Friday, October 24, 2008

മലയാളം ബൈബിള്‍ ഇനി വിരല്‍ത്തുമ്പില്‍

ബൈബിള്‍ വായിക്കുവാനും ആഴമായി പഠിക്കുവാനും ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ ഇനി സന്തോഷിക്കാം. കാരണം ഇനി മാതൃഭാഷയില്‍ ഇന്റര്‍നെറ്റിലൂടെ ബൈബിള്‍ വായിക്കുവാനും പഠിക്കുവാനും സാധിക്കും. മാതൃഭാഷയില്‍ ബൈബിള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമായിത്തുടങ്ങിയതോടെ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ ഏറെ ആഹ്ലാദത്തിലാണ്‌. പ്രത്യേകിച്ച്‌ ബൈബിള്‍ കൊണ്ടുനടക്കാന്‍ അനുവാദമില്ലാത്ത ഗള്‍ഫുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുക. കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ തയാറാക്കിയ വിവര്‍ത്തനമാണ്‌ www.pocbible.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നത്‌. പഴയനിയമവും പുതിയനിയമവും അതിന്റെ ആമുഖത്തോടും ചരിത്രസൂചികകളോടും കൂടെ വിശുദ്ധനാടുകളുടെ ഭൂപടം സഹിതമാണ്‌ സൈറ്റില്‍ ലഭ്യമാകുന്നത്‌. കേരളകത്തോലിക്കാസഭ ദൈവവചനവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ബൈബിള്‍ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ എത്തിക്കുകവഴി കേരളം ലോകത്തിന്‌ മഹത്തായ സംഭാവന നല്‍കിയിരിക്കുകയാണ്‌. കെ.സി.ബി.സി ബൈബിള്‍കമ്മീഷന്റേയും സൊസൈറ്റിയുടേയും ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍, കെ.സി.ബി.സി ബൈബിള്‍കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സൈറസ്‌ വേലംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തകരാണ്‌ ഈ പദ്ധതി സൗജന്യമായി ഏറ്റെടുത്ത്‌ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. ഗള്‍ഫ്‌രാജ്യങ്ങളിലെ ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തകരുടെ ആഗ്രഹഫലമായിട്ടാണ്‌ ഇന്റര്‍നെറ്റ്‌ മലയാളം ബൈബിള്‍ പദ്ധതിയെക്കുറിച്ച്‌ സഭാനേതൃത്വം ആലോചിച്ചത്‌. പഴയനിയമത്തില്‍നിന്നോ, പുതിയനിയമത്തില്‍നിന്നോ ഒരു പുസ്തകമോ, അധ്യായമോ, വാക്യമോ തിരയുന്നതിനും ബ്രൗസ്‌ ചെയ്യുന്നതിനും ഈ സൈറ്റില്‍ സാധിക്കും. സൈറ്റില്‍ പ്രത്യേകമായി നീക്കിവച്ചിട്ടുള്ള കോളങ്ങളില്‍ അവയെഴുതി ക്ലിക്ക്‌ ചെയ്താല്‍ വേണ്ട വചനഭാഗങ്ങള്‍ സ്ക്രീനില്‍ തെളിയും. തിരുവചനം എന്ന പേരുള്ള പ്രത്യേക ലിപിയാണ്‌ സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഈ ലിപി ഡൗണ്‍ലോഡ്‌ ചെയ്യുന്നതിനുള്ള സൗകര്യവും സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്‌.