Saturday, September 4, 2010

ഇടുക്കി ജനതയുടെ നീതിക്കായുള്ള പോരാട്ടത്തിന്‌ സഭയുടെ പിന്തുണ: അല്‍മായ കമ്മീഷന്‍

ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുടിയിരുത്തപ്പെട്ട കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ നടപടികള്‍ക്കെതിരേ ഹൈറേഞ്ച്‌ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാനാജാതി മതസ്ഥരായ കര്‍ഷകസമൂഹം ഒറ്റക്കെട്ടായി നടത്തുന്ന അവകാശസമരങ്ങള്‍ക്ക്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഹൈറേഞ്ചിലെ കര്‍ഷകരുടെ പട്ടയങ്ങള്‍ റദ്ദുചെയ്യുക, ആധാര രേഖകള്‍ അസാധുവാക്കുക, കുടിയിറക്കുഭീഷണി ഉയര്‍ത്തുക, പൊതുസമൂഹത്തിനു മുമ്പില്‍ കൈയേറ്റക്കാരും കാട്ടുകള്ളന്‍മാരുമായി ചിത്രീകരിക്കുക തുടങ്ങിയ കുത്സിതശ്രമങ്ങള്‍ അപലപനീയവും ജീവിക്കുവാനുള്ള ഒരു ജനതയുടെ അവകാശങ്ങളുടെ നേരേയുള്ള വെല്ലുവിളിയുമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു. മാറിമാറി കേരളം ഭരിച്ച ഗവണ്‍മെണ്റ്റുകളൊന്നും തന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കപ്പുറത്ത്‌ പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായി ഒന്നും ചെയ്തില്ല എന്നുള്ളതാണു വസ്തുത. നാളുകളേറെയായി ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തുന്ന അവസരവാദ രാഷ്ട്രീയ തട്ടിപ്പുകളും മുതലക്കണ്ണീരും ഇടുക്കിയിലെ കര്‍ഷകരോടുള്ള അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.