വചനപ്രഘോഷണം ക്രൈസ്തവന്റെ ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടുള്ള വചനപ്രഘോഷണം പാടില്ലെന്നും ഏവരെയും ബഹുമാനിക്കുകയാണ് വേണ്ടതെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രണ്ട് ദിവസമായി നടന്ന ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വചനം പ്രസംഗിക്കുമ്പോള്‍ സംയമനം പാലിക്കണം. അത് സ്നേഹത്തോടെയും വിവേകത്തോടെയുമാകണം. സമൂഹത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ വര്‍ധിച്ചുവരുന്നു. അതിനെ കണ്ടില്ലെന്ന് നടിക്കരുത്. ഇത് മനസിലാക്കിക്കൊണ്ട് വേണം പൊതുസമൂഹത്തില്‍ വചനപ്രഘോഷണം നടത്തേണ്ടത്. മറ്റ് മതവിശ്വാസികള്‍ക്ക് നീരസത്തിന് ഇടവരുത്തരുത്. വചനപ്രഘോഷണത്തില്‍ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തരുതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. വചനവ്യാഖ്യാനം ക്രൈസ്തവരുടെ കര്‍ത്തവ്യമാണ്. വ്യാഖ്യാനം മറ്റുള്ളവര്‍ക്ക് മനസിലാക്കികൊടുക്കേണ്ടതാണെന്നും, പ്രവചനങ്ങള്‍ ആരുടെയും സ്വകാര്യ വ്യാഖ്യാനത്തിനുള്ളതല്ലെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പറഞ്ഞു. പൗരോഹിത്യവര്‍ഷം പ്രമാണിച്ച് ബൈബിള്‍ കമ്മീഷന്റെ മുന്‍ സെക്രട്ടറിമാരായ റവ.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ.ഡോ.എബ്രാഹം പെരുംകാട്ടില്‍, റവ.ഡോ.ഫ്രെഡി എലവന്തിങ്കല്‍ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ആദരിച്ചു.റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പള്ളി, റവ.ഡോ.സൈറസ് വേലംപറമ്പില്‍, റവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, അഡ്വ.ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ ടീന സിടിസി, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, അഡ്വ.ചാര്‍ളി പോള്‍, റവ.ഡോ.ജോസ് പാലക്കീല്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.