Wednesday, August 25, 2010

സഭാമക്കള്‍ ജീവണ്റ്റെ അംബാസഡര്‍മാരാകണം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

സമകാലിക സമൂഹത്തില്‍ സഭാമക്കള്‍ ജീവണ്റ്റെ അംബാസഡര്‍മാരായി മാറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ജീവണ്റ്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ജീവന്‍ അര്‍പ്പിക്കാനുള്ള ആഹ്വാനം കൂടിയാണു നമുക്കു നല്‍കുന്നതെന്നും ക്രിസ്തുവിണ്റ്റെ സ്നേഹത്താല്‍ കത്തിജ്വലിക്കുന്നവര്‍ക്കും അവന്‍ വാഗ്ദാനം ചെയ്ത നിത്യജീവിതത്തെക്കുറിച്ചു പ്രത്യാശയുള്ളവര്‍ക്കും മാത്രമെ യഥാര്‍ഥ ജീവണ്റ്റെ സുവിശേഷ പ്രഘോഷകരാകാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ നാലുദിവസമായി നടന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവജലത്തിണ്റ്റെ ഉറവയിലേക്ക്‌ ഏവരേയും ആനയിക്കുക എന്ന ദൌത്യം സഭാമക്കള്‍ ഏറ്റെടുക്കണം. പൊട്ടക്കിണറുകളില്‍ വീണു ജീവന്‍ കിട്ടാതെ വലയുന്നവര്‍ക്കായി ജീവജലത്തിണ്റ്റെ ദായകരായി മാറാന്‍ നമുക്കാവണം. അതിണ്റ്റെ വിവിധ മാനങ്ങള്‍ നാം ജീവിക്കുന്ന പ്രദേശങ്ങളില്‍ വ്യത്യസ്തമാകാം. മനുഷ്യണ്റ്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെയാകാം ചില പ്രദേശങ്ങളില്‍ നാം ജീവദായകരായി മാറുന്നത്‌. മരണസംസ്കാരത്തില്‍ അകപ്പെട്ടുപോയവരെ ജീവോന്‍മുഖമായ കാഴ്ചപ്പാടു നല്‍കി ജീവണ്റ്റെ പ്രചാരകരായി മാറ്റാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്‌. ക്രിസ്തുവിണ്റ്റെ സ്നേഹത്തില്‍ ജ്വലിച്ച്‌, നാം ജീവിക്കുന്ന സമൂഹത്തില്‍ ജീവനു വിരുദ്ധമായ എല്ലാ നിലപാടുകള്‍ക്കുമെതിരേ നിലയുറപ്പിക്കണം. മനുഷ്യത്വപൂര്‍ണവും വാസയോഗ്യവുമായ ഭൂമിയെ നിലനിര്‍ത്താന്‍ സഹായകമായ പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതിന്‌ അസംബ്ളി സഹായകരമായെന്നു വിശ്വസിക്കുന്നു - കര്‍ദിനാള്‍ പറഞ്ഞു. അസംബ്ളിയില്‍ പങ്കെടുത്ത ഓരോരുത്തരിലും ജീവനോടുള്ള ആഭിമുഖ്യം വര്‍ധിച്ചിട്ടുണെ്ടന്നു കരുതുന്നതായി കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യജീവനോടും പ്രകൃതിയോടുമുള്ള നമ്മുടെ സ്നേഹവും കരുതലും കൂടുതല്‍ ആഴപ്പെടുന്നത്‌ അതു നിത്യജീവണ്റ്റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോഴാണ്‌. നമ്മുടെ സമൂഹത്തിലും സഭയിലും ജീവനെ പോഷിപ്പിക്കുവാനും അതു നിലനിര്‍ത്തുവാനും നിരന്തരം അധ്വാനിക്കുന്ന എല്ലാ നല്ല മനുഷ്യരെയും നന്ദിയോടെ ഓര്‍ക്കണം. അസംബ്ളിയിലെ ചര്‍ച്ചകളിലൂടെ തെളിഞ്ഞുവന്ന അഭിപ്രായങ്ങള്‍ സഭാമക്കള്‍ ജീവസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള നല്ല സന്ദേശമാണ്‌ നല്‍കുന്നത്‌. അതിനു സഭാ നേതൃത്വത്തിണ്റ്റെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടികളും സിനഡില്‍ പിതാക്കന്‍മാരുടെ പരിചിന്തനത്തിനു മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശങ്ങളും സിനഡില്‍ ചര്‍ച്ച ചെയ്തു സഭാ വിശ്വാസികളെ അറിയിക്കും. സഭയെടുക്കുന്ന തീരുമാനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കേണ്ടതു നമ്മള്‍ ഓരോരുത്തരുമാണ്‌. കാരണം സഭ എന്നു പറഞ്ഞാല്‍ നാം ഓരോരുത്തരും തന്നെയാണ്‌. സമകാലിക സമൂഹത്തില്‍ ജീവണ്റ്റെ സന്ദേശം പ്രചരിപ്പിക്കുന്നവരായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.