Friday, October 24, 2008

ഒറീസയില്‍ പളളികള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കണം: സുപ്രീം കോടതി

ഒറീസ കലാപത്തില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന്‌ സുപ്രീം കോടതി. ദേവാലയങ്ങള്‍ മതസ്ഥാപനങ്ങളായതിനാല്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കാനാവില്ലെന്ന ഒറീസ സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.കട്ടക്‌- ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. റാഫേല്‍ ചീനാത്ത്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌. ഒറീസയില്‍ 60 ദേവാലയങ്ങളാണു തകര്‍ത്തത്‌. ഈ ദേവാലയങ്ങള്‍ മുഴുവന്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണം. അക്രമത്തില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും ഒറീസ സര്‍ക്കാരിനോട്‌ സുപ്രീം കോടതി നിര്‍ദേശിച്ചു.എന്നാല്‍, മതസ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നത്‌ മതനിരപേക്ഷതയ്ക്ക്‌ എതിരാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ദേവാലയങ്ങളും കെട്ടിടമാണെന്നും കലാപത്തില്‍ തകര്‍ക്കപ്പെട്ടവയായതിനാല്‍ ധനസഹായം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.കലാപക്കേസുകള്‍ക്കായി പ്രത്യേക അതിവേഗ കോടതികള്‍ ഏര്‍പ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്‌. അക്രമ സംഭവങ്ങള്‍ അതി വേഗ കോടതികള്‍ മുഖാന്തരം നടക്കും. ക്രിസ്മസ്‌ വരെ അര്‍ധ സൈനിക വിഭാഗത്തെ കലാപമേഖലകളില്‍ നിലനിര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. അക്രമം തുടരുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശി ച്ചിട്ടുണ്ട്‌.അതേസമയം, കലാപക്കേസുകളെ കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം തത്കാലം അംഗീകരിക്കാനാവില്ലെന്നു ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച്‌ വ്യക്തമാക്കി. കന്യാസ്ത്രീ യെ മാനഭംഗപ്പെടുത്തിയത്‌ സംബന്ധിച്ചും സിബിഐ അന്വേഷണം ആവശ്യമില്ല. കന്യാസ്ത്രീ അന്വേഷണത്തോട്‌ സഹകരിക്കുന്നില്ലെന്നാണ്‌ സിബി ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട്‌ ഒറീസ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്‌. തുടര്‍ന്ന്‌, തെളിവ്‌ നല്‍ കാന്‍ കന്യാസ്ത്രീ തയാറാക ണമെന്നും കോടതി നിര്‍ദേശിച്ചു. തെളിവ്‌ നല്‍കാന്‍ തയാറാണെന്ന്‌ മാനഭംഗത്തിനിരയായ കന്യാസ്ത്രീ വ്യക്തമാക്കി.