Tuesday, January 26, 2010

മലങ്കര കത്തോലിക്കാസഭയ്ക്ക്‌ രണ്ടു പുതിയ രൂപതകള്‍; നാല്‌ പുതിയ ബിഷപ്പുമാര്‍

മലങ്കര കത്തോലിക്കാസഭയില്‍ രണ്ടു പുതിയ രൂപതകള്‍ രൂപീകരിച്ചു. നാല്‌ പുതിയ ബിഷപ്പുമാരെയും നിയമിച്ചു. രണ്ടു ബിഷപ്പുമാരെ മാറ്റി പുതിയ രൂപതകളില്‍ നിയമിച്ചു. പത്തനംതിട്ട, കര്‍ണാടകയിലെ പുത്തൂര്‍ എന്നിവയാ ണ്‌ പുതിയ രൂപതകള്‍. റവ.ഡോ. വിന്‍സന്റ്‌ കുളപ്പുറവിളൈ-മാര്‍ത്താണ്ഡം, റവ.ഡോ.സാമുവല്‍ കാട്ടുകല്ലില്‍ -തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍, റവ.ഡോ സ്റ്റീഫന്‍ തോട്ടത്തില്‍- തിരുവല്ല അതിരൂപത സഹായമെത്രാന്‍, റവ.ഡോ. ആന്റണി വലിയവിളയില്‍ -സഭാ കൂരിയ എന്നിവരാണ്‌ പുതിയ ബിഷപ്പുമാര്‍. മാര്‍ത്താണ്ഡം രൂപതയിലെ ഇപ്പോഴത്തെ ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമാണ്‌ പത്തനംതിട്ട രൂപതയുടെ പുതിയ ബിഷപ്‌. ബത്തേരി രൂപതയുടെ ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസാണ്‌ പുത്തൂര്‍ രൂപതയുടെ ബിഷപ്‌. വടക്കേ അമേരിക്കയുടേയും യൂറോപ്പിന്റേയും അപ്പസ്തോലിക്‌ വിസിറ്റര്‍ ജോസഫ്‌ മാര്‍ തോമസ്‌ ബത്തേരി രൂപതയു ടെ പുതിയ മെത്രാനായി നിയമിതനായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ പട്ടം കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയാണ്‌ പ്രഖ്യാപനം നടത്തിയത്‌. ഈ സമയം പള്ളി മണികള്‍ മുഴങ്ങി. വിശ്വാസികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട്‌ കരഘോഷം മുഴക്കി.പുതിയ മെത്രാന്‍മാരെയും രൂപതകളും പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ്‌ റോമിലും സഭയുടെ ആസ്ഥാനമായ തിരുവനന്തപുരത്തും ഇന്ത്യന്‍ സമയം 4.30നാണ്‌ നടന്നത്‌. തിരുവല്ല, മാര്‍ത്താണ്ഡം, ബത്തേരി ദ്രാസന കേന്ദ്രങ്ങളിലും തത്സമയം പ്രഖ്യാപനങ്ങള്‍ നടന്നു. സഭയിലെ മെത്രാപ്പോലീത്താമാരുടേയും സന്യാസ സമൂഹ ശ്രേഷ്ഠന്‍മാരുടേയും വൈദികരുടേയും സന്യസ്തരുടേയും അല്‍മായരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്‌.കൂരിയ വൈസ്‌ ചാന്‍സലര്‍ ഫാ.ജോണ്‍ കൊച്ചുതുണ്ടില്‍ ആണ്‌ റോമില്‍ നിന്നുള്ള അറിയിപ്പ്‌ വായിച്ചത്‌. തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങളണിയിച്ചു. ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ ചുവന്ന ഇടക്കെട്ടും ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം കറുത്ത മേലങ്കിയും അണിയിച്ചു. പത്തനംതിട്ടയുടെ പുതിയ ബിഷപ്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമിനെ ബിഷപ്‌ ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ ഷാള്‍ അണിയിച്ചു. തുടര്‍ന്ന്‌ ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ നിയുക്ത മെത്രാന്മാരെ അനുമോദിച്ച്‌ പ്രസംഗിച്ചു. മൂന്നു നോമ്പിന്റെ ഒമ്പതാം യാമ പ്രാര്‍ഥനയോടെയാണ്‌ ശുശ്രൂഷ ആരംഭിച്ചത്‌. മാതാവിന്റെ കുക്കിലിയോണ്‍ പ്രാര്‍ഥിച്ചുകൊണ്ട്‌ ശുശ്രൂഷ പൂര്‍ത്തിയാക്കി. പിതാക്കന്മാരുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം, കോര്‍എപ്പിസ്കോപ്പാമാരായ ജോണ്‍പുത്തന്‍വിള, തോമസ്‌ കുമ്പുകാട്ട്‌, തോമസ്‌ താന്നിക്കാക്കുഴി എന്നിവരും മോണ്‍.ജയിംസ്‌ പാറവിള, ഡിജിപി ജേക്കബ്‌ പുന്നൂസ്‌, എഡിജിപി സിബി മാത്യൂസ്‌, മുന്‍ ചീഫ്‌ സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ്‌ എന്നിവരും ലിഡ ജേക്കബ്‌, ഡോ.ജോര്‍ജ്‌ ഓണക്കൂര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നാലു മെത്രാന്മാരുടേയും അഭിഷേകം ഒരുമിച്ച്‌ മാര്‍ച്ച്‌ 13ന്‌ തിരുവനന്തപുരത്തു നടത്തും. പുത്തൂര്‍, പത്തനംതിട്ട, ബത്തേരി, മാര്‍ത്താണ്ഡം രൂപതാ മെത്രാന്മാരുടെ സ്ഥാനാരോഹണം അതത്‌ രൂപതകളില്‍ നടക്കും. തീയതി തീരുമാനിച്ചിട്ടില്ല. തിരുവന ന്തപുരം മേജര്‍ അതിഭദ്രാസനം വിഭജിച്ചാണ്‌ പുതിയ പത്തനംതിട്ട ഭദ്രാസനം രൂപീകരിച്ചത്‌. പത്തനംതിട്ട, റാന്നി-പെരുനാട്‌, പന്തളം എന്നീ വൈദിക ജില്ലകളും അടൂര്‍ വൈദീക ജില്ലയിലെ ആനന്ദപ്പള്ളി, അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, പൊങ്ങലടി, തട്ട എന്നീ ഇടവകകളും പുതിയ ഭദ്രാസനത്തില്‍ പെടുന്നു. 100 ഇടവകകളാണ്‌ പുതിയ ഭദ്രാസനത്തിലുള്ളത്‌. ബത്തേരി ഭദ്രാസനത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ പുതിയ പുത്തൂര്‍ ഭദ്രാസനം സ്ഥാപിച്ചത്‌. കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ, ചാമരാജ്‌ നഗര്‍, ചിക്കമംഗലൂര്‍, ഹസന്‍, കുടക്‌, മാണ്ഡ്യ, മൈസൂര്‍, ഷിമോഗ, ഉഡുപ്പി എന്നീ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നു ഈ ഭദ്രാസനം. 21 ഇടവകകള്‍ ആണ്‌ ഈ ഭദ്രാസനത്തിന്‌ കീഴിലുള്ളത്‌