Tuesday, November 18, 2008

യേശുവിന്റെ അതിരറ്റ സ്നേഹത്തിന്റെ പ്രകാശനമാണ്‌ പരിശുദ്ധ കുര്‍ബാന: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

യേശുവിന്റെ അതിരറ്റ സ്നേഹത്തിന്റെ സമ്പൂര്‍ണമായ പ്രകാശനമാണ്‌ പരിശുദ്ധ കുര്‍ബാനയെന്ന്‌ പാലക്കാട്‌ രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുക മാത്രമല്ല ഓരോരുത്തരുടെയും ഹൃദയത്തില്‍ എഴുന്നള്ളി വരുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കണം. തൃപ്പൂണിത്തുറ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ നടന്ന മൂന്നു ദിവസത്തെ നാല്‍പതുമണി ആരാധനയുടെ എഴുന്നള്ളിപ്പിനുശേഷം നല്‍കിയ സമാപന സന്ദേശത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. സ്വര്‍ഗത്തിന്റെ ഒരു മുന്നാസ്വാദനമായ ആരാധനയില്‍ ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍ ഇക്കാലത്ത്‌ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന്‌ ബിഷപ്‌ ഓര്‍മപ്പെടുത്തി. ഭക്തിനിര്‍ഭരമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ബിഷപിനൊപ്പം വികാരി ഫാ.ജോര്‍ജ്‌ പുത്തന്‍പുര, ഫാ. പോള്‍ കാരാച്ചിറ, ഫാ. എബ്രാഹം പൂച്ചക്കാട്ട്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, ശെമ്മാശന്മാര്‍, സിസ്റ്റേഴ്സ്‌ ഉള്‍പ്പെടെ നൂറുകണക്കിന്‌ വിശ്വാസികള്‍ നാല്‍പതുമണി ആരാധനയുടെ സമാപന തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന സമൂഹബലിയില്‍ ഇരുമ്പനം പള്ളി വികാരി ഫാ. ജോസഫ്‌ പ്ലാക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജോയ്‌ പാലാട്ടി, ഫാ. പോള്‍ കാരാച്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.