Thursday, March 17, 2011

ആത്മീയ സാക്ഷരത വിദ്യാഭ്യാസത്തിന്‌ അനിവാര്യം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ഇന്നത്തെ വിദ്യാഭ്യാസത്തിന്‌ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സമൂഹനന്‍മയ്ക്ക്‌ ആത്മീയ സാക്ഷരതയുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകര്‍ക്കു നല്‍കിയ യാത്രയയപ്പ്‌ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌. സ്ഥാപനങ്ങള്‍ വളരുകയും ദര്‍ശനങ്ങള്‍ തളരുകയും ചെയ്യുന്ന സാഹചര്യമാണ്‌ വിദ്യാഭ്യാസം ഇന്നു നേരിടുന്നത്‌. ഇത്‌ സാമൂഹിക വിപത്താണ്‌. ക്രിസ്തുവും ശ്രീബുദ്ധനും നബിയും ശ്രീനാരായണ ഗുരുവുമൊക്കെ പകരുന്ന ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്നു നീക്കുകയാണു പരിഷ്കര്‍ത്താക്കള്‍. ഈ നിലപാട്‌ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വികലമാക്കുന്നു. പരിസ്ഥിതി പഠനങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ മനുഷ്യരാശിക്ക്‌ പ്രയോജനം ചെയ്യുന്നതുമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണം - മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു.