Wednesday, November 5, 2008

ചരിത്രത്തെ വിസ്മരിക്കുന്നത്‌ നന്ദികേട്‌: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

വേദനകളുടെ പഴയ ചരിത്രത്തെ വിസ്മരിച്ച്‌ പുതിയ തലമുറ മുന്നോട്ട്‌ പോകുന്നത്‌ പൂര്‍വ പിതാക്കന്മാരോടുള്ള നന്ദികേടായിരിക്കുമെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. 50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തേക്കുംകുറ്റിയിലേക്ക്‌ കുടിയേറിയ പിതാമഹന്മാര്‍ക്കു വേണ്ടി തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയുടെ ഭാഗമായി നിര്‍മ്മിച്ച കുടിയേറ്റ പിതാമഹ സ്മാരകം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദേഹം.വിവിധ മതവിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന തേക്കുംകുറ്റിയിലെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുവാന്‍ സ്മാരകം ഉപകരിക്കണമെന്ന്‌ ബിഷപ്‌ ഉദ്ബോദിപ്പിച്ചു. ഇടവകയിലെ അജപാലന സന്ദര്‍ശനത്തിനെത്തിയ ബിഷപ്പിനെ വികാരി ഫാ. ചാണ്ടി കുരിശുംമൂട്ടിലും സിഎംസി സിസ്റ്റേഴ്സും പാരീഷ്‌ കൗണ്‍സിലും ചേര്‍ന്ന്‌ സ്വീകരിച്ചു.സ്മാരക മന്ദിരത്തില്‍ പാരീഷ്‌ കൗണ്‍സില്‍, സണ്‍ഡേ സ്കൂള്‍, മാതൃവേദി, പിതൃവേദി, കാത്തലിക്‌ യൂത്ത്‌ മൂവ്മെന്റ്‌ , വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി, ചെറുപുഷ്‌ മിഷന്‍ലീഗ്‌ എന്നിവയുടെ ഓഫീസും ഇടവക ലൈബ്രറിയും പ്രവര്‍ത്തിക്കും. രണ്ട്‌ ഓഡിറ്റോറിയങ്ങളും മൂന്ന്‌ നിലകളിലായുള്ള സ്മാരക മന്ദിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌. തേക്കുംകുറ്റിയിലെ കുടിയേറ്റ ചരിത്രത്തെകുറിച്ച്‌ പഠിക്കുന്നതിനുവേണ്ടിയുള്ള പഠന കേന്ദ്രവും ഇതോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കും