അധ്യാപക പാക്കേജിന്റെ മറവിൽ ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് സ്റ്റാൻലി റോമൻ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ ഒരോ സംരക്ഷിത അധ്യാപകനെ തങ്ങളുടെ വിദ്യാലയങ്ങളിൽ സ്വീകരിച്ചു സർക്കാരുമായി സഹകരിക്കാൻ സൗമനസ്യം കാണിച്ചതിന്റെ മറവിൽ അവകാശങ്ങളിൽ കൈകടത്തുന്നതു സ്വീകാര്യമല്ല.സർക്കാരിന്റെ അധ്യാപക നിയമന പാക്കേജിൽ കാണുന്ന ചില നിയമങ്ങൾ ഭാഷാ-മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസസ്വാത ന്ത്ര്യത്തിനു വിരുദ്ധമാണ്. സ്പെഷലിസ്റ്റ് അധ്യാപകരെ എയ്ഡഡ് വിദ്യാലയങ്ങളിൽ പിഎസ്സി വഴി നിയമിക്കുമെന്നുള്ളതും പ്രധാനാധ്യാപകരെ നിയമിക്കുന്ന ഒഴിവിൽ അധ്യാപക ബാങ്കിൽ നിന്നു നിയമനം വേണമെന്നതും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്. 2006 മുതൽ സാധുതയുള്ള തസ്തികയിൽ നിയമിക്കപ്പെട്ട യോഗ്യരായ അധ്യാപകർക്ക് അന്നു മുതൽ ശമ്പളം നൽകണം. സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിൽ സർക്കാരുമായി വിദ്യാഭ്യാസ ഏജൻസികൾ സഹകരിക്കുന്നതുപോലെ സർക്കാർ വിദ്യാലയങ്ങളും സഹകരിക്കണം. വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവ് പല കാര്യത്തിലും അവ്യക്തതയാണു സൃഷ്ടിക്കുന്നത്. കോടികൾ മുടക്കി വിദ്യാലയങ്ങൾ സ്ഥാപിച്ച് എല്ലാ സമുദായക്കാർക്കും പ്രവേശനം നൽകി ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ കേവലം അധ്യാപകരുടെ ശമ്പളം മാത്രമാണു സർക്കാർ നൽകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മികവിന് ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ളത് എയ്ഡഡ് വിദ്യാലയങ്ങളാണെന്ന കാര്യം മറച്ചുവച്ച് അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതു ഖേദകരമാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചൂണ്ടിക്കാട്ടി.