ക്രൈസ്തവരോടുള്ള വിവേചനപരമായ സമീപനം തിരുത്താന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്ന് മൂവാറ്റുപുഴ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ യൂലിയോസ് അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ ദ്വിദിന സംസ്ഥാന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെയിനെവ കരാര്‍ അനുസരിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളുടെ സംസ്ഥാന വിഹിതമായ 25 ശതമാനം നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത മൂലം ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് അത് നഷ്ടമാകുന്ന അവസ്ഥയുണ്ട്. ഇത്തരത്തിലുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നുണ്ടെന്നും മതസംഘടനകളുടെ ശരിയായ പ്രവര്‍ത്തനം അതിന് പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യാസക്തിയും സ്ത്രീ ഭ്രൂണഹത്യയും കേരളം നേരിടുന്ന വിപത്തുകളാണെന്നും അവയ്ക്കെതിരേ കത്തോലിക്ക സമുദായ സംഘടനകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കാത്തലിക് യൂണിയന്‍ വൈസ് പ്രസിഡന്റ് തോമസ് സെക്യൂറ അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി തോമസ് ജോണ്‍ തേവരത്ത്, പി.ഐ ആന്റണി, പ്രഫ.വി.എ വര്‍ഗീസ്, ജോസഫ് വിക്ടര്‍ മരക്കാശേരി, സെബാസ്റ്റ്യന്‍ വടശേരി, അഡ്വ.ജോസ് വിതയത്തില്‍, സി.എല്‍ ഇഗ്നേഷ്യസ്, ജോസ് ആഞ്ഞിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.