Friday, February 25, 2011

ഇടതുമുന്നണിയുമായി ലത്തീന്‍ സഭയ്ക്ക്‌ ഒരു ധാരണയുമില്ല: ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം

ഇടതുപക്ഷ മുന്നണിയുമായി ലത്തീന്‍ സഭ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നു കേരള റീജണ്‍ ലത്തീന്‍ കത്തോലിക്കാ കൌണ്‍സില്‍ പ്രസിഡണ്റ്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം. കേരളത്തിലെ കത്തോലിക്കാസഭ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സഭയ്ക്ക്‌ ഏറ്റവും വലുത്‌ ഈശ്വരവിശ്വാസവും മൂല്യങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലത്തീന്‍സഭയും ഇടതുസര്‍ക്കാരുമായി ധാരണയുണ്ടാക്കിയെന്ന പത്രറിപ്പോര്‍ട്ടിന്‌ ഒരു അടിസ്ഥാനവുമില്ല. ഊഹാപോഹമാണത്‌. ഇടതുചായ്‌വെന്നതു തെറ്റായ വ്യാഖ്യാനമാണ്‌. കെസിബിസി ഒറ്റക്കെട്ടായി നില്‍ക്കും. തനിക്ക്‌ ഒരു രഹസ്യ അജന്‍ഡയുമില്ല. ഇടതുസര്‍ക്കാരില്‍ നിന്ന്‌ ഒരാനുകൂല്യവും കിട്ടിയിട്ടില്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ്‌ ആദ്യമായി മന്ത്രി വരുന്നത്‌. സഭയുടെ അവകാശങ്ങള്‍ ബലികഴിക്കാനാകില്ല. കത്തോലിക്കാസഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല. ഏതെങ്കിലും പാര്‍ട്ടിക്കു വോട്ടു ചെയ്യണമെന്നു പറയില്ല. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണു നയം. എങ്കിലും ഏറ്റവും വലുത്‌ ഈശ്വരവിശ്വാസമാണ്‌: ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

ലത്തീന്‍ സമുദായത്തിണ്റ്റെ ആവശ്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ സോണിയാ ഗാന്ധി എന്നിവരെക്കണ്ടു ചര്‍ച്ച നടത്തിയശേഷം മന്ത്രി കെ.വി. തോമസിണ്റ്റെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഡോ. സൂസപാക്യം സഭയുടെ നിലപാട്‌ അര്‍ഥശങ്കയില്ലാതെ വിശദീകരിച്ചത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും വളരെ നല്ല സമീപനമാണു സ്വീകരിച്ചത്‌. കൂടിക്കാഴ്ചയില്‍ ഇരുവരും കാണിച്ച്‌ ആത്മാര്‍ഥത അഭിനയമായിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കണമെന്നു പ്രധാനമന്ത്രിയും സോണിയയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്‌. ദളിത്‌ ക്രൈസ്തവര്‍ക്ക്‌ അവരുടെ സഹോദര സമുദായങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു ശരിയല്ലെന്ന്‌ ഇരുനേതാക്കള്‍ക്കും ബോധ്യപ്പെട്ടതായും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വേണ്ടിയാണു സഭ നിലകൊള്ളുന്നത്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടും;കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല.

ഏതെങ്കിലും പാര്‍ട്ടിക്കു വോട്ടു ചെയ്യണമെന്നു പറയില്ല. വോട്ട്‌ ഓരോ പൌരണ്റ്റെയും ഭരണഘടനാപരമായ മൌലികാവകാശമാണ്‌. മനഃസാക്ഷിയനുസരിച്ചു വോട്ടുചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്‌. എന്നാല്‍, മൂല്യാധിഷ്ഠിതവും വിശ്വാസപരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭ നല്‍കും. സഭയും രാഷ്ട്രീയവും രണ്ടും രണ്ടാണ്‌. യോജിക്കാവുന്നതും അകന്നു നില്‍ക്കേണ്ടതുമായ മേഖലകളുണ്ട്‌. സഭയുടേതു പൊതുവായ നിലപാടാണെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടിക്കാട്ടി.പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും സഭാവിശ്വാസികള്‍ ജയിച്ചിട്ടുണ്ട്‌. എന്നാല്‍ യുഡിഎഫില്‍ നിന്നാണ്‌ ഏറ്റവും കുടുതല്‍ ജയിച്ചുവന്നത്‌. സഭാംഗങ്ങള്‍ ഏറെയും പരമ്പരാഗതമായി യുഡിഎഫ്‌ കുടുംബാംഗങ്ങളായതുകൊണ്ടാകാം ഇതെന്നും ഡോ. സൂസപാക്യം വിശദീകരിച്ചു. ഇടതുസര്‍ക്കാരിണ്റ്റെ കാലത്ത്‌ പാഠപുസ്തകത്തിലൂടെ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണെ്ടന്നു ഡോ. സൂസപാക്യം പറഞ്ഞു