Monday, December 21, 2009

എല്ലാ ദളിതര്‍ക്കും തുല്യ സാമൂഹ്യനീതി ലഭ്യമാക്കുവാന്‍ രംഗനാഥ്‌ മിശ്ര റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പിലാക്കണം: ബിഷപ്‌ സ്റ്റാന്‍ലി റോമന്‍

ദളിത്‌ ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാ ജാതിയിലുംപ്പെട്ട ദളിതര്‍ക്ക്‌ പട്ടികജാതി പദവി നല്‍കണമെന്നുളള ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കിക്കൊണ്ട്‌ എല്ലാ ദളിതര്‍ക്കും തുല്യസാമൂഹ്യനീതി ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. 2007 മെയ്‌ മാസത്തില്‍ ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ്‌ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്‌ വയ്ക്കുന്നത്‌. ഇനിയും കാലതാമസം വയ്ക്കാതെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണം. ഭരണഘടന അനുവദിച്ചുനല്‍കുന്ന സംവരണാനുകൂല്യങ്ങള്‍ ചില വിഭാഗം ദളിതര്‍ക്കുമാത്രം നിഷേധിക്കുന്നത്‌ സാമൂഹ്യനീതിയുടെ ലംഘനമാണ്‌. സമൂഹത്തിന്റെ സമഗ്രവികസനത്തിന്‌ ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്‌. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ദളിതസമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുവാന്‍ ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ മാത്രമേ സാധിക്കുകയുളളൂ. ഇതിനായി കേന്ദ്രസര്‍ക്കാരും ലോക്സഭയിലേയും രാജ്യസഭയിലേയും എല്ലാ എം.പി മാരും പ്രത്യേക താത്പര്യം കാണിക്കണം. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത്‌ സമൂഹത്തിന്റെ സമഗ്ര വികസനത്തിന്‌ എല്ലാ ദളിതര്‍ക്കും സംവരണാനുകൂല്യം നല്‍കണമെന്നുളള ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പിലാക്കണം - ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.