ബിഷപ്പുമാരും ഇമാമും ചേർന്ന് ഉറിയടിച്ച് ഓണനിലാവ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭാതിർത്തിയിലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ് ഓണനിലാവ്. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ബിഷപ് മാർ ജെയിംസ് പഴയാറ്റിൽ, ടൗൺ ജുമാ മസ്ജിദ് ഇമാം അൻഹാഫിസ് വലിയുള്ള ഖാസിമി എന്നിവർ ചേർന്ന് ഉറിയടിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒരു നാടിന്റെ സംസ്കാരം എന്നത് തിരസ്കൃതരായവരെ ആദരിക്കുന്നതിലാണ്. കേരളത്തിൽ ഓണം ആഘോഷിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ലെന്നും വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്ന ധർമ്മത്തെയാണ് ഓണസ്മൃതി സമ്മാനിക്കുന്നതെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.