നാടിനെയും കുടുംബത്തെയും വളരുന്ന തലമുറയെയും തകര്‍ക്കുന്ന മദ്യപാനം, പാന്‍മസാല തുടങ്ങിയ സാമൂഹിക തിന്‍മകള്‍ക്കെതിരേ സത്വരനടപടികള്‍ സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭ മെത്രാന്‍മാരുടെ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വൈദികരോടും സന്യാസിനിമാരോടും അല്‍മായസുഹൃത്തുക്കളോടും സിനഡ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മദ്യത്തിണ്റ്റെ ലഭ്യത പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടു തിരുത്തണം. പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുന: സ്ഥാപിക്കണം. വിവാഹം, തിരുനാള്‍, പ്രഥമ ദിവ്യകാരുണ്യസ്വീകരണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങള്‍ മദ്യവിമുക്തമാക്കാനും സിനഡ് ആഹ്വാനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറി അഡ്വ.ചാര്‍ളി പോളാണു സിനഡില്‍ മദ്യവിപത്തിനെ സംബന്ധിച്ച വിഷയാവതരണം നടത്തിയത്.സഭയും സമൂഹവും ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ മുമ്പില്‍ വിശ്വാസതീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ സിനഡ് ആഹ്വാനം ചെയ്തു. വിശ്വാസത്തകര്‍ച്ച, കുടുംബത്തകര്‍ച്ച, മദ്യപാനം, പ്രകൃതിചൂഷണം, തീവ്രവാദം തുടങ്ങിയ തിന്‍മകളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും സിനഡ് ചര്‍ച്ചചെയ്തു. പരിസ്ഥിതിപ്രശ്നം വളരെ ആശങ്ക ജനിപ്പിക്കുന്നതായി സിനഡ് വിലയിരുത്തി. കഴിഞ്ഞ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ അസംബ്ളിയിലും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി രൂപതകളുടെയും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചു. ചില പരിസ്ഥിതി വിഷയങ്ങളില്‍ വിദഗ്ധപഠനം ആവശ്യമാണെന്നും സമിതി വിലയിരുത്തി. സീറോ മലബാര്‍ സഭയിലെ പ്രവാസികളുടെ പ്രശ്നങ്ങളും സിനഡ് ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മിഷന്‍ രംഗമായ ചാന്ദയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ 2012 ഓഗസ്റ്റ് 15 വരെ പ്രേഷിതവര്‍ഷമായി ആചരിക്കുമെന്നു സിനഡ് പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തിലുള്ള ജൂബിലി ആചരണങ്ങള്‍ക്കു സമിതി രൂപം നല്‍കി. സഭയുടെ പൊതുപ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സഭാതലത്തില്‍ സാമൂഹ്യക്ഷേമ ഫണ്ടും സന്യസ്തര്‍ക്കുവേണ്ടി കമ്മീഷനും രൂപീകരിക്കും. സന്യസ്തര്‍ സഭയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്നും കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്കു വഴിതെളിയിക്കാന്‍ ഈ കമ്മീഷണ്റ്റെ പ്രവര്‍ത്തനം ഉപകരിക്കുമെന്നും സിനഡ് വിലയിരുത്തി. സഭയുടെ കാര്യാലയ പ്രവര്‍ത്തനം, അല്‍മായര്‍, യുവാക്കള്‍, സ്ത്രീകള്‍, ദളിതര്‍ എന്നിവരുടെ ശാക്തീകരണം, വിവാഹക്രമം, ആരാധനാക്രമ സംഗീതം, വൈദികരുടെ തുടര്‍പരിശീലനം, മെത്രാന്‍മാരുടെ റോമിലേക്കുള്ള ആദ് ലീമിന സന്ദര്‍ശനം തുടങ്ങിയവയും ചര്‍ച്ചാവിഷയമായി. തിങ്കളാഴ്ച ആരംഭിച്ച സിനഡ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനോക്കിയോ ആദ്യദിവസം സമ്മേളനത്തെ അഭിസംബോധന ചെയ്തു