രോഗീപരിചരണം സ്നേഹം, ദയ, കരുണ എന്നീ ദൈവീക ഗുണങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്നും ഇതൊരു ഭാരമായി തോന്നരുതെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. പൂര്‍ണമായ അര്‍പ്പണബോധത്തോടെ രോഗീപരിചരണം നടത്തുമ്പോള്‍ ഇതൊരു ശല്യമായി തോന്നില്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കാഞ്ഞൂറ്‍ വിമല ആശുപത്രിയില്‍ നഴ്സിംഗ് സ്കൂളിലെ ബിരുദദാന ചടങ്ങും ലാംബ് ലൈറ്റിംഗ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിഷപ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആല്‍സി മാടശ്ശേരി ആമുഖപ്രസംഗം നടത്തി. ആശുപത്രിയുടെ 51 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെകുറിച്ച് അഡ്മിനിസ്ട്രേറ്റര്‍ എം.വി കുരിയച്ചന്‍ വിവരണം നല്‍കി. അശ്വനി നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോംസീന സിഎംസി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് മിനി വര്‍ഗീസ്, ഓര്‍ത്തോ സര്‍ജന്‍ ഡോ. പ്രസന്നന്‍, ബോര്‍ഡ് മെമ്പര്‍ പൈലി കുടിയിരിപ്പില്‍, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.