Thursday, October 16, 2008

സമ്പത്തിന്റെ അര്‍ത്ഥശൂന്യത വ്യക്തമായി : മാര്‍പാപ്പ

സമ്പത്തിന്റെയും അഭിലാഷങ്ങളുടെയും അര്‍ഥശൂന്യത ലോകത്തിനു കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ പിതാവ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 253 ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുത്തു. ലോകം അഭിമുഖീകരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി സമ്പത്തിന്റെ നിരര്‍ഥകത പ്രകടമാക്കുന്നു. വന്‍കിട ബാങ്കുകള്‍ തകരുന്നതിലൂടെ പണം അപ്രത്യക്ഷമാകുന്നതു നാം കാണുന്നു. പണം ഒന്നുമല്ലെന്നു മനസ്സിലായി. യാഥാര്‍ത്ഥ്യമെന്നു നാം കരുതിയിരുന്ന പലതിനും വാസ്തവത്തില്‍ കുറഞ്ഞ പ്രാധാന്യം മാത്രമേയുള്ളുവെന്ന്‌ മനസ്സിലാക്കുന്നു. വിജയം, കരിയര്‍, പണം തുടങ്ങിയ കാര്യങ്ങളെ മാത്രം ആധാരമാക്കി ജീവിതം പടുത്തുയര്‍ത്തുന്നവര്‍ പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വചനം മാത്രമാണ്‌ സ്ഥിരമായി നില്‍ക്കുന്ന യാഥാര്‍ത്ഥ്യം: മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. സ്പര്‍ശിക്കാന്‍ കഴിയുന്നതെല്ലാം യാഥാര്‍ഥ്യമാണെന്നു കരുതുന്നവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി ശതകോടിക്കണക്കിനു ഡോളര്‍ ഒഴുക്കിക്കളഞ്ഞു. ഭദ്രമെന്നു കരുതിയിരുന്ന വമ്പന്‍ ബാങ്കുകള്‍ തകര്‍ന്നു. മണ്ണില്‍ പടുത്തുയര്‍ത്തുന്നതൊന്നും സ്ഥിരമല്ലെന്ന്‌ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സുവിശേഷം മടുക്കാതെ പ്രഘോഷിക്കാനാകണമെങ്കില്‍ സഭ പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നത്‌ എന്തെന്ന്‌ അറിയണം. തിരുവചനം അറിയാത്തവര്‍ക്കു ദൈവത്തിന്റെ ശക്തിയോ ജ്ഞാനമോ മനസിലാവില്ല. ദൈവവചനത്തെ അവഗണിക്കുക എന്നാല്‍ ക്രിസ്തുവിനെ അവഗണിക്കുകയെന്നാണര്‍ത്ഥം - മാര്‍പാപ്പ പറഞ്ഞു. മോസ്ക്കാ, സെര്‍ബിയ, റുമേനിയ എന്നിവിടങ്ങളിലെ പാത്രിയാര്‍ക്കീസുമാരുടെ പ്രതിനിധികള്‍, വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌, ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍, വേള്‍ഡ്‌ ലൂഥറന്‍ ഫെഡറേഷന്‍ എന്നിവയുടെ പ്രതിനിധികളും സിനഡില്‍ പങ്കെടുത്തു.അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 253 മെത്രാന്മാരാണ്‌ സിനഡിനെത്തിയത്‌. 113 മെത്രന്‍ സംഘങ്ങളുടെയും 13 വ്യക്തി സഭകളുടെയും പ്രതിനിധികളാണിവര്‍. വത്തിക്കാനിലെ 26 തിരുസംഘങ്ങളുടെ പ്രതിനിധികളും ഉണ്ട്‌. ചൈനയില്‍ നിന്നുമാത്രം പ്രതിനിധികളില്ല. “ദൈവവചനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും” എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സിനഡ്‌ 26 വരെ തുടരും.