ലത്തീൻ സമൂദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണമെങ്കിൽ ശരിയായ അൽമായ നേതൃത്വം വളർന്നുവരണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസാപാക്യം അഭിപ്രായപ്പെട്ടു. പോങ്ങുംമൂട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തശേഷം ഇടവക ബി.സി.സി. നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ കത്തോലിക്കാ സമുദായം ഇന്നും വിദ്യാഭ്യാസ- സാമൂഹ്യ- സാമ്പത്തിക മേഖലകളിലാകെ വളരെ പിന്നിലാണ്. എന്നാൽ അതനുസരിച്ചുള്ള പരിഗണനയും ആനുകൂല്യങ്ങളും ഇന്നും സമുദായാംഗങ്ങൾക്ക് ലഭ്യമാകുന്നില്ല. സമുദായത്തിന്റെ യഥാർഥ അവസ്ഥ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അതുനേടിയെടുക്കാനും കഴിയുന്ന തരത്തിൽ അൽമായ നേതൃത്വം വളരേണ്ടതുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു. ഇടവക വികാരി ഫാ. വിൽഫ്രഡ് അധ്യക്ഷത വഹിച്ചു. ഇടവക മധ്യസ്ഥയായ സ്വർഗാരോപിതമാതാവിന്റെ തിരുനാൾ ദിവ്യബലിക്ക് ബിഷപ് സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതയിലെ നിരവധി പുരോഹിതരും പങ്കെടുത്തു. ദിവ്യബലിയോടനുബന്ധിച്ച് കുട്ടികളുടെ ആദ്യകുർബാന സ്ഥൈര്യലേപന സ്വീകരണ പരിപാടികളും ഉണ്ടായിരുന്നു. അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന അതിരൂപതാ അധ്യക്ഷന്റെ ഇടവക സന്ദർശന ചടങ്ങളും ഇതോടനുബന്ധിച്ച് നടന്നു