ഒറീസയിലെ കേന്ദ്രപാറ ജില്ലയിലെ തീരപ്രദേശങ്ങളില്‍ വിദേശ മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും ഔദ്യോഗിക അന്വേഷണറിപ്പോര്‍ട്ട്. രാജ്നഗര്‍, മഹാകല്‍പട എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ മതംമാറ്റം നടക്കുന്നെന്ന സംഘപരിവാര്‍ സംഘടനകളുടെ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. രാജ്നഗര്‍, മഹാകല്‍പട മേഖലയിലെ റവന്യൂ, താലൂക്ക് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്.റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നൂറുകണക്കിനു ഹിന്ദുക്കള്‍ വിദേശ മിഷണറിമാരുടെ പ്രവര്‍ത്തനംമൂലം ക്രിസ്ത്യാനികളായെന്നായിരുന്നു സംഘപരിവാറിന്റെ ആരോപണം. മേഖലയിലെ ബംഗാളി കുടിയേറ്റക്കാരില്‍ നൂറിലേറെ പേര്‍ ക്രിസ്ത്യന്‍മതം സ്വീകരിച്ചതായി ആര്‍എസ്‌എസും ആരോപിച്ചിരുന്നു. എന്നാല്‍, ടികായത്നഗര്‍, ബഘമാരി, അമരാവതി, പ്രവതി, ഗാര്‍ട, രാധാമലിപുര്‍, ബനിപല, കെരുവാന്‍പള്ളി, കനകനഗര്‍ എന്നിവിടങ്ങളില്‍ 1998 നുശേഷം ആരും ക്രിസ്തുമതത്തിലേക്ക് മാറിയിട്ടില്ലെന്നാണ് അന്വേഷണറിപ്പോര്‍ട്ട്. ഒറീസ ഫ്രീഡം ഓഫ് റിലീജിയസ് ആക്ട് ആരും ലംഘിച്ചിട്ടില്ലെന്നും രണ്ടുകുടുംബങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്‍ പറയുന്നു. (കടപ്പാട് : ദേശാഭിമാനി )