Saturday, May 23, 2009

സ്വാര്‍ഥത വെടിഞ്ഞാലേ യഥാര്‍ഥ മനുഷ്യരാകൂ: ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസ പാക്യം

മനുഷ്യര്‍ സ്വാര്‍ഥത വെടിഞ്ഞാലേ യഥാര്‍ഥ മനുഷ്യരാകുകയുള്ളുവെന്ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം ഉദ്ബോധിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്സ്‌ ഹൗസ്‌ ക്യാംപസിലെ ലിറ്റില്‍ ഫ്ലവര്‍ പാരിഷ്‌ ഹാളില്‍ നടന്ന വിന്‍സെന്റ്‌ ഡി-പോള്‍ സൊസൈറ്റി തിരുവനന്തപുരം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 36-ാ‍ം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാം കിട്ടുക എന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കാതെ കൊടുക്കുക എന്ന സ്നേഹസംസ്ക്കാരത്തിലേക്ക്‌ മനുഷ്യന്‍ വളരണം. എങ്കില്‍ മാത്രമേ മനുഷ്യത്വം വളരുകയുള്ളു. അതിരൂപതയിലുള്‍പ്പെടുന്ന പാവപ്പെട്ട ജനം മനുഷ്യത്വം പ്രവര്‍ത്തിയിലൂടെ തെളിയിച്ചവരാണ്‌-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.സുഖവും ദു:ഖവും ഇടകലര്‍ന്നതാണ്‌ മനുഷ്യജീവിതം. എല്ലാം താല്‍ക്കാലികമാണെന്നും കടന്നു പോകുന്നതാണെന്നുമുള്ള ചിന്ത മനുഷ്യനിലുണ്ടാകണമെന്ന്‌ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.ദു:ഖാങ്ങളില്‍ തളരാതെ ദൈവത്തിലേക്ക്‌ തിരിയണമെന്നും നല്‍കുക എന്ന പ്രക്രിയയിലൂടെ സ്നേഹസംസ്ക്കാരത്തിലേക്ക്‌ കടന്നുവരണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു. വിന്‍സെന്റ്‌ ഡി-പോള്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. കാന്‍സര്‍ ബാധിച്ച 55 പേര്‍ക്കുള്ള ‘ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റ്‌ വിതരണം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം നിര്‍വഹിച്ചു. ബ്രദര്‍ ഡോണ്‍ബോസ്കോ അധ്യക്ഷനായിരുന്നു. ടി.ടി.സി, ബി.എഡ്‌ കോഴ്സുകളില്‍ പഠിക്കുന്ന പാവപ്പെട്ട 126 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണം ദേശീയ പ്രസിഡന്റ്‌ ബ്രദര്‍ വി.എം.ജെ.ബാലസ്വാമി നിര്‍വഹിച്ചു.സൂനാമി ബാധിതരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണം വിന്‍സെന്റ്്‌ ഡി-പോള്‍ ആത്മീയ ഉപദേഷ്ടാവ്‌ മോണ്‍.എം.ജോസഫ്‌ നിര്‍വഹിച്ചു.