Wednesday, November 25, 2009

അധ്യാപക നിയമനം വൈകിക്കുന്നത്‌ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിവേചനം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കോളജുകളില്‍ സെമസ്റ്റര്‍ സമ്പ്രദായം ആരംഭിക്കുന്നതിനു മുമ്പ്‌ അധ്യാപക നിയമനം പൂര്‍ത്തിയാക്കുമെന്നു നിരന്തരം ഉറപ്പുതന്ന സര്‍ക്കാര്‍തന്നെ എയ്ഡഡ്‌ കോളജുകളിലെ ആയിരത്തില്‍പ്പരം അധ്യാപകനിയമനങ്ങള്‍ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നതില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ നേതൃയോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്സ്‌ ഹൗസില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പവ്വത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം വിദ്യാര്‍ഥി വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ നിലപാടില്‍നിന്നും പിന്‍വാങ്ങണമെന്നു സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍, ജോസഫ്‌ മാര്‍ പക്കാമിയോസ്‌ മെത്രാപ്പോലീത്ത, മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌, കോര്‍ എപ്പിസ്കോപ്പ കുറിയാക്കോസ്‌ മൂലയില്‍ വിവിധ സഭാപ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.വളരെയേറെ കൊട്ടിഘോഷിച്ചുകൊണ്ട്‌ ആരംഭിച്ച സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയായി വിദ്യാര്‍ഥികളെ പരീക്ഷയിലേക്ക്‌ തള്ളിവിട്ടിട്ടും അധ്യാപക നിയമനം നടക്കുന്നില്ല എന്നതു വിദ്യാര്‍ഥികളോടുകാട്ടുന്ന കടുത്ത അനീതിയാണ്‌. പല കോളജുകളിലും സ്ഥിരം അധ്യാപകരേക്കാള്‍ അധികം ദിവസക്കൂലിക്കാരായ അതിഥി അധ്യാപകരാണ്‌ പഠിപ്പിക്കുന്നത്‌. വിദ്യാഭ്യാസരംഗം തകരുന്നതിനു മറ്റുകാരണങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപക നിയമനം നടത്തുകയും അതിന്റെ ഇരട്ടിയോളം പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ്‌ കോളജുകളിലെ ആയിരക്കണക്കിന്‌ അധ്യാപക നിയമനം തടഞ്ഞുവച്ചിരുക്കുകയും ചെയ്യുന്നതു വിദ്യാര്‍ഥികളോടു കാട്ടുന്ന വിവേചനമാണ്‌.ഏകജാലകത്തില്‍ നടത്തുന്ന പ്രവേശനം മൂലവും, പരീക്ഷയും പരീക്ഷാഫലങ്ങളും താമസിക്കുന്നതുകൊണ്ടും കേരളത്തില്‍ എല്ലാ കോഴ്സുകളും നീണ്ടുപോവുകയാണ്‌. ന്യൂനപക്ഷസംരക്ഷകരെന്നു നിരന്തരം മേനിപറയുന്ന സര്‍ക്കാര്‍തന്നെ ന്യൂനപക്ഷങ്ങളുടെ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിക്കാതെ നിരന്തരം പീഡിപ്പിക്കുന്നു.സര്‍ക്കാരിന്റെ ഈവിധത്തിലുള്ള വിദ്യാര്‍ഥിവിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമായ നിലപാടുകള്‍ കാരണമാണ്‌ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എല്ലാവര്‍ഷവും സംസ്ഥാനം വിടുകയും ഇവിടെയുള്ള കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നത്‌. ഇതിനെതിരേ ശക്തമായ പ്രചാരണവും പ്രതികരണവുമുണ്ടാകുമെന്നു സമ്മേളനം പ്രഖ്യാപിച്ചു.