വലിയ ആഴ്ചയില്‍ ക്രൈസ്തവര്‍ ഏറെ ശ്രദ്ധയോടും വളരെ ഒരുക്കത്തോടും തീഷ്ണമായ പ്രാര്‍ഥനയോടും അഗാധമായ ഭക്തിയോടുംകൂടി ആചരിക്കുന്ന ഒരു കുടുംബാഘോഷമാണു പെസഹാ ഭക്ഷണം. ക്രൈസ്തവ ആധ്യാത്മികതയുടെ ശക്തികേന്ദ്രമായ വിശുദ്ധ കുര്‍ബാനയുടെ ഒരു ഗാര്‍ഹിക ആഘോഷമാണ് ഇതെന്നു പറയാം. യാഹുദ പെസഹാ ആചരണത്തിണ്റ്റെ ക്രൈസ്തവമായ ഒരു പതിപ്പാണിത്. വിശുദ്ധ കുര്‍ബാനയോടും വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ തിരുശരീര രക്തങ്ങളായിത്തീരുന്ന അപ്പത്തിനോടും വീഞ്ഞിനോടും കാണിക്കുന്ന ആദരവാണ് ഈ ആചരണത്തോടും ഇതിലെ വിഭവങ്ങളോടും പൂര്‍വികര്‍ പുലര്‍ത്തിയിരുന്നത്. പെസഹാ ആഘോഷത്തില്‍ ഉപയോഗിക്കുന്ന അപ്പം - ഇന്‍റിഅപ്പം, കല്‍ത്തപ്പം, കുരിശപ്പം, പെസഹാ അപ്പം എന്നൊക്കെ അറിയപ്പെടുന്നു. ഇന്‍റി അപ്പം എന്ന പേരുണ്ടായത് ഐഎന്‍ആര്‍ഐ എന്ന നാലക്ഷരങ്ങളുടെ ആകൃതിയില്‍ കുരുത്തോലക്കഷണങ്ങള്‍ വച്ച് അപ്പം ഉണ്ടാക്കിയിരുന്നതുകൊണ്ടാണ്. യാഹുദന്‍മാരുടെ രാജാവായ നസ്രായന്‍ ഈശോ എന്ന വാചകത്തിണ്റ്റെ ചുരുക്കരൂപമാണല്ലോ INRI (Jesus Nazarenes Rex Iudeorum ). ഈശോയുടെ കുരിശിനു മുകളില്‍ (മത്തായി 27/37) ആലേഖനം ചെയ്യപ്പെട്ട ഈ വാചകത്തിനു കേരള ക്രൈസ്തവവര്‍ വളരെ പ്രാധാന്യം നല്‍കിയിരുന്നു. പെസഹാ ഭക്ഷണത്തിന് ഉണ്ടാക്കുന്ന അപ്പം കല്‍ത്തപ്പം എന്നും അറിയപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഈ വിഭവം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ് ഉണ്ടാക്കിയിരുന്നത്. അടയുണ്ടാക്കുന്നതില്‍നിന്നു വ്യത്യസ്തമായിട്ടാണ് ഇതുണ്ടാക്കുക. അടയുണ്ടാക്കുന്നതിന് അടുപ്പില്‍ മാത്രമേ തീ കത്തിക്കൂ. ഇതുണ്ടാക്കുന്നത് അപ്പമുണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലംവച്ച് അതില്‍ വിറകും ഇട്ടു കത്തിച്ചാണ്. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാല്‍ കല്‍ത്തപ്പം എന്നു വിളിക്കുന്നു. കുരിശപ്പം എന്ന പേരുവന്നത് ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയ്ക്കുന്നതിനാലാണ്. പെസഹാത്തിരുനാളില്‍ ഉണ്ടാക്കുന്നതുകൊണ്ടു പെസഹാ അപ്പമെന്നും ചില സ്ഥലങ്ങളില്‍ പുളിയാത്തപ്പം എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്‌ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കിവയ്ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു വിശുദ്ധ കുര്‍ബാന സ്വീകരിച്ചു വീടും പരിസരവും വൃത്തിയാക്കിയശേഷമാണ് പാകംചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്ക്കു മുമ്പുതന്നെ ഇതു പാകംചെയ്തു വയ്ക്കും.വളരെ പവിത്ര മായിട്ടാണു പാകംചെയ്തതിനുശേഷം ഇതു സൂക്ഷിക്കുക. പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയാറാക്കുന്നതും അതീവ ശ്രദ്ധയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഉപയോഗിക്കുന്ന കലവും തവിയും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും തേങ്ങാവെള്ളവും ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണു പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മലമായി കരുതപ്പെടുന്ന തേങ്ങയും തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാത്തിരുനാളില്‍ ഉണ്ടാക്കുന്ന പാലിണ്റ്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടുംബത്തില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കും അത്താഴത്തിനുംശേഷം കുടുംബത്തിലെ സ്ത്രീകള്‍ പാല്‍ തയാറാക്കുമ്പോള്‍ പുരുഷന്‍മാര്‍ ഈശോയുടെ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ പീഡാസഹനവുമായി ബന്ധപ്പെട്ട ആത്മീയ കൃതികളോ ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയാറാക്കുന്ന സ്ത്രീകളും ഇവ ശ്രദ്ധിക്കുന്നതിനാണ്. സാധാരണ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളാണ് പെസഹാ അപ്പം മുറിച്ചു മറ്റുള്ളവര്‍ക്കു നല്‍കുക. പെസഹാ അപ്പം തയാറാക്കുമ്പോള്‍ അവയുടെ കൂട്ടത്തില്‍ വട്ടയപ്പവും കിണ്ണ അപ്പവും ഉണ്ടാക്കാറുണ്ട്. ഇത് ഇതര മതസ്ഥരായ അയല്‍ക്കാര്‍ക്കു നല്‍കാനാണ്. കുരിശടയാളം ഇട്ട അപ്പം മാമ്മോദീസ സ്വീകരിച്ചവര്‍ക്കു മാത്രമേ പങ്കുവയ്ക്കാവൂ എന്നതുകൊണ്ടാണ് ഇങ്ങനെ അപ്പം ഉണ്ടാക്കുന്നത്. ഏറ്റവും വിശുദ്ധമായ പെസഹാ ഭക്ഷണം നടത്തുമ്പോഴും മറ്റു മതസ്ഥരായ അയല്‍ക്കാരെ ഓര്‍ക്കുകയും സ്നേഹം അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതു മതസൌഹാര്‍ദത്തിണ്റ്റെ പ്രതീകം കൂടിയാണ്. വിഷു, ഓണ നാളുകളില്‍ ഹൈന്ദവര്‍ നല്‍കുന്ന ഭക്ഷണ വിഭവങ്ങളും സ്നേഹ സമ്മാനങ്ങളും ക്രൈസ്തവരും സന്തോഷത്തോടെ സ്വീകരിക്കുന്നതു പോലെ തന്നെ.