ജീവിതനിയോഗത്തിൽ ദൈവേഷ്ടം ദർശിക്കാനും എല്ലാ ജീവിതാവസ്ഥകളിലും ജീവിതത്തിന്റെ മഹത്വം പ്രചരിപ്പിക്കാനും സമൂഹം തയാറാകണമെന്നു സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പറഞ്ഞു. മർത്ത മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു കാതോലിക്കാബാവ. ഭൗതിക, ശാസ്ത്ര തലങ്ങളിലും ബുദ്ധിശക്തിയിലും മുന്നേറ്റം നടത്തുന്നതിനൊപ്പം ദിവ്യജ്ഞാനത്തിന്റെ അനുഭവം ലഭ്യമാക്കണം. വിശ്വാസജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല. പ്രത്യാശിക്കുന്നതു ലഭിക്കും എന്നതാണു വിശ്വാസം. ദൈവിക പദ്ധതികൾ മറക്കുവാനോ മറയ്ക്കുവാനോ ആർക്കും കഴിയില്ല. ദൈവികപദ്ധതികൾക്കൊത്തു ചരിക്കുന്നതു നന്മയിലൂടെയുള്ള വഴിയാണ്. ദൈവത്തിനു പ്രീതികരമായ ഹൃദയത്തോടെ ജീവിക്കാൻ കഴിയണം. മംഗളവാർത്താസമയം ദൈവതിരുവിഷ്ടത്തിനു സമർപ്പിച്ച ദൈവജനനി കുരിശിൻചുവട്ടിലും ദുരിതങ്ങളിലും ഇതു മാറ്റിപ്പറഞ്ഞില്ല. എല്ലായ്പ്പോഴും ദൈവതിരുമനസിനൊത്തു നിലനിന്ന മറിയം സമൂഹത്തിനു മാതൃകയാകണം - കാതോലിക്കാബാവ പറഞ്ഞു.