Saturday, April 2, 2011

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തു

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. അദ്ദേഹത്തിന്‌ 84 വയസായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന്‌ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പത്തിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‍എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍. ബ്രോഡ്‌ വേയില്‍ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്‌ ചാപ്പലില്‍ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ലിസി ആശുപത്രിയില്‍നിന്നു വൈദ്യസംഘം എത്തി പ്രഥമശ്രുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും ചെയ്തെങ്കിലും രണ്ടോടെ അന്ത്യമുണ്ടായതായി ലിസി ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍, എറണാകുളം-അങ്കമാലി അതിരൂപത പ്രോവികാരി ജനറാള്‍ റവ.ഡോ.ജോസ്‌ പുത്തന്‍വീട്ടില്‍, ചാന്‍സലര്‍ ഫാ.വര്‍ഗീസ്‌ പൊട്ടക്കല്‍, സഭാ വക്താവ്‌ റവ.ഡോ.പോള്‍ തേലക്കാട്ട്‌ എന്നിവര്‍ അറിയിച്ചു. റോമില്‍ മാര്‍പാപ്പയുമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആദ്‌ ലിമിന കൂടിക്കാഴ്ചയിലായിരിക്കുന്ന സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ തിരിച്ചെത്തിയ ശേഷമായിരിക്കും സംസ്കാര കര്‍മങ്ങള്‍. അതിരൂപതാ ആസ്ഥാന ദേവാലയമായ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലായിരിക്കും അന്ത്യവിശ്രമം. ഭൌതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സിനഡ്‌ ചേര്‍ന്നു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരിനായിരിക്കും സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേഷന്‍ ചുമതല. പതിവുപോലെ ഉച്ചഭക്ഷണത്തിനു മുമ്പായി 12ന്‌ അതിമെത്രാസനമന്ദിരത്തിലെ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തു വിശുദ്ധ കുര്‍ബാന സ്വീകരിച്ചശേഷമാണ്‌ അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ലിസി ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.റോണി മാത്യു കടവിലിണ്റ്റെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ ചികിത്സയും അദ്ദേഹത്തിനു നല്‍കി. വൈകിട്ട്‌ 4.20നു ഭൌതികശരീരം പൊതുദര്‍ശനത്തിനായി ലിസി ആശുപത്രിയിലെ ചാപ്പലില്‍ എത്തിച്ചു. അഞ്ചു വരെ പൊതുദര്‍ശനത്തിനു വച്ച ഭൌതികശരീരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട്‌ ആയിരങ്ങളാണ്‌ അന്ത്യാഞ്ജലി അര്‍പ്പിച്ചത്‌. മതമേലധ്യക്ഷന്‍മാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും വൈദികരും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും സാധാരണക്കാരും ആശുപത്രിയിലെ രോഗികളും വലിയ പിതാവിനെ അവസാന നോക്കു കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. അഞ്ചോടെ ഭൌതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു ഭൌതിക ശരീരം അങ്കമാലിയിലെത്തിച്ചത്‌. ഇടയശ്രേഷ്ഠണ്റ്റെ ഭൌതികശരീരം അങ്കമാലിയിലേക്കു കൊണ്ടുവരുമെന്ന വാര്‍ത്ത കേട്ടറിഞ്ഞു വാന്‍ വിശ്വാസി സമൂഹമാണ്‌ അങ്കമാലിയിലേക്ക്‌ ഒഴുകിയെത്തിയത്‌. നാലു മുതല്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി കോമ്പൌണ്ടില്‍ ക്ഷമയോടെ കാത്തുനിന്ന ജനാവലിയുടെ മധ്യത്തിലേക്ക്‌ ആറോടെ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം വന്നുനിന്നു.ശീതീകരിച്ച മുറിയിലേക്കു മാറ്റുന്നതിനു മുമ്പു പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ഒപ്പീസും നടത്തി. വിശ്വാസി സമൂഹത്തിന്‌ ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൌകര്യവും ഒരുക്കിയിരുന്നു.