കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച 22-ാമത് അഖില കേരള പ്രഫഷണല്‍ നാടക മത്സരത്തില്‍ എറണാകുളം മനസ് അവതരിപ്പിച്ച ‘അശോക ചക്ര’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. പാലാ കമ്യൂണിക്കേഷന്‍സിന്റെ ‘കടലോളം കനിവ്’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം.അശോകചക്രയില്‍ വേഷമിട്ട എം.ആര്‍ രവി മികച്ച നടനായും പൗളി വത്സന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കടലോളം കനിവിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഫാ.ജെയിംസ് വെണ്ണായിപ്പിള്ളിയിലാണ് മികച്ച സംഗീത സംവിധായകന്‍.’വിശ്വാസിയുടെ കൈയക്ഷരം’ എന്ന നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കോട്ടയം രമേഷ് മികച്ച സഹനടനും ലിയാ വര്‍മ മികച്ച സഹനടിയുമായി. പതിനൊന്ന് നാടകങ്ങളായിരുന്നു മത്സരത്തിനായി അവതരിപ്പിച്ചത്. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സന്റ് അറക്കല്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, നാടകകൃത്ത് എ.കെ പുതുശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
Friday, October 2, 2009
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ
തേക്കടി പെരിയാര്‍ തടാകത്തില്‍ കേരള ടൂറിസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ബോട്ട് മുങ്ങി വിനോദസഞ്ചാരികള്‍ അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കേരളത്തിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി മധ്യേ പ്രാര്‍ഥനാശുശ്രൂഷ നടത്താനും ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സഹോദരങ്ങളെ അനുസ്മരിച്ചു പ്രാര്‍ഥിക്കാനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഭാരവാഹികളായ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
ലവ് ജിഹാദ്: അന്വേഷണത്തിന് നിര്‍ദേശം
കലാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം പ്രസ്ഥാനമായ ലവ് ജിഹാദിനെ സംബന്ധിച്ച് വിശദാന്വേഷണം നടത്തി പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്രോതസുകളെയും പറ്റി മൂന്നാഴ്ചയ്ക്കകം വിശദവിവരം നല്‍കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റീസ് കെ.ടി ശങ്കരന്റേതാണ് ഈ സുപ്രധാന വിധി. ലൗവ് ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്യാപിക്കുന്നുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്ന്് മുസ്ലിം സമുദായത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ച കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിന്റെ പിന്നില്‍ ഏതൊക്കെ സംഘടനകളാണ്, സംഘടനയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്, രാജ്യത്തിന് പുറത്തുനിന്ന് പണം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു
Thursday, October 1, 2009
മറ്റുള്ളവരെ ആക്ഷേപിച്ചുള്ള വചനപ്രഘോഷണം പാടില്ല: ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍
വചനപ്രഘോഷണം ക്രൈസ്തവന്റെ ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടുള്ള വചനപ്രഘോഷണം പാടില്ലെന്നും ഏവരെയും ബഹുമാനിക്കുകയാണ് വേണ്ടതെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രണ്ട് ദിവസമായി നടന്ന ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വചനം പ്രസംഗിക്കുമ്പോള്‍ സംയമനം പാലിക്കണം. അത് സ്നേഹത്തോടെയും വിവേകത്തോടെയുമാകണം. സമൂഹത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ വര്‍ധിച്ചുവരുന്നു. അതിനെ കണ്ടില്ലെന്ന് നടിക്കരുത്. ഇത് മനസിലാക്കിക്കൊണ്ട് വേണം പൊതുസമൂഹത്തില്‍ വചനപ്രഘോഷണം നടത്തേണ്ടത്. മറ്റ് മതവിശ്വാസികള്‍ക്ക് നീരസത്തിന് ഇടവരുത്തരുത്. വചനപ്രഘോഷണത്തില്‍ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തരുതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. വചനവ്യാഖ്യാനം ക്രൈസ്തവരുടെ കര്‍ത്തവ്യമാണ്. വ്യാഖ്യാനം മറ്റുള്ളവര്‍ക്ക് മനസിലാക്കികൊടുക്കേണ്ടതാണെന്നും, പ്രവചനങ്ങള്‍ ആരുടെയും സ്വകാര്യ വ്യാഖ്യാനത്തിനുള്ളതല്ലെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പറഞ്ഞു. പൗരോഹിത്യവര്‍ഷം പ്രമാണിച്ച് ബൈബിള്‍ കമ്മീഷന്റെ മുന്‍ സെക്രട്ടറിമാരായ റവ.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ.ഡോ.എബ്രാഹം പെരുംകാട്ടില്‍, റവ.ഡോ.ഫ്രെഡി എലവന്തിങ്കല്‍ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ആദരിച്ചു.റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പള്ളി, റവ.ഡോ.സൈറസ് വേലംപറമ്പില്‍, റവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, അഡ്വ.ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ ടീന സിടിസി, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, അഡ്വ.ചാര്‍ളി പോള്‍, റവ.ഡോ.ജോസ് പാലക്കീല്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
തേക്കടി ദുരന്തത്തില്‍ അനുശോചന പ്രവാഹം
തേക്കടിയിലുണ്ടായ ബോട്ടുദുരന്തത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും നാളത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ദുരന്തത്തില്‍ ഇരയായവരെ അനുസ്മരിക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. ബോട്ടുദുരന്തത്തില്‍ കെസിബിസി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവര്‍ക്കുവേണ്ടി നാളെത്തെ ദിവ്യബലിയില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കുമെന്നും കെസിബിസി വക്താവ് റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. തേക്കടി ബോട്ടപകടത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു.മന്ത്രി പി.ജെ ജോസഫ്, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സി എഫ് തോമസ്, പാര്‍ട്ടി ലീഡര്‍ കെ.എം മാണി എംഎല്‍എ, ജോസ് കെ മാണി എംപി, വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരി, അഡ്വ. മോന്‍സ് ജോസഫ്, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ പി.പി ജോസഫ് എന്നിവര്‍ അനുശോചിച്ചു. മന്ത്രി പി.ജെ ജോസഫും ജോസ് കെ മാണിയും സംഭവസ്ഥലത്തെത്തിയിരുന്നു.
Subscribe to:
Posts (Atom)