Tuesday, December 29, 2009

ഡിസ്റ്റിലറികള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെസിബിസി

കേരളത്തില്‍ മദ്യം ഉത്പാദിപ്പിക്കുന്നതിന്‌ മൂന്ന്‌ ഡിസ്റ്റിലറികള്‍ക്കുകൂടി ലൈസന്‍സ്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന്‌ കെസിബിസി ആവശ്യപ്പെട്ടു. മദ്യപാനം മലയാളിയുടെ മാനസിക രോഗമായി വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്ത്‌ പുതിയ ഡിസ്റ്റിലറികള്‍ക്ക്‌ അനുമതി നല്‍കേണ്ടന്ന്‌ 1999 സെപ്റ്റംബര്‍ 29ന്‌ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ നിലനില്‍ക്കേയാണ്‌ നിയമം മറികടന്ന്‌ മദ്യ ഉത്പാദനത്തിന്‌ അനുമതി നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയുടെ 47-ാ‍ം ആര്‍ട്ടിക്കിള്‍ പ്രകാരം ഔഷധാവശ്യത്തിനു മാത്രമേ മദ്യം ഉത്പാദിപ്പിക്കാന്‍ പാടുള്ളൂ. 1975ലെ സുപ്രീം കോടതി വിധി അനുസരിച്ച്‌ മദ്യമുണ്ടാക്കാന്‍ സര്‍ക്കാരിനുപോലും അവകാശമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കെസിബിസി നടത്തിയ പഠനപ്രകാരം മദ്യപിക്കുന്നവരുടെ ശരാശരി വയസ്‌ 18 ല്‍ നിന്നും 13 ആയി താണിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. മദ്യ ഉപയോഗം കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുന്നതു വഴി മലയാളികള്‍ നല്ലൊരുഭാഗം പേരും മാനസിക വൈകല്യമുള്ളവരായി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഉത്സവദിനങ്ങളില്‍ റെക്കോഡ്‌ മദ്യവില്‍പനയാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ കേവലം താത്കാലിക സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട്‌ കൂടുതല്‍ മദ്യോത്പാദനശാലകള്‍ തുറക്കാന്‍ പരിശ്രമിക്കുന്നത്‌ ഒരു ജനതയോട്‌ ചെയ്യുന്ന അനീതിയാണ്‌. മദ്യത്തിന്റെ ഉപഭോഗവും വില്‍പനയും കര്‍ശനമായി നിയന്ത്രിക്കണമെന്ന ശക്തമായ ആവശ്യം നിലനില്‍ക്കേ പുതിയ ഡിസ്റ്റിലറികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കം ഉപേക്ഷിച്ച്‌ കേരളത്തിലെ ജനതയെ മദ്യപാന ആസക്തിയില്‍ നിന്ന്‌ വിമുക്തമാക്കണമെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ,്‌ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.