അഭയക്കേസിലെ പ്രധാന സാക്ഷിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എഎസ്‌ഐ വി.വി അഗസ്റ്റിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഐജി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥനു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. അഭയാ കേസുമായി ബന്ധപ്പെട്ട കേസുകളുടെ വാദം കേള്‍ക്കുന്ന ജസ്റ്റീസ് കെ.ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് തീരുമാനം. അന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥനു കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോട്ടയത്തെ പൊതുപ്രവര്‍ത്തകനായ ജബറുള്ള ഇഞ്ചിക്കളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.അഭയാ കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതുമൂലമാണ് അഗസ്റ്റിന്‍ ജീവനൊടുക്കിയതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലും അഗസ്റ്റിന്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി. മുന്‍പ് കേസ് പരിഗണിക്കവേ സിബിഐയുടെ നട പടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സിബിഐയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തുന്ന അന്വേഷണം ഫലപ്രദമാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഗസ്റ്റിനില്‍നിന്നു കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ സിബിഐ പീഡനത്തെക്കുറിച്ചു കുറ്റപ്പെടുത്തുന്നുണെ്ടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2008 നവംബര്‍ 25 നാണ് അഗസ്റ്റിന്റെ ജഡം വീടിന് സമീപത്തെ വളപ്പില്‍ കാണപ്പെട്ടത്. സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കളും വ്യക്തമാക്കിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിലാണ് ഇദ്ദേഹത്തെ കണെ്ടത്തിയത്. അഗസ്റ്റിന്‍ അഭയാ കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് സിബിഐ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. കോട്ടയം വെസ്റ്റ് എഎസ്‌ഐയായിരുന്ന അഗസ്റ്റിനാണ് അഭയയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിയത്. ഇതോടെ, അഭയാ കേസ് അന്വേഷണം സംബന്ധിച്ചു സിബിഐ ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ നിയമനടപടികളിലേക്കു നീങ്ങുകയാണ്. സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്ന് കേസില്‍ കുറ്റാരോപിതയായ സിസ്റ്റര്‍ സെഫി സിബിഐക്കെതിരേ കോടതിയെ സമീപിച്ചിരുന്നു. പരിശോധനയില്‍ കന്യകയാണെന്നു തെളിഞ്ഞപ്പോള്‍ അതു കൃത്രിമമായി ഉണ്ടാക്കിയതാണെന്നു സിബിഐ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെന്നും സിസ്റ്റര്‍ സെഫി പരാതിപ്പെട്ടിരുന്നു. കോടതി നിശ്ചയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ കന്യകാത്വപരിശോധനയ്ക്കു തയാറാണെന്നും സെഫി വ്യക്തമാക്കിയിരുന്നു.