Tuesday, March 3, 2009

നിയമപരിഷ്കരണ നിര്‍ദേശങ്ങള്‍ മനുഷ്യത്വരഹിതം: ബിഷപ്‌ മാര്‍ കല്ലറങ്ങാട്ട്‌

കേരള നിയമ പരിഷ്കരണ സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ ചിലത്‌ മനുഷ്യത്വരഹിതമാണെന്നും ഇതിനെ മാനുഷിക നിയമങ്ങളായല്ല കാടിന്റെ നിയമങ്ങളായിട്ടാണു കാണേണ്ടതെന്നും ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പാലായില്‍ നടന്ന എ.കെ.സി.സി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദയാവധം, സന്താനനിയന്ത്രണം, ആത്മഹത്യ സാധൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ധാര്‍മികതയില്‍ അടിയുറച്ച ഭാരത സംസ്കാരത്തിനു ചേര്‍ന്നതല്ല. ഭാരതത്തില്‍ ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയുടെ ഭരണത്തില്‍ രാഷ്ട്രീയ അധിനിവേശത്തിനുള്ള ശ്രമം സമുദായ അംഗങ്ങള്‍ തള്ളിക്കളയണം. ക്രൈസ്തവ വിവാഹത്തിന്റെ കൗദാശികമാനം പോലും നഷ്ടപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ അംഗീകരി ക്കാനാവില്ല.വിദ്യാഭ്യാസ മേഖലയില്‍ ഭരണകൂടം നടത്തുന്ന പീഡനങ്ങള്‍ തുടരുകയാണ്‌. എയ്ഡഡ്‌ കോളജ്‌, പ്ലസ്ടു പ്രിന്‍സിപ്പല്‍-അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്തതും കോളജ്‌ സിലബസ്‌ മാര്‍ക്സിസ്റ്റ്‌ വത്കരിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്‌. സ്വാശ്രയ സ്ഥാപനങ്ങളുടെ അനുദിനപ്രവര്‍ത്തനം പോലും നടത്താനാവാത്തവിധം തടസപ്പെടുത്തുന്നു. ചോദ്യപേപ്പറിലൂടെ പോലും ക്രൈസ്തവ സമുദായ ത്തെ യും വൈദികരെയും അവഹേളിക്കുകയാണ്‌. ന്യൂനപക്ഷത്തെ അകാരണമായി അധിക്ഷേപിച്ച്‌ ഭൂരിപക്ഷ വോട്ടില്‍ കണ്ണുവയ്ക്കുന്ന ഭരണകൂടത്തിന്റെയും ചില നിരീശ്വരപ്രസ്ഥാനങ്ങളുടെയും മതേതരമുഖം നഷ്ടമാവുകയാണ്‌. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കി ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ സമുദായത്തെ സജ്ജമാക്കാന്‍ ബിഷപ്‌ എ.കെ. സി.സി. ഭാരവാഹികളോട്‌ ആവ ശ്യപ്പെട്ടു.പ്രസിഡന്റ്‌ എം.എം. ജേക്കബ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. തോമസ്‌ കൂനംമാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.