കേരളത്തില്‍ ദയാവധം അനുവദിക്കാനും ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കാനുമുള്ള നിയമപരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശ മനുഷ്യജീവന് ഏറ്റവും അപകടകരമായ നിര്‍ദേശമായതിനാല്‍ അതില്‍ നിന്ന് പിന്മാറണമെന്ന് അഖില കേരള പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.ദാരിദ്ര്യം, കടം, കടുത്ത രോഗങ്ങള്‍ തുടങ്ങിയവകൊണ്ട് വലയുന്നവരെ അതില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി ജീവനൊടു ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിര്‍ദേശമാണ്. നിസാരമായ വിഷയങ്ങളാല്‍ വിഷമിക്കുന്നവരെപ്പോലും ക്രൂരമായ ഈ പ്രവൃത്തി ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ഇത്തരം നിയമങ്ങള്‍ രൂപപ്പെടുത്തുന്നവരെ നയിക്കുന്ന ചോതോവികാരം എന്താണെന്ന് സംശയിക്കുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരെ കുറ്റക്കാരായി കാണുന്ന ഇന്ത്യന്‍ പീനല്‍കോഡ് 309- ാം വകുപ്പ് റദ്ദാക്കണമെന്നാണിവര്‍ നിര്‍ദേശിക്കുന്നത്. ദയാവധം എന്ന നിയമം ലോകത്ത് ഏഴു രാജ്യത്ത് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നത് ഈ നിയമത്തിന്റെ ഭീകരത എത്ര വലുതെന്ന് വ്യക്തമാക്കുന്നു. മൂന്നാമത്തെ കുഞ്ഞ് ഉണ്ടായാല്‍ ശിക്ഷാനടപടികള്‍ എടുക്കുമെന്ന് ഉത്തരവിറക്കിയ അതേ കമ്മീഷന്‍ തന്നെയാണ് ദയാവധത്തിനും ആത്മഹത്യയ്ക്കും അനുകൂലമായ നിയമരൂപീകരണത്തിന് ഒരുങ്ങുന്നത്.ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ദൈവത്തിനു മാത്രമാണ് ജീവന്റെമേല്‍ പരമാധികാരമുള്ളത്. മനുഷ്യജീവന്‍ അതിന്റെ ഉത്ഭവനിമിഷം മുതല്‍ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കപ്പെടേണ്ടതാണ്. മനുഷ്യത്വം ആദരിക്കപ്പെടേണ്ടതാണ്. മനുഷ്യന്റെ വേദന കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഇന്നുണ്ട്.. വൃദ്ധരെയും മരണാസന്നരെയും പരിപാലിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനം ശ്രമിക്കണം. 309-ാം വകുപ്പ് എടുത്തു കളയുന്നതുവഴി ആത്മഹത്യകള്‍ വര്‍ധിക്കാനിടയാകും.