Thursday, August 13, 2009

അന്തര്‍ദേശീയ അല്‍മായ അസംബ്ലിക്ക്‌ തുടക്കമായി

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അന്തര്‍ദേശീയ അല്‍മായ അസംബ്ലിക്ക്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ തുടക്കം കുറിച്ചു.ഫ്രാന്‍സിസ്കന്‍ അല്‍മായ മൂന്നാം സഭയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 8.30-ന്‌ എടത്വാ സെന്റ്‌ ജോര്‍ജ്‌ പള്ളി അങ്കണത്തില്‍ നിന്ന്‌ ആരംഭിച്ച കേരള അസ്സീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ഛായാചിത്ര പ്രയാണം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.ചങ്ങനാശേരി, കോട്ടയം, പാല, എറണാകുളം രൂപതകളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളായ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി, ഗദ്സമിനി കപ്പൂച്ചിന്‍ ആശ്രമം, കുറുമ്പനാടം ഫൊറോനാ പള്ളി, കപ്പൂച്ചിന്‍ വിദ്യാഭവന്‍ തെളളകം, മുട്ടുചിറ ഫൊറോനാപള്ളി, തലയോലപ്പറമ്പ്‌ ഫൊറോനാപള്ളി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന്‌ സഭാ ആസ്ഥാനവും അസംബ്ലി വേദിയുമായ എറണാകുളം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ എത്തിച്ചേര്‍ന്നു.അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ എടത്വാ ഫൊറോനാപള്ളി വികാരി റവ. ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോമോന്‍ ആശാന്‍പറമ്പില്‍, ഫാ. മാത്യു വാരുവേലില്‍, ജോസഫ്‌ ജോര്‍ജ്‌ കണ്ടത്തില്‍പറമ്പില്‍, സിബിച്ചന്‍ ശ്രാങ്കല്‍ എന്നിവരില്‍ നിന്നും ഛായാചിത്രം ഏറ്റുവാങ്ങി സ്വീകരിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ പതാക ഉയര്‍ത്തി. ഡോ. സിറിയക്‌ തോമസ്‌, പ്രൊഫ. വി.ജെ പാപ്പു, അഡ്വ. ജോസ്‌ വിതയത്തില്‍, ജോണ്‍ കച്ചിറമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്തെമ്പാടുമുള്ള സഭയുടെ വിവിധ രൂപതകളിലെയും, മിഷന്‍ കേന്ദ്രങ്ങളിലേയും, അല്‍മായ സംഘടനകളിലെയും 300 പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്‌. സീറോ മലബാര്‍ സഭ 2030 എന്നതാണ്‌ അസംബ്ലിയുടെ മുഖ്യവിഷയം. ഇന്നു രാവിലെ ഒമ്പതിന്‌ പ്രതിനിധി രജിസ്ട്രേഷന്‍ ആരംഭിക്കും. 11 മണിക്ക്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഡോ. റൂബിള്‍രാജ്‌ ആമുഖപ്രസംഗം നടത്തും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അന്തര്‍ദേശീയ അല്‍മായ അസംബ്ലി ഔപ ചാരികമായി ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര ചീഫ്‌ സെക്രട്ടറി ജോണി ജോസഫ്‌ മുഖ്യാതിഥി ആയിരിക്കും. മാര്‍ മാത്യു മൂലേക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ ഗള്‍ഫ്‌ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌, റെജിമോള്‍ എര്‍ണാകേരില്‍ (ഓസ്ട്രിയ) എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ സീറോ മലബാര്‍സഭ- ചരിത്രം, പാരമ്പര്യം, വ്യക്തിത്വം എന്ന വിഷയത്തെക്കുറിച്ച്‌ പ്രഫ. ഡോ. കുര്യാസ്‌ കുമ്പളക്കുഴിയും, സഭയിലെ അല്‍മായ പങ്കാളിത്തത്തെക്കുറിച്ച്‌ ജോണ്‍ കച്ചിറമറ്റവും, അല്‍മായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പി.യു. തോമസും (നവജീവന്‍ ട്രസ്റ്റ്‌, കോട്ടയം) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡ റേറ്റര്‍മാരായിരിക്കും.നാളെ രാവിലെ ഒമ്പതിന്‌ അല്‍മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ സീറോ മലബാര്‍ സഭ 2030 ആര്‍ച്ചുബിഷപ്്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. ആര്‍ച്ചുബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ചെയര്‍പേഴ്സണും മുന്‍ ഡി ജി പി ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററുമായിരിക്കും.