ആരാധനയിലൂടെയും സ്തുതികളിലൂടെയും ഈശോയുമായുള്ള സ്നേഹബന്ധം വളര്‍ത്തണമെന്നും ആരാധനയിലൂടെ പൂര്‍ണമായ സമാധാനവും ശാന്തിയും അനുഭവിക്കാന്‍ കഴിയുമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. അങ്കമാലി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നിത്യാരാധനാ ചാപ്പലിന്റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍. പള്ളിയില്‍ നിന്നും ദിവ്യകാരുണ്യ പ്രദക്ഷിണമായി കൊണ്ടുവന്ന പരിശുദ്ധ കുര്‍ബാന മാര്‍ വര്‍ക്കി വിതയത്തില്‍ ചാപ്പലില്‍ പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ സത്യ ദൈവവും സത്യ മനുഷ്യനുമായ ഈശോയുടെ അടുത്തു വന്ന് പ്രാര്‍ഥിക്കും. അതുവഴി അങ്കമാലി പ്രദേശത്തിനും ഭാരത സഭയ്ക്കും വലിയ വളര്‍ച്ചയുണ്ടാകുമെന്നും മാര്‍ വിതയത്തില്‍ ചൂണ്ടിക്കാട്ടി. ഈ നിത്യാരാധനാ ചാപ്പലിന്റെ പ്രാധാന്യം സഭയുടെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാശ്ലീഹാ നമുക്കു തന്ന വിശ്വാസം അതാണ് നമ്മുടെ ഏറ്റവും വലിയ നിധി. മനുഷ്യനായ ഈശോയെ ദൈവമായി പ്രഖ്യാപിച്ചതാണ് തോമാശ്ലീഹായുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ അന്ത:സത്ത സത്യ ദൈവവും സത്യ മനുഷ്യനുമായ ഈശോയിലുള്ള വിശ്വാസമാണ്. ആ വിശ്വാസം കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വികന്മാര്‍ നമുക്ക് കൈമാറി തന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു എന്നതു കൊണ്ടുതന്നെ അങ്കമാലി സഭാചരിത്രത്തില്‍ പ്രാധാന്യമുള്ള സ്ഥലമാണ്. അതു കൊണ്ടു തന്നെ ക്രൈസ്തവരുടെ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ഇതു മാറണം. ജീവിക്കുന്ന ഈശോയാണ് ഇവിടെ വസിക്കുന്നത്. ഈശോയോടൊപ്പം ജീവിക്കാനും ഈശോയോടൊപ്പം മരിച്ച് ഈശോയോടൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കാനും നമുക്ക് കഴിയണമെന്നും കര്‍ദിനാള്‍ഉദ്ബോധിപ്പിച്ചു. അങ്കമാലി ഫൊറോനാ പള്ളിയെ ബസിലിക്കയായി ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന മാര്‍ വിതയത്തിലിന്റെ അറിയിപ്പ് ഹര്‍ഷാരവത്തോടെയാണ് ഇടവകക്കാര്‍ സ്വീകരിച്ചത്.