ ഉടമസ്ഥന്‍ എല്ലാ അര്‍ഥത്തിലും ദൈവം മാത്രമാണ്‌. ജീവന്റെ ആരംഭംമുതല്‍ അവസാനംവരെ അതു കാത്തുസംരക്ഷിക്കുവാനും വളര്‍ത്തി പരിപോഷിപ്പിക്കുവാനുമുള്ള കടമയാണ്‌ മനുഷ്യനുള്ളത്‌. അല്ലാതെ അവസാനിപ്പിക്കാനുള്ള ലൈസന്‍സല്ല. നിയമപരിഷ്കാരത്തിലെ ദയാവധം ജീവനെ കവര്‍ന്നെടുക്കലാണ്‌. കൊല്ലരുതെന്ന ദൈവപ്രമാണത്തിനു വിരുദ്ധവുമാണ്‌.അതിനാല്‍ രോഗിയുടെ നിരന്തര അഭ്യര്‍ഥനയും ബന്ധുക്കളുടെ സമ്മതവും ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തലും ഇക്കാര്യത്തില്‍ സ്വീകാര്യമല്ലെന്ന്‌ കത്തോലിക്കാസഭ സംശയാതീതമായി പഠിപ്പിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കളുണ്ടായാല്‍ പൗരന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നാണ്‌ മറ്റൊരു നിര്‍ദേശം. ജനസംഖ്യാ വര്‍ധനവ്‌ ഭയന്നായിരിക്കാം കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയത്‌. എന്നാല്‍, സാമ്പത്തിക അസമത്വത്തിന്‌ മുഖ്യകാരണം ജനസംഖ്യാവര്‍ധനവല്ല, സ്നേഹ സാഹോദര്യത്തിന്റെ അഭാവമാണെന്ന്‌ സാമ്പത്തിക വിചക്ഷണന്മാര്‍ മനസിലാക്കിയിരുന്നെങ്കില്‍! രണ്ടില്‍ കൂടുതല്‍ മക്കള്‍ പാടില്ലെന്ന നിര്‍ദേശം പ്രാകൃതവും ദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണവുമാണ്‌.സഭ പഠിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള പിതൃത്വംവഴി എത്ര മക്കളാകാമെന്നു തീരുമാനിക്കാനുള്ള അവകാശം ദമ്പതികള്‍ക്കാണ്‌. സഭയുടെ ഈ പഠനത്തിലൂടെ ദമ്പതികളുടെ മഹത്വവും സ്വാതന്ത്ര്യവും അന്യൂനം സംരക്ഷിക്കപ്പെടുന്നുണ്ട്‌. കുടുംബബന്ധത്തെക്കുറിച്ച്‌ ആര്‍ഷഭാരത ദര്‍ശനങ്ങളെ വികൃതമാക്കുന്ന ഇത്തരം നിയമങ്ങളോട്‌ കത്തോലിക്കാ സഭയ്ക്ക്‌ യോജിക്കാനാകില്ല. സഭയുടെ പ്രതിഷേധം ഇതിനകം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്‌.സഭാസ്വത്തുക്കള്‍ ട്രസ്റ്റിന്റെ കീഴിലാക്കണമെന്ന മൂന്നാമത്തെ നിര്‍ദേശത്തെ സംബന്ധിച്ച്‌ ചാനലുകളില്‍ വന്ന കമന്റുകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്‌. ഇന്ത്യയിലെ സ്വത്തുക്കളുടെ അവകാശി റോമിലെ മാര്‍പാപ്പയാണെന്ന്‌ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കത്തോലിക്കാസഭയുടെ നടപടിക്രമങ്ങള്‍ വ്യക്തമായി അറിയാവുന്ന പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട്‌ ഇത്തരം പ്രസ്താവനകള്‍ നടത്തിയെന്ന്‌ അറിഞ്ഞുകൂടാ.സഭയുടെ സ്വത്ത്‌ മാര്‍പാപ്പയുടെയോ മെത്രാന്റെയോ വികാരിയുടെയോ അല്ല. അത്‌ വിശ്വാസികളുടെ സഭാസമൂഹത്തിന്റേതാണ്‌. അതിനു വ്യക്തമായ നിയമങ്ങളും അനുഷ്ഠാനരീതികളുമുണ്ട്‌. മെത്രാനും വികാരിയും അതിന്റെ കാര്യസ്ഥന്മാര്‍ മാത്രമേ ആകുന്നുള്ളൂ. സഭയുടെ ചെറിയ ഘടകമായ ഇടവകയുടെ സ്വത്ത്‌ ഇടവകയുടേതാണ്‌. അത്‌ കൈകാര്യം ചെയ്യുന്നത്‌ ഇടവകവികാരി ഉള്‍പ്പെടുന്ന ഇടവകയോഗവും യോഗം തെരഞ്ഞെടുക്കുന്ന കൈക്കാരന്മാരു മാണ്‌.നടത്തിപ്പില്‍ എന്തെങ്കിലും ക്രമക്കേടുണ്ടോയെന്ന്‌ പരിശോധിക്കുവാന്‍ നിയമാനുസൃത സംവിധാനവും സഭയ്ക്കുണ്ട്‌. വര്‍ഷംതോറും ഇടവകയുടെ കണക്ക്‌ യോഗം തെരഞ്ഞെടുക്കുന്ന ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ പരിശോധിച്ച്‌ ഓഡിറ്റിംഗ്‌ നടത്തി പൊതുയോഗത്തില്‍ വായിച്ച്‌ പാസാക്കി രൂപതാ കാര്യാലയത്തില്‍നിന്ന്‌ അംഗീകാരം വാങ്ങുന്ന സുതാര്യമായ നടപടിക്രമം സഭയില്‍ നിലനിന്നുപോരുന്നുണ്ട്‌. രൂപതാതലത്തിലാണെങ്കില്‍ മായര്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ ഫൈനാന്‍സ്‌ കമ്മിറ്റിയാണ്‌ കാര്യങ്ങള്‍ നടത്തുന്നത്‌. ഇതിനെല്ലാം പുറമേ കേന്ദ്ര സര്‍ക്കാരിന്റെ പല നിബന്ധനകള്‍ക്കു വിധേയപ്പെട്ടാണ്‌ ഇപ്പോഴും സ്വത്ത്‌ കൈകാര്യം ചെയ്യുന്നത്‌. ഇത്രയും സുതാര്യതയോടുകൂടി ചെയ്തുവരുന്ന ഇന്നത്തെ രീതിയില്‍നിന്ന്‌ വ്യത്യസ്തമായ എന്തു പരിഷ്കാരമാണാവോ പുതിയ നിയമനിര്‍മാണം വഴി സമൂഹത്തില്‍ നടപ്പാക്കന്‍ പോകുന്നത്‌!സഭയുടെ സ്വത്തിന്റെ കാര്യത്തില്‍ ആകുലത കാണിക്കുന്ന കമ്മീഷന്‍ ആദ്യമേ സര്‍ക്കാരിന്റെ ധൂര്‍ത്ത്‌ അവസാനിപ്പിക്കാനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നികുതിദായകരായ ജനങ്ങളെ അതു ബോധ്യപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കാതിരുന്നത്‌ എന്താണ്‌? സര്‍ക്കാര്‍ അധികാരികളുടെയും ഭരണകര്‍ത്താക്കളുടെയും കൈക്കൂലി, കോഴ, ഹവാല കാര്യങ്ങളെക്കുറിച്ചൊക്കെ മൗനം പാലിക്കുന്നതെന്താണ്‌? സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായി രിക്കണമെന്ന്‌ സഭയ്ക്ക്‌ നിര്‍ബന്ധമുണ്ട്‌. എന്നാല്‍ പുതിയ നിയമനിര്‍മാണത്തിലൂടെ സഭയെ രാഷ്ട്രീയകക്ഷികളുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക്‌ അടിമപ്പെടുത്താനാണ്‌ ഉദ്ദേശ്യമെങ്കില്‍ നമ്മുടെ പരിപാവനമായ ജനാധിപത്യ സംവിധാനത്തെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.

ദയാവധം വേണമെന്ന ശിപാര്‍ശ മനുഷ്യത്വരഹിതം: ബിഷപ്‌ ഡോ. കല്ലറയ്ക്കല്‍

ദയാവധം നടപ്പില്‍ വരുത്തണമെന്ന നിയമ പരിഷ്ക്കരണ സമിതിയുടെ ശിപാര്‍ശ മനുഷ്യത്വരഹിതമെന്നു കെആര്‍എല്‍സിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ്‌- ചെയര്‍മാനുമായ കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. ജീവന്റെ ഉടമ ദൈവം മാത്രമാണ്‌. ദൈവത്തില്‍നിന്നു ലഭിക്കുന്ന ജീവന്‍ ദയാവധമെന്ന പേരിലായാല്‍ പോലും നശിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ല. ഇത്തരം കാടന്‍ നിയമങ്ങളെ അംഗീകരിക്കാനാകില്ലെന്നും ബിഷപ്‌ വ്യക്തമാക്കി. രണ്ടു കുട്ടികളില്‍ കൂടുതലായാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും റദ്ദു ചെയ്യണമെന്ന ശിപാര്‍ശയും മനുഷ്യത്വരഹിതമാണ്‌. വിവാഹം കഴിക്കുന്നവരാണ്‌ എത്ര കുട്ടികളുണ്ടാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌. അതില്‍ കൈകടത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്‌- ബിഷപ്‌ കല്ലറയ്ക്കല്‍ ചൂണ്ടിക്കാട്ടി.

Thursday, January 8, 2009

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ഇടപെടണം: കെ.സി.ബി.സി

ഗാസയില്‍ നിരായുധരായ ഒരുകൂട്ടം മനുഷ്യര്‍ക്കുമേല്‍ നടത്തുന്ന കടന്നാക്രമണങ്ങളും കൂട്ടക്കുരുതിയും നിസംഗതയോടെ കാണാതെ മനുഷ്യ ജീവന്‍ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഭാരതം ക്രിയാത്മകമായി അടിയന്തിരമായി ഇടപെടണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ഥിച്ചു. ഹമാസ്‌ ഭീകരവാദികളെ നേരിടാനായി സാധാരണ ജനങ്ങള്‍ക്കു നേരേ അക്രമണം അഴിച്ചു വിടുന്ന ഇസ്രായേല്‍ നിലപാടിനെ ന്യായീകരിക്കാനാവില്ല. ഭീകരവാദത്തിനുള്ള പരിഹാരം യുദ്ധവും ആക്രമണവുമല്ല.ഇസ്രായേലിന്റെ ജനവാസ മേഖലകളിലേക്ക്‌ റോക്കറ്റുകള്‍ തൊടുത്തുവിടുന്ന ഹമാസിന്റെ ഉദ്ദേശ്യശുദ്ധിയെയും സംശയിക്കേണ്ടിയിരിക്കുന്നു. ആറു പതിറ്റാണ്ടുകാലമായി യുദ്ധവും അധിനിവേശവും വിതച്ച വിനാശങ്ങളെ സധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്ത പലസ്തീന്‍ ജനത ഇപ്പോള്‍ നേരിടുന്ന സഹനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പീഡിപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടിയും പശ്ചിമേഷ്യയില്‍ സമാധാനം സംജാത മാകുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുവാനും കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

നിയമ പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ -മനുഷ്യജീവന്റെ മേലുള്ള കടന്നു കയറ്റം : കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

ദയാവധം അനുവദിക്കണമെന്നും രണ്ടില്‍ക്കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നുമുള്ള ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നടത്തിയ നിയമ പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മനുഷ്യ ജീവന്റെ മേലുള്ള കടന്നുകയറ്റമാണെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്‌. അതിനെ നശിപ്പിക്കാന്‍ മനുഷ്യന്‌ അവകാശമില്ല. ജീവനെ സംരക്ഷിക്കുവാന്‍ മാത്രമെ മനുഷ്യനവകാശമുള്ളൂ. ജീവദാതാവായ ദൈവത്തിന്റെ സ്ഥാനത്തുനിന്നുകൊണ്ട്‌ വിധികര്‍ത്താവാകുവാനുള്ള അവകാശം മനുഷ്യനാരും നല്‍കിയിട്ടില്ല. ഭൂരിഭാഗം മതവിശ്വാസികളായ കേരള ജനതയ്ക്ക്‌ ദയാവധത്തെ അംഗീകരിക്കുവാനോ അതിനു കൂട്ടുനില്‍ക്കുവാനോ സാധിക്കുകയില്ല. നിയമപരിഷ്ക്കരണസമിതിയുടെ ഈ നിര്‍ദ്ദേശം മാതാപിതാക്കളെ വാര്‍ദ്ധക്യത്തില്‍ നല്ല രീതിയില്‍ പരിപാലിക്കുന്ന സാധാരണക്കാരായ മക്കള്‍ക്ക്‌ തെറ്റായ സന്ദേശം നല്‍കുവാനേ ഉപകരിക്കുകയുള്ളൂ. രണ്ട്‌ മക്കളില്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുവാനുള്ള നിര്‍ദ്ദേശം മനുഷ്യാവകാശ ലംഘനവും മതവിശ്വാസത്തിന്മേലുള്ള കടന്നു കയറ്റവുമാണ്‌. സാമൂഹ്യനീതിയും സന്തുലിതാവസ്ഥയും സമൂഹത്തിലുണ്ടാകുവാന്‍ നിര്‍ബന്ധിത ജനനനിയന്ത്രണമല്ല വേണ്ടത്‌. മറിച്ച്‌, സമ്പത്ത്‌ പങ്കു വയ്ക്കുവാന്‍ ജനങ്ങള്‍ക്ക്‌ ബോധവത്ക്കരണമാണ്‌ നല്‍കേണ്ടത്‌. 80 ശതമാനം ആളുകള്‍ അനുഭവിക്കേണ്ട രാജ്യത്തിന്റെ സമ്പത്തുകൊണ്ട്‌ 20 ശതമാനം ആളുകള്‍ ആഡംബരജീവിതം നയിക്കുകയും 20 ശതമാനം ആളുകള്‍ അനുഭവിക്കേണ്ട സമ്പത്തുകൊണ്ട്‌ 80 ശതമാനം ആളുകള്‍ പങ്കുവയ്ക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ്‌ ഇന്ന്‌ ഭാരതത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ അനീതിക്കും അസന്തുലിതാവസ്ഥയ്ക്കും പ്രധാന കാരണം.മാതാപിതാക്കള്‍ക്ക്‌ എത്ര മക്കള്‍ ഉണ്ടാകണമെന്നത്‌ അവരുടെ സ്വകാര്യ കുടുംബ കാര്യമാണ്‌. അല്ലാതെ എത്രമക്കള്‍ ഉണ്ടാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ നിയമപരിഷ്ക്കരണ സമിതിയല്ല. ഇത്തരത്തിലുള്ള നിയമോപദേശം കുടുംബത്തിന്റെ സ്വകാര്യതയിന്മേലുള്ള കടന്നു കയറ്റവും മനുഷ്യാവകാശലംഘനവുമാണ്‌. ജനസംഖ്യ സന്തുലിതമായി നിലനില്‍ക്കേണ്ടതിന്‌ ഓരോ കുടുംബത്തിനും 2.1 ശതമാനം കുട്ടികള്‍ വേണം. 10 മുതല്‍ 15 ശതമാനം വരെ വന്ധ്യത ഇന്ന്‌ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ശരാശരി 3 കുഞ്ഞുങ്ങള്‍ വേണ്ടതാണ്‌. അനേകം രാജ്യങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം 2.1 -ല്‍ കുറവാണ്‌. കേരളത്തില്‍ സാമ്പത്തിക ഉന്നമനത്തിന്റെ ഉറവിടം മനുഷ്യസമ്പത്താണ്‌. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ ആളുകളാണ്‌ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ അടിസ്ഥാനം പ്രധാനപ്പെട്ട മേഖലകളില്‍ പ്രത്യേകിച്ച്‌ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുവാന്‍ ആളുകളെ ലഭിക്കുന്നില്ല. പലപ്പോഴും അത്യാവശ്യത്തിനുള്ള ജോലികള്‍ക്കു പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്്‌. ആയതിനാല്‍ ദയാവധം നടപ്പിലാക്കാനും രണ്ടില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങല്‍ക്കും ആനുകൂല്യം നിഷേധിക്കുവാനുള്ള നിയമ പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജന നന്മയല്ല, പൊതുജന ദ്രോഹമാണ്‌ ഉണ്ടാക്കുക. ഇതിനെതിരെ മതവിശ്വാസികള്‍ ശക്തമായി പ്രതികരിക്കും - കെ.സി.ബി. ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു.

സഭയുടെ സ്വത്ത്‌ വിശ്വാസികളുടേത്‌ തന്നെ : റവ.ഡോ. പോള്‍ തേലക്കാട്ട്‌

ഒരു സന്നദ്ധ സംഘം എന്ന വിധത്തില്‍ സഭയ്ക്ക്‌ അതിന്റെ സ്വത്ത്‌ അതിന്റെ നിയമഘടന അനുസരിച്ചു പരിരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. കത്തോലിക്കാ സഭയുടെ സ്വത്ത്‌ സഭയുടെ കാനോന്‍ നിയമം അനുസരിച്ചു പരികര്‍മം ചെയ്യുന്നതിനുള്ള അവകാശം ഇന്ത്യയിലെ കോടതികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. അതിനാല്‍ പുറത്തുനിന്നുള്ള അനധികൃത കൈയേറ്റങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. സഭയുടെ നിയമം അനുസരിച്ചാണോ സ്വത്ത്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതു പരിശോധിക്കാനുള്ള അവകാശം രാജ്യത്തെ കോടതികള്‍ക്കു ള്ളതാണ്‌. ഇതാണ്‌ എല്ലാ രാജ്യങ്ങള്‍ക്കും പിന്തുടര്‍ന്നു വരുന്ന രീതി. ചൈനയിലും റഷ്യയിലും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പരിഗണിക്കുന്നതു കാനോന്‍ നിയമം അനുസരിച്ചുള്ള സഭയുടെ സ്വത്തിന്റെ വിനിയോഗമാണ്‌. സഭയുടെ സ്വത്ത്‌ ആദര്‍ശാധിഷ്ഠിതമായി ഉപയോഗിക്കണമെന്നും അത്‌ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങ ള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്നുള്ളതും എല്ലാവരും ആഗ്രഹിക്കുന്നതും തര്‍ക്കമില്ലാത്തതുമാണ്‌. ഇതില്‍ അഴിമതി, ധൂര്‍ത്ത്‌ എ ന്നിവ കടന്നുവരാതിരിക്കണമെന്നുള്ളതിലും പക്ഷാന്തരമില്ല. ഇപ്പോള്‍ കത്തോലിക്കാസഭയില്‍ എല്ലാ ദേശങ്ങളിലും ഇന്നു നിലവിലിരിക്കുന്നതും എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കുന്നതുമായ കാനോന്‍ നിയമവ്യവസ്ഥകളും ഇതു തന്നെയാണ്‌. സഭയുടെ സ്വത്ത്‌ ആരുടെയും സ്വകാര്യ സ്വത്താക്കാന്‍ പാടില്ല. അതു മാര്‍പാപ്പയുടെയോ മെത്രാന്മാരുടെയോ വൈദികരുടെയോ ആകരുത്‌. കാനോന്‍നിയമത്തില്‍ സഭാസ്വത്ത്‌ മുഴുവന്റെയും
“admistrator and steward” എന്നാണ്‌ മാര്‍പാപ്പയെ വിളിക്കുന്നത്‌. അതായത്‌ സ്വത്തിന്റെ കാര്യസ്ഥതയുണ്ട്‌, ഉടമസ്ഥതയില്ല.രൂപതയുടെ സ്വത്തിന്റെ കാര്യസ്ഥത, സ്ഥലത്തെ മെത്രാനാണ്‌. അദ്ദേഹം അതു കൈകാര്യം ചെയ്യുന്നതു ഫൈനാന്‍സ്‌ കൗണ്‍സിലിന്റെ സഹായത്താല്‍ ഒരു ഫൈനാന്‍സ്‌ ഓഫീസറെ വച്ചാണ്‌. പല സ്ഥലങ്ങളിലും ഈ ഫൈനാന്‍സ്‌ ഓഫീസര്‍ വൈദികനാകണമെന്നു നിര്‍ബന്ധമില്ല. ക്രൈസ്തവ വിശ്വാസിയായിരിക്കണമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. രൂപതയുടെ സാമ്പത്തിക ഉന്നതാധികാരിസമിതി (
finance council)യില്‍ മെത്രാന്റെ ബന്ധത്തില്‍പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ട്‌ (
CEO263). ഞാന്‍ അംഗമായ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഫൈനാന്‍സ്‌ കൗണ്‍സിലില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കൂടാതെ രണ്ടു സഹായ മെത്രാന്മാരും, ഫൈനാന്‍സ്‌ ഓഫീസറായ ഒരു വൈദികനും അഞ്ച്‌ അല്‍മായരുമാണ്‌ അംഗങ്ങള്‍.ഇതുപോലെ ഇടവകയില്‍ വികാരിയച്ചനും അല്‍മായരായ കൈക്കാരന്മാരും (trustees) ചേര്‍ന്നാണ്‌ പള്ളിയുടെ വസ്തുവകകളും പണവും കൈകാര്യം ചെയ്യേണ്ടത്‌. ഇവര്‍ തങ്ങളുടെ നടപടി വിവരം ഇടവക യോഗത്തില്‍ അഥവാ കൗണ്‍സിലില്‍ വച്ചു പാസാക്കണം. ഇടവകയോഗമാണ്‌ കൈക്കാരന്മാരെ തെരഞ്ഞെടുക്കുന്നത്‌.പങ്കാളിത്തപരമായ ശൈലി ഇ വിടെയെല്ലാം ഉണ്ട്‌. എങ്കിലും പ രിപൂര്‍ണമായ ജനാധിപത്യത്തി ന്റെ, ഭൂരിപക്ഷവോട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലിയല്ല കത്തോലിക്കാ സഭയുടേത്‌. സഭയുടെ സമ്പത്ത്‌ പരികര്‍മത്തിനു സര്‍ക്കാര്‍ നിയമമുണ്ടാക്കി സഭയുടെമേല്‍ അടിച്ചേല്‍പിക്കണമെന്നു വാദിക്കുന്നവരുടെ ലക്ഷ്യമെന്ത്‌? സഭയുടെ സ്വത്ത്‌ വിശ്വാസികളുടേതു തന്നെ. മെത്രാനും വൈദികരും അല്‍മായരും വിശ്വാസികളായിരിക്കണം - വിശ്വാസത്തിന്റെ വേഷമുണ്ടായാല്‍ പോരാ. ഈ വേഷം കെട്ടുകാര്‍ സഭയ്ക്കുള്ളില്‍ ട്രോജന്‍ കുതിരകളാകും

ദയാവധം വേണമെന്ന ശിപാര്‍ശ മനുഷ്യത്വരഹിതം: ബിഷപ്‌ ഡോ. കല്ലറയ്ക്കല്‍

ദയാവധം നടപ്പില്‍ വരുത്തണമെന്ന നിയമ പരിഷ്ക്കരണ സമിതിയുടെ ശിപാര്‍ശ മനുഷ്യത്വരഹിതമെന്നു കെആര്‍എല്‍സിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ്‌- ചെയര്‍മാനുമായ കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. ജീവന്റെ ഉടമ ദൈവം മാത്രമാണ്‌. ദൈവത്തില്‍നിന്നു ലഭിക്കുന്ന ജീവന്‍ ദയാവധമെന്ന പേരിലായാല്‍ പോലും നശിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ല. ഇത്തരം കാടന്‍ നിയമങ്ങളെ അംഗീകരിക്കാനാകില്ലെന്നും ബിഷപ്‌ വ്യക്തമാക്കി. രണ്ടു കുട്ടികളില്‍ കൂടുതലായാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും റദ്ദു ചെയ്യണമെന്ന ശിപാര്‍ശയും മനുഷ്യത്വരഹിതമാണ്‌. വിവാഹം കഴിക്കുന്നവരാണ്‌ എത്ര കുട്ടികളുണ്ടാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌. അതില്‍ കൈകടത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്‌- ബിഷപ്‌ കല്ലറയ്ക്കല്‍ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ മതവിരുദ്ധത വളര്‍ത്തുന്നു: മാര്‍ പവ്വത്തില്‍

മാധ്യമങ്ങളിലെ തെറ്റായ ആശയങ്ങള്‍ മനുഷ്യമനസിനെ ദുഷിപ്പിക്കുകയും മതവിരുദ്ധത വളര്‍ത്തുകയും ചെയ്യുന്നുവെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. നെടുങ്കുന്നം ഫൊറോന മാതൃജ്യോതിസ്‌-പിതൃവേദി പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങളില്‍ ആക്രമണ പ്രവണത വളര്‍ത്തുന്നതിനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനും ദിശാബോധമില്ലാത്ത മാധ്യമങ്ങള്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള ദുഷ്പ്രവണതകളില്‍ മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കണമെന്ന്‌ മാര്‍ പവ്വത്തില്‍ പറഞ്ഞു.നെടുങ്കുന്നം ഫൊറോനയിലെ 16 ഇടവകകളില്‍ നിന്നും പങ്കെടുത്ത മാതൃജ്യോതിസ്‌, പിതൃവേദി സമ്മേളനം ഉദയപൂര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ്‌ പതാലില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.തോമസ്‌ കണ്ണമ്പള്ളി അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ.ജയിംസ്‌ കുന്നില്‍ മാര്‍ഗനിര്‍ദേശ പ്രസംഗം നടത്തി. വി.വി.ഗ്രിഗറി ക്ലാസ്‌ നയിച്ചു.അതിരൂപത പിതൃവേദി പ്രസിഡന്റ്‌ ജോസ്‌ കൈലാത്ത്‌, സിസ്റ്റര്‍ മിസ്റ്റിക്ക സി.എം.സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ.ജോസ്‌ മുകളേല്‍, സിസ്റ്റര്‍ ബെറ്റി റോസ്‌ കവലയ്ക്കല്‍ എസ്‌.എ.ബി.എസ്‌, ജോസ്‌ വാരിക്കാട്ട്‌, അലക്സാണ്ടര്‍ ജോസഫ്‌, ജോണ്‍സി കാട്ടൂര്‍, ലാലപ്പന്‍ നെല്ലിക്കന്‍, ജോസ്‌ വരിക്കമാക്കല്‍, വല്‍സമ്മ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി

Tuesday, January 6, 2009

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകില്ലെങ്കില്‍ ഒറീസ സര്‍ക്കാര്‍ പോകണം: സുപ്രീം കോടതി

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ ഒറീസ സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്ന്‌ സുപ്രീം കോടതി. ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരേ തുടരുന്ന അക്രമം തടയുന്നതില്‍ കടുത്തഅലംഭാവമുണെ്ടന്ന്‌ വിലയിരുത്തിയ സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.ഒറീസയില്‍ കേന്ദ്രസേനയെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ കട്ടക്‌- ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. റാഫേല്‍ ചീനാത്ത്‌ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ലോക്സഭ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതിന്റെ പേരില്‍ കേന്ദ്രസേനയെ സംസ്ഥാനത്തുനിന്ന്‌ പിന്‍വലിച്ച്‌ മറ്റിടങ്ങളില്‍ വിന്യസിക്കാന്‍ നടത്തുന്ന നീക്കം തടയണമെന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌.ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ച കോടതി, സൈന്യം ഇപ്പോഴുള്ളതു പോലെ തന്നെ തുടരണമെന്ന്‌ നിര്‍ദേശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമമുണ്ടാകുകയില്ലെന്ന്‌ ബോധ്യമായതിനുശേഷം മാത്രമേ സേനയെ പിന്‍വലിക്കാവൂ. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ആലോചന നടത്തണമെന്നും ജസ്റ്റീസുമാരായ മാര്‍ക്കണേ്ടയ കഡ്ജു, പി. സദാശിവം എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക്‌ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചപ്പോഴാണ്‌ ഒറീസ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്‌. വി.എച്ച്‌.പി നേതാവ്‌ ലക്ഷ്മണാനന്ദ സരസ്വതിയുടെ വധവുമായി ബന്ധപ്പെട്ട്‌ തെളിവില്ലാത്ത ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ സമുദായാംഗങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ച സംഭവം ലോകത്തെ നടുക്കിയിരുന്നു. അക്രമങ്ങള്‍ തടയുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ശരിയായ രീതിയില്‍ പാലിച്ചുവെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്‌. എന്നാല്‍, നിങ്ങള്‍ നടപടിയെടുത്തത്‌ 50,000-ത്തോളം വരുന്ന ന്യൂനപക്ഷ സമുദായംഗങ്ങള്‍ കാടുകളിലേക്ക്‌ പലായനം ചെയ്തതിന്‌ ശേഷമാണ്‌ : പരമോന്നത കോടതി ഓര്‍മി പ്പിച്ചു.ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത്‌ അനുവദിക്കാനാവില്ലെന്ന്‌ ജസ്റ്റീസ്‌ മാര്‍ക്കണേ്ടയ കഡ്ജു പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവച്ചൊഴിയണം. ന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം ഉറപ്പാക്കണം. ഒരു ന്യൂനപക്ഷ സമുദായത്തിനും രാജ്യത്ത്‌ സുരക്ഷിതമില്ലാത്ത സ്ഥിതിയുണ്ടാവരുത്‌: ജസ്റ്റീസ്‌ കഡ്ജു ചൂണ്ടി ക്കാട്ടി.കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന്‌ സുപ്രീം കോടതി നിര്‍ദേശിച്ചു. ക്രൈസ്ത വരോട്‌ വിവേചനം കാട്ടുന്നു വെന്ന ഹര്‍ജിയിലെ ആരോപണത്തിന്‌, എല്ലാ ആരാധനാലയങ്ങള്‍ക്കും ഒരുപോലെ സഹായം നല്‍കുന്നതിന്‌ ചില സാങ്കേതിക തടസമു ണെ്ടന്നാണ്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്‌. സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.അക്രമത്തിനിടെ തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണമെന്ന്‌ നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ദേവാലയങ്ങള്‍ മതസ്ഥാപനമായതിനാല്‍ സഹായം നല്‍കാനാവില്ലന്ന ഒറീസ സര്‍ക്കാരിന്റെ നിലപാടിനെ കഴിഞ്ഞ ഒക്ടോബറില്‍ കേസ്‌ പരിഗണിച്ചപ്പോഴും കോടതി വിമര്‍ ശിച്ചിരുന്നു.ഇതിനിടെ, ഒറീസയില്‍ മാനഭംഗത്തിനിരയായ കന്യാസ്ത്രീ തന്നെ പീഡിപ്പിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ അന്വേഷണ സംഘം ഇന്നലെ ബുവനേശ്വറില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ്‌ കന്യാസ്ത്രീ രണ്ടുപേരെ തിരിച്ചറിഞ്ഞത്‌.

സ്നേഹവും സേവനവും കര്‍മമണ്ഡലത്തിലെ മുഖമുദ്ര: കാതോലിക്കാ ബാവ

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ സ്നേഹവും, ഐക്യവും, സേവനവും കൈമുതലാക്കി വിശ്വാസസംരക്ഷകരായി മാറണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. വടശേരിക്ക സെന്റ്‌ ആന്റണീസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍ റാന്നി പെരുനാട്‌ വൈദിക ജില്ല മലങ്കര കാത്തലിക്‌ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദൈവസ്നേഹം ഉള്ളില്‍ വഹിക്കുന്നവര്‍ക്കു മാത്രമേ സമൂഹത്തിനും, സഭയ്ക്കും പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ കഴിയൂവെന്ന്‌ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച പ്രവര്‍ത്തകരെ അദ്ദേഹം പൊന്നാട അണിയിച്ച്‌ ആദരിച്ചു.വൈദിക ജില്ലാ പ്രസിഡന്റ്‌ സണ്ണി കണ്ണംമണ്ണില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.സി സനല്‍കുമാര്‍ മുഖ്യപ്രഭാഷണവും, സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു.അതിരൂപത ആത്മീയ ഉപദേഷ്ടാവ്‌ ഫാ.ഹോര്‍മിസ്‌ പുത്തന്‍വീട്ടില്‍, ഫാ.തോമസ്‌ മരോട്ടിമൂട്ടില്‍, ഫാ.വര്‍ഗീസ്‌ കൂത്തനേത്ത്‌, സജി അലക്സാണ്ടര്‍, ടി.എ രാജു എന്നിവര്‍ പ്രസംഗിച്ചു.രാവിലെ നടന്ന കുര്‍ബാനയ്ക്ക്‌ വടശേരിക്കര പള്ളി വികാരി ഫാ.ജോണ്‍ വര്‍ഗീസ്‌ പാലനില്‍ക്കുന്നതില്‍ നേതൃത്വം നല്‍കി. കുര്‍ബാനയേ തുടര്‍ന്നു നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അപ്പിനഴികത്ത്‌ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

വിശ്വാസസമൂഹം യേശുവിനായി നീട്ടപ്പെട്ട കരങ്ങളായി വര്‍ത്തിക്കണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

കുടുംബക്കൂട്ടായ്മകളിലൂടെ വളര്‍ന്ന്‌ വിശ്വാസസമൂഹം യേശുവിനായി നീട്ടപ്പെട്ട കരങ്ങളായി വര്‍ത്തിക്കണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. അങ്കമാലി സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ ഇടവകയിലെ കുടുംബയൂണിറ്റുകളുടെ സംയുക്തവാര്‍ഷികാഘോഷ സമാപന ത്തോടനുബന്ധിച്ച്‌ ഹോളിഫാമിലി സ്കൂളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. ആഴവും ആധ്യാത്മിക ആരോഗ്യവുമുള്ള ഒരു വിശ്വാസസമൂഹമാണ്‌ അങ്കമാലിയിലേതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബകൂട്ടായ്മകളിലൂടെയാണ്‌ സഭയുടെ നാളത്തെ ഭാവി നിശ്ചയിക്കപ്പെടുന്നതെന്നും, ആ ഭാവി മനോഹരമായിത്തീര്‍ക്കാന്‍ വിശ്വാസസമൂഹം ഒന്നായി പരിശ്രമിക്കണമെന്നും ബിഷപ്‌ പറഞ്ഞു. നിര്‍ധനര്‍ക്കായി മനോഹരമായ വീടുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന അങ്കമാലി ഫൊറോനയിലെ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അനുമോദിച്ചു. സമ്മേളനത്തില്‍ ഫൊറോനാ വികാരിയും ഫാമിലി യൂണിയന്‍ ചെയര്‍മാനുമായ ഫാ.ജോസഫ്‌ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ്‌ തെറ്റയില്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ ലില്ലി രാജു, സിസ്റ്റര്‍ സാലസ്‌ എഫ്‌.സി.സി, കൗണ്‍സിലര്‍മാരായ ടി.ഡി.ഡേവിഡ്‌, ബേബി.വി.മുണ്ടാടന്‍, ട്രസ്റ്റി സി.പി.സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാമിലി യൂണിയന്‍ വൈസ്‌ ചെയര്‍മാന്‍ തങ്കച്ചന്‍ വെമ്പിളിയത്ത്‌ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എം.ഒ.ദേവസ്സി നന്ദിയും പറഞ്ഞു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്‌ ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി പൂച്ചെണ്ട്‌ നല്‍കി ആശംസകള്‍ നേര്‍ന്നു. സയുക്തവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇടവകയിലെ 50 കുടുംബയൂണിറ്റുകളെയും പങ്കെടുപ്പിച്ച്‌ നടത്തിയ കലാ-കായിക-സാഹിത്യ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ അമല യൂണിറ്റിനും, മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണ്‍ ബോസ്കോ യൂണിറ്റിനും, മികച്ച ഏയ്ഞ്ചല്‍ ഫോറമായി തെരഞ്ഞെടുക്കപ്പെട്ട സേക്രഡ്‌ ഹാര്‍ട്ട്‌ യൂണിറ്റിനും ബിഷപ്പ്‌ ട്രോഫികള്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും, കെ.സി.ബി.സി സംസ്ഥാനതല ബൈബിള്‍ കലോത്സവത്തില്‍ അങ്കമാലി ഫൊറോനാ അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ്‌ എന്ന ലഘുനാടകവും ഉണ്ടായിരുന്നു. നേരത്തേ പൊതുസമ്മേളനത്തിനു മുന്നോടിയായി നടത്തിയ വിശ്വാസപ്രഖ്യാപന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പടിഞ്ഞാറേ പള്ളിയില്‍ നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി കിഴക്കേ പള്ളിയില്‍ സമാപിച്ചു.

വിശ്വാസികള്‍ വചനത്തില്‍ വളരണം: മാര്‍ മാത്യു മൂലക്കാട്ട്‌

വിശ്വാസികള്‍ വചനത്തില്‍ വളരണമെന്ന്‌ ആര്‍ച്ചു ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. ചെങ്ങളം ഇടവകയിലെ വചനവര്‍ഷ സമാപനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചു ബിഷപ്‌. വചനത്തില്‍ വളരുമ്പോള്‍ മുള്‍ച്ചെടികളാകുന്ന തിന്മയുടെ കളകള്‍ തഴച്ചു വളരാതിരിക്കാന്‍ ഏവരും ജാഗരൂഗരായിരിക്കണമെന്നും സഭയെയും സഭയുടെ ചിന്താഗതികളെയും തകര്‍ക്കുവാന്‍ തിന്മയുടെ ശക്തികള്‍ പല രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തിക്കുന്നുണെ്ടന്നും ആര്‍ച്ചുബിഷപ്‌ കൂട്ടിച്ചേര്‍ത്തു.വചനവര്‍ഷ സമാപനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ റാലിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പ്രാര്‍ഥനാനിരതരായി പങ്കെടുത്തു. ഇടവകയിലെ എല്ലാ ഭവനങ്ങളിലും ബൈബിള്‍ പ്രതിഷ്ഠയും കൂട്ടായ്മകളില്‍ ബൈബിള്‍ ക്ലാസുകളും ഇതോടനുബന്ധിച്ചു നടത്തി. തെക്കേ കുരിശുപള്ളി, ആലുങ്കല്‍ തകിടി, മേടയ്ക്കല്‍, ചപ്പാത്തു കുരിശുപള്ളി എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച റാലികള്‍ ചെങ്ങളം പള്ളി ജംഗ്ഷനില്‍ സമാപിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ ആര്‍ച്ചു ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ സമ്മാനങ്ങള്‍ നല്‍കി. വികാരി റവ. ഡോ. സേവ്യര്‍ കൊച്ചുപറമ്പില്‍, ഫാ. ജയിംസ്‌ കൊല്ലംപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Monday, January 5, 2009

സമൂഹം നേരിടുന്ന ദുരന്തം സ്നേഹമില്ലായ്മ : എബ്രാഹം മാര്‍ യൂലിയോസ്‌

പരസ്പരം സ്നേഹമില്ലായ്മയാണ്‌ ഇന്നത്തെ സമൂഹം നേരിടുന്ന വന്‍ ദുരന്തമെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ റവ.ഡോ. എബ്രഹാം മാര്‍ യൂലിയോസ്‌ മോത്രാപ്പോലീത്ത. ഉപ്പട സെന്റ്‌ പോള്‍സ്‌ മലങ്കര കത്തോലിക്കാപള്ളി സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടന്ന വിവാഹജീവിതത്തിന്റെ 50-ാ‍ം വാര്‍ഷികം പൂര്‍ത്തിയാക്കിയ ദമ്പതികകളെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ചുങ്കത്തറയില്‍ എം.സി. വൈ.എം അംഗങ്ങള്‍ അഭിവന്ദ്യ പിതാവിനെ ബൈക്കുകളുടെ അകമ്പടിയോടെ ഉപ്പടിയിലേക്ക്‌ ആനയിച്ചു. തൂടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി നടന്നു. ഇതോടനുബന്ധിച്ച്‌ 38 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു.പൊതുസമ്മേളനത്തില്‍ നിലമ്പൂര്‍ മേഖലാ പ്രോട്ടോ വികാരി ഫാ.സെബാസ്റ്റ്യന്‍ കീപ്പള്ളില്‍ അധ്യക്ഷനായിരുന്നു. ഫാ.ദാനിയേല്‍ കടകംപള്ളില്‍, സിസ്റ്റര്‍ അമൃത, ചെറിയാന്‍ ചിറ്റേഴത്ത്‌, വല്‍സമ്മ തങ്കച്ചന്‍, റെനി വര്‍ഗീസ്‌ പ്രസംഗിച്ചു.

സന്യാസിസമൂഹത്തെ വിളിക്കുന്നതും തെരഞ്ഞെടുക്കുന്നതും ദൈവം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

സന്യാസിസമൂഹത്തെ വിളിക്കുന്നതും തെരഞ്ഞെടുക്കുന്നതും ദൈവമാണെന്ന്‌ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. ദൈവത്തിന്റെ കരം സ്വീകരിക്കുകയും വചനം ശ്രവിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ്‌ സന്യാസി സമൂഹം. പെരിമ്പിടാരി ഹോളിസ്പിരിറ്റ്‌ ദേവാലയത്തില്‍ നടന്ന നാല്‌ സിസ്റ്റര്‍മാരുടെ ആദ്യവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണത്തിലും പങ്കെടുത്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. യഥാര്‍ഥ്യ സന്യാസി ജീവിതത്തില്‍ ഇന്ന്‌ വെല്ലുവിളികള്‍ ഏറെയാണ്‌. ദൈവഹിതത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്‌. കര്‍ത്താവിന്റെ സുവിശേഷഭാഗമാണ്‌ നാം സ്വീകരിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്നും ബിഷപ്‌ പറഞ്ഞു. പരസ്പരസ്നേഹമാണ്‌ ജീവിതവിജയത്തിന്‌ അടിസ്ഥാനമെന്നും ബിഷപ്‌ ഉദ്ബോധിപ്പിച്ചു.സിസ്റ്റര്‍ ആന്‍മേരി, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ നവീന, സിസ്റ്റര്‍ ആല്‍ഫി എന്നിവരാണ്‌ ആദ്യവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും ഏറ്റുവാങ്ങിയത്‌.പരിശുദ്ധ ത്രിത്വത്തിന്റെ സെന്റ്‌ ഡൊമിനിക്കന്‍ സന്യാസി സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്‌ ഈ നാലു സിസ്റ്റര്‍മാരും.ചടങ്ങില്‍ ബിഷപിനെ കൂടാതെ ഫൊറോനാവികാരി ഫാ. ജോര്‍ജ്‌ തെരുവംകുന്നേല്‍, ഫാ. ജെസ്റ്റിന്‍ കോലങ്കണ്ണി, ഫാ. ജോസ്‌ മെയിലംമൂട്ടില്‍ എന്നിവരും മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ടെസി, സെന്റ്‌ ഡൊമിനിക്കന്‍ സിസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വര്‍ഷംമുഴുവന്‍ അനുഗ്രഹമേകാന്‍ തിരുനാളുകള്‍ സഹായകം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

ഒരുവര്‍ഷംമുഴുവന്‍ അനുഗ്രഹദായകമായ ജീവിതം നയിക്കാന്‍ തിരുനാളുകള്‍ സഹായിക്കുമെന്ന്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. സ്നേഹഗിരി സെന്റ്‌ പോള്‍സ്‌ ദേവാലയത്തില്‍ കുട്ടികള്‍ക്ക്‌ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനെത്തിയ ബിഷപ്‌ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നുആര്‍ഭാടം കാണിക്കാനായി തിരുനാള്‍ നടത്തരുത്‌. തിരുനാള്‍ അനുഗ്രഹത്തിന്റേതാണ്‌. തിരുനാളിന്റെ ചൈതന്യജീവിതം പുതുവര്‍ഷത്തില്‍ ധന്യമാകുവാനും നിലനിര്‍ത്തുവാനും സഹായിക്കും.വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശ്വാസത്തിനുവേണ്ടി ത്യാഗം സഹിക്കുന്ന ഒറീസയിലെ ക്രൈസ്തവരുടെ ജീവിതസാക്ഷ്യം നാം മാതൃകയാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ വേദനനിറഞ്ഞ ജീവിതം നയിക്കുമ്പോഴും ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാതെ കര്‍ത്താവിനോട്‌ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ക്കാകുന്നത്‌ ദൈവം വഴിനടത്തുന്നതുകൊണ്ടാണ്‌.ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മാസം ചെലവഴിച്ച ഒരു വൈദികന്‍ പറഞ്ഞത്‌ അവരുടെ വിഷമം കേള്‍ക്കാനും അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം കരയാനും മാത്രമേ തനിക്കായുള്ളൂ എന്നാണ്‌. നമ്മുടെ ദൈവം നമ്മെ കേള്‍ക്കും, സഹായിക്കും, വഴിനടത്തും എന്ന വിശ്വാസം നമുക്ക്‌ വേണം.അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവിന്റെ സ്നേഹം അപരന്‌ പകര്‍ന്നുനല്‍കാന്‍ നമുക്കാകണം. ദൈവം നമുക്ക്‌ വിരുന്നുകാരനല്ല, കുടുംബത്തിലെ അംഗമാണ്‌. അവിടുന്ന്‌ നമ്മെതേടി സ്വയം ശൂന്യവത്കരിച്ചുകൊണ്ട്‌ പുല്‍ക്കൂട്ടില്‍ ജനിച്ചു. ലോകാവസാനം വരെ നമ്മോടുകൂടെ ആയിരിക്കാന്‍ വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന്‌ നമുക്ക്‌ അപ്പത്തിന്റെ രൂപത്തില്‍ ഇപ്പോഴും സമീപസ്ഥനായിരിക്കുന്നു.ഹൃദയങ്ങളിലേക്ക്‌ ഇറങ്ങിവന്ന്‌ അവിടെ വസിക്കുന്ന കര്‍ത്താവിന്റെ സ്നേഹം നാം അനുഭവിച്ചറിയണം- ബിഷപ്‌ പറഞ്ഞു.

സത്യവും ധാര്‍മികതയും പുലര്‍ത്താത്ത മാധ്യമങ്ങളെ പുറന്തള്ളണം: മാര്‍ പവ്വത്തില്‍

സത്യവും ധാര്‍മികതയും പുലര്‍ത്താതെ വാണിജ്യത്തിനും വര്‍ഗീയതയ്ക്കും മാത്രം നിലകൊള്ളുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞ്‌ അവയെ പുറംതള്ളണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. മാധ്യമങ്ങള്‍ ശക്തമായ വാര്‍ത്താ ഉപാധിയാണ്‌. എന്നാല്‍, ഇക്കാലത്തെ ചില മാധ്യമങ്ങള്‍ വിളമ്പുന്നതെല്ലാം ശരിയല്ല. അവ നല്ല യജമാനന്മാരാകാതെ വായനക്കാരെ ഭരിക്കുന്ന അവസ്ഥയിലേക്കു മാറിയിരിക്കുന്നു. കെ.സി.വൈ. എം പേള്‍ ജൂബിലിയോടനുബന്ധിച്ചു കോട്ടയത്തു നടത്തിയ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍.ആനയ്ക്കു മദമിളകുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ചില മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌. എന്തും ചെയ്യാമെന്ന ഭാവമാണു ചില മാധ്യമസംരംഭങ്ങള്‍ പുലര്‍ത്തുന്നത്‌. നിരപരാധിയെ ക്രൂശിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന നീതികേടാണു ചിലര്‍ നടത്തിവരുന്നത്‌. അന്ധമായ വിധേയത്വം ഒരു മാധ്യമങ്ങളോടും പാടില്ല. നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്കു കടമയുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ അന്നത്തെ സാഹചര്യമനുസരിച്ച്‌ നിലവില്‍വന്ന ചില പ്രത്യയശാസ്ത്രങ്ങളെ ഇക്കാലഘട്ടത്തില്‍ അധികാരത്തിനുള്ള ഉപാധിയായി ഒരു വിഭാഗം ചൂഷണംചെയ്യുന്നു. ഈ പ്രസ്ഥാനങ്ങള്‍ അമ്പതുകളിലും അറുപതുകളിലും റഷ്യയിലും ചൈനയിലും സഭാ നേതൃത്വത്തെ അതിക്രൂരമായി തടവറയിലടച്ചതും പീഡിപ്പിച്ചതും നാടുകടത്തിയതും മറക്കാറായിട്ടില്ല. അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച ഒരു വിഭാഗം മാത്രമാണ്‌ ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ ഇന്നും പ്രസക്തിയുണ്ടെന്ന്‌ ധരിക്കുന്നത്‌. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കൃത്യമായി അപഗ്രഥിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും യുവജനങ്ങള്‍ക്കു സാധിക്കണം. സ്വാര്‍ഥതയ്ക്ക്‌ അടിമപ്പെടാതെ മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങി കെ.സി.വൈ. എം സഭയുടെ ശക്തിയായി മാറണം.- മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.