പ്രാര്‍ഥനാഗീതി ചൈതന്യം പകര്‍ന്ന മുഹൂര്‍ത്തത്തില്‍ വൈദ്യശാസ്ത്ര മേഖലയിലെ മഹാസംരംഭത്തിന് ആദ്യശിലപാകി. രാജഗിരി മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോജക്ടിന് കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസ് ശിലാസ്ഥാപനം നടത്തി. ചുണങ്ങംവേലി രാജഗിരി കാമ്പസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പദ്ധതിയുടെയും ആദ്യശിലയുടെയും ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. സിഎംഐ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ് താഞ്ചന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പണമില്ലാത്തവര്‍ ചികിത്സ ലഭിക്കാതെ മരിക്കട്ടെ എന്ന മനോഭാവം മാറണമെന്ന് ശില ആശീര്‍വദിച്ച് സംസാരിക്കവേ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ആശുപത്രികളില്‍ മികച്ച ചികിത്സ ലഭിക്കുവാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ഒരാളുടെ അസുഖം മാറാന്‍ ഒരു ലക്ഷമോ പത്ത് ലക്ഷമോ വേണമെങ്കിലും അയാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ നമുക്ക് കഴിയണം. പണമില്ലാത്തതുകൊണ്ട് അയാള്‍ക്ക് ചികിത്സ നിഷേധിക്കരുത്. ഇതിനു വേണ്ടി പാവങ്ങളെ ചികിത്സിക്കുവാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശു തെളിച്ച കാരുണ്യത്തിണ്റ്റേയും സ്നേഹത്തിണ്റ്റേയും അതേ വഴിയിലൂടെയാണ് മുന്നേറേണ്ടത്. സിഎംഐ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഇന്ത്യയില്‍ പല അസുഖങ്ങള്‍ക്കും ശരിയായ ചികിത്സ ഇല്ലാത്തതിനു കാരണം ഗവേഷണങ്ങള്‍ നടക്കാത്തതു കൊണ്ടാണ്. രാജഗിരി തുടങ്ങുന്ന പുതിയ സംരംഭം ഇക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തുമെന്നാണ് തണ്റ്റെ പ്രതീക്ഷയെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിമര്‍ശനത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സിഎംഐ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ തോമസ് ചക്യത്ത്. പല അസുഖങ്ങള്‍ക്കും ഗവേഷണം നടത്താന്‍ ഇന്ത്യാ സര്‍ക്കാരിനു പോലും കഴിയുന്നില്ല. അതു കൊണ്ടു തന്നെ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഗവേഷണ കേന്ദ്രം ആരംഭിക്കുകയെന്നത്. സമീപ പ്രദേശത്തെ മറ്റ് ആശുപത്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന മാനേജ്മെണ്റ്റ് തീരുമാനം ഏറ്റവും ശ്ളാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ലോഗോ പ്രകാശനം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. ആശുപത്രി സംരംഭത്തിണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്ന തൊഴിലാളികളുടെ ക്ഷേമം ഏറ്റവും പ്രധാനപ്പെട്ടതായി കരുതണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അവരെ മാന്യമായ സ്ഥലങ്ങളില്‍ താമസിപ്പിക്കുവാനും അവരുടെ കുട്ടികള്‍ തെരുവില്‍ അലഞ്ഞ് നടക്കാതെ വിദ്യാഭ്യാസം നേടാനുള്ള സൌകര്യമൊരുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ അവര്‍ക്ക് താമസിക്കുവാന്‍ അവരുടെ ഗ്രാമത്തില്‍ ഒരു വീടുണ്ടായിരിക്കണം. അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ സിഎംഐ സഭക്കുള്ള അര്‍പ്പണമനോഭാവം പ്രശംസനീയമാണെന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയ കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസ് ചൂണ്ടിക്കാണിച്ചു. അവികസിത മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുത്ത് ആ മേഖലയാകെ വികസിപ്പിക്കുന്നതില്‍ സഭ എല്ലായ്പ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. പ്രാര്‍ഥനയുടെ അന്തസത്ത ഉള്‍ക്കൊണ്ട പ്രവര്‍ത്തനങ്ങളാണ് സിഎംഐയുടെ മുഖമുദ്രയെന്ന് അദ്ദേഹം വ്യക്തമാക്കി. റവ.ഡോ. ക്ളീറ്റസ് പ്ളായ്ക്കല്‍ ചൊല്ലിയ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സിഎംഐ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ആണ്റ്റണി കരിയില്‍ ആമുഖ പ്രസംഗം നടത്തി. നിര്‍ദ്ദിഷ്ട പ്രോജക്ടിണ്റ്റെ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പദ്ധതി വിശദീകരിച്ചു. എ.എം യൂസഫ് എംഎല്‍എ, ഡൊമനിക് പ്രസണ്റ്റേഷന്‍ എംഎല്‍എ, എടത്തല പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എ.എം മുനീര്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ വി.എ ജോസഫ്, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.സി ജോണ്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. സാജിദ സിദ്ദിഖ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം നബീസ സിദ്ദീഖ്, എടത്ത ഗ്രാമപഞ്ചായത്തംഗം എന്‍.എച്ച് ഷബീര്‍, ഫാ. പൌലോസ് കിടങ്ങേന്‍ സിഎംഐ തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ്, ഡെണ്റ്റല്‍ കോളജ്, നഴ്സിംഗ് കോളജ് എന്നിവ ഉള്‍പ്പെടുന്ന മഹാസംരംഭത്തിനാണ് ചുണങ്ങംവേലിയില്‍ തുടക്കം കുറിച്ചത്്. ചുണങ്ങംവേലിയുള്ള നാല്‍പ്പത് ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉയരുന്നത്. ആശുപത്രി ആദ്യഘട്ടം നിര്‍മാണം 2012 ഡിസംബര്‍ എട്ടിന് പൂര്‍ത്തിയാക്കാനാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ 6൦൦ കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. ആദ്യഘട്ടത്തില്‍ 260 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യം ആശുപത്രിയും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ആധുനിക ചികിത്സകള്‍ക്ക് ഈ ആശുപത്രിയില്‍ സംവിധാനമുണ്ടാകും. സമീപപ്രദേശങ്ങളുമായും അവിടങ്ങളിലെ ആശുപത്രികളുമായും സഹകരിച്ചാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുക. ഇത്തരമൊരു കൂട്ടായ്മയിലൂടെ ഗ്രാമീണ ജനതക്ക് ആധുനിക ചികിത്സകള്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളുമായി സങ്കേതിക സഹകരണം ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാഗുണനിലവാരം ഇവിടേയും ഉറപ്പിക്കുവാന്‍ ഇതു വഴി സാധിക്കും.