Thursday, January 29, 2009

വിവാദ പാഠപുസ്തകത്തില്‍ മാറ്റമില്ലെങ്കില്‍ പ്രതികരിക്കും: കെ.സി.ബി.സി

ഏഴാംക്ലാസിലെ വിവാദ പാഠപുസ്തകത്തില്‍ അടുത്ത അധ്യയനവര്‍ഷം മാറ്റം വരുത്തിയില്ലെങ്കില്‍ ഇടതുപക്ഷസര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു. ഏഴാംക്ലാസിലെ പാഠപുസ്തകം വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും വിശദമായ പഠനങ്ങള്‍ക്കുശേഷം വിവാദപാഠങ്ങള്‍ നീക്കണമെന്നും ഉള്ളടക്കത്തിലെ ഗുണമേന്മ ഉറപ്പുവരുത്തി പുസ്തകം പൂര്‍ണമായും പരിഷ്കരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഏഴാംക്ലാസിലെ വിവാദ പാഠപുസ്തകം അതേപടി നിലനിറുത്താന്‍ തന്നെയാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്ന്‌ ഏറ്റവും ഒടുവില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്നു. വളര്‍ന്നുവരുന്ന തലമുറയെ നിരീശ്വര വാദികളും പ്രത്യയശാസ്ത്രത്തിന്‌ അടിമകളുമാക്കുന്ന പാഠപുസ്തകം പൂര്‍ണമായും പരിഷ്കരിച്ചില്ലായെങ്കില്‍ പാഠപുസ്തക പ്രശ്നത്തില്‍ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി തയാറാകുമെന്നു കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.