മദ്യത്തിനും മദ്യപാനത്തിനും സംരക്ഷണം നല്‍കുന്ന ഭരണസംവിധാനമാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റേതെന്ന് മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെയും രൂപത ഡയറക്ടര്‍മാരുടെയും സമ്മേളനം വിജയപുരം ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. യഥേഷ്ടം മദ്യശാലകള്‍ തുറന്നുവച്ചിട്ട്, ‘തൊടരുത്’ എന്നു പറയുന്നതു നായയുടെ മുമ്പില്‍ മാംസം വയ്ക്കുന്നതുപോലെയാണ്. മദ്യഷാപ്പിനു മുമ്പില്‍ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ നല്‍കുന്ന പോലീസ് സംരക്ഷണം മറ്റു സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുമ്പോള്‍ മുന്‍കൂര്‍ ഉണ്ടാവാഞ്ഞത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തിരുവല്ല വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ രാമനാലില്‍ കോറെപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, മാത്യു എം. കണ്ടത്തില്‍, യോഹന്നാന്‍ ആന്റണി, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരെവീട്ടില്‍, ഫാ. ജെറോം അഗസ്റ്റിന്‍, ഫാ. മാത്യു കുരീത്തറ, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ഡെന്നിസ് മണ്ണൂര്‍, ഫാ. ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.