ഭൌതിക സുനാമികള്‍ ലോകത്താകമാനം കടുത്തനാശം വാരിവിതറുന്ന കാലഘട്ടത്തില്‍ വികലമായ പുത്തന്‍സംസ്കാരങ്ങളുടെ സുനാമികള്‍ ജീവിതമൂല്യങ്ങളുടെ അടിവേരുകള്‍ പറിച്ചെറിഞ്ഞ് കുടുംബബന്ധങ്ങളെ തകരാറിലാക്കുന്നതാണ് കൂടുതല്‍ അപകടകരമെന്ന് തൃശൂറ്‍ രൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്തോലേറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബശാക്തീകരണ വര്‍ഷാചരണ സമാപനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. കുടുംബത്തെ രൂപാന്തരപ്പെടുത്തിയത് ദൈവമാണെന്നും നല്ല കുടുംബങ്ങള്‍ നിലനിന്നിടത്ത് മാത്രമാണ് ശാന്തിയും സമാധാനവും പുരോഗതിയും കളിയാടിയിട്ടുള്ളതുമെന്ന ചരിത്രസത്യങ്ങള്‍ വിസ്മരിച്ച് മുന്നേറിയതാണ് ആധുനിക ലോകം നേരിടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണം. സര്‍വ വിനാശകാരിയായ ഉപഭോഗ സംസ്കാരത്തിണ്റ്റെ വേലിയേറ്റത്തെ തടയേണ്ടതുണ്ട്. കുട്ടികളുടെ എണ്ണം കുറയ്ക്കുക, പ്രായമായവരെ ഉപയോഗശൂന്യമായി കരുതി ഒഴിവാക്കുക, ഭൌതികതയുടെ പിന്നാലെ പായുക തുടങ്ങിയ പ്രവണതകള്‍ സമൂഹത്തെ ദുഷിപ്പിച്ചു എന്ന് മാത്രമല്ല സര്‍വനാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. രോഗങ്ങള്‍ തിരിച്ചറിയാതെയുള്ള ചികിത്സയുമായി മുന്നേറുകയാണ് ആധുനിക മനുഷ്യനെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു