Friday, April 9, 2010

പൌരോഹിത്യ ശുശ്രൂഷയെ വിലയിടിച്ച്‌ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ ജാഗരൂകരാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

പൌരോഹിത്യ ശുശ്രൂഷയെ വിലയിടിച്ച്‌ ചിത്രീകരിക്കാനും അധിക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും ശ്ളൈഹികസഭയോടുള്ള ബന്ധത്തില്‍ ആഴപ്പെടണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. തെക്കേക്കര സെഹിയോന്‍ ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ ശ്ളീഹായുടെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ചു നടന്ന വൈദികവര്‍ഷ സമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പൌരോഹിത്യത്തിണ്റ്റെ ശ്രേഷ്ഠതയേക്കുറിച്ച്‌ പുതുതലമുറയ്ക്ക്‌ അവബോധമുണ്ടാക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ദൈവവിളിക്കായി പ്രാര്‍ഥിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു.തെക്കേക്കര സെഹിയോന്‍ ദേവാലയത്തില്‍ ഇന്നലെ പുതുതായി ആരംഭിച്ച മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കൊടിയേറ്റിനും വികാരി ഫാ. പോള്‍ മാമ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. ഫാ. തോമസ്‌ പീലിയാനിക്കല്‍ സായാഹ്നപ്രാര്‍ഥനയ്ക്ക്‌ നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ കുന്നന്താനം ദൈവപരിപാലനഭവനിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.