Tuesday, April 6, 2010

വിദ്യാഭ്യാസ നിയമം അവകാശ നിഷേധം അംഗീകരിക്കില്ല: ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍

പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്കു പൊതുവിദ്യാഭ്യാസം സൌജന്യമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ശ്ളാഘനീയമാണെങ്കിലും അതില്‍ ഭാഷാ, മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന ഘടകങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍. എല്ലാവര്‍ക്കും, പ്രത്യേകിച്ച്‌ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ എക്കാലത്തെയും പോലെ ക്രൈസ്തവസഭകള്‍ക്ക്‌ സന്തോഷമേയുള്ളൂവെന്നും കൌണ്‍സില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചില കാര്യങ്ങളെക്കുറിച്ചുള്ള വിയോജിപ്പ്‌ വളരെ നേരത്തേതന്നെ മന്ത്രിയെ അറിയിച്ചിരുന്നു. അവ തിരുത്താനുള്ള തീരുമാനം എടുത്തതായി വാര്‍ത്തയുമുണ്ടായിരുന്നു. അത്‌ നടപ്പിലാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മറ്റു ചില വകുപ്പുകളെക്കുറിച്ചും ആശങ്കകളുണ്ട്‌. അവ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണെ ന്നും ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂനപക്ഷാവകാശം എന്തെന്നോ, എന്തിനെന്നോ അറിയാത്തവരാണ്‌ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും അതിനു നേതൃത്വം നല്‍കുന്നവരും. വിദ്യാഭ്യാസ അവകാശനിയമം ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതല്ല എന്ന ഇവിടുത്തെ നേതൃത്വത്തിണ്റ്റെ പ്രതികരണം ഈയൊരു യാഥാര്‍ഥ്യമാണ്‌ വെളിവാക്കുന്നത്‌.ന്യൂനപക്ഷാവകാശം വേണ്ട എന്ന പ്രതീതി സൃഷ്ടിക്കാനും പ്രചാരണം നടത്താനുമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ശ്രമിക്കുന്നത്‌. ഈ ശ്രമങ്ങളെല്ലാം നിരന്തരം കോടതിയില്‍ പരാജയപ്പെട്ടിട്ടും യാഥാര്‍ഥ്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ വകുപ്പിനും മന്ത്രിക്കും കഴിയാത്തത്‌ ഖേദകരമാണ്‌. സര്‍ക്കാര്‍, എയ്ഡഡ്‌ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തിണ്റ്റെ ഗുണനിലവാരം വര്‍ധിപ്പിക്കാതെ വിദ്യാര്‍ഥികള്‍ അണ്‍ എയ്ഡഡ്‌ ഇംഗ്ളീഷ്‌ മീഡിയം വിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്നതു തടയാനാവില്ലെന്നും ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ അഭിപ്രായപ്പെട്ടു. സിലബസിണ്റ്റെ ഗുണനിലവാരം താഴുന്നതും പഠിക്കാതെ തന്നെ പരീക്ഷയില്‍ ജയിക്കുന്നതും അധ്യാപകരെ പഠിപ്പിക്കുന്നതിനു പകരം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കുന്നതുമെല്ലാം സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു. അതുകൊണ്ടാണ്‌ വിദ്യാര്‍ഥികള്‍ മറ്റു വിദ്യാലയങ്ങള്‍ തേടിപ്പോകുന്നതെന്നു കൌണ്‍സില്‍ വക്താവ്‌ റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പ്രസ്താവനയില്‍ പറഞ്ഞു.